Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാഴ്ത്തടിയിൽ വിരിഞ്ഞ പൂവ്

thalsamayam ഹോക്കിങ്ങിനെയും ദയാവധത്തെയും കുറിച്ച് എൻ.എസ്. മാധവൻ.

“നിങ്ങൾക്ക് എന്നെ കേൾക്കാമോ?” സയൻസ് ഫിക്‌ഷൻ സിനിമകളിൽ അന്യഗ്രഹജീവികൾ സംസാരിക്കുന്നതു പോലെ, ഏകതാനമായി, യാന്ത്രികമായ ഈണത്തിൽ സ്റ്റേജിൽ നിന്ന് ആദ്യമായി ശബ്ദമുയർന്നു. “ഉവ്വ്,” ഓഡിറ്റോറിയത്തിലെ ഓരോ ചതുരശ്ര ഇഞ്ചിലും തിങ്ങി ഇരിക്കുകയും നിൽക്കുകയും ചെയ്തിരുന്ന ആയിരക്കണക്കിനാളുകൾ കയ്യടിച്ചുകൊണ്ടു പറഞ്ഞു. 

സ്റ്റേജിൽ ഒരു വീൽചെയറിൽ കൂനിയിരുന്ന്, അതിൽ പിടിപ്പിച്ച കംപ്യൂട്ടർ സ്‌ക്രീനിൽ കൈ ചലിപ്പിച്ച് ഒരു വോയ്‌സ് സിന്തസൈസറിലൂടെയാണ് അവർ കേൾക്കാനെത്തിയ സ്റ്റീഫൻ ഹോക്കിങ് ‘സംസാരിച്ചത്’. 2001ലെ ഒരു തണുത്ത ജനുവരി ദിവസം സുഖപ്രദമായ ഇളംവെയിലിൽ നേരത്തേതന്നെ കാത്തുനിന്നതു കൊണ്ടാണു ഡൽഹിയിലെ സിരിഫോർട്ട് ഓഡിറ്റോറിയത്തിൽ ഞങ്ങൾക്ക് ഇരിപ്പിടം കിട്ടിയത്. 

അന്നു ഡൽഹി മുഴുവൻ അവിടെ ഉണ്ടായിരുന്നു. പരിചയമുള്ള പല മുഖങ്ങളും എന്നെപ്പോലെ ശാസ്ത്രേതരപശ്ചാത്തലമുണ്ടായിരുന്നവർ. ഹോക്കിങ്ങിനെ എല്ലാവരും കണ്ടത് മനുഷ്യന്റെ ഇച്ഛാശക്തിയുടെ പരമോന്നതപ്രതീകമായിട്ടായിരുന്നു. നവയൗവനത്തിൽ ബാധിച്ച രോഗം അദ്ദേഹത്തിന്റെ ശരീരം പാഴാക്കിക്കൊണ്ടിരുന്നു. ഡൽഹിയിൽ എത്തിയപ്പോൾ ജ്വലിക്കുന്ന തലച്ചോറും ചലിപ്പിക്കാവുന്ന കുറച്ചു വിരലുകളും കോടിയ കിറിയിൽ ചിരി എന്നു തോന്നിപ്പിക്കുന്ന മിന്നുന്ന എന്തോ മാത്രമുള്ള ജീവിയായിരുന്നു. കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ വിരലുകളും ചലനരഹിതമായി. പിന്നെ കവിളിലെ മാംസപേശി കൊണ്ടായി വോയ്‌സ് സിന്തസൈസർ പ്രവർത്തിപ്പിക്കൽ. 

‘ഭാവിയെ പ്രവചിക്കുന്നത് - ജ്യോതിഷം മുതൽ തമോഗർത്തങ്ങൾ വരെ’, എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗവിഷയം. അതീവ പ്രസന്നതയാണ് ആ പ്രസംഗത്തെക്കുറിച്ചു ഞാൻ ഇന്നും അത്ഭുതത്തോടെ ഓർക്കുന്ന പ്രധാനകാര്യം. രോഗിയല്ല, കാണികളെ കയ്യിലെടുക്കുന്ന റോക്‌സ്റ്റാർ ആയിരുന്നു അന്നു ഹോക്കിങ്. 

അടിമുടി നർമം പുരട്ടിയാണു ഹോക്കിങ് മുന്നോട്ടു പോയത്. വികൃതിയും കുറവല്ലായിരുന്നു. പാരിസിൽ ഒരു പ്രസംഗത്തിനു പോയ കാര്യം അദ്ദേഹം പറഞ്ഞു. ‘കറുത്ത ഗർത്തങ്ങൾ അത്ര കറുത്തതല്ല’ എന്നതായിരുന്നു വിഷയം. പക്ഷേ, പ്രസംഗം ഫ്രഞ്ചുകാർക്ക് ഒട്ടും ഏശിയില്ല എന്നാണ് ഹോക്കിങ് പറഞ്ഞത്; അവർ വിചാരിച്ചു പോലും, തമോഗർത്തം എന്തോ അശ്ലീലപദമാണെന്ന്!

ചെറുതും കൂടുതൽ ശക്തിയുള്ളതുമായ വല്ല തമോഗർത്തങ്ങൾ കണ്ടെത്തിയിരുന്നെങ്കിൽ, പകുതി തമാശയും പകുതി കാര്യവുമായി ഹോക്കിങ് പറഞ്ഞു, തനിക്ക് ഒരുപക്ഷേ, അവർ നൊബേൽ സമ്മാനം തന്നേനെ. മരിക്കുന്നതുവരെ അദ്ദേഹത്തിന് അതു ലഭിച്ചതുമില്ല! 

അന്നത്തെ യോഗത്തിനെക്കുറിച്ചു ഞാൻ മറക്കാത്ത മറ്റൊരു കാര്യം കാണികളിൽ നല്ലൊരു ഭാഗം ഉത്സാഹം പ്രസരിക്കുന്ന മുഖങ്ങളുള്ള ഭിന്നശേഷിക്കാര്‍ ആയിരുന്നെന്നാണ്. മരണവാർത്ത കേട്ടപ്പോൾ ഭിന്നശേഷിക്കാരനായ ഒരു സുഹൃത്ത് പറഞ്ഞതിങ്ങനെ: “ഞാനന്ന് യൂണിവേഴ്സിറ്റിയിൽ പഠിക്കുകയായിരുന്നു. ഹോക്കിങ്ങിനു സന്ദർശിക്കാൻ വേണ്ടി റെഡ് ഫോർട്ടിൽ റാംപ് പണിതു. അങ്ങനെ എനിക്കും റെഡ് ഫോർട്ട് പ്രാപ്യമായി.” 

ദയാവധം മാത്രമല്ല, ഇത് അനായാസമരണവും

അനായാസമരണം എന്നാണ് ടി. രാമലിംഗപ്പിള്ളയുടെ ഇംഗ്ലിഷ്-മലയാളം നിഘണ്ടു യൂത്തനേസിയയുടെ (euthanesia) മലയാളമായി പറയുന്നത്. ഇംഗ്ലിഷ് വാക്കിന്റെ ഗ്രീക്ക് വേരുകൾ തപ്പിയാൽ അതുതന്നെയാണു ശരി. മെർസി കില്ലിങ് (mercy killing) എന്നർഥമുള്ള ദയാവധം ജീവിതാന്ത്യത്തിൽ കഷ്ടപ്പെടുന്ന വളർത്തുമൃഗങ്ങളുടെയും മറ്റും കാര്യത്തിലാണു സാധാരണയായി നടപ്പിലാക്കുക. സുപ്രീം കോടതിയുടെ വിധിയെത്തുടർന്ന്, മലയാളത്തിൽ ഏറെ പ്രചരിച്ച ദയാവധത്തിന് അനായാസമരണം എന്നൊരു അർഥം കൂടി ചാർത്തിക്കൊടുത്തു ചർച്ച മുന്നോട്ടു കൊണ്ടുപോകുക ആയിരിക്കും വ്യവഹാരികമായ കാര്യം.

ദയാവധത്തെക്കുറിച്ചു സംസാരിക്കുമ്പോൾ പലപ്പോഴും ഞാൻ ഓർക്കുക, യാദൃച്ഛികമെന്നു പറയട്ടെ, വീണ്ടും സ്റ്റീഫൻ ഹോക്കിങ്ങിനെത്തന്നെയാണ് – സ്വിറ്റ്‌സർലൻഡിൽ ദൈവകണികയെക്കുറിച്ചു ഗവേഷണം നടക്കുന്ന പരീക്ഷണശാലയിലേക്ക്, 1985–ൽ നടത്തിയ യാത്രയെക്കുറിച്ച് അദ്ദേഹത്തിന്റെ ആദ്യപത്നിയായിരുന്ന ജെയ്ൻ ഹോക്കിങ് എഴുതിയത്.  

അന്നു ഹോക്കിങ്ങിന് നാൽപത്തിമൂന്നിനടുത്ത പ്രായം. അദ്ദേഹം രോഗബാധിതനായിട്ടു രണ്ടു ദശകങ്ങൾ പിന്നിട്ടിരുന്നു. ശരീരം മിക്കവാറും ക്ഷയിച്ചിരുന്നു. അപ്പോഴാണ് അദ്ദേഹത്തിനു ന്യുമോണിയ പിടിക്കുന്നത്. രോഗം മൂർച്ഛിച്ചപ്പോൾ ആശ നഷ്ടപ്പെട്ട ഡോക്ടർമാർ ജീവൻ നിലനിർത്തിയിരുന്ന ഉപകരണങ്ങൾ ഹോക്കിങ്ങിൽ നിന്നു വേർപെടുത്താൻ ജെയ്‌നിനോടു സമ്മതം ചോദിച്ചു. അവർക്കതു സ്വീകാര്യമായിരുന്നില്ല. ഡോക്ടർമാർ അദ്ദേഹത്തിന്റെ ശ്വാസനാളത്തിൽ ശസ്ത്രക്രിയ നടത്തി. അതോടെ ഹോക്കിങ്ങിന്റെ സംസാരശേഷി പൂർണമായി നഷ്ടപ്പെട്ടു. ഹോക്കിങ് പിന്നെയും മൂന്നിലേറെ പതിറ്റാണ്ടുകൾ ജീവിച്ചു. അതിനിടയിലാണ് അദ്ദേഹം പ്രസിദ്ധമായ ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ (1988) എഴുതിയത്. ഇതിനെ അത്ഭുതം എന്നു വിളിക്കണമോ എന്നറിയില്ല. ദയാവധത്തിനു ഡോക്ടർമാർ ശുപാർശ ചെയ്ത കേസുകളിലും രക്ഷപ്പെട്ട അപൂർവം രോഗികളുടെ കഥകൾ നേരിട്ടറിഞ്ഞില്ലെങ്കിലും പറഞ്ഞുകേട്ടിരിക്കാത്തവർ കുറവാണ്.

ജീവന്മൃത്യുകളുടെ അപാരസന്ദിഗ്‌ധതകളെ വീണ്ടും ഓർമിപ്പിക്കുന്നതാണു സുപ്രീം കോടതി വിധി. അതിൽ പരാമർശിക്കാത്ത പല കാര്യങ്ങളിലേക്കും ചിന്ത പോകുന്നു. ഉദാഹരണത്തിന്, ഇനി മുതൽ ലൈഫ് ഇൻഷുറൻസ് പോളിസികളിൽ ദയാവധത്തെ സ്വാഭാവികമരണമായി കാണുന്നതായി വിശദീകരണത്തിന്റെ ആവശ്യമില്ലേ? ഈ വിധി ജീവൻ രക്ഷിക്കുന്ന വൈദ്യമാർഗങ്ങളെ വികസിപ്പിച്ചെടുക്കുന്നതിനെയും ഗവേഷണം നടത്തുന്നതിനെയും നിരുത്സാഹപ്പെടുത്തുമോ? 

ഒരിക്കലും നിലയ്ക്കാത്ത ചർച്ചകൾക്കു തീ കൊളുത്തുന്നതാണ് ഈ വിഷയം എന്നു ജഡ്ജിമാർക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടാണ്, അത്യന്തം അപൂർവമായി ഉപയോഗിക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 142 അനുസരിച്ച് ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പാർലമെന്റ് നിയമം ആക്കുന്നതുവരെ ഈ വിധിക്കു നിയമസാധുതയുണ്ടാകും. മറ്റൊരു രീതിയിൽ സുപ്രീം കോടതി സൂചിപ്പിച്ചതു നിയമനിർമാണത്തിനു മുൻപ് ധാരാളം ചർച്ചകൾ ഉണ്ടാകട്ടെ എന്നാണ്. 

സ്കോർപ്പിയോൺ കിക്ക്: നടി കണ്ണിറുക്കും പോലെ നമുക്കും പറ്റും, അൽപം പരിശീലിച്ചാൽ മതി: മന്ത്രി ജി. സുധാകരൻ. 

നടിക്ക് ബോളിവുഡിൽ നിന്നു വിളി വന്ന സ്ഥിതിക്ക് തൊഴിൽ സാധ്യതകൾ പരിഗണിച്ച് കണ്ണിറുക്കു പരിശീലന കേന്ദ്രങ്ങളെപ്പറ്റി ആലോചിക്കാവുന്നതാണ് !

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം