Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൗരി ലങ്കേഷിന്റെ രക്തം

gouri-lankesh

ഗൗരി ലങ്കേഷിനെ ഞാൻ ആദ്യം കണ്ടുമുട്ടുന്നത് ഒരു പരിചയപ്പെടലായിരുന്നില്ല. കാരണം അവൾ രണ്ടോ മൂന്നോ വയസ്സുള്ള ഒരു കുഞ്ഞായി അച്ഛൻ പി. ലങ്കേഷിന്റെ കയ്യിലിരിക്കുകയാണ്. 

1964 – 66 കളാണ് കാലം. ഞാൻ ബാംഗ്ലൂർ യൂണിവേഴ്സിറ്റിയുടെ, നഗരമധ്യത്തിലുള്ള സെൻട്രൽ കോളജിൽ ഇംഗ്ലിഷ് സാഹിത്യം എംഎയ്ക്കു പഠിക്കുന്നു. ലങ്കേഷ് ഇംഗ്ലിഷ് ഡിപ്പാർട്ട്മെന്റിൽ പുതുതായി വന്നെത്തിയ ചെറുപ്പക്കാരനായ അധ്യാപകനാണ്. ഞാനടങ്ങിയ സീനിയർ ക്ലാസിൽ അദ്ദേഹം പഠിപ്പിക്കുന്നില്ലെങ്കിലും, അന്നു പ്രശസ്തിയിലേക്കുയർന്നുകഴിഞ്ഞ കലാപകാരിയായ യുവ എഴുത്തുകാരനായ അദ്ദേഹത്തോടു ഞങ്ങൾ കുറച്ചുപേർക്കു കൂട്ടുകെട്ടാണ്. കന്റീനിലിരുന്നും ബ്രിഗേഡ് റോഡിലെ ബാറുകളിലിരുന്നും ലങ്കേഷ് പാഠപുസ്തകങ്ങൾക്കപ്പുറമുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. 

അന്ന് എഴുതിത്തുടങ്ങിയിരുന്ന എനിക്ക് അദ്ദേഹം തന്ന ഉപദേശങ്ങൾ എഴുത്തിന്റെ രൂപകൽപനയെയോ ഭംഗിയെയോ കുറിച്ചായിരുന്നില്ല; എഴുത്തിന്റെ രാഷ്ട്രീയത്തെപ്പറ്റിയായിരുന്നു – അന്നെനിക്കതു പൂർണമായി മനസ്സിലായില്ലെങ്കിലും. 

കർണാടകത്തിന്റെ മലനാട് പ്രദേശമായ ഷിമോഗ ജില്ലക്കാരനായ ലങ്കേഷിന്റെ മുഖമുദ്ര ഗ്രാമീണ കർഷകന്റെ കൂസലില്ലായ്മയും വെട്ടൊന്നു മുറി രണ്ട് എന്ന രീതിയിലുള്ള സംഭാഷണവും ചിലപ്പോൾ മുറിവേൽപിക്കുന്ന തുറന്നടിച്ച നർമവും ജാതി – മത രാഷ്ട്രീയ പാർട്ടി – വ്യവസ്ഥിതികളോടുള്ള അടിയുറച്ച എതിർപ്പുമായിരുന്നു. അന്നു നാടകരംഗത്തും ലങ്കേഷ് സജീവമായിരുന്നു. അദ്ദേഹത്തിന്റെ സാമൂഹിക വിപ്ലവാശയങ്ങൾ നിറഞ്ഞ ഒരു നാടകത്തിന്റെ അരങ്ങേറ്റം രബീന്ദ്ര രംഗശാലയിൽ നടത്താൻ ഞങ്ങളെല്ലാം അധ്വാനക്കാരായി കൂടെയുണ്ടായിരുന്നു. അക്കാലങ്ങളിലാണു ബെംഗളൂരുവിന്റെ അൽപം പോലും ധനികമല്ലാത്ത ആവാസ കേന്ദ്രങ്ങളിലൊന്നിലെ അദ്ദേഹത്തിന്റെ വാടക വീട്ടിൽ ഞങ്ങൾ പോയിരുന്നതും, മിനിയാന്ന് കൊലയാളികളുടെ വെടിയുണ്ടകൾക്കിരയായ ഗൗരിയെ അച്ഛന്റെയും ശുദ്ധ ഗ്രാമീണയായ അമ്മയുടെയും കൈകളിൽ കണ്ടിരുന്നതും. 

gouri-lankesh1 ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ന്യൂഡൽഹി ഇന്ത്യാ ഗേറ്റിൽ തടിച്ചു കൂടിയവർ.

ഞാൻ ബാംഗ്ലൂർ വിട്ടുപോയി. പിന്നീടെപ്പോഴോ ഗൗരിയെ പാവാടയുടുത്ത പെൺകുട്ടിയായി കണ്ടതോർമയുണ്ട്. അന്നു ലങ്കേഷ് ‘ലങ്കേഷ് പത്രിക’ ആരംഭിച്ചുകഴിഞ്ഞിരുന്നു. അതു ജനപ്രിയത്വത്തിന്റെ കൊടുമുടികളിൽ നിൽക്കുമ്പോഴാണു ലങ്കേഷ് മരിക്കുന്നത്. ഗൗരിക്കു പിതൃസ്വത്തായി ലഭിച്ചത് അച്ഛന്റെ തന്റേടവും സത്യം വിളിച്ചുപറയാനുള്ള ധൈര്യവും കെട്ടുറപ്പുള്ള ജനാധിപത്യ –മതേതരത്വ ബോധവും മുഖ്യധാരാ ശക്തികളോടുള്ള കലാപ സ്വഭാവവുമായിരുന്നു. ഇന്നിതാ ഗൗരി ഒരു നല്ല ഇന്ത്യക്കാരിയുടെ ചോരകൊണ്ട് ഇന്ത്യൻ രാഷ്ട്രത്തിന്മേൽ സത്യത്തിന്റെ ഒരു സിന്ദൂരപ്പൊട്ട് അണിയിച്ചിരിക്കുന്നു.

വന്ദ്യവയോധികരായ നരേന്ദ്ര ധാബോൽക്കറുടെയും ഗോവിന്ദ് പൻസാരെയുടെയും എം.എം.കൽബുറഗിയുടെയും കൊലകൾക്കു ശേഷം അവയ്ക്കു സമാനമായി നടന്ന ഗൗരിയുടെ വധം ഒരുപക്ഷേ സൂചിപ്പിക്കുന്നതു ഗാന്ധിവധത്തിനുശേഷം തോക്ക് വീണ്ടും ഫാഷിസ്റ്റുകൾക്കു പ്രിയപ്പെട്ട ആയുധമായി തീർന്നിരിക്കുകയാണ് എന്നാണ്. ഇത്തവണ അവർ കൊലയ്ക്കു വിധിച്ചത് ഒരു വനിതയെയാണെന്നു മാത്രം. (മരണക്കിടക്കയിലായിരുന്ന യു.ആർ.അനന്തമൂർത്തിയെ കൊന്നില്ല, കൊല്ലാക്കൊല ചെയ്തു). 

അൻപത്തിയഞ്ചാം വയസ്സിൽ സ്വന്തം വാതിൽപടിയിൽ വെടിയേറ്റുവീണ ഗൗരി ലങ്കേഷ് ഏറ്റവും ഉന്നതമായ ജനാധിപത്യ – മതേതര മൂല്യങ്ങൾ‌ക്കുവേണ്ടി നിലകൊണ്ട ധീരയായ വനിതയായിരുന്നു. പൗരസ്വാതന്ത്ര്യങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി നിരന്തരമായി ഉയർന്ന ശബ്ദമായിരുന്നു ഗൗരിയുടേത്. തീവ്ര ഹിന്ദുത്വത്തിന്റെ ഭീകരതകളെ സ്വന്തം പത്രത്തിലും മറ്റു വേദികളിലും തുറന്നെതിർത്തിരുന്നു. 

ബിജെപി ഭരണകാലത്തു കർണാടകത്തിൽ നടന്ന ഒരു തട്ടിപ്പുമായി ചില ബിജെപി നേതാക്കളുടെ ബന്ധം സൂചിപ്പിച്ച വാർത്തയുടെ പേരിൽ ശിക്ഷ വിധിക്കപ്പെട്ടു ജാമ്യത്തിലിറങ്ങിയിരിക്കുകയായിരുന്നു ഗൗരി. അപ്പോഴാണു പഴയ, ഗാന്ധിജിയുടെ രക്തം പുരണ്ട തോക്ക് പുതിയ കൈകളിലേറി ഈ പുതിയ ഇരയെ തേടിവന്നത്. 

പശു അമ്മയാണ്. അതു പാവനമാണ്. മനുഷ്യസ്ത്രീ എന്താണ്? മനുഷ്യസ്ത്രീയുടെ രക്തത്തിനു പാവനതയില്ലേ? ഫാഷിസത്തിന് ഒരു രക്തവും പാവനമല്ല എന്നതാണു വാസ്തവം. രക്തം ഒരു ഉപകരണം മാത്രമാണ്. ഇതു വർഗീയ ഫാഷിസത്തിന്റെ കാര്യം മാത്രമല്ല. എല്ലാ ഫാഷിസങ്ങളുടെയും കാര്യമാണ് എന്നു മറക്കേണ്ടതാനും.

ഗൗരി ലങ്കേഷിനു നൽകപ്പെട്ടതുപോലെയുള്ള ഒരു ഫാഷിസ്റ്റ് കൊലയുടെ ഉദ്ദേശ്യം സത്യത്തിന്റെ സ്വരത്തെ നിശ്ശബ്ദമാക്കുക എന്നതു മാത്രമല്ല. ഇത്തരം കൊലകൾ എല്ലായ്പ്പോഴും അഹന്ത നിറഞ്ഞ ആധിപത്യപ്രകടനവും രാഷ്ട്രത്തിന്റെ അന്തഃസത്തയ്ക്കുനേരെയുള്ള വെല്ലുവിളിയും കൂടിയാണ്. ഭരണകൂടമോ നീതിന്യായ വ്യവസ്ഥയോ ഒരു പ്രശ്നമല്ല, തങ്ങളുടെ ശക്തി സർവാധിപത്യം പുലർത്തുന്ന ഒന്നാണ് എന്ന പ്രഖ്യാപനവുമാണത്. വാതിലിൽ മുട്ടിവിളിച്ചു വലിച്ചിഴച്ചുകൊണ്ടുപോയുള്ള കൊല ഹിറ്റ്ലറുടെയും മുസ്സോളിനിയുടെയും സ്റ്റാലിന്റെയും അധികാരരീതിശാസ്ത്രത്തിന്റെ ഭാഗമായിരുന്നു. ഇവിടെ പരസ്യമായി വലിച്ചിഴച്ചുകൊണ്ടുപോയി കൊല്ലാൻ മാത്രം അന്തരീക്ഷം പരുവമായിട്ടില്ലെന്നു ഫാഷിസ്റ്റുകൾക്കു തോന്നുന്നുവെന്നു കരുതണം. 

കൊലയുണ്ടാക്കുന്ന നടുക്കവും ഭീതിയുമാണു ഫാഷിസങ്ങൾക്ക് അതിൽനിന്നു ലഭിക്കുന്ന പ്രതിഫലം. ഗൗരിയുടെ കൊല അവരുടെ ശബ്ദം ഉന്മൂലനാശം ചെയ്യാൻവേണ്ടി മാത്രമായിരുന്നുവെന്നു കരുതേണ്ട. തിരഞ്ഞെടുപ്പു സമീപിച്ചുകൊണ്ടിരിക്കുന്ന കർണാടകത്തിൽ മാധ്യമപ്രവർത്തകർക്കും ജനാധിപത്യവാദികൾക്കും മതേതര വിശ്വാസികൾക്കും മനുഷ്യസ്നേഹികൾക്കും നൽകപ്പെട്ട, ‘സൂക്ഷിക്കുക! ഞങ്ങളെ അനുസരിക്കുക!’’ എന്ന മുന്നറിയിപ്പും കൂടിയായിരുന്നു അത്.

ഇന്ത്യ എന്ന രാഷ്ട്രം അതിന്റെ 70 വർഷം നീണ്ടചരിത്രത്തിൽ ഒരിക്കലുമറിഞ്ഞിട്ടില്ലാത്ത ഒരു പ്രതിസന്ധിയിലെത്തിയിരിക്കുന്നുവെന്നാണു ഗൗരിയുടെ ദാരുണമായ മരണം നമ്മോടു പറയുന്നത്. നാം  സ്നേഹിച്ച ഇന്ത്യ എന്ന ജനാധിപത്യ രാഷ്ട്രം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഗോരക്ഷകർ മുതലുള്ള കൊലയാളിക്കൂട്ടങ്ങൾ മനുഷ്യജീവിതങ്ങൾ കശക്കിയെറിയുന്നു. വിദ്വേഷവും വർഗവെറിയും ജാതി–മത സ്പർധയും ചങ്ങല പൊട്ടിച്ച ഭൂതങ്ങളെപ്പോലെ വേട്ടയ്ക്കിറങ്ങിയിരിക്കുന്നു. ദാരിദ്ര്യം ഉന്മൂലനം ചെയ്യുന്നതിലുമെളുപ്പം ദരിദ്രരെ ഉന്മൂലനം ചെയ്യുകയാണ് എന്നു വിശ്വസിക്കുന്നവർ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ആയിരമായിരം നാവുകളിൽനിന്നു കാളകൂടവിഷം വമിക്കുന്നു. സത്യം വിളിച്ചുപറയേണ്ട നാവുകൾ നിശ്ശബ്ദത പാലിക്കുന്നു.

ഇന്ത്യയാണു നമ്മുടെ അമ്മ. മറ്റൊന്നുമല്ല. ആ ഇന്ത്യ മൻ കീ ബാത്തുകളുടെ മധുരപദങ്ങൾക്കപ്പുറത്തെ കൂരിരുട്ടിൽ വിവരണാതീതമായ ആപത്തുകളിലേക്കു കുതിച്ചുപാഞ്ഞുകൊണ്ടിരിക്കുകയാണ് എന്നതിന്റെ മറ്റൊരു ഭയാനകമായ സൂചനയാണു ഗൗരി ലങ്കേഷ് എന്ന ഭാരതീയ പൗരന്റെ വാതിൽപ്പടിയിൽ കട്ടപിടിച്ചിരിക്കുന്ന സ്വന്തം ഹൃദയരക്തം.


Read More Articles on Malayalam Literature & Books to Read in Malayalam