Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒളിവുകാലത്തെ പ്രണയം, ക്യൂബയിൽ നിന്ന് ഒളിമങ്ങാത്ത ഒരു പ്രണയകഥ

che-guevara ചെ ഗവാര

സ്ത്രീകൾക്കു നേടാവുന്ന മൂന്നേമൂന്നു മഹാഭാഗ്യങ്ങളെക്കുറിച്ച് എഴുതിയിട്ടുണ്ട് ‘സിദ്ധാർഥ’ എന്ന നോവലിലൂടെ പ്രസിദ്ധനായ ജർമൻ എഴുത്തുകാരൻ ഹെർമൻ ഹെസ്സെ. 1. ഒരു ചക്രവർത്തിയുടെ ഭാര്യാപദം, 2. വിപ്ലവകാരിയുടെ കാമുകി, 3. രക്തസാക്ഷിയുടെ അമ്മ. വിവേചനത്തിന്റെ അതിർത്തികൾ മായ്ച്ച് വനിതകൾ മുന്നോട്ടു വരുന്ന പുതുകാലത്ത് ഈ ആശയങ്ങളുടെ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്യാമെങ്കിലും അവയുടെ കാൽപനികഭംഗിക്കു മങ്ങലേറ്റിട്ടില്ല. വിപ്ലവകാരിയുടെ കാമുകി ഭാഗ്യം ചെയ്തവളാണെങ്കിൽ മഹാഭാഗ്യവതിയാണ് ‘എല്‍ പടോജോ’യുടെ പേരറിയാത്ത കാമുകി. ഒളിവുജീവിതവും ഒളിഞ്ഞുനോട്ടക്കാരും വിവാദം സൃഷ്ടിക്കുന്ന പുതിയ കാലത്ത് ഏറെ പ്രസക്തിയുണ്ട് എൽ പടോജോയുടെ പ്രണയത്തിന്. കാമുകിക്ക് അവസാനമായി അദ്ദേഹമെഴുതിയ കവിതയ്ക്കും.

എൽ പടോജോയെ ലോകത്തിനു പരിചയപ്പെടുത്തിയത് ചെ ഗവാര. ക്യൂബൻ വിപ്ലവത്തിന്റെ അനശ്വര നക്ഷത്രം. ജൂലിയോ റോബർട്ടോ കാസെറസ് വാലെ എന്നായിരുന്നു എൽ പടോജോയുടെ യഥാർഥ പേര്. ഗ്വാട്ടിമാലയിലെ വാക്കുകളിൽ ‘പയ്യൻ’ എന്നർഥം വരുന്ന എൽപടോജോ എന്നദ്ദേഹത്തെ  കളിയാക്കി വിളിച്ചു അടുത്ത സ്നേഹിതനായ ചെ ഗവാര. ക്യൂബൻ വിപ്ലവത്തില്‍ ചെയുടെയും കാസ്ട്രോയുടെയും സഹപ്രവര്‍ത്തകനായിരുന്നു എൽപ ടോജോ. ഗ്വാട്ടിമാലയിലായിരിക്കെ ഒരു വിപ്ലവ ശ്രമം പരാജയപ്പെട്ടപ്പോൾ മെക്സിക്കോസിറ്റിയിലേക്ക് ഓടിപ്പോയവരിൽ ചെയും എൽപടോ ജോയും ഉണ്ടായിരുന്നു.

മെക്സിക്കോ സിറ്റിയില്‍ വച്ച് കയ്യിലുണ്ടായിരുന്ന തുച്ഛമായ കാശിന് ചെ ഒരു ക്യാമറ വാങ്ങി. ആ ക്യാമറയിൽ ഫോട്ടോ എടുത്തു കൊടുത്താണ് അക്കാലത്ത് അവരിരുവരും ജീവിച്ചിരുന്നത്. പിന്നീട് എൽപടോജോ പത്രപ്രതിനിധിയായി. മെക്സിക്കോ സർവകലാശാലയിൽ വിദ്യാർഥിയായി ചേർന്നു. പലവിധ തൊഴിലുകളെടുത്ത് ഉപജീവനം കഴിച്ചു. അവസാന കാലത്ത് തന്റെ ജനതയെ സേവിക്കുന്നതിനായി അദ്ദേഹം ജീവിതം സമർപ്പിച്ചു. ഗ്വാട്ടിമാലൻ വർക്കേഴ്സ് പാർട്ടിയിൽ അംഗമായി. 

ക്യൂബയിലായിരുന്നപ്പോൾ ഒരേ വസതിയിൽ താമസിച്ചിട്ടുണ്ട് എൽപടോജോയും, ചെയും പെട്ടെന്നായിരുന്നു സ്വന്തം നാടായ ഗ്വാട്ടിമാലയിലേക്ക് പോകാൻ അദ്ദേഹം തീരുമാനമെടുത്തത്. സ്വന്തം നാടിനെ വിമോചിപ്പിക്കാൻ. വിപ്ലവകാരിയാകാൻ. എനിക്കെന്റെ കടമ നിറവേറ്റണം; അങ്ങനെ പറഞ്ഞു കൊണ്ടു എൽപടോജോ പോയി. 

സൈനിക പരീശീലനമൊന്നും ലഭിച്ചിരുന്നില്ല എൽ പടോജോയ്ക്ക് ക്യൂബയിലെ ഗറില്ലാ യുദ്ധം അനുകരിച്ച് ആയുധമേന്തി പോരാടാനായിരുന്നു ആ യാത്ര. ഗ്വാട്ടിമാലയിലേക്ക് എൽപടോജോ തിരിച്ചു പോയി. ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ ആ വാർത്തയുമെത്തി. എൽപടോജോയുടെ മരണ വാർത്ത. ആ വാര്‍ത്ത സത്യാമകരുതേ എന്ന് ആഗ്രഹിച്ചു. പേരുകൾ മാറിപ്പോയിരിക്കാമെന്നും വിചാരിച്ചു. പക്ഷേ ആ വാർത്ത സത്യമായിരുന്നു. മൃതദേഹം തിരിച്ചറിഞ്ഞത് അമ്മ......

വേർപാടിന്റെ വേളയിൽ ചെ യോട് എൽപടോജോ ഒന്നും ആവശ്യപ്പെട്ടിരുന്നില്ല. ശുപാർശ നടത്തിയില്ല. വ്യക്തിപരമായ എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് ഒരു വേവലാതിയും ഇല്ലായിരുന്നു അദ്ദേഹത്തിന്. മെക്സിക്കോയിലെ സുഹൃത്തുക്കൾ ഒരു ബുക്കിൽ എല്‍ പടോജോ കുറിച്ചിട്ട ഏതാനും വരികൾ ചെ യെ കാണിച്ചു കൊടുത്തു. ഒരു വിപ്ലവകാരിയുടെ അവസാന വരികൾ. പ്രിയപ്പെട്ട പെണ്ണിനോടുള്ള, അവൾക്കു വേണ്ടി എഴുതിയ പ്രണയ ഗാനവും. ക്യൂബയിൽ വച്ചു കണ്ടുമുട്ടി സ്നേഹിച്ച പെൺകുട്ടിയായിരുന്നു എൽപടോജോയുടെ കാമുകി. പേരറിയാത്ത പെൺകുട്ടി.

ഏറ്റുവാങ്ങുക, ഇതൊരു ഹൃദയമാണ്

നിന്റെ കയ്യാൽ മുറുകെ പിടിക്കുക,

പ്രഭാതം പൊട്ടി വിടരുമ്പോൾ

നിന്റെ കൈ തുറക്കുക.

സൂര്യ രശ്മികൾ അതിനെ ഊഷ്മളമാക്കട്ടെ. 

ക്യൂബയിലെ പ്രണയിനിയുടെ കയ്യിൽ ഇപ്പോഴുമുണ്ടായിരിക്കണം ആ ഹൃദയം. ഇന്നും ക്യൂബയിൽ ഉദിച്ചുയരുന്ന സൂര്യൻ ആ ഹൃദയത്തെ ഊഷ്മളമാക്കുന്നുണ്ടായിരിക്കും!

ചെയെക്കുറിച്ച് നിക്കോളസ് ഗിൻ എഴുതിയ കവിത എൽപടോജോയ്ക്കു ചേരും. 

നീ വീണു പോയിട്ടും

നിന്റെ വെളിച്ചം മങ്ങിയിട്ടില്ല.

ഗിരിനിരയിലെ കാറ്റിനും മേഘങ്ങൾക്കുമിടയിൽ 

നിന്റെ ഗറില്ലാപ്രതിമ താങ്ങി നിർത്തുന്നത് 

ഒരു നീർക്കുതിരയാണ്. 

അവർ നിന്നെ നിശ്ശബ്ദനാക്കിയിട്ടും 

നീ മൂകനല്ല

അവർ നിന്നെ ചുട്ടെരിച്ചാലും 

മണ്ണിൽ കുഴിച്ചിട്ടഴുകിയാലും

സെമിത്തേരികളിലും കാടുകളിലും ചതുപ്പുകളിലും 

ഒളിച്ചു വച്ചാലും

നിന്നെ കണ്ടെത്തുന്നതിൽ  നിന്നും 

ഞങ്ങളെ തടയാൻ 

അവർക്കു സാധിക്കുകയില്ല

പ്രിയ നേതാവേ, സുഹൃത്തേ.....

(കവിത പരിഭാഷ: അയ്യപ്പപണിക്കർ )

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം