ADVERTISEMENT

എഴുത്തിൽ സ്വയം മാറ്റിപ്പണിയൽ അത്രയെളുപ്പമല്ല. എത്ര വടിച്ചുമാറ്റിയാലും പറ്റിപ്പിടിച്ചിരിക്കും തന്റേതായ ചില പൊടിപ്പും തൊങ്ങലും. കവി എസ്. കലേഷ് വ്യത്യസ്തനാണ്. മൂന്നു പുസ്തകങ്ങളിലെ കവിതകൾ മൂന്നു ലോകം കാട്ടിത്തരുന്നു. മൂന്നാമതു കവിതാ സമാഹാരമായ ‘ആട്ടക്കാരി’യുടെ പശ്ചാത്തലത്തിൽ കലേഷ് കവിതയെക്കുറിച്ചു മിണ്ടുന്നു.

 

മൂന്നാമത്തെ കാവ്യസമാഹാരം ആണ്. താങ്കളുടെ കവിത ഏതു തരത്തിൽ മാറിയെന്നാണ് സ്വയം കരുതുന്നത്?

 

2016-ല്‍ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തിനു ശേഷമുള്ള 25 കവിതകളാണ് ആട്ടക്കാരിയിലുള്ളത്. തുടര്‍ച്ചയായി കവിത എഴുതാന്‍ എനിക്ക് കഴിയാറില്ല. എഴുതിക്കൊണ്ടിരിക്കുന്ന കവിതയില്‍ കുറച്ചുനാള്‍ ചുറ്റിത്തിരിയുക, തിരുത്തിയെഴുതുക, ആ കവിതയുടെ ഭാഷയെക്കുറിച്ചും വാക്കുകളെക്കുറിച്ചുമുള്ള സ്വസ്ഥതക്കേടുകളുമായി നടക്കുക, തൃപ്തിയും അനുഭൂതിപരവുമായ ഒരുതരം ഊര്‍ജ്ജം കൈവരുന്ന നിമിഷത്തിലേക്കു എത്തിച്ചേരുക ഇവയൊക്കെയാണ് ഞാന്‍ ജീവിതത്തില്‍ ചെയ്തിട്ടുള്ള ഏറ്റവും ആയാസകരവും എന്നാല്‍, ആഹ്ളാദകരവുമായ കാര്യങ്ങള്‍. ആട്ടക്കാരിയിലെ കവിതകളില്‍ ഗ്രാമജീവിതം കടന്നുവരുന്നുണ്ടെങ്കിലും നഗരജീവിതം തന്ന കവിതകളാണ് കൂടുതലും. പതിനാറുവര്‍ഷമായി ഞാന്‍ താമസിക്കുന്ന കൊച്ചിയിലെ പലയിടങ്ങള്‍ ഈ കവിതകളിലുണ്ട്. കാരിക്കാമുറിയിലും മട്ടമ്മലിലും കോന്തുരുത്തിയിലും തേവരയിലും പനമ്പിള്ളി നഗറിലും തൈക്കൂടത്തും ഇക്കാലത്തിനിടെ ഞാന്‍ താമസിച്ച വാടകവീടുകളുടെ ജനല്‍ തുറന്നിട്ടാല്‍ കാണാവുന്ന ഭൂപ്രകൃതിയും, നഗരത്തിലെ  മഴയും വെയിലും മഞ്ഞും കാറ്റും വെളിച്ചവും നിഴലുകളും കായലും കടലും കനാലുകളും പാലങ്ങളും തിയേറ്ററുകളും കൂട്ടുകാരും പല കവിതകളിലും കടന്നുവരുന്നുണ്ട്. ചലനമാണ്  ആട്ടക്കാരിയിലെ കവിതകളുടെ പ്രധാന സ്വഭാവം. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ചലിക്കുന്ന കവിത. ഒരു ഇടത്തിലോ, ഒരു ബിന്ദുവിലോ, ഒരു ഭാഷയിലോ, ഒരു രാഷ്ട്രീയത്തിലോ, ഒരു ആഖ്യാനശൈലിയിലോ ചുറ്റിത്തിരിയുക എന്നുള്ളത് ഈ കവിതകളുടെ ഉദ്ദേശമല്ല. ആട്ടത്തിലാണ് ഊന്നല്‍. ഒരു ദേശത്ത് കെട്ടിക്കിടപ്പല്ല, ഒഴുക്കിലാണ് താല്‍പ്പര്യം. പരുക്കനല്ലാതെ, താളമുള്ള ഗദ്യവും ചൊല്ലുന്ന കവിതയോടു ഇണക്കമുള്ള താളരീതികളും, രണ്ടും ഇടകലര്‍ന്നുമൊക്കെയുള്ള രീതികള്‍ ആട്ടക്കാരിയിലെ കവിതകളിലുണ്ട്. മുന്‍സമാഹാരമായ ശബ്ദമഹാസമുദ്രത്തിലെ കവിതകളില്‍ നിന്ന് ഒഴിഞ്ഞുമാറി നിന്നെഴുതിയതാണ് ആട്ടക്കാരിയിലെ കവിതകള്‍.

attakkari-book

 

മലയാള കവിത ഇന്നിന്‍റെ അവസ്ഥ എങ്ങനെ നോക്കിക്കാണുന്നു?

 

ഇന്നത്തെ കാവ്യഭാവുകത്വം തൊണ്ണൂറുകളുടെ കവിതാഭാവുകത്വത്തോട് പ്രകടമായിത്തന്നെ വിച്ഛേദം രേഖപ്പെടുത്തിക്കഴിഞ്ഞു. തൊണ്ണൂറുകളുടെ കവിതയുടെ വാലോ തലയോ അല്ല ഇന്നത്തെ കവിത. ഭാവുകത്വം അങ്ങനെയാണല്ലോ. അപ്പന്‍റെയോ അപ്പന്‍റപ്പന്‍റെയോ കണ്ണട വച്ചല്ലല്ലോ പിന്‍തലമുറ ലോകം കാണുന്നത്. അവരുടെ ശൈലിയിൽ അല്ലല്ലോ കൂട്ടുകൂടുന്നത്, സംസാരിക്കുന്നത്, പ്രണയിക്കുന്നത്, ഉടുപ്പുതുന്നുന്നത്, വീടുപണിയുന്നത്, വണ്ടിയോടിക്കുന്നത്, ജീവിതം മുന്നോട്ടുപായിക്കുന്നത്. കവിതയിലെ ഭാവുകത്വ മാറ്റം അങ്ങനെ പെട്ടെന്നുണ്ടായതല്ല. കഴിഞ്ഞ പത്തുപതിനഞ്ചുവര്‍ഷത്തിനിടെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകത്തിൽ എഴുതിതുടങ്ങിയ കവികളിലൂടെ സംഭവിച്ചതാണത്. ഭാഷയും എഴുത്തുരീതികളും രാഷ്ട്രീയ ബോധ്യങ്ങളും സമീപനങ്ങളും മാറി. കവിത അവതരിപ്പിക്കുന്ന, പ്രസിദ്ധീകരിക്കുന്ന ശൈലിതന്നെ മാറി. ലോകത്തിന് വേഗത കൂടി. മനുഷ്യരുടെ ബന്ധങ്ങള്‍ക്ക് ആശയവിനിമയത്തിന്, എഴുത്തിന് പുതിയ മാധ്യമങ്ങളും സ്വാതന്ത്ര്യവും വന്നു. ആ മാറ്റം കവിതയിലും പ്രതിഫലിച്ചു.  കവിതകൾ ശ്രദ്ധയോടെ പിന്തുടരുന്നവര്‍ക്ക് അത് തിരിച്ചറിയാനാകും.

 

കഥ, നോവൽ പോലെ കവിത മീഡിയകൾ ആഘോഷിക്കപ്പെടുന്നില്ല എന്ന തോന്നലുണ്ടോ?

 

ആഘോഷം എന്നതുതന്നെ ഒരു ജനപ്രിയ ഭാവുകത്വത്തിന്‍റെ അടയാളമാണ്. അത് ശരിയല്ലെന്ന അഭിപ്രായം എനിക്കില്ല. സിനിമാപാട്ടെഴുത്തിനു കിട്ടുന്ന പ്രചാരം കവിതയ്ക്ക് കിട്ടുന്നില്ലല്ലോ. പക്ഷേ, മറ്റ് ആവിഷ്ക്കാരങ്ങള്‍ക്കില്ലാത്ത ഒരു സ്വയം നിർണായക ശേഷി കവിതയ്ക്ക് ഉണ്ട്. നോവലുകളും കഥകളും ആര്‍ക്കും പുസ്തകം തുറന്നു വായിക്കാം. തുറന്നിട്ട വീടുപോലെയാണത്. കേറുന്നവര്‍ക്ക് വേണേല്‍ അവിടെ താമസിക്കാം. അവിടെ കിടന്നുറങ്ങാം. പെട്ടെന്ന് ഇറങ്ങിപ്പോകാം. വേണേല്‍ ഇറങ്ങിയോടുകതന്നെ ചെയ്യാം. എന്നാല്‍ കവിത അങ്ങനെയല്ല. തര്‍ക്കോവ്സ്‌കിയുടെ സിനിമയ്ക്കു മുന്നില്‍ നില്‍ക്കുന്ന ആസ്വാദകന്‍ താഴിട്ടുപൂട്ടിയ ഒരു കെട്ടിടത്തിനു മുന്നില്‍ താക്കോല്‍ നഷ്ടപ്പെട്ടു നില്‍ക്കുന്ന ആളെപ്പോലെയാണെന്ന് ബര്‍ഗ്മാന്‍ പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ആ കെട്ടിടത്തിനകത്തേയ്ക്കു കയറാന്‍ കഴിഞ്ഞാലേ ആ സിനിമയെന്തെന്ന് അറിയാനാകൂ. നല്ല കവിതകളും ചിലപ്പോഴൊക്കെ അങ്ങനെയാണെന്നു ഞാന്‍ കരുതുന്നു. ഭാഷയിലെ ഏറ്റവും സൂക്ഷ്മരൂപമായ കവിതയിലേക്കുള്ള പ്രവേശനം അവിടേക്കു കടക്കാൻ തീവ്രമായി ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ്. കവികളെപ്പോലെതന്നെ കവിതയില്‍ പെട്ടുപോയ വായനക്കാര്‍ക്കും അവിടെ നിന്നു രക്ഷയില്ല. പുതിയ ഭാവന, ഭ്രമകല്പനകള്‍, വാക്കുകള്‍, ശൈലികള്‍, രാഷ്ടീയം ഇവയെല്ലാം കവിതയിലെപ്പോലെ  ഭാഷയുടെ ഏതാവിഷ്ക്കരണത്തിലുണ്ട്? കവിതയുടെ  ഭാഷയിലും ആഖ്യാനത്തിലുമൊക്കെ കാണിക്കാനാകുന്ന സര്‍ക്കസും സാഹസികതയും വെറെങ്ങും നടക്കില്ല.  വീണപൂവും ചിന്താവിഷ്ടയായ സീതയുമൊക്കെ നൂറുവര്‍ഷം പിന്നിട്ട ഒരു ഭാഷയിലിരുന്ന് കവിതയുടെ ആഘോഷമൂല്യത്തെക്കുറിച്ച് ആശങ്കപ്പെടുന്നതില്‍ അര്‍ത്ഥമില്ല. അതുപോലെ മലയാളത്തില്‍ ഒരു കഥാകൃത്തെന്നോ നോവലിസ്റ്റെന്നോ പെട്ടെന്നു പേരെടുക്കാന്‍ എളുപ്പമാണ്.  എന്നാല്‍ കവിയെന്ന പേര് പതിച്ചുകിട്ടാന്‍ ബുദ്ധിമുട്ടാണ്. നീണ്ടകാലത്തെ കവിതയിലെ അദ്ധ്വാനംകൊണ്ടു വന്നുചേരുന്ന ഒരു ‘ദുഷ്പ്പേരാണ് ’ കവി എന്നുള്ളത്. പക്ഷേ, ആ പേര് വീണാല്‍ അത്രപെട്ടെന്ന് മാഞ്ഞുപോകില്ല. അപഹസിക്കപ്പെടാനുള്ള ധ്വനിവരെ അതിലുണ്ട്.  കവിത അതിജീവിക്കുംപോലെ മറ്റ് സാഹിത്യരൂപങ്ങള്‍ ഭാഷയില്‍ അതിജീവിക്കില്ല.

 

വിമര്‍ശകര്‍ നിരൂപകര്‍ പുതിയ കവികളോട് ചെയ്യുന്നത് എന്താണ്? അല്ലെങ്കില്‍ അവര്‍ വല്ലതും ചെയ്യുന്നുണ്ടോ?

 

മലയാളത്തിലെ പുതിയകാലത്തെ കവിതാനിരൂപണത്തില്‍ രണ്ടുമൂന്നുരീതികൾ കണ്ടുവരുന്നുണ്ട്. ഒന്ന് തുറന്ന രാഷ്ട്രീയ വായന, രണ്ട് മുതിര്‍ന്ന അല്ലെങ്കില്‍ ഏതെങ്കിലും വിദേശ കവിയുടെ കവിതകളോട് ചേര്‍ത്തുവച്ചുള്ള വായന, മൂന്ന് തൊണ്ണൂറുകളുടെ (പുതുകവിതയുടെ) കാവ്യഭാവുകത്വത്തിന്റെ തുടർച്ചയെന്നോണമുള്ള വായന. ഈ മൂന്നുതരത്തിലുള്ള വായനകൊണ്ട് ഇക്കാലത്തെ കവിതയ്ക്കും അതെഴുതുന്ന നിരൂപകനും ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല.  ഒരു കവിതയുടെ രാഷ്ട്രീയം പിരിച്ചെടുത്തെഴുതാന്‍ എളുപ്പമാണ്. ഒരു കവിതാവായനക്കാരന്‍ എന്ന നിലയില്‍ ഏറ്റവും എളുപ്പമുള്ള ഒരു വായന അതിന്‍റെ രാഷ്ട്രീയവായനയാണ്. നിലവിലുള്ള രാഷ്ട്രീയത്തെതന്നെ നവീകരിക്കുന്ന കവിതയെഴുതുമ്പോള്‍, ആ കവിതയെ ആ തരത്തില്‍ സമീപിക്കേണ്ടതുണ്ട്. കവി എഴുതിയത് അതേപടി മറ്റൊരു ഭാഷയില്‍ വിശദീകരിച്ചെഴുതിയിട്ട് കാര്യമില്ല. മറിച്ച്, കവിതയ്ക്ക് അകത്തും പുറത്തും പലമാതിരി പ്രവർത്തിച്ചിട്ടുള്ള അതിന്‍റ ചരിത്രപരതയെ, സൗന്ദര്യത്മകതയെ, രാഷ്ട്രീയത്തെ, അതില്‍ കലര്‍ന്നിട്ടുള്ള കലയുടെ കലര്‍പ്പുകളെ എല്ലാം വിശകലനം ചെയ്യുന്ന സാംസ്കാരിക വായനകളാണ് (Cultural Reading) ഇക്കാലത്തെ കവിത അർഹിക്കുന്നത്.  നിരൂപണം വശമുള്ള നല്ല വായനക്കാർ ഇക്കാലത്തെ കവിതയ്ക്കുണ്ടെന്നു കരുതുന്നു.

 

വരും എഴുത്തുകളില്‍ കവിതയില്‍ എന്ത് പുതുക്കങ്ങളാണ് കൊണ്ടുവരിക?

 

സമാഹാരം ഇറങ്ങിയതോടെ ഒരുതരത്തിലുള്ള ശൂന്യത വന്നു. നീണ്ടനാളായി ശേഖരിച്ചുവച്ച ‘തേൻ’ കുടിച്ചു തീർത്ത് ഉറങ്ങിയെണീറ്റിരിക്കുന്ന പുലർകാലം പോലെയുള്ള ഒരു തോന്നൽ. പുസ്തകം വായിച്ചും പാട്ടുകേട്ടും സിനിമകണ്ടും പാചകംചെയ്തും ഇക്കാലത്തെ ഞാന്‍ മറികടക്കുന്നു. കവിതയിൽ ജീവിതം തുടരുന്നു.  കൊറോണക്കാലം അടച്ചിട്ട വഴികൾ തുറന്നു തുടങ്ങി. എങ്കിലും, മുൻപത്തെ പോലെ അടുപ്പങ്ങളും യാത്രകളും കുറഞ്ഞു. ഒരു പ്രത്യേകതരത്തിലുള്ള ഏകാന്തതയും തൊട്ടുകൂടായ്മയുടെ ഗണത്തില്‍ വരുന്ന തരം അയിത്തവും വ്യക്തികള്‍ക്കിടയില്‍ രൂപപ്പെട്ടു. സ്നേഹമോ വെറുപ്പോ എന്നറിയാനാകാതെ അടച്ചുകെട്ടിയ ഒരു ഭാഷയില്‍ നമ്മളിപ്പോള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു.

 

Content Summary: Talk with writer S. Kalesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com