Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഴുത്തിനേക്കാൾ എഴുത്തുകാരി ആഘോഷിക്കപ്പെട്ടതെന്തുകൊണ്ട്?

Kamala

അവനിപ്പോള്‍ എന്റെ അടുത്ത് വരുന്നില്ല എന്റെ നേരെ പുഞ്ചിരി പൊഴിക്കുവാന്‍ തുറന്നിട്ട ജാലകത്തിനരികില്‍ നില്‍ക്കുന്നില്ല എന്നാല്‍ ഞാന്‍ നോക്കുന്നിടത്തെല്ലാ.. നോക്കുന്നിടത്തെല്ലാം അവനെ കാണുന്നു ഞാന്‍ നോക്കാത്തിടത്തും അവനെ കാണുന്നു എല്ലാ വസ്തുക്കളിലും. അവനെ കാണുന്നു. സൂര്യാസ്തമനത്തില്‍ എന്റെ ആകാശത്തിനു കുറുകെ വേഗത്തില്‍ പറന്നു പോകുന്ന ഒരു നീലപ്പക്ഷിയെപ്പോലെ...''മാധവിക്കുട്ടി.....

ഇരുണ്ട കാലത്ത് തനിച്ച് നടക്കുമ്പോൾ മറ്റേതോ കാലങ്ങളിൽ മാധവിക്കുട്ടിയെ പോലെയൊരാൾ അതെ വഴിയിൽ നടന്നിട്ടുണ്ടെന്ന തോന്നിപ്പിക്കലാണ് അവരുടെ ഓരോ എഴുത്തുകളും നൽകുന്ന ആനന്ദം. എഴുത്തുകാരി ഇന്ദുമേനോൻ പറഞ്ഞത് പോലെ എഴുത്തിനേക്കാളുപരി വ്യക്തി ആഘോഷിക്കപ്പെട്ട അവസ്ഥയിൽ നിന്നും എപ്പോഴെങ്കിലും മാധവിക്കുട്ടി മാത്രമല്ല ഏതെങ്കിലും എഴുത്തുകാരികൾ രക്ഷപെടുന്നുണ്ടോ? എല്ലാ എഴുത്തുകാരികളും നിരന്തരം പറയുന്ന ചിലതുണ്ട്, "അവർ എന്റെ എഴുത്തിൽ എന്നെ കാണുന്നു... പക്ഷെ അത് ഞാനല്ല... എന്റെ വാക്കുകൾ മാത്രമാണത്.. ഞാനല്ല.. ഞാനല്ല..."- പെണ്ണെഴുത്ത് എന്നൊരു വേർതിരിവ് വേണ്ട എന്ന് പറയുമ്പോഴും സ്ത്രീയായ എഴുത്തുകാരികൾ ഏറെ ഒതുക്കപ്പെടുന്നത് തുറന്നെഴുത്തുകളുടെ പേരിലാണ്.

നിന്നെ കണ്ടെത്തുംവരെ

ഞാന്‍ കവിതയെഴുതി, ചിത്രം വരച്ചു,

കൂട്ടുകാരികളൊത്തു

നടക്കാന്‍ പോയി

ഇപ്പോള്‍, ഞാന്‍ നിന്നെ പ്രേമിക്കുന്നു

പട്ടിയെപ്പോലെ ചുരുണ്ടു കൂടി

എന്റെ ജീവിതം കിടക്കുന്നു

നിന്നില്‍ സംതൃപ്തയായിക്കൊണ്ട്…’-മാധവിക്കുട്ടി.

