ADVERTISEMENT

അഖിൽ പി. ധർമ്മജൻ എന്ന എഴുത്തുകാരൻ പെട്ടെന്നൊരു ദിവസം ലൈം ലൈറ്റിലേക്കു കയറിവന്നയാളല്ല. പതിനെട്ടാമത്തെ വയസ്സിൽ എഴുതിത്തുടങ്ങി. അതും അത് കഴിഞ്ഞെഴുതിയ പുസ്തകവും പുറത്തിറക്കിയപ്പോൾ അഖിലിനെത്തേടി ഒരുപാട് വായനക്കാരെത്തി. ഒരു എഴുത്തുകാരൻ പുസ്തകങ്ങൾ സ്വയം പബ്ലിഷ് ചെയ്യുക, അയാൾ തന്നെ അത് പല നഗരങ്ങളിലും ഗ്രാമങ്ങളിലുമായി കൊണ്ടുനടന്നു വിൽക്കുക, ഇതൊക്കെ പറയാൻ മാത്രമല്ല നടക്കുന്ന കാര്യം കൂടിയാണെന്നു തെളിയിച്ച ആളാണ് അഖിൽ. ആദ്യത്തെ പുസ്തകമായ ഓജോബർഡിന്റെ പ്രകാശനം കൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ താരമാവുകയും ചെയ്തു. ചുടുകാട്ടിൽ വച്ചായിരുന്നു ഓജോബോർഡിന്റെ പ്രകാശനം. രണ്ടാമത്തെ പുസ്തകമായ മെർക്കുറി ഐലൻഡ് പാതിരമണലിൽ വച്ചും പ്രകാശിപ്പിക്കപ്പെട്ടു. അഖിലിന്റെ മൂന്നാമത്തെ പുസ്തകം ആദ്യത്തെ രണ്ടു ജോണറുകളിൽനിന്നും വ്യത്യസ്തമായ, റിയലിസ്റ്റിക് ഫിക്‌ഷൻ വിഭാഗത്തിലുള്ളതായിരുന്നു. ചെന്നൈ നഗരത്തെ കേന്ദ്രീകരിച്ചെഴുതിയ നോവൽ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഈ കോവിഡ് കാലത്ത് അഖിൽ പ്രകാശിപ്പിച്ചത്. അങ്ങനെ പുസ്തകമെഴുത്തിലും പ്രകാശനത്തിലും താനുൾപ്പെടുന്ന എന്തിലും വ്യത്യസ്തമായ ഒരു അനുഭവം മറ്റുള്ളവർക്കുണ്ടാകാൻ അഖിൽ ശ്രദ്ധിക്കാറുണ്ട്. ആ പ്രത്യേകത കൊണ്ടുതന്നെയാണ് അഖിൽ പി. ധർമജൻ എന്ന എഴുത്തുകാരന് അത്ര ഫാൻ ബേസ് ഉണ്ടായതും. പല പ്രായത്തിലും തരത്തിലും പെട്ട ആളുകൾ അഖിലിന് വായനക്കാരായുണ്ട്, അവരുടെയൊക്കെ അഭിപ്രായങ്ങൾ സന്തോഷത്തോടെ ഹൃദയത്തിലേറ്റുന്നു എഴുത്തുകാരൻ. ആദ്യത്തെ രണ്ടു പുസ്തകം സ്വയം പ്രസിദ്ധീകരിച്ചതാണെങ്കിൽ മൂന്നാമത്തെ പുസ്തകം മലയാളത്തിലെ മുൻനിര പ്രസാധകരിൽ ഒരാൾ ഏറ്റെടുത്ത് പ്രസിദ്ധീകരിച്ചു എന്നതുതന്നെ എഴുത്തുകാരന്റെ വളർച്ചയുടെ വഴികളെ എടുത്ത് കാണിക്കുന്നുണ്ട്. 

 

അഖിൽ കൂടുതൽ സംസാരിക്കുന്നു.

 

ഓജോബോർഡ് എന്ന പുസ്തകത്തിൽനിന്നു ‘റാം കെയ്റോഫ് ആനന്ദി’യിൽ എത്തിനിൽക്കുമ്പോൾ അഖിൽ എന്ന എഴുത്തുകാരൻ സ്വയം എങ്ങനെ വിലയിരുത്തുന്നു.

 

ഓജോ ബോർഡ് എഴുതുമ്പോൾ എനിക്ക് ഭയങ്കര സംശയം ആയിരുന്നു ഇത് ആളുകൾ സ്വീകരിക്കുമോ എന്ന്. കാരണം എഴുത്ത് എന്നത് ആ സമയത്ത് എന്റെ സമപ്രായക്കാരായ ആളുകൾക്കു കളിയാക്കാനുള്ള ഒരു വിഷയമായി മാറിയിരുന്നു. ഇടയ്ക്ക് എപ്പോഴോ ആളുകളിൽനിന്ന് വായന വളരെയധികം അകന്നുപോയതുകൊണ്ടാകാം അത്. എന്നോട് ബിറ്റ് കഥകൾ എഴുതിയാൽ വായിക്കാം എന്നൊക്കെ പറഞ്ഞ് കളിയാക്കുകയും എഴുതിയ കഥകൾ കോമഡി കഥകൾ പോലെ ശബ്ദം മാറ്റിപ്പറഞ്ഞ് തളർത്താവുന്നതിന്റെ മാക്സിമം തളർത്തിയിട്ടുണ്ട് എന്നെ ചുറ്റിപ്പറ്റി നിന്നിരുന്ന ആ സമൂഹം. എന്നിട്ടും എഴുത്ത് വിട്ടുകളയാതെ കൂടെ കൂട്ടി. ഇപ്പോൾ റാം കെയർ ഓഫ് ആനന്ദിയിൽ എത്തിനിൽക്കുമ്പോൾ അന്ന് ഞാൻ വിടാതെ കൂടെക്കൂട്ടിയ എന്നിലെ എഴുത്തുകാരനോട് ഇഷ്ടം ഒരുപാട് കൂടിയിട്ടുണ്ട്.

 

കളിക്കുടുക്ക സാഹിത്യം എന്ന ആരോപണം പല സാഹിത്യ ഗ്രൂപ്പുകളിലും ഒരുപാട് കേട്ട ആളാണ് അഖിൽ. ആ ആക്ഷേപ സമയങ്ങളെ ഒക്കെ എങ്ങനെ കാണുന്നു. അതിൽനിന്ന് പുറത്തു കടക്കാൻ എന്തു ചെയ്തു.

 

എന്റെ രണ്ടാം പുസ്തകം മെർക്കുറി ഐലന്റ് ഇറങ്ങി കുറച്ചുകാലം കഴിഞ്ഞപ്പോഴാണ് കളിക്കുടുക്ക സാഹിത്യം എന്ന ആക്ഷേപവുമായി ചിലർ വരുന്നത്. സത്യത്തിൽ ഹാരി പോട്ടർ ഒക്കെപ്പോലെ ഒരു ഫാന്റസി നോവൽ മലയാളത്തിൽ വന്നാൽ എങ്ങനെ ഉണ്ടാകും എന്ന ചിന്തയിൽ ചെറിയ കുട്ടികൾക്കും ഫാന്റസി ഇഷ്ടപ്പെടുന്ന മുതിർന്നവർക്കും വേണ്ടി ആണ് ബർമുഡ ട്രയാങ്കിൽ ബേസ് ചെയ്ത് മെർക്കുറി ഐലന്റ് എന്ന ദ്വീപ് കഥ എഴുതിയത്. പക്ഷേ അതിനെ കളിക്കുടുക്ക സാഹിത്യം എന്നു പറഞ്ഞ് ആക്ഷേപിക്കുന്ന തരത്തിൽ റിവ്യൂകൾ വന്നു. അത് ഒരു വശം മാത്രം ആണ്. മറുവശത്ത് ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ അത് ശരിക്കും എൻജോയ് ചെയ്ത് വായിച്ച റിവ്യൂകളും വന്നു. ഞാൻ ഉദ്ദേശിച്ച കാര്യം നടന്നു എന്ന്  ബോധ്യമായപ്പോൾ ആക്ഷേപം നടത്തിയവരോട് തർക്കിക്കാനൊന്നും നിന്നില്ല. കുട്ടികൾക്കു വേണ്ടി എഴുതിയ ഒരു ഫാന്റസി നോവലിനെ എങ്ങനെയാണ് വലിയ സാഹിത്യ സൃഷ്ടികളുമായി താരതമ്യം ചെയ്യാൻ സാധിക്കുക. അതിനെ കളിക്കുടുക്ക സാഹിത്യം എന്നുതന്നെ വിളിച്ചോട്ടെ. സന്തോഷം.

 

17 വയസ്സ് ഉള്ളപ്പോൾ എഴുതാൻ തുടങ്ങിയതാണ് മെർക്കുറി ഐലൻഡ് എന്ന നോവൽ. ഇപ്പോൾ 28 വയസ്സിൽ എത്തി നിൽക്കുമ്പോൾ പ്രണയവും അതിജീവനവും വിഷയമായി വരുന്നു. എഴുത്തിനെ ജീവിതമായി കാണുന്നത് കൊണ്ടാണോ?

 

17 വയസ്സിൽനിന്ന് 28 വയസ്സിൽ എത്തി നിൽക്കുമ്പോൾ എന്റെ ജീവിതത്തിൽ അനവധി മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അതുപോലെ ഈ കാലഘട്ടത്തിൽ കുറഞ്ഞത് 500 പേരെ എങ്കിലും പുതിയതായി പരിചയപ്പെടുകയും അവരുടെ ഒക്കെ കഥകൾ അറിയുകയും ചെയ്തിട്ടുണ്ട്. ഇത്ര വർഷം മുന്നോട്ട് പോയെങ്കിലും എനിക്ക് പക്വത എന്നത് അന്നും ഇന്നും ഒരുപോലെ തന്നെയായതിനാൽ ഒരു ടൈപ്പ് ബഹിളി സ്വഭാവം എപ്പോഴും കൂടെ ഉണ്ട്. മറ്റുള്ളവരുടെ ലൈഫിലേക്ക് ഇടിച്ചുകയറി ചെല്ലുന്നത് എന്തോ ഭയങ്കര ഇഷ്ടമാണ്. ഓരോ മനുഷ്യനും ഓരോ അനുഭവങ്ങൾ തരുമ്പോൾ അതിൽ ചിലത് എഴുത്തിലേക്കും ചേക്കേറും.  

 

പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ, അവരുടെ ഒപ്പം നിൽക്കാൻ അഖിലിന് ഒരുപാട് ഇഷ്ടമാണ്. എങ്ങനെ മറ്റൊരാളോട്, അതും തനിക്കൊപ്പം വളർന്നു വരുന്ന ഒരു എഴുത്തുകാരനോട് ഈഗോയും അസൂയയും ഇല്ലാതെ സപ്പോർട്ട് ചെയ്യാൻ തോന്നുന്നു.

 

കാരണം വേറെ ഒന്നുമല്ല. ഞാൻ സീരിയസ് ആയി എഴുതാൻ തുടങ്ങുമ്പോൾ, പുസ്തകം എഴുതിയിട്ടുള്ള ഒരാളെങ്കിലും എന്നെയൊന്ന് സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ എന്ന് അതിയായി ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ ആരും ഒരു നല്ല വാക്കു കൊണ്ടുപോലും എന്നെ പിന്തുണച്ചില്ല. പകരം ഭയങ്കര ജാഡയോടെ പെരുമാറിയിട്ടുണ്ട്. ഒരുപക്ഷേ അത് അവരുടെ തെറ്റ് ആയിരിക്കില്ല. എങ്കിലും എനിക്ക് അതൊക്കെ അന്ന് ശരിക്കും ഫീൽ ആയിട്ടുണ്ട്. ഇപ്പോൾ പുതിയ ഒരു എഴുത്തുകാരനെയോ എഴുത്തുകാരിയെയോ അല്ലെങ്കിൽ ഒരു ഷോർട്ട് ഫിലിം ചെയ്തിട്ട് നിൽക്കുന്ന ഒരാളെയോ കണ്ടാൽ എന്റെ ആദ്യ കാലത്തെ അതേ മുഖമാണ് അവരിലും ഞാൻ കാണുക. നമ്മളൊക്കെയല്ലാതെ അവർക്ക് വേറെ ആരാണുള്ളത്. പിന്നെ പേരും പ്രശസ്തിയും ഒന്നും മരിക്കുമ്പോൾ കൊണ്ടുപോകുന്നില്ലല്ലോ. അത് ഇങ്ങനെയൊക്കെയാണ് വിനിയോഗിക്കേണ്ടത് എന്ന് ഞാൻ വിശ്വസിക്കുന്നു. 

 

പുസ്തകവുമായി ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട്. അതിന്റെ ആവശ്യം ഒരു എഴുത്തുകാരനുണ്ടോ?

 

ഞാൻ ജീവിക്കുന്നതുതന്നെ ഇങ്ങനെ യാത്രകൾ ചെയ്യാനാണ്. എന്തെന്നാൽ ഓരോ പുതിയ സ്ഥലവും പുതിയ ആളുകളും എനിക്ക് എപ്പോഴും ലഹരിയാണ്. എഴുത്തുകാരനായിട്ടല്ല ഞാൻ ട്രാവൽ ചെയ്യുക. പക്ഷേ എന്നിലെ എഴുത്തുകാരൻ യാത്രാമധ്യേ എന്തെങ്കിലുമൊക്കെ ഇങ്ങനെ നോട്ട് ചെയ്ത് വച്ചിട്ടുണ്ടാവും. എഴുതുമ്പോൾ കക്ഷി അത് വിരലുകളിലേക്ക് ഇങ്ങനെ ഇട്ടുതരും. അങ്ങനെ എഴുതുന്ന പുസ്തകം ആ ഇടങ്ങളിൽ ഒക്കെ കൊണ്ടുപോയി ആ സ്ഥലങ്ങളോട്, ഇതാ നിങ്ങൾ തന്ന അനുഭവങ്ങൾ കൊണ്ട് ഞാൻ ഉണ്ടാക്കിയെടുത്ത സൃഷ്ടി എന്ന് വിളിച്ചുപറയുന്ന ഒരുതരം കിറുക്ക് എനിക്കുണ്ട്. അതൊക്കെയാണ് എഴുതിയ പുസ്തകവും കൊണ്ട് അതിലെ ഇടങ്ങളിൽ ഇങ്ങനെ സഞ്ചരിക്കാനുള്ള കാരണം.

 

എഴുതി ജീവിക്കുക എന്നത് സാഹസികതയല്ലേ.

 

കുറേ വർഷമായി ഞാൻ ഇടുന്ന വസ്ത്രങ്ങൾക്കു പോലും എഴുത്തിന്റെ ഗന്ധമുണ്ട്. ഓടിക്കുന്ന ബൈക്കിൽ, എഴുതുന്ന കംപ്യൂട്ടറിൽ, കഴിക്കുന്ന ആഹാരത്തിൽ, യാത്ര ചെയ്യുന്ന ഇന്ധനത്തിലും ബസ്സ്/ട്രെയിൻ ടിക്കറ്റിലും ഒക്കെ ഞാൻ മാത്രം തിരിച്ചറിയുന്ന എഴുത്തിന്റെ ആ ഗന്ധമുണ്ട്. ലൈഫ് സിംപിൾ ആയി കാണുന്നത് കൊണ്ടാവും 100 രൂപ എഴുത്തിൽനിന്നു കിട്ടിയാലും അതിൽ ഞാൻ എന്റേതായ സന്തോഷം കണ്ടെത്തും. നേരേ മറിച്ച് ഇഷ്ടം ഇല്ലാതെ  ഒരു കാര്യം ചെയ്യുമ്പോൾ കിട്ടുന്ന വരുമാനം ഒരു വലിയ പ്രശ്നമാണ്. അതിൽ ചിലപ്പോൾ സന്തോഷം കണ്ടെത്താൻ എനിക്ക് പ്രയാസം ഉണ്ടായേക്കും. നമുക്ക് ഇഷ്ടപ്പെട്ട ഒരു കാര്യം ചെയ്യുമ്പോൾ അതിലൂടെ കിട്ടുന്നത് തുച്ഛമായ കാശ് ആണെങ്കിലും അതിന് ഒരു കിക്ക് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.

 

റാം ആനന്ദി ചെന്നൈയിലാണ്. അതിനു വേണ്ടി നടത്തിയ ആ യാത്രയെ കുറിച്ചും അവിടുത്തെ താമസത്തെക്കുറിച്ചും പറയാമോ?

 

ചെന്നൈയെപ്പറ്റി യാതൊരു ഐഡിയയും ഇല്ലാതെ അങ്ങോട്ടേക്ക് യാത്ര നടത്തുകയായിരുന്നു ഞാൻ. അനുഭവങ്ങൾ എന്തെങ്കിലും കിട്ടിയാൽ കുറിക്കുക എന്നത് മാത്രമായിരുന്നു ഉള്ളിൽ. ആളുകളോട് ഇടപഴകാതെ നമ്മൾ ഒരിടത്ത് മാത്രമായി ഇരുന്നാൽ അനുഭവങ്ങൾ കിട്ടില്ല എന്ന് തോന്നിയതിനാൽ അവിടെ ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിഷൻ എടുത്ത ശേഷമാണ് അങ്ങോട്ടേക്ക് പോയത്. പക്ഷെ ഞാൻ അവിടെ എത്തിക്കഴിഞ്ഞപ്പോൾ കാര്യങ്ങൾ ഒക്കെ ആകെ വ്യത്യസ്തമായിരുന്നു. അവിടെ ജീവിക്കാൻ അത്യാവശ്യം കാശ് വേണ്ടി വന്നു. അതിനായി ചെന്നൈയിൽ ഓരോ ജോലികൾ  ചെയ്തുതുടങ്ങി. കാറ്ററിങ്, ഇവന്റുകൾക്ക് ബലൂൺ വീർപ്പിക്കൽ, ഫങ്ഷനുകൾക്ക് ലൈറ്റ് ബോയ്, ഹോട്ടലുകളിലേക്കുള്ള പച്ചക്കറി അരിയാൻ പോകൽ അങ്ങനെ ഓരോരോ ജോലികൾ ചെയ്ത് ഞാൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഫീസ് അടയ്ക്കുകയും അവിടെ ജീവിക്കുകയും ചെയ്തു. പിന്നെ വർക്കുകൾ ഇല്ലാത്ത സമയത്ത് അമ്മ ഉണവകം ഒരു ആശ്വാസമായിരുന്നു. അവിടെ ഒരു രൂപയ്ക്ക് ഇ‍ഡലി കിട്ടും. അത് പത്തെണ്ണം വാങ്ങി പാത്രത്തിൽ വച്ചാൽ രാവിലെ മൂന്ന്, ഉച്ചയ്ക്ക് നാല്, രാത്രി മൂന്ന് എന്നിങ്ങനെ ഒരു ദിവസം പത്ത് രൂപ ചെലവാക്കി വരെ ചെന്നൈയിൽ ജീവിക്കാൻ പഠിച്ചു.

 

പൂർണമായും ഫിക്‌ഷൻ എന്നു പറഞ്ഞാൽ ആളുകൾ വിശ്വസിക്കും എന്നു തോന്നുന്നില്ല. ചെന്നൈയിൽ ഞാൻ കണ്ട, അല്ലെങ്കിൽ എന്നിലേക്ക് വന്നടുത്ത ചില ജീവിതങ്ങളുമായി കോർത്തിണക്കി ഒരു കഥ എഴുതി എന്നുവേണമെങ്കിൽ പറയാം. അതിൽ ആനന്ദിയുണ്ട്, പാട്ടിയുണ്ട്, മല്ലി എന്ന ട്രാൻസ്ജെൻഡർ ഉണ്ട്, സഹോദരങ്ങളായ വെട്രിയും രേഷ്മയുമുണ്ട്. ഒരു ഫിിഫ്റ്റി ഫിഫ്റ്റി ഫിക്‌ഷന്റെയും യാഥാർഥ്യത്തിന്റെയും ആകെ തുകയാണ് റാം c/o ആനന്ദി. 

 

ഒരു സിനിമ പ്രോജക്ട് അഖിൽ അനൗൺസ് ചെയ്തിരുന്നു, എന്താണ് അതിനു സംഭവിച്ചത്?

 

ഒരുപാട് പേരുടെ ജീവിത്തിൽ കൊറോണ ബാധിച്ച കൂട്ടത്തിൽ എന്റെ ലൈഫിലും കൊറോണ ബാധിച്ചു. എന്റെ ഫസ്റ്റ് ഫിലിം അങ്ങനെ കട്ടപ്പുറത്തായി. അതിൽ ആദ്യമൊക്കെ സങ്കടം തോന്നി. എങ്കിലും ഇതൊന്നും പ്രതീക്ഷിച്ചല്ലല്ലോ ഞാൻ വന്നത് എന്നോർത്ത് സമാധാനിച്ചു. ഇതൊക്കെ ഓരോ ബോണസ് പോയിന്റ് ആയി മാത്രം വരുന്ന സംഭവങ്ങളാണല്ലോ. ഇനി സിനിമ വരുമ്പോൾ വരട്ടെ. അതുവരെ ഞാൻ പുസ്തകങ്ങളും യാത്രകളുമായി ഇങ്ങനെ ജീവിക്കും.

 

റാം ആനന്ദി സിനിമാറ്റിക് നോവൽ എന്നാണ് വിളിക്കപ്പെടുന്നത്. അത്തരത്തിൽ എഴുതാൻ ഉള്ള കാരണം?

 

ചെന്നൈയിൽ ചെന്നപ്പോഴും ഇവിടെ കേരളത്തിൽ സിനിമയ്ക്ക് പിന്നാലെ അലഞ്ഞപ്പോഴും ഞാൻ അനവധി ആളുകളെ കണ്ടുമുട്ടി. അവരുടെയൊക്കെ കയ്യിൽ പല ടൈപ്പ് തിരക്കഥകൾ ഉണ്ട്. എന്തു മനോഹരമായ രീതിയിൽ ആണ് അവ എഴുതി വച്ചിരുന്നത്. പക്ഷേ വർഷങ്ങളോളം അവർ അതുമായി അലയുകയാണ്. ഇത്ര ഭംഗിയായി തിരക്കഥ എഴുതുന്ന ഒരാൾക്ക് ഒന്നു ശ്രമിച്ചാൽ അത് ഒരു പുസ്തകം ആക്കി മാറ്റാൻ കഴിയും. ആ ഒരു ആശയമാണ് സിനിമാറ്റിക് നോവൽ എന്നതിലേക്ക് എന്നെ കൊണ്ടെത്തിച്ചത്. അതിന് ഉദാഹരണമായി അടുത്ത നോവൽ എഴുതണം എന്ന് തോന്നിയപ്പോൾ ഒരു പരീക്ഷണം എന്ന രീതിയിൽ റാം c/o ആനന്ദി എഴുതി. സംഭവം വർക്ക്ഔട്ട് ആയാൽ തിരക്കഥയുമായി അലയുന്നവരുടെ ജീവിതത്തിൽ നഷ്ടപ്പെടുന്ന എത്രയോ സമയം ലാഭിക്കുകയും സിനിമയ്ക്ക് പറ്റിയ പുസ്തകങ്ങളുടെ ഒരു സെക്‌ഷൻ ബുക്സ്റ്റാളുകളിൽ വന്നാൽ ഒരു സംവിധായകനോ പ്രൊഡ്യൂസർക്കോ അതിൽനിന്നു യഥേഷ്ടം തങ്ങളുടെ ടേസ്റ്റിന് പറ്റിയ കഥകൾ തിരഞ്ഞെടുക്കുകയും ചെയ്യാമല്ലോ. അപ്പോൾ കാര്യങ്ങൾ എന്ത് സിംപിൾ ആയി. ആ ചിന്തയാണ് എന്നെ സിനിമാറ്റിക് നോവലിലേക്ക് കൊണ്ടെത്തിച്ചത്.

 

ഫാന്റസിയിൽനിന്നു റിയലിസ്റ്റിക് ഫിക്‌ഷനിലേയ്ക്ക് എത്തുമ്പോൾ വായനക്കാർ എന്താണ് പറയുന്നത്?

 

ഞാൻ ഇങ്ങനെ ഒരു നോവൽ എഴുതും എന്ന് പലരും കരുതിയില്ല. കാരണം ഹൊററും ഫാന്റസിയും ഒക്കെ മാത്രം എഴുതി നടക്കുന്ന ഒരു ചെക്കൻ എന്ന ലേബൽ എനിക്ക് ചിലർ ചാർത്തിത്തന്നിരുന്നു. അതൊക്കെ നമ്മൾ ബ്രേയ്ക്ക് ചെയ്യണമല്ലോ. ഒരു ചട്ടക്കൂട്ടിൽ ഒതുങ്ങാതെ, എനിക്ക് റിയലിസ്റ്റിക്കും പറ്റും ചങ്ങായിമാരേ എന്ന് വാ കൊണ്ട് പറയാതെ ഒരു വർക്കിലൂടെ കാണിക്കണം എന്ന് മനസ്സിൽ ഉണ്ടായിരുന്നു. അത് എന്തായാലും നടന്നതിൽ സന്തോഷമുണ്ട്.

 

പുസ്തകം പൈറസി, സെൽഫ് മാർക്കറ്റിങ്ങിൽ പണം ലഭിക്കാതിരിക്കുക അങ്ങനെ ഒരു എഴുത്തുകാരൻ സ്വയം പുസ്തകം ഇറക്കുമ്പോൾ ഒരുപാട് കടമ്പകൾ ഉണ്ട്. പുതിയ എഴുത്തുകാർക്കു കൊടുക്കാനുള്ള ഉപദേശമെന്താണ്?

 

നമ്മൾ സെൽഫ് പബ്ലിഷ് ചെയ്യുമ്പോൾ നമ്മുടെ വണ്ടി തള്ളാൻ വേറെ ആരും ഉണ്ടാവില്ല. നമ്മൾ തന്നെ അത് തള്ളി നീക്കണം. പക്ഷേ ചുമ്മാ തള്ളൽ മാത്രം ആയിട്ട് കാര്യം ഇല്ല. പുസ്‌തകത്തിന് നല്ല അഭിപ്രായങ്ങൾ കിട്ടിത്തുടങ്ങുമ്പോൾ അവയൊക്കെ നമ്മുടെ വണ്ടിയുടെ ഇന്ധനം ആക്കി മാറ്റണം. പിന്നെ ആളുകൾ ബാക്കി കാര്യം നോക്കിക്കോളും. അവർ ഇങ്ങനെ അഭിപ്രായങ്ങൾ പങ്കുവച്ച് നമുക്കുള്ള ഇന്ധനം തന്നുകൊണ്ടേയിരിക്കും. നല്ലതായാലും ചീത്ത ആയാലും അത് സ്വീകരിക്കാൻ മനസ്സ് ഉണ്ടെങ്കിൽ ആ വണ്ടി കുറേ ദൂരം ഓടും. ഇല്ലേൽ ഇടയ്ക്ക് വച്ച് നിന്നുപോകും. പൈറസി എന്നത് നമ്മുടെ വണ്ടിക്ക് അള്ളുവയ്ക്കാൻ വരുന്ന കൊള്ളക്കാർ ആണ്. അവർ ഇങ്ങനെ അന്യന്റെ അധ്വാനം മോഷണം നടത്തി ജീവിക്കുന്ന ഒരുപറ്റം ആളുകളാണ്. പക്ഷേ അങ്ങനെ അവന്മാർ അള്ളുവച്ചാലും നമ്മൾ ടയർ മാറ്റി ഇട്ട് വണ്ടി ഓടുന്നത് കാത്തിരിക്കാൻ നമുക്ക് ഇന്ധനം തന്ന് സഹായിക്കുന്ന ഒരുപറ്റം നല്ല ആളുകൾ ഇവിടെ ഉണ്ട്. അവരെ മനസ്സിൽ ഓർത്താൽ ആ ഒരു വിഷമം മാറുകയും ഇരട്ടി എനർജി കിട്ടുകയും ചെയ്യും. 

 

പൈറസിയെ കുറിച്ചു പറയാമോ? അത് എത്രമാത്രം ആപ്ലിക്കബിൾ ആണ്? 

 

കാലം മാറുമ്പോൾ കോലവും മാറും പോലെ അനവധി ഇ റീഡിങ് പ്ലാറ്റ്ഫോമുകൾ ഇപ്പോൾ ഉണ്ട്. എന്റെ പുസ്തകങ്ങൾ മോഷണം പോയത് ആമസോൺ കിൻഡിൽ ആപ്ലിക്കേഷനിൽ നിന്നാണ്. ഒരു വശത്ത് നോക്കിയാൽ, വിദേശത്ത് ജീവിക്കുന്നവർക്ക് പുസ്തകങ്ങൾ വിരൽതുമ്പിൽ കിട്ടാൻ അത് ഉപകരിക്കുമെങ്കിലും ഇങ്ങനെ ഒരു പോരായ്മ കൂടി അതിനുണ്ട്. പിന്നെ ഒരു ആശ്വാസം ഇതുപോലെ പുസ്തകം മോഷണം നടത്തി വായിക്കുന്നവർ എന്തായാലും പുസ്തകശാലകളിൽ പോയി പുസ്തകം വാങ്ങാൻ പോകുന്നില്ല എന്നതാണ്.

 

പുതിയ പുസ്തകം...

 

ഒന്നുരണ്ട് ത്രെഡുകൾ ഇങ്ങനെ മനസ്സിൽ കിടന്ന് കറങ്ങുന്നുണ്ട്. കഴിഞ്ഞ വർഷം മറയൂർ എന്ന ഗ്രാമത്തിൽ യാത്ര നടത്തിയപ്പോൾ ഒരു കഥ കിട്ടി. അത് എഴുതാനാണ് അടുത്ത പ്ലാൻ. ചിലപ്പോൾ പ്ലാനിൽ മാറ്റം വന്നേക്കാം. എല്ലാം വരുന്നപോലെ. എന്തായാലും 2021-ൽ ഒരു പുസ്തകം ഉണ്ടാവും.

 

English Summary: Talk with writer Akhil P Dharmajan