ADVERTISEMENT

1995 മുതൽ അജീഷ് ദാസൻ കവിതയിൽ പണിയെടുക്കുന്നുണ്ട്. കാൻസർ വാർഡ്, കോട്ടയം ക്രിസ്തു എന്നീ സമാഹാരങ്ങൾക്കുശേഷം ‘ആ ഉമ്മകൾക്കൊപ്പമല്ലാതെ’ എന്ന കാവ്യപുസ്തകവുമായി എത്തിയിരിക്കുകയാണു ഗാനരചയിതാവുകൂടിയായ അജീഷ് ദാസൻ. പുതിയ പുസ്തകത്തെക്കുറിച്ച്, കവിതയെക്കുറിച്ച് കവി സംസാരിക്കുന്നു. 

 

മൂന്നാമത്തെ കാവ്യ സമാഹാരം ആണ്. താങ്കളുടെ കവിത ഏതു തരത്തിൽ മാറിയെന്നാണ് സ്വയം കരുതുന്നത്?

Ajeesh Dasan
അജീഷ് ദാസൻ

 

അതെ, മൂന്നാമത്തെ കവിതാ സമാഹാരം ഇറങ്ങി. രണ്ടാഴ്ച കൊണ്ട് രണ്ടാം പതിപ്പ് ഇറങ്ങുന്നു എന്ന സന്തോഷവും ഉണ്ട്. എന്റെ കാവ്യ ജീവിതം ഇരുപത്തിയഞ്ചു വർഷം പിന്നിടുന്നു. 1995 ൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു ആദ്യമായി കവിത കുറിക്കുന്നത്. പിന്നീടുള്ള കാലങ്ങളിൽ ഒരു ബാധ പോലെ അതെന്നെ പിടികൂടി.. മഹാരാജാസ് കോളജിൽ പഠിക്കുമ്പോൾ മുതിർന്ന കവികളെയും സഹ കവികളെയുമൊക്കെ പരിചയപ്പെടാൻ കഴിഞ്ഞു. അത് എന്റെ എഴുത്തിനെ കൂടുതൽ സഹായിച്ചിട്ടുണ്ട്. അക്കാലത്തെ എല്ലാ ചെറുപ്പക്കാരെയും പോലെ ആധുനിക കവിതകളെ നെഞ്ചോടു ചേർത്തും കഴിയുമെങ്കിൽ ആ കവികളുടെ ജീവിതം പുനരാവിഷ്കരിക്കാൻ ശ്രമിച്ചും ഒരുതരം കോമഡിയായി മാറിക്കഴിഞ്ഞിരുന്നു ഞങ്ങളുടെ തലമുറയുടെ പിൽക്കാല ജീവിതം. എല്ലാത്തരത്തിലും ഒരു മാറ്റം ഞങ്ങൾ ആഗ്രഹിച്ചിരുന്നു. പി. രാമനും എസ്. ജോസഫും അടങ്ങുന്ന ഒരുകൂട്ടം ചെറുപ്പക്കാരായ പുതിയ കവികളുടെ രംഗ പ്രവേശം ഞങ്ങൾക്ക് കൂടുതൽ കരുത്തേകി. സച്ചിദാനന്ദനെയും ബാലചന്ദ്രൻ ചുള്ളിക്കാടിനെയും എ. അയ്യപ്പനെയും ഡി. വിനയചന്ദ്രനെയും ഒക്കെ ഒരുതരം അന്ധവും ആത്മഹത്യാപരവും ആയ ആരാധനയോടെ പിന്തുടർന്നു പോന്നിരുന്ന (അവർക്ക് വേണ്ടി ചാവേർ ആകാനും ഒരുക്കമായിരുന്നു) എന്നെപ്പോലെ ഉള്ള ചെറുപ്പക്കാർക്ക്, പെട്ടെന്ന് വഴിയിൽ ഉപേക്ഷിക്കപ്പെട്ടവരായി ഞങ്ങൾ എന്ന ഒരു ബോധം ഉണ്ടാവുകയും അങ്ങനെ ഏതാണ്ട് എല്ലാത്തരത്തിലും ആധുനിക കവിതകളോടും അതിന്റെ  രീതികളോടും വഴി പിരിയുകയുമായിരുന്നു.

aa-ummakalkkoppamallathe-

 

മലയാള കവിത, ഇന്നിന്റെ അവസ്‌ഥ എങ്ങനെ നോക്കിക്കാണുന്നു?

 

കവികൾക്ക് മാത്രമായി സമൂഹം മുൻപ് കല്പ്പിച്ചു കൊടുത്തിരുന്ന ഒരു പ്രത്യേക അവകാശമോ അധികാരമോ എന്തിന് പരിഗണന പോലും ഇന്നത്തെ ഒരു പുതിയ കവിക്ക് ലഭിക്കുന്നില്ല എന്നതാണ് ഗുണപരമായ മാറ്റം എന്ന് ഞാൻ കരുതുന്നു. സംസ്കാരത്തിൽ കവിയ്ക്കും കവിതയ്ക്കുമുണ്ടായിരുന്ന, അല്ലെങ്കിൽ അങ്ങനെ സങ്കൽപ്പിക്കപ്പെട്ടിരുന്ന പവിത്ര സ്ഥലമോ ഏകാന്ത ലോകമോ ഇപ്പോഴത്തെ കവിക്കില്ല. സമൂഹത്തെ മാറ്റി മറിക്കാനോ പ്രബോധനം നടത്താനോ പുതിയ കവിയോട് ആരും ആവശ്യപ്പെടുന്നുമില്ല. അവൻ ഇന്ന് നിങ്ങളുടെ കൂടെ നിങ്ങളിൽ ഒരാളായി നിങ്ങളോടൊപ്പം നിങ്ങൾ സഞ്ചരിക്കുന്ന വഴികളിൽ, നിങ്ങൾ ജീവിക്കുന്ന ഇടങ്ങളിൽ, നിങ്ങൾക്ക് ശല്യമാവാതെ, നിങ്ങളെ നന്നാക്കിക്കളയാം എന്ന ചിന്തയില്ലാതെ, ഭാരമാകാതെ, അത്ര പതുക്കെ, അത്ര സൂക്ഷ്മതയോടെ എന്നാൽ വ്യത്യസ്തനായി, കവിയായി കഴിയുന്നു. അവനെ വായിക്കാത്ത നിങ്ങളോട് ഒരു പുച്ഛവും അവനില്ല. അവനെ തിരിച്ചറിയാത്തതിൽ നിങ്ങളോട് ഒരു പ്രതികാരവും അവന്‌ ഇല്ല.

 

കഥ, നോവൽ പോലെ കവിത മീഡിയകൾ ആഘോഷിക്കുന്നില്ല എന്ന തോന്നലുണ്ടോ?

 

ഞാൻ പറഞ്ഞല്ലോ. പുതിയ കവി, പുതിയ കവിത എന്നത് മാറിയ ഒരു സാമൂഹിക അന്തരീക്ഷത്തിൽ ആണ് ജീവിക്കുന്നത് എന്ന്. നമ്മുടെ  പുതിയ സമൂഹം കൂടുതൽ കണ്ണഞ്ചിപ്പിക്കുന്ന, കൂടുതൽ വേഗവും താളവും കൈവരിക്കാൻ വെമ്പുന്ന ഒരു മാനസിക നിലയിലേക്ക് മെല്ലെ എത്തിച്ചേർന്നിട്ടുണ്ട്. മാളുകൾ, ഭക്ഷണ ശൈലി, വസ്ത്രധാരണ രീതി, അങ്ങനെ എല്ലാം പാടെ മാറി. മാധ്യമങ്ങളും സ്വാഭാവികമായി ഈ മാറ്റത്തെ കൂടുതൽ വിപണി സാധ്യത ഉള്ള ഒന്നായിട്ടാവണം കാണുന്നത്. കലകളിൽ ഒരുപക്ഷേ സിനിമയ്ക്കും, ചിത്രകലയ്ക്കും നൃത്തത്തിനും ഈ മാറിയ കാലത്തോടൊപ്പം സഞ്ചരിക്കാൻ സാധിക്കുന്നുമുണ്ട്. നമ്മുടെ നോവലുകൾ അതിർത്തി കടന്ന് കൂടുതൽ രാജ്യങ്ങളിൽ കൂടുതൽ ഭാഷകളിൽ പുരസ്‌കാരത്തിളക്കത്തിൽ യശസ്വിയായി മാറിയിട്ടുമുണ്ട്. എല്ലാം നല്ലത് തന്നെ. സന്തോഷവും അഭിമാനവും ഉണ്ട്. പക്ഷേ, കവികൾ ഉറങ്ങുകയാണെന്ന് കരുതരുത്. ഒരുപക്ഷേ, അവർ നിങ്ങളുടെ കണ്ണിൽ പെടുന്നില്ലായിരിക്കാം ഇപ്പോൾ. നിങ്ങൾക്ക് തോന്നുന്ന കവികളുടെ ഈ നിശ്ശബ്ദത നാളേക്കുള്ള ചുഴലിയെ ഒരുക്കുന്നുണ്ട്.

 

വിമർശകർ, നിരൂപകർ പുതിയ കവികളോട് ചെയ്യുന്നത് എന്താണ്? അല്ലെങ്കിൽ അവർ വല്ലതും ചെയ്യുന്നുണ്ടോ?

 

ഇന്ന് വിമർശകരും നിരൂപകരും ഇല്ല. ആ വംശം കുറ്റിയറ്റു പോയി. ഉള്ളത് കുറച്ചു യുജിസി പ്രഫസർമാരാണ്. അവർ സ്വന്തം നേട്ടത്തിന് വേണ്ടി സമർപ്പിക്കുന്ന തിസീസുകളാണ്. നമ്മുടെ കവിതയെ നശിപ്പിച്ചതിൽ അധ്യാപകരോളം പങ്ക് മറ്റാർക്കെങ്കിലും ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. കവിത എഴുതുന്ന അധ്യാപകർ ആയാലും ക്ലാസ് മുറികളിൽ കവിത വ്യാഖ്യാനിക്കുന്ന അധ്യാപകർ ആയാലും. ക്ലാസ് മുറിക്കു പുറത്താണ് കവിത എന്ന് നമ്മൾ പറയാറുണ്ട്. അങ്ങനെ ക്ലാസ് മുറിക്കു പുറത്തുള്ള കവിത (അതൊരു പെൺകുട്ടി ആവില്ല) അന്വേഷിച്ച് ഇറങ്ങാനുള്ള ഒരു സാഹചര്യം ഇന്നത്തെ ഒരു ചെറുപ്പക്കാരനായ ഒരു കവിക്ക് കോളജുകളിൽ ഉണ്ടോ എന്നും സംശയമാണ്.

 

വരും എഴുത്തുകളിൽ കവിതയിൽ എന്തു പുതുക്കങ്ങൾ ആണ് കൊണ്ടുവരിക?

 

ഇപ്പോൾ, സിനിമയിൽ പാട്ട് എഴുതുക എന്ന എന്റെ പ്രിയപ്പെട്ട മോഹത്തിന്റെ പിന്നാലെയാണ് ഞാൻ. അതുകൊണ്ട് കവിത കുറഞ്ഞു. എങ്കിലും കവിതകളോടുള്ള ഇഷ്ടം കുറഞ്ഞിട്ടില്ല. ഇതുവരെ ഞാൻ എഴുതിയ കവിതകളിൽ പൊതുവെ കടന്നു വന്നിരുന്ന  ഉപഹാസത്തിന്റെയും വിഡംബനത്തിന്റെയും ആത്മ പരിഹാസത്തിന്റെയും രീതി എനിക്കു തന്നെ മടുത്തു തുടങ്ങിയിരിക്കുന്നു. ഇനിയും അതുതന്നെ ഞാൻ എഴുതുന്നു എങ്കിൽ പ്രിയപ്പെട്ട വായനക്കാരെ, ഞാൻ മരിച്ചിരിക്കുന്നു എന്ന് കരുതുക.

 

Content Summary: Talk with writer Ajeesh Dasan