Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉടലിന്റെ വിശപ്പുകള്‍

visappu

എല്ലാവരിലും അതുണ്ട്. ഏറിയും കുറഞ്ഞും സഹിക്കാവുന്നതും അല്ലാത്തതുമായി പല അളവുകളിൽ കയറിയും ഇറങ്ങിയും. വിവിധതരം വിശപ്പുകള്‍ കൊണ്ടുള്ള ഒരു കൊളാഷ് ആണ് ഓരോ വ്യക്തിയും. ഉടലിനെ കാര്‍ന്നു തിന്നുന്ന ഈ വിശപ്പുകള്‍ കൊണ്ട് ചിലപ്പോള്‍ ഒരിക്കലും ഉണങ്ങാത്ത മുറിവായി അവന്‍  ജീവിതകാലം മുഴുവന്‍ വെന്തുനീറിക്കഴിയുന്നു. ഇനിയും ചിലപ്പോള്‍ ആ വിശപ്പിനെ ശമിപ്പിക്കാനായി അവന്‍ തന്റെ ജീവിതം തീറെഴുതിക്കൊടുക്കാന്‍ നിര്‍ബന്ധിതനാകുന്നു. 

അതിന് വേണ്ടി അവന്‍ അരാജകവാദിയാകുന്നു.. സദാചാരധ്വംസനാകുന്നു. വിലക്കപ്പെട്ട പലതിനു വേണ്ടിയും അവന്‍ കാലുവെന്ത നായ കണക്കെ ഓടിപോകുന്നു. അവന്റെ വിശപ്പിന്റെ തീക്ഷ്ണത ആരറിയുന്നു.?

ബഷീറിന്റെ രചനാലോകത്ത് നിന്ന് പലതരം വിശപ്പുകളുടെ നിലവിളി ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. തീര്‍ത്തും ദരിദ്രമായ ജീവിതചുറ്റുപാടുകളില്‍ നിന്നുള്ള വിശപ്പിന്റെ നിലവിളികള്‍ മാത്രമല്ല അത്. ഉടലിന്റെ നിലവിളി കൂടി അതില്‍ കലര്‍ന്നിട്ടുണ്ട്. എവിടെയെങ്കിലും ചെന്ന് സ്വയം കത്തിത്തീരാന്‍വരെ തോന്നിക്കുന്ന വിധത്തിലുള്ള ഉടലിന്റെ, കാമത്തിന്റെ നിലവിളികള്‍.

വിശപ്പ് എന്ന് ബഷീര്‍ ഒരു കഥയ്ക്ക് പേരു കൊടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ രചനാലോകവുമായി ചാര്‍ച്ചപ്പെട്ടിട്ടുള്ള ഒരാള്‍ ആദ്യം വിചാരിക്കുന്നത് അത് മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളില്‍ ഒന്നായ ദാരിദ്ര്യത്തെക്കുറിച്ചാണ് എന്നായിരിക്കും. എന്നാല്‍ അത്തരംവിശപ്പുകള്‍ ക്ഷണനേരം കൊണ്ട് ശമിപ്പിക്കാവുന്നതേ ഉള്ളൂവെന്നും അവയ്‌ക്കെല്ലാം അപ്പുറം നിൽക്കുന്ന മറ്റൊരുതരം വിശപ്പിനെക്കുറിച്ചാണ് ബഷീര്‍ ഇവിടെ പറയുന്നതെന്നും അതിലേക്ക് പ്രവേശിക്കുമ്പോള്‍ മാത്രം നാം മനസ്സിലാക്കുന്നു.

കനകപ്രഭയില്‍ മുഴുകിയ സുന്ദരസ്വപ്‌നം പോലെ പ്രിന്‍സിപ്പലിന്റെ ഭാര്യ മട്ടുപ്പാവില്‍ നിന്നു. ഇറുകിയ സിൽക്കുബ്ലൗസിനുള്ളിലെ തൂവെള്ളയായ ബോഡിസില്‍ അമരാത്ത കുചകുംഭങ്ങളെ കറുത്തു കട്ടിയായ മരപ്പടിയില്‍ ചുംബിപ്പിച്ച് മുഖം കൈകളില്‍ താങ്ങി തെരുവീഥിയിലേക്ക് നോക്കിക്കൊണ്ട്... എന്നിങ്ങനെയാണ് വിശപ്പ് എന്ന കഥയിലേക്ക് നാം പ്രവേശിക്കുന്നത് തന്നെ. വായിക്കുമ്പോള്‍ നമുക്ക് തോന്നും പ്രിന്‍സിപ്പലിന്റെ ഭാര്യയുടെ അമര്‍ത്തിവയ്ക്കപ്പെട്ട വിശപ്പുകളുടെ കടലിലേക്കായിരിക്കും നാം യാത്ര ചെയ്യുന്നതെന്ന്. എന്നാല്‍ അത് ചായക്കടയുടെ ഇരുളടഞ്ഞ കോണിലിരിക്കുന്ന ചിരവനാക്ക് പോലെ പല്ലുകള്‍ ഉള്ള കൊച്ചുകൃഷ്ണന്റെ കാഴ്ചയുടെ ഭൂപടമായിരുന്നു. അതില്‍ നിന്ന്  നോട്ടം മാറ്റിയെടുത്ത് രണ്ടുമൂന്നുതവണയായി കുടുകുടാ വെള്ളം കുടിക്കുകയാണ് പിന്നീട് കൊച്ചുകൃഷ്ണന്‍. 

ബീഡി കത്തിച്ച് തെരുവിലേക്കിറങ്ങുന്ന അയാള്‍ കാണുന്നതും ഉള്ളിലെ ദാഹത്തെയും വിശപ്പിനെയും പ്രകോപിപ്പിക്കുന്ന കാഴ്ചകള്‍ തന്നെ...

visappu

കുട്ടിക്കുറാ പൗഡറും വിയര്‍പ്പും മറ്റു പല സുഗന്ധങ്ങളും കൂടി കലര്‍ന്ന ആവിയോടെ സാരികള്‍ വഴി ബ്ലൗസും അതുവഴി മാര്‍വിടങ്ങളെ മറച്ചിരിക്കുന്ന ബോഡീസും പ്രദര്‍ശിപ്പിച്ചു ചിരിച്ചുല്ലസിച്ചു പാര്‍ക്കില്‍ നിന്ന് മടങ്ങിവരുന്ന വിദ്യാര്‍ത്ഥിനികള്‍..

പെണ്ണാശുപത്രിയുടെ മുകള്‍ത്തട്ടും അവിടെ മിന്നല്‍പോലെ കാണുന്ന മുഖങ്ങളും.. പുഷ്പങ്ങള്‍ മൂടിയ മുടിക്കെട്ടുകള്‍.. വര്‍ണ്ണസാരികളില്‍ പൊതിഞ്ഞ അഴകാര്‍ന്ന ശരീരങ്ങള്‍.. അങ്ങിങ്ങായി മുഴങ്ങുന്ന കിലുകിലാ ചിരികള്‍..

രണ്ടുമൂന്നുരുള ചോറുണ്ട് വെള്ളം കുടുകുടാ കുടിച്ച് പാത്രം നീക്കിവച്ച് എണീക്കുന്ന അയാളോട് സഹമുറിയന്‍ ചോദിക്കുന്നു വല്ലോടത്തുനിന്നും വല്ലതും കഴിച്ചിട്ടാണോ വരുന്നെ.

അല്ല

എങ്കില്‍ പിന്നെന്താ ഉണ്ണാത്തത് വിശപ്പില്ലെ?

വിശപ്പ്.. അയാള്‍ അത്രയേ പറയുന്നുള്ളൂ. വിശപ്പില്ലാത്തതുകൊണ്ടായിരിക്കാം എന്ന് വിചാരിച്ച് അതിന് കാരണം കണ്ടെത്തി സഹമുറിയന്‍ പറയുന്നത് ശനിയാഴ്ചയൊന്ന് വയറിളക്കിനോക്കാനാണ്. എന്നാല്‍ വിശപ്പ് അധികരിച്ചതുകൊണ്ടുള്ളതാണ് കൊച്ചുകൃഷ്ണന്‍റെ പ്രശ്നമെന്ന് അയാള്‍ക്കറിയില്ലല്ലോ? അത് സഹമുറിയന്‍റെ മാത്രമല്ല എല്ലാവരുടെയും പ്രശ്നം തന്നെയാണ്. വിവിധതരത്തിലുള്ള നമ്മുടെ വിശപ്പുകളെക്കുറിച്ച് മറ്റുള്ളവര്‍ അജ്ഞരാകുന്നു. അവര്‍ കണ്ടെത്തുന്ന വിശപ്പായിരിക്കില്ല നമ്മുടേത്.

ദീര്‍ഘനിശ്വാസത്തോടെ കൊച്ചുകൃഷ്ണൻ പായ വിരിച്ചു കിടന്നിട്ടു വിളക്കണച്ചു.

അയാളുടെ വിശപ്പിനെ വര്‍ദ്ധിപ്പിക്കുന്ന വിധത്തിലുള്ള സംഭാഷണമാണ് സഹമുറിയന്മാര്‍ തമ്മില്‍ നടത്തുന്നതും. അപ്പോഴെല്ലാം അയാളുടെ മനസ്സില്‍ വിശപ്പ് പെരുത്തു. 

സ്ത്രീയുടെ സ്‌നേഹം... സ്ത്രീയുടെ സാമീപ്യം.. ശരീരം, മനസ്സ്, ആത്മാവ്.. കൊച്ചുകൃഷ്ണന്റെ സര്‍വ്വവവും അത്യുല്‍ക്കണ്ഠയോടെ അഭിലഷിക്കുകയാണ്. പക്ഷേ എന്തുചെയ്യാന്‍ ആരും കൊച്ചുകൃഷ്ണനെ സ്വാഗതം ചെയ്യുന്നില്ല.. ആരും അയാളെ തിരിഞ്ഞുനോക്കുന്നുമില്ല.

കുളിര്‍ ജലത്തിന് വേണ്ടി മരുഭൂമിയില്‍ അലഞ്ഞ പാന്ഥനെപോലെ കൊച്ചുകൃഷ്ണന്‍ ടൗണില്‍ ചുറ്റി മനസ്സും ശരീരവും തളര്‍ന്നപ്പോഴാണ് അവളുടെ വരവ്. അൽപം തടിച്ചു നീണ്ട മുഖത്ത് ശോകമന്ദഹാസമുള്ള വിലകുറഞ്ഞ ചുവന്ന ജപ്പാന്‍സാരി ഉടുത്തവള്‍. പിന്നെയും പലപ്പോഴായി അവളെ അയാള്‍ കണ്ടു. ഓരോ കാഴ്ചയും അയാളുടെ വിശപ്പ് വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരുന്നു.

ദാഹം വിശപ്പ് വരള്‍ച്ച.. കൊച്ചുകൃഷ്ണന് ഇരിക്കപ്പൊറുതിയില്ലാതായി. 

പിന്നെയൊരു നാള്‍ കൊച്ചുകൃഷ്ണനും അവളും മുഖാമുഖം കണ്ടു.. അയാള്‍ അവളോട് സംസാരിച്ചു. അവള്‍ അയാളോടും. നാലഞ്ചുകൊല്ലമായി സിലോണില്‍ പോയ ഭര്‍ത്താവ്, മൂന്ന് അനിയത്തിമാർ, അമ്മ.. അതാണ് അവളുടെ കുടുംബം. അവളുടെ പേര് എലിസബത്ത്. ഇപ്പോള്‍ ജീവിക്കാന്‍ കണ്ടെത്തിയ ഏക മാര്‍ഗ്ഗം അതുതന്നെ. ശരീരം വിൽക്കുക. ആ ശരീരം വാങ്ങുക എന്നതുമാത്രമായിരുന്നു കൊച്ചുകൃഷ്ണന്റെയും ആഗ്രഹം. ഉള്ളിലെ വിശപ്പിന് പരിഹാരം കാണണമല്ലോ?

നിങ്ങളുടെ വീട്

വീടില്ല.. ഒരു മുറിയില്‍കൂടിയാ താമസം

വേറെ ആളുകളുണ്ടോ

വേറെ രണ്ടുപേരുണ്ട്

അമ്മോ.. അവള്‍ നിശ്വസിച്ചു. അതുപദ്രവമാണ്. വേറെ ഒരു മുറി എടുക്കാന്‍ വയ്യേ

എടുക്കാം.. നാളെതന്നെ എടുക്കാം.

നാളേയ്ക്ക് പിരിയുന്നതിന് മുമ്പ് കൊച്ചുകൃഷ്ണന് ഒരാഗ്രഹം.. അവളെയൊന്ന് ചുംബിക്കണം. അവളാകട്ടെ വളരെ ഉദാരവതിയുമായി. ചുംബിച്ചോളൂ എരിഞ്ഞുരുകി ദാഹിച്ച കൊച്ചുകൃഷ്ണന്‍ അവളെ ചുംബിച്ചു. ആ നിമിഷത്തില്‍ തന്റെ ബോധവും ജീവനും സര്‍വതും മറയാന്‍ പോകുന്നതുപോലെയാണ് അവന് തോന്നിയത്. അതാണത്രെ സ്ത്രീയുടെ ശക്തിയും പുരുഷന്റെ ബലഹീനതയും.

മുറിയെടുക്കാന്‍ രണ്ടു രൂപ ഉണ്ടാക്കുന്നതിനെക്കുറിച്ചാണ് അയാളന്ന് ആലോചിച്ചത്. എത്ര കൂട്ടിയിട്ടും കിട്ടുന്നതും ചെലവാക്കേണ്ടതുമായ കണക്കുകള്‍ തമ്മില്‍ പൊരുത്തപ്പെടുന്നില്ല. ചായ വേണ്ടെന്നു വയ്ക്കുന്നു അയാള്‍. ബീഡി വേണ്ട, അലക്കു വേണ്ട, ഷേവു വേണ്ട. പക്ഷേ രണ്ടുരൂപ വേണം. അതും നാളെതന്നെ. ഒടുവില്‍ പ്രിന്‍സിപ്പലിന്റെ ഭാര്യയോട് അമ്മയ്ക്ക് സുഖമില്ലെന്ന് നുണപറഞ്ഞ് കാശുവാങ്ങിയാണ് അയാള്‍ മുറിയെടുക്കുന്നത്. അതിന് പുറമെ വാസനസോപ്പ്, സെന്റ്, ബോഡിസീനുള്ള വെള്ള സിൽക്കും അരുകിന് വീതിയുള്ള ചുവന്ന കരയുള്ള വെള്ളസാരിയും വാങ്ങി അയാള്‍ എലിസബത്തിനെ മുറിയില്‍ കാത്തിരിക്കുകയാണ്. 

മുറിയെല്ലാം തൂത്തുവെടിപ്പുവരുത്തി.. പായ നിവര്‍ത്തിയിട്ടു പഴയ തലയണ വെള്ളത്തോര്‍ത്തിട്ടു മൂടിപ്പൊതിഞ്ഞു.. അയാള്‍ക്കൊന്നു മാത്രം മനസ്സില്‍.. എലിസബത്ത്.. പക്ഷേ അങ്ങനെ കാത്തിരുന്നിട്ടും എലിസബത്ത് വന്നില്ല.. ഏഴുമണിയും എട്ടുമണിയും ഒമ്പതുമണിയും പത്തുമണിയുമായി. പക്ഷേ എലിസബത്ത് വന്നതേയില്ല. 

പിന്നെ മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം റെയില്‍വേസ്റ്റേഷനിലേക്ക് വെറും ചുമ്മാ നടന്നുപോകുമ്പോള്‍ അശക്തമായ ഒരു വിളി കൊച്ചുകൃഷ്ണനെ തേടിയെത്തുന്നു.

വല്ലതും തന്നേച്ചുപോണേ വിശക്കുന്നു. ആ സ്ത്രീരൂപത്തെ കൊച്ചുകൃഷ്ണന്‍ തിരിച്ചറിഞ്ഞു നരച്ചുതുടങ്ങിയ തലമുടിക്കും കീറിയ വസ്ത്രങ്ങള്‍ക്കും അപ്പുറം ആ പഴയ എലിസബത്താണ് അതെന്ന്. ഒരു വേശ്യയുടെ സ്വഭാവികമായ പരിണാമം മാത്രമായിരുന്നു അത്. കൊച്ചുകൃഷ്ണന്‍  ഒരു പകര്‍ച്ച വാങ്ങിക്കൊണ്ടുവന്ന് അവളുടെ മുമ്പില്‍ വച്ചുകൊടുത്തു.

എന്നെ ഓര്‍ക്കുന്നുണ്ടോ എന്ന അയാളുടെ ചോദ്യത്തിന് കണ്ടിട്ടുള്ളതായി ഓര്‍ക്കുന്നില്ല എന്ന് സത്യസന്ധമായ മറുപടി. എത്രയോ പേര്‍ കയറിയിറങ്ങിപോയ ജീവിതത്തില്‍ ഒരു രാത്രിയുടെ മറവില്‍ ഒരു ചുംബനം മാത്രം നൽകിയവനെ അവളെങ്ങനെ ഓര്‍ത്തിരിക്കാനാണ്. 

എന്നാല്‍ അവനോ.. ഈ മൂന്നുവര്‍ഷമത്രയും ആ ചുംബനത്തിന്റെ സ്മരണയില്‍ കഴിയുകയായിരുന്നു മധുരമോഹനമായ ആ സ്മരണയില്‍ ജീവിതം കണ്ടെത്തി കഴിയുകയായിരുന്നു.

കൊച്ചുഷ്ണന്‍ തിരികെ മുറിയിലെത്തി ചുവന്ന നാടകൊണ്ടു ബന്ധിച്ച വെളുത്ത കടലാസു പെട്ടി പൊതി അഴിച്ചു എടുത്തുകൊണ്ടുവന്ന് അവളുടെ കൈയില്‍ കൊടുത്തു.

എന്നതാ ഇതില്?

അവള്‍ ചോദിച്ചു

കൊച്ചുകൃഷ്ണന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു. അവള്‍ ഇഴഞ്ഞുവലിഞ്ഞ മാതിരി നടന്ന് തിരിഞ്ഞുനോക്കിക്കൊണ്ട് റോഡിന്റെ മൂലതിരിഞ്ഞ് മറഞ്ഞു. അനക്കമില്ലാതെ ശിലാപ്രതിമ പോലെ കൊച്ചുകൃഷ്ണന്‍ നിന്നു. അന്തിച്ചുകപ്പില്‍ ചോര പോലെ തെളിഞ്ഞൊഴുകുന്ന കണ്ണുനീരോടെ.. ബഷീര്‍ കഥ ഇങ്ങനെയാണ് അവസാനിപ്പിക്കുന്നത്.

ഇവിടെ വിശപ്പ് മറ്റൊരുതലത്തിലേക്ക് ഉയരുകയാണ്. മൂന്നുവര്‍ഷമായി തനിക്കാകെകൂടി ഒരു വേശ്യയില്‍ നിന്ന് ലഭിച്ച ഒരു ചുംബനത്തിന്‍റെ ഓര്‍മ്മയില്‍ ജീവിക്കുന്ന കൊച്ചുകൃഷ്ണന്‍ ഉടലിന്റെ നൈമിഷികമായ വിശപ്പുകള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്നുകഴിഞ്ഞിരിക്കുന്നുവെന്ന് നാം മനസ്സിലാക്കുന്നു.

എത്ര അന്വര്‍ത്ഥമായാണ് ബഷീര്‍ ഇവിടെ കഥയ്ക്ക് വിശപ്പ് എന്ന് പേരുകൊടുത്തിരിക്കുന്നതെന്നോര്‍ത്ത് അത്ഭുതം തോന്നിയിട്ടുണ്ട്. മറ്റേതെങ്കിലുമൊക്കെ പേരു നൽകാമായിരുന്നിട്ടും ബഷീറിലെ ജ്ഞാനി ആ കഥയ്ക്ക് നൽകിയ പേര് വിശപ്പ് എന്നായി. ഉടലുമായി ബന്ധപ്പെട്ട് ഏറെ ചിന്തിക്കാനും ധ്യാനിക്കാനും കഴിയുന്ന വിധത്തില്‍.. ഇങ്ങനെയാണ് പ്രതിഭകള്‍ നമ്മെ വിസ്മയിപ്പിക്കുന്നത്.

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം