പുസ്തകത്തിന്റെ പിഡിഎഫ് ഉണ്ടോ എഴുത്തുകാരേ?

Writers Talks About Pirated PDF Books
ചന്ദ്രപ്രകാശ്, ലാജോ ജോസ്, അനൂപ് ശശികുമാർ,നജീബ് മൂടാടി, അഖിൽ.പി.ധർമ്മജൻ
SHARE

ലോക്‌ഡൗൺ തുടങ്ങിയ സമയത്താണ്, അടുത്തൊരു സുഹൃത്തിന്റെ മെസേജ്.

‘പുസ്തകങ്ങൾ വായിക്കാൻ വേണോ?’

‘പുസ്തകങ്ങളോ?’

മറുപടി കുറച്ചധികം പുസ്തകങ്ങളുടെ പിഡിഎഫ് രൂപമായിരുന്നു. ഇതുവരെ കോപ്പി ലെഫ്റ്റ് ആവാത്ത നിരവധി പുസ്തകങ്ങൾ. ഇപ്പോഴും കച്ചവടത്തിലിരിക്കുന്ന പുസ്തകങ്ങൾ.

‘ഇത് നിയമപരമായി തെറ്റാണ്?’

‘വായിക്കാനല്ലേ, മറ്റൊന്നിനുമല്ലല്ലോ’

അയാളുടെ ഉത്തരം. അതേ, വായിക്കുക എന്നതാണ് പ്രധാനം. പക്ഷേ ഒരു ഹാർഡ് കോപ്പിയിൽ ഇരിക്കുന്ന പുസ്തകം പിഡിഎഫ് ആവുമ്പോഴുള്ള പ്രശ്നങ്ങൾ ഞാൻ എങ്ങനെ ഇയാളെ പറഞ്ഞു മനസ്സിലാക്കും? അത് ഇല്ലീഗൽ ആണെന്നു പറഞ്ഞാൽ ‘അതൊരു പുസ്തകമല്ലേ’ എന്ന് നിസ്സാരമാക്കുമ്പോൾ എന്തുപറയാൻ?

തീർച്ചയായും ലോക്‌ഡൗൺ കാലമാണ്. വായന അമൂല്യമാണ്. കയ്യിൽ കിട്ടുന്ന എന്തും വായിക്കാൻ തയാറാവുന്ന കാലം. എഴുതിയ പുസ്തകങ്ങളുടെ പിഡിഎഫ് ചോദിച്ചു വരുന്നവരും കുറവല്ല. ഇത് ഒരാളുടെ മാത്രം പ്രശ്നമല്ല. നിരവധി വാട്സാപ്പ് ഗ്രൂപ്പുകളിൽ നിരവധി പുസ്തകങ്ങളുടെ പിഡിഎഫ് പ്രചരിക്കപ്പെടുന്നുണ്ട്. ഇത്തരത്തിൽ സോഫ്റ്റ് കോപ്പി പ്രചരിക്കപ്പെടുന്നതിനോട് എന്താണ് എഴുത്തുകാരുടെ പ്രതികരണം?

എഴുത്തുകാരനായ ലാജോ ജോസിന്റെ അഭിപ്രായം

ലോക്ഡൗൺ ആയതിൽ പിന്നെ പുതിയതായി പൊട്ടിമുളച്ച കുറേ വായനക്കാരെ സോഷ്യൽ മീഡിയയിൽ കാണാൻ തുടങ്ങി. വായിക്കാനുള്ള ആഗ്രഹം വളരെ നല്ലത്. പക്ഷേ ഞെട്ടിപ്പിക്കുന്ന യാഥാർഥ്യം, ഈ പൊട്ടിമുളച്ച ആൾക്കാർക്ക് യഥാർഥ പുസ്തകങ്ങൾ വേണ്ട, പിഡിഎഫ് മതി. അതിലും ഞെട്ടിപ്പിച്ച കാര്യം പബ്ലിക് ഡൊമെയ്നിൽ ലഭ്യമായ, കോപ്പിറൈറ്റ് കാലാവധി കഴിഞ്ഞ പുസ്തകങ്ങളൊന്നും അവർക്കു വേണ്ട, വിപണിയിലെ താരങ്ങളെ മതി. വല്ലാത്തൊരു പുസ്തകപ്രേമം തന്നെ.

Lajo Jose
ലാജോ ജോസ്

ക്രിമിനൽ സ്വഭാവം ഉള്ളിലുള്ള, കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ സാഡിസ്റ്റിക്, പെർവേർട്ടഡ് ചിന്താഗതിയുള്ള ആൾക്കാരാണ് പുസ്തകങ്ങളുടെ പിഡിഎഫ് ഉണ്ടാക്കുന്നതും അവ ആവശ്യപ്പെടുന്നതും പ്രചരിപ്പിക്കുന്നതും. ഇതേ ആൾക്കാർ തന്നെയാണ് അവസരം കിട്ടുമ്പോൾ കുളിമുറിയിൽ എത്തിനോക്കുന്ന തും പെൺകുട്ടികളെ പീഡിപ്പിക്കുന്നതും അതിന്റെ വിഡിയോ ഗൂഗിളിൽ തിരയുന്നതും വൈകൃതം നിറഞ്ഞ പോൺ കാണുന്നതും.

തെറ്റാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് 90% ആൾക്കാരും പിഡിഎഫ് പ്രചരിപ്പിക്കുന്നത്. അത് എഴുത്തുകാരനും പ്രസാധകനും നഷ്ടം വരുത്തുമെന്ന് അവർക്ക് വ്യക്തമായി അറിയാം. അതിൽനിന്നും കിട്ടുന്ന ഒരു ഓർഗാസമുണ്ടല്ലോ, അതിന് വേണ്ടിയാണ് അത് വീണ്ടും വീണ്ടും ചെയ്യുന്നത്. ചെറുപ്പം തൊട്ടേ മൂല്യങ്ങളെ അടിസ്ഥാനമാക്കി മാതാപിതാക്കൾ വളർത്താത്തതിന്റെ കുറവാണ് ഇത്. മറ്റേതൊരു കുറ്റകൃത്യം പോലെ തന്നെയാണ് ഇതും.

ഇതു ചെയ്യുന്നവരുടെ ന്യായീകരണങ്ങൾ രസകരമാണ് - 

1.എഴുത്തുകാരനേക്കാളും പണം ഉണ്ടാക്കുന്നത് പ്രസാധകനാണ്. അവരങ്ങനെ ഞങ്ങളുടെ പണം കൊണ്ടുപോകണ്ട. 

2. ഇനി വരാൻ പോകുന്നത് ഡിജിറ്റൽ പുസ്തകങ്ങൾ ആണ്. അപ്പോൾ ഇങ്ങനെ ഇനിയും സംഭവിക്കും. 

3. പുസ്തകങ്ങൾക്ക് നല്ല വിലയാണ്. ഞങ്ങളുടെ കൈയിൽ പണമില്ല.

ഇത്തരം വാദങ്ങൾ നാം പലയിടത്തും കേട്ടിട്ടുണ്ട് - ഉദാ: ജീൻസിട്ടതു കൊണ്ടാണ് പീഡിപ്പിച്ചത്, ജീവിക്കാൻ വേണ്ടിയാണ്  മോഷ്ടിച്ചത് എന്നിങ്ങനെ.

ചില സിനിമാ പ്രവർത്തകരും ഫെയ്സ്ബുക്കിലൂടെ പിഡിഎഫ് ചോദിക്കുന്നത് കണ്ടു. അവരെ ബാധിക്കുന്നത് സിനിമ പൈറസി മാത്രമാണല്ലോ അല്ലേ? പൈറസി തടയാൻ ഈ വിവരസാങ്കേതിക കാലത്ത് ബുദ്ധിമുട്ടാണ്‌. Kindle unlimited എന്ന ഓഫറിനെ കുറിച്ചുള്ള അജ്ഞതയും ഒരു കാരണമാകാം. സിനിമകളുടെ പൈറസി അല്പം കുറഞ്ഞത് സ്ട്രീമിങ് പ്ലാറ്റ്ഫോമുകളുടെ affordable monthly plans -ന്റെ  വരവോടെയാണ്. മലയാളം പുസ്തകങ്ങൾ കൂടുതലും Kindle unlimited പോലെ ലഭ്യമാക്കിയാൽ ഒരു പരിധി വരെ പിഡിഎഫിന്റെ വ്യാപനം തടയാം.

ഭൂരിപക്ഷം മലയാളികൾക്കും ഇ–ബുക്ക്എന്നാൽ പിഡിഎഫ് ആണ്. എന്നാൽ epub, mobi എന്നിങ്ങനെ പല ഫോർമാറ്റിലും ഇ–ബുക്സ് പ്രചരിക്കുന്നുണ്ട്. പിഡിഎഫ് വായനയ്‌ക്കെതിരെ നിരന്തരം പോരടിക്കുന്ന എഴുത്തുകാരനാണ് അഖിൽ പി ധർമജൻ‌

പിഡിഎഫ് വായന എഴുത്തുകാരനും പബ്ലിഷിങ് കമ്പനികള്‍ക്കും എന്നും തലവേദനയാണ്. ഒരു കൂട്ടം ആളുകള്‍ അറിഞ്ഞുകൊണ്ടും ഒരു കൂട്ടം ആളുകള്‍ അറിയാതെയും കാര്യഗൗരവം മനസ്സിലാക്കാതെയും വാട്സാപ്പിലൂടെയും ടെലിഗ്രാം പോലുള്ള ആപ്ലിക്കേഷനിലൂടെയും പുസ്തകങ്ങളുടെ പിഡിഎഫ് കോപ്പികള്‍ പ്രചരിപ്പിക്കുന്നു. ഇതില്‍ പെട്ടുപോകുന്നത് എഴുത്തുകാരനാണ്‌. നമ്മള്‍ കഷ്ടപ്പെട്ട് കുത്തിയിരുന്ന് വര്‍ഷങ്ങളോളം എടുത്ത് എഴുതുന്നവ ഏതാനും സെക്കൻഡുകള്‍ കൊണ്ട് ഇവര്‍ സ്കാന്‍ ചെയ്തും ആമസോണ്‍ കിന്‍ഡില്‍ പോലുള്ള സൈറ്റുകളില്‍ നിന്നു ഹാക്ക് ചെയ്തും ഗ്രൂപ്പുകളില്‍ പങ്കുവയ്ക്കുന്നു. എന്ത് സുഖമാണ് ഇത്തരം കപട പുസ്തക പ്രേമികള്‍ക്ക് കിട്ടുന്നതെന്ന് അറിയില്ല. 

Akhil. P. Dharmajan
അഖിൽ.പി ധർമ്മജൻ

ഇങ്ങനെ ചെയ്ത് ഫ്രീയായി പുസ്തകം വായിക്കുന്നവര്‍ എങ്ങനെയാണ് അക്ഷരങ്ങളെ ആത്മാർഥമായി പ്രണയിക്കുന്നു എന്ന് പറയാനാവുക. സിനിമകളുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നതുപോലെതന്നെ വളരെയേറെ ഗൗരവമേറിയ കുറ്റമാണ് പുസ്തകങ്ങളുടെ പിഡിഎഫ് പതിപ്പുകള്‍ ഷെയര്‍ ചെയ്യുന്നതെന്ന് പലർക്കും അറിയില്ല. പാവപ്പെട്ടവരും വായിക്കട്ടെ, അക്ഷരം കച്ചവടത്തിന് ഉള്ളതല്ല എന്നൊക്കെ പറഞ്ഞുകൊണ്ടാണ് ചിലര്‍ ഇതിനെ ന്യായീകരിക്കുന്നത്. അക്ഷരം കച്ചവടത്തിനായിട്ട് കാണാതെ എഴുത്തുകാരും മനുഷ്യജീവികളാണ്, അവര്‍ക്കും വിശപ്പും കുടുംബവും ആവശ്യങ്ങളും ഉണ്ടെന്ന് എന്തുകൊണ്ടാണ് ഈ കൂട്ടര്‍ മനസ്സിലാക്കാത്തത്. 

ഇങ്ങനെ പറയുമ്പോഴും യാതൊരുവിധ ദാക്ഷിണ്യവുമില്ലാതെ എഴുത്തുകാര്‍ വര്‍ഷങ്ങളെടുത്ത് കുത്തിയിരുന്ന് ചിന്തിച്ചും വെട്ടിത്തിരുത്തിയും എഴുതിയവ ഷെയര്‍ ചെയ്യുമ്പോഴും പിന്നീടങ്ങോട്ട്‌ എന്തെങ്കിലും എഴുതുവാനുള്ള ഊര്‍ജ്ജമാണ് പിഡിഎഫ് ഷെയര്‍ ചെയ്യുന്നതിലൂടെ ഈ കൂട്ടര്‍ തല്ലിക്കെടുത്തുന്നത്. സൈബര്‍ സെല്ലില്‍ പരാതി കൊടുത്തും മറ്റും ഷെയര്‍ ചെയ്യുന്നവരെ കണ്ടെത്തുകയും നടപടി എടുക്കുകയും ചെയ്യാം. പക്ഷേ ഇതിനൊക്കെ പിന്നാലെ പോകാനും ആളുകളെ ഉപദ്രവിക്കാനും ഇഷ്ടമില്ലാത്തതുകൊണ്ടാണ് പലപ്പോഴും എഴുത്തുകാര്‍ ഇതൊക്കെ കണ്ടില്ല എന്ന് നടിക്കുന്നത്.  

പക്ഷേ ഒന്നു ചിന്തിച്ചുനോക്കൂ. ഒരു പുസ്തകം വില്‍ക്കുമ്പോള്‍ അതില്‍ ഒരു ശതമാനം മാത്രം ലഭിച്ച് അടുത്ത പുസ്തകങ്ങളുടെ പണിപ്പുരയില്‍ കഴിയുന്ന ഞങ്ങളെപ്പോലുള്ള എഴുത്തുകാരുടെ കഞ്ഞിയില്‍ മണ്ണ് വാരിയിട്ട് ആനന്ദം കണ്ടെത്തുന്ന ഈ പ്രവണത എത്ര പ്രതികൂലമായിട്ടായിരിക്കും ഞങ്ങളെ ബാധിക്കുക. ചുവര്‍ ഉണ്ടെങ്കില്‍ അല്ലേ ചിത്രം വരയ്ക്കാന്‍ സാധിക്കൂ. എഴുത്തുകാര്‍ ഇല്ലാതെ എന്തു വായനക്കാരും വായനയും. നമുക്ക് ഇഷ്ടപ്പെട്ട ഒരു തൊഴില്‍ ചെയ്ത് അതിലൂടെ പത്തുരൂപ എങ്കിലും കിട്ടുന്നതില്‍പരം സന്തോഷമില്ല. പിഡിഎഫ് എന്ന വ്യാജ പുസ്തകങ്ങളിലൂടെ, എഴുത്തുകാരന്‍റെ കൃതിയെ വിശ്വസിച്ച് പണം മുടക്കുന്ന പബ്ലിഷിങ് കമ്പനികള്‍ക്ക് എന്തു നഷ്ടമായിരിക്കും ഉണ്ടാവുക. 

ഇതുപോലെ വ്യാജ പുസ്തകം വായിച്ച് സന്തോഷം കണ്ടെത്തുന്നവര്‍ ഒരു കാര്യം മാത്രം ചിന്തിച്ചാല്‍ മാത്രം മതി. നിങ്ങള്‍ ഏത് മേഖലയിലാണോ ജോലി ചെയ്യുന്നതും സമ്പാദിക്കുന്നതും അതേ ജോലി ഒരാള്‍ സൗജന്യമായി ചെയ്തുകൊടുത്താല്‍ നിങ്ങളുടെ വരുമാനം നിലയ്ക്കില്ലേ. എന്തു വിഷമമായിരിക്കും നിങ്ങള്‍ക്ക് ഉണ്ടാവുക. അതിന്‍റെ എത്രയോ മടങ്ങ്‌ വിഷമമായിരിക്കും കണ്മുന്നില്‍ ചെയ്തുവച്ച ജോലി സൗജന്യമായി നിങ്ങള്‍ പങ്കുവയ്ക്കുന്നത് കാണുമ്പോള്‍ ഞങ്ങള്‍ക്ക് ഉണ്ടാവുക. അതുകൊണ്ട് ദയവായി പുസ്തകങ്ങളുടെ പിഡിഎഫ് കോപ്പികള്‍ ഷെയര്‍ ചെയ്യുന്നത് അവസാനിപ്പിക്കുക. നിയമപരമായും മനുഷ്യത്വപരമായും അത് വലിയൊരു തെറ്റാണ്. നിങ്ങള്‍ തിരയുന്ന പുസ്തകങ്ങളുടെ ഒന്നിലധികം കോപ്പികള്‍ വീടിനരികിലുള്ള വായനശാലകളില്‍ തീര്‍ച്ചയായും ഉണ്ടാവും. മൊബൈല്‍ സ്ക്രീന്‍ വായന അവസാനിപ്പിച്ച്‌ നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കുന്നതോടൊപ്പം അക്ഷരങ്ങള്‍ കൊണ്ട് ജീവിക്കുന്ന എഴുത്തുകാരുടെ കൃതികളും സംരക്ഷിക്കാന്‍ പങ്കാളികളാവുക.

എഴുത്തുകാരനായ അനൂപ് ശശികുമാറിന്റേത് തികച്ചും വ്യത്യസ്തമായ അഭിപ്രായമാണ്.

പ്രിന്റ് വായനയേക്കാൾ ഇ-വായന ഇഷ്ടപ്പെടുകയും അച്ചടിമഷിയുടെ മണം മോശം പ്രിന്റിന്റെ ഫലമാണെന്നു കരുതുകയും ടി മണമടിച്ചാൽ ഓക്കാനം വരുകയും ചെയ്യുന്ന ആളാണ് ഞാൻ. ഇ-വായന എന്നാൽ പിഡിഎഫ് മാത്രമല്ല. ഇപബ്, മൊബി, DJVU എന്നിങ്ങനെ പല ഫയൽ ഫോർമാറ്റുകൾ ഉണ്ട്.

ഇവിടെയുള്ള കാതലായ പ്രശ്നം ഇ-പുസ്തകങ്ങളുടെ വിലയാണ്. 100 പേജുള്ള ഒരു ബുക്ക് ആയിരം കോപ്പി പ്രിന്റ് ചെയ്യാൻ എല്ലാം ചേർത്ത് 30-35000  രൂപാ ചെലവുവരും. പക്ഷേ ഇതേ പുസ്തകം 1000 കോപ്പി ഡൗൺലോഡ് ചെയ്യാൻ ഒരൊറ്റരൂപ പോലും ചെലവില്ല. കവർ, ലേ ഔട്ട് എന്നിവയുടെ ചാർജ് ഒരു 5000 രൂപ എന്ന് കൂട്ടിയാൽപ്പോലും പുസ്തകം ഒന്നിന് 5 രൂപ. 1000 കോപ്പിയിൽ കൂടുതൽ ഡൗൺലോഡായാൽ അതിനിയും കുറയും. ഇ-പുസ്തകങ്ങളുടെ marginal cost (പുതിയൊരു കോപ്പി ഉണ്ടാക്കന്നതിനുള്ള ചിലവ്, ) ഫലത്തിൽ പൂജ്യമാണ്.

Anoop Sasikumar
അനൂപ് ശശികുമാർ

ഇവിടെയുള്ള മുഖ്യ പ്രശ്നം വിലയിടീലാണ് എന്നാണ് ഞാൻ കരുതുന്നത്. പ്രിന്റഡ് പുസ്തകത്തിന്റെ അതേ വില ഇ ബുക്കിനിടുമ്പോൾ ആളുകൾ സ്വാഭാവികമായും പൈറസിയിലേക്ക് കടക്കും. പ്രിന്റ് വിലയുടെ 20-30 % കുറവിൽ ഇ ബുക്കുകൾ വിറ്റാൽ പ്രശ്നം ഒരു പരിധിവരെ ഒഴിവാക്കാം. ഇ ബുക് ഉണ്ടെന്ന് കരുതി പ്രിന്റ് ഇല്ലാതാവണം എന്നില്ല. പ്രിന്റിൽ വായിക്കാനിഷ്ടപ്പെടുന്നവരും അച്ചടിമണ/കയ്യിലെ പുസ്തകം നൊസ്റ്റാൾജിയയിൽ ജീവിക്കുന്നവരും ഉള്ളിടത്തോളം കാലം പ്രിന്റ് നിലനിൽക്കും.

എഴുത്തുകാരനായ നജീബ് മൂടാടി എഴുതുന്നു,

ഏതെങ്കിലും ഒരു പുസ്തകത്തെ കുറിച്ച് ഫെയ്സ്‌ബുക്കിൽ ഒരു വായനക്കുറിപ്പിട്ടാൽ കമന്റായോ ഇൻബോക്സിലോ സ്ഥിരം കേൾക്കുന്നൊരു ചോദ്യമുണ്ട് – പിഡിഎഫ് കിട്ടുമോ?.

അത്യാവശ്യം വയനാശീലമുള്ളവർ എന്ന് നാം കരുതുന്ന ചിലർക്കു പോലും ഈ പിഡിഎഫ് ഏർപ്പാട് നിയമവിരുദ്ധവും അതിനുമപ്പുറം എഴുത്തുകാരനോടും/കാരിയോടും പ്രസാധകരോടും പുസ്തകവുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്ന ഒരുപാട് മനുഷ്യരോടും ചെയ്യുന്ന ദ്രോഹമാണ് എന്നതും തിരിച്ചറിയാൻ കഴിയുന്നില്ല എന്നതാണ് ഇതേക്കുറിച്ച് വിശദീകരിക്കാൻ ശ്രമിക്കുമ്പോഴുള്ള മറുപടിയിൽ നിന്ന് മനസ്സിലാവുക. എങ്ങനെ ആയാലും ആളുകൾ വായിച്ചാൽ പോരേ എന്ന മട്ടിലാവും ചിലരുടെ പ്രതികരണം.

Najeeb Moodaadi
നജീബ് മൂടാടി

എന്നാൽ രസകരമായ ഒരു കാര്യം ഈ പിഡിഎഫ് ചോദിച്ചു വരുന്നവരിൽ ബഹുഭൂരിപക്ഷവും ഇത് വായിക്കില്ല എന്നതാണ്. പലരും സ്വന്തം വായനക്ക്, വയനാശീലമുള്ള സുഹൃത്തിന്, കെട്ട്യോൾക്ക് ഒക്കെ സമ്മാനിക്കാൻ വേണ്ടിയാണ് പിഡിഎഫ് തേടി നടക്കുന്നത്. ചെലവില്ലാതെ ചുളുവിൽ ഇഷ്ടം പ്രകടിപ്പിക്കാനുള്ള വഴി.

നിലത്തുനിന്ന് വീണ് കിട്ടുന്ന ഒരു രൂപ പോലും എടുത്തു പോക്കറ്റിലിടാൻ മനഃസാക്ഷി സമ്മതിക്കാത്ത സത്യസന്ധന്മാർക്ക് പോലും തങ്ങൾ ഈ ചെയ്യുന്നത് മോഷണമാണ് എന്ന ബോധമില്ല.- ഓ വായിക്കാനല്ലേ - എന്ന ലാഘവത്വം.

വാട്‌സാപ് ഗ്രൂപ്പുകൾ വഴിയാണ് പുസ്തകങ്ങളുടെ പിഡിഎഫ് വിതരണം ഏറെയും നടക്കുന്നത്. ഫോൺ മെമ്മറി ഏറെയൊന്നും വേണ്ടാത്തതിനാൽ ആവശ്യമില്ലെങ്കിലും ഡൗൺലോഡ് ചെയ്തുവയ്ക്കാൻ പലർക്കും ഉത്സാഹമാണ്.

അക്ഷരങ്ങൾ കൊണ്ട് ജീവിക്കുന്ന എഴുത്തുകാർ മലയാളത്തിൽ വിരലിലെണ്ണാവുന്നർ മാത്രമേ ഉള്ളൂവെങ്കിലും, പുസ്തകം ജീവിതസ്വപ്നമായ ആയിരക്കണക്കിന് മനുഷ്യർ ഇവിടെയുണ്ട്. അവരുടെ എത്രയോ കാലത്തെ അധ്വാനമാണ്, നോവും കണ്ണീരുമാണ് ഓരോ പുസ്തകവും. അച്ചടിക്കപ്പെടുന്ന പുസ്തകങ്ങളെല്ലാം മഹത്തരമല്ലെങ്കിലും എവിടെയോ അയാളെ ഉൾക്കൊള്ളാൻ കഴിയുന്ന വായനക്കാർക്ക് വേണ്ടിയാണ് അയാൾ എഴുതുന്നത്. അത് കാശുകൊടുത്തോ ലൈബ്രറിയിൽ നിന്നോ വാങ്ങി വായിക്കുന്ന വായനക്കാരനാണ് അയാളുടെ സ്വപ്നം. 

ഒരു പുസ്തകം വായനക്കാരനിൽ എത്തുമ്പോൾ പ്രൂഫ് റീഡർ മുതൽ പുസ്തകകടയിലെ എടുത്തു കൊടുക്കുന്ന ആൾ വരെയുള്ള ഒരുപാട് മനുഷ്യരും അവരുടെ കുടുംബവും അതുകൊണ്ട് ജീവിക്കുന്നവരാണ് എന്നത് നാം ഓർക്കാറില്ല. 

പുസ്തകം വായിക്കുന്ന സുഖം പിഡിഎഫ് വായനയിൽ-പ്രത്യേകിച്ചും മൊബൈലിൽ- കിട്ടില്ല എന്നത് ആർക്കും അറിയാവുന്നതാണ്. പലരും നാലഞ്ചു പേജിനപ്പുറം പോകാതെ വായന നിർത്തും. എന്നാലും ഒരു കാര്യവും ഇല്ലാതെ പിഡിഎഫ് ചോദിച്ചു നടക്കുന്നൊരു സുഖം.

കോപ്പിറൈറ്റ് നിയമപ്രകാരം ഇങ്ങനെ പുസ്തകങ്ങൾ പിഡിഎഫ് രൂപത്തിൽ ആക്കുന്നതും വിതരണം ചെയ്യുന്നതും കടുത്ത ശിക്ഷ ലഭിക്കുന്ന കേസാണ്. പലപ്പോഴും കുടുങ്ങുന്നത് ആവേശത്തിന് കയ്യിൽ കിട്ടിയ പിഡിഎഫ് വാട്‌സ്ആപ്പ് വഴി വിതരണം ചെയ്യുന്നവരും അത്തരം ഗ്രൂപ്പുകളുടെ അഡ്മിൻമാരും ആണ്. തുടങ്ങിവെച്ച ആൾ ഒരു കുഴപ്പവും ഇല്ലാതെ ഇതൊക്കെ കണ്ട് രസിക്കുന്നുമുണ്ടാവും.

മൂന്നരക്കോടിയോളം ജനങ്ങളുള്ള സമ്പൂർണ്ണ സാക്ഷര കേരളത്തിൽ ബെസ്റ്റ് സെല്ലർ പുസ്തകങ്ങൾ പോലും വിൽക്കപ്പെടുന്നത് ഏതാനും ആയിരം മാത്രമാണ് എന്ന കണക്കു നോക്കുമ്പോൾ എത്ര ശുഷ്കമാണ് നമ്മുടെ വായനക്കാരുടെ എണ്ണം എന്ന് മനസ്സിലാവും. അങ്ങനെ ഒരു മേഖലയിൽ ആണ് ഈ പിഡിഎഫ് വിതരണം നടത്തിയുള്ള സാഹിത്യസേവനം!.

അറിഞ്ഞുകൊണ്ടല്ല ബഹുഭൂരിപക്ഷവും ഈ നെറികേടിനും നിയമവിരുദ്ധ പ്രവർത്തനത്തിനും കൂട്ടു നിൽക്കുന്നത്. ഇനിയെങ്കിലും അത്തരക്കാർക്ക് തിരിച്ചറിവുണ്ടാവട്ടെ. നാട്ടിലായാലും വിദേശത്തായാലും ഇപ്പോൾ ഏതൊരു പുസ്തകവും പോസ്റ്റലായി വീട്ടിലെത്താനും പണമടച്ചാൽ ഓൺലൈനായി വായിക്കാനും സൗകര്യമുള്ളപ്പോൾ എന്തിനാണ് ഒരുപാട് മനുഷ്യരുടെ കഞ്ഞിയിൽ പാറ്റയിടുന്ന ഈ അക്ഷരസ്നേഹം!.

പ്രിയത ബുക്സിന്റെ അമരക്കാരൻ മണിശങ്കർ പറയുന്നു,

‘ലോക്‌ഡൗൺ കാലത്ത് വീട്ടിലിരിക്കേണ്ടി വരുന്ന സമൂഹത്തെ വായനയിലേക്ക് കൊണ്ട് വന്നാൽ അവരുടെ മാനസിക സംഘർഷം ലഘൂകരിക്കപ്പെടും എന്നത് സത്യമാണ്. ഒരു പ്രസാധകൻ എന്ന നിലയിൽ നല്ല കാര്യമാണ്. എന്നാൽ നമ്മുടെ കഞ്ഞിയിൽ പാറ്റ ഇട്ടുകൊണ്ടല്ല, അതിനു വേണ്ടി എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് ഓരോ പ്രസാധകനും ആലോചിക്കണം. വായനയുള്ള സമൂഹത്തിലേ പുസ്തകങ്ങൾക്ക് പ്രസക്തിയുള്ളൂ. വായനയ്ക്ക് പ്രസക്തി വന്നാൽ അവർ കൂടുതൽ പുസ്തകങ്ങൾ വായിക്കാൻ തയ്യാറാവും. എൺപത് – തൊണ്ണൂറ് കാലത്ത് ഉണ്ടായിരുന്നത് വായനയുടെ വസന്ത കാലമാണ്. അത് വരാനുള്ള സാദ്ധ്യതകൾ ഇനിയുമുണ്ട്. 

ഫെയ്‌സ്ബുക്കും വാട്സാപ്പും സോഷ്യൽ മീഡിയയും ഒക്കെ വന്നപ്പോൾ നഷ്ടപ്പെട്ട വായനയെ തിരിച്ചു പിടിക്കാൻ ഇത് പ്രസാധകനും നല്ല സമയമാണ്.  ഇന്ത്യയിൽ തന്നെ പലയിടങ്ങളിലും ഞാൻ പുസ്തകം കൊണ്ടു പോയിട്ടുണ്ട്, ഒരിക്കലും പണമായിരുന്നില്ല എന്റെ പ്രധാന ലക്‌ഷ്യം പുസ്തകം പ്രദർശിപ്പിക്കുക എന്നതാണ് പ്രധാനം. 

തപാൽ ഇല്ലാത്ത, കൊറിയർ അയക്കാൻ വയ്യാത്ത, പുസ്തക മേളകളില്ലാത്ത, പുസ്തക ശാലകളില്ലാത്ത കാലത്തിലൂടെ പ്രസാധകൻ സഞ്ചരിക്കേണ്ടി വരുന്ന സമയമാണ്. എന്റെ ഏതെങ്കിലും പുസ്തകങ്ങൾ വായനക്കാരന് ആവശ്യമെങ്കിൽ അത് അവർക്ക് ലഭ്യമാക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. അതിനായി ഒരു വെബ് സൈറ്റ് ആവശ്യമാണെന്ന് ഞാൻ മനസ്സിലാക്കുന്നുണ്ട്. ചെറിയൊരു തുക ഈടാക്കിക്കൊണ്ട് പുസ്തകങ്ങൾ ഓൺലൈനിൽ ലഭ്യമാക്കാൻ ഇനിയും ഞാൻ ശ്രമിക്കേണ്ടതുണ്ടെന്നു മനസിലാക്കുന്നു.

വായന എന്നത് ഒരു സംസ്കാരമാണ്. വീട്ടിൽ മറ്റൊന്നും ചെയ്യാനില്ലാത്തൊരു സാഹചര്യത്തിൽ അയാളൊരു വായനക്കാരനല്ലെങ്കിൽ അവർക്ക് പിഡിഎഫ്  വായന താൽപര്യം തോന്നും. ചിലപ്പോൾ അവർക്ക് നേരത്തെ ഒരു വായന സംസ്കാരം ഉണ്ടായെന്നു വരില്ല. എന്നാൽ ഈ സന്ദർഭം മുതലാക്കി അവരെ നമ്മുടെ വായന കണ്ണിയിൽ കൂട്ടി ചേർക്കാൻ ഇത് നല്ല അവസരമാണ്. ഇതിൽ പ്രസാധകനും എഴുത്തുകാരനും ഒരുപോലെ പങ്കെടുക്കണം. ഈ കാലത്ത് ഡിസി ബുക്സ് അവരുടെ ചില പുസ്തകങ്ങൾ സൗജന്യമായി വായനയ്ക്ക് നൽകിയിരുന്നു, മാതൃഭൂമി അവരുടെ വാരികകൾ ഫ്രീ ആയി നൽകിയിട്ടുണ്ട്, നാഷനൽ ബുക്സ് സ്റ്റാളും നൽകിയിരുന്നു, ഹരിതം ബുക്സ് ഇത്തരം ചില പുസ്തകങ്ങളുടെ പിഡിഎഫ്  നൽകിയിരുന്നു. സാഹിത്യകാരന്റേതാണ് കോപ്പിറൈറ്റ്, പ്രസാധകന്റേതാണ് പബ്ലിഷിങ് റൈറ്റ്. ഈ കാലത്ത് എനിക്ക് എല്ലാവരോടും പറയാനുള്ളത് ഓരൊ എഴുത്തുകാരനും അവരുടെ ഏതെങ്കിലും ഒരു പുസ്തകം കോപ്പിലെഫ്റ്റ് ആക്കി വനായക്കാരന് സൗജന്യമായി ലഭ്യമാക്കണം. അത് പ്രസാധകനും ചെയ്യണം. അങ്ങനെ എത്തിച്ചേരുമ്പോൾ വായന വളരും എന്നാണു ഞാൻ വിശ്വസിക്കുന്നു. അതിന്റെ ഭാഗമായി ഞങ്ങൾ പുസ്തകങ്ങൾ കോപ്പി ലെഫ്റ്റ് ആക്കിയിട്ടുണ്ട്. 

പക്ഷേ ഇത് പറയുമ്പോൾ തന്നെ ഇതിലെ ചില ക്രിമിനലിസം പറയാതെ ഇരുന്നുകൂടാ. പുസ്തകങ്ങളുടെ ഹാർഡ് കോപ്പി സ്കാൻ ചെയ്ത അത് വായനക്കാരിലേക്ക് എത്തിക്കുന്നവരുടെ ക്രിമിനലിസമാണ്. അവർ വായനക്കാർ പോലുമല്ല. അത്തരം ഒരു സംസ്കാരത്തിനെതിരെ തന്നെയാണ് ഞാനുൾപ്പെടെയുള്ള പ്രസാധകർ. 

എഴുത്തുകാരനായ എം ചന്ദ്രപ്രകാശ്

’പ്രകൃതിയുമായി സമരസപ്പെടാതെ പോകുന്ന മനുഷ്യകുലം, പലപ്പോഴും കഠിനമായ പല പ്രതിസന്ധികളെയും അഭിമുഖീകരിച്ചിട്ടുണ്ട്. വലിയ ദുരന്തങ്ങൾ പല രൂപത്തിൽ മനുഷ്യജീവിതത്തെ ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്. മഹാമാരികളുടെ രൂപത്തിലാണ് പലതും പ്രത്യക്ഷപ്പെടുന്നത്.ആദ്യകാലത്ത് പ്ലേഗും വസൂരിയും കോളറയുമാണെങ്കിൽ പുതിയ കാലത്ത് എയ്ഡ്സും നിപ്പയും കൊറോണയും ഒക്കെയാണ്. പ്ലേഗും വസൂരിയും പോലെ കൊറോണ മനുഷ്യരെ തികച്ചും തടവിലാക്കി. രോഗ വ്യാപനം തടയാൻ വീട്ടിൽ തന്നെ കഴിയണം. ലോക്ഡൗൺ കഴിയുന്നതുവരെ വീട് വിട്ട് പുറത്തിറങ്ങരുത്. വീട്ടിലിരിക്കുന്ന മനുഷ്യർ ബോറടിക്കാതിരിക്കാൻ പല വഴികളും പലരും നിർദ്ദേശിക്കുന്നുണ്ട്. വായന ശീലമുള്ളവർക്ക് പുസ്തകമാണ് ഏറ്റവും നല്ല സമയം കൊല്ലി.അതിന് ചില സന്നദ്ധ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ പ്രശസ്തമായ പ്രസാധകർ പ്രസിദ്ധീകരിച്ച പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പിഡിഎഫ് ഫോർമാറ്റ് അയച്ച് വായന ജനകീയമാക്കുന്നതായി പരാതി വന്നു. ഒരെഴുത്തുകാരനെന്ന നിലയിൽ ഞാൻ ഇതിനെതിരാണ്. എന്നാൽ വായനക്കാരനെന്ന നിലയിൽ അനുകൂലിക്കുകയും ചെയ്യുന്നു.. ഇങ്ങനെ ഒരു നിഗമനത്തിലാവുന്നതിൽ എനിക്ക് എന്റേതായ ചില കാരണങ്ങളുണ്ട്. എഴുതി മാത്രം ജീവിക്കുന്ന എഴുത്തുകാരെ സംബന്ധിച്ച് ഇതൊരു പ്രശ്നമാണ്. 

M.Chandra Prakash
എം. ചന്ദ്രപ്രകാശ്

അങ്ങനെ എഴുത്തുകൊണ്ട് മാത്രം ജീവിക്കുന്ന എഴുത്തുകാർ ഇന്ന് എത്ര പേർ കാണും? വളരെക്കുറച്ചുപേർ മാത്രം... എന്നാൽ ഇതിന്റെ മറുവശമോ നല്ല ഒരു വായനക്കാരൻ ഏത് പിഡിഎഫ് വന്നാലും പുസ്തകം കാശു കൊടുത്തുവാങ്ങിത്തന്നെ വായിക്കും.. ടെലിവിഷനിൽ വാർത്താ ചാനലുകൾ ഉണ്ടെന്നു കരുതി ആരെങ്കിലും പത്രം വാങ്ങാതിരിക്കുന്നുണ്ടോ?എന്റെ അനുഭവത്തിൽ എന്റെ തന്നെ പുസ്തകമാണെങ്കിലും പിഡിഎഫ് വായിച്ചാൽ ഒരു സുഖവും കിട്ടാറില്ല. അത് അച്ചടിച്ച് പുസ്തക രൂപത്തിൽ വായിച്ചാലേ തൃപ്തിയാവൂ... നല്ല വായനക്കാരെല്ലാം ഇങ്ങനെ തന്നെ.. അപ്പോൾ പി ഡി എഫ് വായിക്കുന്നവർ ഗൗരവമായി വായനയെ കാണുന്നവരല്ല.. അവർ ഈ കൊറോണക്കാലത്ത് വീട്ടിൽനിന്ന് പുറത്ത് പോകാൻ കഴിയാത്തതുകൊണ്ട് മാത്രം വായനയെ ആശ്രയിക്കുന്നവരാണ്.. 

അവർ പിഡിഎഫ് വായിച്ച് നാളെ നല്ല വായനക്കാരായി പുസ്തകം വില കൊടുത്ത് വാങ്ങി വായിക്കുന്നവരായി മാറുകയാണെങ്കിൽ അത് നല്ലതല്ലേ? അതുകൊണ്ട് പുസ്തകങ്ങളുടെ പിഡിഎഫ് പുറത്തു പോയാലൊന്നും എഴുത്തുകാരന് പ്രശ്നമുണ്ടാവില്ല.. സിനിമ ഇറങ്ങുന്നതിനു മുമ്പ് സി ഡി ചോരുന്നതു പോലുള്ള ഒരു പ്രതിഭാസമായി ഇതിനെ കാണേണ്ടതില്ല.നിയമ നടപടികൾ ഒക്കെയെടുത്തു നാളത്തെ നല്ലൊരു വായനക്കാരന്റെ കൂമ്പടയ്ക്കണോ... ആലോചിക്കേണ്ട കാര്യമാണ്!’

എഴുത്തുകാരിയായ അഞ്ചു സജിത്ത് എഴുതുന്നു 

ഏകാന്തതയുടെ ദിനങ്ങൾ ആസ്വാദ്യകരമാക്കാനായി വിവിധതരം മാർഗങ്ങളാണ്. കേരളമെമ്പാടും സോഷ്യൽ മീഡിയ പേജുകൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്നത് അഭിനന്ദാർഹമാണ്. വീട്ടിലിരുത്താനുള്ള ചെപ്പടി വിദ്യകളുടെ ഭാഗമായി സംസ്കാര സമ്പന്നമായ ഒരു മാർഗം തിരഞ്ഞെടുത്തു വായിക്കാൻ മുതിർന്ന എല്ലാവരോടും  ഒരു എഴുത്തുകാരി എന്ന നിലയിൽ ബഹുമാനമുണ്ട്. 

Anju Sajith
അഞ്ചു സജിത്ത്

ഒരു എഴുത്തുകാരന്റെ നീണ്ട നാളത്തെ അധ്വാനവും സ്വപ്നവുമാണ് ഒരു പുസ്തകം. അതിറങ്ങി അടുത്ത മാസം തന്നെ ഇന്റർനാഷണൽ സെയിൽ ഇല്ലാത്തതിനാൽ ഞങ്ങൾക്ക് വായിക്കാൻ താൽപര്യമുള്ളത് കൊണ്ട് പിഡിഎഫ് അയച്ചു തരാമോ എന്ന് ചോദിക്കുന്നവരോട് സ്നേഹം കൊണ്ടല്ലേ ചോദിക്കുന്നത് എന്ന് കരുതി അയച്ചു കൊടുത്താൽ ഏതാനും ആഴ്ചകൾ കൊണ്ട് നിങ്ങൾക്ക് തന്നെ വാട്സാപ്പിലും ടെലഗ്രാമിലുമായി അയച്ചു കിട്ടുന്ന മാജിക് കാണാം. 

ഇങ്ങനെ ചോദിച്ചിട്ടു  എന്റെ കഥകൾ അയച്ചു കൊടുക്കാത്തത് കൊണ്ട് അൺഫോളോ ചെയ്തു പോയവർ പോലുമുണ്ട് എന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ. സഹതാപം തോനുന്നു. വായന ഒരു നല്ല ശീലമാണ്. പേപ്പർലെസ്സ് വായന പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്. അതിനായി അംഗീകൃത മാർഗങ്ങൾ നിലനിൽക്കെ എന്തിനാണ് ഇത്തരം കുറുക്കു വഴികൾ തേടുന്നത്. 

അതിലൂടെ ഒരു എഴുത്തുകാരന്റെ സർഗ്ഗശേഷിയെയാണ് അപമാനിക്കുന്നത്. ഒരു പുതു എഴുത്തുകാരൻ ഒരു പക്ഷേ ആയിരക്കണക്കിന് രൂപ സെൽഫ് പബ്ലിഷിൽ ചിലവിട്ടു രംഗത്തിറക്കിയ പുസ്തകമാകും നിങ്ങളുടെ കൈകളിലൂടെ ഓടി കളിക്കുന്നത്. അതിൽ നിന്നും ലഭിക്കുന്ന ലാഭവിഹിതത്താൽ അടുത്ത പുസ്തകം പ്രസിദ്ധീകരിക്കാൻ കണക്കുകൂട്ടിയ അയാളുടെ സ്വപ്നമാണ് ചിതറി പോയത്. 

അല്ലെങ്കിൽ ഒരു പ്രസാധകൻ മുതൽമുടക്ക് ചെയ്തു അധ്വാനിച്ചു വിപണിയിലിറക്കിയ ഒന്നാണ് അയാളുടെ ഉപജീവനത്തിന് മേൽ നേരമ്പോക്ക് കണ്ടു പിഡിഎഫ് വായിക്കുന്നത്. ഈ രംഗത്തെ അനേകായിരം തൊഴിൽ സാധ്യതയെയാണ് ഇതിലൂടെ പരിഹസിക്കുന്നത് എന്നാണ് എന്റെ അഭിപ്രായം. പുസ്തകങ്ങൾ വായിക്കുന്നതിനു അതിനൂതനമായ ഡിജിറ്റൽ ശേഷിയോടെ  കേരളത്തിലെ പ്രസാധകർ നമുക്ക് സേവനം നൽകുന്നത് പ്രയോജനപ്പെടുത്താം. അല്ലാത്തവരെ നമ്മൾ തന്നെ മുൻകൈയെടുത്ത് വായിക്കില്ല എന്ന് തീരുമാനമെടുത്തു ബഹിഷ്കരിക്കാം. 

English Summary : Malayalam Writers Talks About Pirated Books Pdf

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA
;