ADVERTISEMENT

ഒരുപാടു കാലം എഴുതുക, പിന്നീട് ഒരു ദിവസം മുതൽ ഒന്നുമെഴുതാൻ തോന്നാതെ എഴുത്ത് സ്വയം നിർത്തി വയ്ക്കുക. പിന്നീട് വർഷങ്ങൾ കഴിഞ്ഞ്, ഒരിക്കൽ എഴുതിയ പുസ്തകങ്ങൾ എല്ലാം ഔട്ട് ഓഫ് സ്റ്റോക്ക് ആവുക, വീണ്ടും വായിക്കപ്പെടുക. പുതിയ പുസ്തകങ്ങൾക്കായി ആകാംക്ഷയോടെ വായനക്കാർ കാത്തിരിക്കുക- ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം സ്വപ്ന സമാനമായൊരു അനുഭവമാണ് അത്. നോവലിസ്റ്റായ അൻവർ അബ്ദുല്ലയുടെ അനുഭവവും മറ്റൊന്നല്ല. 

 

അദ്ദേഹത്തിന്റെ പുതിയ പുസ്തകങ്ങൾ (പഴയ പുസ്തകങ്ങളുടെ റീ പ്രിന്റുകൾ) എല്ലാം തന്നെ ഇപ്പോൾ ഹിറ്റുകളാണ്. കുറ്റാന്വേഷണ സാഹിത്യത്തിന്റെ പുതിയൊരു മുഖമാണ് ഇപ്പോൾ അൻവറിന്റെ ശിവശങ്കര പെരുമാൾ എന്ന അപസർപ്പകൻ. സ്വകാര്യ കുറ്റാന്വേഷകനാണ് ഷോവസങ്കര പെരുമാൾ. സൂക്ഷ്മ ബുദ്ധിയും നിരീക്ഷണപാടവവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. അന്വേഷണത്തിന്റെ വഴിയിൽ എത്ര ദൂരവും സഞ്ചരിക്കാൻ മടിയില്ലാത്ത ആ കഥാപാത്രത്തെയാണ് പുതിയ കാലത്തിൽ അൻവർ വീണ്ടും വായനക്കാർക്ക് പരിചയപ്പെടുത്തുന്നത്. എഴുത്തിന്റെ മടുപ്പുകാലത്തെക്കുറിച്ചും തിരിച്ചു വരവിനെക്കുറിച്ചും അൻവർ അബ്ദുല്ല പറയുന്നു. 

 

തുടങ്ങിയതും അവസാനിച്ചതുമൊക്കെ പെട്ടെന്ന്...

 

anvar-abdulla-book-1

ഞാനെഴുതിത്തുടങ്ങിയത് 1995 ലാണ്. അന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കഥ പ്രസിദ്ധീകരിച്ചു, അതിനു ശേഷമാണ് എഴുത്തുകാരൻ എന്ന സ്വയം ബോധവും അങ്ങനെയൊരു വ്യക്തിത്വവുമുണ്ടായത്. ഡിഗ്രിക്കു പഠിക്കുമ്പോഴേ എഴുതുമായിരുന്നു. പിന്നീട് കുറെ നാൾ പല മാസികകളിലും കഥകൾ അച്ചടിച്ച് വരാൻ തുടങ്ങി. എഴുത്തുകാരനാകണമെന്ന ആഗ്രഹം കലശലായി. വായനയും എഴുത്തും ജീവിതത്തിന്റെ ഭാഗമായി. പക്ഷേ ആ സമയത്ത് ഒപ്പം എഴുതി തുടങ്ങിയവരെല്ലാം വലിയ എഴുത്തുകാരായി, ഞാൻ മാത്രം പിന്നീട് എല്ലാം നിർത്തി വച്ചു. 2018 മുതൽ എന്റെ കഥകളൊന്നും വരികയുണ്ടായില്ല. ഒരു പത്രാധിപരെ കണ്ടു കഥകൾ കൊടുക്കണമെന്ന് നേരിട്ട് അപേക്ഷിക്കുന്ന ഒരാളല്ല ഞാൻ, അതുകൊണ്ടുതന്നെ പിന്നീട് എന്റെ കഥയെഴുത്ത് മരവിച്ചു പോയി. 

 

ഡ്രാക്കുള മാറ്റി മറിച്ച ജീവിതം

 

ഒരു പോസ്റ്റ് മോഡേൺ നറേറ്റിവ് ആയ ‘കുൽസിത നീക്കങ്ങളിൽ ദൈവം’ എന്ന പുസ്തകമാണ് ആദ്യം പുറത്തിറങ്ങുന്നത്. 2004 ൽ  പുറത്തിറങ്ങിയ പുസ്തകം. പാപ്പിയോൺ ബുക്സ് ആണ് ഇറക്കിയത്. മൃത്യു രഹസ്യങ്ങളെക്കുറിച്ചുള്ള, വാർപ്പ് മാതൃകയിലുള്ള ഒന്നായിരുന്നു അത്. പാപ്പിയോൺ ബുക്സിന്റെ മാനേജർ നൗഷാദ് ആണ് ഒരു നോവൽ വേണമെന്ന് അന്നെന്നോട് പറഞ്ഞതും അത് പ്രസിദ്ധീകരിക്കാൻ മുൻകൈ എടുത്തതും. പക്ഷേ ആ പുസ്തകം ഞാൻ വിചാരിച്ചതു പോലെ ചെലവായില്ല. അതിനു ശേഷമാണ് ഡ്രാക്കുള എന്ന നോവൽ ഇറങ്ങുന്നത്. അത് ഒരു ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ ആയി വന്നതു കണ്ട ഡിസി ബുക്സിലെ രാംദാസ് ആണ് അത് അവർക്കു വേണമെന്നു പറഞ്ഞു പ്രസിദ്ധീകരിക്കുന്നത്. ഡ്രാക്കുളയാണ് എനിക്ക് അന്നത്തെ കാലത്ത് മലയാളത്തിൽ അത്യാവശ്യം വായനക്കാരെ നൽകിയ ഒരു പുസ്തകം. അന്ന് ബെന്യാമിൻ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട എഴുപത്തിയഞ്ച് പുസ്തകങ്ങളിൽ ഒന്നായി ഡ്രാക്കുള തിരഞ്ഞെടുത്തു. അതുപോലെ ടി.ഡി. രാമകൃഷ്ണൻ എഴുതിയിരുന്നു, മനോജ് കുറൂർ എഴുതി, ഒരുപാട് വായനക്കാരും ഡ്രാക്കുളയെക്കുറിച്ച് അന്നെഴുതി.

anvar-abdulla-book-2

 

പക്ഷേ അതൊന്നും എഴുത്തിൽ എന്നെ മുന്നോട്ടു കൊണ്ടുപോയില്ല. അതിനു ശേഷം വീണ്ടും കുറേ പുസ്തകങ്ങളെഴുതി. റിപ്പബ്ലിക്ക് എന്ന നോവൽ ഡിസി ബുക്സ് ഇറക്കി, ഗതി മാതൃഭൂമി ഇറക്കി. പക്ഷേ ഒന്നും അത്രയധികം വായിക്കപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ ചെയ്തില്ല. ആ സമയത്താണ്  നൗഷാദ്ക്ക ഒരു ഡിറ്റക്ടീവ് നോവൽ എഴുതിത്തരാമോ എന്നു ചോദിക്കുന്നത്. ആ സമയത്ത് ഞാൻ കോഴിക്കോടാണ്, ഫ്രീലാൻസർ ആയി സ്ട്രഗിൾ ചെയ്യുകയാണ്. ഞാനും നൗഷാദ്ക്കയും സംസാരിക്കുന്നതിനിടയിലാണ് ഡിറ്റക്ടീവ് ഫിക്‌ഷന്റെ കാര്യം ചോദിക്കുന്നത്. അതൊരു ഗംഭീര ഓഫർ തന്നെയായിരുന്നു. ഡിറ്റക്റ്റീവ് നോവൽ എഴുതിത്തന്നാൽ സ്ക്രിപ്റ്റ് തരുമ്പോൾ പണം നൽകാം. അതായത്, റോയൽറ്റി എന്ന രീതിയിൽ അല്ല പണം അഡ്വാൻസ് ആയി തന്നെ നൽകാം. എന്നെ സംബന്ധിച്ച് അതൊരു വലിയ ഓഫറാണ്. രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. പണത്തിനു വേണ്ടി എന്തും ആവാം എന്നൊരു മനസികാവസ്ഥയുമായിരുന്നു. അങ്ങനെ ശിവശങ്കര പെരുമാൾ എന്നൊരു ഡിറ്റക്ടീവിനെ സൃഷ്ടിച്ചു. ആറു ദിവസം കൊണ്ട് ഞാനത് എഴുതിത്തീർക്കുകയും ചെയ്തു. അങ്ങനെ രണ്ടു നോവലുകളെഴുതി. അതിലൊന്നു മാത്രമാണ് അന്ന് ഇറങ്ങിയത്. അത് നന്നായി വിൽക്കപ്പെടുകയും ചെയ്തു.

 

anvar-abdulla-book-3

സേതുരാമയ്യർ സിബിഐ വരുന്നു...

 

പെരുമാൾ കാര്യമായി അന്വേഷണവുമായി നടക്കുന്നതിനിടയിലാണ് ചില ചർച്ചകളിൽ കൂടി പുതിയൊരു ആശയം ഉണ്ടായി വരുന്നത്. അന്ന് വളരെ ട്രെൻഡിങ് ആയ ഒരു സിനിമയാണ് എസ്.എൻ. സ്വാമി–മമ്മൂട്ടി ടീമിന്റെ സേതുരാമയ്യർ സിബിഐ കഥകൾ. ആ കഥാപാത്രത്തെ വച്ച് ഒരു പുസ്തക പരമ്പര ചെയ്യാൻ അങ്ങനെ തീരുമാനമായി. അന്ന് എസ്.എൻ. സ്വാമിയെയും മമ്മൂട്ടിയെയും ഒക്കെ പോയി കണ്ടു സംസാരിച്ചു തീരുമാനമാക്കിയത് ഒലിവ് ബുക്സ് ആണ്. എനിക്ക് എഴുതുന്ന ഉത്തരവാദിത്തമായിരുന്നു. ഞങ്ങൾ മമ്മൂട്ടിയെ പോയിക്കണ്ടു കഥയൊക്കെ സംസാരിച്ചു, അദ്ദേഹത്തിന് അത് ഇഷ്ടപ്പെടുകയും ചെയ്തു. അതിൽ ഒരു പുസ്തകം പുറത്തിറങ്ങി, നന്നായി വായിക്കപ്പെടുകയും ചെയ്തു. അത് 2007 ൽ ആണ്, ‘ഒന്നാം സാക്ഷി സേതുരാമയ്യർ’. പിന്നീട് കമ്പാർട്ട്മെന്റ് എന്നൊരെണ്ണം കൂടി എഴുതി. പക്ഷേ അപ്പോഴേക്കും ചില സാങ്കേതിക പ്രശ്നങ്ങൾ കൊണ്ട് അതു മുന്നോട്ടു പോകാനായില്ല. സിനിമയുടെ ഒരു നിർമാതാവും പ്രസാധകരുമായി അവകാശ തർക്കം ഉണ്ടാവുകയും അത് ഞാൻ നിർത്തുകയും ചെയ്തു. അതിനു ശേഷം പെരുമാളിന്റെ അന്വേഷണവുമായി ‘ഓപ്പറേഷൻ ബ്ലൂ സ്റ്റാർ’ എന്ന ഒരു നോവൽ കൂടി എഴുതിയെങ്കിലും അത് പ്രസിദ്ധീകരിച്ചില്ല. 

 

മടുപ്പിച്ച എഴുത്തു ലോകം

 

2011 ൽ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ എഴുതി. പ്രസിദ്ധീകരിക്കാൻ കൊടുത്തവർ അതിനു തയാറായില്ല. അത് വല്ലാത്തൊരു മടുപ്പുണ്ടാക്കിയിരുന്നു. അതുപോലെ മറ്റൊരു പുസ്തകം മറ്റൊരു പ്രസാധകർ അച്ചടിച്ചു. എന്നാൽ രണ്ടു വർഷം കഴിഞ്ഞിട്ടും അതിന്റെ സ്റ്റേറ്റ്മെന്റോ മറ്റു കാര്യങ്ങളോ ഒന്നും നൽകിയില്ല. എന്നാലും പുസ്തകം പോകുന്നുണ്ടോ എന്നറിയാൻ ഞാൻ അദ്ദേഹത്തെ വിളിച്ചപ്പോൾ വളരെ മോശമായി പ്രതികരിച്ചു. ധാർഷ്ട്യവും അഹങ്കാരവും കലർന്ന ആ പ്രസാധകന്റെ വാക്കുകൾ ഒരുപാട് വേദനിപ്പിച്ചു. ‘റോയൽറ്റിയൊക്കെ പുസ്തകം വിറ്റു തീരുമ്പോൾ വീട്ടിലെത്തും നിങ്ങളാരാ എം.ടി. വാസുദേവൻ നായർ ആണെന്നാണോ വിചാരം?’ എന്നാണ് അദ്ദേഹം അന്നു പറഞ്ഞത്. . പക്ഷേ ആ അനുഭവം വല്ലാത്ത മടുപ്പായി. ഇതുവരെ അതിന്റെ ഒരു സ്റ്റേറ്റ്മെന്റ് പോലും ലഭിച്ചിട്ടില്ല. പിന്നെ റിപ്പബ്ലിക് എന്ന പുസ്തകം പ്രസിദ്ധീകരിച്ച ശേഷം അതിന്റെ ഒരു എഡിറ്റർ എന്നെ വിളിച്ചു പറഞ്ഞു: പുസ്തകം തീരെ പോകുന്നില്ല. അത് വിൽക്കാൻ നിങ്ങൾ എന്തെങ്കിലും ചെയ്യണം. എന്നെ സംബന്ധിച്ച് പുസ്തകം വിൽക്കുക എന്നത് പ്രസാധകന്റെ ജോലിയും എഴുതുക എന്നത് എഴുത്തുകാരന്റെ ജോലിയുമാണ്. അതുകൊണ്ടുതന്നെ വിൽക്കാനുള്ള ജോലി ചെയ്യാൻ എനിക്ക് താൽപര്യമില്ല. അതുപോലെ ഗതി എന്ന നോവൽ. എന്റെ ഏറ്റവും നല്ല കൃതിയാണെന്നു ഞാൻ കരുതുന്ന ആ പുസ്തകവും വിറ്റു പോയില്ല.  ആരും വായിക്കാനില്ലാത്ത പുസ്തകങ്ങളുടെ എഴുത്തുകാരനായി ഞാൻ അങ്ങനെ മാറി. വായിക്കാൻ ആളില്ലാത്ത പുസ്തകങ്ങൾ എഴുതുന്ന ഒരാൾക്ക് എഴുത്തുകാരനായിരിക്കാനുള്ള യോഗ്യതയില്ല എന്നാണു ഞാൻ വിശ്വസിക്കുന്നത്. എന്നെ ആരും വായിക്കാനില്ലെങ്കിൽ പിന്നെ ഞാൻ എന്തിനെഴുതണം? അങ്ങനെ കുറേ കാരണങ്ങൾ കൂടി വന്നപ്പോൾ എഴുത്തു നിർത്തുക എന്നതായിരുന്നു മുന്നിലുള്ള ഒരു വഴി. അത് ഞാൻ ചെയ്തു. പ്രസിദ്ധീകരിക്കാൻ അല്ലെങ്കിൽ എന്തിന് ഒരു എഴുത്തുകാരൻ പുസ്തകമെഴുതുന്നു? ആത്മാവിഷ്കാരം എന്നതിന്റെയപ്പുറം വായനക്കാരന്റെ മുന്നിലാണ് എഴുത്തുകാരൻ വ്യക്തിത്വം ഉള്ളവനാകുന്നത്.

 

വർഷങ്ങൾക്ക് ശേഷം ആഘോഷിക്കപ്പെടുന്ന പുസ്തകങ്ങൾ

 

എഴുത്ത് ഞാൻ ഇതുവരെ തുടങ്ങിയിട്ടില്ല. റിപ്പബ്ലിക് വീണ്ടും ഇറങ്ങി, പിന്നെ അന്ന് എഴുതി വച്ചിരുന്ന ഒരു സ്ക്രിപ്റ്റ് നരേറ്റീവ് രൂപത്തിൽ മാറ്റി എഴുതി. 

 

ഡിറ്റക്ടീവ് നോവൽ പ്രസിദ്ധീകരിക്കാൻ താൽപര്യമുണ്ട്, തരാമോ എന്നു ചോദിച്ചത് അനിൽ വേഗ ആണ്  ഞാൻ സമ്മതിച്ചില്ല, എനിക്ക് വായനക്കാരില്ല, അതുകൊണ്ട് പ്രസാധകരുടെ പണം കളയാൻ താൽപര്യമില്ല എന്നു പറഞ്ഞു. പക്ഷേ അനിൽ വേഗയുടെ സ്‌നേഹപൂർണമായ ആവശ്യം നിരസിക്കാനായില്ല. നാല് പുസ്തകമാണ് അവർ ചോദിച്ചത്. എന്റെ ചില പുസ്തകങ്ങൾ മാതൃഭൂമിയിൽ ആയതുകൊണ്ട് നൗഷാദ്ക്കയെ വിളിച്ചു ചോദിച്ചപ്പോൾ അത് അവർ പ്രിന്റ് ചെയ്യാൻ പോവുകയാണ്, അതിനെക്കുറിച്ച് ആലോചനകൾ നടക്കുകയാണ് എന്നറിയിച്ചു. അങ്ങനെ എന്റെ കയ്യിൽ ഉണ്ടായിരുന്ന, അവസാനം എഴുതിയ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനായി അനിൽ വേഗയ്ക്ക് നൽകി നൽകി. അത് പുറത്തിറങ്ങിയിട്ടും അത്രയധികം ശ്രദ്ധിക്കപ്പെട്ടില്ല, പിന്നീട് മാതൃഭൂമി പ്രൈം വിറ്റ്നസ് ഒക്കെ ഇറക്കിയ ശേഷമാണ് പുസ്തകങ്ങൾ വീണ്ടും വായനക്കാർ വായനയ്ക്ക് എടുക്കുന്നതും ചർച്ച ചെയ്യപ്പെടുന്നതും. ഇപ്പോൾ പഴയ പുസ്തകങ്ങളെല്ലാം റീ പ്രിന്റ് ചെയ്യുന്നുണ്ട്, അതിൽ പലതും ഔട്ട് ഓഫ് സ്റ്റോക്കാണ് എന്നാണു അറിയുന്നത്. ഇക്കാലത്ത് വായനക്കാർ വളരെയധികം വർധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ലൈറ്റ് വായന കൂടി. അതുകൊണ്ടുതന്നെ പുസ്തകങ്ങൾ ഇപ്പോൾ കൂടുതലായി വിൽക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു. നൗഷാദ്ക്കയും അനിൽ വേഗയുമാണ് ഓരോ കാലത്തും എന്റെ പുസ്തകങ്ങൾ പുറത്തിറക്കാൻ ഒപ്പം നിന്നത്. ഡിറ്റക്ടീവ് ഫിക്‌ഷന് ഇന്നു പ്രസക്തി വലുതാണ്. അതുകൊണ്ട് തന്നെ പുസ്തകങ്ങൾ വായിക്കപ്പെടുന്നു. 

 

ഇനിയും എഴുതും... പക്ഷേ അതൊരു സാഹസികതയാണ്...

 

കഴിഞ്ഞ അഞ്ചാറു വർഷങ്ങളായി ഞാനൊന്നും എഴുതിയിട്ടില്ല. അധ്യാപകനായി ജോലി നോക്കുന്നു, പൂർണമായും ജോലിയിലാണ്. എന്നാൽ മനസ്സിൽ ഒരുപാട് കഥകളുണ്ട്. ഇനി അതൊക്കെ എഴുതണം. എന്നാൽ ഇക്കാലത്തു ഡിറ്റക്ടീവ് ഫിക്‌ഷൻ ഇന്നത്തെ കാലത്ത് എഴുതുക എന്നത് സാഹസികമായൊരു പരിപാടിയാണ്. ഇന്ന് ഒരു കുറ്റകൃത്യം ചെയ്യാൻ അത്ര എളുപ്പമല്ല, അഥവാ ചെയ്താലും കണ്ടെത്താൻ എളുപ്പമാണ്, എന്നിട്ടും ഇവിടെ ഒരുപാട് ക്രൈം നടക്കുന്നു, അതിൽ പലതും കണ്ടെത്തുന്നുമില്ല. അത് നമ്മുടെ കേരള പോലീസ് അന്വേഷിക്കാൻ മോശമായിട്ടോ സാങ്കേതിക തികവ് ഇല്ലാഞ്ഞിട്ടോ അല്ല, സിസ്റ്റത്തിന്റെ പ്രശ്നമാണ് പലപ്പോഴും കുറ്റം അന്വേഷിക്കുന്നതിന് തടസ്സം നിൽക്കുന്നത്. കേരളത്തിൽ സ്വകാര്യ കുറ്റാന്വേഷകന് സ്വാഭാവികമായും സാധ്യത കുറവാണ് എങ്കിലും ഇത്തരം സിസ്റ്റത്തിന്റെ പ്രശ്നങ്ങൾ സ്വകാര്യ അന്വേഷണത്തിന്റെ സാധ്യത വർധിപ്പിക്കുന്നുണ്ട്. എന്റെ എഴുത്ത് സാമാന്യം നല്ല വേഗതയുള്ളതാണ്. അതുകൊണ്ട് പുതിയ കാലത്തിന്റെ എഴുത്തുകളിലേക്കു ഞാൻ കടക്കാൻ പോകുന്നതേയുള്ളൂ. ഇപ്പോഴാണല്ലോ വായനക്കാരന് അൻവർ അബ്ദുല്ലയെ ആവശ്യം വന്നത്. പറയാനുള്ള എന്റെ കഥകൾ ഇനി പറയാം. 

 

English Summary: Anwar Abdulla speaks about his writings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com