ADVERTISEMENT

പുതുകാല മലയാളസാഹിത്യത്തിൽ സ്വതസിദ്ധമായ ശൈലിയിലൂടെ ഇടംകുറിച്ച എഴുത്തുകാരനാണ് കെവി മണികണ്ഠൻ. അതേ വ്യതിരിക്തത തന്റെ പുതിയ നോവലായ IIT മദ്രാസിലും കെവി മണികണ്ഠൻ കാത്തുസൂക്ഷിക്കുന്നുണ്ട്. IIT മദ്രാസിനെക്കുറിച്ചും എഴുത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചും കെവിയുമായി വിപിൻ ദാസ് നടത്തിയ അഭിമുഖം.

 

 

IIT മദ്രാസിലെ കാട്ടാളനിർമ്മിതിയുടെ ചരിത്രം എങ്ങനെയായിരുന്നു? കെവി മണികണ്ഠനെന്ന എഴുത്തുകാരനെ സൃഷ്ടിക്കുന്നതിൽ മദ്രാസ് നഗരത്തിന് എന്തെങ്കിലും പങ്കുണ്ടോ?

 

സിനിമാ പരസ്യ മേഖലകളിൽ -എനിക്കൊട്ടും പരിചിതമല്ലെങ്കിലും- വായിച്ചറിഞ്ഞ ഒരു അറിവുണ്ട്. അത് സെറ്റും റിയലും തമ്മിലുള്ള അന്തരമാണ്. നല്ലൊരു സെറ്റിടൽ ആർട്ട് ഡയറക്ടറുടെ കഴിവാണ്. എന്നാൽ സെറ്റിട്ട് ഉണ്ടാക്കുന്നതും ഒറിജിനൽ ഷൂട്ടും തമ്മിൽ ഒരു വ്യത്യാസമുണ്ട്. ഒരുദാഹരണം പറയാം. സക്കീർ ഹുസൈന്റെ തബല വായന ഇഷ്ടം പോലെ യുട്യൂബിൽ കാണാറുണ്ട്. അപ്പോഴൊക്കെ ആ  മാസ്മരികത്വത്തിനുമുന്നിൽ എണീറ്റു നിന്ന് തൊപ്പിയൂരി സലാം വയ്ക്കുന്നവനാണ് ഞാൻ. ഒരിക്കലൊരു ഐഎഫ്എഫ്കെ ഉദ്ഘാടനത്തിന് -2014 എന്ന് തോന്നുന്നു- സക്കീർ ഹുസൈന്റെ തബല കനകക്കുന്നിൽ നേരിട്ട് കണ്ടു കേട്ടു അനുഭവിച്ചു. ഭാവനകൾക്കപ്പുറത്തുള്ള ഒരു ലോകത്തിൽ എത്തിയ പ്രതീതിയായിരുന്നു. വശീകരിക്കപ്പെട്ടു പോയി ആ ലൈവ് പെർഫോർമൻസിനു മുന്നിൽ. വിപിനു മനസിലാകുമോ എന്നറിയില്ല, റെക്കോഡഡ് ഐറ്റത്തിനും ലൈവിനുമിടയിൽ നഷ്ടപ്പെടുന്ന ഒന്നുണ്ട്‌. അത് എന്താണെന്ന് നിർവചിക്കാൻ പറ്റില്ല. അന്ന് ആ സക്കീർ ഹുസൈന്റെ ലൈവ് ഇന്ദ്രജാലത്തിനു മുന്നിൽ എനിക്കൊരുകാര്യം മനസിലായി. സെറ്റ് സെറ്റും ഒറിജിനൽ ഒറിജിനലും ആണ്. ആ നിലയിൽ നോക്കുമ്പോൾ ഒരു എഴുത്താളെ (Writer) പരുവപ്പെടുത്തുന്നതിൽ അയാൾ ജീവിച്ച ഇടങ്ങൾക്ക് പങ്കുണ്ട്. ഉണ്ടാകും എന്ന് ഉറപ്പാണ്. നമ്മൾ (എഴുത്താൾ) ഇതുവരെ കാണാത്ത, പോകാത്ത, അനുഭവിക്കാത്ത ഒരു ഇടത്തെ (space) എഴുതിഫലിപ്പിക്കുന്നത് എളുപ്പമല്ല. സെറ്റിട്ടതാണെന്ന് വായിക്കുന്ന ഒരാൾക്കെങ്കിലും തോന്നിപ്പിച്ചാൽ അത് പരാജയമാണ്. 

 

കാട്ടാളനിർമ്മിതിയിൽ (നിങ്ങളുദ്ദേശിച്ചത് വർഗീസ് & ജെന്നി എന്ന കാട്ടാളൻസിനെയെന്ന് കരുതുന്നു) എന്ന ചോദ്യത്തിന് എന്റെ ഗ്രാമമായ പോട്ടയ്ക്കാണ് പങ്ക്. കാട്ടാളനിർമ്മിതിയേക്കാൾ കാക്കിയാകണം മദ്രാസ് നിർമ്മിതി. ഐഐടി എന്ന മഹാ കാമ്പസിനുള്ളിൽ ആറേഴുമാസം നിത്യസന്ദർശകനായിരുന്നതിന്റെ ഒരു ഉപോല്പന്നം എന്ന് പറയാം.

 

അപസർപ്പകസാഹിത്യമേഖലയിൽ മലയാളം ഇന്നും അധികമൊന്നും മുന്നേറിയിട്ടില്ലെന്ന് പറയാൻ കഴിയുമോ? പ്രത്യേകിച്ചും പാശ്ചാത്യകൃതികളുമായി താരതമ്യപ്പെടുത്തിയാൽ?

 

ഈ ചോദ്യത്തിന്റെ ഉത്തരം അപസർപ്പകസാഹിത്യമേഖല എന്ന വാക്കുകൊണ്ട് വിപിൻ ഉദ്ദേശിക്കുന്നത് എന്ത് എന്നതിനെ ആശ്രയിച്ചിരിക്കും. പൊതുവെ നമ്മൾ കരുതിപ്പോരുന്ന അപസർപ്പക ധാര കോട്ടയം പുഷ്പനാഥ്, ബാറ്റൺ ബോസ് മുതലായവർ തുടങ്ങിവച്ച, ലക്ഷ്യം കണ്ട ഒന്നാണെങ്കിൽ അതിനു ലക്ഷകണക്കിനു വായനക്കാരുണ്ട്. അത് സെറ്റ് ചെയ്തിരിക്കുന്ന ഗോൾ പ്രകാരം അവ സമ്പൂർണ്ണവിജയം കണ്ടവയുമാണ്. അവർക്ക് ശേഷം ഉറങ്ങിക്കിടന്നിരുന്ന ആ മേഖല അടുത്ത കാലത്തായി ഉണർന്നിട്ടുമുണ്ട്. അതുകൊണ്ട് അപസർപ്പകമേഖല മലയാളത്തിൽ മുന്നേറിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അടുത്തകാലത്തായി ഉണ്ട് എന്ന് തന്നെ ആണുത്തരം.

 

iit-madras

ഇനി സാഹിത്യപരമായി, കലാപരമായി മുന്നേറിയിട്ടുണ്ടോ എന്നാണ് ചോദ്യമെങ്കിൽ ഇല്ല എന്നാണ് ഉത്തരം. മുഖ്യധാരാ സാഹിത്യത്തിൽ അപസർപ്പക തീം വരുന്ന ഒന്നും മലയാളത്തിൽ എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. അതെന്തോ രണ്ടാംകിട ആണെന്ന തോന്നൽ പൊതുവെ രൂഢമൂലമാണ്. ബാലസാഹിത്യം പോലെ. കലാപരമായ ഔന്നിത്യം ഉള്ള അപസർപ്പകം, ബാലസാഹിത്യം ഇവ സൃഷ്ടിക്കാൻ മുഖ്യധാരക്കാർ ഭയക്കുന്നതുകൊണ്ടോ അല്ലെങ്കിൽ കേവല ഉദ്വേഗജനകത്വത്തിനപ്പുറം മറ്റ് ആർട്ട് ക്വാളിറ്റികൾ ഈ മേഖലയിൽ ആവശ്യമില്ല എന്ന് അപസർപ്പക രചയിതാക്കൾ വിശ്വസിക്കുന്നതുകൊണ്ടോ എന്നറിയില്ല ഈ ഴോണർ ഒരു ലെവലിൽ തന്നെ നിൽക്കുകയാണ്. (ആ ലെവലിൽ അവർ സെറ്റ് ചെയ്യുന്ന ടാർഗറ്റിൽ കൃത്യമായി കൊള്ളുന്നുണ്ട്, അതിനാൽ തന്നെ അവ വിജയവുമാണ്.) ഇതിനെ ഇകഴ്ത്തിപ്പറയലായി കരുതരുത്. ലക്ഷ്യത്തിൽ തറച്ച അമ്പുകളാണവ. 

