Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെളിച്ചം കാണുന്ന അക്ഷരങ്ങൾ

padmavathy-with-unpublished-books ഉണ്ണിക്കിടാവിന്റെ പ്രസിദ്ധീകരിക്കാത്ത പ്രബന്ധങ്ങൾ കുറിച്ചുവച്ചിരിക്കുന്ന ബുക്കുകളുടെ ശേഖരവുമായി ഭാര്യ പത്മാവതി

അധ്യാപിക, എഴുത്തുകാരി എന്നീ നിലകളിൽ കയ്യൊപ്പു പതിപ്പിച്ച അനുഗൃഹീത കലാകാരി. എഴുത്തുകാരിയെന്ന വിശേഷണം ചെറുപ്പത്തിൽത്തന്നെ സ്വന്തം പേരിനൊപ്പം ചേർത്തു ഡോ. വി. പത്മാവതി. 1952ൽ ഒറ്റപ്പാലത്തു നടന്ന സാഹിത്യ പരിഷത്തിൽ പത്മാവതിയുടെ ഇരമ്പുന്ന കടൽ എന്ന നാടകത്തിനായിരുന്നു രണ്ടാം സ്ഥാനം. ഒന്നാമനായതു സാക്ഷാൽ ചെറുകാട്. 

അന്നത്തെ എഴുത്തുകാരിയായ യുവതി ഇന്ന് ജീവിത സായാഹ്നത്തിൽ പ്രസാധകയുടെ കുപ്പായം കൂടി എടുത്തണിഞ്ഞിരിക്കുന്നു. പ്രശസ്ത ഭാഷാപണ്ഡിതനും മദ്രാസ് പ്രസിഡൻസി കോളജ് അധ്യാപകനുമായിരുന്ന ഭർത്താവ് ഡോ. കെ. ഉണ്ണിക്കിടാവിന്റെ ഭാഷാ ചരിത്ര പഠനങ്ങൾ ഓരോന്നായി വായനക്കാരിലേക്കെത്തിക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോൾ പത്മാവതി. 2014ൽ ഉണ്ണിക്കിടാവ് മരിച്ചശേഷമാണ് അദ്ദേഹത്തിന്റെ അപ്രകാശിത രചനകൾ വെളിച്ചംകാണിക്കുന്ന യജ്ഞം പത്മാവതി തുടങ്ങിയത്. ഉണ്ണിക്കിടാവിന്റെ അമൂല്യമായ അപ്രകാശിത ഭാഷാ ചരിത്ര കണ്ടെത്തലുകളും, പഠനങ്ങളും സ്വന്തമായി പ്രസിദ്ധീകരിക്കുക എന്നതാണു ലക്ഷ്യം. എസ്എഇടി വിമൻസ് കോളജിൽ മലയാളം അധ്യാപികയായി വിരമിച്ച ഇവർ ചിത്രകലയിലും സ്വന്തം പേരു വരച്ചിട്ടുണ്ട്. 

ഇതു വരെ ഉണ്ണിക്കിടാവിന്റെ ഒൻപതു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതായും ഇനിയും ഒട്ടേറെ ആഴമേറിയ ഭാഷാ പഠന കുറിപ്പുകൾ പുറത്തെത്തിക്കാനുണ്ടെന്നും പത്മാവതി പറയുന്നു. മലയാളം എന്ന ഭാഷയുടെ ഉൽപത്തിയും ചരിത്രവും വൈവിധ്യപൂർണമായ വീക്ഷണകോണിലൂടെ അപഗ്രഥിക്കുന്ന ഗവേഷണ പ്രബന്ധങ്ങൾ വരുംതലമുറയിലെ ഗവേഷണ വിദ്യാർഥികളെ ലക്ഷ്യംവച്ചാണു പ്രസിദ്ധപ്പെടുത്തുന്നത്. ഉണ്ണിക്കിടാവിന്റെ കണ്ടെത്തലുകൾ പുതിയ കാലത്തും പ്രസക്തമാണെന്നും ഭാഷാ ഗവേഷണ വിദ്യാർഥികൾക്കു വേറിട്ടൊരു ഭാഷാചരിത്ര പഠനാനുഭവം ലഭ്യമാക്കുകയാണു പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും പത്മാവതി പറയുന്നു. 

ഉണ്ണിക്കിടാവ്, വേറിട്ട ഭാഷാ ചരിത്രകാരൻ 

മലയാള ഭാഷാ പരിണാമ വാദത്തിൽ മലയാളം സ്വതന്ത്ര ഭാഷയും, കേരളം സ്വതന്ത്ര ദേശവുമാണെന്ന കരുത്തുറ്റ വാദമാണു ഡോ. കെ. ഉണ്ണിക്കിടാവ് ഭാഷാ പ്രബന്ധങ്ങളിൽ ഉയർത്തിക്കാട്ടുന്നത്. മലയാള ഭാഷയുടെ ഉൽപത്തിയെക്കുറിച്ചുള്ള യുക്തിപൂർവമായ കണ്ടെത്തലുകളായിരുന്നു ഇവയുടെ സൗന്ദര്യം. 

padmavathy

എ.ആർ. രാജരാജവർമ, ഇളംകുളം കുഞ്ഞൻ പിള്ള, എൽ.വി. രാമസ്വാമി അയ്യർ, കാൾഡ്വൽ, എ.സി. ശേഖർ എന്നിങ്ങനെ വിഖ്യാതരായ ഭാഷാ പണ്ഡിതൻമാരുടെ അംഗീകരിക്കപ്പെട്ട പല സിദ്ധാന്തങ്ങളും നിഗമനങ്ങളും ഉണ്ണിക്കിടാവിന്റെ ഭാഷാ ചരിത്രാന്വേഷണ വിശകലനങ്ങളിൽ പുനർവായിക്കപ്പെട്ടു. 

1920 ഓഗസ്റ്റ് 20നു കോഴിക്കോട് കൊയിലാണ്ടിയിലെ മേലൂരിലായിരുന്നു ഉണ്ണിക്കിടാവിന്റെ ജനനം. കൊയിലാണ്ടി സർക്കാർ സ്കൂളിൽ എസ്എസ്എൽസി പാസായതിനു ശേഷം കോഴിക്കോട് സർക്കാർ ട്രെയിനിങ് സ്കൂളിൽ നിന്ന് അധ്യാപക പരിശീലനം പൂർത്തിയാക്കി. മദ്രാസ് സർവകലാശാലയിലെ ഉപരിപഠനത്തിനു ശേഷം പാലക്കാട് വിക്ടോറിയ കോളജ്, മദ്രാസ് പ്രസിഡൻസി കോളജ്, ഗവൺമെന്റ് ആർട്സ് കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചു. മദ്രാസ് സർവകലാശാലയിൽ നിന്നു ‘ചില ലീലാതിലക പ്രശ്നങ്ങൾ’ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി. സംഘകാല കൃതികളും തമിഴ് വ്യാകരണവും പഠിച്ച തമിഴ് പണ്ഡിതനുമായിരുന്നു ഉണ്ണിക്കിടാവ്. 

2001ൽ എൺപത്തിയൊന്നാം വയസ്സിൽ ഉണ്ണിക്കിടാവ് പ്രസിദ്ധീകരിച്ച മലയാളവും മിശ്രഭാഷകളും എന്ന കൃതിക്കു കേരള സാഹിത്യ അക്കാദമിയുടെ എ.സി. ചാക്കോ അവാർഡ് ലഭിച്ചു. ലേഖന സമാഹാരങ്ങളായ പുനരവലോകനം, മലയാള പരിണാമവാദ ചർച്ച, ഭാഷാന്വേഷണം, അക്ഷരകാണ്ഡം, മലയാളം ദേശവും ഭാഷയും എന്നീ കൃതികൾ പത്മാവതികളാണ് പത്മാവതി മുൻകയ്യെടുത്ത് പ്രസിദ്ധീകരിച്ചത്. 

books-unnikidavu പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ

സംഘകാല ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട ഉണ്ണിക്കിടാവിന്റെ പഠനങ്ങളുടെ സമാഹാരം കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ പ്രസിദ്ധീകരിക്കപ്പെടാത്ത വിലപ്പെട്ട പല പഠനങ്ങളും നൂറോളം ഡയറികളിലായി പത്മാവതിയുടെ പുസ്തകമുറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ശേഷിക്കുന്ന പഠനങ്ങൾ കൂടി പ്രസിദ്ധപ്പെടുത്താനുള്ള ശ്രമത്തിലാണു പത്മാവതി. പ്രമുഖ പ്രസാധകരൊന്നും താൽപര്യം കാട്ടാത്തതിനാൽ സ്വന്തം ചെലവിൽ, ഇതിനുള്ള ശ്രമത്തിലാണു നവതിയുടെ നിറവിലും പത്മാവതി. 

പത്മാവതി എന്ന  എഴുത്തുകാരി 

ചെറുപ്രായത്തിൽത്തന്നെ സാഹിത്യത്തിലും ചിത്രരചനയിലും പത്മാവതി മികവു പുലർത്തിയിരുന്നു. ഇരമ്പുന്ന കടൽ എന്ന നാടകം, ചെറുകഥാ സമാഹാരമായ അറിയപ്പെടാത്തവൾ, ശിവഭക്തി മലയാള കവിതയിൽ എന്ന പഠനം, കവിതാ സമാഹാരങ്ങളായ മൂകമാം വാചാലത, സന്ധ്യാരാഗം എന്നിവയാണു പ്രധാന കൃതികൾ.

1986ൽ മികച്ച സർവകലാശാലാ അധ്യാപികയ്ക്കുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം നേടിയിട്ടുണ്ട്. ചിത്രരചനയിലും കരകൗശല നിർമിതിയിലും ഇപ്പോഴും മുഴുകുന്നു. പരമ്പരാഗത ഇന്ത്യൻ ശൈലിയാണ് പത്മാവതി ചിത്രകലയിൽ പിൻതുടർന്നുവരുന്നത്. വാർധക്യസഹജമായ പ്രശ്നങ്ങൾക്കിടയിലും ഭർത്താവിന്റെ അടുത്ത പുസ്തകം പുറത്തെത്തിക്കാനുള്ള തയാറെടുപ്പിലാണു പത്മാവതി. 

പ്രാധാന്യമുള്ള കണ്ടെത്തലുകൾ

മലയാള ഭാഷയ്ക്കു  ശ്രേഷ്ഠഭാഷാ പദവി നേടിയെടുക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായ ഭാഷയുടെ പഴക്കം ആദ്യം പറഞ്ഞുവച്ചതു ഡോ. കെ. ഉണ്ണിക്കിടാവാണ്. ഒൻപതാം നൂറ്റാണ്ടിനു മുൻപും മലയാളം ഉണ്ടായിരുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. രാജ്യത്തെ ഒട്ടുമിക്ക മലയാളം സർവകലാശാലയിലും അദ്ദേഹത്തിന്റെ ഭാഷാ ചരിത്ര ലേഖനങ്ങൾ റഫറൻസാണ്.  കെ.എം. പ്രഭാകരന്റെ പൂർവകേരള ഭാഷ എന്ന കൃതിയിൽ ഉണ്ണിക്കിടാവിന്റെ കണ്ടെത്തലുകൾ പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാള ഭാഷാ ചരിത്രത്തെക്കുറിച്ചു പഠിക്കുന്ന വിദ്യാർഥികൾക്കു വ്യത്യസ്തമായ പല വാദങ്ങളും ഉണ്ണിക്കിടാവിന്റെ പഠനങ്ങളിൽ കാണാനാകും. ഭാഷാ ചരിത്രം എന്ന വിഷയത്തിൽ പല വിവാദപ്രസ്താവനകളും നടത്തിയപ്പോഴും അവയ്ക്കെല്ലാം യുക്തിപൂർവമായ വിശദീകരണം നൽകാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. മലയാളം സ്വതന്ത്ര ഭാഷയായിരുന്നു എന്ന അദ്ദേഹത്തിന്റെ വാദം മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി ലഭിച്ച സന്ദർഭത്തിൽ സ്മരണീയമാണ്. 

പി.എം. ഗിരീഷ് 

(മദ്രാസ് സർവകലാശാല മലയാള വിഭാഗം മേധാവി)