Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞുവായിലെ വലിയ കവിതകൾ; കാദംബരി വൈഗ...

kadambari-young-poet എഴുത്തിനെ കുറിച്ചും കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളെ കുറിച്ചും കാദംബരി ചിലത് പറയുന്നു...

കുട്ടികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങൾ. രാഷ്ട്രീയമായും കലാപരമായും കലോത്സവവും കുഞ്ഞുങ്ങളും വാർത്താചാനലുകളിൽ വരെ വിഷയമാകുമ്പോൾ കഴിഞ്ഞ ഒരു മാസത്തിലേറെയായി വാട്സാപ്പും ഫെയ്‌സ്ബുക്കുമൊക്കെ ഏറ്റവുമധികം ചർച്ച ചെയ്തതും ചൊല്ലിക്കൊണ്ട് നടന്നതും രണ്ടു കുട്ടികളുടെ കവിതകളായിരുന്നു. കാദംബരി വൈഗ എന്ന പത്താം ക്ലാസ്സുകാരിയുടെയും ദ്രുപദ് ഗൗതം എന്ന പതിനൊന്നാം ക്ലാസ്സുകാരന്റെയും. സ്‌കൂൾ കലോത്സവങ്ങളിൽ ഒരു പ്രത്യേക വിഭാഗത്തിൽ മികച്ച പ്രകടനം പ്രകടിപ്പിക്കുന്ന കുട്ടികൾ വാർത്തയിലെ താരങ്ങളാകുന്നത് ഇതാദ്യമല്ല, പണ്ടും ഇത്തരം നിരവധി മുഖങ്ങളെ ഓർത്തെടുക്കാനുണ്ടായിരുന്നു, പക്ഷെ കാലം പിന്നെയുമൊഴുകി വിഷുവും വർഷവും ഒക്കെ കണ്ടെടുത്തു മടങ്ങിയപ്പോൾ കൊണ്ട് പോയത് അന്നത്തെ പല കുട്ടികളുടെയും കലാവാസനകളെയും അക്ഷരങ്ങളെയും ചിന്തകളെയുമായിരുന്നു. എങ്കിലും ഓരോ വർഷവും പ്രതിഭാശാലികളുണ്ടാകുമ്പോൾ അങ്ങേയറ്റം ശ്രദ്ധയും വാത്സല്യവും കൊടുത്തു നാമവരെ ചേർത്ത് പിടിക്കും, അതൊരു പ്രോത്സാഹനമാണ്, പല നാളുകളിലേയ്ക്കും കയ്യിലുള്ള അക്ഷരങ്ങളെയും കലയെയും ചേർത്ത് പിടിയ്ക്കാൻ അവർക്കുള്ള സ്നേഹാദരം.

ഈ വർഷം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം കവിതാമത്സരത്തിൽ കാദംബരിയ്ക്ക് ലഭിച്ചത് എ ഗ്രേഡ്. ദ്രുപത് ഗൗതം ഹയ്യർ സെക്കന്ററി വിഭാഗത്തിലെ മികച്ച കവിയായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ രണ്ടുപേരും കലോത്സവ വേദിയ്ക്കു പുറത്ത് സോഷ്യൽ മീഡിയയിലും താരങ്ങളാണ്. വാട്സാപ്പ് ഗ്രൂപ്പുകളിലും ഫെയ്‌സ്ബുക്ക് താളുകളിലും ഇരുവരുടെയും കവിതകൾ പറന്നു നടക്കാൻ തുടങ്ങിയിട്ടും നാളുകളേറെയായി.

"നമ്മെ ശരിയാക്കാൻ നാം തന്നെ
ആളെ ഏർപ്പാടാക്കുന്ന
ഒരുതരം എടപാടാണ്
ജനാധിപത്യം"


നാല് വരികവിതയിലെ ജീവൻ തുടിക്കുന്ന രാഷ്ട്രീയത്തിന്റെയും മാനുഷികതയുടെയും കനലുകളെ കുറിച്ച് ഉറക്കെപറയാൻ ദ്രുപദിന് ശീലമില്ലെങ്കിലും അക്ഷരങ്ങളിലൂടെ പൊരുതാൻ ദ്രുപദ് തയ്യാർ. ക്വട്ടേഷൻ എന്ന പേരിൽ ദ്രുപദ് എഴുതിയ ഈ കവിത ഏറെ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തു.


"ഇന്നലെ ഭൂമിയെന്നെ
മൊബൈലിലേക്ക്
വിളിച്ചു.
പാവം, സ്വന്തമായി
കൈയ്യില്‍ ഫോണില്ല.
മോസ്കോ നഗരത്തിനടുത്തുള്ള
ടെലിഫോണ്‍ ബൂത്തില്‍
നിന്നായിരുന്നു വിളി.
ഒരുപാട് നേരം
ഭൂമിയുടെ ‘മാതൃഭാഷയായ
നിശ്ശബ്ദതയില്‍’
ഞങ്ങള്‍ മിണ്ടി.
ശബ്ദങ്ങളുടെ
ഉറക്കെയുള്ള ഇരുണ്ട
വിളികളെയും പറച്ചിലുകളെയും
ഞങ്ങള്‍ മണിക്കൂറുകളോളം
കളിയാക്കി."


ഭൂമിയുടെ വിളിയെ കുറിച്ച് കാദംബരി കവിതയെഴുതുന്നു. കവിതയെഴുത്ത് അത്ര എളുപ്പം അല്ലാതിരിക്കുമ്പോൾ തന്നെ കുട്ടിക്കാലത്തിന്റെ കൗതുക മനസ്സുകളിൽ നിന്നും കവിതകൾ ഗൗരവമായ വായനയിലേയ്ക്കും എഴുത്തിലേക്കും കടന്നുവരുന്നുണ്ട്. വായനകൾ നിരന്തരം ഇഷ്ടപ്പെടാതെ എഴുത്ത് ഉണ്ടാകുന്നതേയില്ലല്ലോ. എഴുത്തിനെ കുറിച്ചും കുഞ്ഞുകുഞ്ഞു സ്വപ്നങ്ങളെ കുറിച്ചും കാദംബരി ചിലത് പറയുന്നു:

ഒത്തിരികാലമായില്ല!

കവിതയെഴുതാൻ തുടങ്ങിയിട്ട് ഒത്തിരി കാലമൊന്നുമായില്ല. രണ്ടുവർഷമൊക്കെ ആയതേയുള്ളൂ. ഇപ്പോൾ പത്താം ക്ലാസ്സിലാണ് പഠിക്കുന്നത്. അതുകൊണ്ടു അടുത്ത മാസങ്ങളിലൊക്കെ എല്ലാത്തിനും അവധി കൊടുത്തിരിക്കുകയാണ്, ഫെയ്‌സ്ബുക്കിനും ഒക്കെ അതേ... അമ്മയുടെ നിർദ്ദേശമാണ്. പരീക്ഷയല്ലേ...!

ആദ്യമായി ലഭിച്ച 100  രൂപ!

മാതൃഭൂമിയുടെ കുട്ടികൾക്കായുള്ള പേജിലേക്കാണ് ആദ്യം കവിതകൾ അയക്കുന്നത്. അതിൽ അച്ചടിച്ച് വന്നിട്ടൊക്കെയുണ്ട്. പണ്ടൊക്കെ ഉള്ളപോലെ കവിതകളെ കുറിച്ച് നിരൂപണങ്ങളൊന്നുമില്ല . പൈസ കിട്ടിയിട്ടുണ്ട്.  കവിത അച്ചടിച്ച് വന്നപ്പോൾ 100 രൂപ കിട്ടി. അത് അമ്മയുടെ കയ്യിൽ കൊടുത്തു. 'അമ്മ അത് സൂക്ഷിച്ചു വച്ചിട്ടുണ്ടാകണം!

കാദംബരി വൈഗ....

അമ്മയിട്ട പേരാണ്. 'അമ്മ മലയാളം അധ്യാപികയാണ്. കാദംബരി എന്ന പേരിനു ഒരുപാട് അർത്ഥങ്ങളുണ്ട്. സരസ്വതിയുടെ പേരാണ്, ഒരു പൂവിന്റെ പേരാണ്, പെയ്യാൻ പോകുന്ന മഴവെള്ളത്തിന്റെ പേരാണ്, രവിവർമ്മയുടെ അവസാനത്തെ ചിത്രത്തിന്റെ പേരാണ്, ബാണഭട്ടന്റെ ഒരു പുസ്തകത്തിന്റെ പേരാണ്....  അങ്ങനെ കുറേ അർത്ഥങ്ങളുണ്ട് ഈ പേരിന്.

ഷൂസ് തുരന്ന കാൽവിരലുകൾ...

 ആദ്യത്തെ കവിതാ സമാഹാരത്തിന്റെ പേരാണ് ഷൂസ് തുരന്ന കാൽവിരലുകൾ. അൻപത്തിയൊന്ന് കവിതകളുള്ള പുസ്തകമാണ്. പി രാമനാണ് അവതാരികയെഴുതിയിരിക്കുന്നത്. ലോഗോസ് ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയത്.

ഞാൻ കണ്ട കാഴ്ചകളൊക്കെ തന്നെയാണ് കവിതകളായി അതിലുള്ളതും, ഞാനെഴുതുന്നതുമൊക്കെ. രാഷ്ട്രീയവും സമകാലിക പ്രശ്നവും ഒക്കെ എഴുതാൻ വേണ്ടി എഴുതാറൊന്നുമില്ല. സ്‌കൂളിൽ ഉച്ച വരെയാണ് ക്ലാസ്സ്. ഉച്ചയ്ക്ക് ശേഷം വീട്ടിൽ വന്നിരിക്കുമ്പോൾ ചിലപ്പോൾ മുറിയിലേയ്ക്ക് വരുന്ന കാറ്റിനെ കുറിച്ചും വെയിലിനെ കുറിച്ചും ഒക്കെ എഴുതിയിട്ടുണ്ട്. കാണുന്നതൊക്കെ കവിതയാക്കാൻ തോന്നിയിട്ടുണ്ട്.

സ്‌കൂൾ കലോത്സവം...

സ്‌കൂൾ കലോത്‌സവത്തിനു ചെല്ലുമ്പോഴാണ് ഏതെങ്കിലും വിഷയത്തിൽ അടിസ്ഥാനമാക്കി കവിത എഴുതേണ്ടി വരുന്നത്. അല്ലെങ്കിൽ വിഷയം ആലോചിച്ചു എഴുതാറേയില്ല! ഇത്തവണ കലോത്സവത്തിന് പോയപ്പോൾ ഏറ്റവും വലിയ സന്തോഷം ദ്രുപദ് ഏട്ടനേയും നിദർശേട്ടനെയും ഒക്കെ കാണാൻ കഴിയും എന്നതായിരുന്നു. ഫെയ്‌സ്ബുക്കിലൊക്കെ നല്ല ആക്ടീവാണ് അവരും. അവരുടെ മത്സരമായിരുന്നു ആദ്യം, പക്ഷെ അത് കഴിഞ്ഞിട്ടും എന്നെ കാത്തിരുന്നു. അങ്ങനെ അവരെ കണ്ടു, ഫോട്ടോയെടുത്തു, മിണ്ടി... ഒത്തിരി സന്തോഷം.

kadambari3

പ്രിയപ്പെട്ട എഴുത്തുകാർ...

ഒത്തിരി എഴുത്തുകാരെ ഇഷ്ടമാണ്. കൽപ്പറ്റ മാഷ്, സച്ചിതാനന്ദൻ മാഷ്, വീരാൻ കുട്ടി, രാമൻ, പി പി രാമചന്ദ്രൻ... ഒത്തിരി കവികളോട് ഇഷ്ടമുണ്ട്. കൂടുതലും കവിതകളാണ് വായിക്കുക. കഥ ഇടയ്ക്ക് വായിക്കാറുണ്ട്, മാധവിക്കുട്ടിയെയും ബഷീറിനെയുമൊക്കെ ഇഷ്ടമാണ്. ഖലീൽ ജിബ്രാന്റെ "ഭ്രാന്തൻ" വായിച്ചിട്ട് നല്ലിഷ്ടമായി. കുറേ നാൾ അത് വായിച്ചു, കുറേ തവണ വായിച്ച്, അത്രയ്ക്കും ഇഷ്ടപ്പെട്ടു. അതുപോലെ ടി പി രാജീവന്റെ "ദീർഘകാലം" എന്ന കവിതയും കുറേ തവണ വായിച്ചിട്ടുണ്ട്.

kadambari2

ഐ എഫ് എഫ് കെ...

ഫിലിം ഫെസ്റ്റിവലിന് പോകാൻ വലിയ താൽപ്പര്യമാണ്. സിനിമകൾ കാണാറുണ്ട്. ഇപ്പോൾ പാലക്കാട് ചിറ്റൂരിൽ ഫെസ്റ്റിവൽ നടന്നുകൊണ്ടിരിക്കുകയാണ്, അതിനും പോയി. ഐ എഫ് എഫ് കെയിൽ പോകണമെന്നും ആഗ്രഹമുണ്ടായിരുന്നു. പക്ഷെ കൂടെ കൊണ്ട് പോകേണ്ട ആൾ, ചേച്ചി, കൂടുതലും ജെണ്ടർ സിനിമകളാണ് കണക്കുന്നത്. അതുകൊണ്ട് പതിനെട്ടു വയസ്സിനു ശേഷമേ കൊണ്ട് പോകൂ എന്നാണു പറയുന്നത്.

കവിത നഷ്ടപ്പെടുമോ!!!

എപ്പോഴും നമുക്ക് ഒരേ ഫോമിൽ എഴുതാൻ പറ്റില്ലെന്ന് തോന്നുന്നു. പിന്നെ വർഷങ്ങൾ കഴിയുമ്പോൾ വേറെ ഫോമിലേക്ക് മാറുമായിരിക്കും. എപ്പോഴും കവിതയെഴുതാൻ പറ്റുമോ എന്നൊന്നും അറിയില്ല. ഒരുപക്ഷെ നല്ല കവിയാകാൻ കഴിഞ്ഞില്ലെങ്കിൽ നല്ല വായനക്കാരിയും നിരൂപകയും ആകാൻ ശ്രമിക്കും. പഠനത്തെ കുറിച്ച് പ്രത്യേകിച്ച് പ്ലാൻ ഒന്നുമില്ല. പത്താം ക്ലാസ്സ് കഴിഞ്ഞാൽ ബയോളജി എടുത്ത് പഠിക്കണമെന്നുണ്ട്. അഗ്രിക്കൾച്ചർ പഠിക്കാനും ഇഷ്ടമാണ്.

അമ്മ കട്ട സപ്പോർട്ട്!

പണ്ടൊക്കെ കവിതയെഴുതി അമ്മയ്ക്ക് വായിക്കാൻ കൊടുക്കുമ്പോഴും അമ്മ നല്ലതാണെന്നു പറയും. ഇപ്പോൾ കവിതയെഴുതി വായിക്കാൻ കൊടുക്കുമ്പോയിൽ പറയുക, ഇപ്പോഴത്തെ കവിതകളാണ് നല്ലത്, പഴേത് പൊട്ടയായിരുന്നു എന്നാണു. അമ്മ എപ്പോഴും നല്ല സപ്പോർട്ടാണ്. ഞാൻ എഴുതുന്നത് അമ്മയ്ക്കിഷ്ടമാണ്.കാദംബരിയുടെ കവിതകൾ

ഭൂമിയുടെ വിളികള്‍

വൈകുന്നേരം
ഭൂമിയുടെ കാലുകള്‍ക്ക്
കളിക്കാന്‍ തോന്നുമ്പോഴാകണം
നമ്മുടെ കാലുകള്‍ ഒച്ചയുണ്ടാക്കാതെ
നമ്മെ കളിക്കാന്‍ വിളിക്കുന്നത്‌.
കഴിഞ്ഞ വര്‍ഷം വരെ
വിളിച്ചു ശല്യം ചെയ്തിരുന്ന
ഭൂമിയുടെ കാറ്റുകൈകളെ
ഒന്നോര്‍ത്തു നോക്കൂ.
ഇപ്പോള്‍ ആ വിളികള്‍
കേള്‍ക്കുന്നത്
നരകേറിത്തുടങ്ങിയ
മുടിയിഴകള്‍ മാത്രം.
കടലിന്‍റെ
ഓരോ തിരയിലും
ഭൂമിയുടെ,
നേരിയ മഴ നനഞ്ഞു
വിറക്കുന്ന വിളികള്‍
കൂടെയുണ്ട്.
ചെരുപ്പിടാത്ത കാലുകളെ
തൊടാനാവണം ഭൂമി
തലമുടിയിങ്ങനെ
അഴിച്ചിട്ടിരിക്കുന്നത്.
കാക്കത്തൊള്ളായിരം കക്കകളുള്ള
കാക്കത്തൊള്ളായിരം വയസ്സായ
നിശ്ശബ്ദ വിളികളിന്നും
മുഴങ്ങുന്നുണ്ടിവിടെ.
അമ്മയിലെ
ഉറങ്ങാനാവാത്ത ഭൂമിയാവും
രാവിലെ ഉറക്കത്തില്‍ നിന്ന്
വലിച്ച് താഴെയിടുന്ന
വിളികള്‍ കൂവുന്നത്.
ഭൂമിയുടെ ഉടലിലെ
മഴക്കാടുകള്‍ വിളിക്കുന്നത്‌
ഏത് മരുഭൂമിയിലിരുന്നാലും
മണക്കാമത്രേ.
പക്ഷെ,
ഇന്നലെ ഭൂമിയെന്നെ
മൊബൈലിലേക്ക്
വിളിച്ചു.
പാവം, സ്വന്തമായി
കൈയ്യില്‍ ഫോണില്ല.
മോസ്കോ നഗരത്തിനടുത്തുള്ള
ടെലിഫോണ്‍ ബൂത്തില്‍
നിന്നായിരുന്നു വിളി.
ഒരുപാട് നേരം
ഭൂമിയുടെ ‘മാതൃഭാഷയായ
നിശ്ശബ്ദതയില്‍’
ഞങ്ങള്‍ മിണ്ടി.
ശബ്ദങ്ങളുടെ
ഉറക്കെയുള്ള ഇരുണ്ട
വിളികളെയും പറച്ചിലുകളെയും
ഞങ്ങള്‍ മണിക്കൂറുകളോളം
കളിയാക്കി. (സംസ്ഥാന കലോത്സവത്തിൽ എഴുതിയത്)

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.