ADVERTISEMENT

അടുക്കിവച്ചിരിക്കുന്ന പുസ്തക മതിലുകള്‍ക്കു താഴെയിരുന്ന് അതിലൊരെണ്ണത്തിനോടു കൂട്ടുകൂടിയുളള ഒരു വായന, അതിനെന്നുമെന്നും ഒരു പ്രത്യേക സുഖമാണ്. ലൈബ്രറികള്‍ മനുഷ്യജീവിതത്തിന്റെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാകുന്നത് അങ്ങനെയാണ്. എങ്കിലും കാലം പോകെ നമ്മുടെ തിരക്കുകള്‍ക്കിടയിലൂടെ അത് വല്ലപ്പോഴും ചെന്നെത്തുന്നൊരിടമായോ പോകാന്‍ പിന്നീടു മാറ്റിവച്ചിരിക്കുന്ന സ്ഥലമായോ അല്ലെങ്കില്‍ പണ്ടത്തെ കഥകളിലെ കഥാപാത്രങ്ങളിലൊന്നായോ മാറിപ്പോയി. തിരക്കുകള്‍കൊണ്ടു മാത്രമല്ല, ലൈബ്രറികളുടെ കുറവും ഇഷ്ടപുസ്തകം ലഭിക്കാനുള്ള കാലതാമസവുമൊക്കെ ആ മടുപ്പിന് കാരണമാണ്. എന്തുതന്നെയായാലും ആ ഇടത്തേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി മൂന്നു കൂട്ടുകാര്‍ ചേര്‍ന്നു തിരുവനന്തപുരത്ത് ഒരുഗ്രന്‍ ലൈബ്രറി ഒരുക്കിവച്ചിട്ടുണ്ട്. സുകേഷ് രാമകൃഷ്ണ പിള്ള എന്ന എൻജിനീയറുടെ മനസ്സില്‍ തോന്നിയ ആശയത്തിന് സൗഹൃദങ്ങളും പിന്തുണയേകിയതോടെ റജിസ്‌ട്രേഷന്‍ ഫീസോ വരിസംഖ്യയോ ഒന്നുമില്ലാത്ത വളരെ സ്വാതന്ത്ര്യത്തോടെ, സ്വസ്ഥതയോടെ ഇരുന്ന് പുസ്തകങ്ങള്‍ വായിക്കാനൊരിടമൊരുങ്ങി. 

library

 

സുകേഷ് സംസാരിക്കുകയാണ്:

വായനയോടുള്ള ഇഷ്ടം

library-1

കുഞ്ഞിലേ മുതൽ നന്നായി വായിക്കുന്നൊരാളാണ് ഞാന്‍. വീട്ടിലേക്കു പലഹാരപ്പൊതികള്‍ വാങ്ങുമ്പോൾ കിട്ടുന്ന പേപ്പറുകള്‍ പോലും വായിക്കാതെ കളയാറില്ലായിരുന്നു. മുതിര്‍ന്നപ്പോഴും ജീവിതം പലവഴികളിലേക്കു പോയപ്പോഴും ആ ശീലം എനിക്കൊപ്പമുണ്ടായിരുന്നു. വായന മനുഷ്യര്‍ക്കിടയില്‍ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അതെത്രമാത്രം പ്രധാനപ്പെട്ടതാണെന്നും മനസ്സിലാക്കിയതാണ്. അതുകൊണ്ട് എന്നും മനസ്സിലുണ്ടായിരുന്നതാണ് പുസ്തകങ്ങളുടെ ഒരിടം. എൻജിനീയറിങ് കഴിഞ്ഞ് പതിനേഴു വര്‍ഷത്തോളം കേരളത്തിനു പുറത്താണ് ജോലി ചെയ്തത്. പിന്നെ തിരിച്ചെത്തി സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡിൽ ജോലിക്കു കയറി. 

library-trivandrum

തിരുവനന്തപുരത്തേക്കു മടങ്ങി വന്നപ്പോള്‍ മനസ്സിലായ കാര്യം നല്ല പുസ്തകങ്ങള്‍ കിട്ടുന്ന ലൈബ്രറി തിരുവനന്തപുരത്തില്ലെന്നാണ്. നമുക്ക് ബ്രിട്ടിഷ് ലൈബ്രറി ഉണ്ടായിരുന്നു. അതു പോയതിനു ശേഷം പിന്നീടുള്ളത് പബ്ലിക് ലൈബ്രറിയാണ്. അവിടെ ധാരാളം പുസ്തകങ്ങളൊക്കെയുണ്ട്. പോയിരിക്കാനും നല്ല രസമുള്ള സ്ഥലമാണ്. പുസ്തകങ്ങളുടെ പ്രധാനപ്പെട്ട പേജ് കീറിയെടുക്കുക, തിരികെ ഏല്‍പിക്കാതിരിക്കുക, ചില പുസ്തകങ്ങള്‍ എത്ര കാത്തിരുന്നാലും കിട്ടാതിരിക്കുക തുടങ്ങിയവയെല്ലാം അവിടെ സ്ഥിരം പോകുന്നവര്‍ക്കെല്ലാം അനുഭവമുള്ളതാണ്. ഇവയൊക്കെയാണ് കുട്ടിക്കാലം മുതല്‍ മനസ്സിലുള്ള ആശയം പ്രാവര്‍ത്തികമാക്കാന്‍ ഊര്‍ജമായത്. ഈ വരുന്ന 26 ാം തീയതി മുതല്‍ തിരുവനന്തപുരത്തെ ശാസ്തമംഗലത്ത് റജിസ്‌ട്രേഷന്‍ ഫീസോ വരിസംഖ്യയോ ഇല്ലാത്ത ഞങ്ങളുടെ ബുക്‌സ് ആന്‍ഡ് ബിയോണ്ട് ലൈബ്രറി പ്രവര്‍ത്തനം തുടങ്ങും. പുസ്തകം വീട്ടില്‍ കൊണ്ടുപോയി വായിക്കുന്നതിനു മാത്രമാണ് ചെറിയൊരു ഫീസുള്ളത്. 

കൂടെക്കൂടി കൂട്ടുകാര്‍

ashok-prahladan
പ്രകാശ് എം.എ, അശോക് പ്രഹ്‌ളാദന്‍

സ്‌കൂളില്‍ സഹപാഠികളായിരുന്ന പ്രകാശ് എം.എ., അശോക് പ്രഹ്‌ളാദന്‍ എന്നിവരാണ് ലൈബ്രറിയുടെ സഹസ്ഥാപകര്‍. കൂടാതെ ഞങ്ങളുടെയെല്ലാം സുഹൃത്തുക്കള്‍ വലിയ രീതിയില്‍ പുസ്തകങ്ങള്‍ തന്ന് സഹായിച്ചു. മൂന്നു ലക്ഷത്തോളം രൂപയുടെ പുസ്തകങ്ങള്‍ ഞങ്ങള്‍ തന്നെ വാങ്ങി. കൂടാതെ പുസ്തകം തരാന്‍ മനസ്സുള്ളവരെ ലക്ഷ്യമിട്ട് ക്യാംപുകളും നടത്തി. സ്വസ്ഥമായിരുന്ന വായിക്കാന്‍, അങ്ങനെയൊരു മൂഡ് സൃഷ്ടിക്കാന്‍ പാകത്തിലുള്ള ഇന്റീരിയര്‍ ഡിസൈനിങ് ആണ് ലൈബ്രറിയിൽ ചെയ്തിരിക്കുന്നത്. എന്റെ തന്നെ ആശയമായിരുന്നു ലൈബ്രറിയുടെ ഇന്റീരിയര്‍ ഡിസൈന്‍. പഴമ നിലനിര്‍ത്തുന്ന അള്‍ട്രാ മോഡേണ്‍ ഡിസൈനാണ് ലൈബ്രറിക്ക് നല്‍കിയിരിക്കുന്നത്.

വായന മരിക്കുന്നില്ല, പക്ഷേ 

sukesh-library

കാലം ഇത്രയേറെ സാങ്കേതികമായി മുന്നേറിയിട്ടും വിനോദത്തിനും അറിവു നേടാനും മറ്റൊരുപാട് സാധ്യതകള്‍ മുന്നില്‍ വന്നിട്ടും മനുഷ്യര്‍ക്കിടയില്‍ ഒരിക്കലും വായന മരിച്ചിട്ടില്ല. എന്നാലും ഇന്നധികം പേര്‍ക്കും ഇ-റീഡിങ് ആണ്. കിന്‍ഡിലിലൊക്കെ വായിക്കുന്നവര്‍ കോടിക്കണക്കിനാണ്. പക്ഷേ ഒരു പുസ്തകം കയ്യിലെടുത്ത് പേജുകള്‍ മറിച്ചു നോക്കി വായിക്കുന്നതിലെ സുഖം അതിനുണ്ടാകില്ല. സൂക്ഷിച്ചു വയ്ക്കാനും വരും തലമുറയ്ക്ക് നല്‍കാനും പങ്കിടാനുമൊക്കെ നല്ലത് എന്നും ഹാര്‍ഡ് കോപ്പി തന്നെയാണ്. പുസ്തകങ്ങള്‍ എപ്പോഴും നല്ലൊരു സുഹൃത്തായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ടാണ് തിരക്കുകള്‍ക്കിടയിലും ഈ ഉദ്യമത്തിന് പുറപ്പെട്ടത്. ആര്‍ക്കും കടന്നുവരാനും നിബന്ധനകളേതുമില്ലാതെ പുസ്‌തകമെടുത്ത് എത്ര നേരം വേണമെങ്കിലും വായിക്കാനും സാധിക്കും. അങ്ങനെയുള്ള പുസ്തകപ്രേമികളെ കാത്തിരിക്കുകയാണ് ഞങ്ങള്‍.

Content Summary: Sukesh Ramakrishna Pillai has set up a library that offers to read books for free