Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നജീബ്,മരുഭൂമിയുടെ ദത്തുപുത്രാ സ്വാഗതം

benyamin

ഓരോരോ മുഖങ്ങളിലൂടെയും സഞ്ചരിച്ചു സഞ്ചരിച്ച് അർബാബ് മുന്നോട്ടു നടന്നു വരികയാണ് അയാൾ ഓരോ ചുവടുമുന്നോട്ടുവയ്ക്കുമ്പോഴും എന്റെ നെഞ്ച് അത്യുച്ചത്തിൽ മിടിച്ചു മനസ്സിലേക്ക് ഇനി ഒരു തിരിച്ചു പോക്ക് സങ്കൽപ്പിക്കുവാൻ എനിക്കാവില്ലായിരുന്നു. അള്ളാ ഇനിയും....? വയ്യ എന്നോടു കരുണ കാട്ടണേ. എന്റെ മനസ്സ് നീറികരഞ്ഞു. 

ഒരു വ്യാഴവട്ടം മുമ്പ് 2008-ൽ ആണ് മലയാളി ഈ നീറിക്കരച്ചിൽ കേട്ടത്. നജീബിന്റെ കരച്ചിൽ. ആടു ജീവിതത്തിലൂടെ... അന്ന് അർബാബ് നജീബിന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കിയിട്ട്, തോളിൽ തട്ടി നടന്നു നീങ്ങി. അർബാബ് അന്വേഷിക്കുന്നയാളല്ലായിരുന്നു നജീബ്. ആയിരുന്നെങ്കിൽ പൊലീസ് സ്റ്റേഷൻ മുതൽ മസറ വരെ നജീബിനെ വലിച്ചിഴച്ചനേ എന്നാണ് അർബാബ് പറഞ്ഞത്. 

ആഗ്രഹിക്കുമ്പോൾ നിർഭാഗ്യങ്ങള്‍ കൂടി കടന്നുവരാൻ മടിക്കുന്നു എന്നൊരു വാചകമുണ്ട് നോവലിൽ. ചില നിമിഷങ്ങളിൽ ആഗ്രഹിക്കാതിരിക്കുമ്പോൾ ഭാഗ്യം തന്നെ കടന്നു വരാം എന്ന് ആ വചകത്തെ മാറ്റാവുന്നതാണ് അർബാബിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കപ്പെടുകയാണ് നജീബ്. ബോർഡിങ് പാസുമായി അയാള്‍ വിമാനത്തിലേക്ക്. അന്നു വിമാനം കയറിയ നജീബിനെ ഒന്നു കാണണമെന്നു കൊതിച്ചിട്ടുണ്ട്. ആടുജീവിതം വായിച്ചവരൊക്കെ. എന്തൊക്കെ ചോദിക്കാനുണ്ട് നജീബിനോട്. മരുഭൂമിയുടെ ക്രൂരകാരുണ്യം ആവോളം അനുഭവിച്ച ആ കൈകളിൽ ഒന്നു തൊട്ടുനോക്കണമെന്നു പോലും ആഗ്രഹിച്ചിട്ടുണ്ട്. കാത്തിരിപ്പിന് അവസാനമാകുന്നു. നജീബിനെ നേരിൽ കാണാൻ അവസരം ഒരുങ്ങുന്നു. ആ വാക്കുകൾ കേൾക്കണം. തിരുവനന്തപുരത്തു നടക്കുന്ന ലോക കേരള സഭയിൽ പങ്കെടുക്കാനാണ് നജീബ് വരുന്നത്. ജോലി ചെയ്യുന്ന ബഹ്റൈനിൽ നിന്ന്. എഴുത്തുകാരൻ ബെന്യാമിനൊപ്പം. 12, 13 തീയതികളിൽ നിയമസഭ ഹാളിലാണു സമ്മേളനം.

വർഷങ്ങൾക്കു മുമ്പ് സുനിൽ എന്ന സുഹൃത്താണ് നജീബ് എന്നൊരാളെക്കുറിച്ച് ബെന്യാമിനോട് പറയുന്നത്. ആദ്യം എഴുത്തുകാരൻ അതു ഗൗരവമായി എടുത്തില്ല. സുനിൽ നിർബന്ധിച്ചുകൊണ്ടിരുന്നു പോകണം സംസാരിക്കണം അയാൾ പറയുന്നതു കേൾക്കണം. കഴിയുമെങ്കിൽ എഴുതണം. 

ബെന്യാമിൻ നജീബിനെ കണ്ടു. നിർമമനായി ഒരു മനുഷ്യൻ, ഞാനതൊക്കെ എന്നേ മറന്നു എന്നായിരുന്നു നജീബിന്റെ ആദ്യ പ്രതികരണം. ഏറെ നിർബന്ധിച്ചപ്പോള്‍ നജീബ് പറഞ്ഞു തുടങ്ങി. മറന്നെന്നു വിചാരിച്ചു കിടന്ന സംഭവങ്ങൾ. അതിന്റെ തീക്ഷ്ണതയിൽ അമ്പരന്നു നിന്നു എഴുത്തുകാരൻ. പിന്നെ ഒരുപാടു തവണ അവർ കണ്ടുമുട്ടി. മണിക്കൂറുകളോളം നജീബിനെ കൊണ്ടു സംസാരിപ്പിച്ചു. സൂക്ഷ്മാംശവും ചോദിച്ചറിഞ്ഞു. നജീബിന്റെ കഥ കേട്ടപ്പോൾ ഇതുവരെ കേട്ട കഥകളൊക്കെ എത്ര ഉപരിപ്ലവമായിരുന്നു എന്നു മനസ്സിൽ ഓർത്തു. 

നജീബിനെ പരിചയപ്പെടണം എന്നേ ഉദ്ദേശിച്ചിരുന്നുള്ളൂ ബെന്യാമിൻ. പക്ഷേ അയാളുടെ അനുഭവം കേട്ടപ്പോൾ എഴുതാതിരിക്കാൻ ആകാത്ത അവസ്ഥയായി. മരുഭൂമിയുടെ തീക്ഷ്ണത അറിഞ്ഞ മനുഷ്യൻ. ഒരു യഥാർഥ പ്രവാസിയുടെ ജീവിതം അനുഭവിച്ചു തീർത്തയാൾ. ആ ജീവിതം വായന അർഹിക്കുന്നുണ്ട്. അങ്ങനെ ബെന്യാമിൻ എഴുതിത്തുടങ്ങി. നജീബിന്റെ കഥ അല്ല ജീവിതം ആടുജീവിതം.

വായിച്ചറിഞ്ഞതിലും കൂടുതൽ കാര്യങ്ങൾ ഒരു പക്ഷേ നജീബിനു പറയാനുണ്ടാകും. പുസ്തകത്തിൽ ചേർക്കാനിരുന്നവ ഉൾപ്പെടുത്താതിരുന്നവ. കഥയുടെ അടുക്കും തൊങ്ങലുമില്ലാതെ നജീബ് പറയട്ടെ. 

മഴയ്ക്കുശേഷം വരണ്ട മണ്ണിനു മേലേ പൊന്തിവന്ന പച്ചവിരിപ്പുകളിൽ ഒരു കുഞ്ഞു ചെടി കഷ്ടതയുടെ നാളുകളിൽ നജീബിന് ആത്മവിശ്വാസം കൊടുക്കുന്നുണ്ട്: നജീബേ, മരുഭൂമിയുടെ ദത്തുപുത്രാ, ഞങ്ങളെപ്പോലെ നീയും നിന്റെ ജീവനെ അടക്കിപ്പിടിച്ച് ഈ മരുഭൂമിയോട് മല്ലിടുക. തീക്കാറ്റും വെയിൽ നാളവും നിന്നെ കടന്നുപോകും. നീ അവയ്ക്കു മുന്നിൽ കീഴടങ്ങരുത്. അതു നിന്റെ ജീവനെ ചോദിക്കും വിട്ടു കൊടുക്കരുത്. 

മരുഭൂമിയും തീക്കാറ്റും വെയിൽ നാളവും കടന്ന് നജീബ് എത്തിയിരിക്കുന്നു. വിലങ്ങണിഞ്ഞ എൺപത് ആടുകളെ മസറയിലേക്ക് ആട്ടിത്തെളിച്ചു കൊണ്ടു പോകുന്നതുപോലെ വിമാനത്തിലേക്കു നടന്ന നജീബ്

വരവേൽക്കാം നജീബിനെ.....

ആടുജീവിതം സമ്മാനിച്ച ബെന്യാമിനെ......

അനുഭവങ്ങളുടെ തീക്ഷ്ണതയെ.....

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം