Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണോ, വസന്തത്തിന്റെ വിത്തുകൾ?

ns madhavan സമകാലിക വിഷയങ്ങളെ വിശകലനം ചെയ്ത് എൻ.എസ് മാധവൻ എഴുതുന്നു ...

ഏപ്രിൽ 16നു നടന്ന നാഥനില്ലാ ഹർത്താലിനെ തുടർന്ന് ആയിരക്കണക്കിനാളുകളെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ജയിലിൽ അടച്ചു. മതസംഘടനക്കാർക്കു പുറമെ, മറ്റു പാർട്ടിക്കാരും പ്രതികളുടെ കൂട്ടത്തിലുണ്ട്. വൻതോതിലുള്ള അറസ്റ്റുകൾ പ്രതിഷേധിക്കാനുള്ള അവകാശത്തെ ഹനിക്കുകയാണെന്ന മുറുമുറുക്കലുകളും ഉയരുന്നു.

ട്യൂണീസിയയിൽ 2010 ഡിസംബർ 17നു പഴക്കച്ചവടക്കാരൻ മുഹമ്മദ് ബുവാസിസി, അഴിമതിയും പൊലീസ് പീഡനവും സഹിക്കാതെ ആത്മാഹുതി ചെയ്തു. പിന്നീട് അറബ് വസന്തം എന്ന പേരിലറിഞ്ഞ പ്രക്ഷോഭത്തിന്റെ മുഖം ബുവാസിസിയായി. കുറേക്കാലമായി നീറിപ്പുകഞ്ഞിരുന്ന ജനവികാരമായിരുന്നു അതിന്റെ ഇന്ധനം. രാജ്യത്തിന്റെ അതിർത്തികൾ മാനിക്കാത്ത ട്വിറ്റർ, ഫെയ്സ്‌ബുക്, യൂട്യൂബ് (അന്നു വാട്സാപ് ഉണ്ടായിരുന്നില്ല) തുടങ്ങിയ സമൂ‌ഹമാധ്യമങ്ങൾ പ്രക്ഷോഭങ്ങളെ ബൃഹത്കരിച്ചു.

കഠ്‌വ സംഭവത്തിനുമുണ്ട് ഒരു മുഖം: വിടർന്ന കണ്ണുകളുള്ള എട്ടുവയസ്സുകാരിയുടെ നിഷ്കളങ്കമുഖം. ആ മുഖം ജനങ്ങളുടെ ഉറക്കം കെടുത്തുമ്പോൾ രാഷ്ട്രീയപ്പാർട്ടികൾ ആദ്യദിവസങ്ങളിൽ മൗനം പാലിച്ചു. കേസിനെ മതവത്കരിച്ചു സംഘർഷമുണ്ടാക്കി. ജനങ്ങൾ റാലി നടത്തിയും മെഴുകുതിരി കത്തിച്ചും ഇൻസ്റ്റഗ്രാമിൽ പ്ലക്കാർഡ് പിടിച്ച പടങ്ങൾ പോസ്റ്റ് ചെയ്തും സങ്കടം തീർത്തു. 

കേരളത്തിലും മുഖ്യാധാരാ രാഷ്ട്രീയകക്ഷികൾ സംഭവത്തോടു പ്രതികരിക്കാൻ സമയമെടുത്തു. ഏപ്രിൽ രണ്ടാം തീയതി തിങ്കളാഴ്ച അവർ കേന്ദ്ര തൊഴിൽനിയമങ്ങൾക്കെതിരെ ബന്ദ് നടത്തി. അടുത്ത തിങ്കളാഴ്ച ദലിത് സംഘടനകളുടെ മുന്നണി മറ്റൊരു ബന്ദ് നടത്തി. ആ ബന്ദ് ജനജീവിതത്തെ ദുസ്സഹമാക്കും എന്നു പെട്ടെന്നു ബോധ്യപ്പെട്ടതിനാൽ കടകൾ തുറന്നു പ്രവർത്തിക്കാനും ബസ് ഓടിക്കാനും വലിയ പൊലീസ് സന്നാഹം തന്നെ ഏർപ്പെടുത്തി. ബന്ദ് നടത്താനുള്ള കുത്തക അഡ്രസ്സുള്ള രാഷ്ട്രീയപാർട്ടികൾക്കു മാത്രമേയുള്ളൂ എന്നൊരു സന്ദേശം കൂടി ഉപബോധതലത്തിൽ ഈ നടപടികൾ നൽകി. തുടർന്ന് അടുത്ത ആഴ്ച കഠ്‌വ സംഭവത്തിനെതിരെ ബന്ദ് നടത്തണം എന്നു സമൂഹമാധ്യമങ്ങളിൽക്കൂടി ആഹ്വാനം വന്നപ്പോൾ ബന്ദ് ഒരു സ്ഥിരം തിങ്കളാഴ്ചപ്പരിപാടിയാക്കുവാൻ ചില വിരുതന്മാർ തമാശയ്‌ക്കു ചെയ്യുന്ന പണിയായിട്ടായിരുന്നു ആദ്യപ്രതികരണം. 

ഇപ്പോൾ പൊലീസ് പറയുന്നതു ഹിന്ദുത്വ സംഘടനകളുമായി ബന്ധമുണ്ടായിരുന്ന ചിലർ ബന്ദ് നടത്താൻ വാട്സാപ്പിലൂടെ ആഹ്വാനം നടത്തുകയും അത് മറ്റു ചിലർ ഏറ്റെടുക്കുകയും ചെയ്തതായിട്ടാണ്. ഇതിന്റെ സത്യം കോടതിയിൽ നൂറുകണക്കിനു കേസുകൾ തീർപ്പാക്കുമ്പോഴെ പുറത്തുവരികയുള്ളൂ. അവിടെയിവിടെയായി ‘വസന്ത’ത്തിന്റെ വിത്തുകൾ വീണുകിടന്നിട്ടുണ്ടാകാം എന്ന സാധ്യത തള്ളിക്കളയാനാകില്ല. 

ഒരു പുസ്തകം നൽകുന്ന താക്കീത്

ഈയിടെ ഇറങ്ങിയ സെബാസ്റ്റ്യൻ അബ്ബട്ടിന്റെ ‘ദി എവേ ഗെയിം’ (The Away Game - Stanly Abbot) ഫുട്ബോളിന്റെ അത്ര സുന്ദരമല്ലാത്ത മുഖം കാണിച്ചുതരുന്നു. ദോഹയിൽ ഒരു രാജകുടുംബാംഗം നടത്തുന്ന അസ്പെയർ ഫുട്ബോൾ അക്കാദമി, 2007ൽ ‘ഫുട്ബോൾ ഡ്രീംസ്’ എന്ന പേരിൽ ആഫ്രിക്കയിലെ രാജ്യങ്ങളിൽനിന്നു കളിക്കാരെ കണ്ടെത്തുന്ന പരിപാടി തുടങ്ങി. എഫ്സി ബാർസിലോനയുടെ യൂത്ത് ഡയറക്ടർ ആയിരുന്ന ജോസെപ് കൊലോമെർ ആയിരുന്നു മുഖ്യ സ്കൗട്ട് – മെസ്സിയെ കണ്ടെത്തിയ ആൾ. 2014 ആയപ്പോഴേക്കും അദ്ദേഹം ഏഴു രാജ്യങ്ങളിൽനിന്നായി 30 ലക്ഷത്തിൽപരം 13വയസ്സുകാരുടെ ട്രയൽസ് നടത്തിയതിനുശേഷം ഒരുപറ്റം കളിക്കാരെ ദോഹയിൽ എത്തിച്ചു. 

book അക്കാദമിയിൽ പ്രവേശനം കിട്ടിയ അഞ്ചു കുട്ടികളെ ചുറ്റിപ്പറ്റിയാണ് ഈ പുസ്തകം.

അക്കാദമിയിൽ പ്രവേശനം കിട്ടിയ അഞ്ചു കുട്ടികളെ ചുറ്റിപ്പറ്റിയാണ് ഈ പുസ്തകം. പരിശീലനത്തിന്റെ ലക്ഷ്യം യൂറോപ്പിലെ ക്ലബുകളിൽ പ്രഫഷനൽ കളിക്കാരനാക്കുക എന്നാണു കുട്ടികളോടു പറഞ്ഞിരുന്നത്. ആദ്യം മുതലേ ദുരൂഹതകൾ നിറഞ്ഞതായിരുന്നു ഫുട്ബോൾ ഡ്രീംസ് പരിപാടി. 2022ൽ ദോഹയിൽ നടക്കുന്ന വേൾഡ് കപ്പിൽ ഖത്തറിനുവേണ്ടി, പൗരത്വം നൽകിയതിനുശേഷം, ഇവരെ കളിപ്പിക്കുകയായിരിക്കും അധികാരികളുടെ ഗൂഢലാക്കെന്ന് അബ്ബട്ട് സംശയിക്കുന്നു. ഫുട്ബോളിന്റെ പേരിൽ മനുഷ്യക്കടത്ത്. കുട്ടികളും മോശക്കാരായിരുന്നില്ല; പലരും പ്രായം മറച്ചുവച്ചിരുന്നു.

ഏതായാലും ആർക്കും യൂറോപ്പിലെ വലിയ ക്ലബുകളിൽ പ്രവേശനം കിട്ടിയില്ല. പട്ടിണിയും വീട്ടിലെ സമ്മർദവും കാരണം പലരും ഏജന്റുമാരുടെ തട്ടിപ്പിനു വിധേയരായി യൂറോപ്പിൽ എത്തിയെങ്കിലും ഗതികിട്ടിയില്ല. മെസ്സിക്കു പകരം അവർ ‘സുഡാനികളാ’യി അവസരങ്ങൾ കാത്തിരുന്നു. ഇന്ത്യയിൽ ഫുട്ബോൾ വളരുമ്പോൾ ഇവിടേക്കും സ്കൗട്ടുകളും ഏജന്റുമാരും എത്തും. നാട്ടിൽ കളിക്കാനുള്ള അവസരങ്ങൾ ഉപേക്ഷിച്ചു വിദേശങ്ങളിലേക്കു പോകുന്ന കുട്ടികൾക്കും ഇതേ ഗതി വരാമെന്ന് ഈ പുസ്തകം താക്കീതു നൽകുന്നു. 

എഴുത്തിന്റെ പേരിലെ യാതനകൾ

കുറച്ചുദിവസം മുമ്പ് എഴുത്തുകാരി തസ്‌ലിമ നസ്‌റീൻ എറണാകുളത്ത് അവരുടെ പുസ്തകപ്രകാശനത്തിനായി വന്നിരുന്നു. 1994ൽ, ഇസ്‌ലാം മൗലികവാദികളുടെ സമ്മർദവും ഭീഷണിയും കാരണം  ജന്മനാടായ ബംഗ്ലദേശ് വിട്ട നസ്‌റീൻ 24 വർഷമായി പ്രവാസത്തിലാണ്. അതിനിടയിൽ മൂന്നു വർഷം അവർ കൊൽക്കത്തയിൽ താമസിച്ചിരുന്നു. 2007ൽ അവിടെനിന്ന് അവർ നിഷ്കാസിതയായി. ബംഗാളിൽ ഇപ്പോഴും അവർക്കു പ്രവേശനമില്ല. 

Salman-Rushdie എഴുത്തിന്റെപേരിൽ ഏറ്റവും യാതനകൾ അനുഭവിക്കുന്ന ലോകപ്രസിദ്ധരായ രണ്ട് എഴുത്തുകാരും – സൽമാൻ റുഷ്‌ദിയും തസ്‍ലിമ നസ്‌റീനും – ഇന്ത്യാ ഉപഭൂഖണ്ഡത്തിൽനിന്നുതന്നെയാണെന്ന യാഥാർഥ്യം അസ്വസ്ഥാജനകമാണ്.

‘‘മുസ്‍ലിം മൗലികവാദികൾ എനിക്കെതിരെ പ്രതിഷേധിച്ചുകൊണ്ടിരുന്നു. പക്ഷേ, ആരും എന്നെ നാടുകടത്തണമെന്നു പറഞ്ഞില്ല. അന്നത്തെ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞത് 24 എഴുത്തുകാർ നസ്‌‌റീന്റെ പുസ്തകം നിരോധിക്കണമെന്നും അവരെ നാടുകടത്തണമെന്നും നിവേദനം തന്നു. ഞാൻ അതു ചെയ്തു’’–  തസ്‌ലിമ നസ്‌റീൻ സംസാരത്തിനിടയിൽ പറഞ്ഞു. എഴുത്തുകാർക്കു ശേഷമാണു മൗലികവാദികൾ പ്രക്ഷോഭണം ശക്തമാക്കിയത്. ആവിഷ്കാരസ്വാതന്ത്ര്യത്തിനുവേണ്ടി മുറവിളികൂട്ടേണ്ട എഴുത്തുകാർ തന്നെ പുസ്തകം നിരോധിക്കണമെന്നു പറയുന്നു. അതാണു തസ്‌ലിമ നസ്‌റീൻ നേരിട്ട ഒന്നാമത്തെ വിരോധാഭാസം. 

രണ്ടാമത്തെ വിരോധാഭാസം, ഹിന്ദു മൗലികവാദികളുടെ പ്രക്ഷോഭണം കാരണം നാടുവിടേണ്ടിവന്ന എം. എഫ്. ഹുസൈനു വേണ്ടി സിപിഎം പ്രതിഷേധങ്ങൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അവർ ഭരിക്കുന്ന ബംഗാളിൽനിന്ന‌ു നസ്‌റീനെ നാടുകടത്തുന്നത് എന്നതാണ്. ഏതായാലും, എഴുത്തിന്റെപേരിൽ ഏറ്റവും യാതനകൾ അനുഭവിക്കുന്ന ലോകപ്രസിദ്ധരായ രണ്ട് എഴുത്തുകാരും – സൽമാൻ റുഷ്‌ദിയും തസ്‍ലിമ നസ്‌റീനും – ഇന്ത്യാ ഉപഭൂഖണ്ഡത്തിൽനിന്നുതന്നെയാണെന്ന യാഥാർഥ്യം അസ്വസ്ഥാജനകമാണ്. 

സ്കോർപ്പിയോൺ കിക്ക്: ശിക്ഷ വിധിക്കുമ്പോൾ പ്രതിയുടെ പ്രായം കൂടി പരിഗണിക്കണമെന്നു കോടതിയോട് അസാറാമിന്റെ വക്കീൽ. സ്വന്തം കക്ഷിക്ക് പെൺകുട്ടിയുടെ പ്രായവും മറ്റും ഒട്ടും പരിഗണിക്കേണ്ടതില്ലല്ലോ!

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം