Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണിറുക്കുന്ന കമ്യൂണിസം

ns-madhavan

കമ്യൂണിസ്റ്റ് ഭരണകാലത്ത് ഉപയോഗിച്ചിരുന്ന പ്രചാരണസാമഗ്രികൾക്ക്, കമ്യൂണിസം തകർന്നതിനു ശേഷം വലിയ ജനപ്രീതിയാണ്. ലെനിന്റെ ചെറിയ അർധകായപ്രതിമകൾ, അരിവാൾ-ചുറ്റിക മുദ്രണം ചെയ്ത ബാഡ്ജുകൾ, ഫ്രിഡ്ജിൽ ഒട്ടിക്കുന്ന മാഗ്നറ്റുകൾ തുടങ്ങി ഒട്ടേറെ ശേഷിപ്പുകൾ സഞ്ചാരികൾക്കു പ്രിയപ്പെട്ട സുവനീറുകളാണ്. ഇപ്പോൾ പഴയ കമ്യൂണിസ്റ്റ് നഗരങ്ങളിലെ വഴിയോരങ്ങളിലും ഓൺലൈൻ സൈറ്റുകളിലും അവയുടെ വിൽപന നടക്കുന്നു.

ഇവ സോവിയറ്റ് ആർട് എന്ന് ഇപ്പോൾ വിളിക്കുന്ന, 1932 മുതൽ കമ്യൂണിസ്റ്റ് റഷ്യ നടപ്പിലാക്കിയിരുന്ന കലാനയത്തിന്റെ ഭാഗമാണ്.  രാഷ്ട്രനിർമാണത്തെയും നല്ല നാളുകളെയും പറ്റിയുള്ള ശുഭാപ്തിവിശ്വാസം സ്‌ഫുരിക്കുന്നതും ചലനാത്മകവുമായ ചിത്രങ്ങളും ശിൽപങ്ങളും പല പഴയ കമ്യൂണിസ്റ്റ് നഗരങ്ങളിലും കാണാമായിരുന്നു. ഇന്ത്യയിലെ കമ്യൂണിസ്റ്റുപാർട്ടികളുടെ ആദ്യകാല കലാപ്രവർത്തനം സോവിയറ്റ് ആർട്ടിന്റെ ചുവടു പിടിച്ചായിരുന്നു.

പാർട്ടി കോൺഗ്രസുകളുടെയും സംസ്ഥാന സമ്മേളനങ്ങളുടെയും കാലത്താണു കേരളത്തിൽ കമ്യൂണിസ്റ്റ് കല പൂത്തുലയുന്നത്. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം തകർന്നതിനു ശേഷം കേന്ദ്രീകൃത പ്രചാരണനയം ഇല്ലാത്ത പാർട്ടികളുടെ ജില്ലാ/ലോക്കൽ യൂണിറ്റുകൾക്ക് ആവുന്നത്ര ആത്മാവിഷ്കാരം നടത്താനുള്ള സമയം കൂടിയാണ് ഈ സമ്മേളനകാലങ്ങൾ. അതിനു പറ്റിയ ഒരു മാധ്യമവും പ്രവർത്തകർക്ക് ഈയിടെ ലഭിച്ചിട്ടുണ്ട് - ഫ്ലെക്സ്.

ഫ്ലെക്സുകളിൽ സഖാക്കൾ അവരുടെ അണപൊട്ടിയൊഴുകിയ സർഗാത്മകത പ്രകടിപ്പിച്ച സിപിഎമ്മിന്റെയും സിപിഐയുടെയും സംസ്ഥാന സമ്മേളനങ്ങൾ ഈയിടെ കഴിഞ്ഞു. ചാലക്കുടി ഫ്ലൈഓവറിന്റെ താഴെ ഒരു സഖാവു നടത്തുന്ന ചായക്കടയിൽ കണ്ട ഫ്ലെക്സ് ഇങ്ങനെ: ‘സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം പ്രമാണിച്ച്: കട്ടൻ ചായ - 5 രൂപ; പരിപ്പുവട - 5 രൂപ.’

സോവിയറ്റ് ആർട്ടിന്റെ മഹത്തായ ഉദ്ദേശ്യങ്ങൾക്കു പകരം ജനങ്ങളിൽ ഓടുക ഇന്റർനെറ്റിലൂടെയും മറ്റും പെട്ടെന്നു പരക്കുന്ന വിവരശകലങ്ങൾ, മീം (meme), ആണെന്ന വിശ്വാസമാണു സഖാക്കളെ ഇപ്പോൾ നയിക്കുന്നത്. സിപിഐയുടെ സംസ്ഥാന സമ്മേളനം നടക്കുന്ന മലപ്പുറം ജില്ലയിലെ ചില ഭാഗങ്ങളിൽ കണ്ട ഒരു ഫ്ലെക്സ്, ഈയിടെ ഇന്റർനെറ്റിലൂടെ വൈറലായ കണ്ണു ചിമ്മുന്ന പെൺകുട്ടിയുടെ ചിത്രമാണ്. തുറന്നുപിടിച്ച കണ്ണിലൂടെ ലോകത്തെ കണ്ട കാൾ മാർക്സിൽ നിന്നു കണ്ണിറുക്കുന്ന പ്രിയ പ്രകാശ് വാരിയർ വരെ എത്തിനിൽക്കുന്നു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം.

ഓസ്കറിലെ മീ റ്റൂ

പ്രസിദ്ധമായ മിരാമാക്സ് ചലച്ചിത്ര കമ്പനിയുടെ സ്ഥാപകനും ചലച്ചിത്രനിർമാതാവും ആയിരുന്ന ഹാർവി വെയ്ൻസ്റ്റെയ്ൻ നടത്തിയ ലൈംഗികപീഡനങ്ങൾക്കെതിരെ 2017 ഒക്ടോബർ മുതൽ ആരംഭിച്ച ‘എനിക്കും സംഭവിച്ചിട്ടുണ്ട്’ (മീ റ്റൂ) എന്ന സമൂഹമാധ്യമങ്ങളിലെ ഹാഷ്‌ടാഗ് പ്രചാരണം അഴിച്ചുവിട്ട കൊടുങ്കാറ്റ് അടങ്ങിയിട്ടില്ലെന്ന് 2018ലെ ഓസ്കർ അവാർഡ് വിതരണച്ചടങ്ങ് ഓർമിപ്പിച്ചു.

സ്ത്രീപീഡനത്തിനെതിരെ ഉയരുന്ന ശബ്ദങ്ങളെ, പ്രത്യേകിച്ചു സ്ത്രീശബ്ദങ്ങളെ, അംഗീകരിക്കുന്ന രീതിയിൽ അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ്, മുൻപൊരിക്കലും ചെയ്യാത്ത രീതിയിൽ ചടങ്ങിൽ ഒരു ‘വലിയ ചെറിയ’ മാറ്റം വരുത്തി. പാരമ്പര്യം അനുസരിച്ച് ഏറ്റവും നല്ല നടിക്കുള്ള ഓസ്കർ നൽകുക തൊട്ടു മുൻപത്തെ വർഷത്തിലെ ഏറ്റവും നല്ല നടനുള്ള അവാർഡ് നേടിയ ആളായിരിക്കും. അതനുസരിച്ച് ഈ വർഷം അവാർഡ് നൽകേണ്ടിയിരുന്നത് 2017ൽ അവാർഡ് നേടിയ കേസ്സി അഫ്ലേക് ആണ്.

ns-madavan ഹാർവി വെയ്ൻസ്റ്റെയ്ൻ, കേസ്സി അഫ്ലേക്, ഫ്രാൻസിസ് മക്ഡോർമണ്ട്.

എന്നാൽ, ഇത്തവണ നല്ല നടിയായി തിരഞ്ഞെടുത്ത ഫ്രാൻസിസ് മക്ഡോർമണ്ടിന് അവാർഡ് നൽകുവാൻ എത്തിയത്, ഓസ്കർ പാരമ്പര്യം തെറ്റിച്ചുകൊണ്ട്, ജോഡി ഫോസ്റ്റർ, ജെന്നിഫർ ലോറൻസ് എന്നീ നടികളായിരുന്നു. അവാർഡ് നൽകേണ്ടിയിരുന്ന ആൾ, കേസ്സി അഫ്ലേക് ഈയിടെ രണ്ടു ലൈംഗിക പീഡനക്കുറ്റങ്ങൾ കോടതിക്കു പുറത്തുവച്ച് ഒത്തുതീർപ്പാക്കിയിരുന്നു.

വളയമില്ലാതെ ചാടുന്ന പ്രബന്ധങ്ങൾ

കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന ‘സാഹിത്യലോകം’ ദ്വൈമാസികയുടെ പുതിയ ലക്കം കണ്ണു തുറപ്പിക്കുന്ന ഒന്നായിരുന്നു. പത്തൊൻപതു ഗവേഷകരുടെ പിഎച്ച്‌ഡി/എംഫിൽ പഠനത്തിന്റെ ഭാഗമായി തയാറാക്കിയ ഗവേഷണപ്രബന്ധങ്ങൾ ഭാഷാപഠനത്തിൽ മാത്രമല്ല ഉന്നതവിദ്യാഭ്യാസരംഗത്തു തന്നെ നിലവിലുള്ള പ്രതിസന്ധിക്ക് ഉദാഹരണമാണ്.

സംസ്കൃതം, തമിഴ് എന്നിവയടക്കം മലയാളത്തിന്റെ തന്നെ ആദിരൂപങ്ങളിൽ ഊന്നിയുള്ള ക്ലാസിക് പാരമ്പര്യം ഭാഷാപഠനത്തിൽ നിന്ന് ഉപേക്ഷിച്ചതിനുശേഷം ഇംഗ്ലിഷ് സ്വീകരിക്കപ്പെട്ടു. പക്ഷേ, ഇംഗ്ലിഷിലും അതിലേക്കു തർജമ ചെയ്യപ്പെട്ടിട്ടുള്ള മറ്റു പടിഞ്ഞാറൻ ഭാഷകളിലും പ്രാവീണ്യമില്ലാത്തതാണ് ഈ പ്രതിസന്ധിക്കു കാരണം. അത്തരത്തിൽ വിദ്യാഭ്യാസം നേടിയിട്ടുള്ള ഒരു തലമുറയുടെ ഇടത്തരത്തം (മിഡിയോക്രിറ്റി) ഈ പ്രബന്ധങ്ങളിൽ പലതിലും കണ്ടു. മിക്കതും വളയമില്ലാച്ചാട്ടങ്ങളായിരുന്നു. മിക്ക പ്രബന്ധങ്ങളും ഗവേഷണവിഷയത്തിന്റെ സാരാംശങ്ങൾ മാത്രമായിരുന്നു. വല്ലപ്പോഴും മൗലികചിന്ത കടന്നുവരുമ്പോൾ ഇങ്ങനെയുള്ള ചില അന്ധാളിപ്പിക്കുന്ന കണ്ടെത്തലുകൾ കാണാം: “ഉത്തരാധുനികകാലത്തിന്റെ ഈ പരീക്ഷയിൽ (ഗ്രന്ഥകർത്താവിന്റെ പേര്) ജയിച്ചുകയറുന്നത് ഉയർന്ന മാർക്കോടെയാണ്.” മലയാളഭാഷയിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയരേണ്ടതു കേരളത്തിനകത്തു തന്നെയാണ്. മറ്റു വിഷയങ്ങൾ കേരളത്തിന്റെ വെളിയിലും നിലനിന്നു പോകും.

വരട്ടെ, പുസ്തകബിനാലെ

എറണാകുളത്തിനു പണ്ടേയുള്ള ചീത്തപ്പേര് സാഹിത്യ സാംസ്കാരികസമ്മേളനങ്ങൾക്ക് ആളെ കിട്ടില്ല എന്നാണ്. അതിനു കോഴിക്കോട്, അല്ലെങ്കിൽ തൃശൂർ, ഒരു പരിധിവരെ തിരുവനന്തപുരം എന്നാണു വയ്പ്. ഒരു സിനിമാതാരം മൊബൈൽ കട ഉദ്ഘാടനം ചെയ്യാൻ ഈയിടെ വന്നപ്പോഴാണു നഗരം അതിന്റെ ഏറ്റവും വലിയ ജനക്കൂട്ടത്തെ പുറത്തെടുത്തത്. അതുകൊണ്ട് മറൈൻ ഡ്രൈവിൽ ഇപ്പോൾ നടന്നുവരുന്ന ‘കൃതി’ രാജ്യാന്തര പുസ്തകോത്സവത്തിൽ പുസ്തകപ്രേമികളുടെ തിരക്ക് അത്ഭുതപ്പെടുത്തുന്നു.

കാണാൻ വരുന്നതിൽ പകുതിയിലേറെ കുട്ടികളാണ്. കേരളത്തിലെ മറ്റു പുസ്തകപ്രദർശനങ്ങളിൽ അധികം കാണാത്ത ചെറിയ പ്രസാധകരുടെ സ്റ്റാളുകൾ കേരളത്തിലെ പ്രസാധകരംഗത്തെ വൈവിധ്യം വ്യക്തമാക്കുന്നു. എന്നാൽ, പുസ്തകം മറിച്ചുനോക്കുന്നതല്ലാതെ അധികം പേർ വാങ്ങുന്നതായി കണ്ടില്ല. സർക്കാർ ഗ്രാന്റ് കൊണ്ടു പുസ്തകങ്ങൾ വാങ്ങുന്ന സ്ഥാപനങ്ങൾ സർക്കാർ ചെലവിൽ നടത്തുന്ന ഈ മേളയിൽനിന്നു നിർബന്ധമായും പുസ്തകങ്ങൾ വാങ്ങണമെന്ന നിർദേശം നൽകിയിരുന്നെങ്കിൽ പുസ്തകങ്ങൾ കൂടുതൽ വിറ്റുപോയേനെ. ഇത്തരം ബുക്ക് ഫെയറുകളുടെ വിജയം പുസ്തകവിൽപന തന്നെയാണ്. ഈ വർഷത്തെ അനുഭവങ്ങളുടെ വെളിച്ചത്തിൽ കൂടുതൽ വിപുലീകരിച്ച് ഈ വാർഷികപരിപാടി, കലാരംഗത്തു ബിനാലെ എന്നപോലെ കൊച്ചിയുടെ കലണ്ടറിൽ കയറിപ്പറ്റണം.

സ്കോർപ്പിയോൺ കിക്ക്: ത്രിപുരയിൽ സംഭവിച്ചതു കാരാട്ട്‌ പക്ഷത്തിന്റെ വിജയം കൂടിയാണ്; അവശേഷിക്കുന്ന കേരളത്തിൽ കോൺഗ്രസുമായി കൂട്ടുചേരുന്ന പ്രശ്നമേ ഉദിക്കുന്നില്ലല്ലോ ! 

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം