ADVERTISEMENT

എഴുതുക അല്ലെങ്കിൽ മരിക്കുക– ഈ രണ്ട് ഓപ്‌ഷൻ മാത്രമേ മുന്നിലുള്ളൂവങ്കിൽ ഏതു തിരഞ്ഞെടുക്കും എന്നു ചോദിച്ചാൽ മരണം എന്നു പറഞ്ഞവരുണ്ട്. ജീവിച്ചിരുന്നാൽ എഴുതിക്കൊണ്ടേയിരിക്കും എന്നുള്ളതുകൊണ്ടാണ് രാജലക്ഷ്മി കാലത്തിനു മുൻപേ നടന്നു പോയത്. എഴുത്ത് എന്നത് അത്രയും തീതീറ്റിക്കുന്ന ഒരു അനുഭവമായിട്ടും ഒരു ലഹരി പോലെ പലരും അതിൽ വീണു പോകുന്നു. എഴുന്നേറ്റു പോരാനാകാത്ത പോലെ ചുഴിയിൽപെട്ടു പോവുകയും ഒരു മസോക്കിസ്റ്റിനെ എന്ന പോലെ അതിന്റെ ഉന്മാദങ്ങളെയും ഭ്രാന്തുകളെയും വേദനകളെയും സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്യുന്നു. മികച്ച ജോലിക്കിടയിൽ മാത്രം എഴുതാനായി സമയം കണ്ടെത്തുന്നവരെക്കുറിച്ചല്ല ഈ വാചകങ്ങൾ, മറ്റെല്ലാം ഉപേക്ഷിച്ച് അക്ഷരങ്ങളെ മാത്രം, അതും ഏതു സമയത്തും നിരാസം ലഭിച്ചേക്കാം എന്നുറപ്പുള്ള പുസ്തകങ്ങളുടെ ലോകത്തേക്കു മാത്രമായി കൂടു കെട്ടി അതിൽ ജീവിക്കുന്നവരെക്കുറിച്ചാണ്. എഴുത്ത് ഒരു ജോലിയായി കാണുന്നവർ കൂടി വരികയാണ്, അത്രമാത്രം സാമ്പത്തിക ലാഭം ഈ മേഖല എഴുത്തുകാർക്ക് വാഗ്ദാനം ചെയ്യുന്നുണ്ടോ എന്നു ചോദിച്ചാൽ വളർച്ചയുടെ തോത് അനുസരിച്ച് എന്ന് മാത്രമേ ഉത്തരം പറയാനുള്ളൂ. ആത്യന്തികമായി സിനിമയിലേക്കുള്ള യാത്ര ഏതൊരു എഴുത്തുകാരനും കൊതിക്കുന്നതിന്റെ പച്ചയായ യാഥാർഥ്യവും ഇതേ സാമ്പത്തിക പ്രശ്നം ചങ്കിൽ കൊള്ളുമ്പോഴാണ്. എന്നാലിപ്പോഴും എഴുത്ത് എന്നാൽ ആത്മാവിന്റെ പ്രതിഫലനം മാത്രമായി കാണുന്നവർക്ക് ഈ പുതിയ എഴുത്തുകാരെ അത്രയ്ക്കങ്ങോട്ട് മനസ്സിൽ പിടിക്കാൻ സാധ്യതയില്ല, കാരണം അവർ എഴുതുകയും ഒപ്പം റോയൽറ്റി ആവശ്യപ്പെടുകയും ചെയ്യും. ഏതു പ്രമുഖ പ്രസാധകർ ആണെങ്കിലും നിയമങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്തതാണെങ്കിൽ അത് തിരുത്താൻ നിർദ്ദേശിക്കും. 

 

മരിക്കാതെയിരിക്കാൻ വേണ്ടിയുള്ള എഴുത്തല്ല, ജീവിച്ചിരിക്കാൻ വേണ്ടിയുള്ള എഴുത്താണ് യുവ നോവലിസ്റ്റ് റിഹാൻ റാഷിദിന്റേത്. കോഴിക്കോടുകാരനായ റിഹാൻ സമ്മിലൂണി എന്ന ചെറുകഥാപുസ്തകത്തിൽത്തുടങ്ങി ഇപ്പോൾ ഡോൾസ്‌ എന്ന ക്രൈം ഫിക്‌ഷൻ പുസ്തകത്തിൽ എത്തി നിൽക്കുന്നു. വ്യത്യസ്തമായ എഴുത്താണ് ഓരോ പുസ്തകത്തിലും റിഹാനെ അടയാളപ്പെടുത്തുന്നത്. അഘോരികളുടെ നാട്ടിൽ, ലക്ഷദ്വീപ് -ഒരു സൂഫിലാൻഡ് , മോഡസ് ഓപ്പറാണ്ടി, ഡോൾസ്‌ എന്നിവയാണ് റിഹാന്റെ മറ്റു പുസ്തകങ്ങൾ. ഡിസി ബുക്സ് നടത്തിയ ക്രൈം ഫിക്‌ഷൻ മത്സരത്തിൽ മികച്ച നാല് പുസ്തകങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട പുസ്തകമാണ് ‘ഡോൾസ്‌’.

 

എഴുത്തിനെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും റിഹാൻ പറയുന്നു. 

rihan-book-1

 

എഴുത്താണ് ജീവിതം എന്ന നിലയിലേക്കു വരുമ്പോൾ അതിനുള്ള ധൈര്യം എങ്ങനെയാണ് ഒരു മലയാളി എഴുത്തുകാരൻ എന്ന നിലയിൽ കിട്ടിയത്?

 

ലാജോ, അഖില്‍ പി. ധര്‍മ്മജന്‍ തുടങ്ങിയവരാണ് ഇക്കാര്യത്തില്‍ ധൈര്യം  നല്‍കുന്നത്.  പക്ഷേ  എഴുത്തിനെ ഒരു തൊഴില്‍ എന്ന നിലയില്‍  അംഗീകരിക്കാന്‍ സമൂഹം തയാറാവുന്നില്ല. അതിന്റെ പ്രശ്നങ്ങള്‍ ജീവിതത്തിലുണ്ട്. കുടുംബം നല്‍കുന്ന പിന്തുണയാണ് ധൈര്യം.  ഏറ്റവും സംതൃപ്തമായ ജോലി ചെയ്യുമ്പോള്‍ മാത്രമേ സന്തോഷമുണ്ടാവുകയുള്ളു. എഴുത്ത് എനിക്ക് സന്തോഷം നല്‍കുന്നുണ്ട്. തോല്‍ക്കില്ലെന്ന്  സ്വയം തീരുമാനിച്ചാല്‍ ഒന്നിനും നമ്മളെ പരാജയപ്പെടുത്താന്‍ കഴിയില്ല. താത്കാലികമായി ചില വീഴ്ചകള്‍ സംഭവിക്കുമെങ്കിലും  അതിനെ അതിജീവിക്കുക തന്നെ ചെയ്യും.

 

റിഹാന്റെ ഓരോ പുസ്തകവും ഓരോ ശൈലിയും ആശയവും ആണ്. എന്താണ് അതിന്റെ കാരണം?

 

ദിവസവും  ഒത്തിരി പുസ്തകങ്ങളാണ് വായനക്കാരിലേക്ക് എത്തുന്നത്.  അതുകൊണ്ടു തന്നെ വായനാ ചോയ്സ് കൂടുന്നു. മാത്രവുമല്ല ഒട്ടനവധി ലോക സിനിമകള്‍ മൊബൈലിന്റെ ചതുരത്തില്‍ എളുപ്പത്തില്‍ ലഭ്യമാവുന്നുമുണ്ട്. എംസോണ്‍ പോലുള്ള ഫ്ലാറ്റ്ഫോമുകളില്‍ ഈ സിനിമകളെല്ലാം തന്നെ മലയാളത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നു. അവിടേക്കാണ് പുസ്തകങ്ങളുമായി എഴുത്തുകാരന്‍ ചെല്ലുന്നത്. അവര്‍ കണ്ട സിനിമകളോടും സീരിസുകളോടും  ദിനേന എന്ന കണക്കില്‍ ഇറങ്ങുന്ന പുസ്തകങ്ങളോടും വായനക്ഷമത കൊണ്ട് മത്സരിക്കേണ്ടിവരുന്നുണ്ട്. അത് മറികടക്കാന്‍ ആകെയുള്ള വഴി വ്യത്യസ്തമായ പ്ലോട്ടുകള്‍ കണ്ടെത്തുക  എന്നതാണ്. ഈ പ്ലോട്ടുകളെ വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കേണ്ടത് എഴുത്തുകാരന്റെ ഉത്തരവാദിത്വമാണ്.  അതുകൊണ്ടാണ്  ഓരോ പുസ്തകത്തിലും  വ്യത്യസ്തമായ  രൂപഘടനകള്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നത്.

 

അഘോരികളെ കുറിച്ചു പഠിച്ച് എഴുതിയതാണ് അഘോരികളുടെ നാട്ടിൽ എന്ന നോവൽ. ആ പഠനത്തിന് വേണ്ടി എന്തൊക്കെ ചെയ്യേണ്ടി വന്നു?

rihan-book

 

അഘോരികള്‍ക്ക് ഇടയില്‍ എന്ന പുസ്തകം  മൂന്നു വര്‍ഷം മുന്‍പ് എഫ്ബി പോസ്റ്റായി  എഴുതിത്തുടങ്ങിയതാണ്. പിന്നീടത് കിന്‍ഡിലില്‍  പ്രസിദ്ധീകരിച്ചു.  അവിടെ നിന്നുമത് പൈറേറ്റ് ചെയ്തപ്പെട്ടതിനു ശേഷമാണ്  പുസ്തകമായത്. ഒരു എഴുത്തുകാരൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പൈറസി എന്നു ഞാൻ പറയും. അന്ന് ഒരുപാട് വിഷമിച്ചു പോയിരുന്നു. നമ്മുടെ മാത്രമായ ഒരു എഴുത്ത് കള്ളക്കടത്ത് ചെയ്യുന്നത് പോലെ ഒളിച്ചു കടത്തുക, എത്ര നിന്ദ്യമാണത്! അങ്ങനെയാണ് അത് പുസ്തകമാകകുന്നത്. സൂചിക ആ പുസ്തകം  ചെയ്യാന്‍  സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ പുസ്തകം തിരുത്തി എഴുതുകയായിരുന്നു.

ഇതെഴുതുന്ന നിമിഷത്തിലും  ആ പുസ്തകത്തില്‍ പറയുന്ന ഇടങ്ങള്‍ നേരിട്ട് കണ്ടിട്ടില്ല. അതു തന്നെയാണ് ആ പുസ്തകം  എഴുതുമ്പോള്‍ നേരിട്ട വെല്ലുവിളി. നായകന്റെ, അഘോരിയാകാനുള്ള യാത്രയാണത്. നാട്ടിൽ നിന്നൊരു ബുള്ളറ്റിൽ അയാൾ യാത്ര പോവുകയാണ്, ഒരു യാത്രക്കുറിപ്പ് എന്നത് പോലെയും അതിനെ വായിക്കാൻ സാധിക്കും, എന്നാൽ അത് പൂർണമായും ഒരു ഫിക്‌ഷനാണ്.  കുറേ വായനകളും  അവിടങ്ങളില്‍ യാത്ര പോയവരുമായി സംസാരിച്ചുമാണത് മറികടന്നത്. സുധിനേട്ടന്‍ ആണ് മന്ത്രങ്ങളെക്കുറിച്ചും അഘോരികളെക്കുറിച്ചുമുള്ള വിവരശേഖരണത്തിന്  സഹായിച്ചത്.

 

ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഇവിടെ ജീവിക്കാൻ എളുപ്പം ആണോ?

 

ഈ കാലത്ത് ഒരിക്കലുമതു സാധ്യമല്ലെന്ന് അനുഭവത്തില്‍നിന്നു പറയാന്‍ കഴിയും.  സാമ്പത്തികം തന്നെയാണ് ഒന്നാമത്തെ പ്രശ്നം. എത്ര തന്നെ കുടുംബത്തിന്റെ പിന്തുണയുണ്ടായാലും അവര്‍ക്ക് വേണ്ടി ചെയ്യേണ്ടുന്ന ഉത്തരവാദിത്വങ്ങളുണ്ട്.  അത്  നിറവേറ്റാന്‍ സാധിക്കാതെ വരുമ്പോള്‍ സ്വാഭാവികമായും  മാനസിക സംഘര്‍ഷങ്ങളുണ്ടാവും. അതേറ്റവും ബാധിക്കുക ക്രിയേറ്റിവിറ്റിയെ തന്നെയാണ്.

മറ്റൊന്ന്, എഴുത്തെന്നത് ഒരു പ്രഫഷന്‍ ആണെന്ന് സമൂഹം  അംഗീകരിക്കാന്‍ ഒരുങ്ങിയിട്ടില്ല എന്നതാണ്.  എന്നെ സംബന്ധിച്ച് പറയുകയാണെങ്കില്‍, സാങ്കേതിക വിദ്യാഭ്യാസം ഇല്ലാത്തവന്‍ എഴുതി എന്തു നേടുമെന്നുള്ള ചോദ്യങ്ങള്‍  നേരിടേണ്ടി വന്നിട്ടുണ്ട്.  പിന്നെ സ്ഥിരം കേള്‍ക്കുന്ന കഞ്ചാവ് വിളികളും.  എഴുതിക്കൊണ്ടു മാത്രമാണ് അതിനെയെല്ലാം മറികടക്കുന്നത്. മുഖ്യധാരാ പ്രസാധകർ വഴി പുസ്തകം  ഇറങ്ങുന്നു  എന്ന് കേള്‍ക്കുമ്പോള്‍ ഇത്തരം  ചൊറിച്ചിലുകാരില്‍ ചിലര്‍ക്കെങ്കിലും മനംമാറ്റം സംഭവിക്കുന്നു എന്നുള്ളത് സന്തോഷമാണ്

പുതിയ രണ്ട് പുസ്തകങ്ങൾ ക്രൈം ത്രില്ലറുകൾ, ഡിസി യുടെ മികച്ച നാല് പുസ്തകങ്ങളിൽ ഒന്ന്. ശൈലീ മാറ്റത്തിൽ ക്രൈമിലേക്കു വരുമ്പോൾ എന്തൊക്കെയാണ് എഴുത്തുകാരനിലും വായനക്കാരനിലും  കണ്ട മാറ്റങ്ങൾ.

 

മറ്റു മൂന്നു പുസ്തകങ്ങളില്‍  നിന്നും  തികച്ചും  വ്യത്യസ്തമായ ക്രൈം എഴുതുമ്പോള്‍ ഏറ്റവും  ബുദ്ധിമുട്ടായത് എന്റെ ജെനുവിന്‍ ഭാഷയാണ്.  അതില്‍നിന്നു പുറത്ത് കടക്കുകയെന്നത് വലിയ ചലഞ്ചായിരുന്നു.  നിരന്തരം പരിശ്രമിച്ചാണ് അത് സാധിച്ചത്. ക്രൈം പുസ്തകങ്ങള്‍ എഴുതാനാണ് ഏറ്റവും പ്രയത്നം ആവശ്യമുള്ളതെന്ന് പറയാന്‍ പറ്റും. കാരണം പുതിയ കാലത്തെ സാങ്കേതിക വിദ്യകള്‍ എഴുത്തുകാരന്റെ കാതങ്ങള്‍ക്ക് മുന്നില്‍ വായനക്കാരനെ നടത്തിക്കുന്നുണ്ട്. അതുകൊണ്ട്  ഓരോ വരി എഴുതുമ്പോഴും വായനക്കാരനെ മറികടക്കാന്‍  ഉതകുന്നത് ചെയ്യേണ്ടതുണ്ട്.  കുറ്റാന്വേഷണ രീതികൾ സമർഥമായി പഠിക്കേണ്ടതുണ്ട്. അവ മുഴച്ചു നില്‍ക്കാതെ എഴുത്തിലേക്ക് സന്നിവേശിപ്പിക്കേണ്ടതുണ്ട്. ഇതൊന്നും  എളുപ്പമല്ല.  അതത് മേഖലകളില്‍ അറിവുള്ളവരുമായ് ചര്‍ച്ച ചെയ്തും  അത്തരം  പുസ്തകങ്ങള്‍ വായിച്ചും  മാത്രമേ കഴിയൂ. ഇത്തരം  കഥാപാത്രങ്ങളെ നിർമിക്കുമ്പോള്‍ എഴുത്തുകാരന്റെ സ്വത്വവും കഥാപാത്ര സ്വത്വവും  തമ്മിൽ രണ്ടുധ്രുവങ്ങളെന്ന പോലെ വ്യത്യാസമുണ്ട്. ആ വ്യത്യാസം പലപ്പോഴും  കൈവിട്ട് പോവും. കഥാപാത്രത്തിന്റെ സ്വഭാവം  എഴുത്തുകാരനെ സ്വാധീനിക്കും. അതയാളുടെ സ്വകാര്യ ജീവിതത്തില്‍ ചെറുതല്ലാത്ത പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും  ചെയ്യും. അത് മറികടക്കാന്‍ ദിവസങ്ങളോളം  എടുത്തിട്ടുണ്ട്. വായനക്കാരന്‍ എന്ന നിലയില്‍ എഴുത്തുകാരന്റെ  പ്രയത്നത്തെ കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. അതേ സമയം അയാള്‍ ചില വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്യും.

 

സ്വയം മാർക്കറ്റ് ചെയ്യുന്ന എഴുത്തുകാരാണ് ഇപ്പോൾ. പ്രസാധകന്റെ പണിയായിരുന്നു ഇത് പണ്ട്. ഒരു എഴുത്തുകാരന് സ്വയം മാർക്കറ്റ് ചെയ്യാനുള്ള പരിധി ഉണ്ടോ? അതെവിടെ വരെയാണ്? മാർക്കറ്റിങ്ങിൽത്തന്നെ പല രീതിയിൽ അത് ചെയ്യാം. അത് വായനക്കാരെ സ്വാധീനിക്കുന്നുണ്ടോ?

 

ലോകം ഓൺലൈനിലേക്കു മാറിയിരിക്കുകയാണ്. അപ്പോള്‍ തീര്‍ച്ചയായും  അതിന്റെ സാധ്യതയുണ്ട്, ഉപയോഗപ്പെടുത്തണം എന്നു തന്നെയാണ് അഭിപ്രായം. പുസ്തകവും ഒരു പ്രോഡക്ടാണ്. മറ്റു വസ്തുക്കള്‍ മാര്‍ക്കറ്റ് ചെയ്യുന്നതു പോലെ പുസ്തകവും  മാര്‍ക്കറ്റ് ചെയ്യണം. അല്ലാതെയത് വിറ്റു പോവില്ല. അത് പ്രസാധകന്റെ മാത്ര ചുമതലയാണെന്നു കരുതി എഴുത്തുകാരന്‍ മാറി നില്‍ക്കേണ്ടതില്ല.  ഈ മാര്‍ക്കറ്റിങ് വായനക്കാരനെ സ്വാധീനിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ അതെയെന്നാണ്  ഉത്തരം. പക്ഷേ മറ്റേതൊരു ഉൽപന്നവും പോലെ, ക്വാളിറ്റി ഇല്ലാത്തതാണെങ്കില്‍ പുറന്തള്ളപ്പെടുക തന്നെ ചെയ്യും. നിരവധി ചോയ്സുകളില്‍ നിന്ന് തന്റെ അഭിരുചിക്കനുസൃതമായത് തിരഞ്ഞെടുക്കാന്‍ വായനക്കാര്‍ക്കുള്ള  വേദിയാണ് സോഷ്യല്‍ മീഡിയ.  ഇവിടെ ശ്രദ്ധിക്കേണ്ടത് സൗഹൃദത്തിന്റെയോ മറ്റ് ബന്ധങ്ങളുടെയോ സൗജന്യം വായനക്ക് നല്‍കരുതെന്നാണ്. എഴുത്തുകാരനെക്കാളും  പ്രധാന്യം നല്‍കേണ്ടത് എഴുത്തിനാവണം.  കാമ്പുള്ള വിമര്‍ശനങ്ങളില്‍ എഴുത്തുകാരനുമിത് സ്വീകരിക്കണം. ഇവിടെത്തന്നെ സ്വലാഭത്തിനുള്ള വിമര്‍ശനങ്ങള്‍ നടക്കുന്നുമുണ്ട്. പകരം കുറെക്കൂടി ക്രിയേറ്റീവായ വിമര്‍ശനങ്ങള്‍ സംഭവിക്കട്ടെയെന്ന്  ആശിക്കുന്നു.

 

മോഡസ് ഒപ്പറാണ്ടി അതി ക്രൂരനായ ഒരു കൊലയാളിയെയാണ് വർണിക്കുന്നത്. അതിന്റെ റഫറൻസുകളെക്കുറിച്ച് പറഞ്ഞാൽ ?

 

മോഡസ് ഓപ്പറാണ്ടിയിലെ കഥാപാത്രങ്ങള്‍ളെല്ലാം സാധാരണക്കാരായ മനുഷ്യരാണ്. അവരുടെ മാനസികസംഘര്‍ഷങ്ങളിലൂടെയാണ് കഥ പറയാന്‍ ശ്രമിച്ചത്.  കൊലയാളി പുറമേ തികച്ചും ശാന്തനാണ്. അയാളുടെ ജീവിതത്തില്‍ പലപ്പോഴായി  നേരിടെണ്ടി വന്ന ആക്ഷേപങ്ങളില്‍ നിന്നാണയാള്‍  രൂപപ്പെട്ടിരിക്കുന്നത്.  അതയാളിലെ പകയെ നിരന്തരം ജ്വലിപ്പിച്ചു നിര്‍ത്തുന്നുണ്ട്.  തന്റെയുള്ളിലെ പകയെ ഇല്ലാതാക്കാന്‍/ സ്വയം  ജയിക്കാന്‍  അയാള്‍  കണ്ടെത്തുന്ന മാര്‍ഗ്ഗമാണ് കൊലപാതകങ്ങള്‍. അത് ചെയ്ത് രീതികള്‍ കൊണ്ട് തന്നിലേക്ക് സംശയങ്ങള്‍ നീളാതിരിക്കാന്‍ അയാള്‍ ബുദ്ധി ഉപയോഗിക്കുന്നു. തന്റെ ദൈനംദിന ജീവിതത്തെ പോലും നിയന്ത്രിച്ച് നിര്‍ത്തുന്നു. എന്നു കരുതി അയാളൊരു സ്നേഹരാഹിത്യത്തിന് ഉടമയുമല്ല.  പ്രണയവും രതിയും സങ്കടങ്ങളും  സന്തോഷങ്ങളുമെല്ലാം അയാളിലുണ്ട്.  

 

ഈ പുസ്തകം എഴുതാനുള്ള മെറ്റീരിയല്‍  റിസര്‍ച്ച് ശ്രമകരമായിരുന്നു. പ്രത്യേകിച്ച്, സാധാരണക്കാര്‍ക്ക്  പെട്ടെന്നു ലഭ്യമല്ലാത്ത മെഡിക്കല്‍ ടേംസ്, അതിന്റെ ആധികാരികള്‍. അതിനു വേണ്ടി കുറച്ചധികം വായനകള്‍ നടത്തിയിട്ടുമുണ്ട്.  ധീരജ് എന്ന അവസാന വര്‍ഷ മെഡിക്കല്‍  വിദ്യാർഥിയാണ് രാവും പകലും വ്യത്യാസമില്ലാതെ സംശയങ്ങള്‍ ദുരീകരിച്ചത്.  ധീരജിന്റെ പ്രഫസര്‍ ഡോക്ടര്‍  ടോമും  വളരെയേറെ സഹായിച്ചു. ഡോക്ടര്‍ നിഖിലേഷ് മേനോന്‍, വീണ ജെ.എസ്., ലദീദാസൂഫി തുടങ്ങിയവരുടേയും  സഹായം ലഭിച്ചിട്ടുണ്ട്. പൊലീസ് രീതികളെ കുറിച്ചുള്ള വിവരങ്ങൾ  നല്‍കിയത്  തുഷാര്‍ പ്രതാപ് സാറാണ്.

 

പുതിയ പുസ്തകം ഡോൾസ് ഒരു ത്രില്ലർ ആണ്. എന്താണ് സൈബർ ലോകവും ആ നോവലും തമ്മിലുള്ള ബന്ധം? 

 

ഡോള്‍സ് എന്ന പുസ്തകം  ആര്‍ട്ടിഫിഷല്‍  ഇന്‍റലിജന്‍സില്‍നിന്നു കൊണ്ടുള്ള ഒരു കഥ പറയല്‍ രീതിയാണ്. പക്ഷേ അതൊരു  എൻഡ് ടു എൻഡ് ക്രൈം  അല്ല. ഫിലോസഫികളും  സൈക്കോളജിയും  ചേര്‍ന്നതാണത്. ഈ കഥയെന്നിലേക്ക് വന്നത് ഫോര്‍ട്ട് കൊച്ചിയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന സമയത്താണ്.  ഒന്നരവര്‍ഷത്തോളമെടുത്തു  അതൊരു പുസ്തക രൂപത്തിലേക്ക്  എഴുതിത്തീര്‍ക്കാന്‍.  കുറെയേറെ പഠനങ്ങള്‍ അത്യാവശ്യമായിരുനതിന്. വിവരങ്ങള്‍ ശേഖരിക്കാന്‍ തടസമായത്  ഇംഗ്ലിഷ് ഭാഷയില്‍ അറിവില്ലായ്മ ആയിരുന്നു. (പത്താം  ക്ലാസ് തോറ്റുപോയവന്റെ പ്രശ്നം). പക്ഷേ  കുറെ നല്ല സുഹൃത്തുക്കളിലൂടെ ഞാനാ പ്രശ്നത്തിന് പരിഹാരം കണ്ടെത്തി.  ആ പരിശ്രമങ്ങള്‍ക്ക് ഫലമുണ്ടായി. ഇപ്പോൾ അത് ഡിസിയുടെ മത്സരത്തിൽ മികച്ച നാലിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 

 

എങ്ങനെയാണ് നോവലിന് ആവശ്യമായ പ്ലോട്ടുകൾ കണ്ടെത്തുന്നത്. അത് പരുവപ്പെടാനും എഴുതാനും എത്ര സമയം കൊടുക്കാറുണ്ട്. പ്രോസസുകളെ എങ്ങനെയാണ് കാണുന്നത്...

 

പലപ്പോഴും  വായനകളില്‍ നിന്നാണ് പ്ലോട്ടുകള്‍ ലഭിക്കാറുള്ളത്. സുഹൃത്തുക്കളുമായുള്ള സംസാരങ്ങളില്‍നിന്നും അപൂര്‍വമായി പ്ലോട്ട് കണ്ടെത്താറുണ്ട്. അവയ്ക്കു വായനാക്ഷമതയുണ്ടോ എന്ന് ആദ്യം  പരിശോധിക്കും. ഉണ്ടെന്നു തോന്നിയാല്‍ ആ  ആശയം ഒരു ചെറുകഥയായി എഴുതിവയ്ക്കലാണ് പതിവ്.  പിന്നീട് മൂഡനുസരിച്ച് അതെഴുതി തീര്‍ക്കും. അതിലേക്ക് ആവശ്യമുള്ള മെറ്റീരിയല്‍ കണ്ടെത്തും.  ഇപ്പറഞ്ഞതിന് ഒരപവാദം എന്ന് പറയാന്‍ പറ്റുന്നത്  ഈ കൊറോണക്കാലത്തെ അടച്ചിടലില്‍ പതിനഞ്ച്  ദിവസം കൊണ്ട് എഴുതിത്തീര്‍ത്ത നോവലാണ്.  സൈലന്റായ ഇടത്തു വച്ചു മാത്രമെ എഴുതാന്‍ കഴിയാറുള്ളൂ. എഴുത്തിലേക്ക് മാറിയാല്‍ ആദ്യം  ചെയ്യുന്നത് സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍  നിന്നുള്ള മുങ്ങലാണ്..

 

ഭാഷയുടെ പെട്ടെന്നുള്ള ഒരു മാറ്റമാണ് റിഹാന്റെ ഓരോ നോവലിനും ഉള്ളത്. എങ്ങനെയാണ് ഭാഷയെ ഇത്ര എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നത്?

 

സ്വാഭാവികമായി ആര്‍ജ്ജിതമായ ഭാഷ മാത്രമാണ്  കൈമുതലെന്ന് പറയാന്‍ പറ്റും.  നിരന്തരമായ വായന കൊണ്ടും  പ്രശസ്തരായ വ്യക്തികളുടെ  അഭിമുഖങ്ങള്‍ കണ്ടുമാണ്  അതില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. കഥാപരിസരങ്ങള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ ഭാഷയെ അതിന്റെ കാമ്പ് നഷ്ടപ്പെടുത്താതെ  ഉപയോഗിക്കാന്‍ ശ്രമിക്കാറുണ്ട്. ഉദാഹരണത്തിന്, അടുത്ത വര്‍ഷം  മനോരമ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന പുതിയ നോവലില്‍ ട്രാന്‍സേഷന്‍ സ്വഭാവമുള്ളൊരു ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. ജപ്പാനാണ് ആ നോവലിന്റെ ഭൂമിക.  കഥ നടക്കുന്ന ഇടത്തെ ആളുകളുടെ ഭാഷാധിഷ്ഠിതമായ  പെരുമാറ്റങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. അതിനെ മലയാളത്തിലേക്ക് മാറ്റം വരുത്തുകയാണ് പതിവ്. ഒരു സംഭവം വിവരിക്കുന്നതിന് പകരം പ്രകൃതിയുമായ് ബന്ധപ്പെട്ട് നില്‍ക്കുന്ന ഉപമ കൊണ്ട് ഫില്ല് ചെയ്യാറുണ്ട്. എന്റെ രസകരമായൊരു നിരീക്ഷണത്തില്‍ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ഭാഷയുടെ  പ്ലേസിങ്ങിന്  ഉപകാരപ്പെടുമെന്നാണ്.

 

വായനക്കാർക്കിടയിലൂടെ ഭാവിയിലേക്ക് നോക്കുമ്പോൾ...

 

വായനക്കാര്‍ സ്നേഹിക്കുന്നത് ഞാനവര്‍ക്ക് നല്‍കുന്ന ബഹുമാനം കൊണ്ടാണ്. അവരുടെ ഭാഗം കേള്‍ക്കാന്‍ ശ്രമിക്കാറുണ്ട്. എന്റെ പുസ്തകങ്ങള്‍ വായിച്ച് വിളിക്കുന്നവരോടും മെസേജയക്കുന്നവരോടുമെല്ലാം സൗമ്യമായ് പെരുമാറാറുണ്ട്. പുസ്തകത്തെ കുറിച്ച് അവര്‍ എഴുതുന്ന കുറിപ്പിന്റെ കാര്യത്തിലും  ഇതു തന്നെയാണ് സ്വീകരിക്കാറുള്ളത്. ആത്യന്തികമായി എഴുത്തുകാരനെ നിലനിര്‍ത്തുന്നത് വായനക്കാരാണ്

 

ഭാവി പ്രവചനാതീതമാണ്. പക്ഷേ എഴുത്തില്‍ത്തന്നെ നില്‍ക്കുമെന്നാണ് തീരുമാനം. പ്രതിബന്ധങ്ങള്‍ വരുമെന്നത്  പ്രതീക്ഷിക്കുന്നുമുണ്ട്.  ഇത്ര നാളുമെന്നതുപോലെ  എഴുതിക്കൊണ്ടു തന്നെയത് മറികടക്കും.  എഴുത്തല്ലാത്തൊരു ജോലി കണ്ടെത്തണം.  എഴുത്തുമായി ബന്ധപ്പെട്ടതാവണം  അതെന്ന്  ആഗ്രഹമുണ്ട്.  അടുത്ത വര്‍ഷം  വരുമെന്ന് ഉറപ്പായ മൂന്ന് പുസ്തകങ്ങളും പ്രതീക്ഷയാണ്. തീര്‍ച്ചയായും കൊക്കിലൊതുങ്ങുന്ന പരീക്ഷണങ്ങള്‍ എഴുത്തില്‍ കൊണ്ടു വരും.  അതിനുവേണ്ടി എന്നോടു തന്നെയാണ് മത്സരിക്കുന്നത്. 

നാം  തേടുന്നതെന്തോ അത് നമ്മളെ ചുറ്റിക്കൊണ്ടിരിക്കുന്നു എന്ന് റുമി പറഞ്ഞത് വിശ്വസിക്കുന്നു.

 

പുതിയ എഴുത്തുകാരെ ഉൾക്കൊള്ളാൻ കഴിയാത്ത വായനക്കാരോടു പറയാനുള്ളത്... 

 

 അങ്ങനെ ചിലരുണ്ട് എന്നത് സങ്കടത്തോടെ സമ്മതിക്കുന്നു.  മുന്‍ധാരണകള്‍ ഇല്ലാതെ വായനയെ സമീപിക്കുക എന്നു മാത്രമേ പറയാനുള്ളൂ. അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങളെ പൂര്‍ണ്ണമായും ബഹുമാനിക്കുന്നു.

 

English Summary: Talk with Rihan Rashid