Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കീറിമുറിച്ചുള്ള വായന അനാവശ്യം: പ്രിയ എ എസ്

priya a s ഒരുപാടു കൊതിച്ചെങ്കിലും തീരെ നിനച്ചിരിക്കാതെ കഥ തന്റെ കയ്യിലേക്ക് വന്നു ചേർന്ന കഥ പറയുന്നു കഥാകാരി പ്രിയ എ എസ്...

ഒരാളുടെ ജീവിതം രൂപപ്പെടുത്തുന്നത് മിക്കപ്പോഴും ബാല്യകാലത്തിന്റെ ചൂടുള്ള അനുഭവങ്ങളായിരിക്കും. എഴുത്തുകാരി പ്രിയ എ എസിന്റെ കാര്യത്തിൽ കാലം ഇതിനു അടിവരയിടുന്നു. കുട്ടിക്കാലത്തിന്റെ ആശുപത്രി ദിനങ്ങൾക്ക് മുന്നിൽ അതിനോട് കലഹിച്ചു വായനകളിലേക്കും  എഴുത്തുകളിലേക്കും മനസ്സിനേയും ശരീരത്തേയും ചിട്ടപ്പെടുത്തുമ്പോൾ മലയാള സാഹിത്യത്തിന് ചൂടും ചൂരുമുള്ള കുറെ കഥകൾ ലഭിച്ചു. പ്രിയ എ എസ് മനസ്സ് തുറക്കുന്നു...

അസുഖക്കാരിയിൽ നിന്നും എഴുത്തുകാരിയിലേക്കുള്ള ദൂരം

വീട്ടിൽ എല്ലാവരും വായനക്കാരായിരുന്നു. സ്‌കൂൾ അധ്യാപകനായ മുത്തച്ഛനും അമ്മമ്മയും അധ്യാപകരായ അച്ഛനും അമ്മയും എല്ലാരും നല്ല ഒന്നാന്തരം വായനക്കാർ. മുത്തച്ഛനാണ് എനിക്ക് ആരോഗ്യനികേതനം തുടങ്ങി പല കഥകളും വായിച്ച് തന്നത്. കാരണം ബാല്യം പകുതിയും ആശുപത്രിയിലും വീട്ടിലെ കിടക്കയിലും മുന്നോട്ടു നീങ്ങുമ്പോൾ വായിക്കുക എന്നല്ലാതെ വേറെ സാധ്യതകൾ ഒന്നുമുണ്ടായിരുന്നില്ല. അതിനെ ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. അന്നത്തെ സങ്കടങ്ങൾ, വിഷാദങ്ങൾ എല്ലാം ഇല്ലാതാക്കിയത് ആ വായനകളായിരുന്നു.  

അന്ന് വായനയിൽ കൂടി മാത്രം മാറ്റിയിരുന്ന ആധി ഇന്ന് എഴുത്തുകളിൽ കൂടിയും മാറ്റാൻ കഴിയുന്നു എന്നതാണ് കാലം തന്ന മാറ്റം. വീട്ടിൽ എല്ലാർക്കും "എഴുത്ത്" എന്നത് വലിയൊരു മോഹമായിരുന്നു. എഴുത്തുകാരെ അതിരറ്റു പ്രോത്സാഹിപ്പിക്കുകയും വായനയെ കണ്ടെത്തി തരുകയും ചെയ്ത വലിയ ഒരു കുടുംബം ഉണ്ടായത് തന്നെയാണെന്റെ ഭാഗ്യം. എന്റെ ജീവിതം എനിക്ക് വച്ച് നീട്ടിയ ഇരുട്ടിൽ നിന്ന് പുറത്തു കടക്കാനുള്ള ഒരു ഉപാധിയായിരുന്നു എഴുത്ത്.

പാട്ടും, വരയും ഒക്കെ വഴങ്ങുന്നവർ വീട്ടിൽ പലരുണ്ടായിരുന്നു , എന്നാൽ എഴുത്തുകാർ ആരുമില്ല, അതുകൊണ്ട് എഴുത്തിലേക്ക് തന്നെ എനിക്ക് പോകേണ്ടി വന്നു . എഞ്ചിനീയർ ആകാനും ഡോക്ടർ ആകാനുമൊക്കെ നിരവധി പേരുണ്ട്, അതൊന്നും വീട്ടിലുള്ളവർ എന്നോട് പറഞ്ഞിട്ടുമില്ല .എഴുത്തുകാരാകാനും വേണ്ടേ ആളുകൾ. ഒരുപാടു കൊതിച്ചു കൊതിച്ചു പക്ഷെ തീരെ നിനച്ചിരിക്കാതെ കഥ എന്റെ കയ്യിലേക്ക് വന്നു ചേർന്നു എന്ന് പറയാം . 

മഹാരാജാസ് എന്ന അനുഗ്രഹം

പല എഴുത്തുകാരെയും അറിയപ്പെടുന്നവരാക്കിയ ഒരിടമാണ് മഹരാജാസ്‌ എന്ന കലാശാല. അവിടെ പഠിക്കുമ്പോൾ എഴുത്തുകാരാകാതെ പറ്റില്ലാ എന്ന് തോന്നും. ബി എ ആംഗലേയ സാഹിത്യ വിദ്യാർത്ഥിനിയായിരുന്നെങ്കിലും മലയാളം സാഹിത്യമത്സരങ്ങളിൽ സ്ഥിരം ഭാഗമായിരുന്നു. ആദ്യ വർഷം പഠിക്കുമ്പോൾ കഥാമത്സരത്തിൽ ചേരുകയും  മൂന്നാം സമ്മാനം ലഭിക്കുകയും ചെയ്തു. പിന്നീടുള്ള മത്സരത്തിൽ ഒന്നാം സമ്മാനവും ലഭിച്ചു. എന്നാൽ കോളേജിലെ ആരും എന്നെ തിരിച്ചറിയുകയോ അഭിനന്ദിക്കുകയോ ഒന്നും ചെയ്തിരുന്നില്ല,  എങ്കിലും ആ സമ്മാനങ്ങൾ നേടി തന്ന ആത്മവിശ്വാസം ഒട്ടും കുറവായിരുന്നില്ല. വീണ്ടും എഴുതണം എന്ന മോഹം അത് മനസ്സിൽ നിറച്ചു വച്ചു.

priya-college-days മഹാരാജാസ് കാലം.

പിന്നീട് മാതൃഭൂമിയുടെ ബാലപംങ്തിയിൽ ചെറിയ കഥകൾ അച്ചടിച്ച് വന്നു. പിന്നീട് "അച്ഛൻ" എന്ന കഥയിലൂടെയാണ് ആഴ്ചപ്പതിപ്പിൽ മുതിർന്ന ഇടത്തിലേക്കുള്ള സ്ഥാനക്കയറ്റം ലഭിക്കുന്നത്. അന്ന് ശത്രുഘ്‌നൻ ആയിരുന്നു എഡിറ്റർ , അദ്ദേഹവും കെ പി വിജയൻ സാറുമൊക്കെ കഥയെ കുറിച്ച് വളരെ നല്ല അഭിപ്രായം പറഞ്ഞു. അതോടെ കൂടുതൽ എഴുതാം എന്നുള്ള ആത്മവിശ്വാസവും ആഗ്രഹവും വന്നു. ഗൃഹലക്ഷ്മി നടത്തിയ കഥാമത്സരത്തിൽ ആദ്യം പ്രോത്സാഹന സമ്മാനവും പിന്നീട് ഒന്നാം സമ്മാനവും ലഭിച്ചതോടെ കഥയെഴുത്തിൽ സജീവമായി. ഇപ്പോഴും എനിക്ക് പറയാനാകും എന്റെ വീട്ടുകാർ തന്ന പ്രോത്സാഹനവും സ്നേഹവും ആണ് എന്നിലെ കഥാകാരിയെ ഊട്ടിയുറപ്പിച്ചത്. സാഹിത്യത്തെ സ്നേഹിക്കുന്ന, ആഘോഷിക്കുന്ന അങ്ങനെയൊരു വീട്ടിൽ ജനിക്കാനായത് തന്നെ ഭാഗ്യം. 

എഴുത്തു തന്ന സന്തോഷം

മഹാരാജാസിലെ കോളേജ് മാഗസിനിൽ ഒരിക്കലും എന്റെ ഒരു കഥ പോലും അച്ചടിച്ച് വന്നിട്ടില്ല. അടുത്തിടെ ഒരു ഓർമ്മക്കുറിപ്പ് എഴുതിയപ്പോൾ അന്നത്തെ മാഗസിൻ എഡിറ്ററായ അഭയ് കുമാറിനെ കുറിപ്പ് കാണിച്ച്  അന്ന് കഥ മാഗസിനിൽ അച്ചടിയ്ക്കാത്തതിന്റെ പ്രതികാരമാണെന്നു പറഞ്ഞു ചിരിച്ചു . പക്ഷെ മഹാരാജാസിലെ ഹോസ്റ്റൽ എനിക്ക് ഭാഗ്യമായിരുന്നു. എന്റെ സീനിയേഴ്സ് ആയ എം എ മലയാളം പഠിക്കുന്ന ചേച്ചിമാർ ഒക്കെ കഥ കണ്ടു തിരിച്ചറിഞ്ഞു വന്നു  സംസാരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്.

ബാലപംങ്തിയിൽ കഥയെഴുതിയ പ്രിയക്കുട്ടിയല്ലേ എന്നൊക്കെ ചോദിച്ച് പരിചയപ്പെടാൻ വരുമ്പോൾ ആത്മവിശ്വാവും ഒക്കെ കൂടും. മാത്രമല്ല അവരുടെ ഒപ്പം കൂട്ടിയിട്ടുമുണ്ട്. എഴുതാൻ കഴിയും എന്ന തോന്നൽ അവരൊക്കെ നൽകിയ പ്രോത്സാഹനത്തിൽ നിന്നാണ് ലഭിച്ചത്. ഇപ്പോഴും എന്റെ പരിസരങ്ങളിൽ അവരുണ്ട്. ഇപ്പോഴും അവരുമായി സംസാരിക്കാറുണ്ട്, പ്രിയയ്ക്ക് മറവിയെ ഇല്ലല്ലോ എന്ന് അവർ ഇപ്പോഴും പറയാറുണ്ട്.

കുട്ടിക്കഥകളിലേയ്ക്കൊരു ചാഞ്ചാട്ടം

ആകസ്മികമായി എഴുതിപ്പോയതാണ് കുട്ടികൾക്ക് വേണ്ടിയുള്ള കഥകൾ. മകനായ കുഞ്ഞുണ്ണിക്ക് വേണ്ടിയാണ് കൂടുതലും എഴുതിയത്. ഒരിക്കൽ അടുക്കളയിൽ നിൽക്കുമ്പോൾ കുറെ ശലഭങ്ങൾ അടുക്കളയിലേയ്ക്ക് പറന്നു വന്നു. വളരെ കൗതുകത്തോടെ അവയെ നോക്കി നിൽക്കുമ്പോൾ ഒരു കഥയെഴുതൂ എന്ന് അവർ എന്നോട് പറയുന്നത് പോലെ തോന്നി. പിന്നീട് മലയാളം പഠിക്കാൻ ഒരു കുട്ടിക്ക് വലിയ വിഷമമാണെന്നു പറഞ്ഞു ഒരു കുട്ടിയുടെ 'അമ്മ വന്നു പറഞ്ഞപ്പോൾ പെട്ടെന്ന് മനസ്സിൽ ശലഭകഥ വന്നു. അത് പിന്നീട് റീ റൈറ്റ് ചെയ്ത എഴുതി ഒരു നോവലാക്കി അതാണ് ചിത്രശലഭങ്ങളുടെ വീട്. ബാലസാഹിത്യത്തിലേക്കുള്ള ആദ്യ ചുവടുവയ്‌പ്പായിരുന്നു അത്.

priya-books

പിന്നീട് കുറെ അധികം എഴുതി, ബാക്കി ഉള്ളതൊക്കെ കുഞ്ഞുണ്ണിയുടെയും എന്റെയും കഥകളായിരുന്നു. അവന്റെ നാല് വയസ്സു വരെയുള്ള ലോകം, "അമ്മേങ്കുഞ്ഞുണ്ണീം കുഞ്ഞുണ്ണീമമ്മേം" എന്ന കൃതിയിൽ എഴുതി. ആ പുസ്തകം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സത്യം പറഞ്ഞാൽ അത് എനിക്കൊരു മടക്കയാത്രയായിരുന്നു. കുട്ടിക്കാലം നഷ്ടപ്പെട്ട ഒരുവളുടെ ബാല്യത്തിലേക്കുള്ള മടങ്ങിപ്പോക്ക്. കുഞ്ഞുണ്ണിയുടെ കൈപിടിച്ച് എനിക്ക് ഇല്ലാതായ ബാല്യത്തിലേക്ക് തന്നെയാണ് ഞാൻ നടന്നു ചെന്നത്. 

ഒരിക്കൽ ഒരിടത്ത്...

ആകാശവാണിയുടെ ഒരിക്കൽ ഒരിടത്ത് എന്ന പരിപാടിയിൽ കുട്ടികഥകൾ അവതരിപ്പിക്കാമോ എന്ന് ചോദിച്ചു വന്നത് വി എം ഗിരിജ ചേച്ചിയായിരുന്നു. അങ്ങനെ അത് കുറെ എപ്പിസോഡുകൾ ചെയ്തു. വളരെ നല്ല പിന്തുണ ആ പരിപാടിക്ക് ലഭിച്ചു. അതോടെ വീണ്ടും എഴുതാനും പ്രോത്സാഹനം ലഭിച്ചു. കുഞ്ഞുണ്ണിക്ക് 4 വയസ്സുവരെയുള്ള അനുഭവങ്ങളായിരുന്നു അമ്മേങ്കുഞ്ഞുണ്ണീം കുഞ്ഞുണ്ണീമമ്മേം എന്ന പുസ്തകത്തിൽ ഉണ്ടായിരുന്നത് . അതിന്റെ ബാക്കി ചെയ്തു കൂടെ എന്ന് ചോദിച്ചു നിരവധി പേര് വിളിക്കുമായിരുന്നു.

കുട്ടികൾ രാവിലെ ഈ പുസ്തകം കയ്യിൽ പിടിച്ച് അമ്മമാരുടെ അടുത്ത് ചെന്ന് വായിച്ചു തരാൻ പറയുന്നതൊക്കെ പലരും പറഞ്ഞു കേട്ടു.  കുട്ടികൾക്ക് ആ എഴുത്തുരീതി ഏറെ ഇഷ്ടപ്പെട്ടിരുന്നു. അങ്ങനെയാണ് അതിന്റെ ബാക്കിയായി അടുത്ത പുസ്തകം ചെയ്യുന്നത്. "അമ്മെങ്കുഞ്ഞുണ്ണീം മൂക്കുരുമ്മീ മൂക്കുരുമ്മീ" എന്ന പേരിൽ. കുഞ്ഞുണ്ണിക്ക് കഥകൾ കേൾക്കാൻ ഇഷ്ടമാണ്, പലപ്പോഴും നിലവിലുള്ള പല കഥകളും അവനു വേണ്ടി  മാറ്റി പണിഞ്ഞു ആണ് പറഞ്ഞു കൊടുക്കാറുണ്ട്.

സങ്കടമുള്ള അവസാനങ്ങൾ അവനു തീരെ ഇഷ്ടമല്ലാത്തത് കൊണ്ട് അത്തരം കഥകൾ സന്തോഷമുള്ള അവസാനങ്ങളാക്കിയാണ് കുഞ്ഞുണ്ണിക്ക് പറഞ്ഞു കൊടുക്കാറ്. അതൊക്കെ തന്നെയാണ് കഥകഥ പൈങ്കിളി എന്ന പുസ്തകത്തിലും ഉള്ളത്. ഞാനൊരു ബാല സാഹിത്യകാരിയൊന്നുമല്ല, എല്ലാം എഴുതും, പക്ഷെ ബാലസാഹിത്യം എഴുതുമ്പോൾ അധികം ആലോചിക്കേണ്ടി വരാറില്ല, ഇരുന്നാൽ തനിയെ ക്രാഫ്റ്റ് വന്നോളും. പിന്നെ അത് വായിക്കുന്ന കുട്ടികളുടെ ഇഷ്ടം വളരെ വിവരണാതീതമാണ്. വളരെ നിഷ്കളങ്കമായ സ്നേഹം ലഭിക്കുന്നത് എങ്ങനെ വേണ്ടെന്ന് വയ്ക്കും?

ഓണം പടിവാതിൽ കടന്നു വരുമ്പോൾ

ഓണം ഇത്തവണ വളരെ സ്‌പെഷൽ ആണ്. കഥകൾ എഴുതി വായനക്കാരെ കൊണ്ട് വായിപ്പിക്കുന്ന രീതിയായിരുന്നു ഇതുവരെ, പക്ഷെ  ഈ ഓണത്തിന് വളരെ വ്യത്യസ്തമായി കഥ കഥാകൃത്തിനെ കൊണ്ട് വായിച്ചു കേൾപ്പിച്ചുകൊണ്ടാണ് 'കേൾക്കാം' ഓഡിയോ ബുക്ക്സ് എത്തുന്നത്. ഇതിന്റെ ഭാഗമായി സംവിധായികയും എഴുത്തുകാരിയുമായ ശ്രീബാല കെ മേനോന്റെ "കേൾക്കാം" എന്ന പ്രൊജക്ടിൽ ഒരു കഥ വായിച്ചു .. ഒരുപക്ഷെ ഈ പ്രൊജക്ടിൽ ഏറ്റവുമധികം സന്തോഷിച്ചിട്ടുണ്ടാവുക ഞാനാവും.

priya a s കഥ വായിക്കുമ്പോൾ അതിനെ വായിക്കുക, ആസ്വദിക്കുക , നിരൂപിക്കുക, അല്ലാതെ അതിനെ പോസ്റ്റ്മോർട്ടം ചെയ്യേണ്ടതില്ലെന്നാണ്   എന്റെ അഭിപ്രായം. ഒരു കഥയിൽ കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് എഴുത്തുകാരനാണ്.

15 വർഷത്തോളം പഴക്കമുണ്ട് ശ്രീബാലയുമായുള്ള ബന്ധത്തിന്. ജയശ്രീ മിശ്രയുടെ ജന്മാന്തര വാഗ്ദാനങ്ങള്‍ എന്ന എന്റെ വിവർത്തനത്തെ അടിസ്ഥാനമാക്കി രേവതി സിനിമ ചെയ്യാൻ പദ്ധതിയിട്ട കാലം , അങ്ങനെയാണ് ബാലയെ പരിചയപ്പെടുന്നത് പക്ഷെ അത് നടന്നില്ല. ബാലയുടെ ആദ്യ സിനിമ ഇറങ്ങിയപ്പോൾ  അതുപോയി കണ്ടു തീയേറ്ററിലിരുന്നു കയ്യടിക്കണമെന്നുണ്ടായിരുന്നു, പക്ഷെ അത് റിലീസ് ചെയ്യുന്ന സമയത്തു ഞാൻ ആശുപത്രിയിൽ അഡ്മിറ്റായി. ഏറ്റവും വലിയ സങ്കടമായിരുന്നു അത്. ശ്രീബാല റിലീസിംഗ്  തിരക്കിന് ശേഷം ഹോസ്പിറ്റലിൽ കാണാനും വന്നിരുന്നു.

ഓണത്തിനോടനുബന്ധിച്ചു  കുറച്ചു എഴുത്തുകാരുടെ കഥകൾ കൂട്ടി ചേർത്ത് അതിനെ കേൾവിയുടെ രൂപത്തിലാക്കി വായനക്കാർക്ക് നൽകാം എന്നൊരു ആശയം ബാല പറയുമ്പോൾ എന്റെ കയ്യിൽ കഥയുണ്ടായിരുന്നില്ല , ഒടുവിൽ ബാലയുടെ സ്‌നേഹപൂർണമായ നിർബന്ധത്തിനു വഴങ്ങിയാണ് ഒരു കഥ എഴുതി നൽകുന്നത്. അത് സ്വന്തം ശബ്ദത്തിൽ റെക്കോഡ് ചെയ്യുകയും ചെയ്തു. 

വളരെ വ്യത്യസ്തമായി എഴുത്തിനെ  കൂടുതൽ മാർക്കറ്റ് ചെയ്യാൻ സഹായിക്കുന്ന ഒരു സാധ്യത ആയാണ് അതെനിക്ക് തോന്നിയത്. ഈ പ്രൊജക്റ്റ്നു വേണ്ടി ഫോട്ടോഷൂട്ട് ഒക്കെ സംഘടിപ്പിച്ചു. ഞങ്ങൾ ഒരുപാടു സമയം ഒന്നിച്ച് പങ്കു വച്ചു. രുപക്ഷെ വളരെ നാൾക്കു ശേഷം ഞാൻ മനസ്സറിഞ്ഞു ചിരിച്ച ആനന്ദിച്ച ഒരു ദിവസമായിരുന്നു അത്. ഓണം സ്‌പെഷൽ ആയി ഈ മാസം 9നാണു അതിന്റെ പ്രകാശനം. കഥയെ മാർക്കറ്റ് ചെയ്യുക, അതിന്റെ മൂല്യം  ഉയർത്തിക്കാട്ടുക, കഥയോടുള്ള ഇഷ്ടമാണ് ബാല ഉൾപ്പെടെ എല്ലാവരെ കൊണ്ടും ഇത് ചെയ്യിച്ചത്.

സോഷ്യൽ മീഡിയയുടെ വായന

ഇന്നത്തെ അനുഭവങ്ങൾ നാളെ കുറിപ്പുകളാക്കുന്ന രീതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയ്ക്കുള്ളത്. പക്ഷെ അനുഭവങ്ങളുടെ ഇന്റൻസിറ്റി ആ കുറിപ്പുകൾക്ക് കുറവാണ്. അനുഭവങ്ങൾ മനസ്സിൽ വച്ച് അവയെ മൂക്കാൻ അനുവദിച്ചു "എഴുതാതെ വയ്യാ" എന്ന് വരുമ്പോൾ എഴുതുമ്പോഴാണ് ആ എഴുത്തിന് ആഴം വരുന്നത്. എന്നാൽ മനസ്സിലിടാനും വളരാനും അനുവദിക്കാതെ മനസിലുള്ളതെല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റുമ്പോൾ അതിന്റെ ആഴം കുറയുന്നുണ്ട്. മാത്രമല്ല ഇപ്പോൾ കഥ എന്നതിനേക്കാൾ ഓർമ്മക്കുറിപ്പുകൾക്കാണ് പ്രസക്തിയധികവും. 

മറുവായനകളുടെ പ്രസക്തി

സോഷ്യൽ മീഡിയയിൽ മറുവായനകൾക്ക് ഇപ്പോൾ വലിയ പ്രാധാന്യമുണ്ട്. ഒരു കഥയെയോ സാഹിത്യ രൂപത്തെയോ കയ്യിൽ കിട്ടിയാൽ അതിനെ തലനാരിഴ കീറി പരിശോധിച്ചാണ് അതിന്റെ സാധ്യതകൾ കണ്ടെത്തുന്നത്. അതിന്റെ ആവശ്യം പക്ഷെ ഉണ്ടെന്നു തോന്നുന്നില്ല, പ്രത്യേകിച്ച് മുതിർന്ന എഴുത്തുകാരുടെ കാര്യത്തിൽ. "ഇപ്പോഴും ഒരു സാഹിത്യകാരനാണെന്ന് പറയാൻ ധൈര്യം പോരാ" എന്ന എം ടി യുടെ വാചകത്തെ ചുറ്റിപ്പറ്റി ഇതുപോലെ ഒരു വായന നടന്നു. അദ്ദേഹം അത് എന്ത് കാരണത്താൽ പറയുന്നു എന്നല്ല അതിന്റെ മറുവായന കണ്ടെത്താനാണ് ആൾക്കാർക്ക് താൽപ്പര്യം, അതിനെ ചൊല്ലിയുള്ള പല ചർച്ചകളും കണ്ടപ്പോൾ വിഷമം തോന്നി.

മുകുന്ദനെയും എം ടിയെയും പോലെയുള്ളവർ മുൻപേ നടന്നത് കൊണ്ടാണ് ഞങ്ങളെ പോലെയുള്ളവർക്ക് വഴികൾ ഒരുങ്ങിയത്. വഴികൾ ഞങ്ങൾക്ക് വെട്ടേണ്ടി വന്നിട്ടില്ല, ചില്ലറ മിനുക്കി പണികൾ നടത്തി എന്നതല്ലാതെ, എല്ലായ്പ്പോഴും ഒരു എഴുത്തുകാരൻ എഴുതുന്ന എല്ലാം ഒന്നും നന്നായിക്കൊള്ളണമെന്നുമില്ല. അപ്പോൾ "മോശം എഴുത്ത് " മാത്രമെടുത്ത് അതിനെ നിരൂപണം നടത്തുന്നതും ശരിയല്ല. ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്, അവരുടെ പ്രായത്തിൽ എന്റെ എഴുത്തുകൾ ഏതു അവസ്ഥയിലായിരിക്കും എന്നത്. അത്ര എളുപ്പമല്ല ഈ പ്രായത്തിലും ഇങ്ങനെ ക്രിയേറ്റീവ് ആയി നടക്കുവാൻ. 

സോഷ്യൽ മീഡിയയിലെ സ്പെയ്സ് ,ആർക്കും എന്തും എഴുതാം എന്ന തലത്തിലേക്ക് വന്നപ്പോൾ ആക്ഷേപിക്കാനുള്ള ഇടമായി കൂടി പരിണമിച്ചിട്ടുണ്ട് ഇവിടെ നന്നായിട്ടെഴുതുന്ന നിരവധി പേരുണ്ട് എന്നത് അംഗീകരിക്കാതെ വയ്യ, പക്ഷെ എന്നാലും അസഹിഷ്ണുതാപരമായി കാര്യങ്ങളെ നോക്കിക്കാണുന്നതിനോട് യോജിക്കാൻ വയ്യ

ബിരിയാണിയിൽ അസഹിഷ്ണുത

BIRIYANI

കഥ വായിക്കുമ്പോൾ അതിനെ വായിക്കുക, ആസ്വദിക്കുക , നിരൂപിക്കുക, അല്ലാതെ അതിനെ പോസ്റ്റ് മോർട്ടം ചെയ്യേണ്ടതില്ലെന്നാണ്   എന്റെ അഭിപ്രായം. ഒരു കഥയിൽ കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് എഴുത്തുകാരനാണ്. അയാളുടെ അനുഭവങ്ങളുടെ ഓരം ചേർന്നു നിന്നാണ് കഥ എഴുതുക . അതിനെ അങ്ങനെ തന്നെ വിടണം.  ബിരിയാണി എന്ന കഥയിലേക്ക് ഇത്രയുമധികം ശ്രദ്ധ എത്തേണ്ടതായിരുന്നില്ലാ എന്ന് തോന്നുന്നു. ആ കഥയുടെ ആദ്യ പകുതിയേക്കാൾ  ക്രിസ്പ് ആയിരിക്കുന്നത് രണ്ടാം പകുതിയാണ് , ഇപ്പോഴെങ്ങാനും ആയിരുന്നു എം ടി യുടെ നിർമാല്യം പുറത്തു വന്നിരുന്നതെങ്കിൽ എന്ന് ഓർക്കുമ്പോൾ പേടിയാകുന്നു, ഇവിടെ തീർച്ചയായും വർഗീയ കലാപം നടന്നേനെ. ഭഗവതിയുടെ മുഖത്ത് തുപ്പുക എന്നൊക്കെ പറഞ്ഞാൽ വിശ്വാസികൾ തകർന്നു പോയേനെ.

എല്ലാത്തിനെയും മതത്തിന്റെ കണ്ണുകളിലൂടെയാണ് ഇപ്പോൾ ആൾക്കാർ നോക്കുന്നത്. പണ്ട് മഹാരാജാസിൽ പഠിക്കുമ്പോൾ എസ് സി എസ് ടി ക്കാരായ കുട്ടികളൊന്നും നോക്കി ചിരിക്കില്ല, ഒരിക്കൽ അവിടെ മെസ്സിൽ പപ്പടം കിട്ടിയില്ല എന്ന് പറഞ്ഞു അവർ ബഹളം വച്ചു, സാറാ ടീച്ചറുടെ മാറ്റാത്തിയിലെ സുന്ദരിയുമായി ചേർത്തുവച്ച് വായിച്ചപ്പോഴാണ് ആ പപ്പടത്തിന്റെ പ്രസക്തി മനസിലാകുന്നത് . കുസാറ്റിൽ ആയിരുന്നപ്പോൾ ഒരു ക്‌ളാസിൽ നിന്നും എന്നെന്നേയ്ക്കുമായി ഒരു കുട്ടി പോയി, കാരണം അവനു നേരിടേണ്ടി വന്ന ജാതി പ്രശ്നങ്ങൾ തന്നെയായിരുന്നു. മിടുക്കരായി പഠിച്ചു വന്നു ജോലിയിൽ കയറിയാൽ പോലും ഒരു വെറും ആനുകൂല്യം കിട്ടിയ മട്ടിലാണ് ആളുകൾ അവരെ കാണാറ് . അതിനു ഞാൻ സാക്ഷിയാണ് , അതൊക്കെ വലിയ വേദന ഉണ്ടാക്കുന്നുണ്ട് . 

സോഷ്യൽ മീഡിയയുടെ നന്മ

മലയാളം മറന്നു , വായന കുറഞ്ഞു എന്നൊക്കെ പറഞ്ഞു തുടങ്ങിയ ഒരു കാലത്താണ് സോഷ്യൽ മീഡിയ ആക്ടീവായി തുടങ്ങുന്നത്. അങ്ങനെ വരുമ്പോൾ മലയാള ഭാഷയെ ഇപ്പോഴും ഏറ്റവും ആക്റ്റീവ് ആയി നിലനിർത്തുന്നതിൽ സോഷ്യൽ മീഡിയയ്ക്കുള്ള പങ്കിനെ കുറിച്ച്‌ പറയാതെ വയ്യ. നല്ല വായനയും എഴുത്തും ഇവിടെ നടക്കുന്നുണ്ട്. പിന്നെ പലതിനും ആഴമില്ലാ എന്നതാണ് സത്യം. പക്ഷെ പലതും ഇന്നത്തേക്ക്  മാത്രമേ നിലനിൽക്കുന്നുള്ളൂ, അതിനൊരു നാളെ ഇല്ല .