ADVERTISEMENT

നിരന്തരം നോവലുകളും കഥകളും എഴുതി, എഴുത്തുകാരൻ എന്ന നിലയിൽ ബെന്യാമിൻ എന്നേ അടയാളപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ ആടുജീവിതം സിനിമയായിക്കഴിഞ്ഞു. ജി,ആർ.ഇന്ദുഗോപനുമായി ചേർന്നു തിരക്കഥ എഴുതിയ ക്രിസ്റ്റി എന്ന ചിത്രം റിലീസിന് തയാറെടുക്കുന്നു. അതിന്റെ തിരക്കഥ ഉടൻ പുസ്തകമായും പുറത്തിറങ്ങും. ബെന്യാമിൻ സംസാരിക്കുന്നു. 

രണ്ടു ഴോനർ, രണ്ടു പ്രശസ്തരായ എഴുത്തുകാർ, ഒരു തിരക്കഥ

കഥയുമായി ചേർന്നുണ്ടായതാണ് രണ്ടു പേരുടെ എഴുത്ത് എന്ന ആശയം. ഞങ്ങൾ രണ്ടു പേരോടും കൂടിയാണ് സംവിധായകൻ ആൽവിൻ ഹെൻറി ‘ക്രിസ്റ്റി’യുടെ കഥ പറയുന്നത്. പക്ഷേ ഞാനും ഇന്ദുവും എഴുത്തിന്റെ തിരക്കിലാണ്. രണ്ടു പേർക്കും സമയത്തിന്റെ പ്രശ്നമുണ്ട്. അതുകൊണ്ടു രണ്ടു പേരും ഒന്നിച്ചെഴുതാം എന്ന തീരുമാനത്തിൽ എത്തി. രണ്ടു പേരും രണ്ടു ഴോനറിൽ ആണ് എഴുതുന്നതെങ്കിൽപോലും ഒരു കഥയിലെത്തിയപ്പോൾ ഒരേ മനസ്സോടെ സഞ്ചരിക്കാൻ കഴിഞ്ഞു. അതൊരു സന്തോഷം നിറഞ്ഞ അനുഭവമായിരുന്നു. കഥയായാലും നോവൽ ആയാലും നമ്മുടെ അധികാര പരിധിയിൽനിന്നു വേറിട്ട് പോകാതെ നിൽക്കുമെങ്കിൽ, തിരക്കഥ പല കൂടിയാലോചനകൾക്കും ശേഷമാണ് രൂപപ്പെടുന്നത്. അതിൽ പലർ ഇടപെടലുകൾ നടത്തുന്നുണ്ട്. ഞങ്ങൾ രണ്ടു പേർ ചേർന്ന് എഴുതുന്നു എന്ന് മാത്രമല്ല, സംവിധായകൻ ഉൾപ്പെടെ അതിൽ ഇടപെടുന്നുണ്ട്. എഴുത്തിലെ ഏകാധിപത്യം മാറ്റി വച്ച് തുറന്ന മനസ്സോടെ അതിൽ ഇടപെടുന്നത് സന്തോഷമുള്ള കാര്യമായാണ് തോന്നിയത്. 

തിരക്കഥ വേറെ നോവലെഴുത്ത് വേറെ

തിരക്കഥയിൽ സ്വാതന്ത്ര്യമില്ലായ്മ എന്നു പറയാനാവില്ല. അതിൽ കൂടുതൽ ക്രിയേറ്റിവ് ആകുകയാണ് ചെയ്യുന്നത്. രണ്ടു പേർ ചേർന്നെഴുതുമ്പോൾ അതിൽ ഒരാളുടെ സർഗ്ഗാത്മകതയ്‌ക്കൊപ്പം അടുത്തയാളുടെ സർഗ്ഗാത്മകത കൂടി ചേരുന്നു. ഒരാൾ ഒരു ഭാഗം എഴുതുമ്പോൾ ബാക്കി അടുത്തയാൾ പൂരിപ്പിക്കും. ഇന്ദു ഒരു കഥാസന്ദർഭം പറയുമ്പോൾ അതിന്റെ ബാക്കി എനിക്ക് പൂരിപ്പിക്കാനാവുന്നുണ്ട്. നോവലിൽ ഞാൻ നേരത്തേ ഇത്തരത്തിൽ ഒരു പരീക്ഷണം നടത്തിയിട്ടുണ്ട്. പുഴ മീനുകളെ കൊല്ലുന്ന വിധം എന്ന നോവൽ ചെറുപ്പക്കാരായ കുറെ എഴുത്തുകാരെ കൂട്ടിയാണ് എഴുതിയത്. അതിൽപോലും മറ്റൊരാളുടെ എഴുത്തിൽ ഇടപെടാൻ ആകാത്ത വിധത്തിൽ ഒരു ഏകാധിപത്യമുണ്ട്. പക്ഷേ തിരക്കഥയിൽ അങ്ങനെയല്ല, പരസ്പരം ചർച്ചകളും അഭിപ്രായ ഏകീകരണവും ആശയങ്ങൾ സ്വീകരിക്കലും തിരുത്തലുകളും എല്ലാം വേണം. എന്നാൽ അവനവന്റെ എഴുത്തിൽ ഒരു ഏകാധിപത്യം നിലനിൽക്കുന്നുണ്ട്. രണ്ടും രണ്ടു തരം എഴുത്തു മാധ്യമം തന്നെയാണല്ലോ. 

benyamin-interview
ബെന്യാമിൻ

പ്രായം നഷ്ടമായ പ്രണയകഥ-ക്രിസ്റ്റി

ഏതു പ്രായത്തിലും ലിംഗത്തിലുമുള്ള ആളുകൾക്കും മനസ്സിലാക്കാൻ പറ്റുന്ന വിഷയമാണ് പ്രണയം. അത് സാർവലൗകികമാണ്. എല്ലാ കാലത്തും എല്ലാ നാടുകളിലും കഥകളിലും സിനിമകളിലും ഒക്കെ പറഞ്ഞുകൊണ്ടേയിരിക്കുന്ന വിഷയത്തെ നമ്മുടെ കാലത്തിൽനിന്നു പറയാൻ ശ്രമിക്കുന്നു എന്നതാണ് ക്രിസ്റ്റിയെക്കുറിച്ച് പറയേണ്ടത്. സിനിമയുടെ ട്രെയിലറിൽ കാണുന്നതുപോലെ തന്നെക്കാൾ മുതിർന്ന ഒരാളോടു തോന്നുന്ന പ്രണയം, അതിന്റെ പിന്നാലെ അവൻ നടത്തുന്ന അലച്ചിൽ, അതിനു വേണ്ടി ചെയ്യുന്ന കാര്യങ്ങൾ എന്നിവയെല്ലാം ചേർന്ന ഒരു ഫീൽ ഗുഡ് സിനിമയാണ് ക്രിസ്റ്റി. അടിയും ഇടിയും ഒന്നുമില്ല. ഇത്തരത്തിലുള്ള പ്രണയമുണ്ടായിരുന്ന ആളുകൾക്കും ചെറുപ്പക്കാർക്കും മനസ്സിലാക്കാൻ കഴിയുന്ന ഒരു ഭാഷ അതിനുണ്ട് എന്നാണു തോന്നുന്നത്. ഉടൻതന്നെ ഈ തിരക്കഥ പുസ്തകമാകുന്നുണ്ട്. 

ആടുജീവിതം ഇൻ സിനിമാസ്

ആടുജീവിതത്തിന്റെ ഷൂട്ടിങ് കഴിഞ്ഞു. അതിന്റെ അവസാന ജോലികളിൽ ആണ്. ഇപ്പോൾ എ.ആർ.റഹ്‌മാന്റെ സംഗീതത്തിന്റെ പണികൾ നടക്കുന്നു, വിഎഫ്എക്സ് ജോലികൾ തുടരുന്നു. പക്ഷേ റിലീസ് എന്നാകും എന്ന് ഉറപ്പിച്ചിട്ടില്ല. ഏതെങ്കിലും ഒരു രാജ്യാന്തര ഫെസ്റ്റിവലിന് അയച്ച് അതിന്റെ ഫലം നോക്കിയിട്ട് ഇന്ത്യൻ റിലീസ് എന്നതാണ് തീരുമാനം. അവസാന മിനുക്കു പണികൾ നടക്കുകയാണ്. ഒരുപാട് ശ്രദ്ധ പ്രതീക്ഷിക്കുന്ന ചിത്രമായതിനാൽ അതിനുള്ള ഒരു ശ്രമം നടക്കുന്നുണ്ട്. അതിനു ശേഷം പെട്ടെന്ന് തന്നെ റിലീസ് പ്രതീക്ഷിക്കാം. 

നോവലിസ്റ്റ് vs തിരക്കഥാകൃത്ത്

നോവലിസ്റ്റ് എന്നാൽ സ്വയം കണ്ടെത്തൽ, അന്വേഷണം, ഞാൻ നടത്തുന്ന യാത്രകൾ എന്നതൊക്കെയാണ്. എന്നാൽ സിനിമ ഒരുപാടു പേരുടെ ഐക്യമാണ്. അതിൽ സംവിധായകന്റെ ആശയങ്ങളുണ്ട്, നിർമാതാവിന്റെ ഇഷ്ടങ്ങളുണ്ട്, താരങ്ങളുടെ താൽപര്യങ്ങളുണ്ട്. എല്ലാവരും അതിനോട് യോജിക്കേണ്ടതുണ്ട്. പക്ഷേ അതിന്റെയൊരു പ്രോസസ് ഞാനിഷ്ടപ്പെടുന്നു. നമ്മൾ നമ്മുടെ മുറിയിൽ മാത്രമിരുന്ന് എഴുതി ഫലിപ്പിക്കുന്നതിൽനിന്നു മാറി, കുറേക്കൂടി ജനകീയമായ ഒരു പാറ്റേണിൽ ചർച്ച ചെയ്തു മുന്നേറുകയാണ്. ഇതിൽ രണ്ടും രണ്ടു രീതിയാണ്. കുറച്ചുകൂടി വിശാലമായി ചിന്തിക്കുമ്പോൾ മാത്രമേ ഒരു നോവലിസ്റ്റിനു നല്ലൊരു തിരക്കഥാകൃത്ത് ആകാനാകൂ. നമ്മുടെ മാത്രം മനസ്സിൽനിന്നു കൊണ്ട് ഞാനാണ് ശരി, എന്റെ സ്വാതന്ത്ര്യം എന്ന ചിന്തയിൽ ഒരു നോവൽ എഴുതാം. പക്ഷേ ഒരു തിരക്കഥ എഴുതുമ്പോൾ അതിനാകില്ല. തിരക്കഥയുടെ ദൃശ്യഭംഗി ശ്രദ്ധിക്കണം, കഥയ്ക്ക് വേഗതയുണ്ടായിരിക്കണം. നോവലിൽ കഥാപാത്രങ്ങളെക്കൊണ്ട് പറയിപ്പിച്ച് പഴയ കഥകൾ ഏറ്റെടുത്ത് നിൽക്കാനാകും. എന്നാൽ തിരക്കഥയിൽ ഓരോ സീനിലും പുതിയ കഥാസന്ദർഭങ്ങൾ വളരെ വേഗത്തിൽ വന്നു കഥാഗതി മാറ്റേണ്ടി വന്നേക്കും. അതുകൊണ്ടൊക്കെത്തന്നെ നോവലെഴുതും തിരക്കഥ എഴുത്തും വ്യത്യസ്തമാണ്. 

Content Summary: Interview: Writer Benyamin talks about writing Novels and Screenplays

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com