അരങ്ങിലെ ആറു പതിറ്റാണ്ടുകൾ, ബാലകൃഷ്ണൻ പാപ്പിനിശ്ശേരി മനസ്സു തുറക്കുന്നു

HIGHLIGHTS
  • ഇന്ന് ലോകനാടകദിനം
  • ബാലകൃഷ്ണൻ പാപ്പിനിശ്ശേരി അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
Balakrishnan Pappinisseri
ബാലകൃഷ്ണൻ പാപ്പിനിശ്ശേരി
SHARE

1960ലെ ശിശുദിനത്തിൽ സ്കൂളിൽ നാടകം അവതരിപ്പിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തിൽ കെ.വി. ബാലകൃഷ്ണൻ എന്ന 9 വയസ്സുകാരനും ഉണ്ടായിരുന്നു. ‘അന്തിമാടത്തിലേക്ക്’ എന്ന നാടകത്തിലെ നായകവേഷമാണ് അവതരിപ്പിക്കേണ്ടത്. അയാൾ തികഞ്ഞ മദ്യപാനിയാണ്, അലസനാണ്. വേഷം കൈകാര്യം ചെയ്യുമ്പോൾ പിഴയ്ക്കരുത്. പക്ഷേ വേദിയിൽ ബാലകൃഷ്ണന്റെ തന്മയത്വത്തോടെയുള്ള അവതരണം ആസ്വാദകരെ കീഴടക്കുകയായിരുന്നു. 

ചമയങ്ങളണിഞ്ഞ് മറ്റൊരാളായി വേദികളിൽ നിറഞ്ഞാടാൻ തുടങ്ങിയിട്ട് 60 വർഷങ്ങൾ പൂർത്തിയാക്കുകയാണ് ബാലകൃഷ്ണൻ പാപ്പിനിശ്ശേരി. ഇതിനോടകം 1500ഓളം വേദികളിലായി 70ൽ അധികം നാടകങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. 500ൽ അധികം തെരുവുനാടകങ്ങളും അവതരിപ്പിച്ചു. ആകാശവാണിയിൽ എ ഗ്രേഡ് ആർട്ടിസ്റ്റ് കൂടിയാണ് ബാലകൃഷ്ണൻ.

നാടകമേ ഉലകം

9–ാം വയസ്സിൽ ആരംഭിച്ച നാടകജീവിതം പിന്നീട് വിപുലമാവുകയായിരുന്നു. ഹൈസ്കൂൾ പഠനത്തിനുശേഷം സ്വകാര്യ ഫാക്ടറിയിൽ തൊഴിലാളിയായി. ജോലിക്കു ശേഷം ബാഡ്മിന്റൻ കളിയും പിന്നീട് നാടക പരിശീലനവുമായിട്ടാണ് വർഷങ്ങൾ കടന്നു പോയത്. തിരഞ്ഞെടുപ്പ് കാലത്ത് പ്രചരണങ്ങൾക്കായി നാടകങ്ങൾ വലിയതോതിൽ എഴുതപ്പെടുകയും വേദികളിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. അത്തരത്തിലുള്ള ധാരാളം അമച്വർ നാടകങ്ങളുടെയും തെരുവുനാടകങ്ങളുടെയും ഭാഗമാകാൻ സാധിച്ചു. കണ്ണൂർ ജില്ലയിലെ സംഘചേതന കലാസമിതിയുടെ നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ജോലിയുടെ ഭാഗമായി സമിതിയിൽ നിന്ന് പിന്നീട് വിട്ടുനിന്നിരുന്നു. 2009 ൽ വീണ്ടും തിരിച്ചെത്തി. 

balakrishnan-pappinissery

വേദികളിൽ നിന്ന് വേദികളിലേക്ക് 

കരിവെള്ളൂർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച ‘പെരിയപിഴച്ചോൻ’ എന്ന നാടകം വേദിയിൽ കളിച്ചുകൊണ്ടിരിക്കുകയാണ്. അരമണിക്കൂറോളമായി തുടങ്ങിയിട്ട്. തെയ്യവുമായി ബന്ധപ്പെട്ടുള്ള നാടകത്തിൽ മണ്ണപ്പൻ എന്ന പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ വളരെ ഉച്ചത്തിലുള്ള ഒരു ഡയലോഗ് പറയുന്നതിനിടയിൽ ശബ്ദം പണിമുടക്കി. പ്രാഥമിക ചികിത്സയ്ക്കു ശേഷം വേദിയിലേക്ക് മടങ്ങാൻ ശ്രമിച്ചെങ്കിലും ശബ്ദം തിരികെ വന്നില്ല. നാടകം നിർത്തി. അന്ന് വലിയ സങ്കടം തോന്നിയിരുന്നു. പിന്നീട് തകഴിയുടെ ‘രണ്ടിടങ്ങഴി’ എന്ന നാടകം അവതരിപ്പിക്കുന്നതിനിടയിലും ശബ്ദം നഷ്ടപ്പെട്ടിട്ടുണ്ട്.

വിവിധ തരത്തിലുള്ള നാടകങ്ങളിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. അമച്വർ നാടകങ്ങൾ, സംഗീത–നൃത്ത നാടകങ്ങൾ, തെരുവുനാടകങ്ങൾ, ജനകീയ നാടകങ്ങൾ, വെള്ളരിനാടകങ്ങൾ തുടങ്ങി വിവിധ നാടകരൂപങ്ങളുടെ ഭാഗമായിട്ടുണ്ട്. കെ.എം.രാഘവൻ നമ്പ്യാർ ആണ് നാടകരംഗത്തെ ഗുരുനാഥൻ

പുരസ്കാര നിറവിൽ

ടൈപ്റൈറ്റർ എന്ന ടെലിഫിലിമിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 2007ലെ ടെലിവിഷൻ അവാർഡിൽ മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. 2009ൽ സംസ്ഥാന സംഗീതനാടക അക്കാദമിയുടെ മികച്ച നാടകപ്രവർത്തകനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

‘കഴിഞ്ഞ അറുപത് വർഷത്തെ നാടകജീവിതത്തിൽ നിന്ന് നാടകങ്ങളിൽ വന്ന മാറ്റങ്ങളും അവയുടെ രൂപഭാവ വ്യത്യാസങ്ങളും അടുത്തറിയാൻ സാധിച്ചു. നാടകം ഒരു ഭാഷയാണ്. സമൂഹത്തിന്റെ ഭാഷ. ആ ഭാഷയ്ക്ക് കാലഘട്ടത്തിനനുസരിച്ച് മാറ്റങ്ങൾ വന്നുകൊണ്ടിരിക്കും. മാറിവരുന്ന നാടകസങ്കൽപങ്ങളെ മനസ്സിലാക്കി പഠിക്കാൻ ശ്രമിച്ചു. അഭിനയരംഗത്ത് ഇത്രയും കാലം പിടിച്ചു നിൽക്കാൻ കഴിഞ്ഞതും നാടകത്തോടുള്ള ഈ അമിതാവേശം മൂലമാണ്’ അദ്ദേഹം പറയുന്നു. 

കുടുംബം

കണ്ണൂർ പാപ്പിനിശ്ശേരിയാണ് സ്വദേശം. ഗീതയാണ് ഭാര്യ. മക്കൾ മനു ബാലകൃഷ്ണൻ, മീനു ബാലകൃഷ്ണൻ.

English Summary: Talk with drama actor Balakrishnan Pappinisseri

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA
;