Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഈ.മ.യൗ വ്യത്യസ്തമായത് ഇതുകൊണ്ട്! '

ee-ma-yau

ഈ.മ.യൗന് അഭിനന്ദനങ്ങളുമായി മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ബെന്യാമിൻ. കേരളത്തിന്റെ മാജിക്കൽ റിയലിസം ഒരളവുവരെ പ്രകടമാകുന്നത്‌ പുതിയ സിനിമകളിൽ ആണെന്നും യുവസംവിധായകർ അതിൽ കാട്ടുന്ന മികവ്‌ പ്രശംസിക്കാതെ തരമില്ലെന്നും ബെന്യാമിൻ പറഞ്ഞു. ഈ.മ.യൗ എന്ന ചിത്രം യാഥാർത്ഥ്യമാക്കിയ എഫ്‌. മാത്യൂസും ലിജോ ജോസ്‌ പല്ലിശ്ശേരിയും ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകരെയും സിനിമയിൽ ജീവിച്ച അഭിനേതാക്കളെയും ബെന്യാമിൻ അഭിനന്ദിച്ചു.

ബെന്യാമിന്റെ കുറിപ്പ്

'ലാറ്റിനമേരിക്കൻ എഴുത്തുകാരി മരിയ അമ്പാരോ എസ്‌കാൻഡൻ ഒരിക്കൽ കേരളത്തിലെത്തിയപ്പോൾ പറഞ്ഞത്‌ അങ്ങ്‌ ലാറ്റിൻ അമേരിക്കയിൽ മാത്രമല്ല ഇവിടെ കേരളത്തിലുമുണ്ട്‌ മാജിക്കൽ റിയലിസം എന്നാണ്‌. ആനയും കാളവണ്ടിയും പാമ്പാട്ടിയും മെർസ്സിഡസ്‌ കാറും ഒന്നിച്ചു പോകുന്ന വഴികൾ ഒരു വിദേശിയെ സംബന്ധിച്ചിടത്തോളം ഒരു മാജിക്കൽ റിയലിസം തന്നെ പക്ഷേ അത്‌ കഥയിലേക്ക്‌ കൊണ്ടുവരാൻ നിങ്ങൾക്ക്‌ കഴിയണം എന്നുമാത്രം എന്നും അവർ പറഞ്ഞു. ലാറ്റിൻ അമേരിക്കൻ ജീവിതത്തിന്റെ പച്ചയായ യാഥർത്ഥ്യങ്ങൾ അതുപോലെ എഴുതുക മാത്രമാണ്‌ താൻ ചെയ്തിട്ടുള്ളത്‌ എന്ന് മാർക്കേസും പറഞ്ഞിട്ടുണ്ട്‌. 

കേരളത്തിന്റെ മാജിക്കൽ റിയലിസം ഒരളവുവരെ പ്രകടമാകുന്നത്‌ പുതിയ സിനിമകളിൽ ആണ്‌. യുവസംവിധായകർ അതിൽ കാട്ടുന്ന മികവ്‌ പ്രശംസിക്കാതെ തരമില്ല. അതിനു ഏറ്റവും പുതിയ ഉദാഹരണമാണ്‌ ഈ.മ.യൗ. 

അന്തരിക്കാനും കാലം ചെയ്യാനും ചരമം പ്രാപിക്കാനും എന്തിനു മരിക്കാൻ പോലും യോഗ്യതയില്ലതെ വെറുതെ ചത്തു പോകുന്ന ഒരു മനുഷ്യജന്മത്തെ ചുറ്റിപ്പറ്റിയുള്ള ഒരു ദിവസത്തെ കഥ. അത്‌ സംഭവ്യമോ അസംഭവ്യമോ ആകാം. പക്ഷേ അതിൽ കേരളീയ ജീവിതത്തിന്റെ നോവും നൊമ്പരവും വീണു കിടപ്പുണ്ട്‌. അതുതന്നെയാണ്‌ ഈ.മ.യൗ നെ ഒരു വ്യത്യസ്ത ചിത്രമാക്കി മാറ്റുന്നതും. പി. എഫ്‌. മാത്യൂസും ലിജോ ജോസ്‌ പല്ലിശ്ശേരിയും ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകരും സിനിമയിൽ ജീവിച്ച അഭിനേതാക്കളും അഭിനന്ദനം അർഹിക്കുന്നു. മാജിക്കൽ റിയലിസം ഇനിയും സംഭവിക്കട്ടെ.'

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം