Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലിഗ്രാഫിയുടെ പ്രിയ എഴുത്തുകാരി 

dona-writer എഴുത്തുകാരി, കവയിത്രി, കാലിഗ്രഫി ആർടിസ്റ്റ്.. വിശേഷങ്ങൾ ഏറെയാണ് ഡോണ മയൂരയ്ക്ക്... ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്‌സ്ബുക്ക്

നിന്റെ കവിതതന്‍ വരികളെന്‍

ചുമലില്‍ കിളിര്‍പ്പിച്ച

ഭ്രാന്തന്‍സ്വപ്‌നത്തിന്റെ ചിറകിലേറി,

അഴലിന്റെയാഴങ്ങളിലുടനീളം

ഭ്രാന്തയാമങ്ങളില്‍ ഞാനുഴറിയലഞ്ഞീടിലും

കുഴയുന്നീല നീയെന്‍ ചുമലിലേറ്റിയ

മൃത്യുസ്വപ്‌നസഞ്ചാരച്ചിറകുകള്‍...

സിൽവിയ പ്ലാത്തിനെ കുറിച്ച് എഴുത്തുകാരി ഡോണ മയൂര എഴുതുന്നു.. അതെ വരികളിൽ തന്നെ കവയിത്രി സ്വയം തളച്ചിടപ്പെടുകയും ചെയ്യുന്നില്ലേ എന്ന് ഡോണയുടെ കവിതകൾ ചോദിക്കുന്നുണ്ട്. ഉത്തരാധുനിക എഴുത്തുകാരിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന കവയിത്രി ആയ ഡോണ ഇപ്പൊ തന്റെ കാലിഗ്രാഫി രചനകളുടെ തിരക്കിലാണ്. ഡോണ വിശേഷങ്ങൾ പറയുന്നു... 

ഡോണ മയൂര എന്ന കവിയെ കുറിച്ച്... എഴുത്ത് തുടങ്ങിയത്....

എഴുത്തിന്റെ കൂടെയുണ്ടാവേണ്ട ഒരാൾ എന്നൊന്നും വിചാരിച്ചിരിക്കാത്ത സ്കൂൾ കാലത്താണ് ഭാരമില്ലാതെ എഴുത്ത് തുടങ്ങിയത്. കോളേജ് ഹോസ്റ്റൽ കാലത്ത് അതൊന്നു കൂടി ശക്തപ്പെട്ടു. കോളേജ് കാലത്താണ് ആദ്യ കവിത (97ലൊ 98 ലൊ) അച്ചടിമഷി പുരണ്ടത്. അതിനുശേഷം എഴുത്ത് ഇരുണ്ടകാലത്തേക്ക് വരണ്ടുപോയി.

dona5

പഠിത്തം ജോലി കല്യാണമെന്നുള്ള ജെനറൽ ഇക്വേഷനപ്പുറം വീട്ടിൽ നിന്നും മറ്റൊന്നിനും പിന്തുണയില്ല, അന്നും ഇന്നും. സുഹൃത്തുകളാണ് എഴുത്തിന്റെ വഴിയിൽ എന്നും കൂടെയുണ്ടായിരുന്നത്, ഇപ്പോഴും കൂടെയുള്ളതും.എഴുത്തിലേക്ക് സ്ഥിരമായത് ബ്ലോഗ് കാലം മുതൽ, 2007ൽ. ഇപ്പോഴും എഴുത്തിന്റെ ഭാരമൊന്നും ഇല്ല. വാക്കുകളുടെ കൂടെ ഇടയ്ക്ക് ഇരിക്കാറുണ്ട്. ചിലപ്പോൾ അതെഴുത്താ‍യി പരിണമിക്കാറുണ്ട്.

കവിതയെഴുത്ത് എങ്ങനെ ഡോണയ്ക്ക് രാഷ്ട്രീയമാകുന്നു?

എഴുത്തിന്റെ രാഷ്ട്രീയം വാക്കുകൾ തന്നെയാണ്. വാക്കുകൾ എന്തിന് ഏതിന് എങ്ങിനെ ഉപയോഗിക്കണമെന്നതും  ഉപയോഗിക്കാമെന്നും അതുപയോഗിച്ച് എങ്ങിനെ എഴുത്തിൽ ഇടപെടണമെന്നതും. മുൻ‌കുറിപ്പോടെയോ പിൻ‌കുറിപ്പോടെയോ അല്ല അവ വന്നുപോകുന്നത്. അതിങ്ങനെ വന്നു ചേരുന്നു അത്രമാത്രം...

കാലിഗ്രാഫി വരകൾ തുടങ്ങിയത്...

caligraphy4

സ്കൂൾ കാലഘട്ടത്തിൽ ഫൌണ്ടൻ പെൻ എഴുത്തു കൊണ്ട് കൈയ്യക്ഷരം നന്നാക്കൽ എന്ന പ്രക്രിയക്ക് വിധേയമാക്കപ്പെട്ടതാവണം പ്രധാന കാരണം.  കൈയ്യക്ഷരം നന്നാക്കൽ എന്നതിലുപരി മഷിപ്പേന കൊണ്ടുള്ള കുത്തിവര കൂടുതൽ ഹരമുള്ളതായി തോന്നി. മഴയെന്നെഴുതി മഷിയുണങ്ങും മുന്നേ അതിനു മേൽ വിരൽ പ്രസ്സ് ചെയ്ത് താഴേക്ക് വരച്ചാൽ മഴ പെയ്യുന്ന ഒരിഫക്റ്റൊക്കെ ഉണ്ടെന്ന് അന്ന് തോന്നിയിരുന്നു.

കാലിഗ്രാഫി, എന്ന പദം ഉൾക്കൊണ്ടുള്ള വരകൾ 13, 14 വർഷം മുന്നേയാണ് തുടങ്ങിയത്. കാലിഗ്രാഫി ഉണ്ടെന്നറിഞ്ഞതും അത് ഉൾക്കൊള്ളാൻ ശ്രമിച്ചതും അപ്പോഴാണ്, ഒരു സുഹൃത്ത് വഴി. അത് പക്ഷെ ലെറ്ററിങ്ങ് ആ‍യിരുന്നു. ഇവിടത്തെ ലൈബ്രറിയിൽ നിന്നും അതുമായി ബന്ധപ്പെട്ട പുസ്തകമെടുത്ത് വായിക്കുകയും മറ്റും ചെയ്യുമായിരുന്നു. സ്ഥിരമായല്ല , ഇടയ്ക്ക്, ചിലപ്പോൾ 2, 3 വർഷങ്ങളുടെയൊക്കെ ഗ്യാപ്പ് വന്നിട്ടാവും വീണ്ടും വരയ്ക്കുക. ഒന്നിലും ഒരു സ്ഥിരതയുള്ള ഒരാളാ‍യിട്ടില്ല ഞാനിപ്പോഴും, ഓൺ ആന്റ് ഓഫ്, ഇടയ്ക്ക് ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ ഓരോന്നിലും ചെന്ന് തൊട്ടുനോക്കും. പലതും ക്ഷണികമായിരിക്കും. അതിനുള്ള സാഹചര്യമേ ഇപ്പോഴും ഉള്ളുതാനും.

അക്ഷരത്തോളം ശക്തി കാലിഗ്രാഫി വരികൾക്ക് തോന്നിയിട്ടുണ്ടോ... അതിന്റെ സീരീസുകളെ കുറിച്ച്...

caligraphy2

തീർച്ചയായും, പക്ഷെ ഒന്ന് മറ്റൊന്നിനു പകരമാവുമോ എന്ന് പഠിച്ചുകൊണ്ടിരിക്കുന്നു. മുൻപ് വരയിലേക്ക് ചാടിപ്പോയിരുന്നത് വീട്ടിലുള്ളവർ എന്തിനെഴുതുന്നു എന്നൊക്കെയുള്ള ചോദ്യങ്ങൾ ചോദിക്കുമ്പോൾ അത് അവഗണിക്കാനായിരുന്നു. എഴുതുക മാത്രമല്ല വരയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് ഒരു തരം റിറ്റാലിയേഷൻ. അപ്പോഴൊന്നും കാലിഗ്രാഫി സ്റ്റൊറീസ് ഇന്നത്തെ നിലയിലേക്ക് വന്നിട്ടേയില്ല. അടുത്ത സുഹൃത്തിന് ഒരു പ്രതിസന്ധി ഘട്ടം തരണം ചെയ്യേണ്ടതായി വന്ന സാഹചര്യത്തിൽ സ്ഥിരം വരച്ച് അയച്ചുകൊണ്ടിരുന്ന സന്ദേശങ്ങളിൽ നിന്നാണ് ഇന്നത്തെ ക്യാ‍രക്റ്റേഴ്സ് ഡവലപ്പ് ആയത്. കഴിഞ്ഞ രണ്ടുമൂന്നു വർഷമായി പലകാരണങ്ങൾ കൊണ്ട് എഴുത്തിൽ നിന്നും കൂടുതൽ വിട്ടു നിൽക്കേണ്ട അവസ്ഥയിലാ‍യി. ആയിടക്ക് എഴുത്തൊരു സ്ട്രസ്സ്ഫുളായും തോന്നി. എന്റെ എഴുത്തിൽ അലുക്കും തൊങ്ങലും ഭംഗിയുമുള്ള വാക്കുകളും കുറവാണ്, അപ്പോൾ വീണ്ടും വരയിലേക്ക് മടങ്ങി. വരയ്ക്കുന്നത് കൂടുതൽ ഇഷ്ടത്തോടെ ചെയ്യാനും കഴിഞ്ഞു. ഇപ്പോൾ കാലിഗ്രാഫി സ്റ്റോറിയിൽ സ്ഥിരം നിൽക്കുന്നത് ഒറ്റസുഹൃത്തിന്റെ  പ്രോത്സാഹനം ഉള്ളതുകൊണ്ടാണ്.

പുസ്തകങ്ങൾ

icecube-dona

എഴുത്ത് ‌:- ഐസ് ക്യൂബുകൾക്ക് ശേഷം പുസ്തകം ചെയ്തില്ല. ഒരു പുസ്തകം ചെയ്യാനായി ചെയ്യണ്ട എന്ന വിചാരമാണ് അതിനു പിന്നിൽ. ഇടയ്ക്ക് ചെറുകവിതകളുടെ സമാ‍ഹാരം ചെയ്യാൻ തയ്യാറായി പബ്ലിഷർ ഉണ്ടായിരുന്നു. എന്റെ അനാസ്ഥ കാരണം അത് മുന്നോ‍ട്ട് പോകാതെ കിടക്കുന്നു. മാറ്റൊന്ന് ഒരു ഗദ്യകവിതാസമാഹാരം, പബ്ലിഷറുടെയടുത്താണ്. പിന്നൊരു നോവൽ. എപ്പോഴാണ് വെളിച്ചം കാണുകയെന്ന് അറിയില്ല. അതിന്റെ സമയമാവുമ്പോൾ നടക്കട്ടെ. 

വരയെ കുറിച്ച് പറഞ്ഞാൽ കാലിഗ്രാഫി സ്റ്റോറീ‍സ് പ്രസിദ്ധീകരിക്കാൻ കൊടുക്കാമോ എന്ന് ഒരു പബ്ലിഷർ ചോദിച്ചിട്ടുണ്ട്. വിഷ്വൽ മെറ്റഫേഴ്സ് സീരീസിൽ ചെയ്ത ആർട്ട് വർക്ക്സ് ബുക്ക് ഫോർമാറ്റിൽ ഇവിടത്തയൊരു പബ്ലിഷറുമായി ചേർന്ന് ചെയ്യുന്നുണ്ട്. കാലിഗ്രഫി സ്റ്റൈൽ നോവൽ പകുതിവഴിയിലാണ്.

ഓൺലൈൻ കവിതകളും കവികളും എങ്ങനെ സാഹിത്യത്തെ സ്വാധീനിക്കുന്നു

സാഹിത്യത്തെ സ്വാധീനിക്കുവാനായിട്ടല്ല  ഞാൻ കവിത എഴുതുന്നത്, ആരും (മിക്കവരും) കവിത എഴുതുന്നത് അതിന് വേണ്ടിയാവില്ല. എനിക്ക് എഴുതാനുണ്ട്, എഴുതാനുള്ള കാരണങ്ങളുണ്ട്. അവിടെ സമൂഹവും സാമൂഹികവ്യവസ്ഥകളും അതിന്റെ രാഷ്ട്രീയവുമാണ് കടന്നു വരുന്നത്. സാഹിത്യമെന്ന അലങ്കാരികമായി സിംഹാസനത്തെ സ്വാധീനിക്കൽ അല്ല എഴുത്തിൽ നടക്കുന്നത്. 

പുസ്തകങ്ങൾ നിരവധി ഇറങ്ങുന്നുണ്ട്, വായനാ ശീലം കൂടുന്നോ കുറയുന്നോ...

പുസ്തകങ്ങൾ ഇറങ്ങുക മാത്രമല്ല , ആ‍ളുകൾ വാങ്ങുന്നുമുണ്ട്. ബുക്ക്ഫെസ്റ്റുകളും ഓൺലൈൻ ബുക്ക് സ്റ്റോറുകളുമെല്ലാം അതിന്റെ ഉദാഹരണങ്ങളാണ്. വായിക്കുന്നത് അത് കഴിഞ്ഞുള്ള പ്രോസസ്സ് അല്ലെ. വായന അവരവർക്ക് തോന്നി ചെയ്യേണ്ടുന്ന കാര്യവുമാണ്. പിന്നെ എന്ത് വായിക്കുന്നു എന്നതും.

കൂടുതലും വിവിധ മാർക്കറ്റിങ്ങ് ഹൈപ്പിന്റെ മുൻ‌കുറിപ്പും പിൻ‌കുറിപ്പുമായി വരുന്നവയാവും ആളുകൾക്ക് വാങ്ങി വായിക്കാൻ താല്പര്യം. അല്ലെങ്കിൽ എക്സ്റ്റാബ്ലിഷ്ഡ് ആയ എഴുത്തുകാരുടെ കൃതി. ‘ബ്രാന്റ് നെയിം‘ പോലെ അവരുടെ പേരുമാത്രം മതി, ആളുകൾ വാങ്ങും. അങ്ങിനെയൊന്നും അല്ലാത്ത എഴുത്തുകാരുടെ പുസ്തകങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യപ്പെടുന്ന വാ‍യന കുറുപ്പുകളുടെയും കവർ ഇമേജുകളുടെയുമൊക്കെ വിസിബിലിറ്റി കൊണ്ട് വായിക്കപ്പെടുന്നുണ്ട്, അപ്പോഴും പരക്കെ വായിക്കപ്പെടുന്നില്ല.

ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം..

പാപ്പിയോൺ, ഹെന്റി ഷാരിയർ. എവിടേക്കോ രക്ഷപ്പെടാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നൊരാൾ എന്റെ ഉള്ളിലുമുണ്ട്. എയർ ഗിറ്റാർ പ്ലേ ചെയ്യുന്നതു പോലെ എപ്പോഴും ചാടി പോയ്ക്കൊണ്ടിരിക്കുകയുമാണ്.

കവിതയിലെ ആധുനികത... വരികൾ വരകളായും കേൾവിയായും

പരിണമിയ്ക്കപ്പെടുന്നതിന്റെ മാറ്റങ്ങൾ കവിതയിലെ എല്ലാ സാധ്യതയും പരീക്ഷിക്കപ്പെടുന്നുണ്ടിപ്പോൾ, വരയും കേൾവിയും മാത്രമല്ല.  ഇൻസ്റ്റലേഷനായും നാടകമായും ഏകാംഗനാടകമായും ഒക്കെ പരിണമിച്ചിട്ടുണ്ട്. 

കവിയ്ക്ക് എഴുത്ത് നിയമങ്ങൾ ബാധകമാണോ..

എന്ത്  നിയമങ്ങൾ? എന്താണ് എഴുത്ത് നിയമങ്ങൾ? അത് ലംഘിച്ചാൽ ലങ്കാദഹനം? എഴുത്തും വരയുമെല്ലാം ക്രിയേറ്റിവിറ്റിയാ‍ണ്. വിവേകത്തോടെയുള്ള വിചാരങ്ങളും. എഴുതി കഴിയുന്നത് വരെ അത് എഴുതുന്ന ആളിന്റെ മാത്രം കാര്യമാണ്. വായിക്കുന്നവർ എന്ത് വിചാരിക്കും എന്ന തോന്നൽ പോലും അവിടെ പ്രസക്തമല്ല.

പലപ്പോഴും സാമൂഹികവ്യവസ്ഥകളിൽ നിന്നുള്ള കുതറിയോടങ്ങളാണ് കവിതയിൽ കൊണ്ടെത്തിക്കുന്നത് തന്നെ. നിയമവിധേയമായി ചെയ്യുന്നതിനെ കവിതയെന്നോ അല്ലെങ്കിൽ എഴുത്ത് എന്ന് തന്നെ എങ്ങിനെ വിളിക്കാൻ കഴിയും. ഗദ്യകവിതയെ ഇപ്പോഴും ഒരു ജെനറൽ പബ്ലിക്ക് തള്ളുന്നത് വൃത്തമെന്നയുപാധിക്ക് വിധേയമല്ലെന്ന കാരണം കൊണ്ടാ‍ണ്.

വൃത്തതിലുള്ളതെല്ലാം കവിതയാണോ. സാധരണയൊരു സംഭാഷണം പദങ്ങളുടെ അടുക്കി വയ്ക്കൽ കൊണ്ടൊരു വൃത്തത്തിൽ ചെയ്താൽ അത് കവിതയാകുമോ. പതിനെട്ടാം നൂറ്റാണ്ടിന്റെ  പകുതിയോടെയാണ് ഗദ്യകവിതകൾ ഇതരരാജ്യങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. അതു തന്നെ അന്നത്തെ നിയമബദ്ധതയുളള പദ്യനിർമ്മാണ സാ‍ഹചര്യങ്ങളെ പൊളിച്ചെഴുതുന്നതിന്റെ ഭാഗമായാ‍ണ്. നമ്മുടെ കവിതയെ തിരിച്ച് കെട്ടി പിന്നിലേക്ക് പായിക്കണോ. ഇത് കവിതയ്ക്ക് മാത്രമേയുള്ളു, മറ്റെന്ത് മാറ്റത്തെയും അതിന്റെ പുതുമയേയും ഇഷ്ടപെടുന്നവക്ക് കവിതയിലെത്തുമ്പോൾ കുറ്റിയിലടിച്ച ക്ലിഷേ മതിയെന്നാവും..