 

പല അടരുകളുള്ളതോ പുനർവായനയ്ക്കുതകുന്നതോ വ്യത്യസ്തവായനകൾ സാധ്യമായതോ ആയ ത്രില്ലറുകൾ കുറെ വരട്ടെ. അപ്പോൾ ഈ ചോദ്യത്തിന് ഒരു പോസറ്റീവ് ഉത്തരം നൽകാൻ സാധിക്കും.

 

IIT മദ്രാസ് എഴുതുമ്പോൾ ഭാഷാപരമായും ഘടനാപരമായും ലാളിത്യവും എന്നാൽ മികവും ഒരുമിച്ചു പുലർത്തുന്നതിനായി പ്രത്യേകിച്ചൊരു ശ്രദ്ധ കരുതിയിരുന്നോ? നീലിമദത്തയിലെയോ മൂന്നാമിടങ്ങളിലേയോ ഭാഷാസ്വാധീനമോ പൊടിപ്പുകളോ മദ്രാസ്സിൽ കാണാനിടയായില്ല.

 

IIT യുടെ നരേഷൻ ടെക്നിക്ക് ആയി കൈകൊണ്ടിട്ടുള്ളത് അതാത് ഭാഗങ്ങളിൽ വരുന്ന കഥാപാത്രങ്ങളുടെ ഒരു സ്റ്റൈൽ ഓഫ് ലാംഗ്വേജിന്റെ നിഴൽ തേഡ് പാർട്ടി നരേഷനിലും സ്വാഭാവികമായി ബ്ലെൻഡ് ചെയ്യിപ്പിച്ചു കൊണ്ടാണ്. മുഴച്ചു നിൽക്കാതെ അത് ചെയ്യാനായി എന്നതിൽ സംതൃപ്തിയുണ്ട്. വിപിന് അറിയാം എന്ന് കരുതുന്നു സിമ്പിൾ ആയി - ലളിതമായി- സീരിയസ് കാര്യങ്ങൾ പറയുക എളുപ്പമേയല്ലല്ലോ. അതിനാൽ അതീവശ്രദ്ധയോടെ ഉണ്ടാക്കിയ അശ്രദ്ധയെന്ന തോന്നിപ്പിക്കലിനായി പണിയെടുത്തിട്ടുണ്ട് വളരെ. ആ ലാളിത്യം ഈ നോവലിന്റെ നരേഷൻ ഡിമാൻഡ് ചെയ്യുന്നുണ്ട്. ഒറ്റയിരിപ്പിൽ ഇത് വായിച്ചു തീർക്കാതെ ഒരാൾ എണീറ്റ് പോകരുത് എന്ന ലക്ഷ്യം ഈ നരേഷൻ മാർഗ്ഗത്തെ സാധൂകരിക്കുന്നില്ലേ? 

 

പിന്നെ ഭാഷാസ്വാധീനം എന്ന വാക്കിൽ വിപിനുദ്ദേശിക്കാത്ത ഒരു തെറ്റുണ്ട്. നവീനം എന്നോ വരേണ്യം എന്നോ ‘സ്വാധീനമുള്ള’ ഭാഷയെ വിശേഷിപ്പിക്കുന്ന പോലെ.

  

നീലിമദത്തയുടെ ഒക്കെ ക്രാഫ്റ്റ് ഡിമാൻഡ് ചെയ്യുന്നത് വേറെ തലത്തിലുള്ള സ്റ്റൈൽ ആണല്ലോ. അതല്ലല്ലോ ‘വിയർത്ത് നിൽക്കുന്നവരോട് ചോദിക്കൂ ഇടയ്ക്ക് വീശിയ കാറ്റിനെക്കുറിച്ച്’ എന്ന കഥാപരിസരം ഡിമാൻഡ് ചെയ്യുന്നത്. IIT ലെ തന്നെ കാക്കി എന്ന രണ്ടാം ഭാഗത്തിലെ നരേഷനും വേറെ അല്ലേ? 

 

മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണ്. പ്രകൃതിയോടുള്ള അഭേദ്യമായ മനുഷ്യബന്ധത്തെ ഏറ്റവും മനോഹരമായി അടുക്കിവെച്ച കൃതികൂടിയാണ് IIT മദ്രാസ്. പ്രകൃതിയുടെ വന്യതകൾ എഴുതുമ്പോൾ സ്വയം ആഴ്ന്നിറങ്ങിയ ഒരു പ്രതീതി എഴുത്തുകളിൽ അനുഭവപ്പെടാറുണ്ട്?  IIT മദ്രാസ് നോവലിലും എഴുത്തിലും എഴുത്തിനപ്പുറവും പ്രകൃതിയോട് എങ്ങനെ താദാത്മ്യപ്പെടുന്നു?

 

ഞാൻ ഒരു ഫേക്ക് മനുഷ്യൻ ആണെന്ന് സത്യസന്ധമായി വിലയിരുത്തുന്നവനാണ് ഞാൻ. എന്റെ ഇഷ്ടങ്ങൾ ഒക്കെ ഫാന്റസികൾ മാത്രമാണ്. ജീവിതത്തിൽ വെറും ‘മെറ്റീരിയലിസ്റ്റിക് ഊള’ എന്ന് എന്നെ വിശേഷിപ്പിക്കാം. ഇതു പറയുമ്പോൾ ആ സത്യസന്ധതയെ നിങ്ങൾ മാനിക്കണം. പ്രകൃതിയോട് താദാത്മ്യപ്പെടൽ ഒക്കെ ലൈഫിൽ ടെമ്പററി ആയിമാത്രം പറ്റുന്നതും എഴുത്തിൽ നന്നായി ഫലിപ്പിക്കാൻ പറ്റുന്നതുമാണ് എനിക്ക്. ഈയടുത്ത് തിരുവനന്തപുരം പേപ്പാറ ഡാമിൽ കൊടുംകാട്ടിൽ ഒരു പകലും രാത്രിയും കൂട്ടുകാരോടൊത്ത് ചിലവഴിച്ചു. സൂപ്പർ ആയിരുന്നു. എന്നാൽ ഒരു രാത്രി മാത്രമേ സൂപ്പർ എന്ന് പറയൂ. നമുക്ക് നമ്മുടെ കമ്പ്ലീറ്റ് സൗകര്യങ്ങളുള്ള ഭൗതിക ജീവിതമേ പറ്റൂ. മറ്റേതൊക്കെ എഴുത്തിൽ മാത്രം. എത്ര ആഴ്ന്ന് എഴുതുന്നവരുടെയും എഴുതി നമ്മളെ ആ വർണ്ണനയിൽ ആറാടിക്കുന്നവരുടെയും ഒക്കെ കാര്യം ഇത്രയെ ഉണ്ടാകൂ. യഥാർഥത്തിൽ പ്രകൃതിയെ അറിയുന്നവർ എഴുതി ആൾക്കാരെ പറ്റിക്കില്ല. അവർക്കത് അവരുടെ മാത്രം ഒരു ആത്മീയാനുഭൂതി ആയിരിക്കും. എസിയിൽ ഇരുന്ന് IIT ലെ കാടിനെപ്പറ്റി എഴുതുന്ന ഞാൻ ഫേക്ക് തന്നെ. എഴുത്താളരും എഴുത്തും തമ്മിൽ അത്രയൊന്നും‌ം ബന്ധം ഉണ്ടെന്ന് ഊഹിക്കരുത്. 

 

എഴുത്തുകാരനും വായനക്കാരനും മുൻധാരണകളുടെ നൂൽപ്പാലത്തിൽ സഞ്ചരിക്കുന്ന പുത്തൻപ്രവണതയെ എങ്ങനെ വിലയിരുത്തുന്നു?

vipin-das
വിപിൻ ദാസ്

 

വളരെ മോശം എന്ന് വിലയിരുത്തുന്നു. മുൻ ധാരണ എന്ന് വിപിൻ ഉദ്ദേശിക്കുന്നത് ‘ഇന്ന ആൾ അല്ലേ എഴുതിയത്’ എന്നതാണെന്ന് മനസിലായി.

എന്തെഴുതുന്നു എന്നതിനേക്കാൾ ആരെഴുതുന്നു എന്നതിന് പ്രാധാന്യം വന്നതാണീപ്പറയുന്ന അവസ്ഥയ്ക്ക് കാരണം. ചട്ടകീറിപ്പോയ പുസ്തകം നാളെ ഒരു റീഡർക്ക് കിട്ടിയാൽ, വായിച്ചാൽ അവിടെ മുൻവിധിക്ക് എന്ത് പ്രസക്തി?

 

ഈ ചോദ്യത്തിന് അക്കാദമിസ്റ്റുകൾക്ക് വളരെ ആഴത്തിൽ ഉത്തരം പറയാൻ സാധിക്കുമായിരിക്കണം. എന്നെ സംബന്ധിച്ച് ഈ മുൻ വിധി വലിയൊരു ദോഷം ഉണ്ടാക്കുന്നുണ്ട്. ഒരു എഴുത്താളുടെ ശരാശരിക്ക് താഴെയുള്ള സൃഷ്ടി വായിക്കാനിടയായാൽ അയാളെ അമ്പേ ഉപേക്ഷിക്കുക എന്ന സ്വഭാവം എനിക്കുണ്ട്. എനിക്ക് മാത്രമല്ല മിക്കവാറും വായനക്കാർക്കും അതുണ്ടെന്ന് എനിക്കറിയാം. മുൻവിധി കൊണ്ട് എനിക്കുള്ള ഒരു ദോഷം ആയി അതാണെന്നെ ബാധിക്കുന്ന ഒരേ ഒരു കാര്യം.

  

അലങ്കാരചമത്കാരങ്ങൾ ഗദ്യസാഹിത്യത്തിൽ എത്രത്തോളം ആവശ്യമാണ്? ഉപമോത്പ്രേക്ഷകളും അർഥാന്തരന്യാസങ്ങളും ഉല്ലേഖങ്ങളും കവിതയിലേതെന്ന പോലെ ഗദ്യത്തിലും അനുവർത്തിക്കേണ്ട ആവശ്യമുണ്ടോ?

 

എന്റെ ഉത്തരം ആവശ്യമില്ല എന്ന് തന്നെയാണ്. ഇത് ഞാൻ എനിക്ക് കിട്ടിയ അവസരങ്ങളിലൊക്കെ പറഞ്ഞിട്ടുള്ളതാണെങ്കിലും ആവർത്തിക്കട്ടെ, നല്ല വായനക്കാരോട് ഏറ്റവും ഇഷ്ടപ്പെട്ട പത്ത് കഥ പെട്ടന്ന് പറയാൻ പറഞ്ഞാൽ അവയിൽ എട്ടെണ്ണവും സിംമ്പിൾ സ്ട്രെയ്റ്റ് നരേഷൻ ആയിരിക്കും. കണ്ടന്റിലോ തീമിലോ കാര്യമായതൊന്നുമില്ലെങ്കിൽ ഉപയോഗിക്കേണ്ടി വരുന്ന ഒന്നായേ ഞാനതിനെ കാണുന്നുള്ളൂ. ഭഗവതിയുടെ ജട എന്ന കഥയിൽക്കൂടി ഇത് വ്യക്തമാക്കാ‌ൻ ശ്രമിച്ചിട്ടുണ്ട് ഞാൻ.

 

അതിനോട് ചേർത്തുവെക്കാവുന്ന ചോദ്യമാണ് എഡിറ്റിങ് ആവശ്യകത. ലോകത്തെ മറ്റിടങ്ങളിൽ സ്വന്തം കൃതി ഒരു വിദഗ്ധകരത്തിൽ എഡിറ്റിങ്ങിന് വിധേയമാക്കാൻ എഴുത്തുകാരൻതന്നെ നൽകുമ്പോൾ മലയാളത്തിൽ ഇപ്പോഴും സ്വന്തം കൃതി എഡിറ്റിങ്ങിന് വിധേയമാക്കാൻ പല എഴുത്തുകാരും മടിക്കുന്നത് എന്തുകൊണ്ടാകും? എഡിറ്റിങ് പോരായ്മകൾകാരണം മുതിർന്ന എഴുത്തുകാരുടെ പുസ്തകങ്ങളിൽപോലും ബാലിശമായ വ്യാകരണപിഴവുകളും ശൈലീഭംഗങ്ങളും വന്നുപെടുന്നത് ഇപ്പോൾ സാധാരണമാണല്ലോ.

 

ഇതിനുത്തരം പറയാതെ ഇരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഒരിക്കൽ പറഞ്ഞതിന്റെ ക്ഷീണം തീർന്നിട്ടില്ല. ഈ എഡിറ്റിംങ് പ്രാധാന്യം മലയാളത്തിൽ അങ്ങനെ പ്രചാരത്തിൽ വന്നിട്ടുമില്ല. എഴുത്തുകാർ സ്വയം എഡിറ്റർ ആയി പണി ചെയ്യുന്നുണ്ടാകും എന്ന് വിശ്വസിക്കുക മാത്രമേ തരമുള്ളൂ. എഴുത്തുകാരേക്കാൾ പ്രസാധകർക്ക് കൺസേൺ വേണ്ട ഒരു മേഖലയാണിത്. മാർക്വേസും, ഹെമിംഗ് വേയും വരെ അവരുടെ എഡിറ്റർമാരെപ്പറ്റി പറഞ്ഞിട്ടുണ്ടല്ലോ. നമ്മൾക്കിതിപ്പോഴും ‘എന്റെ എഴുത്തിൽ കൈവെയ്ക്കാൻ വേറെ ഒരാളോ? നോ വേ!’ എന്ന ആറ്റിറ്റ്യൂഡ് ആണ്. എന്നെ‌ സംബന്ധിച്ചാണെങ്കിൽ ഒരു അഞ്ചോ ആറോ എഡിറ്റർമാരുണ്ട്. ആത്മസുഹൃത്തുക്കളും എഴുത്തുകാരുമാണവർ. അവരുടെ നിശിതമായ എഡിറ്റിംങ് ഞാൻ അഡ്രസ്സ് ചെയ്യാറുണ്ട്. 

 

ഞാൻ എഡിറ്റിങ് ജോലി പ്രൊഫഷണലായി ചെയ്യാറുണ്ട്. രണ്ട് വർഷത്തിനിടെ ഇരുപതോളം പുസ്തകം ചെയ്തിട്ടുണ്ട്. നന്നായി എഡിറ്റ് ചെയ്യുന്ന മൂന്നോ നാലോ പ്രഫഷണൽ എഡിറ്റർമാരും ഇന്ന് എനിക്ക് സുഹൃത്തുക്കളായുണ്ട്. അവർക്കെല്ലാം കൈ നിറയെ വർക്കുകളുമുണ്ട്. ആയതിനാൽ ഈ മേഖല മലയാളി എഴുത്തുകാരും പതുക്കെ സ്വീകരിച്ച് വരുന്നതായി ഒരു തോന്നലുണ്ട്.

 

മതം, കക്ഷിരാഷ്ട്രീയം, സമുദായം എന്നിങ്ങനെ മനുഷ്യനെ ഭിന്നിപ്പിക്കുന്ന ഏതെങ്കിലുമൊന്നിന്റെ ഭാഗമാകേണ്ടത് എഴുത്തുകാരനെസംബന്ധിച്ചിടത്തോളം നിർബന്ധമാണെന്ന് തോന്നിയിട്ടുണ്ടോ? ഇടതുപക്ഷ അനുഭാവികളെ മാത്രം സാഹിത്യകാരന്മാരായി കാണുന്ന പ്രവണത അറിഞ്ഞോ അറിയാതെയോ ഇവിടെ രൂഢമൂലമാണെന്ന് അനുഭവപ്പെട്ടിട്ടുണ്ടോ?

 

ഒന്നിന്റേയും ഭാഗമാകേണ്ടതില്ല സാഹിത്യകാരി/കാരൻ. എഴുതുന്നവർക്ക് ഫൗണ്ടേഷൻ ആയി ഒരു വലിയ വായന ഉണ്ടാകുമല്ലോ? അങ്ങനെ വായന ഉള്ള ഒരാൾ മാനവികാവാദി ആകാതെ തരമില്ലല്ലോ. എന്നാലത് മുദ്രാവാക്യമായി എഴുത്തിൽ വരുന്നത് കലാപരമായ വീഴ്ചയായി കാണുന്ന ഒരാളാണു‌ ഞാൻ. സ്വയമേവ ബ്ലെൻഡഡ് ആയി അത് വരും. അതിനേ കലാമൂല്യം ഉണ്ടാകൂ എന്ന പക്ഷക്കാരനാണു‌ ഞാൻ. സോദ്ദേശസാഹിത്യം ചില കാലഘട്ടത്തിൽ അനിവാര്യമാകാം. എന്നാലത് ഡയറക്റ്റ് ആകുമ്പോൾ കലാപരമായി താഴുന്നു.

 

പിന്നെ ഇടതുപക്ഷാനുഭാവികളെ മാത്രം സാഹിത്യകാരായി കാണുന്നു എന്ന് പറയുന്നതെന്തിനാണ്. മാനവപക്ഷാനുകൂലികളെ എന്ന് തിരുത്തിയാൽ അത് ശരിയാകുമെന്ന് തോന്നുന്നു. എഴുത്തിനു പുറത്ത് അവർ യുഡിഎഫോ, എൽഡിഎഫോ, ബിജെപിയോ എന്ന് എണ്ണുന്നതെന്തിനാണ്? സ്ഥാനമാനങ്ങൾ കിട്ടാൻ എന്ന ആരോപണമാണീ ചോദ്യത്തിനു പിന്നിൽ എങ്കിൽ 50:50 ഭരണപങ്കിടൽ കാലങ്ങളായി നടന്ന കേരളത്തിൽ മൊത്തം എഴുത്തുകാർ ഇടതർ ആകുമായിരുന്നോ? ചിന്തനീയമായ ഒന്നല്ലേ ഇത്. എഴുത്തുകാർ വലതന്മാരാകാൻ പാടാണ്. സാധിക്കുമെന്ന് തോന്നുന്നില്ല എന്നേ പറയാൻ കഴിയൂ. 

 

ആധുനികത ക്രാഫ്റ്റിങ്ങിലെ ഞാണിന്മേൽകളിയായി മാത്രം തെറ്റിദ്ധരിച്ചിരിക്കുന്ന എഴുത്തുകാരോട് എന്തെങ്കിലും ഉപദേശമുണ്ടോ? വായനക്ഷമതകൂടാതെ ഒരു നല്ല കൃതിയെ വിലയിരുത്തുന്ന ഘടകങ്ങൾ എന്തൊക്കെയാണ്.?

 

ആധുനികതാകാലത്തെ എഴുത്തുകാരോട് ഞാൻ എന്തുപദേശിക്കാൻ. അക്കാലത്ത് ദുർഗ്രാഹ്യത ഒരു തരംഗമായിരുന്നു എന്നറിയാം. മേതിലിന്റേത് ഒഴികെ അക്കാലത്തെ എഴുത്ത് ഇന്ന് ആരാണ് വായിക്കുന്നത്. ആ മേതിൽ ഒരു അഭിമുഖത്തിൽ എന്നോട് പറഞ്ഞത്: ‘‘വളരെ കൃത്യമായി പറഞ്ഞാൽ മലയാളത്തിൽ ആധുനികതാ പ്രസ്ഥാനം തികച്ചും ഉണ്ടായിട്ടില്ല. സാധ്യതയുടെ ചില കൃത്യമായ സൂചനകളും അടയാളങ്ങളും ഉണ്ടായിരുന്നു. ചിലപ്പോൾ തയ്യാറെടുപ്പിന്റെ ചില സ്ഫുരണങ്ങൾ പോലും. പക്ഷേ, മൊത്തത്തിൽ, അലസിപ്പോയൊരു പ്രസ്ഥാനമാണത്.’’

 

എഴുത്തിൽ റിട്ടയർമെന്റ് ആവശ്യമാണോ?

 

ഇതൊരു വൻ ചോദ്യമാണ്. ഉത്തരം വളരെ പേഴ്സണലും ആണ്. എന്നെ സംബന്ധിച്ച് ഒരു തീം എഴുതാൻ തീരുമാനിച്ച് ഇങ്ങനെ ആക്കാം എന്നുറപ്പിച്ച് എഴുതിത്തുടങ്ങുന്ന സമയത്ത് അതിനൊരു കുതറിപ്പോക്കുണ്ട്. എന്റെ എല്ലാ മുന്നൊരുക്കങ്ങളേയും പദ്ധതികളേയും തരിപ്പണമാക്കിക്കൊണ്ട്. ഇതുവരെ അങ്ങനെയാണ് കണ്ടുവന്നിട്ടുള്ളത്. ആ കുതറൽ ഒക്കെ ഇതുവരെ നല്ലതായേ സംഭവിച്ചിട്ടുള്ളൂ. ഇത് എന്ന് നിലയ്ക്കുന്നുവോ അന്ന് എന്റെ റിട്ടയർമെന്റാണ്. ഇതേ ഇതിനെക്കുറിച്ച് എനിക്ക് പറയാനുള്ളൂ. പ്ലാൻ ചെയ്ത് ഓരോ വാക്കും മനസിലുരുവിട്ട് പകർത്തി എഴുതുന്ന പ്രഗത്ഭരുണ്ട്. എന്റെ സുഹൃത്തുക്കൾ തന്നെയുണ്ട്. എനിക്കത് പറ്റുന്നില്ല. അത്രയേ ഉള്ളൂ. അവർക്കൊരുപക്ഷേ റിട്ടയർമെന്റും പ്ലാൻ ചെയ്യാൻ പറ്റുമായിരിക്കും.

 

ഒരു കഥയിൽനിന്നും മറ്റൊരു കഥയിലേക്ക് നീണ്ട കാലയളവ് ഉണ്ടാകുന്നുണ്ട്? നിരന്തരം പുസ്തങ്ങൾ വന്നില്ലെങ്കിൽ, കഥകൾ വന്നില്ലെങ്കിൽ മുഖ്യധാരയിൽനിന്ന് മാഞ്ഞുപോകുമെന്ന ധാരണയുണ്ടോ? എണ്ണമല്ല ഗുണമാണ് മുഖ്യമെന്ന വസ്തുതയാണോ എണ്ണത്തിൽ കുറവ് വരാനുള്ള കാരണം?

 

 

ഇന്നിന്റെ ഒരു പ്രശ്നം ആണത്. ‘വിസിബിലിറ്റി’ യുടെ കാലമാണ്. നിരന്തരം ഞാൻ ഇവിടെയുണ്ട് എന്ന് ബോധ്യപ്പെടുത്തിയില്ലെങ്കിൽ വിസ്മരിക്കപ്പെടുമോ എന്ന ഭയം. മുകളിലെ റിട്ടയർമെന്റ് എന്ന കാര്യവുമായി കൂട്ടിക്കെട്ടി ഇതിനെ വായിക്കാം. അതായത് ഒരു മനുഷ്യന് സാധ്യമാകുന്ന എണ്ണം ഉണ്ട്. സൃഷ്ടികളുടെ എണ്ണം. അത് തിരിച്ചറിയുക പ്രധാനമാണ്. അത് നമ്മൾ ഈ പറയുന്ന പ്രശസ്തിയെ എങ്ങനെ നോക്കിക്കാണുന്നു എന്നതിനനുസരിച്ചിരിക്കും. ഇക്കാര്യത്തിൽ ഞാൻ എടുക്കുന്ന നിലപാട് എന്റെ സുഹൃത്തുക്കൾക്ക് പോലും ഇഷ്ടമല്ല. വർഷം ഒരുകഥ രണ്ട് കഥ എന്നതാണ് എന്റെ രീതി. അത് പോരാ എന്നാണ് മിക്കവരും പറയുന്നത്. ഏതാണ് ശരി എന്ന് എനിക്കറിയില്ല. എന്റെ ശരി ഇതാണന്നേ പറയാ‌ൻ കഴിയൂ. എണ്ണത്തേക്കാൾ ഗുണമാണ് വലുത് എന്ന ശരി.

 

 IIT മദ്രാസ് പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Content Summary : Talk with writer KV Manikandan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com