കൊച്ചിക്കാരനായ ജോഷ്വാ ഫാന്റസി ത്രില്ലെർ എഴുതിയ കഥ

Joshua Newton
ജോഷ്വാ ന്യൂട്ടൻ
SHARE

നീല മലകളിലെ ബാലൻ- പേര് കേൾക്കുമ്പോൾത്തന്നെയറിയാം ഒരു ഫാന്റസി കഥ മണക്കുന്നുണ്ട് എന്ന്. പത്രപ്രവർത്തകനും തിരക്കഥാകൃത്തുമായ ജോഷ്വാ ന്യൂട്ടൻ എഴുതിയ ഏറ്റവും പുതിയ പുസ്തകമാണ് ‘ദ് ബോയ് ഓൺ ദ് ബ്ലൂ മൗണ്ടൻ.’ പറഞ്ഞതുപോലെ ഫാന്റസി ഫിക്‌ഷൻ. എന്നാൽ എഴുത്ത് ഇംഗ്ലിഷിലാണ് എന്നു മാത്രം. കൊച്ചിക്കാരനായ ജോഷ്വാ പത്രപ്രവർത്തനത്തിൽ നിന്നാണ് എഴുത്തിലേക്ക് വന്നെത്തുന്നത്. ഋതു എന്ന ശ്യാമപ്രസാദ് സിനിമയുടെ തിരക്കാഥാകൃത്തുമായിരുന്നു എഴുത്തുകാരൻ. കേരള കഫെ എന്ന ആന്തോളജിയിലെ ഓഫ്‌സീസൺ എന്ന സിനിമയും ജോഷ്വായുടെതാണ്. ഫിക്‌ഷൻ എഴുത്തിനു പുറമെ പത്രപ്രവർത്തനവുമായി ബന്ധപ്പെട്ടു നിരവധി നോൺ ഫിക്‌ഷൻ ലേഖനങ്ങളും എഴുത്തുകാരന്റേതായി വിവിധ മാഗസിനുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഒപ്പം ആത്മീയ ലേഖനങ്ങളുടെ പുസ്തകമായ Soul Biscuits: Tiny Bites For Truthful Living പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജോഷ്വായുടെ പുതിയ പുസ്തകമാണ് "ദ ബോയ് ഓൺ ദ ബ്ലൂ മൗണ്ടൻ", ഫാന്റസി ത്രില്ലർ വിഭാഗത്തിൽ വരുന്ന പുസ്തകത്തെക്കുറിച്ചും അതിലേക്കു വരാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ജോഷ്വാ പറയുന്നു, 

പത്രപ്രവർത്തനം, സിനിമ, എഴുത്ത്...

ദീപികയിലാണ് പത്രക്കാരനായുള്ള ജോലി തുടങ്ങുന്നത്, 1993 ൽ. അധികനാൾ ഒരേ ജോലി ചെയ്യാൻ താൽപര്യമുണ്ടായിരുന്നേയില്ല, ചെയ്തത് തന്നെ ചെയ്തുകൊണ്ടിരുന്നാൽ പെട്ടെന്ന് ബോറടിക്കും അതുകൊണ്ട് അവിടെനിന്ന് ഒരു പരസ്യ ഏജൻസിയിലേക്കു മാറി. അവിടെ നിന്നാണ് ഇംഗ്ലിഷ് എഴുതിത്തുടങ്ങുന്നത്. പിന്നെ മാറി പല പത്രങ്ങളിൽ ജോലി ചെയ്തു. ഇടയ്ക്ക് വനിതയിൽ ഉണ്ടായിരുന്നു, പിന്നീട് ചില ബ്രിട്ടിഷ് മാഗസിനുകളിൽ ഫ്രീലാൻസായി ജോലിചെയ്‌തു. ഒരുപാട് വിഷയങ്ങൾ ആധാരമാക്കി എഴുതാൻ കഴിഞ്ഞു, അതുമായി ബന്ധപ്പെട്ട പഠനങ്ങൾ, എഴുത്തുകൾ, അങ്ങനെ ജീവിതം ഇങ്ങനെ ഒഴുകി പോയി. ഇടയ്ക്ക് ദുബായിൽ പോയി ജോലി ചെയ്തു. ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ എല്ലാം മടുക്കും, അതുകഴിഞ്ഞു നാട്ടിൽ വന്നു, ഒരു ഷോർട്ട് ഫിലിം ചെയ്തു. പിന്നെയും പഴയ ജോലികൾ. അതിനിടയിലാണ് ഋതു എന്ന സിനിമ എഴുതാൻ ശ്യാമപ്രസാദ് പറയുന്നത്. അതൊരു അനുഭവമായിരുന്നു. അത് കഴിഞ്ഞു പിന്നെയും ജേണലിസം. പിന്നെ അതും മടുത്തു. ചെയ്യുമ്പോൾ ഏറ്റവും ആത്മാർഥമായി ചെയ്തു, പിന്നെയും സിനിമയ്ക്ക് എഴുതി, പക്ഷേ അതൊന്നും വിചാരിച്ച പോലെ ശരിയായില്ല. അങ്ങനെയാണ് ഒരു നോവൽ എഴുതാൻ തീരുമാനിച്ചത്, അതൊരു സാഹിത്യ പുസ്തകമായിരുന്നു. പലയിടത്തും യാത്ര ചെയ്തു ഗവേഷണം നടത്തി എഴുതിയതാണ്. ഇംഗ്ലിഷ് തന്നെ, അതും ഒരു ലക്ഷത്തോളം വാക്കുകളുള്ള പുസ്തകം, എന്നാൽ അതും പുറത്തിറക്കാതെ അകത്ത് വച്ച് പൂട്ടി.

ഞാനാരാണ് എന്ന അന്വേഷണം 

കോഴ്സ് ഇൻ മിറക്കിൾ എന്ന പുസ്തകവും രമണ മഹർഷിയുമൊക്കെയാണ് ജീവിതം മാറ്റി മറിച്ചത്. പത്രപ്രവർത്തകൻ ആയിരിക്കുമ്പോൾ യാഥാർഥ്യമാണ് അന്വേഷിക്കുന്നത്. പക്ഷേ അതെപ്പോഴും മാറിക്കൊണ്ടിരിക്കും. അങ്ങനെ സത്യം എന്താണെന്നുള്ള ഒരു അന്വേഷണം ആരംഭിച്ചു, ഇപ്പോൾ എട്ടു കൊല്ലമായി അങ്ങനെ തന്നെ യാത്ര തുടരുന്നു. അതിനിടയിലാണ് തിയോ വേൾഡ് എന്ന ആശയം വരുന്നത്, ആദ്യം അത് ത്രില്ലർ ആയി എഴുതിത്തുടങ്ങി, വായിച്ച സുഹൃത്തുക്കൾക്കൊക്കെ ഇഷ്ടപ്പെട്ടു, പുസ്തകം ആക്കൂ എന്നൊക്കെ പറഞ്ഞുവെങ്കിലും എനിക്ക് അതിനു തോന്നിയില്ല. എങ്കിലും തീർച്ചയായും എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹവുമുണ്ട്. ഇടയ്ക്ക് കുറച്ച് സിനിമ സ്ക്രിപ്റ്റ് എഴുതിയെങ്കിലും അതും ശരിയായില്ല. ഏഴെട്ടു വർഷം മുൻപ് തുടങ്ങിയതാണ് മെറ്റാഫിസിക്സ് അന്വേഷണം, അതിൽനിന്ന് എനിക്ക് കിട്ടിയ കുറേ കാര്യങ്ങളുണ്ട്. ഞാൻ ആരാണ് എന്ന അന്വേഷണത്തിലാണ്. പുസ്തകങ്ങൾക്കും മറ്റെന്തിനും തരാൻ കഴിയുന്നതിന്റെ അപ്പുറത്തുള്ള ചില ഉത്തരങ്ങളുണ്ട്. ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ എന്തും സയൻസ്, യുക്തി എന്നതൊക്കെ എനിക്ക് പ്രശ്നമായിരുന്നു, എന്നാൽ അതിനൊക്കെ പരിധികളുണ്ട്. നിഗൂഢമായ ചിലതൊക്കെയുണ്ട്, ഒരുപാടു ഗവേഷണവും അന്വേഷണവും ചിന്തകളും ആവശ്യമുള്ള വിഷയങ്ങളാണ്. അത് തന്ന അറിവുകൾ എഴുത്തിനു വേണ്ടി ഉപയോഗിക്കാറുണ്ട്. 

എർത്തോപ്പിയ എന്ന ആശയം 

ആറു പുസ്തകമാണ് സീരീസ് ആവുന്നത്. ഹെക്‌സോളജി എന്നാണു അതിനു പറയുന്നത്. ഇന്ത്യയിൽ ആരും അങ്ങനെ ചെയ്തിട്ടില്ല എന്നാണ് എന്റെ അറിവ്.  അമീഷ് ഒക്കെ എഴുതിയത് ട്രിലജി ആണ്, മൂന്ന് പുസ്തകങ്ങളാണ് അത്. എർത്തോപ്പിയ സീരീസ് എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. എർത്ത്, ഉട്ടോപ്പിയ എന്നിവ ചേരുമ്പോഴാണ് എർത്തോപ്പിയ ഉണ്ടാവുന്നത്. ആദ്യത്തെ പുസ്തകം ഭൂമിയിലാണ് നടക്കുന്നത്. ബാക്കിയുള്ളത് മറ്റൊരു രീതിയിലും. ഭൂമി പലതായി പിളർന്ന് ഓരോ ഗ്രഹങ്ങളുണ്ടാകുന്നതാണ് പ്രധാന ആശയം. ഭൂമി പിളരാൻ കാരണങ്ങളുണ്ട്. അതും പുസ്തകത്തിൽ കഥയായി പറയുന്നുണ്ട്. കുഹുമ എന്നൊരു സാങ്കൽപിക രാജ്യത്താണ് കഥ നടക്കുന്നത്, അതിലെ രാജാവിന്റെയും രാജ്ഞിയുടെയും അവരുടെ പതിമൂന്ന് വയസ്സുള്ള മകൻ പെമ്പേയുടെയും കഥയാണ് ഈ പുസ്തകം. അതായത് ആദ്യത്തെ പുസ്തകം. അവന് ഒരു കൂട്ടുകാരിയുണ്ടായിരുന്നു, ആറു വയസ്സുള്ളപ്പോൾ അവളെയും കുടുംബത്തെയും കാണാതെയായി. അവർക്ക് എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ല. ഒരിക്കൽ ഒരു സ്വപ്നത്തിൽ നിന്നുമുണർന്ന അവൻ അവളുടെ ഓർമ്മകളിലേക്ക് പോയി. പിന്നീട് അവൾക്കെന്ത് സംഭവിച്ചു എന്നുള്ള പെമ്പേയുടെ അന്വേഷണമാണ്. ആറു പുസ്തകങ്ങളിൽ ആദ്യത്തെ പുസ്തകമാണ് "ദ ബോയ് ഓൺ ദ ബ്ലൂ മൗണ്ടൻ" .

ബാക്കിയുള്ള പുസ്തകങ്ങളും ഇതിലെ കഥാപാത്രങ്ങളെ ഉൾക്കൊള്ളുന്നതാണ്. ഒന്നിനൊന്നോടു ബന്ധപ്പെട്ടിരിക്കുന്നു. 

എന്റെ വിശ്വാസം എന്റെയിഷ്ടം 

എനിക്ക് എന്റെ അന്വേഷണങ്ങളിൽനിന്നു കിട്ടിയ അതീന്ദ്രിയമായ അറിവുകളെ പുസ്തകത്തിൽ ഉപയോഗിക്കാൻ പറ്റുന്നുണ്ട്. സ്പിരിച്വൽ ആണ് എന്നതിന്റെ അർഥം ഞാനൊരു വിശ്വാസി ആണെന്നല്ല, എനിക്കിഷ്ടമുള്ള രീതിയിൽ തന്നെയാണ് ജീവിക്കുന്നത്. പള്ളിയിൽ പോവുക, ആരാധിക്കുക ഇതൊന്നുമല്ല എന്റെ വിശ്വാസം, ആത്മീയമായ അന്വേഷണമുണ്ട്. ഞാൻ ആരാണെന്നുള്ള അന്വേഷണം. യാഥാർഥ്യം അന്വേഷിക്കാൻ അല്ല സത്യം തിരയുകയാണ് വേണ്ടതെന്നു മനസ്സിലായതോടെയാണ് ആ വഴിയിൽ നടക്കാൻ തുടങ്ങിയത്. ഈ വർഷങ്ങൾ കൊണ്ട് കിട്ടിയ അറിവുകളെ ക്രിയേറ്റിവ് ആയി ഉപയോഗിക്കാൻ പറ്റുന്നുണ്ട് എന്നതാണ് നല്ല കാര്യം. 

അഞ്ജലി മേനോൻ പ്രകാശനം

പുസ്തകം അഞ്ജലി മേനോന് വായിക്കാൻ കൊടുത്തിരുന്നു. എന്നെ അമ്പരപ്പിച്ചുകൊണ്ട് അവർ അത് വായിച്ച് അഭിപ്രായം  പറഞ്ഞുകൊണ്ടാണ് പുസ്തകം പ്രകാശനം നടത്തിയത്. ഇപ്പോൾ ആമസോൺ വഴിയാണ് വിൽപന. ഒരുപാടു പേർ പുസ്തകം വായിക്കുന്നുണ്ട്, അഭിപ്രായവും അറിയിക്കുന്നുണ്ട്. എല്ലാവർക്കും ഇഷ്ടപ്പെടുന്നുണ്ട് എന്നത് സന്തോഷകരമായ കാര്യമാണ്. അടുത്ത പുസ്തകത്തിനായി വായനക്കാർ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. തിയോ വേൾഡ് എന്ന വെബ്സൈറ്റിലും പുസ്തകം ലഭ്യമാണ്. ഭൂമി പൊട്ടിപ്പിളർന്നു പോയ മറ്റൊരു ലോകത്തിലാണ് അടുത്ത പുസ്തകം മുതലുള്ള കഥകൾ നടക്കുന്നത്. ഈ പുസ്തകത്തിന്റെ അവസാനം ടയിൽ ഏൻഡ് ആയി ഭൂമി പിളരുന്നതായ കഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫാന്റസി ഇഷ്ടപ്പെടുന്ന കുട്ടികൾക്കും മുതിർന്നവർക്കും തീർച്ചയായും പെമ്പേയുടെ സാഹസിക കഥകൾ ഇഷ്ടപ്പെടുമെന്നു കരുതുന്നു. 

English Summary: Talk with writer Joshua Newton

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA
;