ADVERTISEMENT

എഴുത്തിന്റെ തഴക്കവും പഴക്കവുമുള്ള ജീവിതപരിസരങ്ങളിൽ നിന്നല്ല ഈ യുവ എഴുത്തുകാർ വരുന്നത്. കഠിന ജീവിതാനുഭവപാതകളിൽ വച്ച് എഴുത്ത് എന്ന ഏകാശ്വാസത്തിലേക്ക് തിരിഞ്ഞവരാണവർ. അതിനവരെ വലിയൊരളവിൽ സഹായിച്ചത് ആഴത്തിലുള്ള വായനയാണ്. ഇവരിൽ നിരൂപണമെഴുതുന്നവരുണ്ട്, കഥകളും നോവലുകളും കവിതകളും എഴുതുന്നവരുണ്ട്, ജനപ്രിയ ത്രില്ലർ സാഹിത്യം എഴുതുന്നവരുമുണ്ട്. ഭാഷ വായനക്കാരുടെ ഹൃദയത്തിൽ തൊടുന്നു എന്നതു മാത്രമാണ് എഴുത്തുകാർ എന്ന വിലാസത്തിനുള്ള ഇവരുടെ ഏക അവകാശവാദം. ചിലർ ആ കഥകൾ വായിച്ചു കരയുന്നു, ചിലർ ജീവിതത്തിലേക്കു തിരിച്ചുവരുന്നു. മലയാളം എന്ന ഭാഷയും ആ ഭാഷയിലെ എഴുത്തും ഈ തലമുറയുടെ കയ്യിലും ഭദ്രമാണ് എന്നതിന് ഇതിൽപരം വേറെ എന്തു തെളിവു വേണം? മാതൃഭാഷാ ദിനത്തിൽ മലയാള വായനയെ കെട്ടുപോകാതെ കാക്കുന്ന പുതുതലമുറ എഴുത്തുകാരിൽ ചിലരുടെ ജീവിതവും എഴുത്തും വായിക്കാം. 

ratheesh-elamadu

 

∙വായനയുടെ ബലം: രതീഷ് ഇളമാട്

സിവിൽ പൊലീസ് ഓഫിസറായ രതീഷ് ഇളമാടിന്റെ വീട്ടുലൈബ്രറിയിൽ അയ്യായിരത്തിലേറെ പുസ്തകങ്ങളുണ്ട്. ഇതു മുഴുവനും വായിച്ചിട്ടുണ്ട് എന്ന ആത്മവിശ്വാസമാണ് രതീഷ് ഇളമാട് എന്ന എഴുത്തുകാരന്റെ ഏറ്റവും വലിയ ബലം. വായനയുടെ അഗാധതയിലാണ് രതീഷിന്റെ എഴുത്ത് രൂപപ്പെടുന്നത്. ചായക്കച്ചവടം നടത്തി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ശ്രമിക്കുമ്പോഴും പുസ്തകങ്ങൾ വാങ്ങിത്തരാൻ ഒരു മടിയുമില്ലാതിരുന്ന അച്ഛനാണ് രതീഷിന്റെ എഴുത്തിനെ ജ്വലിപ്പിച്ചത്. കൊല്ലം ഇളമാട് സ്വദേശിയായ രതീഷ് സംസാരിക്കുന്നു.

 

∙എന്തിന് എഴുതുന്നു

എഴുത്ത് ആനന്ദമായാണ് സാധാരണയായി അനുഭവപ്പെടുന്നത്. എന്നാൽ എനിക്ക് അതിജീവനം കൂടിയാണ്. വായനയാണ് എനിക്ക് പ്രിയം. ഏതോ വായനയുടെ അഗാധതയിലാണ് എന്റെ എഴുത്ത് രൂപപ്പെടുന്നത്.

 

∙ജോലിക്കിടെ സമയം

ratheesh-elamadu-books

സിവിൽ പോലീസ് ഓഫിസർ ആണ്. എന്റെ ജോലിക്ക് എഴുത്തുമായി നേരിട്ട് ഒരു ബന്ധവുമില്ല. എന്റെ എഴുത്തും വായനയും കൂടുതൽ നടക്കുന്നത് രാത്രിയിലാണ്, അതും രാത്രി ഏറെ വൈകി. എല്ലാവരും ഉറങ്ങിക്കഴിഞ്ഞ സത്രത്തിൽ ഉണർന്നിരിക്കുവാൻ കഴിയുന്നവർക്കാണ് ജീവിതം കാണാൻ കഴിയുന്നത് എന്ന് വിജയൻ മാഷ് ഒരിക്കൽ എഴുതിയിട്ടുണ്ട്. രാത്രിയാണ് എനിക്ക് ഏറെ ഇഷ്ടം വായനയും എഴുത്തും അവിടെ രൂപപ്പെടുന്നു.

 

∙ഭാഷ

ഞാൻ കൂടുതലും എഴുതുന്നത് നിരൂപണവും പഠനങ്ങളും ആണ്. ഭാഷയെ നിരന്തരം നവീകരിച്ച് അതിന്റെ സൗന്ദര്യത്തിൽ വായനക്കാർക്ക് നൽകാനാണ് ഞാൻ ശ്രമിച്ചത്. എന്റെ എഴുത്ത് എന്ന ധ്യാനത്തിൽ പിൻപറ്റുന്നത് വായനയാണ്. വായന കൊണ്ട് സമൃദ്ധമാക്കിയ എഴുത്താണ് എനിക്ക് പ്രിയപ്പെട്ടത്.

 

∙വീട്ടിലെ സാഹചര്യങ്ങൾ 

d-anilkumar
കടപ്പെറപാസ എന്ന ജീവൽമൊഴിയിലാണ് ഡി.അനിൽകുമാർ കവിത എഴുതുന്നത്. തീരദേശത്തിന്റെ സ്വന്തം ഭാഷയാണത്.

അവ എഴുത്തിനെ കരുപ്പിടിപ്പിക്കുന്നതായിരുന്നില്ല.പൂർവികരാരും തന്നെ എഴുത്തുകാർ ആയിരുന്നില്ല. കേവല വിദ്യാഭ്യാസം മാത്രമുള്ള ആളായിരുന്നു അച്ഛൻ. രണ്ട് ചേച്ചിമാർക്കൊപ്പം ആണ് ഞാൻ ജീവിച്ചിരുന്നത്. ചായക്കച്ചവടം നടത്തി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ശ്രമിക്കുമ്പോഴും പുസ്തകങ്ങൾ വാങ്ങിത്തരാൻ അച്ഛന് ഒരു മടിയും ഇല്ലായിരുന്നു. ആ ശീലമാണ് പിന്നെ എന്നെ പുസ്തകം വാങ്ങി വായിക്കുന്ന ശീലത്തിലെത്തിച്ചത്. എനിക്ക് ഇന്ന് ഒരു സ്വകാര്യ ലൈബ്രറി ഉണ്ട്. ഏതാണ്ട് അയ്യായിരത്തോളം പുസ്തകങ്ങൾ. അവയെല്ലാം വായിക്കാൻ കഴിഞ്ഞു എന്നുള്ളത് എന്റെ എഴുത്തിന്റെ ആത്മവിശ്വാസമായിരുന്നു. വാസ്തവത്തിൽ ആ വായനയുടെ കാലഘട്ടത്തിലെപ്പോഴോ ഞാൻ ഒരു എഴുത്തുകാരൻ ആകും എന്ന് സ്വപ്നം കണ്ടിരുന്നു.

 

∙മറക്കാനാകാത്ത നിമിഷം

കെ.പി. അപ്പൻ സാറിനെ കുറിച്ചുള്ള ഒരു പഠന ഗ്രന്ഥം ഞാൻ എഴുതിയിട്ടുണ്ട്. വാക്കും കുരിശും. കാലിക്കറ്റ് സർവകലാശാലയിൽ അപ്പൻ സാറിനെ കുറിച്ച് ഗവേഷണം ചെയ്യുന്ന ഒരു വിദ്യാർത്ഥിയോട് മലയാളത്തിലെ ഏറെ അറിയപ്പെടുന്ന കവിയും അധ്യാപകനുമായ ഗൈഡ് കൂടുതൽ വായനയ്ക്കും റിസർച്ചിനും വേണ്ടി നിർദ്ദേശിച്ചത് ഈ പുസ്തകം ആണ്. ഈ കവിക്കു നേരിട്ട് എന്നെ പരിചയവും ഇല്ല. ഇത് ഗവേഷണ വിദ്യാർഥി എന്നോട് പറഞ്ഞപ്പോൾ ഉണ്ടായ സന്തോഷം വളരെ വിപുലമായിരുന്നു. 

 

∙പുസ്തകങ്ങൾ

ഇതിനകം നാല് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യം കവിത സമാഹാരം –മൃഗനീതികൾ. പിന്നീട് വാക്കും കുരിശും എന്ന പഠന ഗ്രന്ഥം. അയനങ്ങളുടെ നാനാർഥങ്ങൾ എന്ന രാമായണ പഠനഗ്രന്ഥം. ഏറ്റവും ഒടുവിൽ രഹസ്യ വനങ്ങളിൽ പൂത്ത ഒറ്റമരം എന്ന ലേഖന സമഹാര പുസ്തകം. പുതിയ പുസ്തകം ഇതിനകം അഞ്ചു പതിപ്പിൽ എത്തിനിൽക്കുന്നു.

 

d-anilkumar-books
ഡി.അനിൽകുമാറിന്റെ പുസ്തകങ്ങൾ

∙കടപ്പെറപാസ

വിഴിഞ്ഞത്ത് ഗംഗയാർ തോടിനും കടലിനും നടുക്ക് ഒരു മൂക്കറാം കല്ലുണ്ടായിരുന്നു. കുട്ടിക്കാലത്ത് അവിടെ ചെന്നിരിക്കുമായിരുന്ന കുട്ടി ഒരു നട്ടുച്ചയ്ക്ക് ചൊരിമണലിൽ വിരല് കൊണ്ട് എഴുതിയതിൽ പിശറ് എന്ന വാക്കുണ്ടായിരുന്നു. ആ വരികൾ അപ്പോൾ തന്നെ കടലെടുത്തു. കടപ്പെറപാസ എന്ന ജീവൽമൊഴിയിലാണ് ഡി.അനിൽകുമാർ കവിത എഴുതുന്നത്. തീരദേശത്തിന്റെ സ്വന്തം ഭാഷയാണത്. അനുഭവിക്കാത്തവർ പറയുന്നതിലും നല്ലത് അനുഭവിച്ചവർ പറയുന്നതാണെന്ന വിശ്വാസത്തിലാണ് അനിലിന്റെ കവിതകൾ പിറക്കുന്നത്. കോളജ് അധ്യാപകനാണ് അനിലിപ്പോൾ. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയായ അനിൽ സംസാരിക്കുന്നു:

 

∙എഴുതിയേ പറ്റൂ എന്നു തോന്നിയ ആ നിമിഷം?

ഗംഗയാർ തോടിനും കടലിനും നടുക്ക് ഒരു മൂക്കറാം കല്ലുണ്ടായിരുന്നു. കുട്ടിക്കാലത്ത് അവിടെ ചെന്നിരിക്കും. ഊളനെയും പെരുച്ചാഴിയേയും കാണും. കടൽപിശറ് ദേഹത്ത് കൊള്ളും. ഒരു നട്ടുച്ചയ്ക്ക് ചൊരിമണലിൽ വിരല് കൊണ്ട് ഞാൻ എഴുതി. അതിൽ പിശറ് എന്ന വാക്കുണ്ടായിരുന്നു. ആ വരികൾ അപ്പോൾ തന്നെ കടലെടുത്തു. 

 

ranju-kilimanoor
കെഎസ്ആർടിസി കണ്ടക്ടറാണ് രഞ്ജു കിളിമാനൂർ. രണ്ടു പുസ്തകങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചു.

∙എഴുതുന്ന ഭാഷ ? അതിന്റെ തിരഞ്ഞെടുപ്പ് എന്തുകൊണ്ട്?

കടപ്പെറപാസ എന്ന ജീവൽമൊഴിയിലാണ് ഞാൻ എഴുതുന്നത്. പുറന്തള്ളപ്പെട്ടവരുടെ ആത്‍മചരിത്രത്തിൽ നിന്നാണ് ആ ഭാഷ പിറവിക്കൊള്ളുന്നത്. ലിപിയോ വ്യവസ്ഥയോ ഇല്ല. നിശബ്ദതയും അടിമനുകവും വേണ്ടുവോളമുണ്ട്. ആലോചിക്കുമ്പോൾ ഭൂതകാലം എന്ത് കൊടൂരമായിരുന്നു. മറ്റൊരർത്ഥത്തിൽ ജീവിതം നിറഞ്ഞതായിരുന്നു. ചൂണ്ടയിടുമ്പോൾ ഓരോ ആയലിലും വിരല് ഒരയും. ഒരഞ്ഞൊരഞ്ഞ് തൊലി പിന്നും. ആ നീറ്റൽ മരണകാലം വരെ ഉണ്ടാകും. അതെഴുതാൻ ഈ മൊഴിക്കേ ആകൂ. 

 

∙മുഖ്യധാരാ സാഹിത്യം, അല്ലെങ്കിൽ മുഖ്യധാരാ ഭാഷ മാറ്റിനിർത്തിയതായി തോന്നിയിട്ടുള്ള ആശയങ്ങളോ വാക്കുകളോ എഴുതാനാണോ ശ്രമിക്കുന്നത്? നിങ്ങൾ എന്താണു വായനക്കാരോടു പറയാൻ ശ്രമിക്കുന്നത്?

എഴുത്തധികാരത്തിന് പുറത്തു നിൽക്കുന്നവർ, ചരിത്രം വക്കുകളിലാക്കിയവർ, ഇതിഹാസങ്ങളിൽ ഇടമില്ലാത്തവർ, സ്വന്തം ഭാഷയുടെ പേരിൽ പോലും അപമാനിക്കപ്പെടുന്നവർ. അവർ വർണ്യവസ്തു ആകരുത്. കർത്തൃസ്ഥാനത്ത് നിന്ന് അവരുടെ ഭാഷയിൽ മിണ്ടണം. അനുഭവിക്കാത്തവർ പറയുന്നതിലും നല്ലത് അനുഭവിച്ചവർ പറയുന്നതാണ്.

 

∙വീട്ടിലെ സാഹചര്യങ്ങൾ എങ്ങനെയായിരുന്നു? ഒരു എഴുത്തുകാരനാകും എന്ന് എപ്പോഴെങ്കിലും തോന്നിയിരുന്നോ?

കടലിനടുത്താണ് വീട്. വീട്ടുകാരെല്ലാം കടൽപണിക്കാരാണ്. അപ്പൻ കടലിൽ പോകും. അണ്ണന്മാരും പോകും. അമ്മ വീട് വീടാന്തരം മീനുണക്കി വിൽക്കും. ഞാനും അവരോടൊപ്പം ഇടയ്ക്ക് പോകും. കടലിനപ്പുറം ഒരു ജീവിതം ഉണ്ടാകുമോ എന്നറിയില്ലായിരുന്നു. പിന്നെ എങ്ങനെ എഴുത്തിനെപ്പറ്റി ചിന്തിക്കാനാ. എങ്കിലും എഴുതി. എഴുതിപ്പോയി. എഴുത്തുകാരനാണോ എന്ന് ചോദിച്ചാൽ എഴുതുന്ന ഒരാൾ എന്നേ അറിയൂ.

 

∙എഴുത്തുകാരൻ എന്ന നിലയിൽ ഏറ്റവും സന്തോഷം തോന്നിയ ഒരു നിമിഷം?

കേന്ദ്ര സാഹിത്യ അക്കാദമിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ആദ്യമായി വിമാനം കേറിയത്. പിന്നേം പിന്നേം എഴുത്തിന്റെ പേരിൽ വിമാനം കേറിയത്. കടലിന്റെ നീലയല്ല ആകാശത്തിന്.

 

∙പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ? 

ഞാനിന്ന് പാടിത്തുടങ്ങുന്നു, ചങ്കൊണ്ടോ പറക്കൊണ്ടോ, അവിയങ്കോര എന്നിവയാണ് കവിതാസമാഹാരങ്ങൾ. പൊഴിയൂർ മുതൽ അഞ്ചുതെങ്ങ് വരെയുള്ള തീരദേശത്തെ ഭാഷയുടെ ലക്സിക്കനായ കടപ്പെറപ്പാസ എന്ന നിഘണ്ടു പ്രസിദ്ധീകരിച്ചു. ബഹുസ്വരങ്ങൾ, ഭാഷയുടെ പാഠങ്ങളും ഭാവനയുടെ ആഴങ്ങളും എന്നിവയാണ് മറ്റു പുസ്തകങ്ങൾ.

 

∙ബസൊരു കഥാഖനി: രഞ്ജു കിളിമാനൂർ

കെഎസ്ആർടിസി കണ്ടക്ടറാണ് രഞ്ജു കിളിമാനൂർ. രണ്ടു പുസ്തകങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചു. അയ്യായിരത്തോളം കോപ്പികൾ വിറ്റുപോയ അവ സമീപകാലത്തു വായനക്കാരുടെ ശ്രദ്ധ നേടിയ ത്രില്ലർ വിഭാഗത്തിൽ വരുന്നവയാണ്. ഓരോ ദിവസവും തന്റെ ബസിൽ കയറുന്ന ആയിരത്തോളം പേരാണ് എഴുത്തിൽ രഞ്ജുവിന്റെ അനുഭവപരിസരം. 23 മണിക്കൂറോളം ഡ്യൂട്ടി വരുമെന്നതിനാൽ അവധി ദിനങ്ങൾ പൂർണമായി വിനിയോഗിച്ചാണ് എഴുത്ത്. തിരുവനന്തരം കിളിമാനൂരാണു രഞ്ജുവിന്റെ സ്വദേശം. രഞ്ജു സംസാരിക്കുന്നു. 

 

anil-devassy
അനിൽ ദേവസി .ജോലിക്കും കുടുംബത്തിനും ഇടയിൽ കിട്ടുന്ന അൽപം സമയത്ത് ദുബായ് മെട്രോയിലെ തിരക്കിനിടയിൽ നിന്നും ഇരുന്നുമാണ് എഴുത്തു നടക്കുന്നത്.

∙എഴുതിയേ പറ്റൂ എന്നു ശക്തിയായി തോന്നിയ ആ നിമിഷം?

ഓൺലൈൻ ആയി പ്രസിദ്ധീകരിച്ച ‘ശവപ്പെട്ടിയിലെ രഹസ്യം’ എന്ന കഥയ്ക്ക് വായനക്കാരുണ്ടാകുകയും അവരുടെ എണ്ണം വർധിക്കുകയും ചെയ്തപ്പോഴാണ് എഴുത്ത് എനിക്ക് വർക്കൗട്ട്‌ ആകും എന്ന ആത്മവിശ്വാസമുണ്ടായത്. എഴുതിയാൽ അതു സ്വീകരിക്കാൻ കുറച്ചെങ്കിലും ആൾക്കാരുണ്ടെന്ന തിരിച്ചറിവുമുണ്ടായി. പിന്നീടുള്ള ഓരോ കഥകളും ഫോളോവേഴ്‌സിന്റെ എണ്ണം വർധിപ്പിച്ചു. നായകനായ അലക്സി ഒരുപാട് ആരാധകരുമുണ്ടായി.പ്രതിലിപിയെന്ന ആപ്ലിക്കേഷൻ മുഖേന 8,000 ഫോളോവേഴ്സിനെ ഈ കഥകളും അലക്സിയും ചേർന്ന് സമ്പാദിച്ചു കൂട്ടിയപ്പോൾ ആത്മവിശ്വാസം കൂടി. അങ്ങനെയാണ് ആ കഥകളെല്ലാം ചേർത്ത് ആദ്യത്തെ പുസ്തകം സ്വന്തമായി പബ്ലിഷ് ചെയ്യുന്നത്. ഇതുവരെ ആ പുസ്തകത്തിന്റെ രണ്ടായിരം കോപ്പികൾ വിറ്റുതീർന്നു. ആ പുസ്തകത്തിന് മലയാളത്തിലെ മികച്ച എഴുത്തുകാർ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായം നേടാൻ സാധിച്ചുവെന്നതും എഴുത്തിൽ തുടരാൻ എനിക്ക് പ്രചോദനമായി. ലാജോ ജോസെന്ന മലയാളത്തിന്റെ മികച്ച ത്രില്ലർ എഴുത്തുകാരൻ അദ്ദേഹത്തിനിഷ്ടപ്പെട്ട ഏറ്റവും മികച്ച അഞ്ച് പുസ്തകങ്ങൾ പ്രഖ്യാപിച്ചപ്പോൾ അതിൽ അലക്സി സ്ഥാനം നൽകിയിരുന്നത് ആത്മവിശ്വാസം നന്നായി വർധിപ്പിച്ചു. അങ്ങനെ ഷെർലക് ഹോംസും മുറിഞ്ഞ വിരലുകളും എന്ന രണ്ടാമത്തെ നോവൽ പുറത്തിറങ്ങി. അത്‌ മൂവായിരം കോപ്പികൾ വരെ വിറ്റഴിക്കപ്പെട്ടു. സത്യത്തിൽ ഇത്രയുമൊക്കെ സംഭവിച്ചപ്പോഴാണു തുടർന്നും എഴുതാനുള്ള ധൈര്യമൊക്കെ കിട്ടിയതു തന്നെ.

 

∙ജോലിക്കിടയിൽ എഴുതുവാൻ സമയം കണ്ടെത്തുന്നത് എങ്ങനെ?

12 വർഷമായി കെഎസ്ആർടിസിയിൽ കണ്ടക്ടർ ആയിട്ടാണ് ജോലി ചെയ്തു വരുന്നത്. എഴുത്തുമായി ഈ ജോലിക്ക് ബന്ധമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്നും ഇല്ലെന്നും പറയാം. ഒരു ദിവസത്തെ ജോലിക്കിടയിൽ 1000 പേരോളമാണ് ബസിൽ കയറാറുള്ളത്. ഇവരിൽ എല്ലാ വിഭാഗം ആൾക്കാരുമുണ്ട്. ഉന്നത ജോലികളിലുള്ളവർ, പൊലീസുകാർ, കള്ളന്മാരും പിടിച്ചുപറിക്കാരും, ലൈംഗികത്തൊഴിൽ ചെയ്യുന്നവർ അങ്ങനെ എല്ലാത്തരം ആൾക്കാരെയും ഓരോ ദിവസവും കാണേണ്ടി വരും. ഇവരിൽ ക്രിമിനൽ ചിന്താഗതിയും നെഗറ്റീവ് ചിന്താഗതിയുള്ളവരും എല്ലാമുണ്ട്. കഥാപാത്ര സൃഷ്ടിയിൽ ഇവരിൽ പലരുടെയും മാനറിസങ്ങൾ കടന്നുവരാറുണ്ട്.

ഏതൊക്കെ സാഹചര്യങ്ങളിലാണ് ഒരാൾക്ക് കള്ളം പറയാൻ തോന്നുക, ക്രൈം ചെയ്യുമ്പോൾ ഒരു ക്രിമിനൽ എങ്ങനെയൊക്കെ ചിന്തിക്കാം, ഒരു പൊലീസുകാരൻ എങ്ങനെയൊക്കെ ചിന്തിക്കാം എന്നൊക്കെ മനസ്സിലാക്കാൻ ചില ആൾക്കാരുമായി സംവദിക്കുന്നത് സഹായിക്കാറുണ്ട്.

പിന്നെ ജോലിക്കിടയിൽ എഴുതുന്നത് തീരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. 23 മണിക്കൂർ സർവീസ് ആണ് ഞാനിപ്പോ ഓപ്പറേറ്റ് ചെയ്യുന്നത്. ആ ദിവസങ്ങളിൽ നമ്മുടെ ശ്രദ്ധ പൂർണ്ണമായും വണ്ടിയുടെ ഡോറിലാണ് ഉണ്ടായിരിക്കേണ്ടത്. ഒരു ബെല്ലിലൊക്കെ എന്തിരിക്കുന്നുവെന്ന് തോന്നാമെങ്കിലും നമ്മുടെ ഒരു സെക്കൻഡ് നേരത്തെ അശ്രദ്ധ കൊണ്ട് ഒരു മരണം പോലും സംഭവിച്ചേക്കാം. അങ്ങനെയുള്ള ജോലിക്കിടയിൽ ഒരു വരി പോലും എഴുതാൻ പറ്റില്ലെന്നതാണ് വാസ്തവം. ജോലി കഴിഞ്ഞുള്ള അവധി ദിവസങ്ങളിലാണ് എഴുത്ത്. 

 

anil-devassy-books
യാ ഇലാഹി ടൈംസ്, കാസ പിലാസ എന്നീ നോവലുകളും കാമറൂണി എന്ന കഥാസമാഹാരവുമാണ് അനിൽ ദേവസ്സിയുടെ പുസ്തകങ്ങൾ

∙മുഖ്യധാരാ സാഹിത്യം, അല്ലെങ്കിൽ മുഖ്യധാരാ ഭാഷ മാറ്റിനിർത്തിയതായി തോന്നിയിട്ടുള്ള ആശയങ്ങളോ വാക്കുകളോ എഴുതാനാണോ ശ്രമിക്കുന്നത്? നിങ്ങൾ എന്താണു വായനക്കാരോടു പറയാൻ ശ്രമിക്കുന്നത്?

അങ്ങനെയുള്ള ആശയങ്ങളോ വാക്കുകളോ ഒന്നും എഴുതാനല്ല ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് ഉറപ്പിച്ചു പറയാം. വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ത്രില്ലർ കഥകൾ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട് നമുക്കിടയിൽ. ഞാനും അത്തരം കഥകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ്. എന്റെ കഥകളും ആ ഒരു കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ പാടുള്ളതല്ലെന്ന നിർബന്ധം എനിക്കുണ്ട്. എന്നുവച്ചാൽ കഥ തീരുന്നതുവരെയും വായനക്കാർ ത്രില്ല് കയറി ടെൻഷനടിച്ച് ടെൻഷനടിച്ച് അങ്ങനെ ഇരിക്കണം. ആ ടെൻഷൻ മാക്സിമം കൂട്ടുക എന്നതാണ് എഴുത്തുകാരനെന്ന നിലയിൽ എനിക്കു ചെയ്യാനുള്ളത്. അതുപോലെ ക്ലൈമാക്സ്‌ സസ്പെൻസ് എന്താണെന്നു ഞാൻ പറയും. അതുവരെ മറ്റാരും കണ്ടുപിടിക്കാതിരിക്കണം. വായനക്കാർ ബുദ്ധിയുള്ളവരാണ്. അതുകൊണ്ട് തന്നെ അത്തരം ക്ലൈമാക്സ് സൃഷ്ടിക്കാൻ ഞാൻ മാക്സിമം നന്നായി പരിശ്രമിക്കണം. ലോജിക് പരമാവധി നഷ്ടപ്പെടാതെ നോക്കുകയും വേണം. ഈ നിർബന്ധങ്ങൾ വച്ചു പുലർത്തി എനിക്കറിയാവുന്ന ഭാഷയിലെഴുതിയ പുസ്തകങ്ങളാണ് എന്റെ രണ്ടെണ്ണവും. ആ ഭാഷയ്ക്ക് ഒരുപാട് പോരായ്മകളുണ്ട്. സാഹിത്യഭംഗി തീരെയില്ല. പക്ഷേ, പറയേണ്ട കാര്യങ്ങളെല്ലാം സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിലാണ് എഴുതിയിരിക്കുന്നതെന്ന് മാത്രം പറയാം. മണിയൻപിള്ള രാജുവിന്റെ കഥാപാത്രം മിന്നാരം സിനിമയിൽ പറയുന്നത് പോലെ വരിക, വായിക്കുക, ത്രില്ലടിക്കുക, ടെൻഷനടിക്കുക, പോകുക. എന്തായാലും വായനക്കാരൻ വായിക്കാൻ തിരഞ്ഞെടുക്കുന്ന സമയം നഷ്ടമാകില്ലെന്ന ഒരു വിശ്വാസം മാത്രമുണ്ട്.

 

∙വീട്ടിലെ സാഹചര്യങ്ങൾ എങ്ങനെയായിരുന്നു? ഒരു എഴുത്തുകാരനാകും എന്ന് എപ്പോഴെങ്കിലും തോന്നിയിരുന്നോ?

ഏയ്‌, ഒരിക്കലും ഒരു എഴുത്തുകാരനാകുമെന്ന് വിചാരിച്ചിരുന്നതേയില്ല. ആദ്യമായി പുസ്തകം 1000 കോപ്പി പ്രിന്റ് ചെയ്തു കൊണ്ട് വീട്ടിൽ വയ്ക്കുമ്പോൾ വീട്ടുകാർക്കൊക്കെ പേടിയായിരുന്നു. വിറ്റുപോയില്ലെങ്കിൽ കടം കേറി മോൻ മുടിയുമെന്ന് അവർക്കറിയാമായിരുന്നു. കെഎസ്ആർടിസി ജീവനക്കാരനായ ഒരാളുടെ മാസശമ്പളത്തിന്റെ അവസ്ഥയൊക്കെ അറിയാമല്ലോ. അവർ പേടിക്കാതെ പിന്നെന്തു ചെയ്യാനാ. ചെറുക്കന്റെ ഓരോ വട്ടെന്ന് കരുതി ടെൻഷനായി രണ്ടു മാസം അവരിരുന്നു. കൃത്യം 70 ദിവസമായപ്പോൾ ആദ്യ പുസ്തകത്തിന്റെ ആ ആയിരം കോപ്പിയും വിറ്റു തീർന്നു. പിന്നീട് രണ്ടാമത്തെ 1000 കോപ്പി അടിച്ചപ്പോഴും അവർ പേടിച്ചിരുന്നു. ഇനിയും ഇതു വിറ്റു പോകുമോ എന്നെന്നോട് പേടിയോടെ ചോദിക്കുമ്പോൾ ഞാൻ സത്യൻ മാഷിന്റെ ശബ്ദത്തിൽ അമ്മയോട് തിരിച്ചു ചോദിക്കാറുണ്ട്. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നൊരു പുസ്തകം വിറ്റുപോകാതിരിക്കുന്നത് എങ്ങനെയാണമ്മേയെന്ന്. ഈ കാണിക്കുന്നതെല്ലാം കണ്ടിട്ട് എനിക്കു വട്ടാണെന്ന് ഒരു നിമിഷമെങ്കിലും എന്റെ അച്ഛനമ്മമാരും ഭാര്യയുമെല്ലാം ചിന്തിച്ചിട്ടുണ്ടാകും. എന്തായാലും ഇപ്പോൾ ആ 1000 കോപ്പിയും വിറ്റുതീർന്നു. ഇനി മൂന്നാമത്തെ എഡിഷൻ അതായത് അടുത്ത ആയിരം കോപ്പി പ്രിന്റ് ചെയ്ത് വീണ്ടും അവരെയൊന്നു ടെൻഷനാക്കണം.

 

civic-john
എൻജിനീയറായ സിവിക് ജോൺ യാദൃശ്ചികമായി എഴുത്തിലേക്കു വന്നയാളാണ്.

∙എഴുത്തുകാരനെന്ന നിലയിൽ ഏറ്റവും സന്തോഷം തോന്നിയ ഒരു നിമിഷം?

ഞാനും ലിജിൻ ജോണെന്ന എഴുത്തുകാരനും ചേർന്ന് ഡാവിഞ്ചി കോഡ് ഴോണറിൽ വരുന്നൊരു മിത്തോളജിക്കൽ ക്രൈം ത്രില്ലർ സബ്ജക്ട് സിനിമയ്ക്ക് വേണ്ടി തിരക്കഥയാക്കി വച്ചിരുന്നു. ബജറ്റ് കൂടിയതുകാരണം ആ തിരക്കഥ സിനിമയാകാതെ പോയപ്പോൾ അതു നോവലാക്കാൻ ഞങ്ങൾ തീരുമാനിച്ചു. രണ്ടുപേരുടെയും ഭാഷ കടന്നു കൂടാതിരിക്കാൻ എന്റെ ഭാഷയാണ് ആ നോവലിൽ ഉപയോഗിച്ചിരിക്കുന്നത്. ആ നോവൽ എഴുതി തീർന്നപ്പോഴാണ് ഒരെഴുത്തുകാരൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ സന്തോഷം തോന്നിയത്. അതിലെ അവസാന ചാപ്റ്ററുകളിലൊന്നിൽ ഒരു യുദ്ധമുണ്ട്. ആ യുദ്ധം ഞാനൊരു മാസം കൊണ്ടാണ് എഴുതി തീർത്തത്. വായിക്കുന്ന ഓരോ വായനക്കാരനും രംഗങ്ങൾ വ്യക്തമായി കാണാൻ പറ്റുന്ന വിധത്തിലാണ് ഞാനത് നരേറ്റ് ചെയ്തിരിക്കുന്നത്. ശ്രദ്ധിച്ചു വായിക്കുന്നൊരാൾക്ക് അതിലെ ശബ്ദങ്ങൾ പോലും കേൾക്കാൻ സാധിക്കുന്ന തരത്തിൽ. സാഹിത്യഭംഗിയോ ഭാഷാപ്രയോഗങ്ങളോ ഒന്നുമെനിക്ക് അവകാശം പറയാനില്ല. പക്ഷേ, ആ രംഗങ്ങൾ അനുഭവിച്ചറിയേണ്ട ഒന്നു തന്നെയാണെന്നു ഞാൻ പറയും. നോവൽ പൂർത്തിയായപ്പോൾ ഇനിയൊരു വരി കൂടി അതിലെഴുതാൻ ബാക്കിയില്ലല്ലോ എന്ന് സങ്കടം തോന്നിയിരുന്നു. 

261 ബിസി എന്ന് പേരിട്ടിരിക്കുന്ന ആ നോവൽ ഉടൻ തന്നെ പ്രസിദ്ധീകരിക്കും. എന്റെ മറ്റു പുസ്തകങ്ങൾ വായിച്ചില്ലെങ്കിൽ കൂടി ആ പുസ്തകം നിങ്ങൾ മിസ്സ്‌ ആക്കരുതെന്ന് ക്രൈം ത്രില്ലർ പ്രേമികളോട് ഒരപേക്ഷയുണ്ട്. ലിജിനോടൊപ്പം എന്റെ മാക്സിമം എഫർട്ട് കൂടി ഞാനാ നോവലിലിട്ടിട്ടുണ്ട്. അതെഴുതിക്കഴിഞ്ഞപ്പോൾ കിട്ടിയ സന്തോഷം ഒരെഴുത്തുകാരനെന്ന നിലയിൽ മറ്റൊരു നോവലിലും കിട്ടിയിട്ടില്ല. 

 

∙പ്രസിദ്ധീകരിച്ച കൃതികൾ?

‘ഡോയൽ ജൂനിയറിന്റെ അലക്സി കഥകൾ’ എന്നാണ് ആദ്യ പുസ്തകത്തിന്റെ പേര്. പേര് കേട്ട് നെറ്റിചുളിക്കണ്ട. ആ ‘ഡോയൽ ജൂനിയർ’ കഥയിലെ ഒരു കഥാപാത്രത്തിന് മറ്റൊരു കഥാപാത്രം നൽകുന്ന വിശേഷണമാണ്. ഇതിൽ 5 നോവെല്ലകളാണ് ഉള്ളത്. ഷെർലക് ഹോംസ് കഥകൾ പോലെ സീരീസ് ആണ്. ഓരോ നോവെല്ലയും അലക്സി അന്വേഷിക്കുന്ന ഓരോ കേസുകളാണ്. അതിലെ ആദ്യ കഥ ‘മൂന്ന് ചിത്രങ്ങളുടെ രഹസ്യ’ത്തിൽ ഒരു റിട്ടയേർഡ് പൊലീസ് ഓഫിസർക്ക് കൃത്യമായ പതിമൂന്ന് വർഷങ്ങളുടെ ഇടവേളകളിൽ അനോണിമസായി ലഭിക്കുന്ന മൂന്ന് ഫോട്ടോകളുടെ കഥയാണ്.ആദ്യ രണ്ടു ഫോട്ടോകൾക്ക് അയാളുമായി യാതൊരു ബന്ധവുമില്ലെങ്കിൽ അവസാന ഫോട്ടോയ്ക്ക് അയാളുമായി വളരെ പ്രാധാന്യമുള്ളൊരു ബന്ധമുണ്ട്. ആ ഫോട്ടോ കിട്ടി കുറച്ചു ദിവസങ്ങൾക്കുള്ളിൽ അയാൾ കൊല്ലപ്പെടുകയും ചെയ്യുന്നു. ഈ കേസ് അലക്സി കൈകാര്യം ചെയ്യുന്നതാണ് ആ നോവെല്ലയുടെ ഇതിവൃത്തം. രണ്ടാമത്തെ കഥയുടെ പേര് 13/Bയിലെ കൊലപാതകങ്ങൾ എന്നാണ്. തിരുവനന്തപുരത്തുള്ള ഒരു കുടുംബം ആലപ്പുഴയിൽ ഒരു ദിവസം തങ്ങേണ്ട സാഹചര്യമുണ്ടാകുകയും ഗൂഗിളിൽ സെർച്ച് ചെയ്തു കണ്ടെത്തിയ ഒരു റിസോർട്ടിൽ റൂം ബുക്ക് ചെയ്യുകയുമുണ്ടായി. ഡോർ ലോക്ക് ചെയ്ത ശേഷം വെളിച്ചവും കെടുത്തി രാത്രി ഉറങ്ങാൻ കിടന്ന ഗൃഹനാഥൻ മിന്നലിന്റെ വെളിച്ചത്തിൽ മുറിയിലൊരാളെ കണ്ട് അലറി വിളിക്കാൻ ശ്രമിച്ചു. വെളിച്ചം തെളിച്ചപ്പോൾ ആ മുറിയിൽ മറ്റാരുമുണ്ടായിരുന്നില്ല. പക്ഷേ, അയാളുടെ ഭാര്യയും മക്കളും കൊല്ലപ്പെട്ടു കിടക്കുകയായിരുന്നു. ഡോർ ലോക്ക് ചെയ്തിരിക്കുക തന്നെയായിരുന്ന മുറിയിൽ ആ വാതിലല്ലാതെ പുറത്തേക്ക് മറ്റൊരു എക്‌സിറ്റും ഉണ്ടായിരുന്നില്ല താനും. ഗൃഹനാഥനല്ല കൊലയാളി എന്ന് ബുദ്ധിപൂർവം മനസ്സിലാക്കുന്ന അലക്സി യഥാർത്ഥ കൊലയാളിയെ കണ്ടെത്തുന്നതാണ് ആ കഥയുടെ പ്ലോട്ട്. മൂന്നാമത്തെ കഥയായ മൂന്നാമത്തെ തുന്നിക്കെട്ടിൽ ഒരു കൊലപാതകമന്വേഷിച്ച് ചെല്ലുന്ന അലക്സി കണ്ടെത്തുന്ന തുന്നിക്കെട്ടുകളുടെയും അസ്ട്രൽ പ്രൊജക്ഷന്റെയും ഞെട്ടിക്കുന്ന രഹസ്യങ്ങളാണ് റിവീൽ ചെയ്യുന്നത്. നാലാമത്തെ കഥയായ എഡ്വിൻ സെബാസ്റ്റ്യന്റെ മാജിക് പ്ലാനറ്റിൽ ഒരു ദിവസം പെട്ടെന്നു പ്രത്യക്ഷപ്പെട്ട് അതുപോലെ തന്നെ പെട്ടെന്ന് അദൃശ്യനായിപ്പോയൊരു മജീഷ്യന്റെ കഥയാണ് പറയുന്നത്. അഞ്ചാമത്തെ കഥയായ സെന്റ് ജോൺസ് ചർച്ചിലെ കോൺവന്റ് റൂം 23 വർഷങ്ങളുടെ ഇടവേളകളിൽ ഒരു കോൺവന്റ് റൂമിൽ സംഭവിച്ച ഐഡന്റിക്കലായ കൊലപാതകങ്ങളുടെ ചുരുളഴിക്കുന്നു.

രണ്ടാമത്തെ പുസ്തകം ‘ഷെർലക് ഹോംസും മുറിഞ്ഞ വിരലുകളും’ ആദ്യ പുസ്തകത്തിന്റെ തുടർച്ചയാണ്. പ്രൈവറ്റ് ഡിക്റ്ററ്റീവ് അലക്സി അന്വേഷിക്കുന്ന ആറാമത്തെ കേസ് എന്ന് പറയാം. ഒരു പ്രൈവറ്റ് ഓഫിസിൽ പെട്ടെന്നൊരു രാത്രിയിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഗ്ലാസും അതിലെ മുറിഞ്ഞ വിരലുകളുമാണ് കേസിന്റെ മർമ്മ പ്രധാനമായ ഉള്ളടക്കം. എന്നാൽ ആ മുറിയിലുണ്ടായിരുന്ന സിസിറ്റിവി ക്യാമറകളിൽ അതാരാണ് അവിടെ കൊണ്ടു വന്നു വച്ചതെന്ന് വ്യക്തമാകുന്നില്ല താനും. ഈ രണ്ടു പുസ്തകങ്ങളാണ് ഇതുവരെ പുറത്തിറങ്ങിയത്. ഇനി ഉടനെ പുറത്തിറങ്ങാനുള്ള പുസ്തകം 261 ബിസി ആണ്.

 

∙മെട്രോയിലെ എഴുത്ത്: അനിൽ ദേവസി

ആനന്ദത്തിനുള്ള പലവഴികൾ തിരഞ്ഞു നടന്ന് ഒടുക്കം എഴുത്തും വായനയും മാത്രമാണ് ആനന്ദം എന്നു തിരിച്ചറിഞ്ഞപ്പോഴാണ് അനിൽ ദേവസി എഴുത്തിലേക്കു തിരിഞ്ഞത്. ഒൻപതു വർഷമായി ഗൾഫിൽ ജീവിക്കുന്ന അനിലിന് ദുബായ്‌യിൽ മണി എക്സ്ചേഞ്ച് കമ്പനിയിലാണ് ജോലി. ജോലിക്കും കുടുംബത്തിനും ഇടയിൽ കിട്ടുന്ന അൽപം സമയത്ത് ദുബായ് മെട്രോയിലെ തിരക്കിനിടയിൽ നിന്നും ഇരുന്നുമാണ് എഴുത്തു നടക്കുന്നത്. അറിയാവുന്ന ഭാഷയിൽ, പറ്റാവുന്നപോല  കഥകൾ പറയാനുള്ള ശ്രമങ്ങളാണ് അനിൽ ദേവസിയുടെ ഓരോ എഴുത്തും. യാ ഇലാഹി ടൈംസ്, കാസ പിലാസ എന്നീ നോവലുകളും കാമറൂണി എന്ന കഥാസമാഹാരവുമാണ് പുസ്തകങ്ങൾ. തൃശൂർ ചാലക്കുടിയാണ് സ്വദേശം.

civic-john-books
മൂന്ന് കഥാസമാഹാരങ്ങളും ഒരു നോവലും ആണ് സിവിക് ജോൺ ഇതുവരെ പ്രസിദ്ധീകരിച്ചത്.

 

∙എനിക്ക് എഴുതാൻ കഴിയും, എഴുതണം എന്നു ശക്തിയായി തോന്നിയ ആ നിമിഷം?

എന്റെ ആദ്യ നോവലായ യാ ഇലാഹി ടൈംസിലേക്കുള്ള വഴികൾ മനസ്സിൽ വരച്ചിട്ടതുമുതലാണ് എഴുതിയേ പറ്റൂ എന്നൊരു അവസ്ഥയിലേക്ക് ഞാൻ വീണുപോയത്. ആനന്ദത്തിനുള്ള പലവഴികൾ തിരഞ്ഞു നടന്നു. ഒടുക്കം എഴുത്തും വായനയും മാത്രമാണ് എന്റെ ആനന്ദം എന്നു തിരിച്ചറിയുകയായിരുന്നു. 

 

nisha-anilkumar
കൊച്ചിയിൽ മേക്കപ്പ് സ്റ്റുഡിയോ നടത്തുകയാണ് നിഷ അനിൽകുമാർ. രാത്രിയിൽ മാത്രമാണ് നിഷയ്ക്ക് എഴുതാനുള്ള സമയം കിട്ടുന്നത്.

∙ജോലിക്കിടയിൽ എഴുതുവാൻ സമയം കണ്ടെത്തുന്നത് എങ്ങനെ?

ഒൻപതു വർഷമായി ദുബായിലാണ് ജീവിക്കുന്നത്. എഴുത്തുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കോർപറേറ്റ് സ്ഥാപനത്തിലാണ് ജോലി. ദുബായ് പോലൊരു രാജ്യത്തു ജോലി, കുടുംബം എന്നൊക്കെ പറഞ്ഞ് ഓടാനേ സമയമുള്ളൂ. ആ ഓട്ടത്തിനിടയിലുള്ള യാത്രകളിലാണ് എഴുത്തും വായനയും നടക്കുന്നത്. ദുബായ് മെട്രോയിലെ തിരക്കിനിടയിൽനിന്നുമാണ് പലപ്പോഴും എഴുതുന്നത്. സ്മാർട്ട്ഫോണേ നന്ദി.

 

∙മുഖ്യധാരാ സാഹിത്യം, അല്ലെങ്കിൽ മുഖ്യധാരാ ഭാഷ മാറ്റിനിർത്തിയതായി തോന്നിയിട്ടുള്ള ആശയങ്ങളോ വാക്കുകളോ എഴുതാനാണോ ശ്രമിക്കുന്നത്? നിങ്ങൾ എന്താണു വായനക്കാരോടു പറയാൻ ശ്രമിക്കുന്നത്?

അറിയാവുന്ന ഭാഷയിൽ, പറ്റാവുന്നപോലയൊക്കെ കഥകൾ പറയാനുള്ള ശ്രമങ്ങൾ മാത്രമാണ് ഓരോ എഴുത്തും. മറ്റു അജണ്ടകൾ ഒന്നും തന്നെയില്ല.

 

nisha-anilkumar-books
ഇതിഹാസത്തിന്റെ അമ്മ, അവധൂതരുടെ അടയാളങ്ങൾ (നോവൽ), തണൽമരങ്ങൾ, ഡ്യുവൽസിം, എജ്ജാതി പെണ്ണ് (കഥാസമാഹാരം) എന്നിവയാണ് നിഷ അനിൽകുമാറിന്റെ പുസ്തകങ്ങൾ.

∙വീട്ടിലെ സാഹചര്യങ്ങൾ എങ്ങനെയായിരുന്നു? ഒരു എഴുത്തുകാരനാകും എന്ന് എപ്പോഴെങ്കിലും തോന്നിയിരുന്നോ?

വീട്ടിൽ ബൈബിളല്ലാതെ മറ്റു സാഹിത്യ പുസ്തകങ്ങളൊന്നും കുട്ടിക്കാലത്തു കണ്ടിട്ടില്ല. എന്തെങ്കിലുമൊക്കെ എഴുതുമെന്ന് അന്നൊന്നും ചിന്തിച്ചിട്ടേയില്ല. എഴുത്തുകാരൻ എന്നു പറഞ്ഞു എവിടെയെങ്കിലും സ്വയം പരിചയപ്പെടുത്താനുള്ള ധൈര്യം ഇപ്പോഴും ആയിട്ടില്ല.

 

∙എഴുത്തുകാരൻ എന്ന നിലയിൽ ഏറ്റവും സന്തോഷം തോന്നിയ ഒരു നിമിഷം?

മുൻപരിചയം ഇല്ലാത്ത കുറേ മനുഷ്യർ ജീവിതത്തിലേക്ക് കടന്നുവന്നു. യാതൊന്നും പ്രതീക്ഷിക്കാതെ കൂടെനിൽക്കുന്നു. അതിൽപരം എന്തു സന്തോഷമാണ് വേണ്ടത്. ഞാൻ ഹാപ്പിയാണ്. 

 

∙പ്രസിദ്ധീകരിച്ച കൃതികൾ?

യാ ഇലാഹി ടൈംസ്, കാസ പിലാസ എന്നീ നോവലുകളും കാമറൂണി എന്ന കഥാസമാഹാരവുമാണ് എന്റെ പുസ്തകങ്ങൾ.

punya-cr
തന്റെ രാഷ്ട്രീയശരികൾ വായനക്കാരുമായി പങ്കുവയ്ക്കാനുള്ള മാധ്യമമാണു പുണ്യ സി.ആർ. എന്ന വിദ്യാർഥി കൂടിയായ എഴുത്തുകാരിക്ക് കഥ. ആ കഥകൾക്കുള്ളിലെല്ലാം ആന്തരികമോ ബാഹ്യമോ ആയ ദുഃഖം പേറുന്ന മനുഷ്യരുണ്ട്.

 

∙കഥ ജീവിതം തൊട്ടപ്പോൾ: സിവിക് ജോൺ

സിവിക് ജോൺ എഴുതിയ ‘സോൾ കിച്ചൻ’ എന്ന കഥ പുറത്തുവന്ന സമയം. ഒരു സുഹൃത്തിന്റെ സന്ദേശം സിവിക്കിനെ തേടിയെത്തി. ‘ജീവിതത്തിൽ എല്ലാം അവസാനിച്ചിരുന്നുവെന്നു കരുതിയതാണ്. പക്ഷേ, മുന്നോട്ടു പോകാനാകും എന്ന ആത്മവിശ്വാസം നിന്റെ കഥ നൽകി’. ഇതായിരുന്നു ആ സന്ദേശം. എഴുത്തുകൊണ്ട് ജീവിതത്തെ തൊടുക എന്നതു വെറുംവാക്കല്ല എന്നു മനസ്സിലായ നിമിഷം. എൻജിനീയറായ സിവിക് ജോൺ യാദൃശ്ചികമായി എഴുത്തിലേക്കു വന്നയാളാണ്. വീണു കിട്ടുന്ന സമയമെല്ലാം പുസ്തകങ്ങൾക്കുവേണ്ടി ചെലവഴിക്കുകയെന്നതാണ് ഏറ്റവും ഇഷ്ടപ്പെട്ട പ്രവൃത്തി. അതിനാൽ, പറയണമെന്ന് തോന്നുന്ന കഥ അത് എത്ര സമയം എടുത്തിട്ടാണെങ്കിലും ഏറ്റവും നന്നായി പറയാൻ ശ്രമിക്കണമെന്ന വാശിയുമുണ്ട്. എറണാകുളം കോതമംഗലം സ്വദേശിയായ സിവിക് ജോൺ സംസാരിക്കുന്നു:

 

∙എഴുതിയേ പറ്റൂ എന്നു ശക്തിയായി തോന്നിയ ആ നിമിഷം?

തീർത്തും യാദൃശ്ചികമായാണ് എഴുത്തിലേക്ക് എത്തിച്ചേരുന്നത്. എഴുതണമെന്ന് ശക്തിയായി തോന്നിയ നിമിഷം എന്നതിനേക്കാൾ നമ്മൾ എന്തിനെഴുതണം എന്ന ചോദ്യം സ്വയം ചോദിക്കുന്ന നിമിഷങ്ങൾ ഉണ്ട്. വല്ലാതെ മനസ്സുലച്ച ചില സാഹചര്യങ്ങളിൽ എഴുത്ത് ഒരു രക്ഷയായി വന്നുഭവിച്ചു എന്നു വേണമെങ്കിൽ പറയാം.

 

∙എഴുതുവാൻ സമയം കണ്ടെത്തുന്നത് എങ്ങനെ?

എഴുത്തുമായി ബന്ധമുള്ള ജോലികളല്ല ഇതുവരെ ചെയ്തുവന്നത്. ഏഴു വർഷത്തോളം കേരളത്തിനു വെളിയിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ എൻജിനീയറായി ജോലി ചെയ്തു വരികയായിരുന്നു. ഒരു വർഷമായി ഇപ്പോൾ കൊച്ചിയിൽ മറ്റൊരു സ്വകാര്യ സ്ഥാപനത്തിൽ. അവയൊന്നും എഴുത്തുമായി യാതൊരു രീതിയിലും ബന്ധപ്പെട്ട് നിൽക്കുന്നവയല്ല. പുസ്തകങ്ങളോടുള്ള ഭ്രമം ഒന്നു കൊണ്ട് മാത്രമാണ് എഴുത്തിലേക്ക് എത്തിച്ചേരുന്നത്. എഴുതുവാൻ സമയം കണ്ടെത്തുന്നതിലും പ്രാധാന്യം ഞാൻ എപ്പോഴും കൊടുക്കുക കൂടുതൽ പുസ്തകങ്ങൾ വായിക്കാനാണ്. വീണു കിട്ടുന്ന സമയമെല്ലാം പുസ്തകങ്ങൾക്കുവേണ്ടി ചെലവഴിക്കാൻ ശ്രമിക്കാറുണ്ട്. 

 

∙മുഖ്യധാരാ സാഹിത്യം, അല്ലെങ്കിൽ മുഖ്യധാരാ ഭാഷ മാറ്റിനിർത്തിയതായി തോന്നിയിട്ടുള്ള ആശയങ്ങളോ വാക്കുകളോ എഴുതാനാണോ ശ്രമിക്കുന്നത്? നിങ്ങൾ എന്താണു വായനക്കാരോടു പറയാൻ ശ്രമിക്കുന്നത്?

പലപ്പോഴും നമ്മെ അസ്വസ്ഥമാക്കുന്ന കാര്യങ്ങൾ, അല്ലെങ്കിൽ നമുക്ക് പറയാൻ ഉണ്ട് എന്നു തോന്നുന്ന കാര്യങ്ങൾക്ക് വേണ്ടി മാത്രമാണു കഥയെന്ന മാധ്യമത്തെ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. അവ മുഖ്യധാരാ സാഹിത്യവുമായി ചേർന്ന് നിൽക്കുന്നവയാണോ എന്ന് ചോദിച്ചാൽ അറിയില്ല. ഒരു സോഷ്യൽ കമന്ററി എന്നതിനപ്പുറം കൃത്യമായി ഒരു കഥ പറയാനുണ്ടാവുക, അതിനെ മികവോടെ അവതരിപ്പിക്കാൻ കഴിയുക, ചിലപ്പോഴെങ്കിലും അതുവരെയും പരിചയിച്ചിട്ടുള്ള സാമ്പ്രദായികമായ ഭാവതലങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്നതാവുക എന്നതിനാണ് ഞാൻ ഇതുവരെയും മുൻഗണന കൊടുത്തിട്ടുള്ളത്. മറ്റൊരാളുടെ നിർബന്ധത്തിന് വഴങ്ങിയോ ഡെഡ്‌ലൈനുകൾ മുൻനിർത്തിയോ അല്ലെങ്കിൽ എല്ലാവരും ഈയൊരു വിഷയത്തിൽ എഴുതുന്നു എന്ന കാരണം കൊണ്ടോ ഒരിക്കലും കഥ എഴുതാൻ ഞാൻ ശ്രമിച്ചിട്ടില്ല എന്ന് ഉറപ്പിച്ചു പറയാൻ കഴിയും. എനിക്ക് പറയണമെന്ന് തോന്നുന്ന കഥ അത് എത്ര സമയം എടുത്തിട്ടാണെങ്കിലും ഏറ്റവും നന്നായി പറയാനാണ് ശ്രമിക്കാറുള്ളത്.

 

∙വീട്ടിലെ സാഹചര്യങ്ങൾ എങ്ങനെയായിരുന്നു? ഒരു എഴുത്തുകാരനാകും എന്ന് എപ്പോഴെങ്കിലും തോന്നിയിരുന്നോ?

അച്ഛൻ, അമ്മ, അനിയൻ എന്നിവർ അടങ്ങുന്നതാണ് കുടുംബം. ആരും അങ്ങനെ സാഹിത്യവുമായി ബന്ധപ്പെട്ട നിൽക്കുന്നവരല്ല. അടുത്തുള്ള ലൈബ്രറികളിൽ നിന്നു പുസ്തകങ്ങൾ ധാരാളമായി വായിക്കാൻ സാധിച്ചിരുന്നു. പിന്നീട് പഠനകാലത്ത് സ്വന്തമായി പുസ്തകം വാങ്ങി വായിക്കാനുള്ള സാഹചര്യമൊരുങ്ങി. ജോലി കിട്ടിയപ്പോഴും അത് തുടർന്നു. നല്ല പുസ്തകങ്ങൾ വായിക്കുക എന്നതിനപ്പുറം എഴുതുക എന്നത് ഒരിക്കലും സ്വപ്നത്തിൽ പോലും ഉണ്ടായിരുന്ന ഒരു കാര്യമായിരുന്നില്ല. ഇപ്പോഴും മറ്റൊരാൾ അറിയാത്ത ഒരു പുസ്തകത്തെ തേടിപ്പിടിച്ചു വായിക്കുമ്പോൾ കിട്ടുന്ന സന്തോഷത്തോളം വലുതല്ല മറ്റൊന്നും. 

 

∙എഴുത്തുകാരൻ എന്ന നിലയിൽ ഏറ്റവും സന്തോഷം തോന്നിയ ഒരു നിമിഷം? 

കുറച്ചു വർഷങ്ങൾക്കു മുൻപാണ്. സോള്‍ കിച്ചൻ എന്ന കഥ പുറത്തുവന്ന സമയം. ഒരു ദിവസം ഒരു സുഹൃത്തിന്റെ ശബ്ദസന്ദേശം എനിക്ക് എത്തി. അയാൾ വ്യക്തിജീവിതത്തിൽ വളരെയധികം പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന ഒരു കാലഘട്ടമായിരുന്നു അത്. എല്ലാം അവസാനിച്ചു എന്ന് തോന്നലിൽ നിന്നിരുന്ന ഒരു സമയത്ത് ഇനിയും കുറച്ചുകൂടി മുന്നോട്ടു പോകാം എന്നൊരാത്മവിശ്വാസം നൽകാൻ നിന്റെ കഥയ്ക്ക് സാധിച്ചു എന്നാണ് ആ ശബ്ദസന്ദേശത്തിലുണ്ടായിരുന്നത്. വർഷങ്ങൾക്കിപ്പുറം വ്യക്തിജീവിതത്തിലെ ആ ഒരു മോശം കാലഘട്ടം പിന്നിട്ട് അയാൾ സന്തോഷകരമായ ഒരു പുതിയ ജീവിതം നയിക്കുന്നത് കാണുമ്പോൾ എഴുത്തുകൊണ്ട് ജീവിതത്തെ തൊടുക എന്നത് വെറുംവാക്കല്ല എന്ന് തോന്നും.

 

∙പ്രസിദ്ധീകരിച്ച കൃതികൾ? 

പത്തുവർഷങ്ങൾ പിന്നിടുന്നു എഴുത്തിൽ. കണ്ടും വായിച്ചും പരിചയിച്ച ജീവിതങ്ങളെ പലപ്പോഴായി എഴുത്തിലേക്ക് സന്നിവേശിപ്പിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. മൂന്ന് കഥാസമാഹാരങ്ങളും ഒരു നോവലും ആണ് ഇതുവരെ പ്രസിദ്ധീകരിച്ചത്. അതിസുന്ദരം ഒരു മരണം, സീസൺ ഫിനാലെ ഛായ എന്നിവ കഥാസമാഹാരങ്ങൾ. ആദ്യ നോവൽ കഴിഞ്ഞ വർഷം പുറത്തിറങ്ങി –  ഷാങ്ഹായ്.

 

∙എഴുത്തിന്റെ ആദർശം: നിഷ അനിൽകുമാർ

കൊച്ചിയിൽ മേക്കപ്പ് സ്റ്റുഡിയോ നടത്തുകയാണ് നിഷ അനിൽകുമാർ. രാത്രിയിൽ മാത്രമാണ് നിഷയ്ക്ക് എഴുതാനുള്ള സമയം കിട്ടുന്നത്. ഭൂമിയിൽ മനുഷ്യർ നേരിടുന്ന ഏതൊരു അനീതികൾക്കു നേരെയും പ്രതികരിക്കാനുള്ള ഉത്തരവാദിത്തം എഴുത്തുകാർക്ക് ഉണ്ടെന്നു വിശ്വസിക്കുന്നയാളാണു നിഷ. ആ ധൈര്യം ഇല്ലാതാകുന്ന അന്ന് എഴുത്തിൽ നിന്നു പിൻമാറും എന്ന ഉറച്ച തീരുമാനമുള്ളയാളും. മറ്റുള്ളവർ കാണുന്ന കാഴ്ചകളെയെല്ലാം വ്യത്യസ്തമായി കാണാൻ കഴിയുന്നുവെന്നു തിരിച്ചറിഞ്ഞപ്പോഴാണ് എഴുതാൻ കഴിയും എന്ന ആത്മവിശ്വാസമുണ്ടായത്. ആദ്യം പ്രസിദ്ധീകരിച്ചത് നോവലാണ്. മൂന്ന് കഥാസമാഹാരങ്ങളും ഒരു നോവലും കൂടി പിന്നീട് പ്രസിദ്ധീകരിച്ചു. എറണാകുളം സ്വദേശിയായ നിഷ അനിൽകുമാർ സംസാരിക്കുന്നു:

 

∙എഴുത്തിലേക്കുള്ള വരവ്?

ആദ്യനോവലിന് ശേഷമുള്ള ദീർഘമായ ഇടവേളയിൽ, പലവട്ടം എഴുതാനിരുന്നു പരാജയപ്പെട്ട ആ എട്ടു വർഷം എന്തെങ്കിലുമൊന്ന് എഴുതാൻ സാധിച്ചിരുന്നുവെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്. എഴുത്തിലേക്ക് മടങ്ങിവരണമെങ്കിൽ എന്നെ ഉലയ്ക്കുന്ന എന്തെങ്കിലും വിഷയം വേണമായിരുന്നു. അത്തരമൊരു സബ്ജക്റ്റ് ഉള്ളിൽ രൂപം കൊണ്ടപ്പോഴൊക്കെ ധൈര്യമില്ലായ്മയോടെ എഴുത്തിൽ നിന്ന് ഓടിയൊളിക്കാനാണ് ഞാൻ ശ്രമിച്ചത്. അങ്ങിനെയൊരു ദിവസമാണ് പഴയ പുസ്തകങ്ങൾ അടുക്കിവയ്ക്കുന്ന കൂട്ടത്തിൽ ഡിഗ്രി പഠനകാലത്ത് എഴുതിയ ചില കഥകൾ ഡയറിയിൽ ഉണ്ടായിരുന്നത് കണ്ണിൽപെട്ടത്. ഒരുപാട് വർഷങ്ങൾക്ക് ശേഷം അന്നാണ് എഴുത്തിനെ കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങിയതും. അന്നു മുഴുവൻ എഴുത്തിനെ കുറിച്ചു ചിന്തിച്ച് എന്റെ തല പെരുത്തു. ആ കഥകളിൽ ചിലതെടുത്ത് തിരുത്തി എഴുതിയപ്പോഴാണ് എഴുത്തിലേക്ക് മടങ്ങിവരാൻ സാധിക്കുമെന്ന് തോന്നിയത്. ദീർഘകാലമായി മനസിലുണ്ടായിരുന്ന ഒരു പ്രമേയം എഴുതിനോക്കാനുള്ള പ്രേരണ അതോടെ ഉണ്ടായി. ആദ്യമൊന്നും ഒട്ടും തൃപ്തി തോന്നിയില്ലെങ്കിലും പിന്മാറാൻ തോന്നാത്തവിധം എഴുത്ത് ആവേശിച്ചുതുടങ്ങിയത് ആ നിമിഷം മുതലാണ്. 

 

∙എഴുത്തുരീതി

കൊച്ചിയിൽ എനിക്കൊരു മേക്കപ്പ് സ്റ്റുഡിയോ ഉണ്ട്. എഴുത്തുമായി ബന്ധമുണ്ടോ എന്നു ചോദിച്ചാൽ എല്ലാ ജോലിയും മനുഷ്യരുമായി ബന്ധപ്പെട്ടതായത് കൊണ്ട് ഈ ജോലിയും എഴുത്തിന് സഹായകരമായ തരത്തിൽ എനിക്കു കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുണ്ട്. രാത്രിയിൽ മാത്രമേ എഴുതാനുള്ള സമയം ലഭിക്കാറുള്ളൂ. ജോലിക്കിടയിൽ ഒരിക്കലും ഫിക്ഷൻ എഴുതാനുള്ള മൂഡ് കിട്ടില്ല. 

 

∙എന്തിനെഴുതുന്നു

ഭൂമിയിൽ മനുഷ്യർ നേരിടുന്ന ഏതൊരു അനീതികൾക്കു നേരെയും പ്രതികരിക്കാനുള്ള ഉത്തരവാദിത്തം എഴുത്തുകാർക്ക് ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. അത് അവനവൻ വിശ്വസിക്കുന്ന മതത്തിന്റെയും കൊടിയുടെയും നിറത്തിന് എതിരെ ആണെങ്കിൽ പോലും. ആ ധൈര്യം എന്നെനിക്ക് ഇല്ലാതാകുന്നോ അന്ന് എഴുത്തിൽ നിന്നു പിൻമാറണം എന്നു തന്നെയാണ് എന്റെ തീരുമാനവും. അതു തന്നെയാണ് എനിക്ക് വായനക്കാരോടും പറയാനുള്ളത്. 

 

∙വീട്, വായന

വായിക്കാൻ ധാരാളം പുസ്തകങ്ങൾ ഉള്ള വീടായിരുന്നു എന്റേത്. പക്ഷേ, എഴുതാനുള്ള സാഹചര്യമൊക്കെ കുറവായിരുന്നു. ഏതൊരു സാധാരണ അച്ഛനമ്മമാരെപോലെയും പെൺമക്കൾ പഠിച്ച്, എന്തെങ്കിലും ജോലികിട്ടി, കല്യാണം കഴിച്ചു വിടുക എന്നതൊക്കെ തന്നെയായിരുന്നു എന്റെ വീട്ടിലെയും സ്ഥിതി. പക്ഷേ, എനിക്കറിയാമായിരുന്നു. ഞാനൊരു സ്പെഷൽ കുട്ടിയാണെന്ന്. മറ്റുള്ളവർ കണ്ട അതേ കാഴ്ചയെ വ്യത്യസ്തമായാണ് ഞാൻ കാണുന്നുവെന്ന തിരിച്ചറിവാണ് അങ്ങിനെ തോന്നാനുള്ള കാരണം. 

 

∙മറക്കാനാവാത്ത നിമിഷം

എന്റെ ആദ്യ നോവൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചെന്ന് അറിയിച്ചു കത്തു വന്ന ആ ദിവസം. ആ നിമിഷം വരെ ഒരു കഥ പോലും എന്റേതായി പ്രസിദ്ധീകരിച്ച് വന്നിട്ടില്ലായിരുന്നു. എന്റെ ഫോട്ടോ പുസ്തകത്തിൽ വരും, പിറ്റേദിവസം മുതൽ ആളുകൾ എന്നെ തിരിച്ചറിഞ്ഞു തുടങ്ങുമെന്നൊക്കെ ഒറ്റ നിമിഷം കൊണ്ട് സ്വപ്നം കണ്ടുവെന്നതാണ് സത്യം. 

 

∙പുസ്തകങ്ങൾ

ഇതിഹാസത്തിന്റെ അമ്മ, അവധൂതരുടെ അടയാളങ്ങൾ (നോവൽ), തണൽമരങ്ങൾ, ഡ്യുവൽസിം, എജ്ജാതി പെണ്ണ് (കഥാസമാഹാരം).

 

∙അമ്മയെ കരയിച്ച കഥ: പുണ്യ

പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പുണ്യ എഴുതിയ ഒരു കഥ കേൾക്കാൻ അമ്മ ആദ്യമായി പൊതുവേദിയിൽ വരുന്നത്. ‘മുലനീര്’ എന്ന കഥയാണ് പുണ്യ വായിച്ചവതരിപ്പിച്ചത്. അമ്മ തൊട്ടുമുന്നിലുണ്ട്. കഥ വായിച്ചു കഴിഞ്ഞതും മുന്നിലിരുന്ന ഒരു സ്ത്രീ ഓടിവന്ന് പുണ്യയെ കെട്ടിപ്പിടിച്ചു. അവരുടെ കണ്ണു നിറഞ്ഞിരുന്നു. കഥയവരെ തൊട്ടല്ലോ എന്നോർത്തുള്ള സന്തോഷത്തേക്കാൾ പുണ്യയെ സ്പർശിച്ചത് മുന്നിലിരുന്ന അമ്മ പൊടുന്നനെ കരഞ്ഞതു കണ്ടപ്പോഴാണ്. തന്റെ രാഷ്ട്രീയശരികൾ വായനക്കാരുമായി പങ്കുവയ്ക്കാനുള്ള മാധ്യമമാണു പുണ്യ സി.ആർ. എന്ന വിദ്യാർഥി കൂടിയായ എഴുത്തുകാരിക്ക് കഥ. ആ കഥകൾക്കുള്ളിലെല്ലാം ആന്തരികമോ ബാഹ്യമോ ആയ ദുഃഖം പേറുന്ന മനുഷ്യരുണ്ട്. ചിലർക്ക് പരിചിതവും മറ്റു ചിലർക്ക് അപരിചിതവുമായ ദുഃഖം. പാലക്കാട് പുലാപ്പറ്റ സ്വദേശിയായ പുണ്യ മദ്രാസ് സർവകലാശാലയിൽ എംഎ മലയാളം വിദ്യാർഥിയാണ്. പുണ്യ സംസാരിക്കുന്നു:

 

∙ആദ്യ എഴുത്ത്

എഴുതാൻ കഴിയുമെന്നും എഴുതണം എന്നുമൊക്കെ ഏറ്റവും ശക്തിയായി തോന്നി തുടങ്ങിയത് സ്കൂൾ കാലത്താണ്. യുപി ക്ലാസ്സുകളിൽ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് ഏറ്റവും കൂടുതൽ എഴുതിയിട്ടുള്ളത്. മനസ്സിൽ തോന്നുന്ന എന്തും എഴുതും. പിന്നെ പിന്നെ അതിന്റെ തോത് കുറഞ്ഞു. 'എഴുതിയേ പറ്റൂ' എന്ന് തോന്നുന്നത് മാത്രം എഴുതി. അത്തരത്തിൽ എഴുതിയ കഥകളാണ് കൂടുതൽ വായിക്കപ്പെട്ടത്.

 

∙എഴുത്തുരീതി

കഥയെഴുത്തിന് കുറച്ചധികം സമയമെടുക്കുന്ന ആളാണ് ഞാൻ. എഴുത്ത് പ്രക്രിയ വേഗത്തിൽ തീരും. അതിനു മുന്നേ വെട്ടിയും തിരുത്തിയും കൂട്ടിച്ചേർത്തും മനസ്സിൽ കഥ പതിയെ പതിയെ വികസിപ്പിക്കും. അതിനാണ് സമയമെടുക്കാറ്. മാനസികവും ശരീരികവുമായ ആരോഗ്യം, അപ്രതീക്ഷിത തിരക്കുകൾ, പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ. അങ്ങനെ പലതും ഇടക്കൊക്കെ എഴുത്തിനെ ബാധിക്കാറുണ്ട്. ചില സാഹചര്യങ്ങളിൽ പഠനത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കണമല്ലോ. ഇക്കഴിഞ്ഞ കുറച്ചുകാലം പഠനത്തിനാണ് കൂടുതൽ ശ്രദ്ധ കൊടുത്തതെന്ന് തോന്നുന്നു.

 

∙എന്തിന് എഴുതുന്നു

എനിക്ക് പങ്കുവയ്ക്കണമെന്ന് തോന്നുന്നത് പറയാനാണ് കഥ എന്ന മാധ്യമത്തെ ഉപയോഗിക്കാറ്. എന്റെ രാഷ്ട്രീയശരികൾ പങ്കുവയ്ക്കുന്നു, അത്രതന്നെ. എഴുതിയതും വായിക്കപ്പെട്ടതുമായ എന്റെ കഥകളിലെല്ലാം ആന്തരികമോ ബാഹ്യമോ ആയ ദുഃഖം പേറുന്ന മനുഷ്യരുണ്ട്. ആ ദുഃഖം ചിലർക്ക് പരിചിതവും ചിലർക്ക് അപരിചിതവുമായിരിക്കാം.

 

∙പിന്തുണ

ധാരാളം വായിക്കാൻ തുടങ്ങിയ സ്കൂൾ കാലഘട്ടത്തിലേ എഴുതാൻ കഴിയുമെന്ന ആത്മവിശ്വാസമുരുത്തിരിഞ്ഞിരുന്നു. വീട്ടിലെ സാഹചര്യങ്ങൾ അത്ര അനുകൂലമൊന്നുമായിരുന്നില്ല. ആദ്യ കാലത്തൊക്കെ കൂടെയുള്ള പലരും നിരുത്സാഹപ്പെടുത്തിയിരുന്നു. ചിലർ ചേർത്തുപിടിച്ചു. എഴുതി തെളിഞ്ഞു തുടങ്ങിയപ്പോൾ 'ഒപ്പമുണ്ടെന്ന്' പറയുന്ന മനുഷ്യരുടെ എണ്ണം കൂടി.

 

∙മറക്കാനാവാത്ത നിമിഷം

ഞാൻ പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അമ്മ ആദ്യമായി എന്റെ കഥ കേൾക്കാൻ വരുന്നത്. ഒരു പരിപാടിയിൽ ഞാൻ സ്വന്തം കഥ വായിച്ചവതരിപ്പിച്ചു. 'മുലനീര്' എന്ന കഥയായിരുന്നു. അമ്മ തൊട്ടുമുന്നിലുണ്ട്. കഥ വായിച്ചു കഴിഞ്ഞതും മുന്നിലിരുന്ന ഒരു സ്ത്രീ ഓടിവന്ന് എന്നെ കെട്ടിപിടിച്ചു, അവരുടെ കണ്ണു നിറഞ്ഞിരുന്നു. കഥയവരെ തൊട്ടല്ലോ എന്നോർത്ത് സന്തോഷിച്ചു. അതിനേക്കാൾ ഇമോഷണൽ ആയത് മുന്നിലിരുന്ന അമ്മ പൊടുന്നനെ കരഞ്ഞപ്പോഴാണ്!

 

∙കഥകൾ

അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യ കഥ സ്കൂൾ മാഗസിനിൽ അച്ചടിച്ചു വരുന്നത്. ഒരു കുഞ്ഞു കഥയായിരുന്നു, 'തങ്കേച്ചി'. ഒൻപതാം ക്ലാസ്സിൽ മാതൃഭൂമി ആഴ്ച്ചപതിപ്പിലെ ബാലപംക്തിയിൽ കഥ വന്നു. ഇതുവരെ പത്തോളം കഥകൾ പ്രസിദ്ധീകരിച്ചു. ഓൺലൈൻ ആയും അല്ലാതെയും. 'വാട' എന്ന കഥയാണ് ഏറെ വായിക്കപ്പെട്ടത്. 'വാട' വായിച്ച് ഒത്തിരി അഭിപ്രായങ്ങൾ വന്നു. ചിലരൊക്കെ ഏറെ വൈകാരികമായി സംസാരിച്ചു.

 

Content Summary: International Mother Language Day Special - New Gen Writers Talking On Their Writings and Life