ADVERTISEMENT

ടെലിവിഷന്‍ രംഗത്തെ മികച്ച അവതാരകമാരില്‍ ഒരാളാണ് അശ്വതി ശ്രീകാന്ത്. തെളിമയുള്ള ഭാഷയും മനോഹരമായ ചിരിയും മാത്രമല്ല അശ്വതിയുടെ വാക്കുകള്‍ക്ക് അഴകു കൂട്ടുന്നത്. വായനയിലൂടെയും ചിന്തയിലൂടെയും അവര്‍ കണ്ടെടുത്ത ആഴമുള്ള അറിവിന്റെ കൂടി തെളിച്ചമാണത്. 

 

അശ്വതിയുടെ ‘‘ഠാ യില്ലാത്ത മുട്ടായികൾ’’ എന്ന ഓര്‍മക്കുറിപ്പുകളുടെ സമാഹാരം നന്നായി വായിക്കപ്പെട്ടിരുന്നു. റേഡിയോ ജോക്കിയായും ടെലിവിഷന്‍ അവതാരകയായും നില്‍ക്കുമ്പോള്‍ തന്നെയാണ് അനുഭവക്കുറിപ്പുകള്‍ പുറത്തിറങ്ങുന്നതും. എഴുത്ത് വളരെ ഉത്തരവാദിത്തമുള്ള ഒരു അനുഭവമായതുകൊണ്ടുതന്നെ അതില്‍ തെല്ലും കോംപ്രമൈസ് നടത്താനും അശ്വതി തയാറല്ല.

aswathy-sreekanth-004-gif

 

പതിനെട്ട് ഓര്‍മകളെ കഥകളെന്ന പോലെയാണ് പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. മിട്ടായിക്കാലത്തിന്റെ ഓര്‍മകള്‍ക്ക് തുല്യം അല്ലെങ്കിലും മറ്റെന്താണ്. ആ ഓര്‍മകളില്‍ പെട്ടു പോകാത്ത മനുഷ്യരുമുണ്ടാവില്ല അതുതന്നെയാണ് അശ്വതിയുടെ പുസ്തകത്തിന്റെ മധുരവും. അതുകൊണ്ടുതന്നെയാണ് മിട്ടായി പുസ്തകം എഡിഷനുകളില്‍നിന്ന് എഡിഷനുകളിലേക്ക് നീളുന്നതും.

 

സ്കൂളിലൊക്കെ സാഹിത്യമത്സരങ്ങളില്‍ സ്ഥിരമായി പങ്കെടുക്കുമായിരുന്നുവെന്ന് അശ്വതി പറയുന്നു. എന്നാല്‍ പിന്നീടെപ്പോഴോ എഴുത്ത് ഡയറിയില്‍ മാത്രമൊതുങ്ങിപ്പോയ ഒരു അനുഭവമായി മാറിപ്പോയി. അതില്‍നിന്നുംതാന്‍ പുറത്തു വന്നത് പ്രവാസിയായിരിക്കുമ്പോഴായിരുന്നുവെന്നു അശ്വതി ഓര്‍മിക്കുന്നു. 

aswathy-sreekanth-02-gif

 

‘‘ആദ്യം ഫെയ്സ്ബുക്കിലായിരുന്നു. പിന്നീട് കഥമരം എന്ന ബ്ലോഗുണ്ടാക്കി അതിലായി എഴുത്ത്. അതിനെ എവിടെയെങ്കിലും പുസ്തകമായി അടയാളപ്പെടുത്തണമെന്നു തോന്നിയപ്പോഴാണ് ‘ഠ ഇല്ലാത്ത മിട്ടായികള്‍’ ഉണ്ടാകുന്നത്.’’

 

ഇഷ്ടപ്പെട്ട പുസ്തകത്തെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചും അശ്വതി സംസാരിക്കുന്നു.

 

‘‘ഇഷ്ടപ്പെട്ട പാട്ട് ഏതെന്നു ചോദിച്ചാല്‍ പറയാന്‍ ബുദ്ധിമുട്ടുള്ളതു പോലെതന്നെ പറയാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഒരുത്തരമാണ് പ്രിയപ്പെട്ട പുസ്തകമേത് എന്നുള്ളതും. എങ്കിലും ഓര്‍ത്തു നോക്കുമ്പോള്‍, സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരു ആമുഖം’ എന്ന പുസ്തകം എന്നെ ഒരുപാട് ആകര്‍ഷിച്ചിട്ടുണ്ട്. എന്റെ പുസ്തകക്കൂട്ടത്തില്‍ ആദ്യം എടുക്കാന്‍ പാകത്തില്‍ വച്ചിരിക്കുന്ന ‌പുസ്തകമാണത്. അതുപോലെ തന്നെയാണ് ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം.’ മുകുന്ദന്റെ കഥകളൊക്കെ വലിയ ഇഷ്ടമാണ്. സക്കറിയയെയും ഇഷ്ടമാണ്.

 

വായനയെ കൂടെക്കൂട്ടാന്‍ കാരണം അമ്മയും അച്ഛനുമായിരുന്നു. കുട്ടിക്കാലത്ത് കഥകള്‍ പറഞ്ഞു തരുന്നത് അമ്മയാണ്. അമ്മയുടെ ജോലിയൊതുങ്ങിക്കഴിഞ്ഞിട്ടാണ് കഥ പറഞ്ഞു തരുക. പക്ഷേ കഥ കേള്‍ക്കാനുള്ള ആകാംക്ഷ കൊണ്ട് കാത്തിരിക്കും. പിന്നെ ആഗ്രഹം പെട്ടെന്ന് വലുതായി സ്വന്തമായി കഥ വായിക്കാനായിരുന്നു. ബാലരമയിലെ കാലിയ എന്ന കാക്കയുടെ കഥയാണ് ഞാന്‍ ആദ്യമായി വായിക്കുന്നത്. എല്ലാ മധ്യവേനല്‍ അവധി വരുമ്പോഴും അച്ഛന്‍ ഒരു കെട്ട് പുസ്തകങ്ങള്‍ അയച്ചു തരും. അച്ഛന്‍ അന്നു പുറത്താണ്. അപ്പോള്‍ അവിടെനിന്ന് കുട്ടികള്‍ക്കുള്ള പുസ്തകങ്ങൾ അയയ്ക്കും. അതില്‍ കൂടുതലും ലോക ക്ലാസ്സിക്കുകളുമായിരിക്കും. അങ്ങനെയാണ് വായനയില്‍ നല്ലൊരു ആഴമുണ്ടായത്. അപ്പോള്‍പ്പിന്നെ വായനയെ കൂടെ കൂട്ടാതിരിക്കാനാവില്ലല്ലോ. 

 

ഇഷ്ടമുള്ള എഴുത്തുകാരന്‍ ബഷീര്‍ എന്നാണ് ആദ്യത്തെയും അവസാനത്തെയും ഉത്തരം.  അദ്ദേഹത്തിന്റെ പേരു കഴിഞ്ഞിട്ടേ വേറെ ഏതു പേരും പറയാനാകൂ. ബഷീറിന്റെ എല്ലാ പുസ്തകങ്ങളും ഇഷ്ടമാണ്. – അശ്വതി പറഞ്ഞു നിർത്തുന്നു. 

 

English Summary : Aswathy Sreekanth Talks About Her Favourite Books And Writers