ADVERTISEMENT

പ്രണയദിനം സമ്മാനങ്ങളാലും ആശംസാ വചനങ്ങളാലും നിറഞ്ഞു തുടങ്ങി. ആനന്ദധാരയിലെ ചുള്ളിക്കാട് വരികൾക്ക് ഇന്നും പ്രണയത്തിലുള്ള പ്രസക്തിയൊടുങ്ങിയിട്ടേയില്ല. 

‘‘ചൂടാതെ പോയ് നീ, നിനക്കായി ഞാൻ

ചോര ചാറിച്ചുവപ്പിച്ചൊരെൻ പനിനീർ പൂവുകൾ

കാണാതെ പോയ് നീ, നിനക്കായ് ഞാനെന്റെ

പ്രാണന്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ

ഒന്നു തൊടാതെ പോയി വിരൽതുമ്പിനാൽ

ഇന്നും നിനക്കായ് തുടിക്കുമെൻ തന്ത്രികൾ’’

എന്നുമെന്നെന്നും ഓർത്തു വയ്ക്കാൻ ഒരുപിടി പ്രണയകവിതകൾ കുറിച്ചിട്ട കവിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. ക്ഷോഭം തുളുമ്പിയ ചങ്കിന്റെ നെരിപ്പോടുകൾ പുകയുമ്പോൾ അത്തരത്തിൽ ആഴത്തിൽ കവിതകൾ കുറിക്കാതിരിക്കാൻ ആരെക്കൊണ്ടു കഴിയും?ചുള്ളിക്കാടിന്റെ ശബ്ദത്തിൽ ആനന്ദധാരയിലെ ഈ വരികൾ കേൾക്കുമ്പോൾ മനസ്സിൽനിന്ന് ഒരു മഴവില്ലടർന്നു വീണപോലെ തോന്നും. എന്നോ എവിടെയോ വഴി തിരിഞ്ഞു പോയ ഒരു പ്രണയത്തിന്റെ കനലുകൾ ഉള്ളിൽ ഉലഞ്ഞു തുടങ്ങും. നഷ്ടങ്ങളൊന്നും അങ്ങനെയായിരുന്നില്ലെന്നു തിരിച്ചറിയുമ്പോഴും ചില വിധികളിലേക്ക് ചേർന്നിരിക്കാൻ തോന്നിപ്പോകും.

പ്രണയത്തെക്കുറിച്ചെഴുതാത്ത എഴുത്തുകാരുണ്ടാകുമോ? ഏതു കഠിനഹൃദയനെയും ഒരിക്കലെങ്കിലും മുറിപ്പെടുത്താത്ത പ്രണയവുമില്ല. എന്നാൽ എന്താണ് യഥാർഥ പ്രണയം? അതൊരു സങ്കൽപം മാത്രമാണെന്നും അതിനെ തേടി തിരഞ്ഞുള്ള കണ്ടെത്തലാണ് ഓരോരുത്തരും അവരുടെ പ്രണയത്തിൽ നടത്തുന്നതെന്നും എഴുത്തുകാർ പറഞ്ഞു വയ്ക്കുന്നു. പ്രണയത്തെക്കുറിച്ച് പുറത്തു വന്ന പുസ്തകങ്ങളെത്രയാണ്! 

പ്രണയത്തെക്കുറിച്ച് ആദ്യം നെഞ്ചിൽ ഒരു കനൽ വീഴ്ത്തിയത് പെരുമ്പടവം ശ്രീധരൻ എഴുതിയ ദസ്തയേവ്സ്കിയുടെയും അന്നയുടെയും പ്രണയകാലത്തിലെ സങ്കീർത്തനങ്ങളുടെ പുസ്തകമായിരുന്നു. തണുത്ത നഗരത്തിലെ തെരുവിലൂടെ മഫ്ളർ പുതച്ച് അവരോടൊപ്പം കൗതുകത്തോടെ കഥ കേൾക്കാനായി ഏറെ ദൂരം നടന്നിട്ടുണ്ട്. അങ്ങനെ നടക്കാതെയെന്തു ചെയ്യും? അങ്ങനെ എത്രയോ യാത്രകൾ...

ഇവിടെ ഇതാ ചിലർ, തങ്ങൾ വായിച്ച ഏറ്റവും മനോഹരമായ പ്രണയപുസ്തകങ്ങളെക്കുറിച്ചു സംസാരിക്കുകയാണ്. അവയിൽ പലതും നമ്മളും അനുഭവിച്ചതാണെന്നു തോന്നും. അതുകൊണ്ടുതന്നെ അവരുടെ വരികൾ നമ്മുടേതായിരിക്കട്ടെ!

