ADVERTISEMENT

 അതിനൂതന സാങ്കേതിക വിദ്യകൾ അഭ്യസിപ്പിച്ച് പുരോഗതിയിലേക്ക് കുതിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന സ്ഥാപനം , സമീപത്തായി  ഇതാണ് നിന്റെ ഉത്ഭവസ്ഥാനമെന്ന് ഓർമപ്പെടുത്തും മട്ടിൽ കളങ്കമേല്ക്കാത്ത ഘോരവനവും. IIT മദ്രാസ് എന്ന നോവലിന്റെ പശ്ചാത്തലത്തിനനുസരിച്ചാണ് ഇതിന്റെ അവതരണവും എന്ന് തോന്നുന്നു. ആദ്യഖണ്ഡത്തിൽ അതീവഉദ്വേഗജനകവും ചെറുതായി നർമം തുളുമ്പുന്നതുമാണ് ആഖ്യാനരീതിയെങ്കിൽ അടുത്ത ഖണ്ഡത്തിൽ സ്വച്ഛതയുടെ പരിവേഷമണിഞ്ഞ ജീവിത ദർശനങ്ങളിലൂന്നിയാണ് നോവൽ സഞ്ചരിക്കുന്നത്. ഇത് മുൻകൂട്ടി തീരുമാനിച്ചതാണോ അതോ എഴുതി വന്നപ്പോൾ യാദൃച്ഛികമായി സംഭവിച്ചതോ?

 

kv-manikandan1
കെ. വി മണികണ്ഠൻ

ആ പറഞ്ഞ ദ്വന്ദ്വവൽക്കരണം ഇഷ്ടമായി. ഗൂഢമായി ഞാൻ ഇൻസെർട്ട് ചെയ്ത ആ കണക്ഷൻ കണ്ടുപിടിച്ചു കളഞ്ഞു അല്ലേ എന്ന് ചോദിച്ച് കുറച്ച് ധൈഷണകൻ ചമയാവുന്നതേ ഉള്ളൂ. പക്ഷേ റ്റു ബി ഫ്രാങ്ക്, ഇത്തരത്തിൽ ഞാൻ ആലോചിക്കുന്നത് ഇപ്പോഴാണ്. അങ്ങനെയൊന്നും എഴുതുന്നതിനുമുമ്പോ എഴുതുന്ന വേളയിലോ ഈ ചോദ്യം കേൾക്കുന്ന വരെയോ ചിന്തിച്ചിട്ടില്ല. എഴുത്തിൽ അബോധപൂർവമായി ഇതുപോലെ ഉള്ള -നമ്മൾ ചിന്തിച്ചിട്ടേ ഇല്ലാത്ത- കാര്യങ്ങൾ കേറിവരും. ഒരുദാഹരണം പറയാം. നീലിമദത്ത എന്ന കഥയിൽ നരേറ്റർ ഒരു ഗേ ആണ്. ചെറിയ സൂചനകളേ ഉള്ളൂ. അതങ്ങനെ ആക്കിയത് ബോധപൂർവം ആണ്. കാരണം, ഇതുവരെ സാഹിത്യത്തിൽ lgbt വ്യക്തിത്വങ്ങൾ വന്നിട്ടുള്ളത് ആ വിഷയസംബന്ധിയായുള്ള തീമിൽ മാത്രമാണ്. (എന്റെ അറിവിൽ) ആ കഥാപാത്രങ്ങൾക്ക് ഒരു 'നോർമലീകരണം' വന്നിട്ടില്ല. അത് വരുത്തുക എന്ന ഒരു 'രാഷ്ട്രീയം' ആയിരുന്നു എന്റെ ആ തീരുമാനം. അയാൾ ഗേ ആണെന്നുള്ളത് ആ കഥയിൽ പ്രസക്തി ഇല്ല. ഒരു വ്യക്തി. സ്വവർഗപ്രണയം പറയാനല്ലാതെ അയാളെ കഥയിൽ കൊണ്ടുവരുന്നു. എന്നാൽ, പിന്നീട് ആ കഥ പ്രസിദ്ധീകരിച്ചതിനുശേഷം ചില കുറിപ്പുകളിൽ നിന്ന് മനസിലായ ഒരു കാര്യമുണ്ട്. നീലിമയും അയാളും തമ്മിലുള്ള ബന്ധത്തിൽ കാമമോ പ്രണയമോ ഇല്ലാത്ത ഒരു തരം 'വിശുദ്ധബന്ധം' ആയിരുന്നല്ലോ. (ആ വിശുദ്ധബന്ധം എന്ന ചിന്തതന്നെ അശ്ലീലമാണെന്ന് ആ സമയം വരെ ഞാനോർത്തില്ലായിരുന്നു.) അപ്പോൾ കാമനകൾ ഇല്ലാത്ത ആ ബന്ധത്തെ യുക്തിസഹമാക്കാൻ അയാളുടെ ക്വീർ വ്യക്തിത്വം സഹായിച്ചു. ഞാൻ ഉദ്ദേശിക്കാതെ! അതുകൊണ്ട് ഈ ചോദ്യത്തിന്റെ ഉത്തരം നമ്മൾ യഥാർത്ഥ ഫോമിലാണെങ്കിൽ എഴുതുമ്പോൾ വിചാരിക്കാത്ത പലതും  കൃത്യം സ്ലോട്ടിൽ വീണ് നമ്മളെ സഹായിക്കും. പ്രിയ നിരീക്ഷിച്ച ആ ദ്വന്ദം അങ്ങനെ മാത്രം വന്നതാണെന്ന് ഞാൻ വിശ്വസിക്കുന്നു.

 

∙ ആവിഷ്കാരസ്വാതന്ത്ര്യം പോലെ വില കല്പിക്കേണ്ട ഒന്നാണ് അഭിപ്രായ സ്വാതന്ത്ര്യവും, എന്നാൽ എഴുത്തുകാർ പൊതുവെ വിമർശനങ്ങളോട് വിമുഖത കാണിക്കുന്നതായി തോന്നുന്നു. വിമർശനങ്ങളോട്  താങ്കളുടെ സമീപനമെന്താണ്?

 

കൊള്ളാം!! കുറ്റം പറഞ്ഞാൽ പറഞ്ഞ ആളെ സ്നേഹിച്ച് ആദരിക്കൽ ഏതെങ്കിലും മേഖലയിൽ കണ്ടിട്ടുണ്ടോ? ഇക്കാലത്തിന്റെ ഒരു പ്രത്യേകത അല്ല അത്. എക്കാലത്തും അതങ്ങനെത്തന്നെ. സോഷ്യൽമീഡിയാകാലത്ത് ആ ചക്കളത്തിപ്പോരാട്ടം പബ്ലിക്കിൽ ആയതുകൊണ്ട് നമ്മളെല്ലാം കാണുന്നു എന്ന് മാത്രം. ഈ വിഷയത്തിൽ എന്നെ സംബന്ധിച്ച്, കാര്യകാരണസഹിതം എങ്കിൽ, വാലിഡ് ആയ വിമർശനം ആണെങ്കിൽ വിമർശിച്ച ആളോട് നന്ദിയേ തോന്നുകയുള്ളൂ. ഞാൻ ഇത്തരം വിമർശനങ്ങൾ മാത്രം ചോദിച്ചു വാങ്ങുന്ന ഒരാളാണ്. പക്ഷേ അത് ഫൈനൽ ഡ്രാഫ്റ്റിനു മുമ്പ് ആണെന്ന് മാത്രം. പ്രസിദ്ധീകരിച്ച ശേഷം എന്ത് വിമർശനം വന്നാലും ആ പോയന്റ് അല്ലെങ്കിൽ ആ ഏരിയയിൽ ഇപ്പറഞ്ഞ വിമർശനകാരണം ഞാൻ ചിന്തിച്ചിട്ടുള്ളതും അതിൽ ഞാൻ പണിയെടുത്തിട്ടുള്ളതും ആണെന്നും, ഇതാണു എന്റെ ശരി എന്നും തോന്നാറുണ്ട്. എനിക്കതുമതി. ഒരു എഴുത്തുകാരിയായതുകൊണ്ട്  പ്രിയയ്ക്ക് ഒരു ഉപദേശം തരാം. വിമർശാത്മകമായ അഭിപ്രായങ്ങളാണ് എഴുത്തുവഴിയിൽ കരുത്ത് നൽകുക. പുകഴ്ത്തലുകൊണ്ട് ക്ഷണികാനന്ദം, സംതൃപ്തി മാത്രമേ കിട്ടൂ.  

kv-manikandan-writer
കെ. വി മണികണ്ഠൻ

 

∙ 'ബോംബെയിലും മദ്രാസിലും ജീവിച്ചവർ ആ നഗരങ്ങളോടു കാണിക്കുന്ന പ്രത്യേക സ്നേഹമുണ്ട്. അവരെ ആ നഗരം കൂടുതൽ മനുഷ്യർ ആക്കിയിട്ടുണ്ടാവും.' ഇങ്ങനെ പ്രതിപാദിക്കുവാനുള്ള കാരണവും നോവലിൽ താങ്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതു പോലെ കാപട്യത്തിന്റെ ആവരണമണിയാത്ത ജില്ലകൾ കേരളത്തിലുണ്ടെന്ന് തോന്നിയിട്ടുണ്ടോ? ഏതെങ്കിലും കാലം ജീവിച്ച് തിരിച്ചു പോയവരിൽ ഗൃഹാതുരതയുണർത്തുന്ന ഒരിടം?

 

ഒറ്റയ്ക്കൊറ്റയ്ക്ക് ഏവരും വ്യത്യസ്തരെങ്കിലും പൊതുവായി ഒരു പ്രദേശത്തിലെ ആളുകൾക്ക് ചില 'ലാസാഗു'കൾ ഉണ്ടാകാം. മുംബൈ, ചെന്നൈ നഗരങ്ങൾക്ക് ഒരു ആത്മാവ് ഉണ്ട്. അവിടെ താമസിക്കുമ്പോൾ തിരിച്ചറിയുന്ന ഒരു സാധനമാണത്. ബാംഗ്ലൂർ, കൊച്ചി അതില്ല. ഇതിനൊരു ഉദാഹരണം സുഭാഷ് ചന്ദ്രൻ എഴുതിയ ഓർമ്മ ഉണ്ട്. കോഴിക്കോട് നഗരത്തിലെ ഒരു കണ്ണടക്കടയ്ക്ക് മുന്നിൽ ഒരു ഭ്രാന്തൻ വന്ന് പോകാതെ നിന്നാൽ ആ കടക്കാരൻ ആട്ടിയോടിക്കുകയല്ല ചെയ്യുക‌ കേടായ ഒരു കണ്ണടയൊ മറ്റോ കൊടുക്കും. സ്നേഹപൂർവമായിരിക്കും ഒഴിവാക്കുക. കൊച്ചി നഗരത്തിലെങ്കിൽ ആ നില്പ് ന്യൂയിസെൻസ് ആകും. അയാളെ ഓടിക്കും. അല്ലെങ്കിൽ പോലീസിനെ വിളിക്കുകയോ മറ്റോ ചെയ്യും. 

ഇവ്വിധം ഒരു വ്യത്യാസവും ഐഡന്റിറ്റിയും നഗരങ്ങൾക്കും ഉണ്ട്. കേരളത്തിൽ ജില്ല തിരിച്ച് ഇതുപോലെ വ്യക്തികളെ ചാപ്പ കുത്തലുണ്ട്. ഇവർ ശുദ്ധർ. അവർ ചതിയർ എന്നൊക്കെ ഒരു ജെനറലൈസേഷൻ. ശുദ്ധ അസംബന്ധമാണത്. ഞാനത് വിശ്വസിക്കുന്നില്ല. ഏറ്റവും പഴികേൾക്കുന്ന ജില്ലകൾ തിരുവനന്തപുരവും കൊല്ലവുമൊക്കെയാണ്. ഇതിൽ തിരുവനന്തപുരം ആണ് എന്റെ നഗരമായി തെരഞ്ഞെടുക്കാൻ എനിക്ക് ചാൻസ് കിട്ടിയാൽ എടുക്കുക.

 

∙ IITമദ്രാസ് എന്ന നോവലിൽ വായനക്കാരെ ഏറെ ആകർഷിച്ച കഥാപാത്രമാണ് ശിവകാമി. ആധുനികതയുടെ ശബ്ദമുഖരിതജാലത്തിൽ നിന്ന് ആദിമനുഷ്യന്റെ ശാന്തതയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന, പാറ്റ പഴുതാര തേരട്ട തുടങ്ങിയവരെ അരുമയോടെ ലാളിച്ച് കൂടെക്കൂട്ടുന്ന നക്തഞ്ചര! ഇങ്ങനെയൊരു പെൺകുട്ടിയുടെ കൂടെ റൂം പങ്കിടാൻ പോലും സാധാരണക്കാർ മടിക്കും. എന്നിട്ടും വായിച്ചവരെല്ലാം അവളെ സ്നേഹിക്കുന്നു. വായനയ്ക്കൊടുവിൽ അവളൊരു നോവായി അവശേഷിക്കുന്നു. യഥാർത്ഥ ജീവിതത്തിൽ  അംഗീകരിക്കപ്പെടാനും സ്നേഹിക്കപ്പെടാനും സാധ്യതയില്ലാത്ത കഥാപാത്രങ്ങളെ  വായനക്കാരുടെ ഹൃദയത്തിൽ സ്ഥാനം പിടിപ്പിക്കാൻ എഴുത്തുകാർ എന്ത് മായാജാലമാണ് പ്രയോഗിക്കുന്നത്? 

 

അത്, മനുഷ്യർ 'ചിന്തിക്കുന്ന മൃഗങ്ങൾ' എന്ന വിവക്ഷ വച്ച് വ്യാഖ്യാനിക്കാവുന്നതല്ലേ ഉള്ളൂ. വായിച്ച് നമ്മൾ ഇഷ്ടപ്പെടുന്നത് ഉള്ളിൽ, മനസ്സിൽ ആണല്ലോ. അതൊരു ഫാന്റസി ആണ്. യഥാർത്ഥ ശിവകാമി വന്ന് ഒരാഴ്ച കൂടെ താമസിക്കട്ടെ എന്ന് ചോദിച്ചാൽ തീരുന്ന സ്നേഹമേ നമുക്കൊക്കെ ഉണ്ടാകൂ. മെഴുകുവെളിച്ചത്തിൽ ഡിന്നർ കഴിക്കാൻ കാശെത്രയാണ് ഈടാക്കുന്നത്. ഒരു കാലത്തെ റിയാലിറ്റികഷ്ടപ്പാട് ഇന്നത്തെ എന്റർടെയ്ന്മെന്റ് ആകുന്നപോലെ ഒരു തരം… അതേ യുക്തിയാണ് ശിവകാമിയെ ഇഷ്ടെപ്പെടുവാനും ഉള്ളത്. നമ്മുടെ ഉള്ളിലെ ശുദ്ധമൃഗം സമൂഹത്തെ ഭയന്നൊ മറ്റോ ഒളിപ്പിച്ചു വച്ചിരിക്കുന്ന ചോദനകൾ ശിവകാമി സ്വയമനുഭവിച്ചാനന്ദിച്ച് കാട്ടിത്തരുമ്പോൾ അത് ഒരു ചെറിയ ശതമാനം നമ്മൾ അനുഭവിക്കുന്ന പോലെ തോന്നുന്നതാകാം കാരണം.

 

∙ 'ഗൂഢാലോചനാവാദികൾക്ക് ഒട്ടും സ്ഥാനമില്ലാത്ത ഒന്നാണ് ചരിത്ര ഗവേഷണം. അവിടെ തെളിവുകളാണ് മുഖ്യം. ഈ തെളിവുകളിൽ പലതും വിജയികളുടെ പിണിയാളുകൾ മെനഞ്ഞിട്ടതാണെങ്കിലും ചില സത്യങ്ങൾ അതിൽ കയറി വരും.' നോവലിലെ ഈ വാചകങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു. പുതിയ കാലത്തെ രാഷ്ടീയമത ചരടുവലികൾ ചരിത്രത്തെ വളച്ചൊടിച്ച് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുമ്പോൾ, ഉള്ളിലുണ്ടായ ആശങ്കയെ അകറ്റാൻ സ്വയം ശ്രമിച്ചതിന്റെ ബാക്കിയല്ലേ ഈ പ്രസ്താവന എന്ന് സംശയിക്കുന്നു. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

 

കൊള്ളാം. പുതിയകാല രാഷ്ട്രീയമതചരട് വലികൾ… ആ ആശങ്ക ഇപ്പോ ആശങ്ക അല്ലാതായി. വിധി എന്നതിൽ വിശ്വസിക്കുന്ന പരുവമായി. ഒരുദാഹരണത്തിന് ബാബറിമസ്ജിദ് പൊളിച്ചതിനടുത്ത ദിവസമിറങ്ങിയ മലയാള പത്രങ്ങൾ എടുത്ത് നോക്കുക. എത്രമാത്രം തകർന്നു ഇൻഡ്യൻ മനസ്സ് എന്ന് അതിൽ കാണാം. ഇനി രാമക്ഷേത്രം നിർമ്മിക്കാൻ കോടതി വിധി വന്ന ദിവസത്തെ പത്രങ്ങൾ നോക്കുക. പൊളിച്ചതിനേക്കാൾ ഞെട്ടലും രോഷവും ഉണ്ടാകേണ്ട ദിനമാണ്. എന്നാ‌ൽ എന്താണുണ്ടായത്? ഞെട്ടാതിരിക്കാൻ നമ്മൾ പരുവപ്പെട്ടു.

ചോദ്യത്തിൽ ഉദ്ധരിച്ച വാചകങ്ങൾ എന്റെ ഒരു സമകാലീന വേപഥു ഒന്നും അല്ല. ചരിത്രവും ഒരു പരിധിവരെ സാഹിത്യവും അധികാരത്തോട് ദാസ്യവേലയിലധിഷ്ഠിതം എന്നേ പറയാൻ കഴിയൂ. കാളിദാസൻ പോലും ദുഷ്യന്തന്റെ 'തേപ്പിനെ' 'വിശുദ്ധമറവി' ആക്കിയെന്നുമോർക്കണം. ഹ. ഹ. ഹ.

ഒന്നാം ചോദ്യത്തിന്റെ ഉത്തരം ഇവിടെയും പ്രസക്തം. അങ്ങനെയൊരു ആശങ്കയിൽ അല്ല ആ വരികൾ എഴുതിയത്. പക്ഷേ സമകാലീനതയെ ചേർത്ത് വായിക്കുമ്പോൾ പ്രസക്തമെന്ന് നിങ്ങൾക്ക് തോന്നുന്നതിൽ സന്തോഷം. എഴുത്തിൽ ഞാൻ ഒരിക്കലും ആക്റ്റിവിസത്തിനു പിറകെ പോയിട്ടില്ല എന്ന് വിശ്വസിക്കുന്നു.

 

∙ അത്രയും സ്തോഭജനകമായ ഒരു വാർത്ത റിപ്പോർട്ട് ചെയ്തിട്ടും മീഡിയക്ക് മുന്നിൽ തരംഗമായി മാറാൻ ജെന്നിക്ക് പേപ്പന്റെ അനുമതി കിട്ടിയില്ല. ഒരേയൊരു ഇന്റർനാഷണൽ മീഡിയക്ക് മാത്രമേ അവൾ അഭിമുഖം കൊടുത്തുള്ളൂ. ചെറിയ  നേട്ടത്തെപ്പോലും പ്രശസ്തിയുടെ കൊടുമുടിയിലേക്കുള്ള പടവായി മാറ്റേണ്ട മത്സരങ്ങളുടെ കാലത്ത് കാട്ടാളന്റെ ഈ നിഷ്കർഷ ജെന്നിയുടെ ഉയർച്ചയെ ബാധിക്കില്ലേ?

 

ജെന്നി ദ ന്യൂജെൻ ഗേളിന്റെ അമ്മാതിരി എക്സ്പ്ലോഷർ ലഭ്യതയ്ക്ക് തടയിടാൻ ഓൾഡ് ജെൻ വലിയകാട്ടാളൻ ആര്? -ഇതാണ് ഈ ചോദ്യം. ഇവിടെ 'ഉയർച്ച' എന്നാൽ എന്ത് എന്നൊരു 'രാഷ്ട്രീയം' ഉണ്ട്. ജെന്നി ജോലി രാജിവെക്കാനുണ്ടായ സാഹചര്യം ഒന്നാം അധ്യായത്തിൽ ഉണ്ടല്ലോ? ആ ജെന്നി കാട്ടാളന്റെ ഈ ഉപദേശം ഉൾക്കൊണ്ടതിൽ എനിക്ക് അത്ഭുതം ഇല്ല എന്നേ പറയാൻ ആകൂ. ഗ്രാജ്വൽ അല്ലാത്ത ഉയർച്ചകളുടെ താഴോട്ടുള്ള പതനവും വെർട്ടിക്കൽ ആയിരിക്കും എന്ന് അറിയുന്നവരായിരിക്കാം കാട്ടാളൻസ്! 

 

iit-madras

∙ പാതിമായ്ച്ച അനുബന്ധവും കാട്ടാളന്റെ ബെഡ്റൂമിലെ അലമാരയെ ചുറ്റിപ്പറ്റി ജെന്നി പ്രകടിപ്പിച്ച സംശയവും IIT മദ്രാസിന്റെ രണ്ടാം സീരീസ് ഇറങ്ങുമെന്നതിന്റെ സൂചന നൽകുന്നുണ്ട്. കുശാഗ്രബുദ്ധിയും നർമബോധവും ആർദ്രഹൃദയവുമുള്ള വർഗീസ് കാട്ടാളന്റെ രണ്ടാം വരവ് വായനക്കാർ ആഗ്രഹിച്ചാൽ നടത്തിക്കൊടുക്കുമെന്നല്ലേ അതിനർത്ഥം?

 

ഞാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാൽപ്പോരേ. വായനക്കാർ ആഗ്രഹിച്ചതുകൊണ്ട് വേണേൽ എഴുതാം എന്ന് 'തള്ളാൻ' ഞാനില്ല.  ഞാനെഴുതും.

എന്തായാലും ഇക്കണ്ട കാട്ടാളൻ അല്ല യഥാർത്ഥ കാട്ടാളൻ. അതിന്റെ പണിപ്പുരയിലാണ്. പിന്നെ അനുബന്ധം പാതിയല്ല. മുഴുവനും മായ്ച്ചല്ലോ?

 

∙ എഴുത്തുകാർക്കും നിരൂപകർക്കും സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന അമിത പ്രോത്സാഹനം രണ്ട് മേഖലയിലും നിലവാരത്തകർച്ച ഉണ്ടാക്കുന്നുണ്ടെന്ന് തോന്നിയിട്ടുണ്ടോ? നിരൂപണത്തിന് നിയതമായ ചട്ടക്കൂടുണ്ടോ? ഏത് വായനക്കാരനും അനായാസേന ഏറ്റെടുക്കാവുന്ന ഒന്നാണോ അത്? 

 

എന്നെ 'എയറിൽ' ആക്കുവാൻ പോന്ന ചോദ്യം. നിരൂപണങ്ങൾ കുറഞ്ഞും ആസ്വാദനങ്ങൾ (കടന്നാക്രമണവിമർശനങ്ങളും) കൂടിയും വരുന്ന കാലമാണ്. എന്നെ സംബന്ധിച്ച് നിരൂപണം എന്നാൽ മൂലകൃതി വായിക്കാത്ത ഒരാൾക്ക് പോലും 'കമ്പ്ലീറ്റഡ്' എന്ന് തോന്നുന്ന, സ്വന്തമായൊരു അസ്തിത്വം ഉള്ള സൃഷ്ടിയായിരിക്കണം. ആ നിലയ്ക്ക് വളരെ കുറവാണ്, അപൂർവമാണ് ഇന്നത്തെ നിരൂപണങ്ങളുടെ എണ്ണം. സോഷ്യൽ മീഡിയയിൽ വരുന്ന 'അനായാസ' നിരൂപണങ്ങളുടെ ക്വാളിറ്റി ഒറ്റ വായനയിൽ മനസിലാകുമല്ലോ? ഈ പ്രതലത്തിൽ വ്യക്തികൾക്കാണല്ലോ പ്രാമുഖ്യം. അതുകൊണ്ട് ഒറ്റ എഴുത്ത് വായിക്കുമ്പോൾ തന്നെ ബുദ്ധിയുള്ളവർ അവരെ കാറ്റഗറൈസ് ചെയ്യും. ലെവൽ മാർക്ക് ചെയ്യും. പിന്നെ വായിക്കുകയോ വായിക്കാതിരിക്കുകയോ ചെയ്യാം. 

ഇനി എഴുത്തിന്റെ കാര്യം. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരാളുടെ സൃഷ്ടി അയാളുടെ കുഞ്ഞാണ്. അവർ അതിനെ ലാളിക്കട്ടെ! അവരുടെ അടുപ്പമുള്ളവരും ലാളിക്കട്ടെ! അക്ഷരങ്ങൾ അല്ലേ. എല്ലാവരും എഴുതട്ടെ. നിൽക്കേണ്ടത് നിലനിൽക്കും. അല്ലാത്തവ ഇല്ലാതായിക്കൊള്ളും. ഒറ്റവരി, ഒരു ഖണ്ഡികയിൽ അറിയാമല്ലോ ഒരു സൃഷ്ടി തുടർന്ന് വായിക്കണോ വേണ്ടയോ എന്ന്!! അതുകൊണ്ട് അമിതപ്രോത്സാഹനങ്ങളും തെറ്റായ ഗ്ലോറിഫിക്കേഷൻസും അഭംഗുരം തുടരട്ടെ. അതിലൊന്നും അസഹിഷ്ണു ആകേണ്ട കാര്യമില്ല. അതൊന്നും സാഹിത്യത്തെ ബാധിക്കില്ല. സോഷ്യൽ മീഡിയക്കപ്പുറമാണ് മൃഗീയഭൂരിപക്ഷം വായനക്കാർ എന്ന് കൃത്യമായി അനുഭവമുള്ള ഒരാളാണ് ഞാൻ!

 

∙ ആദ്യനോവലിൽ എഴുത്തുകാരുടെ ആത്മാംശമുള്ള കഥാപാത്രങ്ങൾ കടന്നു വരുന്നത് സ്വാഭാവികമാണ്. മൂന്നാമിടങ്ങളിൽ അങ്ങനെ ഒരു കഥാപാത്രത്തെ കണ്ടെത്താനായില്ല. എന്നാൽ IIT മദ്രാസ് വായിച്ചപ്പോൾ വർഗീസ് കാട്ടാളന് കെ.വി മണികണ്ഠനുമായി എന്തൊക്കെയോ സമാനതകളില്ലേ എന്ന് തോന്നിപ്പോയി. താങ്കൾക്കങ്ങനെ അനുഭവപ്പെട്ടോ ? 

 

കാട്ടാളന്റെ ബുദ്ധി കണ്ടിട്ട് പ്രിയയ്ക്ക് തോന്നിയതാകും.. (പ്രിന്റ് മീഡിയയിലും ഇമോജി വരേണ്ട കാലം അതിക്രമിച്ചു) തമാശ നിൽക്കട്ടെ, IIT യിൽ എഴുത്താളുടെ (third party) നരേഷൻ ടെക്നിക്ക് ആയി അതാതു ഭാഗങ്ങളിൽ വരുന്ന കഥാപാത്രങ്ങളുടെ ശൈലി ഉപയോഗിച്ചിട്ടുണ്ട്. കാട്ടാളൻസ്, ജെന്നിയും വർഗീസും എന്റെ ഗ്രാമത്തിൽ ജനിച്ചു വളർന്നവരും‌. പ്രിയ എന്റെ സോഷ്യൽ മീഡിയ എഴുത്തിൽ -അവിടെ ഞാൻ 'പറച്ചിൽ ടെക്സ്റ്റ്' ആണുപയോഗിക്കാറ്- കാണുന്ന ഭാഷ വർഗീസിൽ വരുന്നതുകൊണ്ട് ഉണ്ടായ സംശയം ആണ് ഈ ചോദ്യം. എന്നെ അറിയാത്തവർക്ക് ഈ സാമ്യം തോന്നില്ലല്ലോ!

 

∙ സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും ഇടപെടുമ്പോൾ സാധാരണക്കാരിൽ നിന്ന് വിഭിന്നരായി എഴുത്തുകാർ തങ്ങളെ സ്വയം അടയാളപ്പെടുത്തേണ്ടതുണ്ടോ ? വസ്ത്രധാരണത്തിലും പെരുമാറ്റത്തിലുമൊക്കെ ഒരു ധൈഷണികത തോന്നിപ്പിച്ചില്ലെങ്കിൽ പ്രതിഛായ നഷ്ടപ്പെടും എന്ന മട്ടിൽ ജാഗരൂഗരാവേണ്ടതുണ്ടോ എന്നാണ് ചോദ്യം?

 

ചിരിപ്പിക്കുന്ന ചോദ്യം!! എനിക്കീപ്പറയുന്ന പ്രതിഛായ ലാഭം നഷ്ടം ഒന്നും നോക്കലില്ല എന്ന് മാത്രം പറഞ്ഞുകൊള്ളട്ടെ ! എഴുതാത്ത, സാഹിത്യകാരനല്ലാത്ത, അല്ലെങ്കിൽ അതിനുമുമ്പുള്ള ഞാൻ ആരാണോ അതാണു ഈ ഞാൻ! എന്റെ സഹ എഴുത്തുകാരും അങ്ങനെ എന്ന് വിശ്വസിക്കുന്നു, എന്നല്ല അങ്ങനെ തന്നെ ആണ് !

 

∙ നോവൽ രണ്ടാം പതിപ്പ് വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ ഒരു ചോദ്യം കൂടി! സാധാരണ അഞ്ഞൂറോ ആയിരമോ ഒന്നാം പതിപ്പ് പ്രിന്റടിക്കുന്ന സ്ഥാനത്ത് ആയിരത്തഞ്ഞൂറ് കോപ്പി അടിച്ചിറക്കുമ്പോൾ ഇത്ര പെട്ടെന്ന് രണ്ടാം പതിപ്പിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

 

ആ ആയിരത്തി അഞ്ഞൂറും ചെലവായി. മൂന്നരക്കോടി ജനങ്ങളിൽ 1500 പേർ വാങ്ങി. ഹ ഹ. ബാക്കി ഉള്ളവരും വാങ്ങട്ടെ! ആളുകളിലേക്കെത്തുന്നു എന്നത് മാത്രമാണു ഈ കണക്കുകളിൽ എനിക്കുള്ള കമ്പം. ബാക്കി എല്ലാം ഒരു മാർക്കറ്റിംഗ് മാത്രം. സോ, ഈ ചോദ്യം അങ്ങനെ കിടക്കട്ടെ!

( IIT മദ്രാസ് രണ്ടാം പതിപ്പ് ഇപ്പോൾ വിപണിയിൽ ) 

Content Summary: Interview with writer KV Manikantan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com