Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയമെഴുതിയ പുസ്തകങ്ങൾ...

books

പ്രണയം ലോകത്തിന്റെ എല്ലാ ഭാഷയ്ക്കും എതിർ നിൽക്കുന്നു, എത്ര എഴുതിയാലാണ് നിനക്കെന്നെ മുഴുവനായി പകർത്താനാവുക എന്ന വെല്ലുവിളിയോടെ..  എത്ര എഴുതികഴിഞ്ഞിട്ടും വായിച്ചു നിർത്തിയിട്ടും വീണ്ടുമെഴുത്തിലെ, പുനർവായനയിലെ പുതുമ കാത്തുവയ്ക്കുന്നത് ഈ എതിർ നിൽപ്പാണ്. ഇതല്ല ഇതല്ല എന്നുരുവിട്ട് ഏത് എഴുത്തിൽ നിന്നും അകന്നു മാറി, പുനരെഴുത്തിനു കനൽ നീറ്റി അത് മനുഷ്യ ജീവിതത്തിലും ഭാഷയിലും വെല്ലുവിളിയുടെ നിരന്തര പ്രേരണ തീർക്കുന്നു. 

കവികളാണ് ആ വെല്ലുവിളിയുടെ മത്സരസാധ്യത കണ്ടെടുത്ത് സ്വന്തം ഭാഷയിൽ രാകി മൂർച്ച ചേർത്ത് പലതും വിളയിച്ചെടുത്തിട്ടുള്ളത്. പ്രണയത്തിനും കവിതയിൽ രൂപപ്പെട്ടു സാക്ഷാത്ക്കാരം നേടുന്നതിലാണ് ആവിഷ്ക്കാര സംതൃപ്തി. അങ്ങനെ കഥയിലേക്കാൾ, നോവലിനേക്കാൾ കവിതയിൽ പ്രണയം പലവുരു കണ്ണാടി നോക്കി. 

പ്രണയം തന്റെ ആവിഷ്കാരത്തിന് ഭാഷയിലെ ഒരു സാധ്യത കണ്ടെത്തുമ്പോൾ പ്രപഞ്ചം അതിന്റെ പലമാന ബിംബങ്ങളാൽ ൈകനീട്ടി നിന്ന് പരിണമിക്കലിന്റെ വിസ്മയ തീരത്തേക്ക് അതിനെ നയിക്കുന്നു. പ്രണയം പറയുന്നതിന് ഹംസത്തെ നൽകിയും, വിരഹദുഃഖം കൈമാറുന്നതിന് മേഘത്തെ നൽകിയും, ക്രൗഞ്ചമിഥുനങ്ങളുടെ ഇണനഷ്ടയാതനയെ ആദികവിയുടെ ഭാഷയിലേക്ക് ആനയിച്ചിരുത്തിയും, മലയാള ഭാഷാപിതാവിന് പാടി തീർക്കാൻ കിളിയെ നൽകിയും, പ്രപഞ്ചവും ഭാഷയും അർഥ, ആശയ കൈമാറ്റങ്ങളുടെ ഒരു വലിയ ലോകം തന്നെ തീർത്തു. ചെറിമരത്തോട് വസന്തം ചെയ്യുന്നതാണ് എനിക്ക് നിന്നോട് ചെയ്യുവാനുള്ളത് എന്ന് പാബ്ലോ നെരൂദയ്ക്ക് കവിതയിൽ ആവിഷ്കരിക്കാൻ ആവുന്നത് ഈ അർഥ–ആശയ കൈമാറ്റത്തിന്റെ വിശാല അനുഭവം തൊടുന്നതിനാലാണ്. ലോകാവസാനം എന്ന ഭീതി ഒഴിഞ്ഞു പോകുന്നതു കാണുക വീരാൻകുട്ടിയിൽ– ഭൂമിയുടെ ഏതെങ്കിലുമൊരു കോണിൽ പ്രണയിക്കുന്ന രണ്ടു പേരിരുന്ന് സംസാരിക്കുന്നത് തീരാൻ ദൈവം കാത്തു നിൽക്കുന്നതുകൊണ്ട് അവസാനിക്കുമെന്നു തോന്നുന്നില്ല. ലോകം ഉടനെയൊന്നും. എന്നാണ്, ‘എന്നിട്ടും’ എന്ന ചെറിയ കവിതയിൽ പ്രണയം കണ്ണാടി കണ്ടത്. പ്രഞ്ചത്തിലെ എന്തിനേയും ഇങ്ങനെ ഭാഷയിലേക്ക് മൊഴിമാറ്റിച്ചേർത്ത് പ്രണയത്തിന്റെ ആത്മസാക്ഷാത്ക്കാരത്തിനുള്ള തെളിനീർ കണ്ണാടിയായി കാലം വിരുതുകാട്ടി നിൽക്കുന്നു. പ്രപഞ്ചവും കാലവും മനുഷ്യനും ഭാഷയും ബിംബവും ശൈലിയും രൂപവും നിറവും പരസ്പരം ആശ്ലേഷിച്ചും, എതിർ നിന്ന് വീറ് കാട്ടിയും, കലഹിച്ചും, പ്രണയ പൂർണ്ണതയുടെ മികവാർന്ന പല അടരുകൾ കവിതയിൽ നിക്ഷേപിച്ചു. 

tp-rajeevan

നൂറു വട്ടം കവിതയിൽ കണ്ണാടി നോക്കി പ്രണയസ്വത്വത്തിന്റെ ആഴവും പരപ്പും അനുഭവിപ്പിച്ച് മറ്റു കവികളേയും ഭാഷാവിഷ്ക്കാരങ്ങളേയും തേടി പോവുകയാണ് ടി.പി. രാജീവന്റെ ‘പ്രണയശതക’ത്തിൽ നിന്നും പ്രണയം. അവിചാരിതമായ ആകസ്മികതകൾ അനുഭവിപ്പിക്കുന്ന പ്രണയാവിഷ്കാരങ്ങളുടെ നൂറു സന്ദർഭങ്ങൾ വായനക്കാർ തൊട്ടറിഞ്ഞ് കടന്നു പോകും. ആദ്യത്തേതായ എല്ലാം – വിസ്മയം, വികാരം, വിചാരം, വിരഹം, വിലക്ക്, വിങ്ങൽ, വിടരൽ, വിതുമ്പൽ, വിറയൽ, വീഴ്ച, വിലാപം, വിജയം എന്നിങ്ങനെ എത്രയോ ഭാവത്തിൽ അനുഭവിച്ചു നിറഞ്ഞ്, പ്രണയത്തിന്റെ ആഴപരപ്പിൽ നീന്തി ഒഴുകാൻ‍ കൈ ചൂണ്ടിയും, കൈ നീട്ടിയും, കൈ പിടിച്ചും വഴി നടത്തുന്ന മാന്ത്രിക സ്പർശം. വായനക്കിടയിൽ കൊളുത്തി വലിച്ചു മുറിപ്പെടുത്തുന്ന ചിലത് ഏതു പ്രണയത്തിന്റേയും തിരിച്ചറിയൽ മുദ്രയായി തീർച്ചപ്പെട്ട് അനുഭവങ്ങളുടെ ആഴം കൂട്ടും. ‘‘എനിക്കറിയില്ല എത്രമാത്രം വേണം എനിക്കു നിന്നെയെന്ന് / എനിക്കു നിന്നെ മനസ്സിലാകുന്നില്ല. നിന്നിൽ നിന്ന് പുറത്തു കടക്കാനും കഴിയുന്നില്ല. ഞാനൊരു വൃക്ഷത്തലപ്പല്ല. വേരാണ് / ഞാൻ നിന്റെ വാക്കുകള്‍ക്കായി കാത്തിരിക്കുന്നു, ഏത് സ്വപ്നത്തിൽ നിന്നാണ് നിന്റെ ഹൃദയത്തിലേക്ക് കാലെടുത്തു വെക്കേണ്ടത് എന്നറിയാതെ / ഇന്നലെ രാത്രി ഇരുട്ടില്‍ നിശ്ശബ്ദമായ സെൽഫോണിൽ ഒരു മിന്നാമിന്നി വന്നിരുന്നു / നിന്നോട് പറയാനുള്ള വാക്കുകൾ രാകിരാകി ഞാൻ ഭാഷ മറന്നു / വരിനെല്ലു കൊത്തി തിരിച്ചു പറക്കുന്നു നിന്നിലേക്ക് ഞാൻ പറത്തിവിട്ട വാക്കുകൾ / നീയിപ്പോൾ പറഞ്ഞത് എനിക്കു മനസ്സിലായില്ലെങ്കിലും വയൽവരമ്പിലെ കൈതക്കാടുകൾ പൂത്തു’’ എന്നിങ്ങനെ പലനിറം കാട്ടി അടയാളപ്പെടുന്നു പ്രണയം.