∙ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ജേക്കബ് എബ്രഹാം എഴുതുന്നത് മറ്റാരെയും കുറിച്ചല്ല, ലോകം കണ്ട ഏറ്റവും മനോഹരമായ ആ പ്രണയത്തെക്കുറിച്ചാണ്.

jacob abraham-004
ജേക്കബ് എബ്രഹാം

‘പ്രണയികളുടെ ദിവസത്തിൽ, ഓർമയിൽ നൃത്തം ചെയ്യുന്ന ഒരു പുസ്തകമുണ്ട് എന്റെ വായനാമുറിയിൽ. പേരയ്ക്കയുടെ സുഗന്ധവും മഞ്ഞ ചിത്രശലഭങ്ങളും വാഴത്തോട്ടങ്ങളിലൂടെ പോകുന്ന തീവണ്ടിയും മഞ്ഞിൽ വീണ ചോരപ്പാടുകളും മാന്ത്രികത സൃഷ്ടിക്കുന്ന, പുസ്തകങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്ന ഒരു പുസ്തകം. ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ കോളറ കാലത്തെ പ്രണയം. പത്തനംതിട്ടയിൽ ഞങ്ങളുടെ മലയോരത്തെ കോഴഞ്ചേരി  സെന്റ് തോമസ് കോളജിൽ ഡിഗ്രിയ്ക്കു പഠിയ്ക്കുമ്പോഴാണ് ഞാൻ മാർകേസിന്റെ മായിക വലയത്തിൽ വീഴുന്നത്.

പതിമൂന്ന് വയസ്സുള്ള ഫെർമിന ഡാസയെ കാണാൻ ഹൃദയമിടിപ്പോടെ ഫ്ലോറന്റിനോ അരിസ കാത്തു നിന്ന നഗരചത്വരങ്ങൾ ഞാൻ ഞങ്ങളുടെ മലനാട്ടിൽ കണ്ടു. പോസ്റ്റൽ സർവീസിൽ അപ്രന്റീസായി തൊഴിലെടുക്കുന്ന യുവാവായ അരിസ ഫെർമിന ഡാസയെ കാണുന്ന പ്രഥമ ദർശനത്തിന്റെ ഇലക്ട്രിക് ഷോക്ക് ഞാനും അനുഭവിച്ചു. അവിഹിത സന്തതിയും ധനാഢ്യന്റെ മകളും തമ്മിലുള്ള പ്രണയം ലോകത്തെവിടെയും എതിർക്കപ്പെടുമെന്ന് മാർകേസ് പറഞ്ഞപ്പോൾ.. അരിസയ്ക്കൊപ്പം ഞാൻ അവന്റെ സംഘത്തിൽ ചേർന്നു.. രാവിളക്കുകളുടെ ചുവട്ടിൽ ഗിറ്റാർ മീട്ടി ഞങ്ങൾ ഒരുമിച്ചു പാടി പ്രണയഗീതകങ്ങൾ. പിന്നീട് അവൾ നാടുവിട്ടതറിഞ്ഞപ്പോൾ ഹൃദയം തകർന്നു. 

വർഷങ്ങൾക്കു ശേഷം നാട്ടിൽ തിരിച്ചെത്തിയെങ്കിലും ക്രൂരനായ പിതാവ് ഡാസയെ ഡോ. ജുവനാൽ അർബിനോയെക്കൊണ്ട് വിവാഹം കഴിപ്പിച്ചപ്പോൾ ഞങ്ങൾ രാവെളുക്കുവോളം മദ്യപിച്ചു. കവിതകൾ എഴുതി.. അരിസ ടെലിഗ്രാഫ് അയച്ചപ്പോൾ ഞാനും കൂടെയുണ്ടായിരുന്നു. ഒടുവിൽ ഡോക്ടർ തത്തയെ പിടിക്കാൻ പോയി വീണു മരിച്ച ആ രാത്രിയിൽ വേച്ചു വേച്ചു നടന്ന് പ്രണയത്താൽ യുവാവിനെപ്പോലെയായ വൃദ്ധനായ അരിസയുടെ വിരലുകളിൽ ഞാൻ പിടിച്ചിരുന്നു. അൻപത്തിമൂന്ന് വർഷങ്ങളുടെ കാത്തിരിപ്പിന്റെ ആ പ്രണയ സാഫല്യം കണ്ടപ്പോൾ എന്റെയും കണ്ണു നിറഞ്ഞു.. ജീവിതമേ.. പ്രണയമെന്നത് മരണത്തെ തോൽപ്പിക്കുന്നുവെന്ന് അരിസയ്ക്കൊപ്പം ഞാനന്ന് പ്രഖ്യാപിച്ചു’.

∙ സിനിമ- നാടക സംവിധായകനും എഴുത്തുകാരനുമായ ശബരിനാഥ് അമേരിക്കയിൽ സ്ഥിര താമസമായതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പ്രണയത്തെ ലോലയുമായി അല്ലാതെ മറ്റാരുമായാണ് ചേർത്ത് വയ്ക്കുക?

‘പ്രണയത്തിന്റെ ഗന്ധർവൻ (വിലോലം ഗന്ധർവ പ്രണയം) പ്രണയവായനയുടെ ഓർമകളിലേക്ക് ഊളിയിടുമ്പോൾ അവിടെ മനസ്സിനെ സ്വാധീനിച്ച എഴുത്തുകാരും പുസ്തകങ്ങളും ഏറെയുണ്ട് . ബഷീറും മാധവിക്കുട്ടിയും ഖലീൽ ജിബ്രാനും ഒക്കെ സിരകളിൽ ആവേശമുണർത്തിയിട്ടുണ്ടെങ്കിലും അവയുടെ മേലേ പറന്നിറങ്ങാൻ ഒരു ഗന്ധർവനു മാത്രമാണ് കഴിഞ്ഞിട്ടുള്ളത്. പൂമ്പാറ്റയായി  തേൻ നുകർന്ന്, മഴയായ് മണ്ണിനെ പുണർന്ന്, ഗന്ധർവനായി ലോകം ചുറ്റുന്ന ആ കഥാകാരൻ ഉള്ളിലേക്ക് പകർന്നു തന്ന പ്രണയത്തിന്റെ കുളിർമയേറിയ കൗമാരവും യൗവനവും ആണ് ജീവിതത്തിന്റെ കൈമുതൽ എന്ന് പലപ്പോഴും തോന്നിയിട്ടുമുണ്ട്. 

sabarinath-003
ശബരിനാഥ്

ചിത്ര ശലഭമാകാനും പറവയാകാനും പാവയാകാനും മാനാകാനും മനുഷ്യനാവാനും നിന്റെ ചുണ്ടിന്റെ മുത്തമാകാനും ഒരു നിമിഷാർധം പോലും ആവശ്യമില്ല എന്ന് നമ്മെ പഠിപ്പിച്ച  ആ ഗന്ധർവനോളം മറ്റാരും തന്നെ എന്റെ  പ്രണയത്തെയും എഴുത്തിനെയും ഇത്ര വൈകാരികമായി സ്പർശിച്ചിട്ടില്ല എന്നതാണ് സത്യം . പി.പത്മരാജൻ - കഥകളുടെ ഗന്ധർവ രാജകുമാരൻ ! പദ്മരാജന്റെ കഥകൾ ഓരോന്നും നമ്മുടെ മനസ്സിൽ സർക്കസ്സ് കൂടാരങ്ങളിലെ മാന്ത്രിക വിളക്കുകൾ തെളിയിക്കുന്ന മഴവില്ലു പോലെ മനോഹരമായി വിവിധ വർണങ്ങളിൽ വേറിട്ട് ശോഭിക്കുകയാണ്. അദ്ദേഹത്തിന്റെ സിനിമയും തിരക്കഥയും ഒക്കെ തേടിപ്പിടിച്ചു വായിക്കുന്നത് കൗമാരത്തിൽത്തന്നെ തുടങ്ങിയിരുന്നു. 

ഈ പ്രണയ ദിനത്തിലെന്നല്ല ഏതു പ്രണയനിമിഷത്തിലും മനസ്സിലേക്ക് ഓടിയെത്തുന്നത് പപ്പേട്ടന്റെ  ഒരു കഥയാണ്, അതിലെ ചില വൈകാരിക മുഹൂർത്തങ്ങളും സംഭാഷണങ്ങളും ആണ്. വാക്കുകളിലും വരികളിലും കാന്തിക ശക്തി ഒളിപ്പിച്ചു വച്ച കഥാകാരന്റെ എല്ലാ കഥകളും ഇഷ്ടപ്പെടുമ്പോഴും, എന്തുകൊണ്ടോ ‘ലോല’ മനസിൽ അൽപം ആഴത്തിൽ കൂടു കെട്ടിയിരിക്കുന്നു. അതിലെ രചനാ രീതിയും കഥാപരിസരവും വേറിട്ട് നിൽക്കുന്നതും സ്വന്തം അനുഭവത്തിലെ ഒരു നഷ്ടപ്രണയം കൂടി ചേർത്തുവച്ചു  വായിക്കുമ്പോൾ ഉണ്ടാകുന്ന ഒരു നീറ്റലുമാണ് ലോല എന്നെ വിടാതെ പിന്തുടരാൻ കാരണമായത് . ഒരിക്കലും ഉണങ്ങാൻ വിടാതെ  മനസ്സിന്റെ ഉള്ളറകളിലെ ആ മുറിവിൽ ഇടയ്ക്കിടെ കിള്ളി ഇപ്പോഴും ആ നീറ്റൽ ആസ്വദിക്കുന്നതും അതുകൊണ്ടുതന്നെയാണ്.

പിജി പഠനകാലത്ത് ഇതൾ വിരിഞ്ഞ മനോഹരമായ പ്രണയം പാതി വഴിയിൽ പിരിയേണ്ടിവന്നതും ലോലയുമായി ഏറെ സാമ്യതകൾ നിലനിർത്തിയായിരുന്നു. തൊണ്ണൂറുകളിൽ തികച്ചും ഓർത്തഡോൿസ് ആയ കുടുംബ പശ്ചാത്തലത്തിൽ ജീവിച്ച ഞാൻ എന്റെ ഈ പ്രണയം അച്ഛനോടു പറയാൻ പല സായന്തനങ്ങളിൽ ശ്രമിച്ചു എങ്കിലും അധൈര്യപ്പെട്ടു പിന്മാറുകയായിരുന്നു. ‘നമുക്ക് വിവാഹം ചെയ്യാമോ’ എന്ന് ലോല ചോദിക്കുമ്പോൾ കഥാനായകൻ നൽകുന്ന മറുപടി പോലും പലപ്പോഴും എനിക്കു നേരിട്ടു പറയേണ്ടി വന്നിട്ടുണ്ട്. ചുരിദാറിന്റെ ഷാളോ സാരിയുടെ പല്ലുവോ മറ്റോ അശ്രദ്ധമായി ഒന്ന്  മാറുമ്പോൾ, അലസമായി പുറം ലോകത്തേക്കു നോക്കുന്ന പിൻകഴുത്തിലെ കാക്കപ്പുള്ളി പോലും ലോലയുമായി അവളുടെ സാമ്യത എടുത്തറിയിച്ചു.

പപ്പേട്ടനും ലോലയും നടത്തിയതു പോലെ ഞങ്ങളും നഗരങ്ങളിൽനിന്ന് നഗരങ്ങളിലേക്ക് യാത്ര ചെയ്യുമായിരുന്നു. വെറുതെ ഒരു ബസിൽ കയറി ലക്ഷ്യമില്ലാത്ത അലസമായ യാത്രകൾ. ആ യാത്രകളിൽ, നെവാഡയെപ്പറ്റിയും സാന്റിയാഗോയെ പറ്റിയും ലോല സംസാരിക്കുന്നതു പോലെ തഞ്ചാവൂരിനെപ്പറ്റിയും കടലൂരിനെപ്പറ്റിയും കർണാടക സംഗീതത്തെപ്പറ്റിയും ഒക്കെ അവൾ വാ തോരാതെ സംസാരിച്ചിട്ടുണ്ട്. ‘യമുനയാറ്റിലെ ഈറ കാറ്റിലെ’ എന്ന ദളപതി സിനിമയിലെ ഗാനം എന്റെ തോളിൽ ചാരിക്കിടന്ന് എനിക്ക് മാത്രമായി പാടിത്തന്നിട്ടുണ്ട്. പഠനം പൂർത്തീകരിക്കുന്നതിനു മുൻപു തന്നെ, ഹൃദ്രോഗിയായ അച്ഛന്റെ നിർബന്ധപ്രകാരം മറ്റൊരു ജീവിതത്തിലേക്ക് അവൾ നടന്നു മറഞ്ഞു.

ഇതെല്ലാം കഴിഞ്ഞു വർഷങ്ങൾക്കിപ്പുറം തിരുവനന്തപുരത്തുനിന്നു ന്യൂയോർക്കിലേക്കുള്ള ഒരു യാത്രയിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ഡിസി ബുക്സിന്റെ കിയോസ്കിൽ നിന്നാണ് ഞാൻ ‘ലോല’ സ്വന്തമാക്കുന്നത്. ഭൂമിക്കു മുകളിൽ മുപ്പത്തയ്യായിരം അടി ഉയരത്തിൽ പറക്കുമ്പോൾ ആണ് ലോല വായിച്ചത്. അനുഭവിച്ച മുഹൂർത്തങ്ങൾ പപ്പേട്ടൻ വാക്കുകളിലൂടെ വരച്ചിട്ടിരിക്കുന്നതു കണ്ടു കവിളുകൾ നനഞ്ഞു.

പിരിയുന്ന മുഹൂർത്തത്തിൽ ചുണ്ടുകൾ പിണഞ്ഞിഴ ചേർന്ന ദൈർഘ്യമേറിയ ചുംബനത്തിന് മാധുര്യത്തിനപ്പുറം ഞങ്ങളുടെ കണ്ണുനീരിന്റെ ഉപ്പുരസമായിരുന്നു. ലോലയിൽ പപ്പേട്ടൻ പറഞ്ഞപോലെ, ഞങ്ങൾ പിന്നെ കാണാൻ ശ്രമിച്ചിട്ടില്ല. പക്ഷേ അവൾ ഇപ്പോഴും ഇന്ത്യയിലെ ഒരു മെട്രോ നഗരത്തിൽ  സുഖമായി ജീവിച്ചിരിക്കുന്നു എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. കുട്ടികളോടപ്പം, അമ്മയായി, ഒരു നല്ല ഭാര്യയായി. ചുംബിച്ച ചുണ്ടുകൾക്ക് വിട തന്നിരിക്കുന്നു. ലോലയിൽ പപ്പേട്ടൻ പറയുന്ന പോലെ ടെക്സസിലെയും അമേരിക്കയിലെ തെക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങളിലെയും പെൺകുട്ടികളെക്കുറിച്ച് ഇവിടെ ന്യൂയോർക്കിൽ എല്ലാവരും വർണിക്കുന്നതു കേട്ടിട്ടുണ്ട്. സുന്ദരികളായ വളരെ ഹോംലി ആയ പെൺകുട്ടികളാണത്രേ. ഇപ്പോഴും ടെക്സസിൽ ഉള്ള ഒരു പെൺകുട്ടിയെ പരിചയപ്പെടുമ്പോൾ എന്റെ കണ്ണുകൾ അദ്ഭുതത്തോടെ വിടരാറുണ്ട്.  അവരിൽ ഒരു ലോല മിൽഫോഡ് ഉണ്ടാകുമോ എന്ന എന്റെ മനസ്സിന്റെ നിരന്തരമായ അന്വേഷണത്തിന്റെ ഭാഗമാണ് അത്.’

∙ മികച്ച വായനക്കാരിയാണ് ഡോക്ടർ സന്ധ്യ രാഘവൻ. കോട്ടയം ഡെന്റൽ കോളജിൽ അസിസ്റ്റന്റ് പ്രഫസർ. പുസ്തകപ്രണയം നെഞ്ചോടു ചേർത്തു വയ്ക്കുന്ന സന്ധ്യ പ്രണയത്തെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം സംസാരിക്കുന്നത് ഈ പുസ്തകത്തെക്കുറിച്ചാണ്:

‘വാലന്റൈൻസ് ഡേ.. അഥവാ പ്രണയിക്കുന്നവർക്കായുള്ള ദിവസം.... അങ്ങനെ ഒരു ദിവസം ഉണ്ട് എന്ന തിരിച്ചറിവും  ഒരു സങ്കീർത്തനം പോലെ എന്ന പുസ്തകവും എന്റെ ജീവിതത്തിലേക്കു കടന്നുവന്നത് ഏകദേശം ഒരേ സമയത്തായിരുന്നു. തൊണ്ണൂറുകളിലെ ക്യാംപസുകളിൽ പ്രണയദിനത്തെക്കുറിച്ചറിയുന്നവർ എണ്ണത്തിൽ കുറവായിരുന്നു. പ്രണയമെന്നാൽ ഹിന്ദി സിനിമയെന്നും ജീവിതമെന്നാൽ എൻട്രൻസെന്നും വിചാരിച്ചിരുന്ന എന്നിലെ കൗമാരക്കാരിക്ക് പ്രണയത്തെക്കുറിച്ചോ പ്രണയ ദിനത്തെക്കുറിച്ചോ ചിന്തിക്കാൻ പോലും നേരമുണ്ടായിരുന്നില്ല. 

sandhya raghavan
സന്ധ്യ രാഘവൻ

വളരെ അവിചാരിതമായാണ് അച്ഛന്റെ പുസ്തക ശേഖരത്തിൽനിന്ന് ‘ഒരു സങ്കീർത്തനം പോലെ’ വായിക്കാനിടയായത്. ഒരു നറുനിലാവു പോലെ പ്രണയം എന്നെ പൊതിയുകയായിരുന്നു, അതിന്റെ എല്ലാ വിശുദ്ധിയോടും കൂടി. ദരിദ്രനും ഏകാകിയും നിസ്സഹായനും പരാജിതനുമായ ദസ്തയേവ്സ്കിയെ പ്രണയിച്ച അന്നയ്ക്കൊപ്പമായിരുന്നു എന്റെ മനസ്സ്. നേർത്ത മഞ്ഞും നിലാവും പെയ്യുന്ന രാത്രികളിൽ, സെന്റ് പീറ്റേഴ്സ് ബർഗിലെ തെരുവുകളിലൂടെ... നേവാ നദിക്കരയിലൂടെ ... ഞാനും അവർക്കൊപ്പം നടന്നു. ആ പ്രണയം ഹൃദയത്തിലാവാഹിച്ചു കൊണ്ട്. ‘സ്നേഹം ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. ഏതു മുറിവും സഹിച്ചുകൊണ്ട്, ഏതപമാനവും സഹിച്ച് കൊണ്ട്, ചിലപ്പോൾ ഒരിക്കലും തിരിച്ചു കിട്ടില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ...’ എന്നത് എനിക്ക് പുതിയ തിരിച്ചറിവായിരുന്നു.

ദസ്തയേവ്സ്കിയെയും അന്നയെയും ഓർക്കാതെ പിന്നീട് ഒരു പ്രണയ ദിനവും കടന്നു പോയിട്ടില്ല. എന്നോടൊത്ത് പ്രണയ മഴയിൽ നനഞ്ഞ ആളോടൊപ്പം ജീവിതം മുന്നോട്ടു പോകുന്നു. വാലന്റൈൻസ് ഡേയിൽ മനസ്സിലേക്കു വരുന്ന വരികൾ പറയാമോ എന്ന്, പ്രണയവും പ്രണയ ദിനവും ആഘോഷമാക്കിയ പുതിയ തലമുറയിലെ വിദ്യാർഥികൾ  ചോദിക്കുമ്പോൾ ഞാനെന്താണ് പറയുക....‘പ്രേമത്തിന്റെ അനന്തമായ കഠിന വേദന എനിക്കു പ്രിയങ്കരമാണ്.... എന്റെ പ്രേമം പോലെയാണ് എന്റെ മരണവുമെങ്കിൽ ഞാൻ മരിച്ചു കൊള്ളട്ടെ...’ എന്നല്ലാതെ

∙യുവ എഴുത്തുകാരനായ റിഹാൻ റാഷിദിന് പറയാനുള്ളത് ജിബ്രാന്റെ ഉദാത്തമായ പ്രണയത്തെക്കുറിച്ചാണ്. അക്ഷരങ്ങളെപ്പോലും പ്രണയമായി കണ്ടുകൊണ്ട് ഭക്തിയോടെ സമീപിക്കുന്ന റിഹാനെ പോലെയൊരു എഴുത്തുകാരന്റെ പ്രിയ വാക്ക് പോലും ഖലീൽ ജിബ്രാൻ എന്നായിരിക്കില്ലേ...

rihan-005
റിഹാൻ റാഷിദ്

‘ഓരോ പ്രണയദിനവും കടന്നു പോവുന്നത് ചില പുസ്തകങ്ങളിലൂടെയാണ്. അതിലേറ്റവും പ്രിയതരമായത് ഖലീല്‍ ജിബ്രാന്‍ എഴുതിയ ‘ഒടിഞ്ഞ ചിറകുകള്‍’ – 'The Broken Wings ആണ്. തന്റെ പ്രണയിനിയുടെ കുഴിമാടത്തിനരികത്ത് ഇരുന്ന് കണ്ണീര്‍ വാര്‍ക്കുന്ന ജിബ്രാനെ ഓര്‍ക്കുകയാണ്. സെല്‍മ –  ആദ്യകാഴ്ചയില്‍ത്തന്നെ ജിബ്രാന്റെ ഹൃദയത്തില്‍ അനുരാഗത്തിന്റെ ആന്തോളനങ്ങള്‍ തീര്‍ത്തവള്‍. ഗോലാന്‍ കുന്നുകളില്‍നിന്ന് ഒഴുകിയിറങ്ങി വന്ന് സെല്‍മയേയും ജിബ്രാനേയും തൊട്ടുരുമ്മാറുണ്ടായിരുന്ന കാറ്റിന് പ്രണയത്തിന്റെ ചിറകുകളുണ്ടായിരുന്നു.

അനുരാഗികളുടെ നേർക്ക് എല്ലാക്കാലത്തും നീണ്ടിരുന്ന പൗരോഹിത്യത്തിന്റേയും അധികാരത്തിന്റേയും ചുഴിയില്‍പ്പെട്ട് തങ്ങളുടെ പ്രണയം ഉരുകിത്തീരുന്നതിന് കാഴ്ചക്കാരാവന്‍ വിധിക്കപ്പെട്ടവര്‍, മറ്റൊരുവന്റെ ഭാര്യയായിത്തീര്‍ന്നിട്ടും തന്റെ പ്രണയിനിയെ മുന്‍പത്തെ അതേ തീവ്രതയാല്‍ പ്രണയിച്ച ജിബ്രാന്‍. അവളുടെ അവസാന യാത്രയില്‍ കുഴിവെട്ടുകാരന്റെ നിസ്സഹായത നിറഞ്ഞ നോട്ടങ്ങളില്‍ പിന്തിരിയാതിരിക്കുകയാണ് ജിബ്രാന്‍. നഷ്ടപ്രണയത്തിന്റെ കുഴിമാടങ്ങളില്‍ വീണുടയുന്ന കാഴ്ചകള്‍ ആവര്‍ത്തന വിരസതയില്ലാതെ കാലം കാത്തുസൂക്ഷിക്കുന്നുമുണ്ട്്. പേരുകളും ഇടങ്ങളും വ്യത്യസ്തമാണെന്നു മാത്രം.’

∙എഴുത്തുകാരിയായ ബെനില അംബിക പ്രവാസിയാണ്. എങ്കിലും എഴുത്തിന്റെ ഉന്മാദങ്ങളിൽ, അക്ഷരങ്ങളോടുള്ള പ്രണയത്തിൽ പലപ്പോഴും തളർന്നു പോകാറുമുണ്ടെന്ന് ബെനില പറയാറുണ്ട്. ബഷീറിനേക്കാൾ മധുരമായ പ്രണയം ആർക്കാണു പറയാനുള്ളതെന്നാണ് ബെനിലയുടെ പക്ഷം.

benila-002
ബെനില അംബിക

‘പ്രണയദിനത്തിൽ എനിക്കേറ്റവും പ്രിയമുള്ള  പുസ്തകം  ബേപ്പൂർ സുൽത്താന്റെ ബാല്യകാലസഖിയാണ്. പ്രണയത്തെ നിഷ്കളങ്കതയോടും തീഷ്ണതയോടും കൂടി  അവതരിപ്പിച്ചിരിക്കുന്നു. മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല മജീദിനെയും സുഹ്‌റയെയും അവരുടെ പ്രണയത്തെയും. ഈ പുസ്തകം എന്റെ മനസ്സിൽ പ്രണയത്തെ ഇങ്ങനെ അടയാളപ്പെടുത്തിയിരിക്കുന്നു: നമ്മുടെയൊക്കെ സ്വത്വത്തിൽ നാമറിയാതെ അലിഞ്ഞു ചേർന്നിരിക്കുന്ന ഒന്നാണ്. പ്രണയത്തിന്റെ നഷ്ടപ്പെടുത്തലുകൾ നമ്മളെ പരിഭ്രാന്തരാക്കുന്നു, രോഗിയാക്കുന്നു, അസ്തിത്വമില്ലാത്തവരാക്കുന്നു, എന്തിന്,  കൊലയാളി വരെയാക്കുന്നു. 

ബഷീർ  വളരെയധികം  ഗൃഹാതുരത്വത്തോടെയാണ്  മജീദിന്റെയും സുഹ്റയുടെയും  പ്രണയത്തെ എഴുതിയിരിക്കുന്നത്. ഏവർക്കും പരിചിതമായ  വേലിപ്പടർപ്പിലെ പ്രണയങ്ങൾ. ദുരന്തപര്യവസാനിയാണെങ്കിലും ഒരാളെ  പ്രണയിക്കുക എന്നാൽ അയാളെ നാം നമ്മിലേക്ക്‌ പച്ചകുത്തിയിടുകയാണ്. നാമുള്ളിടത്തോളം കാലം  അതിങ്ങനെ  മായാതെ കിടക്കും. എത്ര ആവർത്തിച്ചാലും  ഒരിക്കൽപോലും  വിരസതയില്ലാതെ  ലോകം മുഴുവനും നിറഞ്ഞൊഴുകുന്ന സുഗന്ധമാണ്  പ്രണയം’.

∙യുവ സംവിധായകനായ ശ്രീജിത്ത് നമ്പൂതിരി അദ്ദേഹത്തിന്റെ പ്രണയത്തെക്കുറിച്ചോർക്കുമ്പോൾ ഏറ്റവുമധികം വാചാലനാകുന്നത് വാനപ്രസ്ഥത്തെക്കുറിച്ചാണ്. എം ടിയുടെ കഥയായും പിന്നീട് ഷാജി എൻ. കരുണിന്റെ സംവിധാനത്തിൽ സിനിമയായും (തീർത്ഥാടനം ) വന്ന വാനപ്രസ്ഥത്തിലെ പ്രണയത്തെക്കുറിച്ച് ശ്രീജിത്ത്.

sreejith
ശ്രീജിത്ത് നമ്പൂതിരി

‘ഒരുപാട് വൈകിയാണ് വാലന്റൈൻസ് ഡേ എന്ന പേര് കേൾക്കുന്നത്. പ്രണയത്തിനു മാത്രമായി ഒരു ദിവസം ! കൂടുതൽ വിശദമായി അറിഞ്ഞപ്പോൾ ഒരു പ്രത്യേക സന്തോഷം തോന്നി. ഒപ്പം മനസ്സിൽ വരുന്ന കൃതി എം.ടി. വാസുദേവൻ നായരുടെ ‘വാനപ്രസ്ഥം’ ആണ്. സന്യാസത്തിന് തൊട്ടുമുമ്പുള്ള അവസ്ഥ എന്ന സാമാന്യമായ അർഥം കൂടാതെ വാക്കുകൾക്കതീതമായ ഒരുപാടു നിമിഷങ്ങൾ വരികൾക്കിടയിൽ തെളിഞ്ഞു വരുന്ന ഒരുതരം മാനസികാനുഭൂതിയാണ് എനിക്ക് വാനപ്രസ്ഥം.

കരുണൻ മാസ്റ്ററും വിനോദിനി ടീച്ചറും തങ്ങളുടെ മനസ്സിലെ അനുഭൂതികൾ പറയാതെ പറയുന്ന പല സന്ദർഭങ്ങളും ഇതിലുണ്ട്. എഴുതപ്പെട്ട കാലത്തുതന്നെ വാനപ്രസ്ഥത്തെ, ഉപനിഷത്ത് പോലെ പരിശുദ്ധമായ രചന എന്ന് മഹാകവി അക്കിത്തം വിശേഷിപ്പിച്ച കാര്യം വർഷങ്ങൾക്കിപ്പുറമാണ് ഞാൻ അറിയുന്നത്. പക്ഷേ ആദ്യ വായനയിൽത്തന്നെ വാനപ്രസ്ഥത്തിലെ വിശുദ്ധി കാണാൻ എനിക്കു കഴിഞ്ഞു എന്നത് മനസ്സിന് സന്തോഷം തരുന്നു. കരുണൻ മാസ്റ്ററും വിനോദിനി ടീച്ചറും കുടജാദ്രിയിലെ നിലാവു നിറഞ്ഞ രാത്രിയിൽ സംസാരിച്ചിരുന്ന രംഗം ഇപ്പോഴും മനസ്സിൽ നിൽക്കുന്നു. അവർ ദമ്പതികൾ ആണെന്ന് കരുതുന്ന പൂജാരിയുടെ മനോഭാവം നമുക്കും സംഭവിക്കുന്നു. പ്രണയത്തെ ആത്മീയമായ ഒരു തലത്തിലേക്ക് കൊണ്ട് ചെല്ലാൻ വായനക്കാരനെ സഹായിക്കുന്നു ഈ കൃതി. പ്രണയിച്ചവരും പ്രണയിക്കുന്നവരും നഷ്ടപ്രണയം മനസ്സിൽ ഒരു വിങ്ങലായി സൂക്ഷിക്കുന്നവരും ഇനി പ്രണയിക്കാൻ പോകുന്നവരും ഈ കൃതി വായിക്കണം എന്ന് ഈ വാലന്റൈൻസ് ദിനത്തിൽ ഞാൻ പറയുന്നു.’

English Summary : Writers Talks About Love

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com