Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഞാൻ അദ്ദേഹത്തെ തൊട്ടു; 22 വർഷത്തിനു ശേഷം' കരളുരുക്കുന്ന ഓർമയുമായി വിന്നി മണ്ടേല

Winnie Mandela

1984. മേയ് മാസത്തിലെ രണ്ടാമത്തെ ആഴ്ചയുടെ അവസാനം. വർഷങ്ങൾക്കു ശേഷം ഞാൻ അദ്ദേഹത്തെ തൊട്ടു. ഏറ്റവുമൊടുവിൽ ഞങ്ങൾ പരസ്പരം സ്പർശിച്ചതെന്നായിരുന്നു? 1962ൽ. 22 വർഷത്തിനു ശേഷം വീണ്ടും സപർശിക്കുന്നു. ഭാര്യാഭർത്താക്കൻമാർ. 

രണ്ടു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം വിരലുകളിൽ പരസ്പരം സ്പർശിച്ച ഈ ഭാര്യാഭർത്താക്കൻമാരെ ലോകം അറിയും. ദക്ഷിണാഫ്രിക്കയുടെ കറുത്ത സൂര്യൻ നെൽസൺ മണ്ടേലയും രണ്ടാം ഭാര്യ വിന്നി മണ്ടേലയും. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ ദശകങ്ങളോളം നെൽസൺ മണ്ടേല ജയിലിൽ അടയ്ക്കപ്പെട്ടപ്പോൾ പുറത്തു പോരാട്ടത്തിനു തീ കൂട്ടിയിരുന്നത് വിന്നിയായിരുന്നു. മണ്ടേലയുടെ ആത്മാവിന്റെ തോഴി. അക്കാലത്തെക്കുറിച്ചു വിന്നി എഴുതിയ പുസ്തകം ഉയിർത്തെഴുന്നേൽപ് സ്വപ്നം കണ്ട ഓരോരുത്തർക്കുമുള്ള വിപ്ലവാഹ്വാനമായിരുന്നു. ജയിയിൽ കഴിയുന്ന മണ്ടേല സെൻസർമാരുടെ അനുവാദത്തോടെ എഴുതിയ കത്തുകളും അദ്ദേഹവുമായി നടത്തിയ അഭിമുഖങ്ങളും തെരുവുകളിൽ കറുത്തവർഗക്കാർ നടത്തിയ സമരങ്ങളും വിവരിക്കുന്ന പുസ്തകം. ഒരു രാജ്യത്തിന്റെ പോരാട്ട ചരിത്രം. ഒരു ജനതയുടെ സമരവീര്യത്തിന്റെ വറ്റാത്ത ആവേശം. 1984 –ൽ പുറത്തിറങ്ങിയ പുസ്തകത്തിനു വിന്നി നൽകിയ പേര് പോലും അർഥപൂർണം– അദ്ദേഹത്തോടൊപ്പം പോയി എന്റെ ആത്മാവിന്റെ ഒരു ഭാഗവും ( പാർട് ഓഫ് മൈ സോൾ വെന്റ് വിത്ത് ഹിം.). പുസ്കത്തിലെ ഏറ്റവും അവിസ്മരണീയ ഭാഗത്തു വിന്നി വിവരിക്കുന്നു രണ്ടു പതിറ്റാണ്ടിനുശേഷം അവർ പരസ്പരം സ്പർശിച്ച ദിവസം.

പരസ്പരം കാണാമെന്നല്ലാതെ അന്ന് അദ്ദേഹത്തെ സ്പർശിക്കാനാവുമെന്ന് എനിക്കറിയില്ലായിരുന്നു. അതു പതിവില്ലായിരുന്നു. പോൾസ്മൂർ ജയിലിൽ അന്ന് ഞാൻ എത്തിയപ്പോൾ മകൾ സെനിയും ഇളയമകളും എന്നോടൊപ്പമുണ്ടായിരുന്നു. സാർജന്റ് ഗ്രിഗറി എന്നെ ഓഫിസിലേക്കു വിളിപ്പിച്ചു.ഗ്രിഗറി അതു പറയുമ്പോൾ ഞെട്ടലായിരുന്നു എനിക്കാദ്യം. അദ്ദേഹത്തിന് എന്തെങ്കിലും അസുഖം ? കാണാമെന്നല്ലാതെ– അതും ഗ്ളാസ് വാതിലിന് അപ്പുറവും ഇപ്പുറവും നിന്ന് –സ്പർശിക്കാനുള്ള അനുമതി കിട്ടാറേയില്ലായിരുന്നു.  ഇനി മുതൽ നിങ്ങൾക്ക് അദ്ദേഹത്തോടു സംസാരിക്കുന്നതിനൊപ്പം പരസ്പരം തൊടാനുമാവും. ഈ വാർത്ത പറയാനാണു ഞാൻ നിങ്ങളെ ഇവിടേയ്ക്കു വിളിപ്പിച്ചത് – ഗ്രിഗറി പറഞ്ഞുനിർത്തി. ഞങ്ങൾ നെൽസണെ ചുംബിച്ചു. കുറേയധികം നേരം അദ്ദേഹം ഞങ്ങളെ മാറോടടുക്കിപ്പിടിച്ചു. ആ അനുഭവം എനിക്കു വിവരിക്കാനാവില്ല – വാക്കുകളിൽ. ആഹ്ളാദകരമായിരുന്നു ആ അനുഭവം. അതേ സമയം മുറിവേൽപ്പിക്കുന്നതും. 

ആ സന്ദർശനത്തിലുടനീളം കുട്ടിയെ അദ്ദേഹം വിടാതെ പിടിച്ചുകൊണ്ടിരുന്നു. 

ദക്ഷിണാഫ്രിക്കയുടെ അമ്മ എന്നറിയപ്പെട്ട വിന്നി മണ്ടേലയുടെ ജീവിതത്തിനു രണ്ടു വശങ്ങളുണ്ട്. സ്വാതന്ത്ര്യസമര നായിക. ലോകത്തെ ഉന്നതനായ സമരനായകന്റെ ഭാര്യ. വിമോചനപ്പോരാട്ടത്തിൽ ജയിൽവാസം ഉൾപ്പെടെ സഹിച്ച ധീരവനിത. ഈ വിശേഷണങ്ങളെയെല്ലാം അപ്രസക്തമാക്കി പിന്നീട് വിന്നിക്ക് എതിരായി ഉയർന്ന ആരോപണങ്ങളും അഴിമതിയും. കൊലപാതകക്കുറ്റം ഉൾപ്പെടെ ചാർത്തപ്പെട്ടു വിന്നിയുടെ പേരിൽ. മൂളിപ്പാട്ടും പാടി ചെറുപ്പക്കാരെ പീഡിപ്പിച്ചുകൊല്ലുന്ന കൂട്ടായ്മയുടെ നേതാവാണു വിന്നി എന്നപോലും അടക്കം പറഞ്ഞു  ജനങ്ങൾ. അപവാദങ്ങൾ മാത്രമായിരുന്നില്ല. കോടതി പോലും കണ്ടെത്തിയ സത്യങ്ങൾ. വാസ്തവം എന്തുതന്നെയായാലും മണ്ടേലയ്ക്കൊപ്പം വിന്നി നയിച്ച പോരാട്ടത്തിന്റെ മാറ്റു കുറയ്ക്കാനാവില്ല ആരോപണങ്ങൾക്കൊന്നിനും. ആത്മാവിന്റെ ഒരു ഭാഗം ജയിലിലെ ഇരുട്ടറയ്ക്കുള്ളിൽ അടയ്ക്കപ്പെട്ട നാളുകളെക്കുറിച്ചെഴുതിയ പുസ്തകം ഇന്നും പോരാടുന്ന ജനതയുടെ കൈപ്പുസ്തകമായും നിലനിൽക്കുന്നു. ഒരുപക്ഷേ ഇനി വരാനിരിക്കുന്ന നാളുകളിൽ എങ്ങനെ ജീവിക്കണമെന്നും ജീവിക്കരുതെന്നും ഒരേസമയം പറഞ്ഞുതരുന്ന ജീവചരിത്രമായിരിക്കും വിന്നിയുടെ ജീവിതവും അവരുടെ ജീവിതപുസ്തകവും. 

22 വർഷത്തിനു ശേഷം പരസ്പരം തൊട്ട് ആ നിമിഷത്തെക്കുറിച്ചു വിന്നി തുടർന്നെഴുതുന്നു:

അന്നു ഞങ്ങൾ അടുത്തടുത്ത് തൊട്ടുതൊട്ടിരുന്നപ്പോൾ ഗ്രിഗറി പോലും വല്ലാതായി. ഞങ്ങളുടെ കണ്ണുകളിലെ കണ്ണുനീർ കണ്ടിട്ടായിരിക്കണം അദ്ദേഹം മറ്റൊരു വശത്തേക്കു മുഖം തിരിച്ചു. 22 വർഷത്തെ സ്പർശനം ഞങ്ങൾ ഭാര്യാഭർത്താക്കൻമാർക്കു നിഷേധിച്ച ഭരണസമ്പ്രദായം. അതെത്ര ക്രൂരമാണ്. പൈശാചികമാണ്. ജീവിതകാലത്തേക്കു മുഴുവൻ ജയിലിൽ അടയ്ക്കപ്പെട്ട ഒരു മനുഷ്യന് സ്വന്തം ഭാര്യയെയും മക്കളേയും സ്പർശിക്കാനുള്ള അവകാശമെങ്കിലും കൊടുക്കേണ്ടേ ?

പിന്നീട് ഞാൻ കാത്തിരിക്കാൻ തുടങ്ങി. ഓരോ സന്ദർശനത്തിനുവേണ്ടിയും. കാത്തിരിപ്പു നല്ലതുതന്നെ. പക്ഷേ യാത്ര. അതു ഭീകരമായിരുന്നു. 

ഒരേയൊരു ചിന്ത മാത്രമായിരുന്നു അന്നു ഞങ്ങൾക്കാശ്വാസം. ഒരു ദിവസം അദ്ദേഹം ഞങ്ങളുടെ അടുത്തേക്കു വരും. ജയിലിലിന്റെ കനത്ത വാതിലുകൾ അദ്ദേഹത്തിന്റെ മുന്നിൽ തുറക്കപ്പെട്ടും. സ്വാതന്ത്ര്യത്തിലേക്കു നടക്കും ഞങ്ങൾ; ജീവിതത്തിലേക്കും. 

1982–ൽ കേപ് ടൗണിലെ പോൾസ് മൂർ ജയിലിലേക്കു നെൽസൺ മണ്ടേലയെ മാറ്റിയതിനുശേഷമാണ്  വിന്നിക്കും മക്കൾക്കും അദ്ദേഹത്തെ തൊടാനുള്ള അനുവാദം പോലും ലഭിക്കുന്നത്. പിന്നെയും വിന്നിക്കു കാത്തിരിക്കേണ്ടിവന്നു വർഷങ്ങൾ; ആത്മകഥയിൽ വിവരിക്കുന്ന സ്വാതന്ത്ര്യത്തിലേക്കു നെൽസൺ മണ്ടേലയുടെ മുന്നിലുള്ള വാതിലുകൾ തുറക്കപ്പെടാൻ. 

1990. ലോകത്തിന്റെ ക്യാമറക്കണ്ണുകൾ ദക്ഷിണാഫ്രിക്കയിലേക്കു മിഴി തുറന്ന വർഷം. ജയിലിൽനിന്നു മണ്ടേല പുറത്തേക്കു നടക്കുമ്പോൾ കൈ പിടിച്ചു കൂടെയുണ്ടായിരുന്നു വിന്നി. അപ്പോൾ അവരുടെ ആത്മാവിന്റെ ഒരു ഭാഗം ജയിലിൽ ആയിരുന്നില്ല. അവരുടെ തൊട്ടടുത്ത്. അവരോടൊപ്പം. അവരൊരുമിച്ച്. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു നിറഞ്ഞ ആത്മാവുകൾ. 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം