ADVERTISEMENT

'ഒറ്റ നിമിഷത്തില്‍ പ്രപഞ്ചം പെട്ടെന്ന് സുന്ദരമായി മാറും.
അത്രയേ സംഭവിക്കുന്നതുള്ളൂ.
അത്രയേ സംഭവിച്ചിട്ടുമുള്ളൂ.'

അതെ, റഫീക്ക് അഹമ്മദിന്റെ കവിതകൾ വായിച്ച മലയാളിക്കും അതാണ് സംഭവിച്ചത്. പ്രപഞ്ചം പെട്ടെന്ന് സുന്ദരമായി മാറുമ്പോലെ... ഓർമകളിൽ വീണ്ടും കവിത തളം കെട്ടി നിൽക്കും പോലെ... റഫീക്ക് അഹമ്മദ് എന്ന കവിയും പാട്ടെഴുത്തുകാരനും മലയാളത്തിന് സമ്മാനിച്ചത് ഉമ്മുക്കൊലുസുവിനെയും മഴ മാത്രം മുളക്കുന്ന വിത്തുകളെയും മാത്രമല്ല. അനേകം നിലാമലരുകളെ കൂടിയാണ്. മരണമെത്തുന്ന നേരത്ത് എന്ന കവിത പാട്ടായപ്പോഴും മനസ്സിൽ ഇടം പിടിച്ചത് ആഴത്തിൽ തന്നെയാണ്. കവിത്വം തുളുമ്പി നിൽക്കുന്ന പാട്ടെഴുത്തുകാരനെന്ന് സംശയമില്ലാതെ വിളിക്കാവുന്ന ഒരാളാണ് റഫീക്ക് അഹമ്മദ്.

കവി മാത്രമായിരിക്കുന്ന കാലത്തു സിനിമയിൽ പാട്ടെഴുതുമോ എന്ന് കൂട്ടുകാർ ചോദിച്ചപ്പോൾ, ആദ്യം അങ്കലാപ്പാണ് തോന്നിയതെന്ന് റഫീഖ് അഹമ്മദ് പറഞ്ഞു കേട്ടു. അങ്ങനെ എഴുതിയ ആദ്യ സിനിമാപ്പാട്ടുവരികളിൽ ചിലതു  

'സ്മരണകൾ തിരയായ് പടരും ജലധിയായ് 
പൊഴിയും നിലാവു പോൽ വിവശനായ്..'

എന്നായിരുന്നു. തിരയുമ്പോൾ പരിഭവമില്ലാതെ, മറക്കാതെ കൂട്ടിനെത്തുന്ന വാക്കുകളുണ്ടെങ്കിൽ അയാൾ കവിയാണ്. അത് എളുപ്പമുള്ള ജീവിതവുമല്ല. കാലങ്ങളായി കൂട്ടിവച്ച യുക്തിയും അക്ഷരങ്ങളുംകൊണ്ട് സഹൃദയർക്കു കഥാര്സിസ് നൽകാൻ കവിക്ക് എളുപ്പമാണോ? റഫീഖ് അഹമ്മദ് എന്ന കവിയും പാട്ടെഴുത്തുകാരനും മനോരമ  ഓൺലൈൻ പരിപാടി 'വരിയോരത്തിൽ' സംസാരിക്കുന്നു.
 

'പറയാൻ മറന്ന പരിഭവങ്ങൾ'

ആദ്യ പാട്ടെഴുതാൻ ക്ഷണം കിട്ടിയപ്പോൾ പരിഭ്രമമാണ് തോന്നിയത്. കാരണം പാട്ടുകൾ ആസ്വദിക്കും എന്നല്ലാതെ എഴുത്തിനെപ്പറ്റി ആലോചിച്ചിട്ടേയില്ലായിരുന്നു. സിനിമ വേറൊരു ലോകത്ത് നടക്കുന്ന കാര്യം എന്നപോലെയാണ് ഞാൻ വിചാരിച്ചത്.
 

മനുഷ്യൻ എന്നാൽ എന്താണ്? കവി എന്നു നമ്മള്‍ സ്വയം വിചാരിക്കുന്നു. നാട്ടുകാരോടു ചോദിച്ചാൽ അറിയാം എന്താണ് നമ്മളെക്കുറിച്ചു വിചാരിക്കുന്നതെന്ന്. പ്രത്യേകിച്ചൊരു ചട്ടക്കൂടിൽ ആരും വരേണ്ട കാര്യമില്ല. ചിലപ്പോൾ കവിത എഴുതിയെന്നു വരും. മറ്റുചിലപ്പോൾ പാട്ടും. ചിലപ്പോൾ ചിത്രം വരച്ചെന്നു വരും. അങ്ങനെ ജീവിച്ചു പോവുക. 
 

ഇങ്ങനെയൊരു കേരളഗാനം വേണോ

ഞാനതിൽ നിന്ന് സമർഥമായി ഒഴിഞ്ഞു മാറാൻ ആഗ്രഹിക്കുന്നു. ഞാനെഴുതിയ നല്ല വരികൾ നിഷ്കരുണം വേണ്ട എന്നു പറയുമ്പോൾ വേറെ വരികൾ എഴുതിക്കൊടുത്തിട്ടുണ്ട്. കാരണം അതൊരു പണി ആണല്ലോ. അതുപോലെ എന്നെ വിളിക്കുമ്പോൾ എന്നിൽ നിന്ന് എന്താണ് കിട്ടുക എന്നുള്ളത് ഈ ഡയറക്ടറും പ്രതീക്ഷിക്കണം. ഇങ്ങനെയൊരു കേരളഗാനം വേണോ എന്നാണ് ഞാൻ ആലോചിക്കുന്നത്. അങ്ങനെയെങ്കിൽ നമ്മുടെ പൂർവകവികൾ എഴുതിയത് ഉപയോഗിച്ചുകൂടേ.
 

മാവോപ്പേടി എന്ന കവിത

ദൃശ്യമായതും അദൃശ്യമായതുമായ സെൻസർഷിപ്പുകളാണ് നിലവിലുള്ളത്. ഭരണകൂടത്തിന്റെ സെൻസർഷിപ്പുകളുണ്ടാകും. പാർട്ടികളുടേതും മതങ്ങളുടേതും സമുദായങ്ങളുടേതും ഉണ്ടാകും. പൊളിറ്റിക്കലി കറക്റ്റ് അല്ല എന്നു പറഞ്ഞിട്ടുള്ളതോ ബോഡി ഷേമിംഗ് ആണെന്ന് വിമർശിക്കുന്നതോ ആയ പലതും. എഴുത്തുകാരൻ ഒരുപാട് സെൻസർഷിപ്പുകൾക്ക് വിധേയനാണ്. അങ്ങനെ നോക്കിയാൽ ഒന്നും എഴുതാൻ പറ്റില്ല. എതിർപ്പുകളെ നേരിടാൻ തയാറായി കൊണ്ടു വേണം ഇന്ന് എഴുത്തുകാരൻ എഴുതേണ്ടത്. ഇതൊന്നും പ്രശ്നമില്ലാത്ത രീതിയിൽ എഴുതാം. പക്ഷേ അവനവനെ വഞ്ചിച്ചു കൊണ്ടായിരിക്കരുത്. 
 

Rafeeq-Ahammed-two
റഫീഖ് അഹമ്മദ്

സഹൃദയത്വം നഷ്ടപ്പെട്ടിരിക്കുന്നു

നമ്മളോടു സത്യസന്ധത പുലർത്തിക്കൊണ്ടുള്ള എഴുത്ത് വളരെ ക്ലേശകരമാണ്. നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരിക്കും ആളുകൾ കാണുന്നത്. ഒരു ഉദാഹരണം പറയാം. പണ്ട് ഞങ്ങളുടെ നാട്ടിൽ ഒരു പണിക്കാരനുണ്ടായിരുന്നു. കുറേക്കാലം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് പ്രായമായി. 100 വയസ്സായിട്ടാണ് അദ്ദേഹം മരിച്ചത്. അദ്ദേഹത്തിനെ നോക്കാൻ വീട്ടിൽ ആരുമില്ലാതായി. അദ്ദേഹം ഓരോ വീടുകളിലും വരും ആരെങ്കിലും സഹായം ചെയ്യും അങ്ങനെയാണ് ജീവിച്ചത്. ഏതു വീട്ടിൽ ചെന്നാലും കൈ കെട്ടി നിന്നുകൊണ്ട് ‘ആരെയും കാണാനില്ല’ എന്നു പറയും. ചുറ്റിലും എല്ലാവരും ഉണ്ടെങ്കിലും അയാളതേ പറയൂ. ഇവിടെ ഒരു ദിവസം പരിപാടി നടക്കുകയായിരുന്നു. അപ്പോൾ അദ്ദേഹം വന്നിട്ട്, ആരെയും കാണാനില്ല എന്നു പറഞ്ഞു. അപ്പോഴാണ് ഞാനതിനെപ്പറ്റി ചിന്തിച്ചത്. ആരെയും കാണാനില്ല എന്നു പറഞ്ഞാൽ അതിന് വേറെ എന്തൊക്കെയോ അർഥമുള്ളതായി എനിക്കു തോന്നി. ഞാനത് ഫേസ്ബുക്ക് കുറിപ്പ് പോലെ എഴുതി.

അദ്ദേഹത്തെ എല്ലാവരും കോരു എന്നാണ് വിളിക്കുന്നത്. അങ്ങനെയാണ് ഞാൻ എഴുതിയതും. പക്ഷേ അതിനു വന്ന കമന്റുകളിൽ ഇതൊന്നും അല്ല പ്രശ്നം. ഇത്രയും പ്രായമുള്ള ഒരാളെ 'കോരു' എന്ന് എന്തിനു വിളിച്ചു. 'കോരു ഏട്ടാ' എന്നു വിളിക്കേണ്ടതല്ലേ. ജാതിയും സാമൂഹ്യാവസ്ഥയുമാണ് ബഹുമാനം ഇല്ലാത്തതിന് കാരണം എന്നിങ്ങനെ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ ആളുകൾ പറഞ്ഞു. കുത്സിതത്വം എന്നു വേണമെങ്കിൽ പറയാം. ഒരർഥത്തിൽ ശരിയാണ്. എന്തുകൊണ്ട് ഈ അധഃസ്ഥിത വിഭാഗങ്ങളെ പേരു വിളിക്കുന്നു എന്നത് ചർച്ചാവിഷയമാണ്. ഈ സബ്ജക്റ്റിൽ അതല്ലല്ലോ ചിന്തിക്കേണ്ടത്. അത് കാണാനുള്ള സഹൃദയത്വം നഷ്ടപ്പെട്ടിരിക്കുന്നു.
 

കലാപരമായ സ്വാതന്ത്ര്യം

Rafeeq-Ahammed-five
റഫീഖ് അഹമ്മദ്

ക്രിയേറ്റീവ് ആയിട്ടുള്ള കാര്യങ്ങളില്‍ കുറേക്കൂടി സ്വാതന്ത്ര്യം ഉണ്ടാകുക എന്നതാണു ശരി. പൊളിറ്റിക്കൽ കറക്റ്റനസിന്റെയും ബോഡി ഷെയിമിങിന്റെയും ചിന്ത പുതിയ കാലഘട്ടം തന്നിട്ടുള്ള സാംസ്കാരിക വികാസമാണ്. ക്രിയേറ്റീവ് പ്രവർത്തനങ്ങളിൽ അതിനത്ര പ്രസക്തിയില്ല. ഈ കറക്റ്റനസുകൾ നോക്കുകയാണെങ്കിൽ ബഷീറിന്റെ കൃതികളൊന്നും നമുക്ക് വായിക്കാൻ പറ്റില്ല. എട്ടുകാലി മമ്മൂഞ്ഞ്, ഒറ്റക്കണ്ണൻ പോക്കർ എന്നൊക്കെയാണല്ലോ അതിലേ കഥാപാത്രങ്ങളുടെ പേരുകൾ പോലും. സാധാരണഗതിയിൽ കാഴ്ച പരിമിതിയുള്ള ഒരു മനുഷ്യനെ 'കണ്ണുപൊട്ടാ' എന്നു വിളിക്കുന്നത് ശരിയല്ല. അത് നമ്മള്‍ മനസ്സിലാക്കി കഴിഞ്ഞു. എഴുത്തിൽ അങ്ങനെ ആയിരിക്കില്ല. എഴുത്തിൽ മറ്റൊരുതരം സ്വാതന്ത്ര്യം കൊടുക്കണം.

English Summary:

Interview with writer Rafeeq Ahammed