പ്രണയത്തിൽ സ്ത്രീ ഇപ്പോഴും അങ്ങനെ തന്നെയാണ്. അതിവൈകാരികത പേറുന്നവൾ. പ്രണയമില്ലാത്തപ്പോൾ അവൾ എന്തിനും സമയം കണ്ടെത്തുന്നവളായി തീരും. എഴുതാനും വരയ്ക്കാനും വീട്ടു ജോലികൾ അടുക്കും ചിട്ടയുമായി ചെയ്യാനും ഭർത്താവിനെയും കുഞ്ഞുങ്ങളെയും നോക്കാനും വീട്ടിലെ മുഷിഞ്ഞ തുണികൾ കഴികിയിട്ട് ഉണങ്ങിയ തുണികൾ മടക്കി വയ്ക്കാനും അവൾ സമയം കണ്ടെത്തും. പക്ഷെ പ്രണയത്തിന്റെ ഇരുണ്ട ഗലികളിലേയ്ക്ക് വീണു പോയാലോ.. പിന്നെ ഉടമയുടെ കാലിന്റെ അടിയിൽ വീർപ്പു മുട്ടി കിടക്കുന്ന അടിമയെന്ന പോലെ അവൾ ചുരുണ്ടു കൂടും. ഇത്രനാൾ നന്നായി ചെയ്തിരുന്ന കാര്യങ്ങളൊക്കെ മുടങ്ങും. മുഷിഞ്ഞ ഗന്ധമുള്ള വസ്ത്രങ്ങൾ കൊണ്ട് അവളുടെ ഒരു മുറി മൂടിപ്പോകും. അടുക്കളയിലെ സിങ്കിൽ രാവിലെ കഴിച്ച എച്ചിലായ പാത്രങ്ങൾ വരെ ഈച്ചയാർത്ത് കിടപ്പുണ്ടാകും. വായിക്കാനും എഴുതാനും ജോലി ചെയ്യാനും മറന്നു അവന്റെ സന്ദേശങ്ങളിലേയ്ക്ക് കാതും കണ്ണും മനസ്സുമൂന്നി എവിടെയെങ്കിലും ചുരുണ്ടുകൂടി അവൾ കിടപ്പുണ്ടാകും. 

പക്ഷെ അവനോ...

"അവന്റെ ഇരുണ്ട പുരികം ചുളിച്ചു കൊണ്ട്

അപ്പോഴവന്‍ പറഞ്ഞു,

ഒരിക്കലും അതിവൈകാരികത അരുത്,

അതിവൈകാരികത മാത്രമാണ്

ആഹ്ലാദത്തിന്റെ യഥാര്‍ത്ഥ ശത്രു.’ "-മാധവിക്കുട്ടി 

അതിവൈകാരികത ചുമന്നു നടക്കുന്ന സ്ത്രീ പ്രണയിക്കുന്ന പുരുഷന്റെ തോളിലെ ഭാരം കൂടിയ ഒരു ഭാണ്ഡമാണ്. ഇടയ്ക്കൊക്കെ അവൻ നിങ്ങളോടു പറഞ്ഞെന്നിരിക്കും.." നീ പ്രായോഗികമായി ചിന്തിക്കൂ... ഇത്ര വികാര പരവശയാകാതെയിരിക്കൂ", എങ്ങനെ കഴിയും ഒരു സ്ത്രീയ്ക്ക് പൊട്ടി മുളക്കുന്ന വികാരങ്ങളെ അടിച്ചമർത്തി അവനു വേണ്ടി അഭിനയിക്കാൻ? ഈ രണ്ടു കാവ്യ വരികളും വ്യക്തമാക്കുന്ന ലോജിക് മാധവിക്കുട്ടിക്ക് നന്നായി അറിയാമായിരുന്നു പക്ഷെ എങ്കിൽ പോലും അന്ധമായ പ്രണയത്തിന്റെ, ചിന്തകളുടെ അടിമയായിരുന്നു അവർ.

‘ഓരോ തവണയും കാമമൊടുങ്ങി

തിരിഞ്ഞുകിടക്കുമ്പോള്‍ ഞാന്‍ കിതപ്പോടെ ചോദിച്ചു

നിനക്ക് എന്നെ ഇനി കുറെക്കാലം വേണ്ടെ?

എന്നെ നിനക്കു വേണ്ടെ? നിനക്കു വേണ്ടെ?’

ഘനശ്യാം (മാധവിക്കുട്ടി )-

എത്രത്തോളം പ്രണയത്തിലേയ്ക്ക് അവൻ പൂണ്ടു കിടന്നാലും ആ സംശയം അവൾ ചോദിച്ചു കൊണ്ടേയിരിക്കും. ഓരോ പ്രണയവും പെട്ടെന്ന് കടന്നു വരികയും അതുപോലെ അസ്തമിയ്ക്കുകയും ചെയ്യുമെന്ന് അവൾ ഭയപ്പെട്ടു. അതുകൊണ്ട് ചോദിക്കാതെയിരിക്കാൻ അവൾക്കാകില്ല. അവളുടെ വിയർപ്പിന്റെ സ്വാദിൽ പറ്റിപ്പിടിച്ച് കിടക്കുമ്പോഴും അതുകൊണ്ടു അവന്റെ ചെവിയിൽ അവളാദ്യം ചോദിക്കുന്നത് അതാവും, "നീയെന്നെ വിട്ടു എന്നെങ്കിലും പോകുമോ?"

പ്രണയത്തിന്റെ അസ്ഥിത്വമില്ലായ്മയുടെ ഉദാഹരണമാണ് പ്രണയത്തിൽ അകപ്പെട്ട പെണ്ണ്. മറ്റൊരു പ്രണയത്തിന്റെ ദുഃഖങ്ങൾ തന്ന ഭീതികൾ, കാമുകന്റെ മുൻകാല ബന്ധങ്ങൾ എന്നിവയെല്ലാം മനസ്സിലിരിക്കുമ്പോൾ അസ്തിത്വം അവളാൽ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. ഒരിക്കലും നഷ്ടമാകരുതേ എന്ന അഭ്യർത്ഥനയാണത്. പക്ഷെ പ്രണയത്തിന്റെ സാംഗത്യത്തെ വിശ്വസിക്കാത്ത, ചോദ്യം ചെയ്യുന്ന അവളോട് വീണ്ടും അവനു പരിഭവം. ഒരേ സമയം മാധവിക്കുട്ടി പറയുന്നു, പ്രണയത്തിൽ ആയിരിക്കുകയും വൈകാരിക ആവുകയും സംശയരോഗി ആയിരിക്കുകയും ചെയ്യുന്നവളാണ് കാമുകി.

"സാരിയണിയൂ

ഒരു പെണ്ണാകൂ

ഒരു ഭാര്യയാകൂ

അവരെന്നോട് പറഞ്ഞു.

തുന്നല്‍പ്പണിചെയ്തും

വേലക്കാരികളോട്

കൊമ്പുകോര്‍ത്തും

നീ പാകപ്പെടൂ.

മതിലുകളുടെ മേല്‍

ഇനി നീ ഇരിക്കരുത്

കൊലുസിട്ട ജനലിലൂടെ

എത്തിനോക്കരുത്

വിധേയയാകൂ

എന്നവര്‍ ആക്രോശിച്ചു."-

എന്തുകൊണ്ട് കമല ഒരു പ്രണയ സങ്കൽപ്പത്തിൽ അന്ധമായി അടിമപ്പെട്ടു? ഉത്തരം അടിച്ചമർത്തലുകൾ തന്നെയെന്ന് അവർ ഇരുപത്തി രണ്ടാം വയസ്സിൽ എഴുതിയ ഈ കവിത സാക്ഷ്യം പറയുന്നു. വളരെ പുരാതനമായ, മാമൂലുകളുള്ള ഒരു നായർ തറവാട്ടിൽ പിറന്ന പെൺകുട്ടിയ്ക്ക് വിലക്കുകൾ സ്വാഭാവികമായിരുന്നു. ഭർത്താവിന്റെ ലൈംഗിക ആസക്തി അവർക്ക് നൽകിയ ഭീതിയ്ക്കപ്പുറം ഒരു പ്രണയിനി എന്ന നിലയിൽ അവർ എപ്പോഴും പൂർണതയ്ക്ക് ശ്രമിച്ചു. ശരീരം കൊണ്ടല്ല മനസ്സുകൊണ്ടാണ് ഒരു സ്ത്രീ ആദ്യം പ്രണയത്തിൽ പൂർണത നേടേണ്ടതെന്ന് അവർ വിശ്വസിച്ചു. ലൈംഗികത പ്രണയ ജീവിതത്തിലെ ഒരു ഒഴിച്ച് കൂടാനാകാത്ത അധ്യായമായി അവർ വായിച്ചു. എത്രയെത്ര സ്ത്രീ ജീവിതങ്ങളിലേക്കാണ് ഈ വരികൾ ചേർന്നിരിക്കുന്നത്. മനസ്സിനാൽ അവഗണിക്കപ്പെടുന്ന, ശരീരത്താൽ മാത്രം പരിഗണിക്കപ്പെടുന്ന എണ്ണിയാലൊടുങ്ങാത്ത ഭാര്യമാർക്ക് മുന്നിലേയ്ക്കാണ് തറവാടിന്റെ അടിച്ചേൽപ്പിക്കപ്പെടുന്ന മാമൂലുകളും അരുതുകളും മാധവിക്കുട്ടി എഴുതി വയ്ക്കുന്നത്. എങ്കിലും ഉള്ളു കൊണ്ട് പൂർണയായ സ്ത്രീയാകാൻ അവൾ എപ്പോഴും പരിശ്രമിച്ചു കൊണ്ടേയിരിക്കും. തന്നിലേക്ക് വരുന്ന സ്നേഹത്തെ ആദ്യം സംശയ കണ്ണുകളോടെ വീക്ഷിക്കുകയും വിശ്വാസത്തിലെത്തുന്ന പക്ഷം അടിമയെ പോലെ വൈകാരിക വിവശയാവുകയും ചെയ്യും. പക്ഷെ പ്രണയത്തിൽ എപ്പോഴും "സ്റ്റേബിൾ" ആയിരിക്കുന്ന പുരുഷൻ ഈ വൈകാരികതയെ അവളുടെ ദൗർബല്യമായും തെറ്റായും കണ്ട് അവളെ തിരുത്താൻ ആരംഭിക്കുന്നിടത്ത് വച്ച് പ്രണയം മുറിഞ്ഞു വീഴാൻ തുടങ്ങും. പിന്നെയും മുറിവുകളും ചതവുകളും സംശയങ്ങളും പറ്റി അടുത്ത സ്നേഹത്തിലേക്ക് ഇരുവരും മലക്കം മറിച്ചിലുകൾ നടത്തും. 

എഴുതിയ എല്ലാ വരികളിലും സ്വയം ചേർത്ത് വച്ചിരുന്നോ മാധവിക്കുട്ടി? അതിൽ മിക്കതും എഴുത്തുകാരിയുടെ ഉള്ളിലുള്ള തീവ്രമായ ഭാവനായായിരുന്നുവെന്നാണ് ജീവചരിത്രമായ മെറിലി വെയ്സ് ബോര്‍ഡിന്‍റെ ‘The Love Queen of Malabar’ എന്ന പുസ്തകം പറയുന്നത്. എന്ത് തന്നെയായിരുന്നാലും പല സ്ത്രീകളുടയും മുഖമുണ്ട് മാധവിക്കുട്ടിയ്ക്കും അവരുടെ വരികൾക്കും. മുന്നിലുള്ള പല ജീവിതങ്ങളുമായി സമരസപ്പെട്ടിരിക്കുന്നുമുണ്ട് അവ... അതുകൊണ്ടു തന്നെയല്ലേ ഒരുപക്ഷെ വരികളോടൊപ്പം എഴുത്തുകാരിയും ആഘോഷിക്കപ്പെട്ടത്!

Read More Articles on Malayalam Literature & Books to Read in Malayalam