Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധുവിന്റെ ബാക്കി, സത്യന്റെ സത്യം, കമലിന്റെ കരുതൽ

ns-madhavan-thalsamayam

ജീവചരിത്രചലച്ചിത്രങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണ്. പലപ്പോഴും അതിൽ പ്രതിപാദ്യങ്ങളായ വ്യക്തിജീവിതങ്ങളുടെ രാഷ്ട്രീയത്തിന്റെ മാറ്റൊലികൾ ഒടുങ്ങിയിട്ടുണ്ടാവില്ല. ഏറ്റവും നല്ല ബയോപിക് എന്നു കരുതുന്ന, സംഗീതജ്ഞൻ മൊസാർട്ടിനെക്കുറിച്ചുള്ള ‘അമേഡ്യൂസ്’ ഏതാണ്ട് ഐകകണ്ഠ്യേന പ്രശംസ പിടിച്ചുപറ്റിയപ്പോൾ, അറ്റൻബറോയുടെ ‘ഗാന്ധി’ക്ക് പടിഞ്ഞാറ് നല്ല സ്വീകരണം ലഭിച്ചപ്പോൾ ഇന്ത്യയിൽ വിമർശനങ്ങൾ ഉയർന്നു. രവീന്ദ്രൻ (ചിന്ത രവി) എഴുതിയതു ഞാൻ ഓർക്കുന്നു; “ഇതു പടിഞ്ഞാറുള്ളവർക്കു വേണ്ടി ഉണ്ടാക്കിയ ‘ഗാന്ധി’യാണ്’’.

ബയോപിക്കുകളെ സംബന്ധിച്ച് ഒരു പൊതുനിയമം ഉണ്ടാക്കാമെങ്കിൽ അതു വിഷയാധീനനായ വ്യക്തി എത്ര മുൻപു ജീവിച്ചുവോ, എത്ര കൂടുതൽ അറിയപ്പെടാതിരിക്കുന്നുവോ അത്രയും സ്വതന്ത്രനായി സംവിധായകനു സർഗവ്യാപാരം നടത്താം എന്നായിരിക്കാം.

ഈയിടെ മലയാളത്തിൽ ഇറങ്ങിയ രണ്ട് ബയോപിക്കുകൾ, നവാഗതസംവിധായകനായ പ്രജേഷ് സെൻ, മുൻ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്ന വി. പി. സത്യനെക്കുറിച്ച് അവതരിപ്പിച്ച ‘ക്യാപ്റ്റൻ’ എന്ന ചലച്ചിത്രവും, പരിചയസമ്പന്നനായ കമൽ മാധവിക്കുട്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിർമിച്ച ‘ആമി’യും ബയോപിക്കുകളെക്കുറിച്ചുള്ള ഈ പൊതുനിയമത്തെ ശരിവയ്‌ക്കുന്നു.

സത്യന്റെ കളിക്കളത്തിനു പുറത്തുള്ള കഥ അത്ര അറിയപ്പെടാത്തതാണ്. അതുതന്നെ സംവിധായകനെ ബാഹ്യസമ്മർദങ്ങളിൽ നിന്നു മാറ്റിനിർത്തുന്നു. കാണികളിൽ മിക്കവർക്കും സിനിമയിൽ കാണുന്നതാകുന്നു സത്യന്റെ ജീവിതം; താരതമ്യം ചെയ്യാൻ മറ്റ് അറിവുകൾ ഇല്ല. ഇതോടൊപ്പം ജയസൂര്യയുടെ നല്ല അഭിനയവും. ‘ക്യാപ്റ്റൻ’ മലയാളത്തിലെ നല്ല സ്പോർട്സ് ബയോപിക് ആകുന്നു. 

vp-sathyan

സ്വന്തം ജീവിതത്തെക്കുറിച്ചു കഥയിലെ നായികയും മറ്റുള്ളവരും ഒട്ടേറെ എഴുതിയിട്ടുള്ള, ഓർമയിൽ ഇപ്പോഴും ജീവിക്കുന്ന, അവസാനമായി കമലാ സുരയ്യ എന്നറിയപ്പെട്ടവരുടെ ജീവിതത്തെക്കുറിച്ചുള്ള ‘ആമി’, ജീവചരിത്രചലച്ചിത്രങ്ങളുടെ കൂട്ടത്തിൽ നിർമിക്കുവാൻ ഏറ്റവും ദുഷ്കരമായ ഒന്നാകുന്നു.

ജീവിതത്തെ പകർന്നാട്ടങ്ങളെക്കൊണ്ടു നേരിട്ട അപൂർവവ്യക്തിത്വങ്ങളിൽ ഒന്നായിരുന്നു കമലയുടേത്. നാലപ്പാട്ട് തറവാട്ടിലെ കമലയിൽ സർഗാത്മകത ഉണർന്നപ്പോൾ മാധവിക്കുട്ടിയായി മലയാളത്തിൽ കഥകളെഴുതി. വൻനഗരങ്ങളിൽ താമസമാക്കി, മറ്റൊരു ഭാഷയിൽ സംവദിക്കുവാൻ പിന്നെയും കമല രൂപപരിണാമം നടത്തി. ഇത്തവണ ഇംഗ്ലിഷിൽ കവിതകൾ എഴുതുന്ന കമലാ ദാസ്. ജീവിതാന്ത്യത്തിനോടടുത്ത് തന്റെ സ്വത്വത്തിന് അവർ നൽകിയ അവസാനത്തെ തൊഴിയായിരുന്നു കമലാ സുരയ്യ ആയത്.

അതു ചിത്രീകരിക്കുന്നതിൽ മതപരവും രാഷ്ട്രീയവുമായ മൈനുകളുടെ വലിയൊരു ഭൂതലത്തിലൂടെ അപകടകരമായി നീങ്ങേണ്ടിയിരുന്നു. കമൽ അതിനെക്കുറിച്ചു ബോധവാനായിരുന്നുവെന്നു മാത്രമല്ല, പൊട്ടിത്തെറികൾ ഒന്നും ആഗ്രഹിച്ചിരുന്നുമില്ല. കളിയെഴുത്തുകാരുടെ ഭാഷയിൽ പറഞ്ഞാൽ അദ്ദേഹം സേഫ് കളിച്ചു. ശുചീകരിക്കപ്പെട്ട കമലാ സുരയ്യയുടെ ജീവിതകഥയായ ‘ആമി’യിൽ നീർമാതളപ്പൂക്കളെക്കാൾ ഡെറ്റോളാണു മണക്കുന്നത്.

വെള്ളക്കുളത്തെ രങ്കിയും കേരളാ മോഡലും

പ്രസിദ്ധമായ കേരളാ മോഡലും വികസിതരാജ്യങ്ങൾക്കു കിടപിടിക്കുന്ന ആരോഗ്യസൂചികകളും ജനക്ഷേമനടപടികളും പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിന്റെയും മണ്ണാർക്കാട് താലൂക്കിലെ അതേ പേരിലുള്ള വില്ലേജിന്റെയും മലപ്പുറത്തെ ഏറനാട് താലൂക്കിന്റെയും അതിർത്തികളിൽ വച്ചു നിന്നുപോകുന്നു. അതിനപ്പുറം അട്ടപ്പാടിയാണ് ! 

ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്കയിൽ കറുത്തവർഗക്കാരെ വെളുത്ത വംശവെറിക്കാരുടെ ആൾക്കൂട്ടങ്ങൾ തച്ചു കൊന്നതിനെ ഓർമിപ്പിക്കുന്ന അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം മലയാളിമനസ്സുകളെ തുടർന്നും മഥിച്ചുകൊണ്ടിരിക്കും. ഇത്തരം സംഭവങ്ങൾ നടന്നിട്ടുള്ള ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്നു വിപരീതമായി കേരള സർക്കാർ ഉടൻ നടപടികളെടുത്തു എന്നതു മാത്രമാണ് ആശ്വാസകരം.  

മധുവിന്റെ ഏറ്റവും വലിയ അതിജീവനം ഒരുപക്ഷേ, ജനനത്തെ തുടർന്നു മരണത്തിനടിമപ്പെടാതെ ചെറുപ്പം വരെ ജീവിച്ചുവെന്നതാണ്. അട്ടപ്പാടിയിലെ നിശ്ശബ്ദമരണങ്ങൾ നവജാതശിശുക്കളുടേതാണ്. കേരളത്തിലെ ശിശുമരണനിരക്കിനെക്കാൾ വളരെ കൂടുതലാണ് അട്ടപ്പാടിയിലേത്. 2013ൽ അടിക്കടിയായി 35 ശിശുക്കളുടെ മരണം അട്ടപ്പാടിയെ ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു.

അന്നു പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിങ്ങിന്റെ ഉപദേഷ്ടാവ് ടി. കെ. എ. നായർ അട്ടപ്പാടിയിൽ നടത്തിയ പ്രസംഗം ഇന്നും ഞാൻ ഓർക്കുന്നു. അദ്ദേഹം പറഞ്ഞു: “അടിയന്തരമായി അപകടം സംഭവിക്കാവുന്ന 600 ആദിവാസി ഗർഭിണികളെ രക്ഷിക്കാൻ അട്ടപ്പാടിയിൽ ജോലി ചെയ്യുന്ന 500 പാരാമെഡിക്കൽ ജീവനക്കാർക്കു കഴിയുന്നില്ല.” 

കേരളവും അട്ടപ്പാടിയുമായുള്ള ബന്ധത്തിലെ ഏറ്റവും വലിയ പ്രശ്നം സാംസ്കാരികമാണ്. ആദിവാസിയുടെ വ്യത്യസ്ത സംസ്കാരത്തോടുള്ള ബഹുമാനക്കുറവും അവജ്ഞയും, വികസനമെന്നാൽ മുഖ്യധാരയിലെ വാർപ്പുമാതൃകകൾ അടിച്ചേൽപിക്കുക ആണെന്നുള്ള തെറ്റിദ്ധാരണയുമാണ് പ്രധാന പ്രശ്നം. 

അഗളിയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള വെള്ളക്കുളത്തെ ആദിവാസി സ്ത്രീ രങ്കിയുടെ ആറാമത്തെ കുഞ്ഞിനെപ്പോലെ ഈ സാംസ്കാരികപ്രശ്നം മറ്റാർക്കും അറിയാനിടയില്ല. അന്ന് മുപ്പത്തിയാറുകാരിയായിരുന്ന രങ്കിയുടെ ആദ്യത്തെ അഞ്ചു ഗർഭധാരണങ്ങളും അവസാനിച്ചതു ചാപിള്ളകളിലാണ്. തുടർച്ചയായുള്ള പ്രസവങ്ങളും പോഷകാഹാരക്കുറവും കാരണം ആരോഗ്യം അത്യന്തം അപകടത്തിലായ രങ്കിയുടെ അടുത്ത പ്രസവം ആശുപത്രിയിൽ അല്ലെങ്കിൽ സംഭവിക്കാവുന്ന അപകടം ഓർത്ത് അവരുടെ ഊരിലേക്കു ദുഷ്കരമായ ജീപ്പ് യാത്ര നടത്തി ഡോ. പ്രഭുദാസും നഴ്സ് റോഷനും ഈ കഥ റിപ്പോർട്ട് ചെയ്ത ലേഖിക എം. സുചിത്രയും ചെന്നു.

പക്ഷേ, എത്ര നിർബന്ധിച്ചാലും രങ്കി ആശുപത്രിയിലേക്കു വരാൻ തയാറായിരുന്നില്ല. “അവിടെ ചെന്നാൽ കിടന്നു പ്രസവിക്കേണ്ടേ?” രങ്കി ചോദിച്ചു. ഇരുളസ്ത്രീകൾ പ്രസവവേദന തുടങ്ങുന്നതു വരെ പണിയെടുക്കും. വേദന തുടങ്ങിയാൽ വീടിന്റെ അകത്ത് ഉത്തരത്തിൽ കെട്ടിയിട്ട ഒരു വടം പിടിച്ചു കുന്തിച്ചിരുന്നു പ്രസവിക്കും. പൊക്കിൾക്കൊടി മുറിക്കും. മറുപിള്ളയെ മുറ്റത്തു കുഴിച്ചുമൂടും. ലോകാരോഗ്യസംഘടന അംഗീകരിച്ച പ്രസൂതികാമാർഗങ്ങളിൽ ഒന്നാണിത്. അത് പ്രൈമറി ഹെൽത്ത് സെന്ററിൽ നടപ്പിലാക്കാൻ ഭിന്നസംസ്കാരങ്ങളെ ബഹുമാനിക്കുന്ന ഒരു ഡോക്ടർ വേണ്ടിവന്നു... രങ്കിയുടെ ആറാമത്തെ കുഞ്ഞ് ജീവിച്ചിരിക്കുന്നു.