ADVERTISEMENT

സമകാല മലയാള സാഹിത്യത്തിലെ ത്രില്ലർ തരംഗത്തിൽ സജീവമായി വായിക്കപ്പെടുന്ന യുവ എഴുത്തുകാരിയാണ് ശ്രീ പാര്‍വതി. മീനുകൾ ചുംബിക്കുന്നു എന്ന, സ്വവർഗപ്രണയം ചർച്ച ചെയ്യുന്ന നോവലിനെച്ചുറ്റി വിവാദങ്ങളുണ്ടായെങ്കിലും വായനക്കാർ അതിനെ സ്വീകരിച്ചു. ആ നോവലിലെ പ്രധാന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് മിസ്റ്റിക് മൗണ്ടൻ എന്ന നോവൽ.  ലോക പ്രശസ്ത അപസർപ്പക എഴുത്തുകാരി അഗത ക്രിസ്റ്റിയുടെ ബയോ ഫിക്‌ഷൻ ‘നായിക അഗത ക്രിസ്റ്റി’യാണ് അതിനു പിന്നാലെ വന്നത്.  ശ്രീ പാര്‍വതി സംസാരിക്കുന്നു,

 

∙ പുതിയ പുസ്തകം നായിക അഗത ക്രിസ്റ്റിയാണ്. ലോകം അറിയുന്ന ഒരു അപസര്‍പ്പക എഴുത്തുകാരിയെ ഒരു നോവലിലേക്കു വരച്ചിടാനുള്ള പ്രചോദനം?

 

ഇതിനു മുൻപ് എഴുതിയത് ക്രൈം ത്രില്ലർ വിഭാഗത്തിൽ വരുന്ന മിസ്റ്റിക് മൗണ്ടൻ ആയിരുന്നു. അതിൽ നിന്നു വ്യത്യസ്‍തമായി ചെയ്യണം, എന്നാൽ ശ്രദ്ധിക്കപ്പെടുകയും വേണം. അങ്ങനെയാണ് ലോക പ്രശസ്ത ക്രൈം നോവലിസ്റ്റ് അഗത ക്രിസ്റ്റിയെക്കുറിച്ച് കേൾക്കാൻ ഇട വന്നത്. അഗതയുടെ ജീവിതത്തിലെ പ്രത്യേകതകളുള്ള പതിനൊന്നു ദിവസങ്ങളെ കുറിച്ചാണ് നോവലിൽ പറയുന്നത്. 

 

 

sreeparvathy-002-gif

അഗതയുടെ വ്യക്തിജീവിതത്തെക്കുറിച്ച് പലർക്കും അറിയില്ല. അഭിമുഖങ്ങള്‍ കൊടുത്തിട്ടില്ല. അഗത ക്രിസ്റ്റിയെന്ന എഴുത്തുകാരിയുടെ ജീവിതം അറിയാന്‍ വായനക്കാരന് ഔത്സുക്യമുണ്ട്. പെട്ടെന്നൊരു ദിവസം അഗതയെ കാണാതാകുന്നു. എവിടെയാണ് അഗതാ ക്രിസ്റ്റി? പൊലീസും അന്വേഷണത്തിലായി. പതിനായിരക്കണക്കിന് വൊളന്റിയേഴ്സ് ഉണ്ടായിരുന്നു അഗതയെ അന്വേഷിക്കാൻ. പതിനൊന്നു ദിവസത്തിനു ശേഷമാണ് അഗത ക്രിസ്റ്റിയെ കണ്ടു കിട്ടിയത്. 

 

 

mystic-mountain-001-gif

ഈ ദിവസങ്ങൾ അവർ എവിടെയായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല. അഗതയുടെ ആത്മകഥ യിൽ പോലും ഈ ഭാഗത്തിന് ഉത്തരമില്ല. ആ ഉത്തരം കണ്ടെത്തുകയാണ് ഈ പുസ്തകം. ഏറ്റവും കൂടുതല്‍ സത്യമാകാൻ സാധ്യതയുള്ള ഒരുത്തരമാണ് കണ്ടെത്തിയത്‌. ലണ്ടനിൽ ജീവിച്ചിരുന്ന മുപ്പത്തിയാറു കാരിയുടെ തിരോധാനത്തെക്കുറിച്ച് കേരളത്തിലിരുന്നു ഞാനെന്ന മുപ്പത്തിയാറുകാരി എഴുതുന്നു. പല കാര്യങ്ങളും നമ്മളുമായി ചേര്‍ത്തു വയ്ക്കാൻ സാധിക്കുന്നുണ്ടായിരുന്നു. അതെന്നെ ഒരുപാട് സ്വാധീനിച്ചു.

 

 

∙ അഗത ക്രിസ്റ്റി ശ്രീ പാര്‍വതിയെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്? എഴുതുമ്പോള്‍ ഉള്ളില്‍ ശ്രീ പാര്‍വതി ആയിരുന്നോ, അതോ അഗതയോ?

meenukal-chumbikumbol-gif

 

അഗത ക്രിസ്റ്റി എന്ന നായികയുള്ളപ്പോഴും വേറൊരു കഥാപാത്രമുണ്ട് അവിടെ. അഗതയെ ചേര്‍ത്തു നിർത്തുന്നൊരു സൗഹൃദം. അവർ എന്താണെന്നു മനസ്സിലാക്കിക്കൊടുക്കാൻ അന്ന ദിമിത്രി വേണ്ടി വന്നു. നമുക്ക് നമ്മളെ മനസ്സിലാക്കാൻ ഒരു കണ്ണാടി വേണം. അങ്ങനെ അഗതയ്ക്ക് അഗതയെ മനസ്സിലാക്കാനുള്ള കണ്ണാടിയാണ് അന്ന. 

 

 

sreeparvathy-003-gif

ഒരേ സമയം അന്നയായി നിൽക്കുമ്പോഴും ഞാൻ അഗതയായിരുന്നു എന്നാണു തോന്നുന്നത്. കാരണം അഗതയ്ക്ക് വളരെ വ്യക്തിപരമായി ഉണ്ടായിരുന്ന സ്വഭാവങ്ങൾ പോലും മനസ്സിലായപ്പോൾ ഞാൻ അമ്പരന്നു പോയി, അതൊക്കെ എനിക്കും ഉണ്ടായിരുന്നു. മാത്രമല്ല പലപ്പോഴും സ്വയം അഗത ക്രിസ്റ്റിയായി മാറുന്നതു പോലെ അനുഭവപ്പെട്ടിരുന്നു. ആ പുസ്തകം എഴുതിക്കഴിഞ്ഞ് ആ കഥാപാത്രത്തിൽനിന്നു പുറത്തു കടക്കാൻ കുറെ സമയമെടുത്തു. സത്യം പറഞ്ഞാൽ, പഠിക്കുന്ന സമയത്ത് പോലും ഞാന്‍ ഇത്രയും ഗവേഷണങ്ങൾ നടത്തിയിട്ടില്ല. പക്ഷേ സംതൃപ്തിയുണ്ട്. 

 

∙ ശ്രീ പാര്‍വതിയെന്ന എഴുത്തുകാരിയുടെ ഏറ്റവും മികച്ച കൃതിയാണ് നായിക അഗതാ ക്രിസ്റ്റി എന്ന് പറഞ്ഞാൽ നിഷേധിക്കുമോ?

 

നിഷേധിക്കുന്നില്ല. എന്റെ ആദ്യ പുസ്തകം പ്രണയപ്പാതി. പിന്നെ മീനുകള്‍ ചുംബിക്കുമ്പോൾ. അതിനു ശേഷം മിസ്റ്റിക് മൗണ്ടൻ. അതിനു ശേഷമാണ് നായിക അഗതാ ക്രിസ്റ്റി ഇറങ്ങുന്നത്. മീനുകൾ ചുംബിക്കുമ്പോൾ എനിക്കൊരുപാട് നിരാശ നൽകിയിട്ടുണ്ട്. അതിലൊരുപാട് എഡിറ്റിങ് വേണമായിരുന്നു. വളരെ നിസ്സാരവൽക്കരിച്ചു ചെയ്ത വർക്കായിപ്പോയി. ഒരുപാട് ആളുകൾ അങ്ങനെയല്ലെന്ന് പറഞ്ഞെങ്കിൽ കൂടി എനിക്കറിയാം. ആ പുസ്തകത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ മിസ്റ്റിക് മൗണ്ടൻ കുഴപ്പമില്ല. എന്റെ എഴുത്തില്‍ ഏറ്റവും സംതൃപ്തി തന്ന പുസ്തകമാണ് നായിക അഗത ക്രിസ്റ്റി. 

 

∙ നല്ല പുസ്തകം വരുന്നതില്‍ ഒരു എഡിറ്റർക്ക് പ്രധാന പങ്കുണ്ട്. എഡിറ്ററുടെ റോള്‍ എന്തായിരുന്നു ഈ പുസ്തകത്തില്‍?

 

അതെ. തീർച്ചയായും. ആദ്യ പുസ്തകങ്ങളുടെ പാളിച്ചകള്‍ എഡിറ്റിങ്ങിന്റെ പങ്കു മനസ്സിലാക്കിത്തന്നു. ഡാനി, അജീഷ് എന്നിവരാണ് ഇത് ഭംഗിയായി എഡിറ്റ് ചെയ്തത്. എഡിറ്റിങ്ങിൽ മികവ് പുലർത്തുന്ന പുസ്തകമാണ് നായിക അഗത ക്രിസ്റ്റി.

 

∙ പല എഴുത്തുകാരും അവരുടെ പുസ്തകങ്ങളെക്കുറിച്ചുള്ള നെഗറ്റീവ് അഭിപ്രായങ്ങൾ പൊതുവേ സ്വീകരിക്കാറില്ല. ശ്രീ പാർവതി നല്ലതും ചീത്തയും സ്വീകരിക്കുന്നയാളാണോ?

 

തെറ്റു മനസ്സിലാക്കാതെ, അംഗീകരിക്കാതെ ഇരുന്നിട്ട് എന്താണു കാര്യം? അത് അംഗീകരിച്ചെങ്കിൽ മാത്രമേ അടുത്ത വർക്കിൽ അത്തരം തെറ്റുകളെ മാറ്റി നിർത്താനാകൂ. അടുത്ത സുഹൃത്തുക്കൾ മാത്രമല്ല വായന ക്കാരും അഭിപ്രായങ്ങൾ പങ്കു വയ്ക്കാറുണ്ട്, എനിക്ക് തോന്നുന്നു പണ്ടൊക്കെ എഴുത്തുകാർ വായനക്കാർക്ക് അപ്രാപ്യരായിരുന്നു, എന്നാൽ ഇന്ന് അങ്ങനെയല്ല. അവർ കുറച്ചു കൂടി വായനക്കാരോട് ചേർന്നു നിൽക്കുന്നുണ്ട്, ഇന്ററാക്ട് ചെയ്യുന്നുണ്ട്. എല്ലാവരെയും പോലെ തന്നെയാണ് അവരും. അതുകൊണ്ട് തെറ്റുകൾ ചൂണ്ടിക്കാണിക്കാനും വായനക്കാർക്ക് മടിയില്ല. അത് സ്വീകരിക്കുന്നതു തന്നെയാണ് നല്ല എഴുത്തുകാരുടെ ലക്ഷണവും.

sreeparvathy-with-husband-004-gif
ശ്രീ പാർവതി ഭർത്താവ് ഉണ്ണി മാക്സിനൊപ്പം

 

∙ ശ്രീ പാര്‍വതി നല്ലൊരു വായനക്കാരിയാണ്?

വായിക്കാറുണ്ട്, പക്ഷേ അത്ര വലിയ വായനക്കാരിയല്ല

 

sreeparvathy-with-husband-005-gif
ശ്രീ പാർവതി ഭർത്താവ് ഉണ്ണി മാക്സിനൊപ്പം

∙ അങ്ങനെയല്ലെങ്കിലും വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകള്‍ കാണാറുണ്ട്. ഒരു നല്ല വായനക്കാരി എങ്ങനെയാകണം?

 

മനോരമ ഓൺലൈനിനു വേണ്ടി ഞാൻ എഴുതാറുണ്ട്. റിവ്യൂ ചെയ്യാൻ വേണ്ടി പുസ്തകങ്ങൾ വായിക്കും. പിന്നെ ഓരോരുത്തര്‍ അയച്ചു തരാൻ തുടങ്ങി. നമ്മുെട പല സുഹൃത്തുക്കളും ദിവസവും ഒരു പുസ്തകം വായിക്കും. അശ്വതിയെക്കുറിച്ച് പറയുകയാണെങ്കില്‍ മണിക്കൂറുകൾ കൊണ്ട്‌ പുസ്തകം വായിക്കുന്ന ആളാണ്. സത്യം പറഞ്ഞാൽ ഇവരോട് നല്ല അസൂയ തോന്നും. എല്ലാരും എന്നോട് പറയുന്ന കാര്യം നീ നല്ല പോലെ വായിക്കണം എന്നാണ്. അധികം വായന ഇല്ലാതെ എഴുതുന്ന ഒരാളാണ് ഞാന്‍. കഴിഞ്ഞ ദിവസം എഴുത്തുകാരി റോസ് മേരി പറഞ്ഞ ഒരു വാചകമുണ്ട്, എഴുത്തിൽ തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരുപാടൊന്നും വായിക്കാതിരിക്കുന്നതാണ് നല്ലതെന്ന്. ചിലപ്പോൾ എഴുത്ത് നിർത്താൻ തോന്നിയാലോ!

 

∙ എഴുത്തുകാരി നല്ലൊരു വായനക്കാരി ആകേണ്ടതല്ലേ?

 

തീര്‍ച്ചയായും എങ്കിലേ നമുക്ക് വൊക്കാബുലറി ഉണ്ടാവുകയുള്ളു. ഇപ്പോൾ വീണ്ടും വായിച്ചു തുടങ്ങിയിട്ടുണ്ട്. അത് നമ്മുടെ കൂടി ആവശ്യമാണല്ലോ.

 

∙ ശ്രീ പാര്‍വതിയെ സ്വാധീനിച്ച പുസ്തകം /എഴുത്തുകാർ?

 

ഓരോ കാലത്തും ഓരോ ആൾക്കാരാണ്. പത്മരാജന്‍ കഥകൾ ഇഷ്ടമാണ്. പി.എഫ്. മാത്യൂസിന്റെ പുസ്തകങ്ങൾ, ഇന്ദുഗോപന്റെ പുസ്തകങ്ങൾ അങ്ങനെ. ത്രില്ലർ വായനയിൽ എന്റെ വഴികാട്ടി ലാജോ ആണ്.

 

∙ ശ്രീ പാര്‍വതി മാർക്കറ്റിങ് തന്ത്രങ്ങൾ ഉപയോഗിക്കുന്ന ആളാണോ? 

 

പുസ്തകം മാർക്കറ്റ് ചെയ്യുന്നത് തെറ്റല്ല. ചില എഴുത്തുകാര്‍ പറയും നല്ല പുസ്തകങ്ങൾ എപ്പോഴായാലും വായിക്കപ്പെടും എന്നൊക്കെ. ചില പുസ്തകങ്ങള്‍ക്ക് അതിന്റേതായ ഒരു കാലമുണ്ട്. അതുകൊണ്ട്‌ മാർക്കറ്റ് ചെയ്യാതെ നോക്കിയിരിക്കാനാവില്ല. ഫെയ്സ്ബുക്കിൽ ആണെങ്കിലും മറ്റെവിടെ ആണെങ്കിലും മാന്യമായ രീതിയില്‍, വിവാദമുണ്ടാക്കാതെ മാർക്കറ്റ് ചെയ്യണം എന്നാണ് എന്റെ ആഗ്രഹം.

 

∙ ശ്രീ പാര്‍വതി ക്രൈം എഴുത്തുകാരിയാണ്. പെട്ടെന്ന് ബയോ ഫിക്‌ഷനിലേക്കു പോകുമ്പോൾ വായനക്കാർ ഇഷ്ടപ്പെടുമോ എന്ന ഉത്കണ്ഠ ഉണ്ടോ?

 

തീര്‍ച്ചയായും. ക്രൈം ത്രില്ലർ തന്നെയാണ് എന്റെ വഴി. ഇത് അഗതയേയും ബയോഫിക്‌ഷനെയും ഇഷ്ടപ്പെടുന്നവർക്കു വേണ്ടിയുള്ള എഴുത്താണ്. 

 

∙ മീനുകൾ ചുംബിക്കുന്നു, പ്രണയപ്പാതി, നായിക അഗതാ ക്രിസ്റ്റി ഇത് മൂന്നും എടുക്കുമ്പോൾ ശ്രീ പാര്‍വതിയെന്ന വ്യക്തിയോ എഴുത്തുകാരിയോ പെൺപ്രണയത്തോട് ഒരിഷ്ടക്കൂടുതൽ കാണിക്കുന്നുണ്ട്. ശ്രീ പാര്‍വതി ഒരു ലെസ്ബിയൻ ആണോ?

 

ഇങ്ങനെ നേരിട്ടുള്ള ചോദ്യം ആദ്യമായാണ്. അത്തരത്തില്‍ ഒരു ആരോപണം നേരിടുന്ന ആളാണ് ഞാന്‍. ഞാന്‍ ലെസ്ബിയൻ ആണോയെന്ന് ആരും ചോദിക്കുന്നില്ല. എന്നാൽ എനിക്ക് വളരെ അടുത്തൊരു സൗഹൃദമുണ്ട്. പലരും അവളോട്‌ ചോദിക്കാറുണ്ട് ഞങ്ങൾ പങ്കാളികളാണോ എന്ന്. അത്തരത്തിലുള്ള ബുദ്ധിമുട്ടുണ്ട് ഇവരെക്കൊണ്ട്. എന്റെ എഴുത്തുകാരിയായ സുഹൃത്ത് പറഞ്ഞത് ഓർക്കുകയാണ്. ആ ശ്രീ പാര്‍വതി ഉണ്ടല്ലോ അവരെന്നെ ഹഗ് ചെയ്യാൻ വന്നു, എന്നൊക്കെ. ഒരു ഹഗ് പോലും പലരും പേടിക്കുന്നുണ്ട്. സത്യത്തിൽ ഒരു ഹഗ്ഗിന് എന്താണ് കുഴപ്പം, ഞാൻ പുരുഷന്മാരെയും സ്ത്രീകളെയും സൗഹൃദപരമായി ഹഗ്ഗ് ചെയ്യാറുണ്ട്. എനിക്കതിൽ തെറ്റുണ്ടെന്ന് തോന്നിയിട്ടില്ല. വ്യക്തിപരമായി പറഞ്ഞാൽ എനിക്കൊരിക്കലും ഒരു പെണ്‍കുട്ടിയെ പ്രണയിക്കാൻ കഴിയില്ല. എനിക്ക് ഒരു ആണിനെ പ്രണയിക്കാനേ കഴിയൂ.

 

പൊതുവെ ലെസ്ബിയൻ, ഗേ എന്നൊക്കെ പറഞ്ഞാൽ ഒരു സ്വീകാര്യതക്കുറവുണ്ട്. എന്താകും കാരണം?

 

രതി സദാചാരവിരുദ്ധമാണ് എന്നാണ് ചിലരുടെ ധാരണ. രണ്ടു പെൺകുട്ടികൾ തമ്മിലാണെങ്കിൽ അത്‌ അസാധാരണമാണ് എന്ന വിലയിരുത്തലാണ് കാരണം. ഒരു പത്തു വര്‍ഷം കൂടി മുന്നോട്ടു പോകുമ്പോൾ ഇതൊന്നും പ്രശ്നമാകില്ല.

 

∙ ശ്രീ പാര്‍വതിയും ഉണ്ണി മാക്‌സും തമ്മിലുള്ള പ്രണയവും ദാമ്പത്യവും ഈ കാലഘട്ടത്തിൽ വളരെ പ്രസക്തമാണ്. എങ്ങനെയാണ് ഇത് മുന്നോട്ടു കൊണ്ട്‌ പോകുന്നത്.?

 

എന്നെ പലരും റെസ്‌പെക്ട് ചെയ്യുന്നതിന്റെ പ്രധാന കാരണം എന്റെ പ്രണയമാണ്. പ്രണയത്തിൽ സത്യസന്ധത കാണിച്ചതു കൊണ്ട്‌ വീട്ടില്‍നിന്ന് ഇറങ്ങിപ്പോരേണ്ടി വന്നയാളാണ് ഞാന്‍. എന്റെ പ്രണയത്തേക്കാൾ പക്വത അദ്ദേഹത്തിന്റെ പ്രണയത്തിനാണ്. അദ്ദേഹം വീൽചെയറിൽ ആണ്. പലരും അദ്ദേഹത്തോടു ചോദിക്കാറുണ്ട്, നിങ്ങൾ ഭാഗ്യവാനല്ലേ ഇതുപോലെ ഒരു ഭാര്യയെ കിട്ടിയില്ലേ എന്നൊക്കെ. ശരിക്കും ഞാനാണ് ഭാഗ്യം ചെയ്തത്. എങ്ങനെയാണ് മനുഷ്യനെ സ്‌നേഹിക്കേണ്ടത് എന്നൊക്കെ പഠിപ്പിച്ചത് അദ്ദേഹമാണ്.. എന്റെ രാഷ്ട്രീയമല്ല ആള്‍ക്ക്. എന്നെപ്പോലെ പുസ്തകങ്ങൾ വായിക്കില്ല. വൈരുദ്ധ്യങ്ങള്‍ ഉണ്ട്. ആ വൈരുധ്യം ഞങ്ങൾ അംഗീകരിക്കുന്നു.

 

∙ ശ്രീ പാര്‍വതി പ്രണയത്തിൽ വിട്ടുവീഴ്ച ചെയ്യുകയാണോ അതോ മനസ്സിലാക്കുകയാണോ ചെയ്യുന്നത്?

 

ഞാന്‍ അംഗീകരിക്കുകയാണ് ചെയ്യുന്നത്. വൈരുദ്ധ്യങ്ങളെ, പക്വതയുള്ള പ്രണയത്തെ.

 

∙ ശ്രീ പാര്‍വതി ഏറ്റവും കൂടുതൽ വിജയിച്ചത്?

 

എന്റെ പ്രണയത്തിൽ, എന്‍റെ ജീവിതത്തില്‍

 

∙ ഇതുവരെ ഇറങ്ങിയ പുസ്തകങ്ങൾ?

 

പ്രണയപ്പാതി (പ്രണയ ലേഖനങ്ങളുടെ സമാഹാരം), മീനുകൾ ചുംബിക്കുന്നു, മിസ്റ്റിക് മൗണ്ടൻ, നക്ഷത്രങ്ങളുടെ പുസ്തകം (മനോരമ ഓൺലൈനിൽ വന്ന അഭിമുഖങ്ങളുടെ സമാഹാരം), നായിക അഗത ക്രിസ്റ്റി.

English Summary : Interview With Sreeparvathy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com