Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഡാനി ഫ്രം നൈജീരിയ (മനുഷ്യൻ ഫ്രം ഭൂമി)

sudani സമകാലിക വിഷയങ്ങളെ വിശകലനം ചെയ്ത് എൻ.എസ് മാധവൻ എഴുതുന്നു ...

മകളുടെ മൗലികാവകാശം, അച്ഛന്റെ ആണധികാരം

കുറച്ചുദിവസം മുമ്പ് മലപ്പുറം ജില്ലയിലെ അരീക്കോട് ആതിര എന്ന 22 വയസ്സുകാരിയെ ഇതരജാതിയിൽപെട്ട ഒരാളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നതിന്റെ പേരിൽ അച്ഛൻ രാജൻ കൊലപ്പെടുത്തി. മലയാളിയുടെ കുടുംബജീവിതത്തിലേക്കു ജാതിയും മതവും വല്ലാതെ പ്രവേശിച്ചുകഴിഞ്ഞുവെന്നതിന്റെ തെളിവായി ഇതു കാണാമോ? ആ പേരിൽ അതിനെ ദുരഭിമാനക്കൊല എന്നു വിളിക്കാമോ? 

ഉത്തരേന്ത്യയിലെ ഒരു ഖാപ്പ് പഞ്ചായത്ത് (സമുദായ കോടതി) നടപ്പാക്കിയ വധശിക്ഷ സംബന്ധിച്ച കേസിൽ, ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതു മൗലികാവകാശമാണെന്നു സുപ്രീം കോടതി കഴിഞ്ഞ ദിവസം പറഞ്ഞ വിധിയാണ് ഈ സംശയങ്ങൾ ഉണർത്തിയത്. കമിതാക്കളെ വധിക്കുന്നതിനു പുറമെ, പെൺകുട്ടികൾ ജീൻസ് ഇടാൻ പാടില്ല, മൊബൈൽ ഉപയോഗിക്കാൻ പാടില്ല തുടങ്ങിയ പല വിലക്കുകളും ഖാപ്പ് പഞ്ചായത്തുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

athira ആതിര

അപ്പോൾ പ്രശ്നം ജാതിയല്ല, പെൺകുട്ടികളാണെന്നു വരുന്നു. സുപ്രീം കോടതി പരാമർശിച്ച ആ മൗലികാവകാശം നേടിയെടുക്കാൻ പ്രായപൂർത്തിയായ മകൾക്കു പലപ്പോഴും സ്വന്തം അച്ഛനെ ആണാധിപത്യത്തിന്റെ രണഭൂമിയിൽ നേരിടേണ്ടിവരുന്നു. ആണാധിപത്യം മാത്രമായി ഇതിനെ കാണാൻ പറ്റില്ല. കുട്ടിയോടുള്ള വാത്സല്യവും ഉത്‌കണ്ഠയും പിതാവിന്റെ പെരുമാറ്റത്തിൽ കാണും. ഈ സ്വാഭാവിക വികാരങ്ങളിൽനിന്നായിരിക്കാം എതിർപ്പു തുടങ്ങുക. പക്ഷേ, സുപ്രീം കോടതി പറഞ്ഞ മൗലികാവകാശം നേടിയെടുക്കുന്നതിൽ പെൺകുട്ടി ഉറച്ചുനിൽക്കുമ്പോൾ, മകൾക്കു പ്രായപൂർത്തിയായി എന്നു മറക്കുന്ന പിതാവിന്, തന്റെ ആണധികാരത്തിനു മുറിവേറ്റതായി തോന്നുന്നു. തുടർന്ന്, ആളുകൾക്കു ലളിതമായി മനസ്സിലാവുന്നതും പലരുടെയും പിന്തുണ കിട്ടുന്നതും ആയതിനാൽ സ്വാഭാവികമായും ജാതിയും മതവും പെട്ടെന്നു കളിക്കാവുന്ന കാർഡുകൾ ആകുന്നു. പിന്നെ, സംഭവം ജാതിയിലും മതത്തിലും മാത്രമായി ഒതുങ്ങുന്നു; സന്താനഹത്യ ദുരഭിമാനക്കൊലയും. 