veerankutty

131 തവണ കണ്ണാടിനോക്കുന്നുണ്ട് വീരാൻകുട്ടിയുടെ ‘തൊട്ടു തൊട്ടു നടക്കുമ്പോൾ’ എന്ന പുസ്തകത്തിൽ പ്രണയം. പുസ്തകത്തിന്റെ പേരിടലിന് കാരണമാകുന്ന കവിത പുസ്തകത്തിന്റെ അവസാന താളുകളിലാണ് വിടർന്നു കാണുന്നത്. പ്രണയിക്കുന്ന രണ്ട് പേർ തൊട്ടു തൊട്ടു നടക്കുമ്പോൾ സംഭവിക്കുന്നതെല്ലാം വിടർത്തി കാട്ടുന്ന കവിത. പ്രണയികളോട് സഹികെട്ട് തോൽക്കുന്ന ദൈവം ഭൂമിയെ ഒരാൾക്കു മാത്രം നിൽക്കാൻ ഇടമുള്ളതാക്കി ചുരുക്കി കളയുന്നു. അന്നാദ്യമായി ദൈവത്തിന്റെ ഉദാരതയിൽ അവർ തൃപ്തിപ്പെടും എന്ന് വീരൻകുട്ടി എഴുതുന്നു. പിന്നെ രണ്ടാളായി തൊട്ടു നടക്കേണ്ടല്ലോ! അകന്നു പോയ ഏകാന്തതയുണ്ട് ഒരിടത്ത്– 'ഏകാന്തത ഇത്രമേൽ കൂടെയുള്ളപ്പോൾ ഞാൻ എങ്ങനെ ഒറ്റയ്ക്കാവും....?' ‘‘ലളിത പാചകം’’ എന്ന കവിത പറയുന്നതിങ്ങനെ – പ്രണയം ഉള്ളിൽ അടങ്ങി കത്തുന്നത് നിന്റെ കണ്ണുകളിൽ നിന്നറിയാം, കരുതലുള്ള നിന്റെ ചിരിയിൽ നിന്നറിയാം, ആയതിനാൽ ജീവിതം പാകത്തിൽ വെന്തു കിട്ടുന്നുണ്ടല്ലോ അല്ലെ? മറ്റൊരിടത്ത് ‘‘സന്ദർശനം’’ എന്ന കവിത ഇങ്ങനെയാണ്– വെയിൽ വെള്ളത്തിൽ എന്ന പോലെ നീ എന്നിൽ പ്രവേശിച്ചു, മഞ്ഞ് ഇലയിൽ നിന്ന് എന്ന പോലെ തിരിച്ചു പോവുകയും ചെയ്തു. എങ്കിലും നന്ദിയുണ്ട് നിന്നോട്, ഈ കെട്ടിക്കിടപ്പിനെ കുറഞ്ഞ നേരത്തേക്ക് നീ സ്ഫടികമെന്നു തോന്നിച്ചു. ഈ പുസ്തകത്തിന്റെ  നിർമ്മിതിയിലും പ്രണയം ഒളിഞ്ഞിരിക്കുന്നുണ്ട്. ചിത്രത്തുന്നലുകളുടെ എന്ന പോലെയുള്ള അരികുകളോടെ സാമ്പ്രദായിക പുസ്തക വലിപ്പത്തെപ്പോലും വെല്ലുവിളിച്ച് അത് നമ്മുടെ കൈകളിൽ ഇരിക്കുന്നു. പച്ചതഴപ്പാർന്ന കാടിന്റെ പ്രണയത്തിന്റെ ആഴങ്ങളിലേക്ക് ക്ഷണമയക്കുന്ന ഛായാചിത്രത്തിന്റെ പുറംചട്ടയോടെ. എന്തും മറികടന്ന് അതിരുഭേദിച്ച് മാത്രമാണ് പ്രണയ സഞ്ചാരവഴികൾ. 

vr-santhosh

‘‘നീ എന്നും എന്നോടൊപ്പം നടക്കും.....’’ എന്നാണ് വി. ആർ. സന്തോഷിൽ പ്രണയം കതിരിടുന്നത്. 84 സാധ്യതകളാണ് പ്രണയം ഈ പുസ്തകത്തിൽ അന്വേഷിക്കുന്നത്. പല വരികളിലും ചിത്രകലയുടെ ആവിഷ്കാരമികവുകൂടി പരിശോധിച്ചെടുക്കാൻ തയ്യാറാകുന്നതായി കാണാം. വരയ്ക്കുകയാണ് പകൽ അവളെ ‘രാത്രിയിൽ അവനും’ ഒരിടത്ത് ഇങ്ങനെ വായിക്കാം – പൂക്കളും ചിത്രശലഭങ്ങളും മാത്രമായപ്പോൾ അവൾ പറന്നു നടന്നു. അപ്പോഴത്തെ സൂര്യനു പച്ചനിറമായിരുന്നു. അവളുടെ നഗ്നശരീരത്തിനു ഓറഞ്ചും. രണ്ടു നിറങ്ങൾക്കിടയിൽ ഒരു പ്രപഞ്ചം ഒഴുകി നടന്നു. പിക്കാസോ വാർത്തെടുത്ത ക്യൂബിസം രചനയിൽ വരുന്നുണ്ട്. മറ്റൊരു കവിതയിൽ– നീ നോക്കുമ്പോൾ ഒരരുവി ഒഴുകുന്നു. ഞാൻ നോക്കുമ്പോൾ മറ്റൊരു അരുവി ഒഴുകുന്നു. നീയും ഞാനും കൂടി നോക്കുമ്പോൾ നമ്മളൊഴുകുന്നു. മറ്റൊരിടത്ത് ചിത്രം വരച്ചു തീർത്ത നിര്‍വൃതിയുണ്ട്, വരികളിങ്ങനെ– എന്റെ തലയിണയുടെ നനവിൽ ഞാനൊരു ഛായാചിത്രം വരച്ചു. അതിൽ ദൈവമിഴികൾ ചേർത്തപ്പോൾ നിന്റെ മിഴികളായി / മറ്റൊന്ന് വരച്ച് നേർരേഖയിൽ നീ ഓരോ പൂവച്ചു. വരയ്ക്കാനുള്ളവയിൽ നീ ഉമ്മവച്ചു. ഭാഷയിൽ എഴുതി ചേർക്കാന്‍ ആവുന്ന ചിത്രകലയുടെയും ശിൽപകലയുടെയും രചനാകൗശലതയിൽ പ്രണയം സംതൃപ്തി കൊണ്ടിരിക്കണം. നീ, ഞാൻ എന്നീ ദ്വന്ദ്വങ്ങൾ അലിഞ്ഞില്ലാതാവുന്നതും പലപ്പോഴും നീ മാത്രമോ ഞാൻ മാത്രമോ അവശേഷിക്കുന്നതും, പ്രണയം ധാരാളമായി കണ്ടെത്തുന്നതും വി. ആർ. സന്തോഷിന്റെ എഴുത്തുകളിലാവണം. ഒരനുഭവത്തിന്റെ ആരംഭവും ഒടുക്കവും മാത്രമാണ് ആ രണ്ടു പേർ. വരികൾ വായിക്കുക– മഴയുടെ ആരംഭം നീയായിരുന്നു. ഒടുക്കം ഞാനും. മറ്റൊന്ന്– സ്വകാര്യതയെ ദുഃഖമെന്നു പറയാമെങ്കിൽ നിന്നെ ഞാനെന്തു പറയും? പ്രണയ നഷ്ടത്തിലെ ആകുലതയുടെ തിരസ്ക്കാരമോ, അതിൽ നിന്ന് അകന്നു നിൽക്കലോ ആണ് പ്രണയത്തിന് ഈ കവിതകളിൽ പഥ്യം. നിരാശയിൽ പൊതിഞ്ഞല്ല വേർപെടൽ അനുഭവിക്കുന്നത്. വേർപെടലിന്റെ, അകന്നുമാറലിന്റെ വേദനകൾ ഈ കവിതകളിൽ പലപ്പോഴും പ്രണയത്തിന്റെ മുഴുമിക്കല്‍ ആകുന്നു, തീർന്നിടത്തു നിന്നുള്ള തുടർച്ചയാകുന്നു. 

മൂന്നു കവികളെ ആവുന്നത്ര പ്രലോഭിപ്പിച്ച് ആത്മാവിഷ്കാരത്തിന്റെ സാധ്യതകൾ ആരാഞ്ഞ് ചിലതെല്ലാം പൂർത്തിയാക്കി നിരന്തരം പ്രയാണം തുടരുകതന്നെയാണ് പ്രണയമിപ്പോഴും. ഇനിയും കണ്ണാടി നോക്കാൻ പാകത്തിന് ഭാഷപ്പെടലിനുള്ള സാധ്യത ഒളിപ്പിച്ചിട്ടുള്ള കവി എവിടെയോ ഉണ്ടാവണം.

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം