Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാത്തിരുന്നതു കണിക്ക്, തുറക്കൂ കണ്ണീര്‍ വറ്റാതൊഴുകുന്ന കണ്ണുകൾ‍....

Vishu

ഒരു വിഷുക്കണിക്കുവേണ്ടി കാത്തിരുന്നത് ഒന്നും രണ്ടുമല്ല അറുപതു വർഷം. ആറു പതിറ്റാണ്ടുകൾ. ഒരു ജൻമത്തിന്റെ മാത്രം സാഫല്യത്തിനായിരുന്നില്ല ആ കാത്തിരിപ്പ്, ജൻമാന്തരങ്ങളുടെ പുണ്യത്തിന്. അസുലഭമായ നിമിഷത്തിലെ അതിദിവ്യമായ ദർശനം. അങ്ങനെയൊരു വിഷുക്കണിയുണ്ട് മലയാളത്തിൽ ഇന്നു ജീവിച്ചിരിക്കുന്ന മഹാകവിയായ അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ കാവ്യപ്രപഞ്ചത്തിൽ. കാത്തിരിപ്പിനെ സാർഥമാക്കി കണി‌യുടെ നിമിഷമായപ്പോൾ ആനന്ദക്കണ്ണീരിൽ കണ്ണടഞ്ഞുപോയ ഒരു വിഷു. 

കണ്ണീർക്കടലിലെ തിരകളിൽ തളർന്നിട്ടും  നിർത്താതെ നീന്തിയ ഒരു മനുഷ്യനാണ് അക്കിത്തത്തിന്റെ വിഷുക്കണി എന്ന കവിതയിലെ കഥാപാത്രം. ചെയ്തുകൂട്ടിയ പാപങ്ങളുടെ ഭാരം ചുമലിൽ. അറിയാൻ ശ്രമിച്ചിട്ടും അറിഞ്ഞില്ല ഒന്നും. അറിയേണ്ടത് എന്ത് എന്നുപോലും അറിഞ്ഞില്ല. അറിയേണ്ടതു മറന്ന് അലഞ്ഞു. ഒടുവിൽ എത്തി; അറിവിന്റെ ഉറവിടത്തിൽ. എല്ലാ ചോദ്യങ്ങളുടെയും ഒരേയൊരു ഉത്തരത്തിൽ– ഗുരുപവനപുരിയിൽ. ഭഗവാന്റെ തിരുമുഖം കാണുവാന്‍. ഒരു വിഷുപ്പുലര്‍ച്ചെ. 

വിഷുക്കണിയായി ഗുരുവായൂരിലെ ഭഗവാന്റെ തിരുമുഖം കണികണ്ടുണരാന്‍ എത്തിയ ഭക്തനെക്കുറിച്ച് അക്കിത്തം എഴുതിയത് 40 വര്‍ഷം മുമ്പ്. ഒരു ഭക്തിഗാനത്തിന്റെ ആരാധനതുളുമ്പുന്ന ഈരടികളും സമര്‍പ്പണത്തിന്റെ ചൈതന്യവും നിറഞ്ഞ കവിത – വിഷുക്കണി.

ഇപ്പോഴിതാ ഈ വിഷുക്കാലത്തു വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണു ഗുരുവായൂര്‍. ക്ഷേത്രത്തിൽ 1000 രൂപയ്ക്ക് പ്രത്യേക ദർശനസൗകര്യം നൽകാൻ എടുത്ത തീരുമാനമാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും ഉയരുന്നുണ്ട് വാദങ്ങള്‍. 1000 രൂപയുടെ നെയ്‍വിളക്ക് ശീട്ടാക്കുന്ന ഒരാളെ കൊടിമരത്തിനു സമീപത്തുകൂടി പ്രവേശിപ്പിക്കാനാണ് ഇപ്പോൾ ദേവസ്വം തീരുമാനിച്ചിരിക്കുന്നതും നടപ്പിൽ വരുത്തിയിരിക്കുന്നതും. നാൽപതു വർഷം മുമ്പ് ഒരു വിഷുപ്പുലർച്ചയിൽ ഗുരുവായൂരിലെ ഭക്തപ്രവാഹത്തിൽ അലിഞ്ഞു, തിരുനടയിൽ കൈ കൂപ്പിനിന്ന ഒരു  വ്യക്തിയുടെ മനസ്സിലൂടെ സഞ്ചരിക്കുകയാണ് കവി. 

തിരുവാകച്ചാർത്തിനു മുന്നേ ഗുരുപവനപുരിയിലെ തിരുമുഖം കണ്ടു വണങ്ങണം അക്കിത്തത്തിന്റെ കവിതയിലെ ഭക്തന്. പിന്നെ വിഷുക്കണിയുടെ സമയം വരെ ഒന്നു മയങ്ങണം. മാസ്മരികമായ ആ മയക്കത്തിനൊടുവിൽ ആനന്ദനിർവൃതിയിൽ ഉണരണം. അപ്പോഴേക്കും വിഷുക്കണിയുടെ സമ്മോഹന മുഹൂർത്തമാകും. 

കുറൂരമ്മയുടെ നിർവൃതി. മഞ്ജുളാനന്ദം. വില്വമംഗല മംഗളം. നെൻമിനിക്കുണ്ണി....

പാടിപ്പുകഴ്ത്തിയിട്ടും ഐതിഹ്യങ്ങൾ ആവർത്തിച്ചിട്ടും മതിവരുന്നില്ല കവിക്ക്. തിരുവാകച്ചാർത്തിനു മുന്നെ തിരുമുഖവും കണ്ട് മതിലകത്തുതന്നെയുള്ള കരിങ്കൽക്കെട്ടിൽ മയങ്ങി. ആകാശക്കോണിലുണ്ട് ലക്ഷം ദീപങ്ങളുടെ ഉൽസവം. കാത്തിരിപ്പിനു വിരാമം കുറിച്ചു കേൾക്കുന്നു; ശംഖനാദം. വരൾച്ചയ്ക്കിടെ മഴ എത്തുമ്പോൾ ഇടിനാദം കേട്ട് എഴുന്നേൽക്കുന്ന ആൺമയിലിനെപ്പോലെ ഹൃദയത്തിൽ ഭക്തിയും ചുണ്ടിൽ ഭഗവൽപര്യായങ്ങളുമായി ഓടിയടുക്കുന്നു ആയിരക്കണക്കിനു ഭക്തർ. ആ പ്രവാഹത്തിലുണ്ട് വിഷുക്കണി കാണാൻ നേരത്തെയെത്തി കാത്തിരിക്കുന്ന ഭക്തനും. കാണിക്ക അർപ്പിക്കാൻ ഭക്തന്റെ കൈവശം സമ്പത്തോ വില കൂടിയ രത്നങ്ങളോ ആഭരണങ്ങളോ ഇല്ല – വറ്റാതൊഴുകുന്ന കണ്ണുനീർ മാത്രം. വില മതിക്കാനാവാത്ത രത്നങ്ങളെക്കാളും വിശുദ്ധമായ കണ്ണുനീർ. 

ഉയർത്തിത്തൊഴുത‌ുപിടിച്ചിരിക്കുന്ന കൈകൾ വിറയ്ക്കുന്നു;ആലില പോലെ. കണ്ണടച്ചു നിൽക്കുകയാണ്. കണ്ണുതുറക്കുമ്പോൾ കാണണം ഭഗവാന്റെ തിരുമുഖം. ഇത്രയും നേരം കാത്തിരുന്നിട്ട് കണ്ണുതുറക്കുമ്പോൾ തൂണോ തുരുമ്പോ ഒന്നും കണ്ണിൽപ്പെടരുത്. കോടിസൂര്യപ്രഭയിൽ തിളങ്ങുന്ന ആ വിഗ്രഹം തന്നെ പതിയണം. ഇനിയുള്ള ജൻമങ്ങളിലെല്ലാം ഓർത്തിരിക്കേണ്ട ദർശനം. ആ നിമിഷം തെറ്റരുത്. ആ നോട്ടം പാഴാകരുത്. പാപങ്ങളുടെ പ്രായഛിത്തവും വരും ജൻമങ്ങളിലേക്കുള്ള പ്രചോദനവും. കാത്തുവയ്ക്കാൻ ഒരു നിമിഷം. 

മുഴങ്ങുന്നുണ്ടു മണിയൊച്ചകൾ. കാത്തിരുന്ന സമ്മേഹന മുഹൂർത്തമായി. ഇനിയൊന്നേ പ്രാർഥിക്കാനുള്ളൂ: വറ്റാതെ കണ്ണീരൊഴുകുന്ന ഈ കണ്ണുകളൊന്നു തുറക്കൂ....

ഗുരുപവനപുരിയിൽ അന്നു മാത്രമല്ല ഇന്നും മുഴങ്ങുന്നുണ്ട് അക്കിത്തത്തിന്റെ ഭക്തമാസനത്തിൽനിന്നുയർന്നു, നിരുദ്ധകണ്ഠത്തിലൂടെ പുറത്തുവന്ന പ്രാർഥന. നിസ്വനും നിരാലംബനുമായ മനുഷ്യന്റെ വിലാപം. 

കാരുണ്യവാരിധേ, തുറന്നാലുമെൻ

കണ്ണീരു വറ്റാത്ത കൺകൾ

അഖിലേശ്വര. ഗുരുപവനേശ്വര,ഹരേ, 

അച്യുതാനന്ദ, ഗോവിന്ദ ! 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം