Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെൻ ചക്രങ്ങൾ ഘടിപ്പിച്ച ആ മോട്ടോർ സൈക്കിൾ

robert pirsig കഴിഞ്ഞ ദിവസം അന്തരിച്ച വിഖ്യാത അമേരിക്കൻ എഴുത്തുകാരൻ റോബർട് പിർസിഗിനെക്കുറിച്ചും അദ്ദേഹത്തിന്റെ വിഖ്യാത പുസ്തകത്തെക്കുറിച്ചും ഓർമക്കുറിപ്പ്...

ആ പുസ്തകം എഴുതും മുൻപ് അതിന്റെ രത്നച്ചുരുക്കം റോബർട്ട് പിർസിഗ് 122 പ്രസാധകർക്ക് അയച്ചുകൊടുത്തു. ജയിംസ് ലാൻഡിസ് എന്നൊരാൾ മാത്രമേ അതിൽ എന്തെങ്കിലും താൽപര്യം കാണിച്ചുള്ളൂ. അദ്ദേഹത്തിനു തന്നെ ആ പുസ്തകത്തെക്കുറിച്ചു കാര്യമായ മതിപ്പൊന്നുമില്ലായിരുന്നു. അതുകൊണ്ടാണല്ലോ മുൻകൂറായി വലിയ തുകയൊന്നും തരാനാവില്ലെന്നും വലിയ വിൽപ്പനയൊന്നും പ്രതീക്ഷിക്കരുതെന്നും പറഞ്ഞുവച്ചത്. അതിലൊന്നും തളരാതെ പിർസിഗ് തന്റെ മോട്ടോർ സൈക്കിൾ സ്റ്റാർട്ടാക്കി. ഇളയ മകൻ ക്രിസായിരുന്നു കൂടെ. സുഹൃത്തുക്കളായ ജോണും സിൽവിയ സതർലാൻഡും അവരെ അനുഗമിച്ചു. മിനൊപിളിസിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്കുള്ള ആ പതിനേഴു ദിവസ യാത്ര സമ്മാനിച്ച പുസ്തകമാണു പിൽക്കാലത്തു വായനയിലും വിൽപ്പനയിലും കൾട്ടായി മാറിയ ‘സെൻ ആൻഡ് ദ് ആർട്ട് ഓഫ് മോട്ടോർ സൈക്കിൾ മെയിന്റനൻസ്’.

എതിരറുപതുകളും എഴുപതുകളും ഉൽസവമാക്കിയ പുസ്തകത്തിന്റെ തത്വചിന്താ യാത്ര അവിടം കൊണ്ടവസാനിച്ചില്ല. അതിശയകരമായ അതിജീവനമാണ് ആ പുസ്തകം നടത്തിയത്. വായിക്കേണ്ട പുസ്തകങ്ങളുടെ ചുരുക്കപട്ടികകളിലെല്ലാം പിർസിഗിന്റെ മോട്ടോർ സൈക്കിൾ അനായാസം ഓടിച്ചുകയറി. 

സൈനികനായി കൊറിയയിലെത്തിയ പിർസിഗിനുണ്ടായിരുന്ന ഒരു ചുമതല തന്റെ കീഴെയുള്ള തൊഴിലാളികളെ ഇംഗ്ലിഷ് പഠിപ്പിക്കുകയായിരുന്നു. അദ്ദേഹം തൊഴിലാളികളെ ഭാഷാപഠനത്തിലേക്കു പ്രലോഭിപ്പിക്കാൻ പറഞ്ഞത് ഇതാണ്: ‘‘ഈ ഇരുപത്താറ് അക്ഷരങ്ങൾ കൊണ്ട് നിങ്ങളെ പ്രപഞ്ചത്തെ വിവരിക്കാം’’. വേണ്ട എന്നായിരുന്നു തൊഴിലാളികളുടെ മറുപടി. ഇരുത്തിച്ചിന്തിപ്പിക്കുന്നതായിരുന്നു ആ മറുപടി. കിഴക്കിന്റെ അനുഭവങ്ങൾ ഭാഷ കൊണ്ട് നിർവചിക്കാവുന്നതല്ലെന്നു തിരിച്ചറിഞ്ഞ പിർസിഗ് സെൻ ചിന്തയുടെ വഴിയേ പോകുകയായിരുന്നു. 

സെന്നിന്റെ ആന്തരശ്രുതികൾക്കായി കാതോർത്ത് അദ്ദേഹം ജപ്പാനിലെത്തി. പിന്നീടു മിനെസോട്ട സർവകലാശാലയിൽ നിന്നു തത്വചിന്തയിൽ ബിരുദമെടുത്തു.  ബനാറസ് ഹിന്ദു സർവകലാശാലയിൽ ഒരു വർഷം പഠനം. പിന്നെ നാട്ടിലേക്കു മടക്കം. പത്രപ്രവർത്തനം പഠിക്കുകയും അധ്യാപകനാകുകയും ചെയ്തു. പിർസിഗിലെ വിധ്വംസകത്വം അപ്പോഴും മെരുങ്ങാതെ, ശമിക്കാതെ തുടർന്നു. വീട്ടിലും പുറത്തും അപ്രവചനീയമായി അയാളുടെ പെരുമാറ്റം. ഒടുവിൽ സ്വയം ഒരു മാനസിക രോഗാശുപത്രിയിൽ അഭയം തേടി. ചികിൽസയുടെ ഭാഗമായി തുടരെ  വൈദ്യുതാഘാതങ്ങളേറ്റു. 

ചികിൽസ അവസാനിച്ചപ്പോൾ പിർസിഗ് വേറൊരു മനുഷ്യനാകാൻ നോക്കി. അൻപതോളം ജോലികൾക്ക് അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടു.  ‘അവയെല്ലാം സമൂഹത്തിന്റെ മാനദണ്ഡങ്ങളനുസരിച്ചായിരുന്നു, എന്റെ മാനദണ്ഡങ്ങൾ അനുസരിച്ചല്ലെ’ന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. പലതരം കച്ചവട എഴുത്തുപണികൾ ചെയ്യുന്നതിനിടെ പാതിരാത്രികളിൽ ഉറക്കമിളച്ചാണ് സെൻ ആൻഡ് ദ് ആർട്ട് ഓഫ് മോട്ടോർസൈക്കിൾ മെയിന്റനൻസ് എഴുതിയത്. ഏഴുലക്ഷത്തോളം വാക്കുകൾ ഉണ്ടായിരുന്നു ആദ്യ കരടിൽ.  ലാൻഡിസിന്റെ സഹായത്തോടെ അതു വെട്ടിച്ചുരുക്കി രണ്ടുലക്ഷത്തോളം വാക്കുകളാക്കി. ആ പുസ്തകം 1974ൽ പുറത്തുവന്നു. പിന്നെയുള്ളതു ചരിത്രമാണ്.