സുഡാനി ഫ്രം നൈജീരിയ (മനുഷ്യൻ ഫ്രം ഭൂമി)

രണ്ടു ദശകങ്ങളിലധികമായി സിനിമയിൽ സംഭവിക്കുന്ന വലിയൊരു മാറ്റം ആർട് സിനിമയ്‌ക്കും കച്ചവടസിനിമയ്‌ക്കും ഇടയിലുള്ള മതിലുകൾ തകരുന്നുവെന്നതാണ്. മുഖ്യധാരാസിനിമകളിൽ കഥയെക്കാൾ കഥ പറച്ചിൽ കൂടുതൽ പ്രധാനമാകുകയും അതുതന്നെ വളരെ സങ്കീർണമാവുകയും ചെയ്തതാണ് ഇതിനു കാരണം. ഹോളിവുഡിലും ബോളിവുഡിലും മറാത്തി സിനിമയിലുമെല്ലാം ഇതു സംഭവിച്ചപ്പോൾ മലയാള സിനിമ മടിച്ചുനിന്നു. ജനപ്രിയം, ആർട് എന്ന കളംതിരിക്കലുകളെ അതിജീവിച്ചു മറുകണ്ടം ചാടിയ (ക്രോസ് ഓവർ എന്ന അർഥത്തിൽ) ചിത്രമാണ് സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ’.

sudani-1

ആഭ്യന്തരകലാപങ്ങളും ഭരണമരവിപ്പുമുള്ള നൈജീരിയയിൽ പട്ടിണിയിൽനിന്നു രക്ഷപ്പെടാനുള്ള ഒരു മാർഗമാണു ഫുട്ബോൾ. അങ്ങനെ ഇന്ത്യയിൽ എത്തിയ സാമുവൽ എന്ന നൈജീരിയക്കാരൻ പരുക്കുപറ്റി മലപ്പുറത്തെ ഒരു വീട്ടിലെ പരിരക്ഷയും ശുശ്രൂഷയും, നാട്ടുകാരായ സെവൻസ് ഭ്രാന്തന്മാരുടെ സ്നേഹവും ഏറ്റുവാങ്ങി തിരിച്ചുപോകുന്നതാണ് ഈ സിനിമയിലെ കഥാതന്തു.

ഈ സിനിമ പലതും അട്ടിമറിക്കുന്നു. സാധാരണ സ്പോർട്സ് സിനിമകൾ വിപരീത സന്ദർഭങ്ങളെ അതിജീവിച്ചു ക്ലൈമാക്സിൽ വിജയം നേടുന്ന ടീമിന്റെയോ വ്യക്തിയുടെയോ കഥയായിരിക്കും. ഇതിൽ അത്തരത്തിലുള്ള ഉദ്വേഗജനകമായ ഒരു കളിയുമില്ല. മലപ്പുറത്തെപ്പറ്റി ഭീകരവാദവുമായി ബന്ധപ്പെട്ടതടക്കമുള്ള പല പ്രചാരണങ്ങളും ഇന്ത്യയൊട്ടാകെ നടക്കുമ്പോൾ അവിടത്തെ ജീവിതത്തിന് - എവിടത്തെയും എന്നപോലെ – മാനവികമായ പല മാനങ്ങളും ഉണ്ടെന്ന് ഈ സിനിമ ഓർമിപ്പിക്കുന്നു. അട്ടിമറികൾ അവിടെക്കൊണ്ടു തീരുന്നില്ല. നാടകരംഗത്തുനിന്നു സിനിമയിലേക്കു വന്ന സാവിത്രി ശ്രീധരനും സരസ ബാലുശേരിയും കാസ്റ്റിങ്ങിന്റെ വലിയ വിജയങ്ങളായിമാറുന്നു. ഭാര്യയുടെ മുൻബന്ധത്തിലുള്ള മകൻ ചെലവു നടത്തുന്ന വീട്ടിലെ കസേരയിൽ അമർന്നിരിക്കാൻ വിമ്മിട്ടം കാണിക്കുന്ന കെ.ടി.സി. അബ്ദുല്ലയും സിദാനെപ്പോലെ തനിക്കും മാനേജരാകാനേ പറ്റുള്ളൂ എന്നു വിശ്വസിക്കുന്ന സൗബിനും മനസ്സിൽനിന്നു വിട്ടുപോകുന്നില്ല.

ഇത് ഒരു ഫുട്ബോൾ ചിത്രമല്ല; ഒരു ദേശത്തിന്റെ കഥയുമല്ല. ഇതിലെല്ലാം ഉപരിയായി, സാർവലൗകികമായി എന്തോ ഒന്ന് ഈ സിനിമയിൽ ഉണ്ട്. പൊതുവെയുള്ള മനുഷ്യാവസ്ഥയെ അത് ഓരോനിമിഷവും ഓർമിപ്പിക്കുന്നു. ‘സുഡാനി ഫ്രം നൈജീരിയ’യ്‌ക്ക് പകരം ‘മനുഷ്യൻ ഫ്രം ഭൂമി’ എന്നു വേണമെങ്കിൽ ഈ പടത്തിനെ വിളിക്കാം. ‘ജീവിതനൗക’, ‘നീലക്കുയിൽ’, ‘ചെമ്മീൻ’, ‘സ്വയംവരം’ എന്നീ സിനിമകൾ പോലെ ഇതും മലയാളത്തിലെ നാഴികക്കല്ലായ ചിത്രമാണ്. 

ലാഭേച്ഛയുടെ സമ്മർ ക്യാംപ്

കാലത്ത് പത്രങ്ങൾ കുടഞ്ഞിടുമ്പോൾ താഴെ വീഴുന്ന നോട്ടിസുകളിൽ പലതിലും, റോഡുകളിലെ പുതിയ ഫ്ലക്സുകളിലും ഇപ്പോൾ സമ്മർ ക്യാംപുകളുടെ പരസ്യങ്ങളാണ്. കർണാടക സംഗീതം തൊട്ട് കരാട്ടെ വരെ എന്തും അവിടെ പഠിപ്പിക്കും. ഒഴിവുകാലത്തു വെറുതെ കളിച്ചുനടക്കാതെ വല്ല നല്ലകാര്യങ്ങളും പഠിക്കട്ടെ കുട്ടികൾ എന്ന മാതാപിതാക്കളുടെ നല്ലവിചാരം സമ്മർ ക്യാംപുകളെ നല്ലൊരു ബിസിനസ് അവസരമാക്കി. കൂണുകൾപോലെ അവ പലയിടത്തും പ്രത്യക്ഷപ്പെടുന്നു.

thalsamayam

സമ്മർ ക്യാംപുകളുടെ പ്രധാന പ്രശ്നം കുട്ടികളുടെ സുരക്ഷയാണ്. ഇത് ഉറപ്പാക്കുന്നതിനു ചട്ടങ്ങളും സർക്കാരിന്റെ മേൽനോട്ടവും വേണം. പടിഞ്ഞാറൻ നാടുകളിൽ ഇവ നടത്താൻ കർശനമായ ചട്ടങ്ങൾ പാലിക്കേണ്ടിയിരിക്കുന്നു. അധികൃതരുടെ മുൻകൂട്ടിയുള്ള അനുമതിയും വേണം.

നമ്മുടെ രീതി വ്യത്യസ്തമാണ്. ഇത്തരം പുതിയ ബിസിനസുകൾ തുരുതുരെ പൊട്ടിമുളയ്ക്കുമ്പോൾ അധികൃതർ നോക്കിനിൽക്കും. പിന്നെ എന്തെങ്കിലും സംഭവിച്ചാൽ – അങ്ങനെ സംഭവിക്കാതിരിക്കട്ടെ – ഉടനെ അവയെല്ലാം അടച്ചുപൂട്ടും. അതിനുശേഷമാണു ചട്ടങ്ങളെപ്പറ്റി ആലോചിക്കുക.

സമ്മർ ക്യാംപുകൾ കേരളത്തിൽ അത്ര പുതിയ കാര്യമൊന്നുമല്ല. നല്ലരീതിയിൽ, അധികം ഒച്ചയും ബഹളവും ഇല്ലാതെ, മിതമായ ഫീസ് വാങ്ങി നടന്നുപോരുന്ന ക്യാംപുകൾ വർഷങ്ങളായി ഇവിടെ ഉണ്ട്. പക്ഷേ, ഭീമമായ തുക വാങ്ങി ഇതിനെ പണമുണ്ടാക്കുന്ന എർപ്പാടായി പലരും കണ്ടുതുടങ്ങുമ്പോൾ ഇതിലേക്ക് അധികൃതരുടെ ശ്രദ്ധ അടിയന്തരമായി തിരിയേണ്ടിയിരിക്കുന്നു. ലാഭേച്ഛയുടെ തറയിൽ കുട്ടികളുടെ സുരക്ഷ ബലികൊടുക്കപ്പെടരുത്. 

സ്കോർപ്പിയോൺ കിക്ക്: കീഴാറ്റൂരിൽ അത്യാവശ്യമായി വേണ്ടത് ഒരു പക്ഷിസങ്കേതമാണ്. ഇതിനകം ലോകമെമ്പാടും എണ്ണം കുറഞ്ഞുവരുന്ന കിളികളും വംശനാശഭീഷണി രൂക്ഷമായി നേരിടുന്ന ജീവജാലങ്ങളുടെ പട്ടികയായ ‘റെഡ് ബുക്കിൽ’ കയറിപ്പറ്റിയ കഴുകന്മാരും ദേശാടനപ്പക്ഷികളായ എരണ്ടകളും അവിടെ സ്പോട് ചെയ്തു കഴിഞ്ഞിരിക്കുന്നു!

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം