പോക്കറ്റ് പെർഫ്യൂം പോലെ ‘പോക്കറ്റ് ഫുൾ ഓഫ് സ്റ്റോറീസ് 3.0’ ചെറു പുസ്തകം

HIGHLIGHTS
  • 400 അക്ഷരങ്ങളിൽ താഴെയുള്ള 400 ചെറുകഥകളാണ് ഇതിലുള്ളത്
  • 35,000 ചെറുകഥകളിൽ നിന്നാണ് ഇവ തിരഞ്ഞെടുത്തത്
pocket-full-of-stories-by-durjoy-datta
ദുർജോയ് ദത്ത
SHARE

നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്താണു പ്രണയം സംഭവിക്കുന്നത്. അങ്ങനെ സംഭവിച്ച പ്രണയത്തിന്റെ കൊച്ചു കഥകളാണു ‘പോക്കറ്റ് ഫുൾ ഓഫ് സ്റ്റോറീസ് 3.0’ എന്ന പുസ്തകം. പ്രമുഖ പെർഫ്യൂം ബ്രാൻഡായ ഐടിസി ‘എൻഗേജും’ ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരൻ ദുർജോയ് ദത്തയും ചേർന്ന അവതരിപ്പിക്കുന്ന മൂന്നാമത്തെ ചെറു പ്രണയ കഥകളുടെ പുസ്തകമാണ് ‘പോക്കറ്റ് ഫുൾ ഓഫ് സ്റ്റോറീസ്’.

ആരെയും പ്രണയാതുരമാക്കുന്ന കൊച്ചിയുടെ കായൽ പശ്ചാത്തലത്തിലാണു കഴിഞ്ഞ ദിവസം പുസ്തകം പ്രകാശനം ചെയ്തത്. #RomanceUnlocked എന്ന ഹാഷ്ടാഗിൽ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവച്ച 400 അക്ഷരങ്ങളിൽ താഴെയുള്ള 400 ചെറുകഥകളാണു ‘പോക്കറ്റ് ഫുൾ ഓഫ് സ്റ്റോറീസി’ലുള്ളത്. ഒപ്പം, ദുർജോയ് ദത്തയെഴുതിയ ചെറു പ്രണയ കഥകളും. പുസ്തകത്തെ കുറിച്ചും  തന്റെ കഥയെഴുത്തിനെ കുറിച്ചും ദുർജോയ് ദത്ത സംസാരിക്കുന്നു.

? പ്രണയത്തെ കുറിച്ചു കഥയെഴുതാൻ എഴുത്തുകാരനും ഒരു പ്രമുഖ പെർഫ്യൂം ബ്രാൻഡും ഒരുമിക്കുക. ആ ഐഡിയ തന്നെ രസകരമാണല്ലോ?

∙ ദുർജോയ് ദത്ത: ലോക്ഡൗൺ സമയത്ത് എല്ലാം അടച്ചുപൂട്ടി. എന്നാൽ അടച്ചു പൂട്ടാത്തത് ഒരു കാര്യം മാത്രമായിരുന്നു– പ്രണയം. ആളുകൾ അപ്പോഴും പ്രണയിച്ചു കൊണ്ടിരുന്നു. യഥാർഥത്തിൽ ആളുകൾ പ്രണയിക്കാൻ പുതിയ വഴികൾ കണ്ടെത്തുകയായിരുന്നു. അതുകൊണ്ടാണ്  ഞങ്ങൾ ഈ വിഷയം തന്നെ തിരഞ്ഞെടുത്തത്.

? ഒട്ടേറെ കഥകൾക്കും സിനിമകൾക്കും പ്രമേയമായിട്ടുള്ളതാണു പ്രണയം. എന്താണ് ഈ പ്രണയ പുസ്തകത്തിന്റെ പ്രത്യേകത?

∙ ദുർജോയ് ദത്ത: പ്രണയിക്കുന്ന ഓരോരുത്തരും കരുതുന്നത് അവരുടെ പ്രണയം അതിവിശിഷ്ടമായതാണ്. അത് അങ്ങനെ തന്നെയാണ്. എന്നാൽ എല്ലാവർക്കും കഥയെഴുതാനോ പുസ്തകമെഴുതാനോ കഴിയില്ല. അവർക്കു ഞങ്ങൾ ഒരു വേദി നൽകുകയായിരുന്നു. അവരുടെ പ്രണയ കഥകൾ ചുരുക്കം വാക്കുകളിൽ പറയുന്നു. തികച്ചും വ്യത്യസ്തമാണ് ഓരോരുത്തരും പറയുന്ന കഥകൾ. പ്രണയിക്കുന്നവരുടെ മനസ്സ് ഈ പുസ്തകത്തിൽ കാണാം.

? ഡിജിറ്റൽ കാലത്തെ പ്രണയത്തെ കുറിച്ച്?

∙ ദുർജോയ് ദത്ത: ഞാനെന്ന എഴുത്തുകാരൻ എപ്പോഴും ചിന്തിക്കുന്നതു പ്രണയത്തെ കുറിച്ച് എല്ലാം അറിയാമെന്ന രീതിയിലാണ്. എന്നാൽ നമ്മൾ കരുതുന്നതു പോലെയല്ല പലപ്പോഴും നടക്കുന്നത്. ഇപ്പോൾ പ്രണയവും വിരഹവും വേർപിരിയലുമെല്ലാം സംഭവിക്കുന്ന ഡിജിറ്റൽ സ്പേയ്‌സിലാണ്. അതുകൊണ്ടു തന്നെ ആ കഥകൾ വായിക്കുകയെന്നത് രസകരമാണ്. ഓരോ കഥയും ഓരോ വെളിപ്പെടുത്തലുകളാണ്.

? 35,000 ചെറുകഥകളിൽ നിന്നു തിരഞ്ഞെടുത്ത 400 ചെറുകഥകളാണു പുസ്തകത്തിലുള്ളത്. എത്ര കഠിനമായിരുന്നു ഈ തിരഞ്ഞെടുപ്പ്?

∙ ദുർജോയ് ദത്ത: 2 വർഷത്തോളം നീണ്ടു നിന്ന പ്രക്രിയയായിരുന്നു ഇത്. ആയിരക്കണക്കിനു കഥകൾ പുസ്തകത്തിൽ ഉൾപ്പെടുത്താമായിരുന്നു. ഓരോ കഥകൾക്കും പറയാൻ ഒട്ടേറെ കാര്യങ്ങളുണ്ടായിരുന്നു. വായിച്ചപ്പോൾ നല്ലതെന്നു തോന്നിയതിൽ, മനസ്സിൽ ഏറെ തങ്ങി നിന്ന കഥകളാണു പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

? പുതുതലമുറയുടെ എഴുത്തിനെ കുറിച്ച്

∙ ദുർജോയ് ദത്ത: എഴുത്തുകാരനേക്കാൾ ഞാനൊരു വായനക്കാരനാണ്. ഞാൻ എന്തു വായിക്കാൻ ഇഷ്ടപ്പെടുന്നുവോ അതാണു ഞാൻ എഴുതുന്നത്. എന്റെ എഴുത്തു രീതിയെന്നു പറയുന്നത് 80% വായനയും 20% എഴുത്തുമാണ്.

? എഴുത്തിലെ രാഷ്ട്രീയത്തെയും നിലപാടുകളെയും കുറിച്ച്

∙ ദുർജോയ് ദത്ത: രാഷ്ട്രീയമായ ഭിന്നാഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള ഏറ്റവും നല്ല ഇടമാണു പുസ്തകങ്ങൾ. രണ്ടു കഥാപാത്രങ്ങൾക്കു വ്യത്യസ്തമായ അഭിപ്രായം ഉണ്ടാകാം. നമ്മൾ ചെയ്യുന്നതും പറയുന്നതുമായ എന്തു കാര്യങ്ങളിലും രാഷ്ട്രീയമുണ്ടാകാം. എന്നാൽ പുസ്തകത്തിലെ ഒരു കഥാപാത്രത്തിന്റെ അഭിപ്രായം എഴുത്തുകാരന്റേതായി തെറ്റിദ്ധരിക്കപ്പെടാൻ വലിയ സാധ്യതയുണ്ട്.

English Summary: Indian English writer Durjoy Datta on new book pocket full of stories

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
FROM ONMANORAMA