ADVERTISEMENT

കഴ്സ് ഓഫ് മാലിഗ്നന്റ് ആമസോണിൽ വൻ ഹിറ്റാണ്. അതെഴുതിയത് പ്ലസ് വൺകാരിയായ ആയിഷ അഫ്രീൻ. എഴുത്തിന്റെയും വായനയുടെയും വിശാലമായ ലോകമാണ് പുതിയ കാലം കുട്ടികൾക്കു വേണ്ടി തുറന്നിടുന്നത്. കുട്ടിക്കഥകൾ എന്നൊരു വിഭാഗത്തിൽ ഒതുങ്ങുന്നില്ല ഇപ്പോൾ അവരുടെ വായന, അത് പടർന്നു പന്തലിച്ച് വിശാലമായ അർഥങ്ങളുള്ള വലിയ പുസ്തകങ്ങളിൽ വരെയെത്തി നിൽക്കുന്നു. ഭാവനയുടെ അതിരുകൾ തുറന്നിട്ട് ഭയമേതുമില്ലാതെ എഴുതുന്ന കുട്ടികളുടെ പുസ്തകങ്ങൾ ആരാണ് പ്രസാധനം ചെയ്യുക? പൊതുബോധത്തിൽ കുട്ടികൾക്കും അവരുടെ ആശയങ്ങൾക്കും വിലകൽപിക്കാത്ത വലിയൊരു സമൂഹമുണ്ട്. എന്നാൽ കുട്ടികളുൾപ്പെടെ ഓരോ മനുഷ്യനും വ്യത്യസ്തതയാർന്ന ഓരോ വ്യക്തിയാന്നും അടിയുറച്ച നിലപാടുകളും ബോധ്യങ്ങളും അവർക്കുമുണ്ടെന്നതുമാണ് സത്യം. അത്തരത്തിൽ കുട്ടികളെ ബഹുമാനിക്കാൻ കഴിയുന്ന, അവരുടെ ആശയങ്ങളെ കേൾക്കാൻ കഴിയുന്ന മാതാപിതാക്കളെ കിട്ടുകയാണ് ഏതൊരു കുട്ടിയെ സംബന്ധിച്ചും വലിയ കാര്യം. ആയിഷ അഫ്രീൻ എന്ന പതിനാറുകാരിയുടെ എഴുത്തിനോടുള്ള ഇഷ്ടം കണ്ടാണ് മാതാപിതാക്കൾ അവളുടെ എഴുത്തിനെ പുസ്തകമാക്കുന്നത്. രണ്ടു ഭാഗങ്ങളുള്ള സിൽവർത്തോൺ ലെഗസി എന്ന ആശയമാണ് ആയിഷ പങ്കുവയ്ക്കാനാഗ്രഹിക്കുന്നത്, അതിലെ ആദ്യ ഭാഗമാണ് ‘കഴ്സ് ഓഫ് ദ മാലിഗ്നന്റ്’ എന്ന പുസ്തകം. ആയിഷ സംസാരിക്കുന്നു.

 

കുടുംബ മൂല്യങ്ങളുടെ ആശയങ്ങളിൽനിന്ന്...

ayisha-afrin-book

 

രണ്ടു ഭാഗങ്ങളുള്ള പുസ്തകത്തിലെ ആദ്യത്തെ ഭാഗമാണ് ഇപ്പോൾ ബുക്സ്‌തകം പുറത്തിറക്കിയിരിക്കുന്നത്. പ്രധാനമായും ബന്ധങ്ങൾ, സൗഹൃദം എന്നിവയൊക്കെയാണ് ആ പുസ്തകത്തിലൂടെ സംസാരിക്കുന്നത്. അതിന്റെ ഉള്ളിലൂടെ ഒരു മിസ്റ്ററിയുമുണ്ട്. മിസ്റ്ററി പറയുമ്പോൾ നമുക്കിഷ്ടമുള്ള രീതിയിൽ കഥ നന്നായി എഴുതാൻ പറ്റും. ഫാന്റസിക്കും അങ്ങനെയൊരു ഗുണമുണ്ട്. മാത്രമല്ല പെട്ടെന്നുണ്ടാകുന്ന പ്ലോട്ട് ട്വിസ്റ്റ് ഒക്കെ പണ്ടേ എനിക്കിഷ്ടമാണ്. ഫാന്റസി കൂടിയുണ്ടെങ്കിൽ ആ യൂണിക്ക് ആയ എലമെന്റ് നമുക്ക് കൊണ്ടുവരാൻ പറ്റും. ഈ ആദ്യ പുസ്തകം രണ്ടാമത്തെ പുസ്തകത്തിന്റെ ഒരു ആമുഖം മാത്രമാണ്. രണ്ടാമത്തെ പുസ്തകത്തിലാണ് പ്രധാന വിഷയമുള്ളത്. അതിന്റെ ഒരു തുടക്കം മാത്രമാണിത്. പക്ഷേ ഇത് വായിച്ചാലേ രണ്ടാമത്തെ പുസ്തകത്തിലെ ട്വിസ്റ്റും മിസ്റ്ററിയുമൊക്കെ മനസ്സിലാക്കാൻ സാധിക്കൂ. 

 

ബാക്കിയറിയാനുള്ള ആഗ്രഹം

 

പണ്ടു മുതലേ കഥകൾ മനസ്സിലേക്കു വരും. അപ്പോൾ എന്നെ ആകർഷിക്കുന്നത് ആ കഥ എങ്ങനെ അവസാനിക്കും എന്ന ചിന്തയാണ്. അതിന്റെ അവസാനം എനിക്കുമറിയില്ല, അതറിയാനാണ് എഴുതിത്തുടങ്ങിയത്. ഇതിനു മുൻപും കുറേ കഥകൾ എഴുതിത്തുടങ്ങിയിരുന്നു, പക്ഷേ പകുതിക്കുവച്ച് നിർത്തുകയാണ് പരിപാടി. കഥ ഡെവലപ്പ് ചെയ്യാൻ എനിക്കിഷ്ടമാണ്. പെട്ടെന്നെനിക്ക് ചെയ്യാൻ പറ്റും. അവസാന ഡ്രാഫ്റ്റ് വരെയും എഡിറ്റിങ്ങിൽ കഥ വികസിച്ചു കൊണ്ടിരിക്കും. ഓരോ കഥയും അതിന്റേതായ വഴിയിലൂടെ എന്നെ കൊണ്ടുപോവുകയാണെന്ന് തോന്നും. അതെനിക്ക് ഭയങ്കര ഇഷ്ടമാണ്. എഡ്വേർഡിയൻ വിക്ടോറിയൻ ഇറയിൽ കഥ പറയാൻ എനിക്കിഷ്ടമാണ്, ആ കാലവും ബാക്ക്ഗ്രൗണ്ടും രസമാണ്. അതുകൊണ്ട് അത്തരത്തിൽ ഒരുപാടു കഥകളെഴുതിയിരുന്നു. പിന്നെ, എഴുതുമ്പോൾ കിട്ടുന്നൊരു ശാന്തതയുണ്ട്, അത് ഞാൻ ആസ്വദിക്കാറുണ്ട്. 

ayisha-afrin-writer

 

അഭിനന്ദനങ്ങളാണ് മുന്നോട്ട് നയിക്കുക

 

എഴുതാൻ പറ്റും എന്നൊരു ആത്മവിശ്വാസമൊന്നും ആദ്യമുണ്ടായിരുന്നില്ല. പക്ഷേ ആഗ്രഹമുള്ളത് ഇഷ്ടം പോലെ എഴുതാറുണ്ടായിരുന്നു. അത് മാതാപിതാക്കൾക്കോ സുഹൃത്തുക്കൾക്കോ വായിക്കാൻ കൊടുക്കാറുണ്ട്. കുഴപ്പമില്ല, നന്നായിട്ടുണ്ട് എന്ന് കേൾക്കുമ്പോഴാണ് ആശ്വാസമാവുക. മാലിഗ്നന്റ് എഴുതി തുടങ്ങിയപ്പോഴും എനിക്കിത് പറ്റും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. അഭിനന്ദനങ്ങൾ കിട്ടിയപ്പോഴാണ് അത് മുന്നോട്ടു കൊണ്ടുപോയത്. പിന്നീട് കോൺക്വർ എന്ന രണ്ടാം ഭാഗത്തിന്റെ വർക്ക് തുടങ്ങിയപ്പോഴാണ് എഴുത്ത് എന്നെക്കൊണ്ടു പറ്റുന്ന കാര്യമാണെന്ന് മനസ്സിലായത്. എഴുതാൻ കൂടുതൽ ഇഷ്ടം വന്നതും ഇനിയും എഴുതണം എന്ന് തോന്നിയതും അതിനു ശേഷമാണ്. 

 

എഴുത്തുകാരാണ് പ്രചോദനം

 

ayisha-afrin-family

എഴുതുന്നവർ എനിക്കെപ്പോഴും പ്രചോദനമാണ്. ചിലരുടെ എഴുത്ത് അമ്പരപ്പിക്കാറുണ്ട്, ചിലരെ ഒരുപാട് ഇഷ്ടമാണ്. ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിക്ക് എന്നെ ഒരിക്കലും പ്രചോദിപ്പിക്കാനാവില്ല, പക്ഷേ നന്നായി എഴുതുന്ന ഒരെഴുത്തുകാരന് പറ്റും. ചിലത് വായിക്കുമ്പോൾ എനിക്ക് എഴുതാൻ തോന്നാറുണ്ട്. അത് അവരുടെ എഴുത്ത് നൽകുന്ന ഒരു ഊർജമാണ്. പക്ഷേ ഒരു പ്രത്യേക വ്യക്തി എന്ന നിലയിൽ ആരിൽ നിന്നും അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. വായനകളാണ് എന്റെ പ്രചോദനം.

 

നിയമങ്ങളും രീതികളും പിന്തുടരാനില്ല -

 

ഫാന്റസി -ഫിക്‌ഷൻ എഴുതാൻ എളുപ്പമല്ല. അതിലും ഒരുപാട് പരിധികളുണ്ട്, എവിടെ വരെ പോകണം എന്നതൊക്കെ. പല ലെവലിൽ ആണല്ലോ ഫാന്റസി ഫിക്‌ഷനിൽ കഥ പറയുന്നത്. അതിൽ ഏതു വേണമെന്ന് നമുക്ക് തീരുമാനിക്കാം. ഹൈ ഫാന്റസി ആണെങ്കിൽ എന്തു വേണമെങ്കിലും എഴുതാം, വായനക്കാരും ഇങ്ങനെ തന്നെയാണ്. ചിലർ മിസ്റ്ററി പിന്തുടരുന്ന ആളുകളായിരിക്കും, അപ്പോൾ അവർക്ക് ഹൈ ഫാന്റസി ഒന്നും പറ്റില്ല. അതായത് ചിലർക്ക് ഡ്രാഗൺ, അതിന്റെ തീർത്തും വ്യത്യസ്തമായ മറ്റൊരു ലോകം ഒന്നും ഇഷ്ടമല്ല. കുറെയൊക്കെ ഞാൻ അത് ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട് ആദ്യത്തെ ഡ്രാഫ്റ്റിൽ ഉണ്ടായിരുന്ന ഒരുപാട് കാര്യങ്ങൾ പിന്നീട് എഡിറ്റ് ചെയ്തപ്പോൾ കളയേണ്ടി വന്നു. ആദ്യം ഞാൻ എഴുതിയത് ഫസ്റ്റ് പഴ്‌സൻ ആയിരുന്നു. പിന്നീട് അത് മാറ്റി തേഡ് പഴ്‌സൻ ആക്കി. രണ്ടാമത്തെ പുസ്തകത്തിൽ ഇത് രണ്ടും വരുന്നുണ്ട്. അത് കുറച്ചു ബുദ്ധിമുട്ടായിരുന്നു. പെട്ടെന്നുള്ള ഈ രണ്ടു തലങ്ങളിലെ കാഴ്ചകളുടെ മാറ്റം. പിന്നെ ഞാൻ പ്രത്യേകിച്ച് നിയമങ്ങളും രീതികളും ഒന്നും ഇതിൽ പിന്തുടരാൻ ആഗ്രഹിക്കുന്നില്ല, എനിക്ക് ഏതാണോ ശരിയെന്നു തോന്നുന്നത് അങ്ങനെയാണ് എഴുതുന്നത്. അതുകൊണ്ട് തന്നെ മാനസികമായി പ്രയാസപ്പെട്ടു എഴുതേണ്ടി വന്നിട്ടില്ല, അതുകൊണ്ട് ഫാന്റസി എഴുതുന്നത് എന്നെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടായിരുന്നില്ല. 

 

ഫാന്റസിയാണ് പ്രിയം

 

ആദ്യത്തെ പുസ്തകം ഫാന്റസിയാണ്, അടുത്തതും അത് തന്നെ. പണ്ട് മുതലേ വായിച്ചു തുടങ്ങിയത് ഫാന്റസിയായിരുന്നു. അതും ഹൈ ഫാന്റസി. അതുകൊണ്ടാണ് അത് എഴുതാനും ഇത്രയിഷ്ടം. പക്ഷേ അതിൽത്തന്നെ ഞാൻ ഒട്ടി നിൽക്കുകയൊന്നുമില്ല. എനിക്ക് പല വിഭാഗങ്ങളിൽ എഴുതാൻ ഇഷ്ടമാണ്. ഇപ്പോൾ വായിക്കുന്നത് കണ്ടംപററി എഴുത്തുകളാണ്. അത്തരത്തിൽ എന്തെങ്കിലും എഴുതാനും ആഗ്രഹമുണ്ട്. അപ്പോൾ എഴുത്ത് രീതി മാറ്റണമെന്ന് തോന്നിയാൽ ഞാൻ അതാകും എഴുതുക. പിന്നെ മിസ്റ്ററിയും ത്രില്ലറുകളും ഇഷ്ടമാണ്, അതും എഴുതണമെന്നുണ്ട്. എന്നാലും മുഴുവനായി മാറാൻ താൽപ്പര്യമില്ല. ഫാന്റസിയോടാണ് കൂടുതലിഷ്ടം. 

 

അച്ഛനും അമ്മയുമാണ് എല്ലാത്തിനും മുന്നിൽ 

 

ആദ്യം എഴുതിയത് ഒരു ത്രെഡ് മാത്രമായിരുന്നു. അത് ഇപ്പോഴുള്ള കഥയേ അല്ല. പിന്നീട് അത് വികസിച്ചു വന്നപ്പോഴും ഇപ്പോഴുള്ളത് പോലെയായിരുന്നില്ല. അതിനൊരു രണ്ടാം ഭാഗം ഉണ്ടായിരിക്കണമെന്ന് അന്ന് വിചാരിച്ചിരുന്നില്ല. വർഷങ്ങൾക്ക് മുൻപ് എഴുതി തുടങ്ങിയപ്പോൾ അപ്പോഴത്തെ എന്റെ ചിന്തകളും രീതികളുമൊക്കെയായിരുന്നു. പക്ഷേ പിന്നീട് ഈ പുസ്തകത്തിന്റെ ആശയം തന്നെ മാറി. അച്ഛനും അമ്മയും കൂടെ നിന്നു, അവരാണ് അത് പുസ്തകമാക്കണം എന്ന് തീരുമാനിച്ചത്. അങ്ങനെയൊരു തീരുമാനത്തിലെത്തിയപ്പോഴാണ് ഇതിനു സെക്കൻഡ് പാർട്ട് വേണമെന്ന് തോന്നിയത്. അങ്ങനെ വീണ്ടും കഥ മാറി. അത് നന്നായി, ഞാൻ കൂടുതൽ മെച്ചപ്പെടുകയാണ് ചെയ്തത്. ഇവിടെ റീഡിങ് റൂം എന്നൊരു വായനശാലയുണ്ട്. അവിടെപ്പോയി സംസാരിച്ചപ്പോഴാണ് കൂടുതൽ ഓരോ കാര്യങ്ങൾ ഉണ്ടായത്. അതുവരെ പബ്ലിഷ് ചെയ്യുമെന്ന് പോലും വിചാരിച്ചിരുന്നില്ല. എന്നെപ്പോലെ കുട്ടികളുടെ പുസ്തകം ഒക്കെ ആരെങ്കിലും പബ്ലിഷ് ചെയ്യുമോ എന്നൊക്കെ വിചാരിച്ചിരുന്നു. അങ്ങനെയാണ് ബുക്സ്‌തകം എന്ന പബ്ലിഷിങ് കമ്പനി അതിനു തയ്യാറായി എത്തുന്നതും കഴ്സ് ഓഫ് ദ മാലിഗ്നൻറ് ഒടുവിൽ പുസ്തകമാകുന്നതും.  

 

ഷഫീക്, സഞ്ജന ഷഫീക്ക് എന്നാണു മാതാപിതാക്കളുടെ പേര്. അവരും എന്റെ സുഹൃത്തുക്കളും കാരണമാണ് ഞാൻ എഴുതുന്നത്. അല്ലെങ്കിൽ എന്നേ എഴുത്ത് നിന്നു പോയേനെ. എഴുതിക്കഴിഞ്ഞ് എല്ലാവരോടും കഥ പറയും, അല്ലെങ്കിൽ വായിക്കാൻ കൊടുക്കും. അപ്പോൾ അടുത്തത് എന്താണെന്ന് അവർ ചോദിക്കാറുണ്ട്. അത് കേൾക്കുമ്പോഴാണ് ബാക്കിയെഴുതാൻ തോന്നുക. എന്റെ തുടർന്നെഴുതാനുള്ള പ്രചോദനം അവരാണ് .

 

സിൽവർത്തോൺ ലെഗസി

 

സിൽവർത്തോൺ ലെഗസി എന്നാണു ഈ പുസ്തക സീരീസിന്റെ പേര്. ഒരു നാടും അവിടെയുള്ള മനുഷ്യർ നേരിടുന്ന ശാപവുമാണ് കഥ. ‘‘ഇറ്റ്‌ എൻഡ്‌സ് വിത്ത് ദ കോൺക്വർ’’എന്നാണു രണ്ടാമത്തെ പുസ്തകം. അതിന്റെ എഡിറ്റിങ് നടക്കുകയാണിപ്പോൾ. മാലിഗ്നന്റ് റൂം എന്ന താഴ്‌വര ശാപം പിടിച്ച ഒരു സ്ഥലമാണ്. അതിനുള്ളിൽ എന്താണ് നടക്കുന്നതെന്നറിയാൻ ഒരു വഴിയുമില്ല. ഇഷ് ഇവാൻസ്, ഹാലി മൂർ എന്നീ രണ്ട് കുട്ടികൾ അവരുടെ പ്രിയ സുഹൃത്ത് ആദത്തിനെ കാണാതായ ശേഷം അവിടെ പോകുന്നതോടെയാണ് രഹസ്യങ്ങളുടെ ചുരുളുകൾ അഴിയുന്നത്. അതോടുകൂടി ആ നാട്ടിലെ ഏറ്റവും ഭീകരമായ രഹസ്യമാണ് അവർ കണ്ടെത്തുന്നത്. അതിന്റെ ബാക്കിയെന്ത് എന്ന ചോദ്യം കൂടിയാണ് സിൽവർത്തോൺ ലെഗസിയിലെ രണ്ടാമത്തെ പുസ്തകം.

 

Content Summary: Talk with writer Ayisha Afrin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com