Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാരിന്റെ സാഹിത്യോത്സവത്തിൽ അവഹേളനം: അഞ്ചുലക്ഷം നഷ്ടപരിഹാരം തേടി എഴുത്തുകാരൻ

Dileep Raj

സർക്കാർ സംഘടിപ്പിച്ച സാഹിത്യോത്സവത്തിലേക്കു ക്ഷണിച്ച ശേഷം അപമാനിച്ചതിനു നഷ്ടപരിഹാരം തേടി എഴുത്തുകാരൻ. 

സഹകരണ വകുപ്പ് സാഹിത്യ പ്രവർത്തക സഹകരണ സംഘം വഴി മാർച്ച് ആറു മുതൽ പത്തു വരെ കൊച്ചി ബോൾഗാട്ടി പാലസിൽ നടത്തിയ ‘കൃതി’ സാഹിത്യോത്സവത്തിന്റെ (Krithi International Festival of Books and Authors) സംഘാടകരിൽ നിന്ന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് അധ്യാപകൻ ദിലീപ് രാജ് ആണു നോട്ടിസ് അയച്ചത്. സാഹിത്യോത്സവത്തിന്റെ മുഖ്യ സംഘാടകരായ സഹകരണ സെക്രട്ടറി,  കൺവീനർ എസ്.രമേശൻ, ഡയറക്ടർ വൈശാഖൻ, സാഹിത്യ പ്രവർത്തക സഹകരണ സംഘം സെക്രട്ടറി അജിത്ത് ശ്രീധർ, പ്രസിഡന്റ് എഴാച്ചേരി രാമചന്ദ്രൻ , ക്രിയേറ്റീവ് ഡയറക്ടർ ഷാജി എൻ.കരുൺ (ക്രീയേറ്റീവ് ഡയറക്ടർ ) എന്നിവർക്കാണു നോട്ടിസ്. സാഹിത്യോത്സവത്തിലേക്ക് ക്ഷണിച്ച ശേഷം അങ്ങേയറ്റം അപമര്യാദയായും നിരുത്തരവാദപരമായും പെരുമാറി അപമാനിച്ചതായി നോട്ടിസിൽ ആരോപിക്കുന്നു. 

‘കൃതി’ പുസ്തകോത്സവത്തിനു സമാന്തരമായാണു സാഹിത്യോത്സവം സംഘടിപ്പിച്ചത്. എഴുത്തുകാരനും പ്രഭാഷകനുമായ ദിലീപ് രാജിനെ  'ദലിത് സാഹിത്യം ' എന്ന പാനൽ ചർച്ചയിലേക്കു ക്ഷണിച്ചിരുന്നു. എന്നാൽ, അഞ്ചു പേരുള്ള പാനലിൽ പങ്കെടുത്താൽ ചർച്ചയ്ക്കു വേണ്ടത്ര അവസരം കിട്ടില്ലെന്ന മുൻ അനുഭവങ്ങൾ ചൂണ്ടിക്കാട്ടി ചർച്ചയിൽ നിന്നു പിന്മാറുന്നതായി ദിലീപ് പിന്നീടു സംഘാടകരെ അറിയിച്ചു. അപ്പോൾ വേറൊരു സെഷനിലേക്കു  ( Writing From The Margins) ക്ഷണിക്കുകയും അതിൽ ആവശ്യത്തിനു സമയം ലഭിക്കുമെന്നു സംഘാടകർ ഉറപ്പു നൽകുകയും ചെയ്തു.  ആദിവാസി എഴുത്തുകാരനായ ഹാൻസ് ഡെ സൗവേന്ദ്ര ശേഖറുമായി ദിലീപ് രാജ് നടത്തുന്ന സംവാദമാണ് ഉദ്ദേശിക്കുന്നതെന്നും സംഘാടകർ അറിയിച്ചു. സൗവേന്ദ്ര ശേഖറുടെ  രചനകളോടു വലിയ ബഹുമാനമുള്ള താൻ സൗവേന്ദ്ര ശേഖറിന്റെ കൃതികൾ വീണ്ടും വരുത്തി വായിക്കുകയും ചർച്ചയ്ക്കു വേണ്ടി തയാറെടുപ്പു നടത്തുകയും ചെയ്തുവെന്നു ദിലീപ് പറയുന്നു. എറണാകുളത്തേക്കു ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തു. എന്നാൽ, എഴുത്തുകാരനായ നാരായന്റെ പേരാണു പരിപാടിയുടെ ഔദ്യോഗിക വെബ് സൈറ്റിലും അച്ചടിച്ച ഷെഡ്യൂളിലും ആ സെഷനിലെ മോഡറേറ്റർ ആയി കൊടുത്തിരുന്നത്. ഇക്കാര്യത്തിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ സംഘാടകരിലൊരാൾ ക്ഷമാപണം നടത്തുകയും വെബ് സൈറ്റിൽ തിരുത്താം എന്ന് ഉറപ്പു നൽകുകയും ചെയ്തു. പക്ഷേ പരിപാടി തുടങ്ങാറായിട്ടും തിരുത്തിയില്ല. മാത്രമല്ല, താൻ പങ്കെടുക്കുന്നില്ലെന്നു നേരത്തേ അറിയിച്ച ‘ദലിത് സാഹിത്യം’ പാനൽ ചർച്ചയിൽ തന്നെയാണു ദിലീപിന്റെ പേര് ഉൾപ്പെടുത്തിക്കണ്ടത്. തുടർന്നു സംഘാടകരുടെ നിരുത്തരവാദിത്ത സമീപനത്തിൽ അപമാനിതനായും, നാരായനെ പോലൊരു എഴുത്തുകാരനെ അവസാന നിമിഷം  സ്ഥാനഭ്രഷ്ടനാക്കാൻ ഒട്ടും താല്പര്യമില്ലാത്തതിനാലും താൻ സ്വയം പിന്മാറുകയാണെന്നു ദിലീപ് സംഘാടകരെ അറിയ

Dileep Raj

ിച്ചു. അതിനും മറുപടി ലഭിച്ചില്ല. 

ഇങ്ങനെ ഒരു സംഘാടകരും ആരോടും പെരുമാറാൻ പാടില്ലാത്തതാണ്–നഷ്ടപരിഹാരം ആവശ്യപ്പെട്ട് അയച്ച വക്കീൽനോട്ടിസിൽ ദിലീപ് രാജ് പറഞ്ഞു. എഴുത്തുകാർക്ക് ആത്മാഭിമാനമുണ്ടെന്ന് ഇത്തരത്തിൽ അധികാരവും പണവും കൊണ്ടു കണ്ണു കാണാതായ സംഘാടകരെ ബോധ്യപ്പെടുത്തേണ്ടതുണ്ട് എന്നു  തോന്നിയതു കൊണ്ടാണ് ഇത്തരത്തിൽ നിയമ നടപടി സ്വീകരിക്കുന്നതെന്നും ദിലീപ് പറഞ്ഞു. എഴുത്തുകാരും സാധാരണക്കാരും  പ്രാഥമികമായ ബഹുമാനം പോലും അർഹിക്കുന്നില്ല എന്ന ധാർഷ്ട്യം ആവർത്തിക്കപ്പെടാൻ പാടില്ല. ഹാൻസ് ഡെയെപോലുള്ള എഴുത്തുകാരുടെ പേരു പോലും പ്രസംഗകരുടെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ സംഘാടകർ തയാറാവാത്തതു ജനപങ്കാളിത്തം കുറച്ചുവെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു. വിഖ്യാതരായ എഴുത്തുകാരെ കോടികൾ ചെലവാക്കി കൊണ്ടുവരാൻ സർക്കാർ തയ്യാറാവുമ്പോൾ സ്ഥിരം ഇവന്റ് മാനേജ്‌മെന്റ് നാടകങ്ങൾ അല്ലാതെ ആൾക്കാരെ വിവരം അറിയിക്കാനോ പങ്കെടുക്കുന്നവരെ അപമാനിക്കാതിരിക്കാൻ എങ്കിലുമോ ഉള്ള സാമാന്യ ബോധം സംഘാടകർ കാണിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. 

തലശ്ശേരി പാനൂർ സ്വദേശിയായ ദിലീപ് രാജ് ദീർഘകാലം ഡിസി ബുക്സിലും പെൻഗ്വിൻ ഇന്ത്യയിലും എഡിറ്ററായിരുന്നു. പച്ചക്കുതിര മാസികയിലും എഡിറ്ററായി പ്രവർത്തിച്ചു. നളിനി ജമീല, റസൂൽ പൂക്കുട്ടി തുടങ്ങിയവരുടെ ആത്മകഥകൾക്കു പിന്നിലും പ്രവർത്തിച്ചു. 

സർക്കാർ മൂന്നു കോടി രൂപയിലേറെ ചിലവഴിച്ചാണു ‘കൃതി’ സാഹിത്യമേള സംഘടിപ്പിച്ചത്. മേളയിലെ ജനപങ്കാളിത്തവും വരുമാനവും സംബന്ധിച്ചു സർക്കാരിന്റെ അവകാശവാദങ്ങൾ തട്ടിപ്പാണെന്നും, മേളയുടെ പേരിൽ വൻധൂർത്ത് നടന്നതായും നേരത്തേ ആരോപണമുണ്ടായിരുന്നു. 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം