Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാരത്തിലെ കനൽ തേടി നമ്പി നാരായണൻ

Nambi-Narayanan-Cover

1994 നവംബർ 30 ബുധൻ

ചെറിയ തണുപ്പുള്ള ഉച്ചവെയിലായിരുന്നു അന്ന്. ഉദ്ദേശ്യം മൂന്നുമണിയാകും. ഉച്ചയൂണിന്റെ ആലസ്യം വിട്ടിരിക്കുമ്പോൾ ഗേറ്റിനുമുമ്പിൽ ഒരു ജീപ്പ് വന്നുനിന്നു. അതിൽനിന്നു നാലുപേർ പുറത്തിറങ്ങി. വഞ്ചിയൂർ സിഐ ജോഗേഷ്, സബ് ഇൻസ്പെക്ടർ തമ്പിദുർഗാദത്ത് പിന്നെ രണ്ടു പൊലീസുകാർ. ഞാൻ പുറത്തേക്കു വന്നു. അസ്വഭാവികമായി എന്തോ സംഭവിക്കാൻ പോകുകയാണെന്ന് എനിക്കു മനസ്സിലായി. ഞാനവരെ അകത്തേക്കു വിളിച്ചു, ഇരിക്കാൻ പറഞ്ഞു. അവർ വന്നില്ല. ജോഗേഷ് പുറത്തുനിന്ന് എന്നോടു പറഞ്ഞു: ‘ഡിഐജിക്ക് എന്തോ സംസാരിക്കണം. കൂട്ടിക്കൊണ്ടു ചെല്ലാൻ പറഞ്ഞു’. 

ഞാൻ പരിഭ്രമിച്ചില്ല. പക്ഷേ, ചോദിച്ചു: 'എന്നെ അറസ്റ്റ് ചെയ്യാനാണോ നിങ്ങൾ വന്നത്? ’ 

ജോഗേഷ് ഗൗരവത്തിൽ പറഞ്ഞു: 'ഡിഐജി സിബി മാത്യൂസ് സാറിന് താങ്കളെ കണ്ട് എന്തോ ചോദിച്ചറിയാനുണ്ട്. അത്രേ ഉള്ളൂ’. 

ഞാൻ വേഗം അവരുടെ അനുവാദം വാങ്ങി, അകത്തേക്കു പോയി ഒരു ഷർട്ടും പാന്റ്സും ധരിച്ചുവന്നു. ഞാൻ അവർക്കു പിന്നാലെ പുറത്തേക്കു നടന്നു. പിന്നിൽ തളർന്ന കണ്ണുകളുമായി നിന്ന മീന ഒരു നിമിഷം നിലത്തൂർന്നു വീണു. ഞാൻ തിരിഞ്ഞുനോക്കിയില്ല. ജീപ്പിനരികിലെത്തി. പൊലീസുകാർ പുറത്തു കാത്തുനിൽക്കുകയായിരുന്നു.

നമ്പി നാരായണന്റെ ഓർമകളുടെ ഭ്രമണപഥം എന്ന ആത്മകഥയുടെ തുടക്കം. ഒരു ചാരൻ ജനിക്കുന്നു എന്ന ആദ്യഅധ്യായത്തിന്റെ ആദ്യത്തെ വരികൾ. കേരളം കണ്ട ഏറ്റവും വലിയ വിവാദത്തിന്റെയും കള്ളക്കഥയെന്നു പിന്നീടു സിബിഐയും സുപ്രീം കോടതിയും വിധി പറയുകയും ചെയ്ത ഇരുണ്ട കാലത്തിന്റെയും തുടക്കം. 40 സിഗരറ്റ് വരെ ഒരു ദിവസം വലിക്കുമായിരുന്ന ഒരു മനുഷ്യൻ സിഗരറ്റു വലി പൂർണമായി ഉപേക്ഷിച്ചെങ്കിലും വഞ്ചിയൂർ പൊലീസ് സ്റ്റേഷന്റെ പുറത്തെ തടിബെ‍ഞ്ചിലിരുന്ന് അന്നു വലിച്ചുതീർത്തത് ഒരു പാക്കറ്റ് സിഗരറ്റ്. ആ പുകയിൽനിന്നു തുടങ്ങുകയായി മർദനത്തിന്റെയും കഠിനയാതനകളുടെയും ചെയ്യാത്ത തെറ്റിന് അനുഭവിച്ച ശിക്ഷയുടെയും നാളുകൾ. 

2018 മേയ് 9 ബുധൻ 

24 വർഷത്തിനുശേഷം ഇതാ മറ്റൊരു ബുധനാഴ്ച നീതിക്കുവേണ്ടിയുള്ള നമ്പി നാരായണന്റെ പോരാട്ടം സുപ്രീം കോടതിയിൽ തുടരുന്നു. ചാരക്കേസിൽ നമ്പി നാരായണനെ കുടുക്കിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാരിന്റെ അന്വേഷണം പോരേയെന്നു ചോദിക്കുന്നു സുപ്രീം കോടതി. നഷ്ടപരിഹാരം ആദ്യം സംസ്ഥാന സർക്കാർ നൽകണം. കുറ്റക്കാരെന്നു കണ്ടെത്തുന്ന ഉദ്യോഗസ്ഥരിൽനിന്ന് തുക പിന്നീട് ഈടാക്കാമെന്നും കോടതി വ്യക്തമാക്കുന്നു. നീതിയുടെ കനൽ ഇനിയും കെടാതെ അവശേഷിക്കുന്ന ചാരത്തിൽ അഗ്നിശുദ്ധി തേടി പോരാട്ടം തുടരുകയാണ് വയോധികനായ ഒരു ശാസ്ത്രജ്ഞൻ. 

കള്ളത്തെളിവുകളുടെ ഇല്ലാത്ത കരുത്തിൽ അറസ്റ്റ് ചെയ്ത് കഠിനമായ ചോദ്യം ചെയ്യൽ മുറകൾക്കു തന്നെ വിധേയനാക്കുമ്പോൾ ഇനിയൊരിക്കലും താൻ പുറംലോകം കാണില്ലെന്നായിരിക്കും ഐബി ഉദ്യോഗസ്ഥരും പൊലീസും വിചാരിച്ചിട്ടുണ്ടാകുകയെന്നു പറയുന്നുണ്ട് നമ്പി നാരായണൻ ആത്മകഥയിൽ. 

അവർ നൽകുന്ന കള്ളത്തെളിവുകൾ സ്വീകരിച്ച് കോടതി എന്നെ ശിക്ഷിക്കും. ആ ശിക്ഷയോടെ ഞാനും എന്റെ ലോകവും അവസാനിക്കും എന്നവർ തെറ്റിധരിച്ചിരുന്നിരിക്കണം. പക്ഷേ, സത്യത്തിന് ഒരുനാൾ പുറത്തുവരാതെ സാധിക്കില്ലല്ലോ. കാലം ഉണക്കാത്ത മുറിവുകളില്ല. കാലം തെളിയിക്കാത്ത തെറ്റുകളും... നമ്പി നാരായണന്റെ പ്രവചന സ്വഭാവമുള്ള ആത്മകഥയുടെ അവസാന വരികൾ ഇപ്പോൾ മുഴങ്ങുന്നുണ്ട്– സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങളിലൂടെ കടന്നുപോകുമ്പോൾ.

അമേരിക്കയിലെ പ്രിൻസ്റ്റൺ യുണിവേഴ്സിറ്റിയിൽനിന്ന് നാസയുടെ ഫെലോഷിപ്പോടെ കെമിക്കൽ റോക്കറ്റ് പ്രൊപൽഷനിൽ മാസ്റ്റർ ഡിഗ്രി നേടിയ നമ്പി നാരായണൻ ജീവിതം തന്നെ അവസാനിപ്പിക്കാൻ തീരുമാനിച്ചതാണ് ഒരിക്കൽ. ചാരൻ എന്ന വിളിപ്പേരുമായി ജീവിക്കാൻ ആകാത്തതിനാൽ. പക്ഷേ ജനം സത്യം അറിയണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. ആത്മഥയിൽ സത്യങ്ങൾ തുറന്നെഴുതി ഉദ്യോഗസ്ഥരെയും  ഭരണകൂടത്തെയും നീതിയുടെ കരുത്ത് ബോധ്യപ്പെടുത്തുമ്പോൾ അദ്ദേഹം പറഞ്ഞു: ഈ പുസ്തകം ഒരു പ്രതികാരമല്ല, അതിനേക്കാൾ ശക്തമായ സത്യാന്വേഷണ പരീക്ഷയാണ്. 

തുടരുകയാണു നമ്പി നാരായണന്റെ സത്യാന്വേഷണ പരീക്ഷകൾ. കാത്തിരിക്കാം സത്യം റോക്കറ്റു പോലെ കുതിക്കുന്ന ആ അവസാന വിധിക്കായി. 

Books In Malayalam LiteratureMalayalam LiteratureNewsമലയാളസാഹിത്യം