Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമകളിൽ കോട്ടയം പുഷ്പനാഥ്

kottayam pushpanath കോട്ടയം പുഷ്പനാഥ്

വായനയുടെ ഓർമകളിൽ കോട്ടയം പുഷ്പനാഥ് എന്ന പേര് എല്ലായ്പ്പോഴും വേർതിരിക്കപ്പെട്ടു കിടപ്പുണ്ട്. ഭയപ്പെടുത്തുന്ന ഇരുണ്ട മുഖവും കൈകളും അഴകേറിയ സ്ത്രീരൂപങ്ങളും ഒക്കെയായി അത് ഓർമപ്പൂട്ടു പോലെ മനസ്സിന്റെ അകമുറികളിൽ എങ്ങോ ഇപ്പോഴുമുണ്ട്. വായനകൾ പാതിക്കു വച്ചു നിർത്തിയ സമയത്തെങ്ങോ ആണ് പുഷ്പനാഥിനെ നേരിൽ കാണുന്നത്. കോഴിക്കോടുള്ള പ്രസാധകരുടെ ഓഫീസിൽ കടന്നു ചെല്ലുമ്പോൾ അടുത്തിരിക്കുന്നത് ഒരിക്കൽ ഭീതിയുടെ കടവാവൽ ചിറകടിയൊച്ചകൾ കൊണ്ട് ത്രസിപ്പിച്ച എഴുത്തുകാരനാണെന്നത് അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തിന്റെ എഡിറ്റിങ്ങിനു നിർദ്ദേശങ്ങൾ നൽകുകയായിരുന്നു അദ്ദേഹം. പരിചയപ്പെടുത്തിയപ്പോൾ കൈനീട്ടി, കൈകൊടുക്കുമ്പോൾ വിരലുകൾക്ക് തണുപ്പ്. കട്ടി മീശയുള്ള പൊക്കമുള്ള കോട്ടയം പുഷ്പനാഥ് അങ്ങനെ ആദ്യമായി വായനയ്ക്കപ്പുറം വന്നു സൗഹൃദം പങ്കു വച്ചു.

വായന ഒരുകാലത്തു വിശാലമായതിന്റെ പിന്നിൽ ജനപ്രിയ സാഹിത്യ പ്രസിദ്ധീകരണങ്ങൾ തന്നെയായിരുന്നു. അതിനുള്ള ന്യായീകരണങ്ങൾ ഇന്ന് ഏറെ കരുതി വയ്‌ക്കേണ്ടതുണ്ടെങ്കിലും അത് ഉറക്കെ പറയാൻ മടി തോന്നുന്നില്ല. കാരണം വായന ഒരു വ്യക്തി തുടങ്ങേണ്ടത് അവിടെ തന്നെയാണ്. കാലവും താളവും മാറുമ്പോൾ തന്നെയാണ് അവന്റെ വായനയുടെ വ്യാപ്തിയും ആഴവും താളവും മാറേണ്ടതും വികസിക്കേണ്ടതും. 

കോട്ടയം പുഷ്പനാഥ് നോവലുകൾ എല്ലായ്പ്പോഴും ഒരുക്കി വയ്ക്കുന്ന ഒരു വിഭ്രമാത്മകതയുടെ തലമുണ്ട്. കമ്പ്യൂട്ടർ ഒക്കെ വരുന്ന കാലത്തിനു മുൻപുതന്നെ അദ്ദേഹം അത്തരം സാങ്കേതികതകൾ നോവലിന്റെ ആശയത്തിന്റെ ഭാഗമാക്കിയിരുന്നതിനാൽ കാലത്തിനു മുൻപേ നടന്ന എഴുത്തുകാരൻ എന്നു തന്നെ പറയണം. പക്ഷേ, അദ്ദേഹത്തിന്റെ ജീവിതാവസാന കാലങ്ങളെക്കുറിച്ച് ആരും ഒരിടത്തും ഓർത്തു കണ്ടിട്ടേയില്ല! അക്ഷരങ്ങളെയും എഴുത്തിനെയും കഴിഞ്ഞു പോയ പടികളിലെവിടെയോ വച്ചു മറന്ന ആ അപസർപ്പക നോവലിസ്റ്റ് പഴയ വായനക്കാരാൽ പോലും അവഗണന നേരിട്ട് കോട്ടയത്തെ വീട്ടിൽ ഏറെക്കാലം മൗനത്തിൽ കഴിഞ്ഞു. ഒടുവിൽ അവിടെ തന്നെ ജീവിതം അതിന്റെ അവസാന വരിയെഴുതി.

പുഷ്പനാഥിന്റെ പല നോവലുകളും വായനകഴിഞ്ഞ ശേഷം നൽകുന്ന ഒരു ഏകാന്ത മനനമുണ്ട്. വായിച്ചു, അവിടെ തീർന്ന് ഇറങ്ങി പോകുന്ന കഥാപാത്രങ്ങളായിരുന്നില്ല അവ. ഏകാന്തമായ നിമിഷങ്ങളിൽ ഒരു കൗമാരക്കാരിയുടെ വിഭ്രമിപ്പിക്കുന്ന മായിക ലോകത്തേയ്ക്ക് ഡിറ്റക്ടീവ് പുഷ്പനാഥും യക്ഷിയും ഒക്കെ കടന്നു വന്നു. അങ്ങനെ തന്നെയാണ് അപസർപ്പക നോവലുകളോട് ഇഷ്ടം കൂടുന്നതും അതൊടുവിൽ ഷെർലക് ഹോംസിലേക്കെത്തുന്നതും. അസാധാരണമായ വൈഭവത്തോടെ എവിടെയോ മറഞ്ഞു കിടക്കുന്ന സത്യത്തെ വിദഗ്ദമായി കണ്ടെത്തി വായനയുടെ മുന്നിൽ കൊണ്ടിടുമ്പോൾ ഈ വഴികളിലൂടെ സഞ്ചരിക്കാൻ എളുപ്പമായി തോന്നിയിട്ടുണ്ട്. പഠനത്തിനൊടുവിൽ വല്ല സിഐഡി പണിക്കും പോയാലോ എന്ന ആലോചന പുഷ്പനാഥിന്റെ മിക്ക വായനകൾക്കൊടുവിലും മനസ്സിൽ പിറന്നു വീണിട്ടുണ്ട്. സൂക്ഷ്മമായ ബുദ്ധിയും നിരീക്ഷണ പാടവവും ഡിറ്റക്ടീവിനു വേണ്ടുന്ന ആവശ്യം കാര്യമാണെന്നു തിരിച്ചറിവുണ്ടായതും ഇതേ നോവലുകളിൽ കൂടി തന്നെ. തരിശായി കിടക്കുന്ന ഒരു കൗമാര ഭൂമികകളിൽ പ്രതീക്ഷയുടെ നേർത്ത കിരണമായിരുന്നു ഒരർഥത്തിൽ ആ വായനകൾ. ഓരോ കാലത്തിലും ഓരോ കാഴ്ചകൾക്കും വായനയ്ക്കുമൊടുവിൽ നാമെല്ലാവരും എത്തിപ്പെടുന്ന തീവ്രആഗ്രഹങ്ങളുടെ ഓരോ ലോകങ്ങളുണ്ട്. കൗമാരകാലം പല തവണ പുഷ്പനാഥിലൂടെ ഡിക്ടറ്റീവ് എന്ന ആശയത്തിലേക്ക് ചെന്നു വീണിട്ടുണ്ട് എന്നതുകൊണ്ട് തന്നെയാണ് കോട്ടയം പുഷ്പനാഥ് എന്ന എഴുത്തുകാരൻ ഓർമകളിൽ മങ്ങാത്ത രൂപമായി നിലനിൽക്കുന്നതും.

kottaym-pushpanath-2

അറുപതുകൾ കഴിഞ്ഞു ജനപ്രിയ വാരികയുടെ വസന്തകാലം തുടങ്ങുന്നത് തന്നെ പുഷ്പനാഥിന്റെ നോവലുകളിൽ കൂടിയായിരുന്നുവെന്നു പറയാം. ഒരേ സമയം രണ്ടും മൂന്നും നോവലുകൾ എഴുതികൊണ്ടിരുന്ന അദ്ദേഹത്തിന്റെ ജനപ്രിയത ഇതിൽ കൂടുതൽ വിശദ്ധീകരിക്കേണ്ടതില്ലല്ലോ! സർക്കുലേഷൻ നിലച്ചു പോകുമെന്നു ഭയന്ന പല വാരികകളെയും ഒരുകാലത്തു പിടിച്ചു നിർത്തിയത് പുഷ്പനാഥിന്റെ അപസർപ്പക നോവലുകൾ തന്നെയായിരുന്നുവെന്ന് പല വായനക്കാരും പറഞ്ഞു കേട്ടിട്ടുണ്ട്. വീട്ടമ്മമാർക്ക്‌ പോലും രസിക്കുന്ന നിലയിലേയ്ക്ക് കയറി വന്ന ഡിറ്റക്ടീവ് നോവലുകൾ അതിന്റെ ആഖ്യാനത്തിന്റെ പുതുമ കൊണ്ടും വായനയുടെ തോതു കൂട്ടി. പുഷ്പനാഥിനെ വായിക്കാൻ വേണ്ടി മാത്രം വരിക സ്ഥിരമായി വരുത്താറുണ്ടായിരുന്നു എന്ന് അന്നത്തെ ഓർമിച്ചു വീട്ടമ്മമാർ പറയുന്നു. മികച്ച വായനയും ശാസ്ത്ര, ചരിത്ര ബോധവും കൊണ്ടു തന്നെയാണ് അക്കാലത്തെ അതിജീവിക്കുന്ന പുസ്തകങ്ങളെഴുതാൻ അദ്ദേഹത്തിന് കഴിഞ്ഞത്. ഒരു വിദേശ മാസികയിൽ തലച്ചോർ മാറ്റി വയ്ക്കുന്ന രീതി കണ്ടു വായിച്ച ശേഷമാണ് ശാസ്ത്രത്തിന്റെ ബുദ്ധി അപകടകാരികളായ മനുഷ്യരിൽ എത്തിപ്പെട്ടാൽ എന്തു സംഭവിക്കുമെന്ന ആശയം പറയുന്ന ചുവന്ന മനുഷ്യൻ എന്ന നോവൽ അദ്ദേഹമെഴുതുന്നത്. ഒരുപക്ഷേ ആദ്യമായി പൊതുജന ശ്രദ്ധ പിടിച്ചു പറ്റിയ ചുവന്ന മനുഷ്യന്റെ ശാസ്ത്ര ബോധം പുഷ്പനാഥിനെ ജനപ്രിയനാക്കി മാറ്റി. പിന്നെയങ്ങോട്ട് അദ്ദേഹത്തിന്റെ എഴുത്തുകളുടെ സുവർണ കാലമായിരുന്നു.

വായനയിൽ നിന്നാണ് യഥാർഥ മനുഷ്യനുണ്ടാകുന്നത്. പുഷ്പനാഥിനെ വായിച്ചു വളർന്ന തലമുറയ്ക്ക് ഷെർലക് ഹോംസിലേക്കുള്ള പിടിവള്ളി എളുപ്പമാണ്. സ്വയം വിശകലനം നടത്താനും കാലം കടന്നു ചിന്തിക്കാനും എളുപ്പമാണ്. 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം