Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് പുതുചരിത്രം, ബാങ്ക്‌നോട്ടില്‍ ജയ്ന്‍ ഓസ്റ്റിന്‍

x-default പ്രിയ എഴുത്തുകാരിയുടെ 200ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് തങ്ങളുടെ ചരിത്രത്തില്‍ ഒരു തിരുത്തല്‍ വരുത്തിയിരിക്കുകയാണ് ബ്രിട്ടന്‍.

സാഹിത്യത്തില്‍ ഇതിഹാസതുല്യമായ സ്ഥാനമാണ് ബ്രിട്ടീഷ് എഴുത്തുകാരി ജയ്ന്‍ ഓസ്റ്റിന് ലോകം കല്‍പ്പിക്കുന്നത്. ആറ് നോവലുകളുടെ പേരിലാണ് അവരെ ലോകം ആഘോഷിക്കുന്നത്. പ്രൈഡ് ആന്‍ഡ് പ്രജുഡിസും സെന്‍സ് ആന്‍ഡ് സെന്‍സിബിലിറ്റിയും എമ്മയുമെല്ലാം സാഹിത്യത്തില്‍ അനശ്വരതയോടെ നിലനില്‍ക്കുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാകില്ല. 

ലോകത്തിന്റെ പ്രിയ എഴുത്തുകാരിയുടെ 200ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് തങ്ങളുടെ ചരിത്രത്തില്‍ ഒരു തിരുത്തല്‍ വരുത്തിയിരിക്കുകയാണ് ബ്രിട്ടന്‍. ആദ്യമായി ഒരു വനിതാ എഴുത്തുകാരിയുടെ മുഖം ബ്രിട്ടനിലെ ബാങ്ക് നോട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. 10 പൗണ്ടിന്റെ നോട്ടിലാണ് ജയ്ന്‍ ഓസ്റ്റിന്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. 

വില്ല്യം ഷേക്‌സ്പിയറിനും ചാള്‍സ് ഡിക്കന്‍സിനും ശേഷം ബാങ്ക് നോട്ടില്‍ ഇടം ലഭിക്കുന്ന ഇതിഹാസ സാഹിത്യപ്രതിഭയാണ് ജയ്ന്‍. ഓസ്റ്റിനിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന വിന്‍ചെസ്റ്റര്‍ കത്തീഡ്രലില്‍ വെച്ചാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം നോട്ട് പുറത്തിറക്കിയത്. നോട്ടില്‍ എഴുത്തുകാരിയുടെ ചിത്രവും അവരുടെ പ്രിയ കഥാപാത്രങ്ങളിലൊന്നായ എലിസബത്ത് ബെന്നെറ്റുമുണ്ട്. 

വിശ്വവിഖ്യാത നോവലായ പ്രൈഡ് ആന്‍ഡ് പ്രെജുഡിസിലെ ഉദ്ധരണികളും നോട്ടില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഞാന്‍ പ്രഖ്യാപിക്കുന്നു, വായനയെപ്പോലെ സന്തോഷം നല്‍കുന്ന മറ്റൊന്നും ലോകത്തിലില്ല. ഇതാണ് 1813ല്‍ പുറത്തിറങ്ങിയ പ്രൈഡ് ആന്‍ഡ് പ്രെജുഡിസിലെ പ്രശസ്തമായ ആ വാക്യം. ഇതും നോട്ടില്‍ ഉള്‍പ്പെടുത്തിയത് ഏറെ നന്നായി എന്നാണ് ബ്രിട്ടനിലെ സാഹിത്യലോകത്തെ പ്രമുഖരുടെ അഭിപ്രായം. 

ജയ്ന്‍ ഓസ്റ്റിന്‍ ലോകത്തോട് വിട പറഞ്ഞത് 1817 ജൂലൈ 17നായിരുന്നു. മരണത്തിനു ശേഷം പുറത്തിറങ്ങിയ അവരുടെ നോര്‍ത്താംഗര്‍ അബ്ബെ, പേര്‍സ്വേഷന്‍ എന്നീ നോവലകുളും ഏറെ ശ്രദ്ധ പിടിച്ചു പറ്റി. 1940കളില്‍ പ്രൈഡ് ആന്‍ഡ് പ്രെജുഡിസും 1995ല്‍ സെന്‍സ് ആന്‍ഡ് സെന്‍സിബിലിറ്റിയും 2016ല്‍ ലവ് ആന്‍ഡ് ഫ്രണ്ട്ഷിപ്പും സിനിമയുടെ രൂപത്തിലേക്ക് മാറുകയും ചെയ്തു. 

Read more- Literature English Writers Literature