ADVERTISEMENT

യുവതലമുറയുടെ പ്രിയപ്പെട്ട ഇന്ത്യൻ എഴുത്തുകാരിയാണ് പ്രീതി ഷേണായി. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ  എഴുത്തുകാരിൽ ഒരാളായ പ്രീതിയുടെ പുസ്തകങ്ങൾ പ്രണയം, നഷ്ടം, പ്രത്യാശ, പ്രതിരോധം എന്നീ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. 16 ബെസ്റ്റ് സെല്ലറുകൾ രചിച്ചിട്ടുള്ള പ്രീതി ഷേണായി ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ എഴുത്തുകാരിലൊരാളാണ്. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോർപ്പറേറ്റ് ഓർഗനൈസേഷനുകളിലും പ്രഭാഷണങ്ങൾ നടത്തുന്ന  പ്രീതി, മനോരമ ഓൺലൈനുമായി സംസാരിക്കുന്നു

preeti-shenoy-books2

∙ വ്യക്തിത്വവികസനം, പ്രതിരോധശേഷി, സ്വയം കണ്ടെത്തൽ എന്നീ വിഷയങ്ങൾ പറയുന്നവയാണ് പ്രീതിയുടെ നോവലുകൾ. എഴുത്ത് എത്രത്തോളം വ്യക്തിജീവിതത്തിൽ സ്വാധീനിച്ചിട്ടുണ്ട്, ലോകത്തെ കൂടുതൽ നന്നായി മനസ്സിലാക്കുവാനും വളരുവാനും സഹായിച്ചിട്ടുണ്ട്? 
 

എനിക്ക് ചുറ്റും കാണുന്ന, എന്നെ ആഴത്തിൽ സ്വാധീനിക്കുന്ന കാര്യങ്ങളാണ് ഞാൻ എഴുതാറ്. ഒരു വ്യക്തിയായി വളരാൻ സഹായിക്കുന്നത് എഴുത്തല്ല. എനിക്ക് ചുറ്റുമുള്ള ആളുകള്‍, എന്റെ അനുഭവങ്ങൾ എന്നിവയാണ്. എനിക്ക് നിസ്സഹായത തോന്നുന്ന സാഹചര്യങ്ങളെക്കുറിച്ചാണ് ഞാൻ എഴുതാറ്.

ആ സാഹചര്യത്തെ മറികടന്ന ശേഷം അതിൽ നിന്നുകൊണ്ട് ആ വിഷയത്തെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ജീവിതത്തിൽ നിന്ന് മനസ്സിലാക്കിയ കാര്യങ്ങൾ എഴുത്തിൽ പ്രതിഫലിക്കുന്നുവെന്ന് മാത്രം. എഴുതാനായി ഞാൻ മുന്നൊരുക്കങ്ങൾ നടത്താറുണ്ട്, ഗവേഷണം ചെയ്യാറുണ്ട്. എന്റെ ഒന്നാം പുസ്തകം മുതൽ 16-ാം പുസ്തകം വരെ കാണപ്പെടുന്ന വളർച്ച ഇതിന്റെ പരിണിതഫലമാണ്. 
 

preeti-shenoy-books3

∙ ഇന്നത്തെ കാലത്ത് ഹീലിംഗ് എന്ന വാക്ക് വളരെ ചൂടേറിയ വിഷയമാണ്. എന്നാൽ മാനസികാരോഗ്യത്തെക്കുറിച്ച് തുറന്നുപറച്ചിലുകൾ ഇല്ലാതിരുന്ന കാലത്ത് അതിനെ മുൻനിർത്തി നോവലെഴുതിയയാളാണ് പ്രീതി. എങ്ങനെയാണ് അതിനെ നോക്കി കാണുന്നത്? 
 

സത്യസന്ധമായി പറയുകയാണെങ്കിൽ, എഴുതുമ്പോൾ ഞാൻ ആളുകളെക്കുറിച്ച് ചിന്തിക്കുന്നില്ല, കഥയോട് നീതി പുലർത്താനാണ് ‍ഞാൻ ശ്രമിക്കുന്നത്. എന്റെ ലക്ഷ്യം ആരെയെങ്കിലും സുഖപ്പെടുത്തുക എന്നതല്ല, എനിക്ക് കഥകൾ പറയാനുണ്ട്. അതിനാൽ എഴുതുന്നു. അത് വായനക്കാരെ അവരുടെ യഥാർഥ വികാരങ്ങളുമായി ബന്ധിപ്പിക്കുന്നു, സഹായിക്കുന്നു എന്നറിയുന്നതിൽ വലിയ സന്തോഷമുണ്ട്. എന്റെ ഗവേഷണത്തിന്റെയും എഴുത്തിന്റെയും ആകസ്മിക ഉൽപ്പന്നമാണവ.

preeti-shenoy1
പ്രീതി ഷേണായി

പൊതുവേ, എന്റെ നോവലുകൾ വളരെ പ്രായോഗികവും യാഥാർഥ്യബോധമുള്ളതുമാണ്. നിങ്ങളെയും എന്നെയും പോലെയുള്ളവരാണ് എന്റെ കഥാപാത്രങ്ങൾ. നഷ്ടങ്ങൾ, മാനസികാരോഗ്യപ്രതിസന്ധികൾ എന്നിവ എല്ലാവരുടെ ഏതെങ്കിലുമൊരു ഘട്ടത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന വിഷയമാണ്. എല്ലായ്പ്പോഴും ജീവിതം പോസിറ്റീവ് അല്ല. പോസിറ്റീവ് ആയിരിക്കുക എന്ന് എല്ലാവരും പറഞ്ഞാലും നടക്കണമെന്നില്ല. കോവിഡ് സമയത്ത് പുറത്തിറങ്ങിയ 'മാജിക് മൈൻഡ് സെറ്റ്' എന്ന എന്റെ പുസ്തകം ഇത്തരം സമയങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പറയുന്നു. 

∙ പ്രസിദ്ധീകരണ വ്യവസായം വളരെയധികം മാറിയിരിക്കുന്നു. ഒരു രചയിതാവ് എന്ന നിലയിൽ, എഴുത്ത് ശൈലികളെയോ രചനകളെയോ അത് സ്വാധീനിച്ചിട്ടുണ്ടോ? ‌
 

പ്രസിദ്ധീകരണത്തിന്റെ ചലനാത്മകത എന്നെ ബാധിച്ചിട്ടില്ല. അന്ന്, ഇന്ന് എന്ന വ്യത്യാസങ്ങളൊന്നും എനിക്ക് മനസിലാകുന്നില്ല. ഞാൻ നല്ല കഥകൾ എഴുതുന്നു, അക്കാലത്ത് എനിക്ക് കഴിയുന്ന ഏറ്റവും മികച്ച കഥകൾ ഞാൻ എഴുതി. ഇപ്പോഴും എനിക്ക് കഴിയുന്ന പോലെ മികച്ച കഥകൾ ഞാൻ എഴുതുന്നു. എന്റെ ഒരോ പുസ്തകവും പഴയ പുസ്തകത്തെക്കാൾ മികച്ചതാക്കുകയെന്നതിലാണ് ഞാൻ ശ്രദ്ധിക്കാറ്.
 

∙ ഏത് തരത്തിലുള്ള പുസ്തകമാണ് വായിക്കുന്നത്, പ്രിയപ്പെട്ട പുസ്തകം, എഴുത്തുകാരൻ ഏതാണ്?
 

ഒരുപാട് എഴുത്തുകാരുണ്ട്. വായിക്കുന്നതെന്തും ഞാൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. എന്റെ ഇൻസ്റ്റാഗ്രാമിൽ പോയി നോക്കിയാൽ, ഞാൻ വായിച്ച 200-ലധികം പുസ്‌തകങ്ങൾ ഹൈലൈറ്റ് ചെയ്തിരിക്കുന്നത് കാണാം. ഞാൻ അവസാനം വായിച്ച പുസ്തകം സിദ്ധാർത്ഥ് ധന്വന്ത് ഷാംഗ്‌വിയുടെ ‘ദ് ലാസ്റ്റ് സോങ് ഓഫ് ഡസ്‌ക്’ ആണ്. മുറകാമിയുടെ ‘വാട്ട് ഐ ടോക്ക് എബൗട്ട് വെൻ ഐ ടോക്ക് റണ്ണിംഗ്’ എന്ന പുസ്തകമാണ് ഇപ്പോൾ വായിച്ചുക്കൊണ്ടിരിക്കുന്നത്.

preeti-shenoy-lits
പ്രീതി ഷേണായി

ഞാൻ മലയാളം പുസ്തകങ്ങളുടെ വിവർത്തനങ്ങൾ വായിക്കാറുണ്ട്. മലയാള സാഹിത്യം വളരെ സമ്പന്നമാണ്. ആക്കൂട്ടത്തിൽ പ്രിയപ്പെട്ട ഏതെങ്കിലും ഒരു എഴുത്തുകാരന്റെ പേര് എടുത്ത് എന്ന് പറയുന്നത് അസാധ്യമാണ്. എന്റെ രചനകളിലും കേരളം പ്രധാനയിടമായി വരാറുണ്ട്. കേരളവുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. എന്റെ അമ്മയുടെ സഹോദരി കോഴിക്കോടാണ് താമസിക്കുന്നത്.

preeti-shenoy-books1

∙ പുതിയ പുസ്തകങ്ങൾ?
 

പുതിയ പുസ്തകം ഈ മാസം പുറത്തിറങ്ങുന്നുണ്ട്. ഞാൻ പുതിയ വിഷയങ്ങളിലൂടെ വായനക്കാരെയല്ല, സ്വയമാണ് അത്ഭുതപ്പെടുന്നത്. ഒരു നോൺ ഫിക്ഷൻ പുസ്തകം എഴുതുമെന്ന് ഞാൻ ഒരിക്കലും കരുതിരുന്നില്ല. എഴുത്ത് എന്നെ അത്ഭുതപ്പെടുത്താറാണ് പതിവ്. ഓരോ ദിവസവും സാഹിത്യലോകത്തിൽ എനിക്ക് ലഭിക്കുന്ന ബഹുമാനം എന്നെ അത്ഭുതപ്പെടുത്തുന്നു. പുസ്തകങ്ങളിലൂടെ മാത്രമല്ല ഞാൻ നടത്തുന്ന ജേർണൽ ഓൺലൈൻ വർക്ക്ഷോപ്പുകളിലൂടെയും ആളുകളെ സ്വാധീനിക്കുവാൻ കഴിയുന്നവെന്ന് വലിയ സന്തോഷം നൽകുന്നു.

English Summary:

Interview with Preeti Shenoy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com