Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാപ്പുസാക്ഷിയല്ല, പ്രതിയാകാം ജീവപര്യന്തം

Balachandran_Chullikkad തീവ്രവികാരങ്ങളുടെ തീക്ഷ്ണ വാങ്മയമാണ് ചുള്ളിക്കാടിന്റെ കവിത.

അതീവ സുരക്ഷ അവകാശപ്പെടുന്ന പൗരാവകാശ രേഖ എന്ന കീർത്തികേട്ട ആധാർ കാര്‍ഡിലെ വിവരങ്ങള്‍ ചോരുന്ന കാലത്തും പ്രസക്തി മങ്ങിയിട്ടില്ല ആധാറിന് അതുകൊണ്ടു തന്നെ കോടതി പ്രതിയോടു ചോദിക്കുന്നു, ആധാർ കാര്‍ഡ് ഇല്ലേ?

ആധാർ അവകാശമാണെന്നും അതില്ലാത്തത് കുറ്റകരമാണെന്നുമുള്ള ധ്വനി ആ ചോദ്യത്തില്‍ത്തന്നെയുണ്ട്. ആധാർ ഇല്ലാത്ത ഒരു പൗരനോ എന്ന അത്ഭുതവും.

പ്രതി നിസ്സംഗനാണ് നിർമമനും. അയാൾ മറുപടി പറഞ്ഞു നിരാധാരനാണ്.

ആധാർ കാര്‍ഡ് ഇല്ലെന്നല്ല മറുപടി. മറിച്ച് ആശ്രയമറ്റ നിരാധാരനാണെന്ന്. ഒരൊറ്റ വാക്കിലൂടെ മുഖ്യധാരയിൽ നിന്നു പുറന്തള്ളപ്പെട്ടവരുടെ എല്ലാ ദയനീയതയും പുറത്തു കൊണ്ടു വരികയാണ് ഇന്ത്യൻ എന്ന കവിതയിലൂടെ കവി. ഒരൊറ്റ വാക്കിൽ ഒരായിരം അർഥങ്ങൾ ധ്വനിപ്പിക്കാനും വാക്കിനെ എതിർപ്പിന്റെ ആയുധമാക്കാനും കഴിവുള്ള മലയാളത്തിന്റെ പ്രിയ കവി ബാലചന്ദ്രൻ ചുള്ളിക്കാട്. 2017 ലെ അവസാന ആഴ്ചയിൽ പുറത്തു വന്ന കവിതയിലൂടെ.

തീവ്രവികാരങ്ങളുടെ തീക്ഷ്ണ വാങ്മയമാണ് ചുള്ളിക്കാടിന്റെ കവിത. ചോര ചാറിച്ചുവപ്പിച്ച പനിനീർപൂക്കൾ, മിഴിനാരു കൊണ്ട് കഴൽ കെട്ടി പിൻവിളി വിളിക്കുന്ന അമ്മ, കത്തുന്ന പട്ടടയിലെ അച്ഛന്റെ ചങ്കിലിടി, പീതസായഹ്നത്തിന്റെ നഗരം, വൈദ്യുതാലിംഗനം. ചൂണ്ടിക്കാണിക്കാൻ ഉദാഹരണങ്ങൾ ഇനിയുമേറെ. വൈകാരിക ഭാവങ്ങൾ മാത്രമല്ല ചുള്ളിക്കാട് കത്തുന്ന ഭാവനയിൽ അവതരിപ്പിക്കുന്നത്. സമൂഹവും ലോകവും കവിയുടെ കാവ്യ സീമയിൽത്തന്നെയുണ്ട്. ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ ‘സ്നാനം’ എന്ന കവിതയിലൂടെ തന്റെ ധാർമ്മിക രോഷം പ്രകടിപ്പിച്ച കവി, അടിസ്ഥാന ആവശ്യങ്ങളെ മറന്നും കാർഡുകളിൽ ഒരു ജനതയെ തളച്ചിടാനുള്ള ഔദ്യോഗിക നീക്കത്തിനെതിരെയാണ് ഇപ്പോൾ പേന ചലിപ്പിക്കുന്നത്. അതും മുദ്രാ വാക്യങ്ങളേക്കാൾ തീർച്ചയോടെയും മൂർച്ചയോടെയും. തേടുന്നതു രാജ്യസ്നേഹമല്ല; സ്നേഹത്തിന്റെ രാജ്യമാണെന്നു മുമ്പേ പ്രഖ്യാപിച്ചിട്ടുണ്ട് കവി. ഒന്നര പതിറ്റാണ്ടിനും മുന്നേ 2003 ൽ.

രാജ്യങ്ങൾ ഉണ്ടാകുന്നു

രാജ്യങ്ങൾ ഇല്ലാതാകുന്നു

സ്നേഹമോ എന്നേയ്ക്കും എന്ന് ‘രാജ്യസ്നേഹം’ എന്ന കവിതയിൽ ചുള്ളിക്കാട് എഴുതി. അന്ന് ആ കവിത വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ദേശാഭിമാനവും രാജ്യസ്നേഹവും പൗരത്വത്തിന്റെ ഉരകല്ലായി തീർന്ന ആധുനിക ഭാരതത്തിൽ രാജ്യസ്നേഹം എന്ന കവിത ചർച്ചയ്ക്കു വിധേയമായി നവമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. കവിയുടെ ദീർഘദർശനത്തെ പുകഴ്ത്തി നിരൂപകർ. ഇപ്പോഴിതാ ഏറ്റവും പുതിയ ഇന്ത്യൻ അവസ്ഥയ്ക്ക് ആവിഷ്കാരം കൊടുക്കുന്നു കവി. 

റെയിൽവേ സ്റ്റേഷൻ മൈതാനിയിൽ പ്രസംഗിച്ചുകൊണ്ടു നിന്ന മതപ്രഭാഷകനെ കുത്തിക്കൊന്നു എന്നതാണു പ്രതിയിൽ ആരോപിക്കപ്പെട്ട കുറ്റം. കുറ്റത്തിന്റെ തീവ്രത കൂട്ടുന്ന ഘടകങ്ങൾ വേറെയുമുണ്ട്. പ്രതിക്ക് ആധാർ കാർഡ് ഇല്ല. ഇന്ത്യൻ എന്നല്ലാതെ മറ്റൊരു പേരില്ല. മഹാത്മാഗാന്ധിയാണു പിതാവ്. മാതാവ് ഭാരതമാതാവു തന്നെ. എങ്കിലും അനാഥനല്ല. എല്ലാ ഇന്ത്യക്കാർക്കും രക്ഷകർത്താവുണ്ടല്ലോ രാഷ്ട്രപതി! റേഷൻ കാര്‍ഡു പോലുമില്ല പ്രതിക്ക്. സ്വപ്നത്തിൽ ഈച്ചകളെ ഭക്ഷിച്ചാണു ജീവിക്കുന്നത്. ഇങ്ങനെയൊരാൾ മാനസികാരോഗ്യ കേന്ദ്രത്തിൽ അടയ്ക്കപ്പെടാൻ യോഗ്യനാണെന്നാണു വിധി. അതും ജീവപര്യന്തം.

കവിയെന്ന നിലയിൽ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ശക്തമായ തിരിച്ചുവരവാണ് ഇന്ത്യൻ എന്ന കവിത. പ്രതിഷേധം ഇവിടെ സർഗാത്മകമാണ്. എതിർപ്പ് അർഥഗർഭവും. ചിന്തിപ്പിക്കുന്നുണ്ടു വാക്കുകൾ. പ്രകോപിപ്പിക്കുന്നുണ്ട് എതിരാളികളെ.

എഴുത്തുകാരന്റെ ആയുധം വാക്കുകളാണ്. സ്ഫോടക വസ്തുക്കളേക്കാൾ മാരകശേഷിയുള്ള വാക്കുകൾ. ഇന്ത്യൻ എന്ന കവിതയിലെ ഓരോ വാക്കും കൊള്ളേണ്ടിടത്തു തന്നെ കൊള്ളുന്നു. മറുപടി എഴുതാൻ വെമ്പുന്നവരെപ്പോലും വിറകൊള്ളിക്കുന്നു. കവിതയെന്ന നിലയിൽ അതിന്റെ സാഫല്യം നേടുകയാണ് ഇന്ത്യൻ. വിരഹവും പ്രണയവും ഏകാന്തതയും യൗവ്വനത്തിന്റെ ഒറ്റപ്പെടലും മാത്രമല്ല തനിക്കു വഴങ്ങുന്നതെന്നും കവി തെളിയിക്കുന്നു. 2018ലും മലയാളം ചുള്ളിക്കാടിൽ നിന്നു പ്രതീക്ഷിക്കുന്നുണ്ട് മൂർച്ചയേറിയ രാഷ്ട്രീയ കവിതകൾ. ബാലചന്ദ്രന്റെ ഇഷ്ട കവി പാബ്ലോ നെരൂദയുടെ വാക്കുകൾ തന്നെ കവിയ്ക്കു പ്രേരണയാകട്ടെ:

വരൂ, ഈ തെരുവുകളിലെ രക്തം കാണൂ...

Read more: Lifestyle Malayalam MagazineBeauty Tips in Malayalam