ADVERTISEMENT

പത്തിലേറെ വർഷങ്ങൾ നീണ്ട സിനിമാലോകത്തെ അനുഭവങ്ങൾ തുന്നിക്കെട്ടി ഒരു ആത്മകഥയൊരുക്കിയപ്പോൾ സമീറ സനീഷ് അതിനു പേരിട്ടത് ‘അലങ്കാരങ്ങളില്ലാതെ’ എന്നാണ്. മലയാളത്തിലെ പ്രശസ്ത വസ്ത്രാലങ്കാര വിദഗ്ധ എന്ന താരപ്പകിട്ടിനപ്പുറം, തന്റെ ജീവിതത്തെക്കുറിച്ചും സ്വകാര്യ ഇഷ്ടങ്ങളെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചുമൊക്കെ സമീറ തുറന്നെഴുതുന്നു ഈ പുസ്തകത്തിൽ. ആത്മകഥയെക്കുറിച്ചും പുതിയ പ്രോജക്ടുകളെക്കുറിച്ചും മനോരമ ഓൺലൈൻ വായനക്കാരോട് സംസാരിക്കുകയാണ് സമീറ സനീഷ്.

 

∙ വരയും വരിയും പഠിച്ചത് ഉമ്മയിൽ നിന്നാണ് എന്നുപറഞ്ഞുകൊണ്ടാണ് ആത്മകഥ തുടങ്ങുന്നത്. കരിയറിലും വ്യക്തിജീവിതത്തിലും ഉമ്മയുടെ സ്വാധീനം?

 

പുസ്തകത്തിൽ ആ ഓർമകളെക്കുറിച്ച് വളരെ വിശദമായിത്തന്നെ ഞാൻ എഴുതിയിട്ടുണ്ട്. ചെറുപ്പത്തിൽ ഞാൻ കുറച്ചൊക്കെ വരയ്ക്കുമായിരുന്നു. ഫ്രീ ടൈം കിട്ടുമ്പോൾ മടിപിടിച്ചിരിക്കാൻ സമ്മതിക്കാതെ ഈ മേഖലയിൽ എന്തെങ്കിലുമൊക്കെ ചെയ്യാൻ ഉമ്മ നന്നായി പ്രോത്സാഹിപ്പിക്കുമായിരുന്നു. ഡിസൈനിങ് മേഖലയിലേക്ക് കടക്കാനുള്ള ഒരു പോസിറ്റീവ് വൈബ് കിട്ടിയത് ഉമ്മയിൽ നിന്നാണ്. ചേച്ചിക്ക് കുഞ്ഞുണ്ടായപ്പോൾ അവൾക്കായി കുട്ടിയുടുപ്പുകൾ തുന്നിയാണ് ഫാഷൻ ഡിസൈനിങ് തുടങ്ങിയത്. അതുവരെ ഗ്രാഫിക് ഡിസൈനർ ആകണമെന്നായിരുന്നു ആഗ്രഹം.

 

∙ 10 വർഷത്തെ സിനിമാനുഭവങ്ങൾ ‘അലങ്കാരങ്ങളില്ലാതെ’ എന്ന ആത്മകഥയായി പ്രസിദ്ധീകരിക്കാൻ നടത്തിയ തയാറെടുപ്പുകൾ?

 

അങ്ങനെ ഗൗരവമായ തയാറെടുപ്പുകളൊന്നും നടത്തിയിരുന്നില്ല. സുഹൃത്തും ഫ്രീലാൻസ് മാധ്യമപ്രവർത്തകയുമായ രശ്മി രാധാകൃഷ്ണനാണ് ഇങ്ങനെയൊരു ആശയവുമായി സമീപിച്ചത്. ആദ്യമൊന്നും അത് കാര്യമായിട്ടെടുത്തിരുന്നില്ല. ചർച്ചകളൊക്കെ അങ്ങനെ നീണ്ടു നീണ്ടു പോയി. പക്ഷേ പിന്നീട് ഒഴിവുസമയം കിട്ടുന്നതിനനുസരിച്ച്  അരമണിക്കൂറോ ഒരു മണിക്കൂറോ ഒക്കെ ഞങ്ങളിരുന്നു സംസാരിച്ചിരുന്നു. അങ്ങനെ പങ്കുവച്ച അനുഭവങ്ങളാണ് പിന്നീടൊരു പുസ്തകമായി മാറിയത്. 

Alankarangalillathe
‘അലങ്കാരങ്ങളില്ലാതെ-A designer’s diary’ എന്ന പുസ്തകം സമീറ വസ്ത്രാലങ്കാരം നിർവഹിച്ച ആദ്യസിനിമയുടെ സംവിധായകനായ ആഷിഖ് അബുവും ആദ്യസിനിമയിലെ നായകനായ മമ്മൂക്കയും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ രശ്മി രാധാകൃഷ്ണനാണ് പുസ്തകം എഴുതിയത്.

 

∙  ഒട്ടും അലങ്കാരങ്ങളോ ഏച്ചുകെട്ടലുകളോ ഇല്ലാത്ത ലളിതമായ ഭാഷ. അനുഭവങ്ങളുടെ ജീവൻ ചോരാതെയുള്ള എഴുത്ത്. ആത്മകഥ രശ്മി രാധാകൃഷ്ണൻ എഴുതണമെന്ന തീരുമാനത്തിനു പിന്നിൽ?

 

ഈ പുസ്തകം പുറത്തിറങ്ങിയതിന്റെ മുഴുവൻ ക്രെഡിറ്റും രശ്മിക്കാണ്. കാരണം രശ്മിയാണ് ഇതിന് മുൻകൈയെടുത്തതും കൃത്യമായ ഇടവേളകളിൽ ഫോളോഅപ് ചെയ്തതുമൊക്കെ.

 

∙  വർഷങ്ങൾ നീണ്ട അനുഭവങ്ങളെ 109 പേജുള്ള പുസ്തകത്തിലേക്ക് ഒതുക്കി അവതരിപ്പിക്കാൻ ശ്രമിച്ചപ്പോഴുണ്ടായ വെല്ലുവിളികൾ?...

 

എനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ചൊക്കെ പുസ്തകത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്. നല്ല അനുഭവങ്ങളാണ് കൂടുതൽ. മോശം അനുഭവങ്ങൾ വളരെ കുറച്ചേയുള്ളൂ. ഒരു ആത്മകഥ എന്നു പറയുമ്പോൾ നല്ലതിനെക്കുറിച്ചു മാത്രം എഴുതിയാൽ പോരല്ലോ. ജീവിതത്തിൽ സംഭവിച്ച എല്ലാ അനുഭവങ്ങളെക്കുറിച്ചും എഴുതണമല്ലോ.

 

∙ വായനയിൽ താൽപര്യമുണ്ടോ?

 

വായന വളരെക്കുറവാണ്. സമയം തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. ജോലിയുടെ ഭാഗമായി ഏറ്റവും കൂടുതൽ വായിക്കുന്നത് സ്ക്രിപ്റ്റുകളാണ്. എല്ലാ സ്ക്രിപ്റ്റുകളും മുഴുവൻ വായിച്ച് കഥാപാത്രത്തെക്കുറിച്ച് നന്നായി മനസ്സിലാക്കിയ ശേഷമാണ് വസ്ത്രാലങ്കാരം ചെയ്യാറുള്ളത്.

 

∙  പ്രിയപ്പെട്ട പുസ്തകം? എഴുത്തുകാർ?

 

ഉണ്ണി ആറിന്റെ എഴുത്തുകളേറെയിഷ്ടമാണ്.

 

English Summary : Costume Designer Sameera Saneesh Talks About Her Autobiography Alankarangalillathe A Designers Diary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com