Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂക്കാതിരിക്കാനെനിക്കാവതില്ലെ....

k-ayappapanikar ഡോ. കെ അയ്യപ്പപണിക്കർ ഓർമ്മയായിട്ട് 11 വർഷം

കലാകാരനെ കടന്നു വളരാൻ കഴിവുള്ള ചില കലാസൃഷ്ടികളുണ്ട്. സൃഷ്ടാവ് ഇല്ലാതായാലും സ്വയം നിലനിൽക്കാൻ കരുത്തുള്ളവ. ഡോ. കെ. അയ്യപ്പപണിക്കർ ഓർമ്മയായിട്ട് ഇന്ന് പതിനൊന്ന് വർഷം. കവിയില്ലാതായി ഒരു പതിറ്റാണ്ടിനിപ്പുറവും ആ കവിതകൾക്കിന്നും യുവത്വം തന്നെ. മനുഷ്യനും, സ്വപ്നവും, നിഴലുകളും, പ്രണയവും ഉള്ളിടത്തോളം കാലം അയ്യപ്പപണിക്കർ കവിതകൾ നിലനിൽക്കുമെന്നതിന് സംശയമില്ല. കവിയുടെ തന്നെ വാക്കുകളെ കവിതയുടെ അർത്ഥത്തിൽ നിന്നടർത്തിമാറ്റി ഒന്നു വായിക്കുകയാണ് –

എരിയാത്ത സൂര്യനും

വിളറാത്ത ചന്ദ്രനും

വിറയാത്ത താരവും വന്നാൽ,

അലറാത്ത കടൽ, മഞ്ഞി–

ലുറയാത്ത മല, കാറ്റി–

ലുലയാത്ത മാമരം കണ്ടാൽ

അവിടെൻ പരാജയം

പണിചെയ്ത സ്മാരകം

നിവരട്ടെ, നിൽക്കട്ടെ സന്ധ്യേ

സൂര്യന് എരിയാതിരിക്കാനും, കടലിന് അലറാതിരിക്കാനും, മാമരത്തിന് കാറ്റിൽ ഉലയാതിരിക്കാനും കഴിയുമോ?  ഇവയൊക്കെയും ഇങ്ങനെ തുടരുന്നിടത്തോളം ആ കവിതകൾ പരാജയമറിയാതെ നിലനിൽക്കുക തന്നെ ചെയ്യും. അല്ലെങ്കിൽതന്നെ വിഷുക്കാലമായാൽ പൂക്കാതിരിക്കാൻ കണിക്കൊന്നക്കാവുമോ? ജീവിതത്തിൽ ചില അവസരങ്ങളിലെങ്കിലും മനസ്സിലേക്ക് ഓടി എത്താതിരിക്കാൻ കവിതകൾക്കാകുമോ? ഇനിയും നഷ്ടപ്രണയികൾ

നിദ്രകൾ വരാതായി

നിറകണ്ണിൽ നിൻ സ്മരണ

മുദ്രകൾ നിഴൽ നട്ടു നിൽക്കെ

വരികില്ല നീ–

യിരുൾക്കയമായി നീ,–

യിന്നു ശവദാഹമാണെൻ

മനസ്സിൽ

വരികില്ലെന്നറിയാമെ–

ന്നായിട്ടും വാനം നിൻ

വരവും പ്രതീക്ഷിച്ചിരുന്നു... 

എന്ന് നിരാശരാകും. നീയെന്നെ അറിയില്ല എന്ന പ്രണയിനിയുടെ പരിഭവങ്ങൾക്ക് അറിയുന്നു ഗോപികേ നിന്നെ ഞാനെന്റെയീ വരളുന്ന ചുണ്ടിലെ നനവാർന്നൊരോർമ്മതൻ, മധുവായ് മധുരമായ് അറിയുന്നു നിന്നെ ഞാൻ എന്ന് ഏകാന്ത ശോകത്തിലിടയുന്ന, കൺപോള നനയുന്ന ഗോപികമാരെ കാലമിനിയും സമാശ്വസിപ്പിച്ചു കൊണ്ടിരിക്കും. പിരിയേണ്ട കാലത്ത് പിരിയുന്നതും വേണ്ടതെന്ന് അറിയുന്നു ഗോപികെ എന്ന് പ്രണയം പാടിക്കൊണ്ടിരിക്കും.

പ്രണയം മാത്രമായിരുന്നില്ല അയ്യപ്പപണിക്കർ കവിതകളുടെ വിഷയം. മനുഷ്യനും, അവന്റെ സ്വപ്നങ്ങളും ജീവിതവും, അവസ്ഥാന്തരങ്ങളുമെല്ലാം അയ്യപ്പപണിക്കരുടെ കവിതകളിൽ നമ്മുക്ക് കാണാൻ കഴിയും. കുരുക്ഷേത്രം എന്ന കവിതയിൽ അയ്യപ്പപണിക്കർ നക്ഷത്രങ്ങളോട് ചോദിക്കുന്നു–

– കേൾക്കുന്നുവോ നീ

ഞങ്ങൾ മർത്ത്യർ നടനമാടുന്ന

സങ്കടങ്ങൾതൻ മൗനഗീതങ്ങൾ?

മനുഷ്യനും അവന്റെ സങ്കടങ്ങളും കവിയെ അലട്ടികൊണ്ടിരുന്നു.

ആളു തിക്കിത്തിരക്കിയേറുന്ന–

താണു ചന്തയതാണെൻ പ്രപഞ്ചം.

വില്പനയ്ക്കു ചരക്കുകളും പേറി

വിൽപനക്കാർ വരുന്നു, പോകുന്നു,

തങ്ങളെത്തന്നെ വിൽക്കുന്നു, വീണ്ടും

തങ്ങളെത്തന്നെ വിലപേശിനില്പൂ.

കൊടുക്കൽ വാങ്ങലുകളിൽ തുടങ്ങി ഉപഭോഗസംസ്കാരത്തിൽ എത്തിയ, ഇന്ന് വിപണി നിയന്ത്രണത്തിന്റെ കീഴിലായിപ്പോയ മനുഷ്യ ജീവിതങ്ങളെ കവി വരികളിൽ പകർത്തുന്നു. ഓരോ മനുഷ്യനും വിപണയിൽ എത്തുന്നു തങ്ങളുടെ കഴിവുകളും, ആരോഗ്യവും, സമയവും വിറ്റ് പകരം പണം നേടുന്നു. ഈ പണം വിപണിയിൽ തന്നെ ചെലവഴിച്ച് ഉപോഭാഗവസ്തുക്കൾ വാങ്ങുന്നു. അങ്ങനെ മനുഷ്യന്റെ ജീവിതം തന്നെ വിപണി കേന്ദ്രീകൃതമാകുന്നു. ഓരോ ദിനവും മുമ്പോട്ട് നീങ്ങുംന്തോറും വിപണിയുടെ സ്വാധീനവും കവിതയുടെ പ്രസക്തിയുമേറികൊണ്ടിരിക്കുന്നു.

കൂർത്തുനില്ക്കുമെടുപ്പിൽ മനുഷ്യർതൻ

മാർത്തടങ്ങൾ പൊതിച്ചുപന്താടി

ഉല്ലസിക്കുന്നു പള്ളി, കൊട്ടാരങ്ങ–

ളമ്പലങ്ങളും വിണ്ണിന്നുകീഴിൽ.

കണ്ണു കീറിപ്പൊളിച്ചു വേദത്തിന്റെ

കണ്ണടകൾ നല്കുന്ന വിശ്വാസികൾ

നീളെ നേത്രവും കൂർപ്പിച്ചു മന്ത്രങ്ങൾ

മൂളിടുന്ന കുരിശുകളോങ്ങുന്നു

വിശ്വാസത്തിന്റെ, അധികാരത്തിന്റെ അടിച്ചേൽപ്പിക്കലുകളിൽ നീറുന്ന സാധാരണക്കാരന്റെ ജീവിതങ്ങളെ അതിശക്തമായി തന്നെ കവി വരച്ചിടുന്നുണ്ട്. മനുഷ്യന്റെ കണ്ണുകീറിപ്പൊളിച്ചിട്ട് വേദത്തിന്റെ കണ്ണടകൾ നൽകുന്നതെന്തിന്?. മനുഷ്യനും മനുഷ്യത്വത്തിനുമാണ് പ്രാഥമിക പരിഗണന നൽകേണ്ടതെന്ന നിലപാട് കവി വ്യക്തമായി തന്നെ വിളിച്ചു പറയുന്നുണ്ട്.

സീതയെക്കാട്ടിൽക്കളയണോ, രാവണ–

രാജന്റെ ചോര കുടിക്കണോ ലങ്കകൾ?

സുഗ്രീവനാരു, വിഭീഷണനാരിതിൽ?

സൽക്കർമ്മമെല്ലാം വസിഷ്ഠൻ പറയുമോ?

എല്ലാം പറഞ്ഞുകഴിഞ്ഞിട്ടു നോക്കുകി–

ലെന്തുണ്ടു രാമന്റെ ജീവിതസഞ്ചിയിൽ?

ശരി തെറ്റുകളെ കുറിച്ച്, നീതി അനീതികളെ കുറിച്ച് കവിതയിലുടനീളം കവി ചോദിച്ചു കൊണ്ടേയിരിക്കുന്നു.

നീതിക്കുവേണ്ടിക്കരഞ്ഞുഴന്നീടവേ 

ഗീതചൊല്ലിക്കേട്ടൊരർജ്ജുനനല്ല ഞാൻ

വീണ്ടുമീ മന്നിൽ മുളച്ചുവളർന്നോരു

വേദനകെട്ടിയ കൊച്ചുകൂടാണു ഞാൻ

കുറഞ്ഞ നാളുകളുടെ ജീവിതത്തിനിടയിൽ മനുഷ്യർ തമ്മിലിണങ്ങിയ, പരസ്പരം സ്നേഹം കണ്ടെത്തിയ കുറച്ചു നിമിഷങ്ങൾ അത് മാത്രമാണ് ജീവിതം, അത് മാത്രമാണ് പ്രപഞ്ചമെന്ന് കവി– 

അല്പനാളുകൾ ജീവിക്കിലു,മൊരേ

തല്പമല്ലീ കുടീരകൂടാരങ്ങൾ?

ഇത്രനാൾ നാമിണങ്ങി പരസ്പര,–

മത്രമാത്രം പ്രപഞ്ചം മധുരിതം

മനുഷ്യർ തമ്മിലിണങ്ങി കഴിയാനുളള, ശരി തെറ്റുകളെ വിലയിരുത്താനുള്ള ആഹ്വാനങ്ങൾ നൽകിയാണ് കവി കടന്നു പോയത്. ആ കവിതകൾ ഇന്നും കവിയുടെ നിലപാടുകൾ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു. ഡോ. കെ അയ്യപ്പപണിക്കരുടെ ഓർമകൾക്കു മുമ്പിൽ പ്രണാമം.

Read More Articles on Malayalam Literature & Books to Read in Malayalam