ADVERTISEMENT

നിഷ സൂസന്റെ ‘ദ് വിമൻ ഹു ഫോർഗൊട്ട് ടു ഇൻവെന്റ് ഫെയ്സ്ബുക്’ എന്ന കഥ ആദ്യം അച്ചടിമഷി കാണുന്നതു 2012 ലാണ്. 8 വർഷത്തിനു ശേഷം ആദ്യ കഥാസമാഹാരത്തിന്റെ തലക്കെട്ടിലും ആ പേരുണ്ട്. കഥയും അതിന്റെ കാഴ്ചയും കാലത്തിനൊപ്പം നിൽക്കുന്നുവെന്നതാണ് മറ്റൊരു കൗതുകം. പ്രണയവും സൗഹൃദവും ലൈംഗികതയും സ്ത്രീജീവിതവും മെട്രോസെക്‌ഷ്വാലിറ്റിയുമെല്ലാം പങ്കുവയ്ക്കുന്ന 12 കഥകളാണ് മലയാളിയായ നിഷ സൂസന്റെ ‘ദ് വിമൻ ഹു ഫോർഗൊട്ട് ടു ഇൻവെന്റ് ഫെയ്സ്ബുക് ആൻഡ് അദർ സ്റ്റോറീസ്’ എന്ന സമാഹാരത്തിൽ. തന്റെ എഴുത്തുജീവിതത്തെക്കുറിച്ചും മറ്റും നിഷ പറയുന്നു. 

 

∙ കഥവഴിയിൽ

 

വായനയും പുസ്തകവും കുട്ടിക്കാലം മുതലുണ്ട്. ബാലരമയും മറ്റും വായിച്ചിരുന്ന കുട്ടിക്കാലം. ലൈബ്രറിയിൽ എല്ലാവരും അംഗമായിരുന്നു. മുത്തച്ഛൻ അൽപമൊക്കെ എഴുതുന്നയാളും. ബെംഗളൂരു മൗണ്ട് കാർമൽ കോളജിൽ പഠനത്തിനെത്തിയപ്പോഴും വായന ഒരു പതിവു കാര്യം മാത്രമായിരുന്നു. നാടകവും മറ്റ് എഴുത്തുകളുമായി കോളജ് കാലം. ഇക്കണോമിക്സും സോഷ്യോളജിയുമാണ് ഡിഗ്രിക്കു പഠിച്ചത്. അന്ന് ഒപ്പം പഠിച്ചവരിൽ പലരും ഇപ്പോഴും പത്രപ്രവർത്തന, സാഹിത്യ രംഗങ്ങളിലുണ്ട്. അവിടെ നിന്നാണ് പത്രപ്രവർത്തന മേഖലയിലെത്തുന്നത്. 

 

തെഹൽക്കയിൽ 6 വർഷത്തോളം പ്രവർത്തിച്ചു. ഫീച്ചർ എഡിറ്ററായി അവിടം വിട്ടശേഷം അൽപം ഇടവേളയെടുത്ത സമയത്താണ് കഥയെഴുതുന്നത്. പുസ്തകത്തിലെ ആദ്യ കഥയും അക്കാലത്ത് എഴുതിയതാണ്. 

 

 ‘മെട്രോ ലൈഫ്’

  The Women Who Forgot to Invent Facebook and Other Stories
ദ് വിമൻ ഹു ഫോർഗൊട്ട് ടു ഇൻവെന്റ് ഫെയ്സ്ബുക് ആൻഡ് അദർ സ്റ്റോറീസ്

 

കൊച്ചിയും ബെംഗളൂരുവിലും സംഭവിക്കുന്നതാണ് കഥകളേറെയും; നഗരജീവിതങ്ങൾ തന്നെ. വിദേശത്തും ഇന്ത്യയിലുമായി നഗരങ്ങളിലാണ് കൂടുതൽ ജീവിച്ചത്. യാത്രയും ജോലിയും പകർന്നു തന്ന അനുഭവ ങ്ങളാണ് കഥകളിലെ പ്രധാന വിഷയം. നഗരങ്ങൾക്ക് എപ്പോഴും ഒരു ‘അനോണിമിറ്റി’യുണ്ട്. അതെനിക്ക് ഏറെ ഇഷ്ടമാണ്. അൽപം വിട്ടാണ് നിൽപ്. ഓരോ നഗരത്തിലെത്തുമ്പോഴും ഇവിടെ സ്ഥിരതാമസമാക്കണമെന്നു തോന്നും. 

 

മാധ്യമപ്രവർത്തനം തന്ന അനുഭവങ്ങൾ

 

തെഹൽക്കയിലെ ജോലിയിൽ നിന്നു വിട്ട ശേഷമാണ് ‘ലേഡീസ് ഫിംഗർ’ സ്ത്രീപക്ഷ വെബ്സൈറ്റും മറ്റും ആരംഭിക്കുന്നത്. യാഹൂ ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്കു വേണ്ടി ലോങ്ഫോം ജേണലിസവും അക്കാലത്ത് ചെയ്തു. മനുഷ്യരും അനുഭവങ്ങളുമാണ് മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാനം. ഒറ്റയ്ക്ക് ഒരു മുറിയിലിരുന്നു ചെയ്യാൻ സാധിക്കുന്നതല്ല അത്. കഥാരചനയിലും ഏറെ സഹായിച്ചിട്ടുള്ളത് ഈ അനുഭവങ്ങളാണ്.പല സമയങ്ങളിലായി കണ്ടുമുട്ടിയവരാണ് എഴുത്തിന് ഊർജം. 

 

വേഗത്തിൽ എഴുതാനുള്ള കഴിവും എഡിറ്റിങ് ശേഷിയുമാണ് മാധ്യമപ്രവർത്തനം തന്ന മറ്റൊരു നേട്ടം. എഴുതാൻ കൃത്യമായ സമയവും സാഹചര്യവും വേണമെന്നൊന്നുമില്ല. ‍‍ഡെഡ്‌ലൈനുകളിൽ ജോലി ചെയ്തതിന്റെ പരിചയമുണ്ട്. പലപ്പോഴും കഥയുടെ 90 ശതമാനവും ആദ്യ ഡ്രാഫ്റ്റിൽത്തന്നെ പൂർത്തിയാക്കിയ ശേഷം വീണ്ടും എഡിറ്റിങ്ങിനു വേണ്ടി കൂടുതൽ സമയം എടുക്കുകയാണ് ചെയ്യുന്നത്. 

 

കാലം; സാങ്കേതികവിദ്യ

 

ടെക്നോളജി എനിക്കേറെ താൽപര്യമുള്ള വിഷയമാണ്. പല കഥകളിലും അതൊരു ഘടകമായി വരുന്നതിനു പിന്നിലും ഇതുണ്ട്. സ്മാർട്ട് ഫോണും കംപ്യൂട്ടറും ആപ്ലിക്കേഷനും മാത്രമല്ല, എല്ലാത്തിലും ഒരു സാങ്കേതികത്വം കാണാൻ ശ്രമിക്കാറുണ്ട്. ആർക്കിയോളജി മേഖലയിൽ ജോലി ചെയ്യുന്നൊരു സുഹൃത്തുണ്ടായിരുന്നു. ഹാരപ്പൻ കാലഘട്ടവുമായി ബന്ധപ്പെട്ടു പല പ്രധാന കണ്ടെത്തലും നടത്തിയിരുന്നു അവർ. കുറച്ചുകാലം കഴിഞ്ഞ് അതുവിട്ട് അവർ യുഎസിലേക്കു പോയി. അവിടെ ഒരു ടെക്നോളജി കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. സാങ്കേതിക വിദ്യകൾ എങ്ങനെയാണ് മനുഷ്യജീവിതത്തെ മാറ്റിയതെന്നാണ് അവർ അവിടെ പഠിക്കുന്നത്. 

 

സാങ്കേതിക വിദ്യ ഇത്രയേറെ പുരോഗമിച്ചിട്ടും ഇന്ത്യയിലെ സ്ത്രീകളുടെ ഉയരത്തിന് അനുയോജ്യമായ ഒരു ബൈക്ക് ഇവിടെ നിർമിക്കാൻ സാധിക്കാത്തതെന്തുകൊണ്ടാണ്. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഇത്തരം കൗതുകങ്ങൾ ഒട്ടേറെയുണ്ട് നമ്മുടെ ചുറ്റും. സ്ത്രീകൾ എങ്ങനെയാണ് സാങ്കേതിക വിദ്യയുമായി ചേർന്നു നിൽക്കുന്നത് എന്ന് ആശ്ചര്യത്തോടെ നോക്കാറുണ്ട്. 

 

എഴുത്ത്, വായന

 

ഏജന്റ് ജയപ്രദാ വാസുദേവൻ വഴിയാണ് ആമസോണിന്റെ വെസ്റ്റ്ലാൻഡ് ബന്ധപ്പെടുന്നത്. അവർക്കു വേണ്ടി 2 നോൺ ഫിക്‌ഷൻ പുസ്തകങ്ങളാണ് ആദ്യം കമ്മിറ്റ് ചെയ്തത്. പിന്നീടാണ് കഥാസമാഹാരം എന്ന തരത്തിൽ മറ്റൊരു പുസ്തകം കൂടി ആലോചിച്ചത്. അത് ആദ്യമെത്തിയെന്നു മാത്രം. നോൺ ഫിക്‌ഷന്റെ

ജോലിത്തിരക്കുകളിൽ വായന നോൺ ഫിക്‌ഷനിലേക്കു മാറിയിരുന്നു. എന്നാൽ കോവിഡ് കാലത്ത് ഫിക്‌ഷൻ, പ്രത്യേകിച്ച് നോവൽ വായന വീണ്ടും സജീവവമായി എന്നതാണ് നേട്ടം. വായനയുടെ വേഗം കൂടി. ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ചയാണ് പുസ്തകം പുറത്തെത്തിയത്. സുഹൃത്തുക്കളും മറ്റും നല്ല അഭിപ്രായം പറയുന്നു. അതു സന്തോഷം. രോഹിത് ഭാസിയെന്ന മലയാളി ആർട്ടിസ്റ്റാണ് കവർ ചിത്രം തയാറാക്കിയിരിക്കുന്നത്. 

 

പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ നിഷ സൂസൻ വിദേശത്തും കേരളത്തിലുമായാണു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. രാജ്യത്തെ സ്ത്രീപക്ഷ രചനകളും ചർച്ചകളുമായി സജീവമായിരുന്ന ‘ലേഡീസ് ഫിംഗറിന്റെ’ സ്ഥാപകയായ ഇവർ ഇപ്പോൾ ബെംഗളൂരുവിലാണു താമസം. ആമസോണിന്റെ വെസ്റ്റ് ലാൻഡ് പബ്ലിക്കേഷൻസിന്റെ കീഴിലുള്ള ഇംപ്രിന്റ് കോൺടെസ്റ്റാണു പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary : Nisha Susan Talks About Her Book The Women Who Forgot to Invent Facebook and Other Stories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com