Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരിക്കൂറിലെ ചായക്കടയും മലയാള സാഹിത്യവും തമ്മിലെന്ത് ബന്ധം?

irikur-tea-shop . മീൻ വിൽപ്പന തൊഴിലായിരുന്ന ഷുക്കൂർ ശാരീരം പണിമുടക്കിത്തുടങ്ങിയതോടെയാണ് ചായക്കട നടത്താൻ തീരുമാനിച്ചത്. സമയമേറെയുള്ളതിനാൽ ചായക്കടയുടെ കൂടെ മറ്റെന്തെങ്കിലുമൊക്കെയാകാമെന്നും ആലോചനയുണ്ടായി....

കണ്ണൂർ ജില്ലയിലെ ഇരിക്കൂര്‍ പെടയങ്ങോട് ഗ്രാമത്തിലെ ഒരു കൊച്ചു ചായക്കട, അതിന്റെ നടത്തിപ്പുകാരൻ ഷുക്കൂർ. മൂന്നു വർഷങ്ങൾക്ക് മുൻപാണ് സാഹിത്യപ്രേമിയായ ഷുക്കൂറിന്റെ ചായക്കടയിൽ സാഹിത്യ ചർച്ചകൾക്കു തുടക്കമാകുന്നത്. ചായക്കടയിലെ എണ്ണപ്പാത്രത്തിൽ മൊരിഞ്ഞു വന്ന പലഹാരങ്ങൾക്കും ചൂടൻ‌ ചായയ്ക്കുമൊപ്പം അൽപ്പം സാഹിത്യവും, സംഭവം ക്ലാസായി. രണ്ടാമതൊന്നാലോചിക്കാതെ സാഹിത്യ ചർച്ചയ്ക്കും അയാൾ പേരിട്ടു, വരാന്ത ചായപ്പീടിക ചർച്ച.

തുടങ്ങിയിട്ട് ഇതുവരെ യാതൊരു മുടക്കവും കൂടാതെയാണ് സാഹിത്യ ചർച്ചകൾക്ക് ഈ ചായക്കട വേദിയായത്. മീൻ വിൽപ്പന തൊഴിലായിരുന്ന ഷുക്കൂർ ശരീരം പണിമുടക്കിത്തുടങ്ങിയതോടെയാണ് ചായക്കട നടത്താൻ തീരുമാനിച്ചത്. സമയമേറെയുള്ളതിനാൽ ചായക്കടയുടെ കൂടെ മറ്റെന്തെങ്കിലുമൊക്കെയാകാമെന്നും ആലോചനയുണ്ടായി. അങ്ങനെയാണ് 2014 ഡിസംബറിൽ ആദ്യത്തെ സാഹിത്യ ചർച്ച ഇവിടെ പിറവി കൊള്ളുന്നത്.

കപ്പ, ചുക്കുകാപ്പിയും കൂടെ  സാഹിത്യവും

lit-debate-irikkur-tea-shop

ബിനോയ് തോമസിന്റെ കരിക്കോട്ടക്കരി എന്ന പുസ്തകമാണ് ആദ്യത്തെ വരാന്ത ചർച്ചയില്‍ വിഷയമാക്കാൻ ഷുക്കൂർ തിരഞ്ഞെടുത്തത്. ആദ്യത്തെ പരിപാടിയായതിനാൽ നല്ലൊരു ഉദ്ഘാടനവും വേണം. സാഹിത്യകാരൻ എൻ. പ്രഭാകരൻ അങ്ങനെ ചായപ്പീടിക സാഹിത്യ ചർച്ചയുടെ ഉദ്ഘാടകനായെത്തി. പ്രഭാകരൻ മടിക്കൈയുടെ കൊരുവാനത്തെ പൂതങ്ങളെന്ന നോവലും തുടർന്ന് ചർച്ചാവിഷയമായി. തുടർന്നിങ്ങോട്ട് 23ലധികം സാഹിത്യചർച്ചകളിലൂടെ  നിരവധി പുസ്തകങ്ങൾ പെടയങ്ങോട്ടെ കൊച്ചു ചായക്കടയിൽ ചർച്ചാവിഷയമായി. ചർച്ചകളിലൂടെ സാഹിത്യത്തിൽ നിന്ന് അകന്നുപോകുന്ന ഒരു പറ്റം യുവാക്കളെയെങ്കിലും വായനയുടെ ലോകത്തെത്തിക്കാമെന്നും ഷുക്കൂർ സ്വപ്നം കാണുന്നു.

ചെറുപലഹാരങ്ങൾ ചായക്കടയിൽ വിൽപ്പനയുണ്ടെങ്കിലും സാഹിത്യ ചർച്ചയുള്ള ദിവസം കപ്പ പുഴുങ്ങിയതും മുളക് ചമ്മന്തിയും ചുക്കുകാപ്പിയുമായിരിക്കും മുഖ്യ പലഹാരം. ചർച്ചയ്ക്കെത്തുന്നവർക്ക് സൗജന്യമായാണ് ഇവയുടെ വിതരണം. അപ്പോൾ ചിലവുകൾ എങ്ങനെ നടക്കുന്നുവെന്നു ചോദിച്ചാൽ ഉത്തരം സിമ്പിൾ. സൈഡ് ബിസിനസായി കൊണ്ടു നടക്കുന്ന പുസ്തകം വിൽപ്പനയിൽ നിന്ന് കുറച്ചുതുക കിട്ടും. പുസ്തകത്തിൽ നിന്നും കിട്ടുന്നതിന്റെ ഒരു പങ്ക് പുസ്തകത്തിന് വേണ്ടി തന്നെ ചിലവാക്കുന്നു അത്രേയുള്ളു. സ്നേഹത്തിന്റെ പേരിൽ കൊടുക്കുന്ന കപ്പയ്ക്ക് പണം വാങ്ങാനാകില്ലെന്ന് ഷുക്കൂർ കട്ടായം പറയുന്നു.

നാട്ടിൽ വായനയോടും ചർച്ചകളോടും പ്രിയമുള്ള യുവാക്കൾ ഉണ്ട്. പല പരിപാടികൾക്കും കപ്പ നൽകുന്നത് അവരായിരിക്കും. അതുകൊണ്ടു തന്നെ വലിയ ചിലവുകളില്ലാതെയാണ് ചർച്ചകൾ നടക്കുക. ഓരോ മാസവും ചർച്ചകൾക്കായി ദൂരദിക്കുകളിൽ നിന്നുപോലും ആൾക്കാർ എത്താറുണ്ട്. ഏറെ യാത്ര ചെയ്തെത്തുന്ന ഇവരിൽ നിന്ന് ഭക്ഷണത്തിന്റെ പണം വാങ്ങുന്നത് നീതിയല്ലെന്നാണ് ഷുക്കൂറിന്റെ പക്ഷം.

മീൻ വിൽപ്പന മുതൽ ചായക്കച്ചവടം  വരെ

അഞ്ചാം ക്ലാസ് വരെ മാത്രമാണ് സ്കൂളിൽ പോകാൻ സാധിച്ചിട്ടുള്ളത്. പിന്നീടുള്ളതെല്ലാം പത്രങ്ങളിൽ നിന്നും പുസ്തകങ്ങളിലും നിന്നും ലഭിക്കുന്ന അറിവാണെന്നാണ് ഷുക്കൂർ പറയുന്നത്. 18 വർഷത്തോളം ഉപജീവനത്തിനായി മീൻവിൽപ്പനയല്ലാതെ മറ്റൊരു തൊഴിലും ചെയ്തില്ല. പ്രായമായതോടെ മീൻ ചുമന്ന് ഏറെ ദൂരം നടക്കാൻ കഴിയാതായതോടെയാണ് അതുപേക്ഷിക്കുന്നത്. പക്ഷേ പുസ്തകങ്ങളുമായുള്ള ചങ്ങാത്തം കൂടുതൽ ഉറപ്പിക്കാനാണ് അത് ഷുക്കൂറിനെ സഹായിച്ചത്. മീൻ വിറ്റു നടന്നയാൾ അങ്ങനെ പുസ്തക കച്ചവടക്കാരനായി. വിവിധ സ്ഥാപനങ്ങളുടെ വരാന്തകളിലായിരുന്നു കച്ചവടം. പാർട്ടി സമ്മേളനങ്ങൾ, കലോൽസവം തുടങ്ങിയ ഇടങ്ങളിലും താൽക്കാലിക കടകളിട്ട് വിൽപ്പന നടത്തും. വായനയോടൊപ്പം സിനിമാക്കമ്പവും കുറച്ചുള്ളതിനാൽ തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രമേളയിലും തന്റെ പുസ്തകങ്ങളുമായി കറങ്ങി നടപ്പുണ്ടാകും ഈ കണ്ണൂരുകാരൻ. നല്ല സിനിമകളും ഒപ്പം കാണാമെന്നതാണ് അതിലെ ലാഭം. 

പുസ്തക വിൽപ്പനയിൽ നിന്നുള്ള വരുമാനം പേരിനു മാത്രമായത് കൊണ്ടാണ് സ്വന്തം ഗ്രാമത്തില്‍ ഒരു കൊച്ചു ചായക്കട കൂടി തുടങ്ങാൻ ഷുക്കൂർ തീരുമാനിക്കുന്നത്. പിന്നീട് പുസ്തക ചർച്ചകളും ആരംഭിച്ചു. 

സാഹിത്യവും വഴങ്ങും ഈ കൈകളിൽ

shukkoor

പുസ്തകങ്ങളുമായുള്ള ചങ്ങാത്തത്തിൽ സാഹിത്യവും പലകുറി പയറ്റിനോക്കിയിട്ടുണ്ട് ഷുക്കൂർ. രണ്ടാം ക്ലാസിനോടടുത്താണ് പുസ്തകങ്ങളോട് കമ്പം കയറുന്നതെങ്കിലും സ്വന്തമായി എന്തെങ്കിലും എഴുതുന്നത് 13–ാം വയസ്സിലാണ്. കുട്ടികളുടെ കയ്യിൽ നിന്ന് ലഭിക്കുന്ന പുസ്തകങ്ങളാണ് അക്കാലത്തെ വായനയ്ക്കായുള്ള മുഖ്യവഴി. വലിയ വായനശാലകളൊന്നും വർഷങ്ങള്‍ക്കു മുമ്പ് ഇരിക്കൂർ ഗ്രാമത്തിലുണ്ടായിരുന്നില്ല. ആകെയുള്ള ചെറിയ വായനശാലയിൽ മനോരമ ആഴ്ചപ്പതിപ്പ് എത്തുന്നത് കാത്തിരുന്ന കാലങ്ങളും ഒട്ടും മായാതെ ഷുക്കൂര്‍ പങ്കുവെച്ചു. 

പലപ്പോഴും ആഴ്ചപ്പതിപ്പ് എത്തുന്ന ദിവസം തന്നെ കൈക്കലാക്കാൻ നേരത്തെ വായനശാലയിൽ ചെന്നിരിക്കും. എന്നാൽ കയ്യിൽകിട്ടിയാ‍ൽ പിന്നെ മുഴുവനും വായിച്ചുതീർത്തിട്ടേ തിരികെ നൽകു. അതുകൊണ്ട് വായനശാല നോക്കി നടത്തുന്നയാൾക്ക് എനിക്ക് ആഴ്ചപ്പതിപ്പ് നൽകാന്‍ അത്ര വലിയ താൽപ്പര്യമൊന്നുമില്ല. എങ്കിലും സോപ്പിട്ട് നിന്നാൾ അയാളുടെ മനസ്സലിയുമായിരുന്നു– ഷുക്കൂർ പറയുന്നു. 

ആഴങ്ങളിലെ ജീവിതം, മഴപ്പൊള്ളൽ എന്നിങ്ങനെ രണ്ടു കവിതാസമാഹാരങ്ങള്‍ പുറത്തിറക്കി. ആത്മകഥയ്ക്ക് സമാനമായി വരാന്ത എന്ന പേരിൽ ഒരു നോവലും എഴുതിയിട്ടുണ്ട്. കുടകിലേക്ക് തൊഴിൽ തേടി പോകുന്ന രണ്ടു കുട്ടികളുടെ കഥയാണത്. കവിതകളില്‍ ആഴങ്ങളിലെ ജീവിതം പിന്നീട് തമിഴ് ഭാഷയിലേക്ക് മൊഴിമാറ്റപ്പെട്ടിട്ടുണ്ട്. നിലവിളികളുടെ ഭാഷ, ഒൻപതു പെണ്ണുങ്ങൾ എന്നിവയും ഷുക്കൂറിന്റെ പ്രധാനപ്പെട്ട കവിതകളാണ്. അറ്റ്‍ലസ് കൈരളി കവിതാ പുരസ്കാരമുൾപ്പെടെ നിരവധി അവാർഡുകളും ഈ പുസ്തകക്കച്ചവടക്കാരനെ തേടിയെത്തി. പിന്തുണയുമായി ഭാര്യ ആയിഷയും നാലുമക്കളും കൂടെയുള്ളപ്പോൾ ആഗ്രഹിക്കുന്നത് ചെയ്യാൻ എന്തിനു മടിക്കണമെന്ന് ഷുക്കൂർ പറഞ്ഞുവെക്കുന്നു.