Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' എന്റെ ആദ്യ ചുംബനം, അത് യഥാർഥ സ്നേഹമായിരുന്നു...'

cv balakrishnan

എന്നെ ആദ്യമായി ചുംബിച്ച സ്ത്രീ അവളായിരുന്നു... പൊലീസിനു പിടികൊടുക്കാതെ എന്റെ മുറിയിൽ ഒളിച്ചു രക്ഷപ്പെട്ട അവൾ.. ആ ചുംബനത്തിൽ യഥാർഥ സ്നേഹമായിരുന്നു...

അധ്യാപക പരിശീലനകാലത്തെക്കുറിച്ചോർക്കുമ്പോൾ പ്രശസ്ത എഴുത്തുകാരൻ സി.വി. ബാലകൃഷ്ണന്റെ ഓർമ്മകളിൽ അവളുടെ മുഖം തെളിഞ്ഞുവരും. വേശ്യാലയത്തിൽ നിന്ന് പൊലീസ് റെയ്ഡിനിടെ ഓടിരക്ഷപ്പെട്ട ആ ചെറുപ്പക്കാരിയുടെ ചോരവാർന്ന മുഖം.

നാൽപ്പത്തെട്ടു വർഷം മുൻപത്തെ അനുഭവമാണ്. വർഷം 1969. അന്ന് സി.വി. ബാലകൃഷ്ണനു വയസ്സ് 16. പയ്യന്നൂരിലെ വീടെന്ന ജയിലിൽ നിന്നു രക്ഷപ്പെടണം. ജോലി നേടാൻ അധ്യാപക പരിശീലനത്തിനു ചേരാൻ അദ്ദേഹം തീരുമാനിച്ചു. തറവാട്ടിൽ അമ്മാവന്റെ ഭരണമാണ്. ഒന്നും പറയാതെ സഹിക്കുന്ന പ്രകൃതമാണ് അമ്മയുടേത്. അച്ഛൻ വല്ലപ്പോഴുമേ വരികയുള്ളൂ. ബാല്യത്തിന്റെ ഒറ്റപ്പെടൽ വല്ലാതെയുണ്ടായിരുന്നു. അതെല്ലാം പരൽമീൻ നീന്തുന്ന പാടം എന്ന ബാല്യകാല സ്മരണയിൽ എഴുതിയിട്ടുണ്ട്്. ഒരു അഭിമുഖത്തിൽ സി.വി. തന്റെ വ്യത്യസ്തമായ ഈ അനുഭവം പങ്കുവച്ചു.

48 വർഷം മുൻപത്തെ കണ്ണൂർ. രണ്ടു വർഷം ഞാൻ ജീവിച്ച നഗരം. ബോംബെ നഗരത്തിലേതു പോലെ വേശ്യാലയങ്ങൾ ധാരാളമുള്ള നഗരമായിരുന്നു കണ്ണൂരും. ഒട്ടേറെ വേശ്യാലയങ്ങൾ. പ്ലാസ ജംക്​ഷനു തൊട്ടപ്പുറത്തെ ലോഡ്ജിലായിരുന്നു ഞാൻ താമസിച്ചിരുന്നത്. എഴുത്തുകാരൻ എൻ. ശശിധരൻ ആണ് എന്റെ ഉറ്റ സുഹൃത്ത്. എസ്.എൻ.കോളജിൽ നിന്നു പ്രീഡിഗ്രി കഴിഞ്ഞാണ് ശശി വരുന്നത്. മങ്കൊമ്പ് ബാലകൃഷ്ണന്റെ ഉപാസന എന്ന മാസികയിൽ എന്റെ രണ്ടോ മൂന്നോ കഥ അച്ചടിച്ചു വന്നിരുന്നു. അതുകൂടാതെ ചന്ദ്രിക വാരികയിലും കഥ വന്നിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽ ഞങ്ങൾക്ക് വായനയെക്കുറിച്ചു മാത്രമേ സംസാരിക്കാനുണ്ടായിരുന്നുള്ളു. കാഫ്ക, സാർത്തർ കാമ്യു എന്നിവരെക്കുറിച്ചുള്ള ലേഖനങ്ങൾ മലയാളത്തിൽ അപൂർവ്വമായി വരുന്ന സമയം. ഇവരെയൊക്കെ വായിച്ച രണ്ടുപേർ ഞങ്ങളായിരുന്നു.

സമൂഹത്തിൽ താഴെത്തട്ടിലുള്ളവരായിരുന്നു എന്റെ ലോഡ്ജിലുണ്ടായിരുന്നത്. തമിഴൻമാരുണ്ടായിരുന്നു അവിടെ. ചിട്ടിക്കമ്പനിക്കാർ, ബീഡിത്തൊഴിലാളികൾ എന്നിങ്ങനെ പലതരം ആളുകൾ. വരികയും പോകുകയും ചെയ്യുന്ന വേറെ കുറെ ആളുകൾ. ഇവരൊക്കെയായിരുന്നു സഹവാസികൾ. എന്റെ പല കഥാപാത്രങ്ങളായി ഇവർ വീണ്ടും അവതരിച്ചിട്ടുണ്ട്. 

ഞാൻ താമസിക്കുന്നതിന് അപ്പുറത്ത് വേശ്യാലയമാണ്. അവിടെ ഉണ്ടായിരുന്നവരെ ഇപ്പോഴും എനിക്കോർമ്മയുണ്ട്. ഖയറുന്നീസ, പൊന്നമ്മ എന്നിങ്ങനെ കുറേ സ്ത്രീകൾ. അവരുടെ കൂട്ടിക്കൊടുപ്പുകാരൻ ഒരു ശങ്കരനുണ്ട്. ഈ പൊന്നമ്മയ്ക്കൊരു കുഞ്ഞുണ്ട്. ഏതെങ്കിലും കസ്റ്റമർ വന്നാൽ മതിലിനു മൂകളിലൂടെ പൊന്നമ്മ കുഞ്ഞിനെ എന്റെ കയ്യിൽ തരും. ഞാൻ കുഞ്ഞിനെയുമെടുത്ത് നടക്കും. കുഞ്ഞ് കരഞ്ഞാൽ കരച്ചിൽ മാറ്റുക, ഉറങ്ങാൻ കിടത്തുക എന്നിങ്ങനെ പലതരം ഉത്തരവാദിത്തങ്ങൾ. അവിടെ വരുന്നവരെയും പോകുന്നവരെയുമെല്ലാം എനിക്കു മുറിയിൽ നിന്നാൽ കാണാൻ കഴിയും. അവിടുത്തെ കാഴ്ചകളാണ് പിന്നീട് ഏതോ രാജാവിന്റെ പ്രജകൾ എന്ന നോവലെറ്റിൽ എഴുതിയത്. വയസായ ഒരാൾ അവിടേക്കു സ്ഥിരമായി വരും. അയാളെക്കുറിച്ചായിരുന്നു ഏതോ രാജാവിന്റെ പ്രജകൾ. 

ഒരു ദിവസം അവിടുത്തെ ഒരു സ്ത്രീ പെട്ടെന്നോടി വന്ന് എന്റെ മുറിയുടെ കതകടച്ചു. ഞാനാകെ പേടിച്ചുപോയി. മിണ്ടരുതെന്ന് അവൾ ആംഗ്യം കാട്ടി. വേശ്യാലയത്തിൽ പൊലീസ് റെയ്ഡായിരുന്നു. രക്ഷപ്പെട്ടോടി വന്നതാണവൾ. ഞാൻ ഇറക്കിവിട്ടാൽ അവളെ പൊലീസ് പിടിക്കും. പിന്നെ കോടതി, ജയിൽ,  അവഹേളനം... ജീവിക്കാൻ വേണ്ടി ശരീരം വിൽക്കാൻ വന്നതായിരുന്നു അവിടെയുള്ള മിക്കവാറും സ്ത്രീകൾ. 

ഞാൻ അവളോട് ഇറങ്ങിപ്പോകാൻ പറഞ്ഞില്ല. എനിക്കൊന്നും പറയാൻ സാധിച്ചിരുന്നില്ല. കുറേ കഴിഞ്ഞ് ബഹളമെല്ലാം അടങ്ങിയപ്പോൾ അവൾ പോകാനൊരുങ്ങി. പൊലീസിനു പിടികൊടുക്കാതെ രക്ഷപ്പെടുത്തിയതിന്റെ നന്ദി ആ മുഖത്തുണ്ടായിരുന്നു. ചോര വാർന്ന മുഖത്തോടെയായിരുന്നു അവൾ മുറിയിലേക്കു പാഞ്ഞുവന്നത്. ഇപ്പോൾ ആ മുഖം പകുതി ശാന്തമായിട്ടുണ്ട്. 

എന്നെ എന്തുവേണമെങ്കിലും ചെയ്തോളൂ....അവൾ പറഞ്ഞു. ജീവിതത്തിലെ പുതിയ രസങ്ങൾ അനുഭവിച്ചറിയാൻ വെമ്പൽ കൊള്ളുന്ന പ്രായമാണ്. അതിനുള്ള അവസരം മലർക്കെ തുറന്നിരിക്കുന്നു. 

നീ വേഗം പൊയ്ക്കോളൂ- ഞാൻ പറഞ്ഞു. അവളതു പ്രതീക്ഷിച്ചിരുന്നില്ലെന്നു തോന്നുന്നു. കാരണം ജീവിതത്തിൽ ഇത്തരം സന്ദർഭങ്ങളിൽ പലരും അവളെ മുതലെടുത്തിരിക്കും. ചിലപ്പോൾ അങ്ങനെ അകപ്പെട്ടുപോയതായിരിക്കും അവൾ ഈ കെണിയിൽ. 

പോകാൻ നേരം സ്നേഹവായ്പോടെ അവളെന്റെ നെറ്റിയിൽ ചുംബിച്ചു. അങ്ങനെയൊന്ന് ഞാനും പ്രതീക്ഷിച്ചിരുന്നില്ല. എന്നെ ആദ്യമായി ചുംബിച്ച സ്ത്രീ അവളായിരുന്നു.  അവളുടെ പേരൊന്നും എനിക്കറിയില്ലായിരുന്നു. ആ വേശ്യാലയത്തിലെ സ്ഥിരം ആളായിരുന്നില്ല അവൾ. പുറമേ നിന്നു വന്നവളായിരുന്നു. ഇടയ്ക്കു മാത്രം വരുന്നവർ. 

അന്ന് കണ്ണൂരിൽ ധാരാളം സ്ഥലത്ത്് ഇതുപോലെ വേശ്യാലയമുണ്ട്്. മരയ്ക്കാർക്കണ്ടിയിൽ ഒന്നുണ്ടായിരുന്നു. എന്റെ കൂടെ താമസിച്ചിരുന്ന ഒരു ചിട്ടിപിരിവുകാരനുണ്ടായിരുന്നു, പയ്യന്നൂർ മാതമംഗലം സ്വദേശി. അവന്റെ കൂടെ സൈക്കളിൽ ഞാനും ഈ സ്ഥലങ്ങളൊക്കെ കാണാൻ കറങ്ങും. അങ്ങനെയാണ് കണ്ണൂരിലെ വേശ്യാലയങ്ങളെക്കുറിച്ചു കൃത്യമായി മനസ്സിലാക്കിയത്. അവനാണ് എന്നെ കള്ളുക്കുടിക്കാൻ പഠിപ്പിച്ചത്. സൈക്കിളിലാണ് കള്ളുഷാപ്പിലേക്കും പോകുക. കക്കാട് ശ്മശാനത്തിനപ്പുറത്തുള്ള ഷാപ്പിൽ നിന്നാണു കുടിക്കുക. 

ഒരു ദിവസം മരയ്ക്കാർ കണ്ടിയിലെ വേശ്യാലയം കാണാൻ കൂടെ പോയപ്പോൾ പൊലീസ് റെയ്ഡിനെത്തി. വേഗം ഓടിക്കോ എന്നു പറഞ്ഞ് അവൻ സൈക്കിളവിടെയിട്ട് രക്ഷപ്പെട്ടു. വേറെയൊരു വഴിയെ ഞാനും. രാത്രിയിലെപ്പോഴോ ആണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. 

വർഷങ്ങൾക്കു ശേഷം കൽക്കത്തയിലെ സോനാഗച്ചി കാണാൻ പോയി. ഒരു കാഴ്ചക്കാരനായി അതിലൂടെ നടക്കുമ്പോൾ ഞാൻ കണ്ണൂരിലെ ഈ വേശ്യാത്തെരുവുകളെ ഓർത്തു. ബാങ്ക് റോഡിലെ ചാരായക്കടയ്ക്കടുത്തുള്ള വേശ്യാലയവും ഗോപാൽ സ്ട്രീറ്റിലെ വേശ്യാലയവുമെല്ലാം. അവിടെയെത്തിയ അനേകം ജീവിതങ്ങളെയും. അഞ്ചുപതിറ്റാണ്ടുകൾക്കിപ്പുറം കണ്ണൂരാകെ മാറി. പക്ഷേ, ഈ നഗരത്തിന് ഇങ്ങനെയൊരു പശ്ചാത്തലം കൂടിയുണ്ടെന്ന് ഇന്നാരെങ്കിലും ഓർക്കുന്നുണ്ടാകുമോ...

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.