‘മേഘവിസ്ഫോടനവും ഭൂമി കുലുക്കവും ഒന്നിച്ചെത്തി, ഉരുൾപൊട്ടലിൽ ഇല്ലാതായി, ഇത് ‘ഗെദ്ദ’ എന്ന നാടിന്റെ കഥ

rekha-thoppil-writer
രേഖ തോപ്പിൽ
SHARE

ശിശിരത്തിലെ ഓക്കുമരത്തെ സ്നേഹിച്ച സവുഷ്കിൻ എന്ന കുട്ടിയായി മാറുകയായിരുന്നു ഗെദ്ദയിലെത്തിയ രേഖ തോപ്പിൽ. മഞ്ഞുമൂടിയ കാടിനുള്ളിലൂടെ സവുഷ്കിൻ തന്റെ ടീച്ചറായ അന്ന വാസ്ല്യേവ്നയുടെ കൈപിടിച്ച് നടന്ന് കാടിന്റെ മനോഹാരിത വിവരിക്കുന്നതു പോലെയാണ് രേഖ വായനക്കാരുടെ കൈപിടിച്ച് ഗെദ്ദയിലേക്കു നയിക്കുന്നത്. റഷ്യൻ സാഹിത്യകാരനായ യൂറി നജിബിന്റെ കഥ വായിച്ചു ശിശിരത്തിലെ ഓക്കുമരം മനസ്സിൽ കണ്ടവർക്ക് ഗെദ്ദയിലെ മഞ്ഞിൽ വിരഞ്ഞ ഗുൽമോഹറും വാകമരങ്ങളും വേഗത്തിൽ കാണാം. ജീവിത പങ്കാളി മുരളിയ്ക്കു ഗെദ്ദയിലെ പവർ പ്ലാന്റിലേക്കു സ്ഥലം മാറ്റം ലഭിച്ചതോടെയാണ് രേഖ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഗെദ്ദയിൽ എത്തുന്നത്. ആനയും കരടിയും പുലിയും നിറഞ്ഞ ഗെദ്ദ ആദ്യം ഭയപ്പെടുത്തിയെങ്കിലും ഇവിടുത്തെ പ്രകൃതി സൗന്ദര്യം രേഖയിലെ എഴുത്തുകാരിയെ ഉണർത്തി. ചെറുകഥകളുടെ സമാഹാരമായ ‘ഗെദ്ദ’ കഴിഞ്ഞ ഡിസംബറിൽ തൃശൂർ കറന്റ് ബുക്സ് പുറത്തിറക്കി. എഴുത്തു ജീവിതം രേഖ പങ്കുവയ്ക്കുന്നു.

∙ മഞ്ഞു പൊഴിയുന്ന ഗെദ്ദയിലേക്ക്

ഗെദ്ദ ഒരു സാങ്കൽപിക ഗ്രാമമല്ല. അതിജീവിനത്തിന്റെ നാടാണ്. 1990ലെ ഉരുൾപൊട്ടലിൽ ഒരു നാടൊന്നാകെ ഇല്ലാതായെങ്കിലും ഗെദ്ദ ഉയർത്തെഴുന്നേറ്റു. ഞങ്ങൾ ഗെദ്ദയിൽ എത്തിയപ്പോൾ മകൾ ഗായത്രിക്കു 2 മാസം പ്രായമാത്രം. ആംബുലൻസിലായിരുന്നു ഇവിടേക്കുള്ള യാത്ര. വാഹനങ്ങൾ കുറവായതിനാലും ഹെയർ പിൻ വളവായതിനാലുമാണ് ആംബുലൻസിൽ പോകുന്നതെന്ന് ഡ്രൈവർ പറഞ്ഞു. ഹെയർ പിൻ വളവുകളിലൂടെ ആംബുലൻസ് മുകളിലേക്ക് കുതിക്കുമ്പോൾ ഉള്ളിൽ ആധിയായിരുന്നു. മഞ്ഞു പുതച്ച പച്ച വനം. പാതയുടെ ഇരുവശത്തും അടികാണാത്ത കൊക്കകൾ. കരടിയും ഒറ്റയാനുമുള്ള സ്ഥലമാണ്, സൂക്ഷിക്കണമെന്ന ജാഗ്രതാ നിർദേശം ആദ്യം തന്നെ കിട്ടിയിരുന്നു. കതകടച്ചു വീട്ടിനുള്ളിൽ തന്നെയായിരുന്നു ആദ്യനാളുകൾ കഴിച്ചുകൂട്ടിയത്.

∙ എഴുതാൻ പ്രേരിപ്പിച്ച ഒറ്റയാൻ

വല്ലാത്ത മടുപ്പ് തോന്നിയ ദിവസം വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. മുറ്റത്ത് മൃഗങ്ങൾ ഇല്ലെന്നു ഉറപ്പു വരുത്തിയിരുന്നു. ഉണങ്ങി വീണ ജക്കരാന്ത ഇലകളിൽ നിന്നെത്തുന്ന കസ്തൂരി മണമുള്ള വായു ശ്വസിച്ച് നിന്നതോടെ ജാഗ്രതാ നിർദേശങ്ങൾ മറന്നു. മരത്തിൽ ഇരിക്കുന്ന വേഴാമ്പലിനെ കാണാനായി കുറച്ചു കൂടി മുന്നിലേക്കു നടന്നു. ഒരു അരുവി ഒഴുകുന്നത് അപ്പോഴാണ് ശ്രദ്ധയിൽപെട്ടത്. കൈക്കുമ്പിളിൽ വെള്ളം കോരിയെടുത്ത് മുഖത്ത് തളിക്കാനായി അവിടേക്കെത്തി.  അവിടെയെത്തി കൈക്കുമ്പിളിൽ വെള്ളമെടുക്കാൻ കുനിഞ്ഞപ്പോഴേക്കും പിന്നിൽനിന്ന് ഒരു ചിന്നംവിളി കേട്ടു. എന്റെ  ശ്വാസം നിലച്ചു. ഓടി... ഒറ്റയാൻ പിന്നാലെ ഉണ്ടായിരുന്നു. അറിയാത്ത വഴികളിലൂടെ വളഞ്ഞു തിരിഞ്ഞ് ഓടി എങ്ങനെയോ വീട്ടിലെത്തി. വിറയ്ക്കുന്ന കൈകളിൽ മകളെ എടുത്ത് തുരുതുരാ ഉമ്മ വച്ചു. മരണത്തെ മുഖാമുഖം കണ്ടതുകൊണ്ടാവും അന്നു മുതൽ എഴുതണമെന്ന ആഗ്രഹം വീണ്ടും മനസ്സിലേക്കെത്തി.

bus-to-gadha

∙ സാങ്കൽപിക കഥകളല്ല

1990 ഒക്ടോബർ 25ന് ഗെദ്ദയിൽ വെള്ളം ഇരച്ചു കയറി. മേഘ വിസ്ഫോടനവും ഭൂമി കുലുക്കവും ഒന്നിച്ചെത്തിയെന്നാണ് ഇവിടെയുള്ളവർ പറയുന്നത്. കുടുംബാംഗങ്ങളുടെ മരണവും  ഭൂമി നഷ്ടമാവുകയും ചെയ്തതോടെ ജനങ്ങൾ ഗെദ്ദ  ഉപേക്ഷിച്ചു പോയി. ഗെദ്ദയുടെ സൗന്ദ്യര്യവും ആഗ്രഹങ്ങൾ പൂർത്തിയാക്കാതെ മണ്ണിനടിയിലാകപ്പെട്ടവരുടെ ജീവിതത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ അറിയാതെ എഴുതാനുള്ള ആഗ്രഹം ഉള്ളിലുണ്ടായി. ഗെദ്ദയിലെ 15 കഥകളിൽ ഒരെണ്ണം പോലും സങ്കൽപ്പത്തിൽ നിന്ന് രൂപപ്പെട്ടവയല്ല.  ജീവന്റെ തുടിപ്പുകൾ അവയ്ക്കുണ്ട്.

ഏകദേശം അയ്യായിരത്തോളം ജനങ്ങൾ ചെറിയ പട്ടണമായ ഗെദ്ദയിൽ താമസിച്ചിരുന്നു. പഴയ തമിഴ്നാട്ടിലെ ഒരു ചെറു പട്ടണത്തിന്റെ എല്ലാ അലങ്കാരങ്ങളും ആ നാളുകളിൽ ഇവിടെയുണ്ടായിരുന്നു. സിനിമാ തിയറ്ററും ചന്തയും പൊലീസ് സ്റ്റേഷനും സ്കൂളുകളും ഉണ്ടായിരുന്നു. ഇന്ന് ഗെദ്ദയിൽ ചായ കടകൾ പോലും വിരളം. 1 മണിക്കൂർ യാത്ര ചെയ്ത് മഞ്ചൂർ പോയാണ് മകള‍്‍ ഗായത്രി പഠിക്കുന്നത്. സാധനങ്ങൾ വാങ്ങാനും മഞ്ചൂർ വരെ പോകണം. മഞ്ഞിന്റെ ഊർ എന്നർഥത്തിൽ മഞ്ഞൂർ എന്നാണ് സ്ഥല പേരെങ്കിലും ഇവിടെയുള്ളവർ മഞ്ചൂർ എന്നാണ് പറയുന്നത്. നീലഗിരിയുടെ തണുപ്പ് അറിയാൻ പറ്റിയ സ്ഥലം. പഴയ ഊട്ടിയുടെ അന്തരീക്ഷം തന്നെയാണ് ഇവിടെ. ഗെദ്ദയിലും ഇപ്പോൾ മഞ്ഞ് പൊഴിയുന്നുണ്ട്. പ്രകൃതി ഭംഗി ആസ്വദിച്ച് കഴിഞ്ഞ ദിവസം റോഡിലേക്ക് ഇറങ്ങി നടന്നു. കുറച്ച് ദൂരം ചെന്നപ്പോൾ കൊക്കയിൽ നിന്ന് പുലിയുടെ ശബ്ദം കേട്ടു. ഉടനെ ഓടി വീട്ടിൽ കയറി കതകടച്ചു. പുലി കൊക്കയിൽ എവിടെയോ ആയതിനാൽ രക്ഷപ്പെട്ടു. പ്രകൃതി ഭംഗി ആസ്വദിച്ച് നടക്കുമ്പോൾ പലപ്പോഴും ഗെദ്ദയിലൂടെ ഒറ്റയ്ക്കു പുറത്ത് പോവരുതെന്ന ലക്ഷ്മണ രേഖ മറക്കാറുണ്ട്.

gedha-book

∙ എഴുത്തിന്റെ പണിപ്പുരയിൽ

കുട്ടിക്കാലം മുതൽ എഴുത്തിൽ താൽപര്യമുണ്ടായിരുന്നു. ചെറിയ കഥകളും കവിതകളും എഴുതിയിരുന്നു. ഉപരി പഠനവും വിവാഹവും കഴിഞ്ഞതോടെ എഴുത്തിൽ ശ്രദ്ധ ചെലുത്താൻ കഴിഞ്ഞില്ല. സാഹിത്യത്തിൽ താൽപര്യമുണ്ടായിരുന്നതിനാൽ ബിഎ ഇംഗ്ലിഷിലാണ് ബിരുദം നേടിയത്. ആദ്യ കഥാസമാഹാരത്തെ വായനക്കാർ ഏറ്റെടുത്തതിൽ സന്തോഷമുണ്ട്. രണ്ടാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലാണ്. ഗെദ്ദയിലെ കഥകൾ അതിലുമുണ്ടാവും.

∙ സഞ്ചാരികൾക്ക് പ്രവേശനമില്ല

രണ്ടു മാസം മുൻപ് മുള്ളി–ഗെദ്ദ വഴി കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ  കടത്തി വിടാൻ കഴിയില്ലെന്നു വനം വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. ഗെദ്ദയിലും മൻചൂരിലും മലയാളികൾ ഉണ്ട്. അവർക്കും യാത്ര ബുദ്ധിമുട്ടിലാണ്. സഞ്ചാരികൾക്കായി കടകൾ നടത്തിയിരുന്നവരുടെ ജീവിതവും ഇപ്പോൾ പ്രതിസന്ധിയിലാണ്.  2 മാസം മുൻപു മുള്ളി –ഗെദ്ദ വഴി കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ  കടത്തി വിടാൻ കഴിയില്ലെന്നു വനം വകുപ്പ് ഉത്തരവിറക്കി. ഇതു സഞ്ചാരികൾക്ക് ഇവിടേക്കുള്ള യാത്രയ്ക്കു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

water-fall-gedha

∙ ഗെദ്ദയിൽ എത്താൻ

ഊട്ടിയുടെ ഏകദേശം 70 കിലോമീറ്റർ തെക്കുപടിഞ്ഞാറായി കിടക്കുന്ന  മലമ്പ്രദേശമാണ് ഗെദ്ദ. പശ്ചിമഘട്ടം കുറുകെ മുറിച്ചു കടന്ന് നേരിട്ട് ഇവിടെയെത്താൻ മാർഗങ്ങളൊന്നുമില്ല. പാലക്കാടു നിന്നും മുണ്ടൂർ– മണ്ണാർക്കാട്– അട്ടപ്പാടി– മുള്ളി വഴി കാട്ടുപാതയിലൂടെ ഗെദ്ദയിലെത്താം. തമിഴ് നാട്ടിലെ മഞ്ഞൂർ– കിണ്ണക്കോരൈ ഹൈറേഞ്ചു വഴിയും ഗെദ്ദയിലെത്താം. മേട്ടുപ്പാളയത്തു നിന്ന് 65 കിലോമീറ്റർ കൂനൂരിൽ നിന്ന് 40 കിലോമീറ്ററും അകലെയാണ് ഗെദ്ദ.

Content Summary: Talk with writer Rekha Thoppil

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS